റെനഗേഡ് | Madhyamam Weekly
Weekly


റെനഗേഡ്

എം.ജി. ശശി

ഹരിശ്രീ ഗണപതയേ നമ$
നാവില്‍ക്കുറിച്ചൂ അരിയില്‍ കോറിയിട്ടൂ
അമ്പത്തൊന്നക്ഷരങ്ങള്‍

ചേറില്‍
ചോറില്‍
ഉരുളിയില്‍
ഉയിരില്‍
തെളിയണമക്ഷരങ്ങള്‍
അമ്പത്തൊന്നക്ഷരങ്ങള്‍

അല്ല കോമ്രേഡ്
അവനല്ല റെനഗേഡ്

അമ്മയുടെ ഇടങ്കൈ
അച്ഛന്‍െറയിടനെഞ്ചില്‍
മുറുകെച്ചുറ്റിപ്പിടിച്ചു

അമ്മക്കുമച്ഛനുമിടയില്‍
വലങ്കൈ പെരുവിരല്‍ നുണഞ്ഞ്,
അച്ഛന്‍െറ പുറം ചാരി,
തൂങ്ങിയുറങ്ങീ അവന്‍
അമ്മയുടെ മടിയില്‍
തൊട്ടിലാടുന്നവന്‍െറ വലതുകാല്‍
ആടിയുറങ്ങും കാലില്‍ ഉറങ്ങുന്നുണ്ടൊരു
കുഞ്ഞു ഷൂ

നിറകൊണ്ടരാവില്‍
അമ്പത്തൊന്നു വഴിവിളക്കുകള്‍ താണ്ടി
വീടണയണം
കൂടണയണം

ഏയ്- കോമ്രേഡ്
അവനല്ല റെനഗേഡ്
അമ്പത്തൊന്നക്ഷരങ്ങള്‍
പീലിവിടര്‍ത്തി
മുത്തശ്ശന്‍...മുത്തശ്ശി...
അച്ഛന്‍...അമ്മ...
ഏട്ടന്‍...ഏട്ടി...
അനിയന്‍...അനീത്തി...
മകന്‍...മകള്‍...
ഞാന്‍...നമ്മള്‍...
കൂട്ട്...

ഇരുചക്രവണ്ടി വളവു തിരിഞ്ഞു
അമ്പത്തൊന്നക്ഷരങ്ങള്‍
പാതയോരത്തെ
മുനിഞ്ഞുകത്തും
കുരിശുകളായി

അയ്യോ...കോമ്രേഡ്
അവനല്ലല്ളോ റെനഗേഡ്
 
എതിരെയൊരു വാഹനവ്യൂഹം
കണ്ണുപൊട്ടിക്കും വെട്ടം
വീണ്ടുമത് തിരികെ
മുമ്പോട്ടും പിറകോട്ടും
അമ്പത്തൊന്നാവര്‍ത്തി
മുക്രയിട്ടിരമ്പി
അക്ഷരങ്ങളില്‍ ചോരപൊടിഞ്ഞു
ചോര ഉരുകിയൊലിച്ചു

വഴിയില്‍ തെറിച്ചുവീണ
കുഞ്ഞു ഷൂ
കൊലവെറിയോടെ വണ്ടിച്ചക്രങ്ങള്‍
കുഞ്ഞു ഷൂവിന് മുകളിലൂടെ
അമ്പത്തൊന്നാവര്‍ത്തി

അല്ളേ അല്ല, കോമ്രേഡ്
അവനല്ല റെനഗേഡ്
തുറക്കൂ...ഈ വാതില്‍
ഈ ചില്ലുവാതില്‍ തുറക്കൂ...
കുഞ്ഞിക്കൈകള്‍
വാതിലില്‍ തട്ടി
കുഞ്ഞുതൊണ്ടയില്‍
പാട്ടുണര്‍ന്നു
ചില്ലില്‍ ചോരക്കൈകള്‍ പതിച്ചു
പാല്‍മണം...ചൂടുള്ള ഇളംചോര

അല്ല, അല്ളേ അല്ല
അവനല്ല റെനഗേഡ്

തുറക്കണം
ഇരുള്‍മൂടിയ മനസ്സിലേക്ക്
ഒരു കുഞ്ഞുവെളിച്ചം
ഒരു മിന്നാമിന്നി
ഒരു പാല്‍നിലാവ്
കിനിഞ്ഞിറങ്ങണം
ഒഴുകിപ്പരക്കണം
അമ്മിഞ്ഞക്കണ്ണില്‍
ചുണ്ടമര്‍ത്തിയ
അവന്‍െറ കണ്ണില്‍
സ്വപ്നങ്ങള്‍ വിരിയണം

കുഞ്ഞുതൊണ്ടയില്‍
പാട്ടിന്‍െറ ചിറപൊട്ടി
അക്ഷരനക്ഷത്രങ്ങളില്‍
തീപടര്‍ന്നു
അമ്പത്തൊന്നക്ഷരങ്ങള്‍
നെഞ്ചില്‍ തറഞ്ഞു

അല്ല, അല്ല, അല്ളേ അല്ല
കോമ്രേഡ് ഞാനല്ല റെനഗേഡ്.


കവിത

മുന്‍ ലക്കങ്ങള്‍