ആരാച്ചാര്‍ | Madhyamam Weekly
Weekly


ആരാച്ചാര്‍

കെ.ആര്‍. മീര

തൂക്കുപുള്ളി നിലവറയിലേക്കു പതിക്കുമ്പോള്‍ കയര്‍ക്കുടുക്ക് മുറുകി ആദ്യം ക്ഷതമേല്‍ക്കുന്നത് സുഷുമ്നാ നാഡിക്കാണ്. വീഴ്ചയുടെ ശക്തിയില്‍ കുടുക്കു മുറുകും. ഹൃദയധമനികള്‍ അടയും. അതോടെ മസ്തിഷ്കത്തിലേക്കുള്ള രക്തഞരമ്പുകള്‍ വലിഞ്ഞുപൊട്ടും. ശിരസ്സു ഛേദിക്കപ്പെടും. ആ ഘട്ടമത്തെിയാല്‍ പുരുഷന്മാരില്‍ മൂന്നിലൊന്നു പേര്‍ക്കെങ്കിലും ലിംഗോദ്ധാരണം സംഭവിക്കാറുണ്ട്. സ്ത്രീകളിലാണെങ്കില്‍ ലൈംഗികാവയവങ്ങള്‍ ചീര്‍ത്ത് രക്തം സ്രവിക്കും.  മൃതിയെന്ന പ്രേമിയുടെ മിന്നല്‍പോലെ പാഞ്ഞുപോയ കരപരിലാളനത്തിലൂടെ നിത്യമായി ഉത്തേജിപ്പിക്കപ്പെടാന്‍ വിധിക്കപ്പെട്ട മരന്മാര്‍ പരമാനന്ദത്തെക്കുറിച്ചുള്ള അവസാന മൂഢസ്വപ്നം ആത്മാവില്‍ സൂക്ഷിച്ച് അടുത്ത ജന്മത്തിന്‍െറ നിലവറയിലേക്കു പതിക്കും. അതുകൊണ്ട്, ദുര്‍മരണം സംഭവിച്ചവരുടെ ആത്മാക്കള്‍ ഭൂമിയിലേക്കു  മടങ്ങി ആനന്ദത്തിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍ ആവര്‍ത്തിച്ച് തൃപ്തരാകാതെ ഉഴറും.   അച്ഛന്‍ ജനിക്കുന്നതിനും എട്ടു കൊല്ലം മുമ്പ് കാളീചരണ്‍ ഗൃദ്ധാ മല്ലിക് പിതാമഹന്‍െറ പിതൃസഹോദര പുത്രന്‍ ഗൗരീചരണ്‍ മല്ലിക് തൂക്കിലേറ്റിയ ഖുദിറാം ബോസിനെപ്പോലെ ചിലര്‍ അതിന് അപവാദമായി മരണത്തിന്‍െറ വശ്യത്തിനു മുന്നില്‍ മനസ്സിളകാതെ നിന്നിട്ടില്ളെന്നല്ല. തന്‍േറതായി വളര്‍ന്നാല്‍ മൂന്നാമത് ജനിച്ച കുഞ്ഞിനെയും മരണം കവര്‍ന്നെടുക്കുമെന്ന ഭീതിനിമിത്തം മൂന്നു പിടി ഖുദ് അഥവാ ധാന്യം വിലയായി വാങ്ങി സഹോദരിക്ക് പ്രതീകാത്മകമായി വിറ്റ് മകന് ദീര്‍ഘായുസ്സു നേടാന്‍ ശ്രമിച്ച ലക്ഷ്മിപ്രിയാദേവിയുടെ മകനായിരുന്നു ഖുദിറാം. പതിനെട്ടു വയസ്സും ഏഴു മാസവും പതിനൊന്നു ദിവസവും പ്രായമുള്ളപ്പോള്‍ ഖുദിറാം തൂക്കിലേറ്റപ്പെട്ടു. തൂക്കുമരത്തിലേക്ക് ആ യുവാവ് സ്വന്തം വീട്ടിലേക്കെന്നതുപോലെ നടന്നുചെന്നു. സമാധാനത്തോടെ മുഖംമൂടി ധരിച്ചു. കഴുത്തില്‍ കുടുക്കിടുമ്പോഴും ഹൃദയമിടിപ്പ് വര്‍ധിക്കുകയോ നെഞ്ചിന്‍കൂട് ഉയര്‍ന്നു താഴുകയോ ശക്തിയായി ശ്വാസമെടുക്കുകയോ ചെയ്തില്ല.  ഗൗരീചരണ്‍ മല്ലിക് ലിവര്‍ വലിച്ചപ്പോള്‍ നിലവറ തുറന്നു. ശരീരം ലാഘവത്തോടെ താഴേക്കൂര്‍ന്നു. അതൊരിക്കല്‍പ്പോലും പിടഞ്ഞില്ല. കയറില്‍ വലിച്ചിലുണ്ടായില്ല. മൃതദേഹം പരിശോധിച്ച ബ്രിട്ടീഷുകാരനായ ഡോക്ടര്‍ നിലവറക്കുള്ളില്‍നിന്ന് പുറത്തുവന്ന് കണ്ണുകള്‍ തുടച്ചുകൊണ്ട് മന്ത്രിച്ചു: ഉറക്കത്തില്‍ മരിച്ചതുപോലെ.  കൃത്യം നിര്‍വഹിച്ച് ഏറെ നേരത്തിനുശേഷവും ലിവറില്‍നിന്ന് കൈയെടുക്കാന്‍ സാധിക്കാതെ ഗൗരീചരണ്‍മല്ലിക് പിതാമഹന്‍ നിശ്ചലനായി നിന്നു. അത്രയേറെ ചാരിതാര്‍ഥ്യ നിര്‍ഭരമായ ഒരു മരണത്തിനും ഞങ്ങളുടെ പരമ്പരയില്‍ മറ്റാരും സാക്ഷ്യംവഹിച്ചിട്ടില്ളെന്നതിനാലാണ് ആ മരണത്തെ ഥാക്കുമാ കണക്കറ്റു വാഴ്ത്തിയതും മരിക്കുന്നെങ്കില്‍ അങ്ങനെ മരിക്കണമെന്ന് ഉദ്ബോധിപ്പിച്ചതും. ഖുദിറാമിനെക്കുറിച്ചു പറയുമ്പോഴൊക്കെ തൂക്കിലേറ്റപ്പെട്ട വിപ്ളവകാരികളുടെ കഥകള്‍ കേട്ടുകേട്ടാണ് സൂദേവ് കാക്കു വഴിപിഴച്ചതെന്നത് ശ്യാമിളീദീ ശകാരിച്ചു. വിപ്ളവകാരികളെക്കുറിച്ചു പറഞ്ഞിട്ടല്ല,  കാക്കുവിനെക്കാള്‍ ഇരുപത്തഞ്ചു വയസ്സു കുറവുള്ള ശ്യാമിളിദീയെ വിവാഹം കഴിച്ചതുമുതലാണ് കാക്കു അവരുടെ വളര്‍ത്തുമൃഗമായ പെങ്കോന്തനായി അധ$പതിച്ചതെന്ന് ഥാക്കുമാ തിരിച്ചടിച്ചു. കാശിനു കൊള്ളാത്തവന്‍ എന്ന് അച്ഛനും പെണ്ണിനെ തൊടാതെ ജീവിച്ചവന്‍െറ അങ്കലാപ്പ് എന്ന് മായും പേടി തട്ടി പാവം അവന്‍െറ ബുദ്ധികെട്ടു  എന്ന് ഥാക്കുമായും കാക്കുവിനെ ശകാരിക്കുന്നതുകേട്ടാണ് ഞാന്‍ വളര്‍ന്നത്. വെള്ളം നിറച്ച  പ്ളാസ്റ്റിക് ചാക്കുപോലെ മാംസം ഓളം വെട്ടുന്ന ശരീരവും ചീര്‍ത്ത ശരീരത്തിനു തീരെ ചേരാത്ത ചെറിയ മുഖത്തെ കുട്ടിത്തവും കാക്കുവിനെ വീടിനു പുറത്തുള്ളവരുടെയും പരിഹാസപാത്രമാക്കി. കാക്കു ഇങ്ങനെയൊന്നുമായിരുന്നില്ളെന്ന് രാമുദാ മാത്രം കാരുണ്യം പ്രകടിപ്പിച്ചു.  രാവിലെ പത്തുമണി വരെ ഉറങ്ങി ഛാത്താളില്‍നിന്ന് കുളിച്ച് പാത്രം നിറയെ ഭക്ഷണം വീണ്ടും വീണ്ടും വിഴുങ്ങി ശരീരമാകെ പൗഡര്‍ പൂശി സലൂണിലേക്കു പുറപ്പെടുകയും മുടി വെട്ടാനത്തെുന്നവരോട്  ഉത്തംകുമാറിനെയും സുപ്രിയാദേവിയെയുംകുറിച്ച് വാതോരാതെ വര്‍ത്തമാനം പറയുകയും ചെയ്യുന്ന കാക്കു ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് ആയിത്തീരുകയെന്ന് മനസ്സിലാക്കാന്‍ എനിക്കു പ്രായപൂര്‍ത്തിയായിരുന്നില്ല.

ഒരു ദിശയിലേക്ക് സഞ്ജീവ് കുമാര്‍ മിത്രയും മറുവശത്തേക്ക് മാരുതി പ്രസാദ് യാദവും മറഞ്ഞതിനുശേഷം പ്രകാശം കുറഞ്ഞ വെയിലില്‍ ഞാന്‍ കുറെനേരം തനിച്ചുനിന്നു. നിരത്തിലൂടെ പലതരം മനുഷ്യര്‍ ഇരുദിശയിലേക്കും ചലിച്ചുകൊണ്ടിരിക്കെ, ഡംഡമിലേക്കുള്ള അടുത്ത സര്‍ക്കുലാര്‍ ട്രെയിന്‍ പാഞ്ഞുപോകുന്ന ഭീകരമായ ശബ്ദം സ്ട്രാന്‍ഡ് റോഡില്‍ പ്രതിധ്വനിച്ചു. അതിനെ തീര്‍ത്തും അവഗണിച്ചുകൊണ്ട്, പോര്‍ട്ട്ട്രസ്റ്റ് ജീവനക്കാരുടെ ഇടിഞ്ഞുപൊളിഞ്ഞ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ പടര്‍ന്നുനില്‍ക്കുന്ന പേരാല്‍ മരത്തില്‍നിന്ന്, ഒരു കുയില്‍ ആ വര്‍ഷത്തെ തന്‍െറ ആദ്യത്തെ കൂജനം മുഴക്കി.  ട്രെയിനിന്‍െറ ഇരമ്പമുയര്‍ത്തിയ മരണഭീതിയുടെ രോമാഞ്ചവും കുയിലിന്‍െറ കൂജനമുയര്‍ത്തിയ പ്രണയത്തിന്‍െറ കോരിത്തരിപ്പും എന്‍െറ ശരീരത്തെ ഒരുപോലെ പ്രകമ്പനംകൊള്ളിച്ചു. ഗ്വാളിയോറില്‍പോയി തൂക്കിക്കൊല നടത്തിയതിന് മനോഹര്‍ മുത്തച്ഛന് സമ്മാനമായി ലഭിച്ച പണക്കിഴിയിലെ അവശേഷിച്ച ഏക നാണയം എന്‍െറ ഉള്ളംകൈയിലെ വിയര്‍പ്പില്‍ നനഞ്ഞു. ഞാനതു ഥാക്കുമാക്ക് സമ്മാനിക്കാന്‍ തിരികെചെല്ലുമ്പോള്‍ തലേരാത്രി സംപ്രേഷണം ചെയ്ത ഖുദിറാമിനെക്കുറിച്ചുള്ള പരമ്പരയുടെ പുന$സംപ്രേഷണത്തില്‍ കണ്ണുനട്ടിരിക്കുകയായിരുന്നു ഥാക്കുമാ. ടി.വിയില്‍നിന്ന് കണ്ണെടുക്കാന്‍ മടിച്ച് അല്‍പം കഴിഞ്ഞാണ് ഥാക്കുമാ നാണയം ശ്രദ്ധിച്ചത്. ഒരു ഞെട്ടലോടെ ഥാക്കുമാ എന്നെ നോക്കി. കുഴിഞ്ഞ കണ്ണുകളില്‍നിന്ന് കണ്ണുനീരിന്‍െറ ഒരു ചാല്‍ കവിളെല്ലിനു മുകളിലൂടെ ഒഴുകിയിറങ്ങി. അതുണങ്ങി ചുളിഞ്ഞ കവിളില്‍ വിഭജനത്തിന്‍െറ കറുത്ത ഒരടയാളം  അവശേഷിപ്പിക്കുന്നതുവരെ ഥാക്കുമാ ആ നാണയത്തിലേക്ക് ഉറ്റുനോക്കി.  ടി.വിയില്‍ അപ്പോള്‍ ജയിലഴികളില്‍ പിടിച്ച് ഖുദിറാം എന്തോ ചിന്തിച്ചുനില്‍ക്കുന്ന രംഗമായിരുന്നു.

‘‘ദരിദ്രര്‍ക്കു ചരിത്രം എന്തിനാണ് ഥാക്കുമാ?’’
 ഞാന്‍ മുട്ടുകുത്തി നിലത്തിരുന്ന് ഥാക്കുമായോട് ആര്‍ദ്രതയോടെ ചോദിച്ചു.
‘‘തിരിച്ചുകിട്ടിയപ്പോഴാണ് അതിന്‍െറ വില മനസ്സിലായത്, ചേതൂ...’’
ഥാക്കുമാ വാര്‍ധക്യത്തില്‍ മാത്രം ചിരിക്കാന്‍ സാധിക്കുന്ന ആ ചിരി ചിരിച്ചിട്ട് എന്നെ സംശയത്തോടെ നോക്കി.

‘‘എങ്ങനെ കിട്ടി ഇത്?’’
‘‘അയാള്‍ തന്നു.’’
‘‘അവനെങ്ങനെ കിട്ടി? സൂദേവ് വിറ്റു കളഞ്ഞതല്ളേ?’’
ഥാക്കുമാ വീണ്ടും ചോദിച്ചു.
‘‘വാങ്ങുന്നവര്‍തന്നെ വില്‍ക്കുന്നു. വിറ്റവര്‍തന്നെ വീണ്ടും വാങ്ങുന്നു...’’
ഞാന്‍ രാമുദായെ ഓര്‍മിച്ചുകൊണ്ടു പറഞ്ഞു. എന്‍െറ അച്ഛന്‍ ജനിക്കുന്നതിനും എട്ടു കൊല്ലം മുമ്പാണ് ഖുദിറാം തൂക്കിലേറ്റപ്പെട്ടത്.  സുശീല്‍ സെന്‍ എന്ന ചെറുപ്പക്കാരനെ ചൂരല്‍ വടികൊണ്ട് തല്ലിച്ചതക്കാന്‍ മുസാഫിര്‍പുരിലെ മജിസ്ട്രേറ്റ് കിങ്സ്ഫോര്‍ഡ് ഉത്തരവിട്ടു. സുശീല്‍ സെന്‍ ജീവച്ഛവമായി. ജുഗാന്തര്‍ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ രോഷാകുലരായി ജനകീയ വിചാരണ നടത്തി മജിസ്ട്രേറ്റ് കുറ്റക്കാരനാണെന്ന് കണ്ടത്തെി മരണശിക്ഷ വിധിച്ചു. വിധി നടപ്പാക്കാനുള്ള നിയോഗം ഏറ്റെടുത്തത് നിയമപരമായി പ്രായപൂര്‍ത്തിയാകാത്ത ഖുദിറാമും പ്രഫുല്ലചാക്കിയുമായിരുന്നു. അവര്‍ കോടതിപരിസരത്ത് കിങ്സ്ഫോര്‍ഡിനെ നിരീക്ഷിച്ച് ചുറ്റിനടന്നതും ബോംബെറിയാന്‍ തീരുമാനിച്ചതും ഥാക്കുമാ നേരില്‍ക്കണ്ടതുപോലെ വര്‍ണിച്ചത് ഓര്‍ത്തുകൊണ്ടാണ് ഞാന്‍ വളരെക്കാലത്തിനുശേഷം സൂദേവ് കാക്കുവിന്‍െറ മുറിയിലേക്കു കയറിച്ചെന്നത്. വായതുറന്ന ദീര്‍ഘചതുരപ്പെട്ടിപോലെയുള്ള ഞങ്ങളുടെ വീട്ടില്‍ അടുക്കളക്ക് എതിരെയുള്ള ആ മുറിയിലേക്ക് പ്രവേശിക്കാന്‍ മുറ്റത്തേക്കിറങ്ങിയപ്പോള്‍ത്തന്നെ    ഇരട്ടക്കട്ടിലില്‍  മാംസളവും രോമരഹിതവുമായ മാറിടം തടവി ചരിഞ്ഞുകിടക്കുന്ന കാക്കു ഭിത്തിയില്‍ ഘടിപ്പിച്ച ഒരു പതിനാലിഞ്ച് ബ്ളാക് ആന്‍ഡ് വൈറ്റ് ടി.വിയില്‍ ഖുദിറാമിന്‍െറ പരമ്പര കണ്ടു കിടക്കുകയാണെന്ന് എനിക്കു വ്യക്തമായി. ഒരു കട്ടിലും ഒരു അലമാരയും കഴിഞ്ഞാല്‍ മറ്റൊന്നിനും ഇടമില്ലാത്ത ആ ഇരുണ്ട മുറിയില്‍ ഭിത്തിയില്‍ ഘടിപ്പിച്ച ഇരുമ്പു ഷെല്‍ഫുകളില്‍ കുട്ടികളുടെ പഴയ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും കാണാമായിരുന്നു.
 രാമുദായുടെ മരണത്തിനുശേഷം ശ്യാമിളിദീയും കുട്ടികളും ഞങ്ങളുടെ വീട്ടില്‍ അന്തിയുറങ്ങുന്നത് അപൂര്‍വമായിരുന്നു. കുട്ടികളെ സ്കൂളിലാക്കിയതിനുശേഷം ശ്യാമിളിദീ ഞങ്ങളുടെ വീട്ടിലത്തെി അവിടെ  മറ്റാരുമില്ളെന്ന മട്ടില്‍ അടുക്കളയില്‍ കയറി മറ്റെല്ലാവര്‍ക്കും പുറംതിരിഞ്ഞിരുന്ന് തനിക്കും സൂദേവ് കാക്കുവിനും മാത്രം ഭക്ഷണമുണ്ടാക്കുകയും  സ്വന്തം മുറിയില്‍ കൊണ്ടുപോയി കാക്കുവിനു വിളമ്പിക്കൊടുക്കുകയും ആ നേരമത്രയും ശകാരിക്കുന്ന ശബ്ദത്തില്‍ കാക്കുവിനോട് സംസാരിക്കുകയും ചെയ്തു.  പിന്നീട് അവര്‍ വാതില്‍ വലിച്ചടച്ചു. ഈ വീട്ടിലെ ആണുങ്ങള്‍ക്ക് പകലെന്നില്ല, രാത്രിയെന്നില്ല, മരണവീടെന്നില്ല, മണിയറയെന്നില്ല എന്ന് മാ കാര്‍ക്കിച്ചു തുപ്പി.  അവനെ ഞാന്‍ ഗര്‍ഭംധരിച്ചത് പകലായിരുന്നെടീ എന്ന് ഥാക്കുമാ കണ്ണിറുക്കി പുഞ്ചിരിച്ചു.  

‘‘കാക്കൂ...’’
ഞാന്‍ വിളിച്ചപ്പോള്‍ കാക്കു കണ്ണു തുറന്ന് എന്നെ കണ്ട്  എഴുന്നേറ്റിരുന്ന് കട്ടിലിന്‍െറ തലക്കലിട്ട തോര്‍ത്തെടുത്ത് കഴുത്തും മാറും തുടച്ചുകൊണ്ട് ദൈന്യതയും വിഷണ്ണതയും നിറഞ്ഞ ഒരു മന്ദഹാസം സമ്മാനിച്ചു. ഞാന്‍ മുറിക്കുള്ളിലേക്കു കയറി അദ്ദേഹത്തിന്‍െറ അരികില്‍ ഇരുന്നു.
‘‘ങ്ഹും... നീയെന്നോട് മിണ്ടിയിട്ട് എത്ര ദിവസമായി, ചേതൂ...’’
കാക്കുവിനോട് ഞാന്‍  അവസാനം സംസാരിച്ചതെന്നാണെന്ന് എനിക്ക് ഓര്‍മയുണ്ടായിരുന്നു. അത് ഒന്നര മാസം മുമ്പ്, മേയ് പതിനെട്ടാം തീയതി. യതീന്ദ്രനാഥ് ബാനര്‍ജിയുടെ ദയാഹരജി ഗവര്‍ണര്‍ തള്ളിയ ആ ദിവസം. അന്നാണ് സൂദേവ് കാക്കു എന്നെ പാന്‍ വാങ്ങാന്‍ അയച്ചതും ഞാന്‍ കൈകള്‍ വീശി സഞ്ജീവ് കുമാര്‍ മിത്രയുടെ കാമറയുടെ ലെന്‍സിനു മുന്നില്‍ക്കൂടി അലസമായി നടന്നുപോയതും. അത് കഴിഞ്ഞ ഏതോ യുഗത്തിലാണ് സംഭവിച്ചതെന്നും അതിനുശേഷം എന്‍െറ ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചുകഴിഞ്ഞെന്നും ഓര്‍ത്തപ്പോള്‍ തല ചുറ്റി.

‘‘ആരാച്ചാരാകാന്‍ തീരുമാനിച്ചതില്‍പ്പിന്നെ എനിക്കൊന്നും സംസാരിക്കാനില്ല, കാക്കൂ.’’
ഞാന്‍ അദ്ദേഹത്തിന്‍െറ കണ്ണുകളിലേക്ക് ഒന്നു തറപ്പിച്ചു നോക്കി.
‘‘മനോഹര്‍ മല്ലിക്കിന്‍െറ  സ്വര്‍ണനാണയം എങ്ങനെ സഞ്ജീവ് കുമാറിന്‍െറ കൈയിലത്തെി?’’
എന്‍െറ ചോദ്യത്തിനു മുന്നില്‍ അദ്ദേ
ഹം ഒന്നു പതറി ഏത് നാണയം എന്നു
ചോദിക്കാന്‍ തുടങ്ങിയെങ്കിലും വേണ്ടെ
ന്നുവെച്ചതുപോലെ എന്‍െറ കൈത്തലം കൈയിലെടുത്തു തലോടി.
‘‘കാക്കു വയസ്സനായില്ളേ മോളേ? വയസ്സ് പത്തറുപത്തഞ്ചായില്ളേ?  കുഞ്ഞുങ്ങള്‍ രണ്ടു പേരും, നിനക്ക് അറിയാമല്ളോ, എങ്ങുമത്തെിയിട്ടില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവരുടെ ഗതി എന്താകും?’’
‘‘എന്‍െറ ബാബാക്ക് എണ്‍പത്തേഴു വയസ്സായി. ബാബാക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്‍െറ ഗതിയെന്താകും എന്ന് ഞാന്‍ ഈ ഇരുപത്തിരണ്ടു വയസ്സുവരെ ഒരിക്കലും പേടിച്ചിട്ടില്ല. എന്താണെന്നറിയാമോ കാക്കൂ? എനിക്കറിയാമായിരുന്നു, എനിക്ക് കാക്കു ഉണ്ടാകുമെന്ന്.’’
എന്‍െറ ശബ്ദത്തില്‍ ദു$ഖം നിറഞ്ഞു, കണ്ണുകള്‍ നിറഞ്ഞൊഴുകിയപ്പോള്‍ കാക്കു വിവശതയോടെ  എന്‍െറ കണ്ണുനീര്‍ തുടച്ചു.
‘‘കാക്കു ഒന്നിനും കൊള്ളാത്തവനായിപ്പോയി, ചേതൂ... ഞാന്‍ കാരണം നിങ്ങള്‍ക്കൊക്കെ കഷ്ടനഷ്ടങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. എല്ലാവരെയും രക്ഷിക്കാന്‍ ആഗ്രഹിച്ച് ഞാന്‍ ചെയ്തതൊക്കെ എനിക്കും മറ്റുള്ളവര്‍ക്കും ദോഷം മാത്രമേ വരുത്തിയുള്ളൂ. അതുകൊണ്ടാണല്ളോ നിന്‍െറ ബാബാ എന്നെ വകക്കു കൊള്ളാത്തവന്‍ എന്ന് അധിക്ഷേപിക്കുന്നത്...’’

കാക്കു രണ്ടു കൈകൊണ്ട് മുഖം പൊത്തി കുനിഞ്ഞിരുന്നു.
‘‘ഞാന്‍... ഞാന്‍ കാരണമാണ് നമ്മുടെ രാമുവിന് അങ്ങനെ സംഭവിച്ചത്...’’
അദ്ദേഹത്തിന്‍െറ ശബ്ദത്തിലെ കുറ്റബോധത്തിന്‍െറ ഭാരം ദുസ്സഹമായിരുന്നു.
‘‘എന്‍െറ വിശ്വാസം രാമുദായുടെ മരണത്തിനു കാരണം ഞാനാണ് എന്നാണ്. പക്ഷേ, ഇപ്പോള്‍ ഞാന്‍ വന്നത് അതു പറയാനല്ല.  ആ നാണയം എങ്ങനെ അയാള്‍ക്കു കിട്ടി?’’
കാക്കു കുറ്റവാളിയുടെ ജാള്യത്തോടെ എന്നെ നോക്കിയപ്പോള്‍  എന്‍െറ ഹൃദയം ആര്‍ദ്രമായി.
‘‘കാക്കുവഴിയല്ലാതെ അത് അയാളുടെ കൈയിലത്തെുകയില്ല. എനിക്കറിയാം... ’’
കാക്കു ഒന്നു നെടുവീര്‍പ്പിട്ടു.
‘‘പുരാതന സാധനങ്ങള്‍ക്ക് നല്ല വില കിട്ടുമെന്ന് ശ്യാമി പറഞ്ഞു. ഞാനാലോചിച്ചപ്പോള്‍ സഞ്ജീവ് ബാബുവിന് എന്നെ സഹായിക്കാന്‍ പറ്റുമെന്നു തോന്നി. ഞാന്‍ അദ്ദേഹത്തെ കണ്ടു... ’’
ഞാന്‍ കാക്കുവിനെ നിര്‍ന്നിമേഷം നോക്കിയിരുന്നു. വിയര്‍ത്തൊലിക്കുന്ന ഭീമന്‍ശരീരവും വലിച്ച് സൂദേവ് കാക്കു അയാളുടെ മുന്നില്‍ പോയി നിന്നു കിതച്ച ആ നിമിഷം എനിക്കു കാണാമായിരുന്നു. പോക്കറ്റില്‍നിന്ന് സ്വര്‍ണനാണയമെടുത്ത് നീട്ടിയപ്പോള്‍ അയാള്‍ എങ്ങനെ പ്രതികരിച്ചു?
‘‘പൊട്ടിച്ചിരിച്ചു. എന്നിട്ട് ഇത് ഞാനെടുത്തോളാം, എന്തു വിലയും തരാം എന്നു പറഞ്ഞു.’’

അയാളുടെ പൊട്ടിച്ചിരിയുടെ ശബ്ദം എനിക്ക് സങ്കല്‍പിച്ചെടുക്കാവുന്നതെയുണ്ടായിരുന്നുള്ളൂ.   ഹൃദയത്തില്‍ വീണ്ടും കുടുക്കു മുറുകുന്ന അനുഭവമുണ്ടായി. ഓരോ രോമകൂപത്തിലും ഒരുതരം തരിപ്പു പടര്‍ന്നു.
‘‘തെറ്റായിപ്പോയി ചേതൂദീ... പക്ഷേ, ശ്യാമി നിര്‍ബന്ധിച്ചപ്പോള്‍...’’
 കുട്ടിക്കാലത്ത് എന്നെ സ്കൂളില്‍ കൊണ്ടുപോയി വിട്ടിരുന്നത് കാക്കുവായിരുന്നു. സൈക്കിളില്‍വെച്ച് എന്നെയുംകൊണ്ട് അദ്ദേഹം സ്കൂളില്‍ പോയിരുന്ന പുലര്‍കാലങ്ങളും തിരികെ  കൊണ്ടു വന്നിരുന്ന മധ്യാഹ്നങ്ങളും ഓര്‍മയില്‍ തെളിഞ്ഞു.  അത് മറ്റൊരു സൂദേവ് കാക്കുവായിരുന്നു.
‘‘വയസ്സായപ്പോള്‍ ധൈര്യം പോയി, ചേതൂ.. വയസ്സായതുകൊണ്ടല്ല, കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ കണ്ടിട്ട്...’’
അദ്ദേഹത്തിന്‍െറ ശബ്ദം ഇടറി. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഞാന്‍ ഹൃദയത്തെ ശാന്തമാക്കാന്‍ യത്നിച്ച് അദ്ദേഹത്തിന്‍െറ ചുമലിലേക്കു ചാരി.
‘‘ബാബായില്ളെങ്കില്‍ എനിക്ക് കാക്കുവുണ്ടാകും എന്ന് ഉറപ്പുണ്ടായിരുന്നതുപോലെ കാക്കുവില്ളെങ്കില്‍ രാരിക്കും ചമ്പുവിനും ഞാനുണ്ടാകും എന്ന് കാക്കുവിനും ഉറപ്പിക്കാം.’’
‘‘പക്ഷേ, നീ ഒരു പാവം... ഇന്നോ നാളെയോ കല്യാണം കഴിച്ചുപോകും. പിന്നെ നിനക്ക് എന്തു ചെയ്യാന്‍ കഴിയും മോളേ?’’
‘‘കല്യാണം കഴിച്ചാലും ഇല്ളെങ്കിലും രാരിയും ചമ്പുവും ഒരിക്കലും അനാഥരാകില്ല... പോരേ?’’
എന്‍െറ ശബ്ദം ഇടറി, കരച്ചില്‍ പൊട്ടി.
‘‘പണ്ടൊന്നും എനിക്ക് പേടിയോ വിഷമമോ ഉണ്ടായിരുന്നില്ല. ഖുദിറാം ബോസിനെപ്പോലെ രാജ്യത്തിനു വേണ്ടി സ്വയം ബലിയര്‍പ്പിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നു. എനിക്കു മരണത്തെയോ പൊലീസിനെയോ പട്ടാളത്തിനെയോ ഒന്നും ഒരിക്കലും പേടി തോന്നിയില്ല. ജയിലില്‍ എന്നെ തല്ലിച്ചതച്ചപ്പോഴും ഞാന്‍ ചിരിച്ചുകൊണ്ടു കിടന്നതെയുള്ളൂ. വാസ്തവത്തില്‍, ഞാന്‍ അന്ന് പാട്ടു മൂളുകയായിരുന്നു.’’

‘‘ഏക് ല ഛലോരേ?’’
ഞാന്‍ കണ്ണുനീരോടെ ചിരിച്ചു.
‘‘ഏയ്... അതു മാനൊദായുടെ പാട്ടല്ളേ? എന്‍െറ പാട്ട് ആന്ധാരോ ഷകോലി ആയിരുന്നു.’’
കാക്കുവും കണ്ണുനീരോടെ ചിരിച്ചു.
‘‘പൊലീസുകാര്‍ നഖത്തില്‍ ആണിയടിച്ചു കയറ്റിയപ്പോഴും ചാട്ടവാറുകൊണ്ട് അടിച്ച് പുറം പൊളിച്ചപ്പോഴും ഇരുമ്പു കമ്പി പഴുപ്പിച്ച്  തൊലി പൊള്ളിച്ചപ്പോഴും ഞാന്‍ പാടിക്കൊണ്ടിരുന്നു. പക്ഷേ, ഇന്ന് ആ പഴയ എന്നെക്കുറിച്ച് ഓര്‍ക്കാന്‍തന്നെ ഭയം തോന്നുന്നു. എനിക്ക് ഞാന്‍ ഞാനാണെന്ന തോന്നല്‍പോലുമില്ല. പഴയ എന്നെ ഇനി ഒരിക്കലും തിരിച്ചുകിട്ടുകയില്ല.’’
‘‘കാക്കു പഴയ കാക്കു തന്നെയാണ്.’’
‘‘അല്ല മോളേ... ദാദാ പറഞ്ഞതുപോലെ എന്നെക്കൊണ്ട് ഒരു കോഴിയെ കൊല്ലാന്‍പോലും കൊള്ളുകയില്ല.’’
സൂദേവ് കാക്കു സ്വന്തം കൈകളിലേക്കു നോക്കി.
‘‘ങ്ഹും... അവരെന്നെ പാതി കൊന്നു. പകരം ഞാന്‍ അവരെ ഉന്മൂലനം ചെയ്യാന്‍ നോക്കി. ഖുദിറാമാകാന്‍ വേണ്ടി ശ്രമിച്ച്, അവസാനം ഒരു കോഴിയുടെ തല വെട്ടാന്‍പോലും ശേഷിയില്ലാത്ത ഒരുത്തനായി ഞാന്‍ അവസാനിച്ചു.’’

കാക്കുവിന്‍െറ ശബ്ദം ഇടറിയിരുന്നു. ഖുദിറാം ബോസും പ്രഫുല്ല ചാക്കിയും നാടന്‍ ബോംബും വെടിയുണ്ടകളുമായി മജിസ്ട്രേറ്റിനെ കൊല്ലാന്‍ നടന്ന കഥയായിരുന്നു കാക്കുവിന് കുട്ടിക്കാലത്ത് കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടം. അദ്ദേഹം ജനിക്കുന്നതിന് പത്തിരുപതു വര്‍ഷം മുമ്പു നടന്ന സംഭവത്തിന്‍െറ വിശദാംശങ്ങള്‍ അക്കാലത്ത് ഞങ്ങളുടെ വീട്ടിലും നാട്ടിലും എല്ലാവരും പാടിപ്പുകഴ്ത്തിയിരുന്നതാകാം കാരണം. മജിസ്ട്രേറ്റിനെ കൊല്ലാന്‍ കോടതിക്കുള്ളില്‍വെച്ച് ബോംബ് ആക്രമണം നടത്താന്‍ അവര്‍ ആദ്യം തീരുമാനിച്ചു. പക്ഷേ, മറ്റാളുകള്‍ക്കും പരിക്കേല്‍ക്കുമെന്നതിനാല്‍ മജിസ്ട്രേറ്റ് വണ്ടിയില്‍ വന്നിറങ്ങുന്ന സമയത്ത് ആക്രമിക്കാമെന്നായി.  വണ്ടി അടുത്തുവന്നപ്പോള്‍ അവര്‍ ബോംബെറിഞ്ഞു. സ്ത്രീകളുടെ കരച്ചില്‍ ഉയര്‍ന്നപ്പോള്‍ മാത്രമാണ് തെറ്റു മനസ്സിലായത്. ആക്രമണത്തിന്‍െറ ബഹളത്തിനിടയില്‍ ഖുദിറാമും പ്രഫുല്ലയും രണ്ടു വഴിക്കോടി. സമസ്തിപ്പൂരിലത്തെിയ പ്രഫുല്ല ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ യദൃച്ഛയാ അതേ കമ്പാര്‍ട്മെന്‍റിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് സംശയം തോന്നുകയും  കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. താന്‍ പിടിയിലായി എന്നു ബോധ്യപ്പെട്ട നിമിഷം പ്രഫുല്ല സ്വന്തം നെറ്റിയില്‍ വെടിവെച്ചു മരിച്ചു. പ്രഫുല്ല മരിച്ചതറിയാതെ ഇരുപത്തഞ്ചു കിലോമീറ്റര്‍ കാല്‍നടയായി താണ്ടി സമസ്തിപൂരിലത്തെിയ ഖുദിറാം ഒരു ചായക്കടയില്‍ ചായ കുടിക്കാനിരിക്കെ രണ്ടു കോണ്‍സ്റ്റബിള്‍മാരുടെ കണ്ണില്‍പ്പെട്ടു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഖുദിയെ ജനക്കൂട്ടം വളഞ്ഞുപിടിച്ച് കെട്ടിയിട്ട് ദേഹപരിശോധന നടത്തി.  പിടിവലിക്കിടയില്‍ പയ്യന്‍െറ പോക്കറ്റില്‍നിന്ന് രണ്ടു തോക്കുകള്‍ താഴെ വീണു. 35 റൗണ്ട് വെടിവെക്കാനുള്ള വെടിയുണ്ടകള്‍ അവന്‍െറ പക്കലുണ്ടായിരുന്നു. തന്നെ അടിച്ചും ഇടിച്ചും രസിക്കുന്ന ജനക്കൂട്ടത്തെ ഖുദി കൗതുകത്തോടെ നോക്കിനിന്നു. അറസ്റ്റ് ചെയ്യപ്പെട്ടു പൊലീസ്വാഹനത്തിലേക്കു നയിക്കപ്പെടുമ്പോഴും ഖുദിയുടെ മുഖത്ത് ഇതേ കൗതുകം മായാതെനിന്നു.

‘‘ഞാനൊരു വിഡ്ഢിയായിരുന്നു ചേതൂ. എനിക്ക് ഒരിക്കലും നമ്മുടെ നാട്ടുകാരെയോ നേതാക്കളെയോ മനസ്സിലാക്കാന്‍ സാധിച്ചതേയില്ല. എഴുപത്തൊന്നില്‍ ബാരാനഗറില്‍ അവര്‍ ഞങ്ങളെ തല്ലിക്കൊല്ലാന്‍ വന്നപ്പോഴാണ് എനിക്ക് ശരിയേത് തെറ്റേത് എന്ന ആശയക്കുഴപ്പം തുടങ്ങിയത്. കോണ്‍ഗ്രസുകാരാണ് ഞങ്ങളെ കൊല്ലാന്‍ വന്നത്. പക്ഷേ, അവര്‍ക്ക് കമ്യൂണിസ്റ്റുകളുടെ പിന്തുണയുണ്ടായിരുന്നു. ഞങ്ങളെ വളഞ്ഞ ജനക്കൂട്ടത്തില്‍പ്പെട്ടവരുടെ മുഖത്തേക്കു നോക്കിയപ്പോള്‍ എനിക്ക് തലചുറ്റി. അവര്‍ക്കു വേണ്ടിയായിരുന്നു ഞങ്ങള്‍ ആയുധമെടുത്തത്. എന്നിട്ട് എന്‍െറ കണ്‍മുന്നില്‍വെച്ച് അവര്‍ പന്ത്രണ്ടു ചെറുപ്പക്കാരെ തല്ലിക്കൊന്നു. കല്ലും കട്ടയും തടിയും കുറുവടിയുംകൊണ്ടുള്ള ഓരോ തല്ലിനും രക്തം തെറിക്കുന്ന കാഴ്ച എന്‍െറ കണ്‍മുന്നില്‍ ഇപ്പോഴുമുണ്ട്.’’

എഴുപത്തിമൂന്നില്‍ സൂദേവ് കാക്കു ജയിലില്‍പ്പോയി. എഴുപത്തിയഞ്ചില്‍ പുറത്തിറങ്ങി. അപ്പോള്‍ അടിയന്തരാവസ്ഥയായി. അദ്ദേഹം കൊല്‍ക്കത്തയില്‍നിന്ന് ബോംബെയിലേക്ക് ഒളിച്ചോടി. ജോര്‍ജ് ഫെര്‍ണാണ്ടസ് ഒളിവിലിരുന്ന് തയാറാക്കിയ കത്തിന്‍െറ കോപ്പികള്‍ വിതരണം ചെയ്യാന്‍
 ചായക്കച്ചവടക്കാരനായും ഷൂ  പോളി
ഷുകാരനായും അന്ധനായ മുസ്ലിമാ
യും ചുറ്റിനടക്കാന്‍ സൂദേവ് കാക്കുവി
ന് ധൈര്യം വന്നതെങ്ങനെ എന്ന് ഇന്നും എനിക്കു ബോധ്യപ്പെട്ടിട്ടില്ല.  
‘‘പ്രിയ സുഹൃത്തുക്കളേ,  മിസിസ് നെഹ്റു ഗാന്ധി അധികാരം പ്രയോഗിച്ച് സ്വയം സ്വേച്ഛാധിപതിയായി അവരോധിച്ചിട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു മാസം തികയുകയാണ്. എല്ലാ സ്വേച്ഛാധിപതികള്‍ക്കും സവിശേഷാവകാശമായ ധാര്‍ഷ്ട്യവും വിഡ്ഢിത്തവുംമൂലം അവര്‍ ജൂലൈ ഇരുപത്തിരണ്ടിന് ലോക്സഭയില്‍ പ്രഖ്യാപിച്ചു, ഞാന്‍ സ്വേച്ഛാധിപതിയല്ലാതിരുന്നപ്പോള്‍ നിങ്ങള്‍ അങ്ങനെ എന്നെ വിളിച്ചു. ഇപ്പോള്‍, അതെ, ഞാന്‍ സ്വേച്ഛാധിപതിയാണ്...’’ എന്നു തുടങ്ങുന്നതായിരുന്നു ആ കത്ത്.

ആ കത്തില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് എഴുതിയിരുന്ന ഒരു വരിയുണ്ട്: ‘‘നമുക്ക് ഒരു കാര്യം ഉറപ്പാക്കാം. ഇന്ത്യന്‍ ജനാധിപത്യം 1975 ജൂണ്‍ ഇരുപത്തിയാറിന് ഇന്ദിര നെഹ്റു ഗാന്ധിയെന്ന ഒരു സ്ത്രീയാല്‍ കശാപ്പു ചെയ്യപ്പെട്ടിരിക്കുന്നു. ജീവനുള്ളവര്‍ക്കാര്‍ക്കും അതിനെ ഇനി കുഴിമാടത്തില്‍നിന്ന് ഉയിര്‍പ്പിക്കാന്‍ സാധിക്കുകയുമില്ല... ചേതൂ, വളരെക്കാലം എനിക്കു സ്ത്രീകളെ വെറുപ്പും ഭയവുമായിരുന്നു. ഇന്നും അതെ...’’
ടി.വിയില്‍ പെട്ടെന്ന് ഒരു ശബ്ദം കേട്ടു. ജയിലറ തുറക്കുകയായിരുന്നു. ഖുദിറാമിനെ പൊലീസുകാര്‍ പുറത്തേക്കു കൊണ്ടുവന്നു. അദ്ദേഹത്തെ തൂക്കുമരത്തിനു മുന്നില്‍ നിര്‍ത്തിയതും അടുത്ത പരസ്യത്തിന്‍െറ സമയമായി. പെട്ടെന്നു കാക്കു എഴുന്നേറ്റു ചെന്ന്  ടി.വി ഓഫ് ചെയ്ത് എന്നെ നോക്കി.
‘‘ഖുദിറാമിന്‍െറ  ജീവിതത്തില്‍ ഒരു സ്ത്രീയുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ തണുത്ത ശരീരത്തോടെയും ഉറച്ച മനസ്സോടെയും മരിക്കാന്‍ അദ്ദേഹത്തിന്  സാധ്യമാകുമായിരുന്നില്ല. ഞാന്‍ സ്ത്രീയില്‍നിന്ന് ഓടി രക്ഷപ്പെട്ടു നോക്കി.  എങ്ങുമത്തെിയില്ല. എങ്കില്‍ സ്ത്രീയിലേക്ക് മടങ്ങിച്ചെല്ലാമെന്നു തീരുമാനിച്ചു. അപ്പോഴും  എങ്ങുമത്തെിയില്ല.’’
 ഞാന്‍ നിശ്ചലയായിരുന്നു. എനിക്ക് അദ്ദേഹം പറഞ്ഞതൊന്നും മനസ്സിലായില്ല. പക്ഷേ, അദ്ദേഹത്തിന്‍െറ മുഖത്ത്  ഞാന്‍  ഖുദിറാമിന്‍െറ കണ്ണുകള്‍ കണ്ടു. മൊഴി നല്‍കാന്‍ മജിസ്ട്രേറ്റിന് മുന്നിലത്തെിക്കുമ്പോഴും പ്രഫുല്ല ചാക്കി പിടിക്കപ്പെട്ടത് ഖുദിറാം അറിഞ്ഞിരുന്നില്ല.  കൂട്ടുകാരനെ രക്ഷിക്കാന്‍ സംഭവത്തിന്‍െറ മുഴുവന്‍ ഉത്തരവാദിത്തവും ഖുദിറാം ഏറ്റെടുത്തു. മൊഴികൊടുത്തു കഴിഞ്ഞതും അവര്‍ പ്രഫുല്ലയുടെ ശരീരം കോടതിയിലേക്കു കൊണ്ടുചെന്നു. ഖുദിറാം കൂട്ടുകാരനെ തിരിച്ചറിഞ്ഞു. പക്ഷേ, അതുകൊണ്ട് തൃപ്തിവരാതെ ബ്രിട്ടീഷുകാര്‍  പ്രഫുല്ലയുടെ തല അറുത്ത് കൊല്‍ക്കത്തക്ക് കൊടുത്തുവിട്ടു. ചുവന്ന തുണിയില്‍ പൊതിഞ്ഞെടുത്ത് അതുമായി കൊല്‍ക്കത്തയിലേക്കു പോയത് ഒരു ഇന്ത്യക്കാരന്‍തന്നെയായിരുന്നു.

‘‘തൂക്കുമരത്തിനു ചുവട്ടിലേക്കു ചെല്ലുമ്പോഴൊക്കെ എനിക്ക് എന്നെക്കുറിച്ച് ഓര്‍ത്തു ഭയംതോന്നും. എന്താണ് ഞാന്‍ ചെയ്യുന്നത്? രക്ഷിക്കുകയാണോ ശിക്ഷിക്കുകയാണോ? ദാദാ ലിവര്‍ വലിക്കുന്ന നിമിഷം ഞാന്‍ കണ്ണുകള്‍ ഇറുക്കിയടയ്ക്കും... ആന്ധാരോ ഷകോലി എന്ന വരികള്‍ എന്‍െറ തലക്കുള്ളില്‍ മുഴങ്ങും. ഓരോ മരണവും എന്‍േറതായിരുന്നു ചേതൂ. ദാദാ അവിടെ തൂക്കിലേറ്റിയത് എന്നത്തെന്നെയായിരുന്നു.’’
കാക്കു വേദനയോടെ പുലമ്പി.
‘‘കാക്കൂ, കരയരുത്.’’
ഞാന്‍ സങ്കടത്തോടെ അദ്ദേഹത്തോട് അപേക്ഷിച്ചു.
‘‘എല്ലാം മറന്നതായിരുന്നു. പക്ഷേ, ഇപ്പോള്‍ ഓര്‍മവരുന്നു... എനിക്കു വയ്യ ചേതൂ... ഓര്‍മകള്‍ ഇല്ലാതിരിക്കാന്‍ മനുഷ്യര്‍ എന്തു ചെയ്യണം?’’
കൂടുതല്‍നേരം അവിടെയിരിക്കാന്‍ സാധിക്കാതെ ഞാന്‍ സാവധാനം എഴുന്നേറ്റു.
‘‘ജോലിയുണ്ട്, കാക്കൂ.. ഞാന്‍ ഭവിഷ്യത്തിലേക്കു ചെല്ലട്ടെ.’’
‘‘കാക്കുവിനോട് നീ ക്ഷമിക്കണം.’’
‘‘കാക്കു അങ്ങനെ സംസാരിക്കരുത്.’’
‘‘ആരും സത്യം പറയുകയില്ല. സത്യം പറഞ്ഞാലും പൂര്‍ണമായ സത്യം പറയുകയില്ല...’’
അദ്ദേഹം വിറയ്ക്കാന്‍ ആരംഭിച്ചിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ ചൂളക്കുള്ളില്‍നിന്നിറങ്ങിയതുപോലെ വിയര്‍ത്തൊലിച്ചു. ആ പ്രഭാതത്തിലെ എന്‍െറ തളര്‍ച്ചയും നിസ്സഹായതയും ഇരട്ടിക്കിരട്ടിയായി വര്‍ധിപ്പിക്കാന്‍ സഞ്ജീവ് കുമാര്‍ മിത്രക്ക് ഒരിക്കല്‍ക്കൂടി സാധിച്ചു.  ഞാന്‍ രണ്ടു ചുവട് മുന്നോട്ടുവെച്ചപ്പോള്‍ പടിക്കല്‍ നില്‍ക്കുകയായിരുന്ന ഥാക്കുമാ പെട്ടെന്നു തിരിഞ്ഞു. വഴിയിലൂടെ ഒരു ചെറിയ വിലാപയാത്ര ഘാട്ടിലേക്കു കടന്നുപോയി.
‘‘ഹോ... ഈ കുട്ടികളുടെ ഒരു കാര്യം!’’  ഥാക്കുമാ നിര്‍വികാരതയോടെ പറഞ്ഞു.
‘‘ഇന്നും ഒരു കുട്ടി കഴുത്തില്‍ കുടുക്കിട്ടു കളിച്ചു...’’

ഞാന്‍ അകത്തു കയറി ഥാക്കുമായുടെ കട്ടിലില്‍ ഇരുന്നു.  ഞങ്ങളുടെ ഈ കൊല്‍ക്കത്തയില്‍ എന്നും ആരെയെങ്കിലും ഓര്‍ക്കാതെയും ചരിത്രത്തിന്‍െറ കറുത്ത കുരിക്കട്ടകളില്‍ ചവിട്ടാതെയും നടന്നുപോകുക അസാധ്യമാണ്. ടെലിവിഷനില്‍ ഖുദിറാം തൂക്കുമരത്തിലേക്കു നടക്കുന്നതും ചിരിച്ചുകൊണ്ട് കുടുക്കു തലയിലിടുന്നതും കണ്ട് ബേലുവും ബേനുവും കുടുക്കുണ്ടാക്കി കളിച്ചത് ടി.വി ചാനലുകളിലൊന്നിലും വാര്‍ത്തയായിരുന്നില്ല. തൂങ്ങിനില്‍ക്കുന്ന ചേച്ചിയെക്കണ്ട ബേനുവിനെക്കുറിച്ചോര്‍ത്തപ്പോള്‍ ഞാന്‍ പാടെ തളര്‍ന്നു. അപ്പോള്‍ അച്ഛന്‍ അട്ടഹസിച്ചുകൊണ്ട് പുറത്തേക്കുവന്നു. അച്ഛന്‍െറ കാലുകള്‍ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. വീഴാന്‍പോയ അച്ഛനെ താങ്ങിപ്പിടിച്ച് മാ വീണ്ടും മുറിക്കുള്ളിലേക്കു കൊണ്ടുപോയി. കുറച്ചുനേരം കഴിഞ്ഞ്  മാ വീണ്ടും എന്‍െറ അരികിലത്തെി.
‘‘ഇന്നു രാവിലെ തുടങ്ങി...’’,
ചോദിക്കാതെതന്നെ അമ്മ പറഞ്ഞു.
‘‘കാര്യം മനസ്സിലായില്ളേ? അവര്‍ അയാള്‍ക്കുവേണ്ടി വാദിക്കാന്‍ പുതിയ വക്കീലന്മാരെ ഇറക്കുന്നു.’’
ഞാന്‍ മിഴിച്ചുനിന്നു. യതീന്ദ്രനാഥ് ബാനര്‍ജിക്കുവേണ്ടി കേസ് വാദിക്കാന്‍ ആംനെസ്റ്റി ഇന്‍റര്‍നാഷനല്‍ ഒരു സംഘം അഭിഭാഷകരെ രംഗത്തിറക്കിയതിനെക്കുറിച്ചാണ് അമ്മ പറഞ്ഞതെന്ന് പിന്നീടേ എനിക്കു മനസ്സിലായുള്ളൂ. യതീന്ദ്രനാഥിന്‍െറ മനോനില തകരാറിലായതിനാല്‍ വധശിക്ഷ റദ്ദാക്കണമെന്ന് അപേക്ഷിക്കാനായിരുന്നു അത്. ഞാന്‍ ഥാക്കുമായുടെ കട്ടിലില്‍ വെറുതെ ഇരുന്നു. ഖുദിക്ക് വധശിക്ഷയാണ് ജഡ്ജി വിധിച്ചത്. മിടുക്കന്മാരായ ഒരുപറ്റം അഭിഭാഷകര്‍ ആ കേസ് ഫീസില്ലാതെ വാദിക്കാന്‍ തയാറായി മുന്നോട്ടുവന്നത് എനിക്ക് ഓര്‍മവന്നു. അവരുടെ നിര്‍ദേശപ്രകാരം ഖുദി തന്‍െറ മൊഴി മാറ്റിപ്പറഞ്ഞു. നിയമത്തിന്‍െറ തലനാരിഴ കീറി അഭിഭാഷകര്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഖുദിക്ക് ജഡ്ജി വധശിക്ഷ വിധിച്ചു. വിധി കേട്ടയുടനെ ഖുദിറാമിന്‍െറ മുഖത്ത് ഒരു ചിരി വിടര്‍ന്നു. ജഡ്ജിക്ക് അതുകണ്ട് അമ്പരപ്പാണുണ്ടായത്. പ്രതി തന്നെ വെറുതെ വിട്ടെന്നാണോ മനസ്സിലാക്കിയത് എന്നുപോലും ജഡ്ജിക്കു സന്ദേഹമുണ്ടായി. അപ്പോള്‍ ഖുദിറാം അദ്ദേഹത്തോടു പറഞ്ഞു, കുറച്ചുകൂടി സമയം കിട്ടിയാല്‍ ഞാന്‍ അങ്ങേക്ക് ബോംബുണ്ടാക്കാന്‍ പഠിപ്പിച്ചുതരാം. തലയുയര്‍ത്തിപ്പിടിച്ചാണ് ഖുദിറാം തൂക്കുമരത്തിലേക്കു നടന്നുചെന്നത്. ആറു മണിക്കായിരുന്നു തൂക്കിക്കൊല. ഗൗരീചരണ്‍ മല്ലിക് അക്കാലത്ത് വളരെ വൃദ്ധനും ക്ഷീണിതനുമായിരുന്നു. ഖുദിറാം തലയുയര്‍ത്തിപ്പിടിച്ചു നടന്നുവന്നപ്പോള്‍ മുത്തച്ഛന്‍ അമ്പരപ്പോടെ നോക്കി. ആദ്യമായാണ് മുഖംമൂടി ധരിപ്പിക്കുമ്പോള്‍ ചിരിച്ചുകൊണ്ട്  അഭിവാദ്യംചെയ്ത പുള്ളിയെ അദ്ദേഹം  കണ്ടത്. തൂക്കിക്കൊല കഴിഞ്ഞപ്പോള്‍ പിതാമഹന്‍ പൊട്ടിക്കരഞ്ഞു. എന്‍െറ കൈവിരലുകളില്‍ നാണയത്തിന്‍െറ തണുത്ത സ്പര്‍ശം തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. സഞ്ജീവ് കുമാര്‍ മിത്ര എവിടെയോ ഇരുന്ന് ചിരിക്കുന്ന ശബ്ദം കാതുകളില്‍ മുഴങ്ങി. ഞാന്‍ ധൃതിയില്‍ എഴുന്നേറ്റ് എന്‍െറ ബാഗെടുത്തു തോളിലിട്ടു.

‘‘എവിടേക്കാ?’’
മാ സംശയത്തോടെ ചോദിച്ചു.
‘‘എവിടേക്കുമല്ല...’’
സത്യം പറഞ്ഞാലും പൂര്‍ണമായ സത്യങ്ങള്‍ പറയാറില്ലാത്തതിനാല്‍ ഞാന്‍ മന്ത്രിച്ചു. നേരത്തേ കൂവിയ കുയില്‍തന്നെയാകണം, വീണ്ടും എന്നെ പരിഹസിച്ചുകൊണ്ടു കൂവി. ഒരു സര്‍ക്കുലാര്‍ ട്രെയിന്‍ എതിര്‍ദിശയിലേക്കു പാഞ്ഞു. മൃതിയെന്ന പ്രേമിയുടെ കരപരിലാളനം എന്നെയും ഉത്തേജിപ്പിച്ചുകഴിഞ്ഞിരുന്നു. പരമമായ ആനന്ദം ജീവിച്ചിരിക്കത്തെന്നെ സാക്ഷാല്‍ക്കരിച്ചില്ളെങ്കില്‍ ശാന്തമായ ശരീരത്തോടെ പരലോകത്തേക്കു യാത്രയാകാന്‍ എനിക്കു സാധിച്ചില്ളെങ്കിലോ എന്ന ഭീതിയോടെ ഞാന്‍ ആദ്യം കണ്ട ഓട്ടോറിക്ഷക്കു കൈനീട്ടി. ദിവസങ്ങള്‍ പായുന്നു. സമയം തീരുന്നു. കുറച്ചു സമയംകൂടി കിട്ടിയാല്‍ ഒരു ബോംബ് ഉണ്ടാക്കാന്‍ ഞാന്‍ അയാളെയും പഠിപ്പിക്കും, സ്ഫോടനത്തില്‍ ഞങ്ങളിലൊരാള്‍ എന്നേക്കുമായി  ഇല്ലാതാകുമെങ്കിലും.
( തുടരും)
 

 


നോവല്‍

മുന്‍ ലക്കങ്ങള്‍