
കാര്‍ലോസ് ഫ്യുയന്‍റസിനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍തന്നെ ഞങ്ങള്‍ക്കിടയില്‍ ദീര്‍ഘമായ സൗഹൃദത്തിന് അത് നിമിത്തമായി കഴിഞ്ഞിരുന്നു. 2006 നവംബറില്‍ മെക്സിക്കന്‍ ആസ്ഥാനത്തിന്‍െറ വടക്ക് സ്ഥിതിചെയ്യുന്ന ഗോള്‍ഡാ ലാക്ക്റ (Golda Lachra) പട്ടണത്തില്‍വെച്ചായിരുന്നു അത്. യൂനിവേഴ്സിറ്റി പ്രഭാഷണ ഹാളിനോടനുബന്ധിച്ച സ്വീകരണമുറിയില്‍ ഇരിക്കുകയായിരുന്നു ആ സായാഹ്നത്തില്‍ ഫ്യുയന്‍റസ്. മെക്സിക്കന്‍ കലാകാരന്‍ ഓറിസ്കു (Orrescu)വിന്‍െറ പെയിന്‍റിങ്ങുകളാല്‍ അലംകൃതമായിരുന്നു സ്വീകരണമുറിയുടെ ചുവരുകള്‍. അതേ ഹാളില്‍വെച്ചാണ് മാസങ്ങള്‍ക്കുമുമ്പ് എന്‍െറ പ്രഭാഷണങ്ങള്‍ നടന്നിരുന്നത്. ‘വിസ്മൃത സംസ്കാരങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ പിന്നീടത് സ്പാനിഷില്‍ പുസ്തകമായി പുറത്തിറങ്ങി. ഫ്യുയന്‍റസ് ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റപ്പോള്‍ മനോഹരമായ അദ്ദേഹത്തിന്‍െറ ആകാരവും വശ്യമായ ദ്രുതചലനവും നേര്‍ത്ത മെക്സിക്കന്‍ മീശയും കൗതുകപൂര്‍വം ഞാന്‍ നോക്കിനിന്നു. പതിവുപോലെ നീല സൂട്ടും വെള്ളഷര്‍ട്ടുംതന്നെ വേഷം. എഴുപതുകളുടെ മധ്യേ പാരിസില്‍ സ്വന്തം രാജ്യത്തിന്‍െറ സ്ഥാനപതിയായിരുന്നപ്പോഴത്തെ ഡിപ്ളോമാറ്റിക് വര്‍ഷങ്ങളുടെ ശേഷിപ്പ്. ഞങ്ങള്‍ ലാറ്റിനമേരിക്കന്‍ ശൈലിയില്‍ പരസ്പരം ആലിംഗനം ചെയ്തു. പിന്നീട് എന്നെ അരികെ ഇരുത്തി. സംസാരം ഫ്രഞ്ചിലാകാമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സന്തോഷപൂര്‍വം ഞാനത് സ്വീകരിച്ചു. കാരണം, എന്‍െറ സ്പാനിഷിന് വേണ്ടത്ര ഒഴുക്ക് കുറവായിരുന്നു. ഫ്യുയന്‍റസ് ഒഴുക്കില്‍ ഫ്രഞ്ചു സംസാരിക്കും. ലഘുവായ ഉച്ചാരണപ്പിശകേ ഉണ്ടാകുകയുള്ളൂ. പെട്ടെന്നത് ശ്രദ്ധയില്‍പെടുകയില്ല. കൗമാരത്തിലേ അദ്ദേഹം ഫ്രഞ്ചു വശമാക്കിയിരുന്നുവെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. ഫ്രഞ്ച് സ്കൂളില്‍ പഠിച്ചിരുന്നു അദ്ദേഹം.
പുസ്തകോത്സവത്തിന്‍െറ ചെയര്‍മാന്‍ റൗള്‍ പാഡിയ (Roul Padilla)യും ഫ്യുയന്‍റസിനൊപ്പം ഉണ്ടായിരുന്നു. മെക്സിക്കന്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍പിടിക്കുന്ന വ്യക്തി. ഒരു വര്‍ഷമായി എനിക്ക് അദ്ദേഹത്തെ അറിയാം. എന്‍െറ നിരന്തരമായ മെക്സിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ സുദൃഢമായ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നിരുന്നു. കാര്‍ലോസ് പുസ്തകോത്സവത്തിന്‍െറ ഡയറക്ടറി വാങ്ങി ഞങ്ങളുടെ ഫോട്ടോയുള്ള പേജ് തുറന്നു. കൊളംബ്യന്‍ മാര്‍കേസ്, പോര്‍ചുഗീസുകാരന്‍ സരമാഗോ, ദക്ഷിണാഫ്രിക്കക്കാരി നാര്‍ഡീന്‍ ഗോര്‍ഡ്മര്‍, മെക്സിക്കന്‍ സിമോണ്‍ ദി ബൊവ്വര്‍ ആയ എലീനാ ബേണ്‍ട് വെസ്ക, അല്‍ കാതലീന സിയാതല്‍, പിന്നെ താഴെ പേജില്‍ അദ്ദേഹവും ഞാനും. ‘‘ഞങ്ങള്‍ മഹാന്മാരോടൊപ്പം താങ്കളും’’, ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് വിഷമംതോന്നി. പിന്നെ, മണിക്കൂറുകള്‍ക്കുശേഷം, ഞാന്‍ ലജ്ജയാല്‍ ചുവന്ന് തുടുത്തിരുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി. അന്നേരം ഞാന്‍ പറഞ്ഞു: ‘‘നിങ്ങളുടെ പടങ്ങളുള്ള പേജിന്‍െറ പിറകുവശത്താണ് എന്‍െറ പടം അച്ചടിച്ചിരുന്നതെങ്കിലും എനിക്ക് സന്തോഷമേ ഉണ്ടാകൂ. ഞാന്‍ നിങ്ങളുടെയൊക്കെ ശിഷ്യന്‍ മാത്രം.’’ അദ്ദേഹം എന്‍െറ കൈപിടിച്ച് അമര്‍ത്തി. നിമിഷങ്ങളോളം വിടാതെ കൈപിടിച്ചു. നിമിഷങ്ങള്‍ക്കകം സ്വീകരണമുറി ക്ഷണിതാക്കളാല്‍ നിറഞ്ഞുകവിഞ്ഞു. മുന്‍പന്തിയില്‍തന്നെ മാര്‍കേസും ഭാര്യ മെര്‍സിഡസും ഒപ്പം സരമാഗോയും. സരമാഗോ തല മൊട്ടയടിച്ചിരുന്നു. സൂട്ട് വേഷത്തില്‍ കാനറി ദ്വീപില്‍നിന്നുള്ള കര്‍ഷകനെപോലെ തോന്നിച്ചു സരമാഗോ. അദ്ദേഹത്തിന്‍െറ പിന്നില്‍ ഇപ്പോള്‍ സ്വന്തം മഠത്തില്‍നിന്ന് പുറത്തിറങ്ങിയ സൂഫിയെപോലെ മെക്സിക്കന്‍കാരനായ കാര്‍ലോസ് മോര്‍ണിഫാസ്. എല്ലാവരെയും ഊഷ്മളമായി ആലിംഗനം ചെയ്തുകൊണ്ടിരുന്ന മാര്‍കേസിന്‍െറ ശബ്ദത്താല്‍ സ്വീകരണമുറി മുഖരിതമായി. അദ്ദേഹത്തിന്‍െറ പത്നി മെര്‍സിഡസിന്‍െറ ഒച്ചയും മുഴങ്ങി. സ്വീകരണമുറിയിലെ ഉഷ്ണത്തെക്കുറിച്ച് അവര്‍ പരാതിപ്പെട്ടുകൊണ്ടിരുന്നു. ‘‘എവിടെ മാഡം?’’, ഇരുന്നശേഷം മാര്‍കേസ് ചോദിച്ചു. നാര്‍ഡീന്‍ ഗോര്‍ഡ്മറിനെക്കുറിച്ചാണ് അദ്ദേഹം ചോദിക്കുന്നത്. ‘‘അവരും മകളും ഇങ്ങോട്ടേക്കുള്ള വഴിയിലാണ്; എന്‍െറ ഭാര്യയോടൊപ്പം.’’ ഫ്യുയന്‍റസ് മറുപടി പറഞ്ഞു. ചെറിയ സ്വീകരണമുറി, ആകെ ബഹളമയമാണ്. പാനപാത്രവും കൈയില്‍പിടിച്ച് എല്ലാവരും ഉച്ചത്തില്‍ സംസാരത്തിലാണ്. മെക്സിക്കന്‍ മാന്ത്രികനിമിഷങ്ങള്‍. മെലിഞ്ഞു കുറിയ ഗോര്‍ഡ്മര്‍ കടന്നുവന്നപ്പോള്‍ ഫ്യുയന്‍റസല്ലാതെ ആരും അവരെ ശ്രദ്ധിച്ചില്ല. അവരെ ഊഷ്മളമായി സ്വീകരിക്കാന്‍ അദ്ദേഹം എഴുന്നേറ്റുനിന്നു. എല്ലാവരുടെയുംനേരെ നോട്ടമെറിഞ്ഞുകൊണ്ട്. ‘‘നിശ്ശബ്ദത പാലിക്കൂ’’ എന്നായിരുന്നു ആ നോട്ടത്തിന്‍െറ അര്‍ഥം. പൊടുന്നനെ സദസ്സ് നിശ്ശബ്ദമായി. ഒരു കൊച്ചുകുട്ടിയെപോലെ നാണംകുണുങ്ങി എല്ലാവര്‍ക്കും ഹസ്തദാനം ചെയ്ത് ഗോര്‍ഡ്മര്‍ നടന്നുനീങ്ങി. ഫ്യുയന്‍റസിന് അവരോട് വളരെ സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. ഗോര്‍ഡ്മറിന് നൊബേല്‍ സമ്മാനം ലഭിക്കുന്നതിനുംമുമ്പേ ദീര്‍ഘകാലത്തെ സൗഹൃദ ബന്ധമുണ്ടായിരുന്നു അവര്‍ക്കിടയില്‍. ഗോര്‍ഡ്മറിനെ ഫ്യുയന്‍റസ് തന്‍െറ അരികല്‍തന്നെ ഇരുത്തി. മറ്റുള്ളവരെ അവരുടെ സംഭാഷണത്തിനുവിട്ട് ഗോര്‍ഡ്മറുമായി ഹ്യുയന്‍റസ് ഇംഗ്ളീഷില്‍ സംസാരത്തില്‍ മുഴുകി. ഫ്യുയന്‍റസിന്‍െറ ഭാര്യ സില്‍വിയ ലിമൂസിന് റൗള്‍ പാഡിയ എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. അറുപത് കഴിഞ്ഞിരുന്നു അവരുടെ പ്രായം. ഹരിതനിറത്തിലുള്ള കണ്ണുകളോടുകൂടിയ ഒരു വെള്ളക്കാരി. അവരുടെ മുഖത്തിന് സദാ ഒരു വിഷാദഭാവമുണ്ടായിരുന്നു. ലജ്ജാവതിയായ അവരുടെ സംസാരംകേള്‍ക്കാന്‍ സാധിക്കാത്തത്ര പതുങ്ങിയ ശബ്ദത്തിലാണ്. മെര്‍സിഡസിന്‍െറ കരീബിയന്‍ ശബ്ദവുമായി അവരുടെ ശബ്ദത്തിന് ഒരു സാമ്യവുമില്ല. ഈജിപ്തിലാണ് മെര്‍സിഡസിന്‍െറ വംശവേരുകള്‍. രാവിലെമുതല്‍ വൈകുന്നേരംവരെ ഭര്‍ത്താവിന്‍െറ പിന്നാലെയാണ് സില്‍വിയ. ഒരിക്കലും അവര്‍ ഫ്യുയന്‍റസിനെ പിരിയാറില്ല. മെക്സിക്കോയില്‍ വരുമ്പോള്‍ അവരിരുവരുടെയുംകൂടെ ഫ്യുയന്‍റസിന്‍െറ സെക്രട്ടറി കാര്‍മനുമുണ്ടാകും. സദാ മൊബൈലും ചെവിയില്‍വെച്ചാണ് കാര്‍മന്‍െറ നടത്തം. ഫ്യുയന്‍റസിനെ തേടിവരുന്ന വിളികള്‍ക്ക് മറുപടിപറയുകയാണവര്‍. അവരുടെ പാന്‍റ്സിന്‍െറ പിന്നാമ്പുറ പോക്കറ്റില്‍ ചെറിയൊരു നോട്ടുബുക്കുണ്ട്. അതില്‍ അപ്പോയ്ന്‍റ്മെന്‍റുകള്‍ കുറിച്ചിടലാണ് അവരുടെ മറ്റൊരു ജോലി. ഒരു വര്‍ഷത്തിനുശേഷം ഹില്‍ട്ടന്‍ ഹോട്ടലിന്‍െറ കോണിപ്പടികള്‍ ഈരണ്ടീരണ്ടായി അവര്‍ ചാടിയിറങ്ങുന്നതുകണ്ട് ഞങ്ങള്‍ പൊട്ടിച്ചിരിച്ചുപോയി. ഞങ്ങള്‍ എന്നാല്‍, അല്‍ബര്‍ട്ടോ സാന്‍ജസും എര്‍ണാന്‍റും ഞാനും എന്നര്‍ഥം. നേരത്തേ നിശ്ചയിച്ച പരിപാടിപ്രകാരം തൊട്ടടുത്തുള്ള ഹാളില്‍ വൈകുന്നേരം പ്രഭാഷണം നടത്താനത്തെിയതാണ് നാര്‍ഡീന്‍ ഗോര്‍ഡ്മര്‍. സ്വീകരണമുറിവിട്ട് ഞങ്ങള്‍ ഹാളിലേക്ക് നീങ്ങി. ഫ്യുയന്‍റസും മാര്‍കേസും ഗോര്‍ഡ്മറും സ്റ്റേജില്‍ കയറി തങ്ങളുടെ ഇരിപ്പിടം പിടിച്ചു. നിലം മൂടിനില്‍ക്കുന്ന കരീബിയന്‍ പൂക്കള്‍ക്ക് പിന്നിലായിരുന്നു അവരുടെ ഇരിപ്പിടങ്ങള്‍. ഒരു തെരഞ്ഞെടുപ്പു കാര്‍ണിവല്‍ കാമ്പയിനിലെന്നപോലെ ജനം ആകെ ഇളകിമറിഞ്ഞ് കരഘോഷം മുഴക്കിയപ്പോള്‍ മാര്‍കേസ് കൈകളുയര്‍ത്തി ചിരിച്ചുകൊണ്ട് പിന്നെയും കൈയടിക്കാന്‍ സദസ്സിനോട് ആവശ്യപ്പെടുന്നതുകണ്ടു. നീണ്ട കരഘോഷത്തിലൂടെ സദസ്സ് പ്രതികരിച്ചു. അപ്പോള്‍ മാര്‍കേസ് നാടകീയമാംവിധം കൈ ചലിപ്പിച്ച് അതിന് നന്ദിപ്രകാശിപ്പിച്ചുകൊണ്ട് എഴുന്നേറ്റുനിന്നു. മാര്‍കേസിന്‍െറ ഭാര്യ മെര്‍സിഡസിനും ഫ്യുയന്‍റസിന്‍െറ ഭാര്യ സില്‍വിയക്കും സരമാഗോവിന്‍െറ സ്പാനിഷ് ഭാര്യ കരീനക്കുമിടയിലാണ് ഞാന്‍ ഇരുന്നത്. സരമാഗോവും ഭാര്യയും അന്യോന്യം കൈകോര്‍ത്തുപിടിച്ച് മന്ദഹസിക്കുന്നുണ്ടായിരുന്നു. സ്റ്റേജില്‍ ഫ്യുയന്‍റസ് ഗോര്‍ഡ്മറുമായി സംഭാഷണത്തിലാണ്. അദ്ദേഹം അസ്വസ്ഥനായി കാണപ്പെട്ടു. ‘‘നിരന്തരമായ കൈയടിയും പ്രഭാഷണത്തിന്‍െറ വിളംബവും കാരണം കാര്‍ലോസ് അസ്വസ്ഥനാണെന്ന് തോന്നുന്നു’’, ഞാന്‍ മെര്‍സിഡസിനോട് പറഞ്ഞു.
‘‘കാര്‍ലോസ് മിക്കപ്പോഴും അങ്ങനെതന്നെയാണ്. വേഗം സിരാമര്‍ദത്തിന് വിധേയനാകും’’, പൊട്ടിച്ചിരിയോടടുത്ത വിസ്തരിച്ചൊരു മന്ദഹാസം തൂകിക്കൊണ്ട് മെര്‍സിഡസ് പറഞ്ഞു.
ഗോര്‍ഡ്മറിനെ പരിചയപ്പെടുത്താന്‍ ഫ്യുയന്‍റസ് എഴുന്നേറ്റപ്പോള്‍ ഹാളില്‍ വീണ്ടും കരഘോഷം മുഴങ്ങി. അദ്ദേഹം സ്റ്റേജിലേക്ക് നീങ്ങി. സ്പാനിഷില്‍ അദ്ദേഹം സംസാരിച്ചുതുടങ്ങി. ഏതാണ്ടൊരു കവിതയുടെ ഭാവമുണ്ടായിരുന്നു ആ സംസാരത്തിന്. ഓരോ ഖണ്ഡം തുടങ്ങുമ്പോഴും ‘‘ഇതാ നൊബേല്‍ പുരസ്കാരം നേടിയ വനിത നിങ്ങളുടെ മുന്നില്‍’’ എന്ന് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. പ്രഭാഷണം അവസാനിച്ചപ്പോള്‍ മൂന്നു തവണ തലകുനിച്ച് സദസ്സിനെ അദ്ദേഹം വണങ്ങി. പിന്നെ ഗോര്‍ഡ്മറിനെ സ്റ്റേജിലേക്ക് ആനയിക്കാനായി അവരുടെനേരെ തിരിഞ്ഞു. ഗോര്‍ഡ്മര്‍ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു. ഏതാനും നിമിഷങ്ങള്‍ അവിടെതന്നെ നിന്നു. ഫ്യുയന്‍റസ് അവരുടെ അടുത്തേക്ക് ചെന്നു. അല്‍പസമയം ഇരുവരും എന്തോ സ്വകാര്യം പറയുന്നപോലെ തോന്നി. ധൃതിയിലിറങ്ങിയതുകാരണം എഴുതി തയാറാക്കിയ പ്രഭാഷണം ഹോട്ടലില്‍നിന്നെടുക്കാന്‍ ഗോര്‍ഡ്മര്‍ മറന്നുപോയതായി ഫ്യുയന്‍റസ് സദസ്സിനോട് വിളിച്ചുപറഞ്ഞു. തികച്ചും അപ്രതീക്ഷിതമായ ആഘാതമായി അത്. ഫ്യുയന്‍റസിനും മാര്‍കേസിനുമിടയിലെ സ്വന്തം ഇരിപ്പിടത്തിലേക്ക് ഗോര്‍ഡ്മര്‍ മടങ്ങി. അപ്പോഴും സദസ്സ് കൈയടിച്ചുകൊണ്ടിരുന്നു. റൗള്‍ പാഡിയയും മറ്റുപലരും സ്റ്റേജിലേക്ക് കയറി. എല്ലാവരും സംസാരത്തില്‍ വ്യാപൃതരായി. വലിയ ചിരിയിലാണ് അത് കലാശിച്ചത്. മാര്‍കേസിന് ചിരിയടക്കിനിര്‍ത്താന്‍ കഴിഞ്ഞില്ല. അദ്ദേഹം ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു; അതിനിടെ കൈയടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ആ സായാഹ്നത്തില്‍ ചിരിയുടെ ഓര്‍ക്കസ്ട്ര മാസ്റ്ററുടെ ഭാവത്തിലായിരുന്നു ഗാബോ.
ആര്‍ക്കും സങ്കല്‍പിക്കാന്‍ കഴിയാത്തവിധമാണ് പ്രഭാഷണ പരിപാടി സമാപിച്ചത്. വിദൂരനഗരങ്ങളില്‍നിന്ന്, കടലിനക്കരെനിന്നുപോലും പ്രഭാഷണം കേള്‍ക്കാന്‍ ആളുകള്‍ എത്തിയിരുന്നു. ഫ്യുയന്‍റസ് നിരാശനായിരുന്നു ആ സായാഹ്നത്തില്‍. സ്റ്റേജില്‍നിന്നിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്‍െറ മുഖത്ത് വിഷാദം വിറങ്ങലിച്ചുനിന്നു. സായാഹ്നത്തിന്‍െറ തുടക്കത്തില്‍ക്കണ്ട പ്രസരിപ്പൊക്കെ നഷ്ടപ്പെട്ടിരുന്നു.
നഗരമധ്യത്തിലെ ജൂലിയോ കോര്‍ട്ടസര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍െറ ആസ്ഥാനത്ത് ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ പുറപ്പെട്ടു. ഗാര്‍ഡനില്‍ മാര്‍കേസിനൊപ്പം ഞാന്‍ ‘തെക്വിലാ’ കഴിക്കവെ ഫ്യുയന്‍റസും ഭാര്യയും ഗോര്‍ഡ്മറും ഞങ്ങളുടെ അരികത്തൂടെ വേഗം നടന്നുപോയി. ആ സായാഹ്നത്തിലെ തീന്‍പുരയായിമാറിയ വലിയ ഹാളിനകത്തേക്ക് അവര്‍ കടന്നു. ഒരു മണിക്കൂറില്‍ കുറഞ്ഞ സമയത്തിനകം ഫ്യുയന്‍റസ് പ്രസരിപ്പ് വീണ്ടെടുത്തുകഴിഞ്ഞിരുന്നു. കായികകളിക്കാരന്‍െറ സ്വത$സിദ്ധമായ ചുറുചുറുക്കും സന്തോഷവും അദ്ദേഹത്തിന്‍െറ ഭാവത്തില്‍ തിരിച്ചത്തെി. പിന്നീട് മാസങ്ങള്‍ക്കുശേഷം മെക്സിക്കന്‍ ഹോട്ടലുകളിലൊന്നില്‍ സന്ധിച്ചപ്പോള്‍ ജീവിതത്തിന്‍െറ വിഷാദം മറികടക്കാന്‍ താന്‍ വ്യവസ്ഥാപിതമായി യാത്രചെയ്യുകയും സ്പോര്‍ട്സില്‍ വ്യാപൃതനാവുകയും ചെയ്യാറുണ്ടെന്ന് ഫ്യുയന്‍റസ് എന്നോട് പറയുകയുണ്ടായി. തനി അമേരിക്കന്‍ സിനിമാതാരംപോലെയായിരുന്നു തീന്‍മേശയില്‍ ഫ്യുയന്‍റസ്. ആദ്യമായി മെക്സിക്കോ സന്ദര്‍ശിക്കുന്ന നാര്‍ഡീന്‍ ഗോര്‍ഡ്മറിനെ സ്വാഗതംചെയ്തുകൊണ്ട് അദ്ദേഹം ഇംഗ്ളീഷില്‍ പ്രഭാഷണം നിര്‍വഹിച്ചു. പാനോപചാര പ്രസംഗത്തില്‍ സന്നിഹിതരായ ഒരാളുടെ പേരുപോലും അദ്ദേഹം വിട്ടുപോയില്ല. ഗോള്‍ഡാ ലാക്കറയില്‍ സമ്മേളിച്ച എല്ലാവര്‍ക്കും അദ്ദേഹം സ്വാഗതമാശംസിച്ചു. ഫ്യുയന്‍റസിന്‍െറ ഇംഗ്ളീഷ് പ്രസംഗത്തില്‍ ഒരക്ഷരവും ഗാബോവിന് മനസ്സിലായില്ല. എന്താണ് പറഞ്ഞതെന്ന് പരിഭാഷപ്പെടുത്തികൊടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ‘‘നാര്‍ഡീന്‍ ഗോഡ്മറിനെ സ്വാഗതം ചെയ്യുകയാണ്’’, ഞാന്‍ പറഞ്ഞു. ആ സായാഹ്നത്തില്‍ സംഭാഷണ വിഷയം പലവഴിക്ക് ഒഴുകി. പിന്നീട് തീന്‍മേശക്കിരുവശവും അഭിമുഖമായി ഇരിക്കുന്നവര്‍ക്കിടയില്‍ ഒതുങ്ങി. ആഹാരവിഭവങ്ങളിലായിരുന്നില്ല ആരുടെയും ശ്രദ്ധ. ഒപ്പമിരിക്കുന്നവരുമായുള്ള സംഭാഷണത്തിലായിരുന്നു ശ്രദ്ധയത്രയും. അല്ളെങ്കില്‍, തൊട്ടപ്പുറത്തുനിന്ന് വരുന്ന സംഭാഷണശകലങ്ങളില്‍. മാര്‍കേസിനും മെര്‍സിഡസിനും മധ്യത്തിലാണ് ഞാന്‍ ഇരുന്നത്. മെര്‍സിഡസിന്‍െറ കുടുംബവേരുള്ള അലക്സാണ്ടറിയയെക്കുറിച്ച് മാര്‍കേസും മെര്‍സിഡസും മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഒരിക്കല്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയ ബൈറൂത്തിനെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. ഇടക്കിടെ ഞാന്‍ കാര്‍ലോസ് ഫ്യുയന്‍റസിന്‍െറനേരെ നോക്കും. നാഡീന്‍ ഗോര്‍ഡ്മറുമായുള്ള അദ്ദേഹത്തിന്‍െറ സംസാരം ശ്രദ്ധിക്കാന്‍ ശ്രമിക്കും. ഗോര്‍ഡ്മറാകട്ടെ ഒന്നും മിണ്ടാതെ അദ്ദേഹം പറയുന്നതും കേട്ടിരിക്കയാണ്. ഇടക്കിടെ സമയം എത്രയായി എന്ന് മാത്രമാണ് അവര്‍ ചോദിച്ചുകൊണ്ടിരുന്നത്. ഉറക്കസമയം വൈകിപ്പോകുമോ എന്ന് അവര്‍ ഭയക്കുന്നതുപോലെ തോന്നി.
അത്താഴവിരുന്ന് അവസാനിക്കുന്നതിന് അല്‍പം മുമ്പ് ഫ്യുയന്‍റസ് നിശ്ശബ്ദനായി. പിന്നെ എഴുന്നേറ്റ് തീന്‍മേശ ചുറ്റാന്‍ തുടങ്ങി. ഭാര്യ സില്‍വിയയെ തേടുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ മുന്നിലെ തീന്‍മേശയുടെ അങ്ങേയറ്റത്തായിരുന്നു അവര്‍. അവരുടെ നേരെ വാത്സല്യപൂര്‍വം കുനിഞ്ഞ് ഏതാനും മിനിറ്റുകള്‍ സംസാരിച്ചശേഷം ഫ്യുയന്‍റസ് തന്‍െറ ഇരിപ്പിടത്തിലേക്കുതന്നെ മടങ്ങിയത്തെി. ഞങ്ങളുടെനേരെ പലതവണ പാനപാത്രം ഉയര്‍ത്തിപ്പിടിച്ച് പരസ്പരം ആശംസകള്‍ നേര്‍ന്നു. ആ നിമിഷം അദ്ദേഹം വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന ദു$ഖവും ഏകാന്തതയും എനിക്ക് അനുഭവവേദ്യമായി. എഴുത്തിലൂടെയും യാത്രയിലൂടെയും രാവേറെചെന്ന സാഹിത്യവെടിവട്ടങ്ങളിലൂടെയുമായിരുന്നു അതില്‍നിന്ന് അദ്ദേഹം ഒളിച്ചോടിയിരുന്നത്. ഫ്യുയന്‍റസിന്‍െറ ഹൃദയത്തിലെ അഗാധമായ മുറിവുകളെകുറിച്ച് 2004ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍െറ ജീവചരിത്രമെഴുതിയ എര്‍ണാന്‍റ് എന്നോടു പറഞ്ഞിരുന്നു. മകന്‍ കാര്‍ലോസും മകള്‍ നടാഷയും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തെ വിട്ടുപിരിഞ്ഞത്. താരുണ്യത്തിന്‍െറ പച്ചത്തെഴുപ്പിലായിരുന്നു അവരുടെ ദാരുണമായ മരണം. മക്കളാല്‍ മറവാടപ്പെടുന്നതിനുപകരം മക്കളെ മറവാടേണ്ടിവരുന്നവരെ ഗ്രസിക്കുന്ന ശാപത്തെക്കുറിച്ചുള്ള ഗ്രീക്ക് പുരാണത്തില്‍ ഫ്യുയന്‍റസ് വിശ്വസിച്ചിരുന്നു. ആ സായാഹ്നത്തിലെ ബഹളങ്ങള്‍ക്കിടയില്‍ തീര്‍ച്ചയായും ഫ്യുയന്‍റസ് അതിനെക്കുറിച്ചുതന്നെയാകും ചിന്തിച്ചിട്ടുണ്ടാവുക. പൊട്ടിച്ചിരികള്‍ തീന്‍മേശയുടെ തിരുവാഴിത്താനായി മാറിയപ്പോള്‍ ഫ്യുയന്‍റസ് എല്ലാവരോടും അനുമതി ചോദിച്ച് ധൃതിയില്‍ പുറത്തിറങ്ങി. അദ്ദേഹത്തോടൊപ്പമത്തൊന്‍ പിന്നാലെ ഭാര്യ സില്‍വിയയും ഓടുന്നുണ്ടായിരുന്നു.
അതിനുശേഷവും പലതവണ കാര്‍ലോസ് ഫ്യുയന്‍റസിനെ ഞാന്‍ സന്ധിച്ചിരുന്നു. ഗോള്‍ഡാ ലാക്കറില്‍ മെക്സിക്കോവില്‍, പാരിസില്‍... എപ്പോഴും ഞങ്ങളോടൊപ്പം മാര്‍കേസുമുണ്ടായിരുന്നു. മന്ദഹാസപൂര്‍വം അതിസാധാരണ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട്. സദാ പ്രസന്നനും സുന്ദരനും ചടുലനുമായിരുന്നു ഫ്യുയന്‍റസ്. പക്ഷേ, അപ്പോഴും ആസ്റ്റിക്ക് പ്രതിമകളുടെ മൂക്കുകള്‍ക്ക് സമാനമായ മൂക്കിന്‍ താഴെ തിക്തമായൊരു പുഞ്ചിരി അദ്ദേഹം ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും, കുര്‍ട്ടീസ് ഭടന്മാരുടെ കാല്‍ച്ചുവട്ടില്‍ മെക്സിക്കോവിന്‍െറ പതനം സംഭവിച്ചത് ഇന്നലെ മാത്രമാണെന്നപോലെ.
വിവര്‍ത്തനം: വി.എ. കബീര്‍
ഇറാഖി ബുദ്ധിജീവിയും നോവലിസ്റ്റുമാണ് ലേഖകന്‍. 40ാം വയസ്സില്‍ ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ബഅസ് പാര്‍ട്ടിയുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി പാട്രിയറ്റ് പ്രോഗ്രസിവ് ഫ്രണ്ട് രൂപവത്കരിച്ചതിനെതുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. സദ്ദാമിന്‍െറ കാലത്ത് നിരവധിതവണ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഫ്രാന്‍സില്‍ അഭയംതേടി. ഇപ്പോള്‍ ഫ്രാന്‍സില്‍ ജീവിക്കുന്നു. അറബിയിലും ഫ്രഞ്ചിലും എഴുതുന്ന ജബ്ബാര്‍ യാസീന്‍െറ കൃതികള്‍ എട്ടോളം യൂറോപ്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.