പദക്രമം | Madhyamam Weekly
Weekly


പദക്രമം

ജെനി ആന്‍ഡ്രൂസ്

പദ്യമാകാന്‍
തോന്നിയപ്പോഴാണ്
പദങ്ങള്‍ നിലച്ചത്.
പദാവലികള്‍
തോതില്‍ തികയാതെ.

മൗനം പൊതിഞ്ഞാല്‍
വാക്കെന്തിന്?
പശ്യന്തികള്‍ കേള്‍വിയിലായാല്‍
വൈഖരികളെന്തിന്?

കാണാവട്ടത്തില്‍
കണങ്ങള്‍ ചലിക്കുന്ന
മണ്ണിനെപ്പോലെ,
സഹസ്രജാലം
ഉറങ്ങിയുണരും
കടലിന്നടിപോലെ,
നിത്യത്തിരിച്ചിലിന്‍
ഗോളങ്ങളെച്ചേര്‍ക്കും
വായുവിതാനംപോലെ,
ഇതും ലോകം.

ഇതും യാത്ര.

വനവ്യാപ്തികള്‍
മരുനടത്തങ്ങള്‍
ആകാശവയലുകള്‍
കടല്‍ നിമജ്ജനം,
അകത്തിന്നകത്തേക്കു
പടരല്‍.


കവിത

മുന്‍ ലക്കങ്ങള്‍