പത്രങ്ങളുടെ ഭാവിയില്‍ ദോഷം കാണുന്നില്ല | Madhyamam Weekly
Weekly


പത്രങ്ങളുടെ ഭാവിയില്‍ ദോഷം കാണുന്നില്ല

അഭിമുഖം (തുടര്‍ച്ച) തോമസ് ജേക്കബ് / കെ.പി. റെജി

കല- സാംസ്കാരിക സാഹിത്യ രംഗത്തുള്ളവര്‍ വാര്‍ത്തകളെ കൈകാര്യം ചെയ്തിരുന്നതെങ്ങനെയാണ്?
* കല-സാംസ്കാരിക രംഗത്തുള്ളവരുമായെന്നല്ല, രാഷ്ട്രീയക്കാരുമായിപ്പോലും ഒരു ബന്ധവുമില്ലാത്തയാളായിരുന്നു ഞാന്‍. പൊതുപരിപാടികള്‍ക്കൊന്നും ഞാന്‍ പോവാറില്ലായിരുന്നു. അവസാനം ചീഫ് എഡിറ്റര്‍ക്ക് പല പരിപാടികള്‍ക്കും പോകാന്‍ കഴിയാതെവന്നപ്പോള്‍ അദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരമാണ് ചില പരിപാടികള്‍ക്ക് പോയിത്തുടങ്ങിയത്.
അനോനിമിറ്റി(anonymity)യായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശക്തി. ആരും അറിയില്ല. ട്രെയിനില്‍ പോവുകയാണെങ്കില്‍ എതിര്‍സീറ്റില്‍ മൂന്നു പേരിരുന്ന് നമ്മളെ തെറിപറയുന്നത് നമുക്ക് കേള്‍ക്കാമായിരുന്നു. പത്രത്തെപ്പറ്റിയും ഡിസ്പ്ളേയെപ്പറ്റിയും തലക്കെട്ടിനെപ്പറ്റിയുമൊക്കെയുള്ള തുറന്ന വിമര്‍ശം അറിയാനുള്ള അവസരമായിരുന്നു അത്. ഇപ്പോള്‍ പരിപാടികള്‍ക്കുപോയി പത്രങ്ങളില്‍ പടം വന്നുതുടങ്ങിയതോടെ ആളുകള്‍ തിരിച്ചറിയുമെന്നായി. സാധാരണ ഞാന്‍ പരിപാടികള്‍ക്കുപോയാല്‍ പടംവരാത്ത രീതിയില്‍ അരികിലേ നില്‍ക്കൂ. കഴിയുന്നതും എന്നെ ഒഴിവാക്കിവേണം പടമെടുക്കാനെന്ന് മനോരമ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നിര്‍ദേശംതന്നെയുണ്ട്. പക്ഷേ, പുസ്തകപ്രകാശനം, മാധ്യമ സംവാദങ്ങള്‍, ചാനല്‍ ചര്‍ച്ച, മനോരമയില്‍ എത്തുന്ന പ്രധാന അതിഥികളെ സ്വീകരിക്കല്‍ തുടങ്ങിയവയില്‍ ഒഴിവാക്കല്‍ സാധ്യമാവാതെ വരും. പത്തു പതിനഞ്ചുവര്‍ഷം മുമ്പൊരു ദിവസം ഞാന്‍ ട്രെയിനില്‍ തിരുവനന്തപുരത്തേക്കുപോവുകയാണ്. ഒരു ശല്യവുമില്ലാതെ വായിക്കാമെന്നതാണ്  ട്രെയിന്‍ യാത്രയുടെ പ്രധാന സൗകര്യം. സ്വസ്ഥമായി വായിച്ചു പോവുമ്പോള്‍ കൊല്ലത്തുനിന്ന് ചില ആളുകള്‍ കയറി. ഒരാള്‍ അടുത്തുവന്നു ചോദിച്ചു. മനോരമയിലെ തോമസ് ജേക്കബ് അല്ളേ. അതാരാണെന്ന് എനിക്ക് മനസ്സിലായതേയില്ല. കൊല്ലം ജില്ലയിലെ വെട്ടിക്കവല സ്കൂളില്‍ ഞാന്‍ രണ്ടു മൂന്നു വര്‍ഷം പഠിച്ചിട്ടുണ്ട്. അവിടെ ഒപ്പം പഠിച്ചിരുന്ന ആരെങ്കിലുമാണോ എന്ന് ഞാന്‍ ആലോചിച്ചു. അതൊന്നുമല്ല. എങ്ങനെ മനസ്സിലായി എന്നു ചോദിച്ചപ്പോള്‍ ചാനല്‍ചര്‍ച്ചയില്‍ കണ്ടിട്ടുണ്ട് എന്നായിരുന്നു മറുപടി. ഭയങ്കര ശബ്ദത്തോടെ എന്തോ വീഴുന്നതുപോലെ എനിക്കു തോന്നി. എന്‍െറ അനോനിമിറ്റി അതോടെ വീണു തകരുകയായിരുന്നു. ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് സത്യത്തില്‍ ഒരു ദൗര്‍ബല്യമായാണ് എനിക്ക് തോന്നിയത്. ഡസ്കില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് അനോനിമിറ്റി വലിയൊരു പ്ളസ്പോയന്‍റാണ്.
സാഹിത്യം ദിനപത്രങ്ങളുടെ വകുപ്പില്‍പ്പെടാത്ത കാലത്തായിരുന്നു മനോരമയുടെ എഡിറ്റോറിയല്‍ പേജ് കൊച്ചിയില്‍ ചെയ്തുതുടങ്ങിയത്.  എഡിറ്റോറിയല്‍ പേജ് കുറെക്കൂടി വായനാക്ഷമമാക്കാന്‍ എന്തുചെയ്യണമെന്ന ആലോചനയിലാണ്  മലയാളത്തില്‍ ആദ്യമായി മിഡില്‍പീസ് മനോരമയില്‍ വരുന്നത്. അറിയപ്പെടുന്ന എഴുത്തുകാരെക്കൊണ്ട് ഈ കോളം എഴുതിക്കാനായിരുന്നു തീരുമാനം. എല്ലാ ദിവസവും സാഹിത്യകാരന്മാര്‍ നിറഞ്ഞുനില്‍ക്കുന്ന പേജായിരുന്നു അത്. പിന്നെയാണ് സാഹിത്യനായകരുടെ കോളം തുടങ്ങാന്‍ തീരുമാനിച്ചത്. ജില്ലാ ലേഖകന്മാര്‍ക്കായിരുന്നു സാഹിത്യകാരന്മാരുമായി ബന്ധപ്പെടുന്നതിന്‍െറ ചുമതല. ലേഖകന്മാര്‍ക്ക് കൂടുതല്‍ മേഖലകള്‍ അതുവഴി കൈവരുകയായിരുന്നു. വാര്‍ത്തകളുടെ കാര്യത്തിന് എല്ലാവരും ലേഖകനുമായി ബന്ധപ്പെടുകയും അത് ലേഖകന്‍ നമ്മോടു പറയുകയുമായിരുന്നു. ഇന്നിപ്പോള്‍ അനോനിമിറ്റി പോയതുകൊണ്ട് രാഷ്ട്രീയക്കാരും കലക്ടറുമൊക്കെ നമ്മെ നേരിട്ടുവിളിക്കുകയാണ്. നേരിട്ടുവിളിക്കുമ്പോള്‍ പറ്റുമെന്നോ ഇല്ളെന്നോ പറയാന്‍ നിര്‍ബന്ധിതരാവും. ഇപ്പോള്‍ പത്രാധിപന്മാര്‍ വാര്‍ത്തയിലും ചിത്രങ്ങളിലും നിറഞ്ഞുനില്‍ക്കുന്നതാണ് പലേടത്തും നാം കാണുന്നത്.
പണ്ട് ബൈലൈന്‍ എന്ന സംഗതിതന്നെ ഉണ്ടായിരുന്നില്ലല്ളോ. മലയാളത്തില്‍ ആദ്യത്തെ ബൈലൈന്‍ ആരുടേതാണെന്ന അന്വേഷണത്തിലാണ് ചെമ്പകനാടന്‍ എന്നയാളുടെ ബൈലൈനാണ് മനോരമയില്‍ ആദ്യമായി കണ്ടത്. കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ കാലത്ത് 1891ലാണത്. ചെമ്പകനാടന്‍ അദ്ദേഹത്തിന്‍െറ സ്വന്തം പേരല്ല. ചെമ്പകനാടന്‍ എന്ന പേരില്‍ വാര്‍ത്ത അയച്ചിരുന്നെന്നു മാത്രം. ആലപ്പുഴ ലേഖകനായിരുന്നു അദ്ദേഹം. അന്നത്തെ ചില വാര്‍ത്തകള്‍ വായിച്ചാല്‍ ചിരിവരും. ഉദാഹരണത്തിന്, ഹരിപ്പാട് ഉത്സവത്തിന് എനിക്ക് പങ്കെടുക്കേണ്ടതിനാല്‍ ഒരാഴ്ച ചെമ്പകനാടന്‍ വാര്‍ത്തകള്‍ വരില്ല എന്ന് അദ്ദേഹം എഴുതിയതും പത്രത്തില്‍ വന്നിട്ടുണ്ട്.
മിഡില്‍പീസുകളും കോളങ്ങളുമായതോടെ നമുക്കും ഈ സാഹിത്യകാരന്മാരുമായി അടുക്കേണ്ടിവന്നു. മിക്കവാറും എഴുത്തുകാരുമായി അങ്ങനെ നല്ല ബന്ധമുണ്ടായി. ആ വ്യക്തിബന്ധംകൊണ്ട് പല കാര്യങ്ങളും സാധിക്കാനുമായിട്ടുണ്ട്. ഒരിക്കല്‍ ടി. പത്മനാഭന്‍ അമേരിക്കയില്‍ മൂന്നാഴ്ചത്തെ സന്ദര്‍ശനത്തിനുപോയതറിഞ്ഞ് ഞാന്‍ അദ്ദേഹത്തെ വിളിച്ചു, തിരിച്ചുവരുമ്പോള്‍ അമേരിക്കന്‍ യാത്രയെപ്പറ്റി  എഴുതാമോ എന്നു ചോദിച്ച്. എന്‍െറ തോമസേ, യാത്രാവിവരണം എഴുതുന്നവരെയൊക്കെ കളിയാക്കിയിട്ടുള്ളയാളാണ് ഞാന്‍. അതുകൊണ്ട് പറ്റില്ല. എനിക്കുവേണ്ടി ഇതു ചെയ്തേ പറ്റൂ എന്നു ഞാനും. തിരിച്ചുവന്ന പത്മനാഭന്‍ എനിക്കുവേണ്ടി യാത്രാവിവരണം എഴുതി.
പ്രമുഖ എഴുത്തുകാര്‍ ഇതുവരെ ചെയ്യാത്ത ഒരു കാര്യം അവരെക്കൊണ്ടു ചെയ്യിക്കാന്‍ ഒരിക്കല്‍ ഞങ്ങള്‍ തീരുമാനിച്ചു. ഉദാഹരണത്തിന് കെ. സുരേന്ദ്രന്‍. ധാരാളം നോവലുകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ചെറുകഥ എഴുതിയിട്ടില്ല. സുരേന്ദ്രനെക്കൊണ്ട് ഒരു ചെറുകഥ എഴുതിക്കാം. സകല ചെറുകഥകളെയും കീറിമുറിച്ച്, പീറക്കഥ, ഇതു പല്ലുതേക്കാന്‍ ഉമിക്കരി എടുക്കാന്‍ കൊള്ളാം എന്നൊക്കെ എഴുതുന്ന എം. കൃഷ്ണന്‍ നായരെക്കൊണ്ടും ചെറുകഥ എഴുതിച്ചുനോക്കാം. നിര്‍ബന്ധത്തിനൊടുവില്‍ സമ്മതിച്ച സുരേന്ദ്രന്‍ അവസാനനിമിഷമാണ് ഒഴിഞ്ഞുമാറിയത്. തീര്‍ച്ചയായും കഥ തരാം എന്ന് കൃഷ്ണന്‍ നായരും സമ്മതിച്ചു. പലതവണ വിളിച്ചോര്‍മിപ്പിച്ചതിനൊടുവില്‍ അവസാന ദിവസം കഥ കൊറിയറില്‍ അയച്ചുതന്നു. വായിച്ചുനോക്കിയപ്പോള്‍ അതൊരു ലേഖനമാണ്. മുകളില്‍ ചെറുകഥ എന്നെഴുതിയിട്ടുണ്ടെന്നു മാത്രം. ഞായറാഴ്ചപ്പതിപ്പില്‍ അത് അടിച്ചുവന്നതോടെ ഫോണിലും കത്തിലുമായി പ്രതികരണങ്ങളുടെ പ്രവാഹമായിരുന്നു. അവരെല്ലാം കൃഷ്ണന്‍ നായരുടെ ചവിട്ടേറ്റു പരിക്കേറ്റു കിടന്നിട്ടുള്ളവരാണ്. തോമസ് ജേക്കബ് മലയാള സാഹിത്യത്തിനു ചെയ്ത ഏറ്റവും വലിയ സംഭാവന ഇതാണ് എന്ന് അവര്‍ തമാശ പറഞ്ഞു.

കാര്‍ട്ടൂണിസ്റ്റാവാനാണ് മനോരമയില്‍ വന്നത് എന്നു പറഞ്ഞല്ളോ? കാര്‍ട്ടൂണിസ്റ്റുകളുടെ പൂര്‍ണ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നുണ്ടോ?
* അത് ഓരോ സ്ഥാപനത്തെയും ആശ്രയിച്ചിരിക്കും. ഒരു പത്രം ചെറുതായിരിക്കുമ്പോള്‍, അല്ളെങ്കില്‍ ആദ്യകാലത്ത് ആരെയും വിമര്‍ശിക്കാം. ഒന്നിനെയും പേടിക്കാനില്ല. കുറെനാള്‍ കഴിയുമ്പോള്‍ പത്രത്തിന് ഒരു സ്വന്തം നിയോജകമണ്ഡലം ഉണ്ടായിത്തീരും. അതു നമ്മള്‍ ആഗ്രഹിച്ചിട്ടായിരിക്കില്ല. ക്രമേണ പത്രം വായിക്കുന്നവരുടെ പ്രത്യേക സമൂഹം രൂപപ്പെടും. ആ സമൂഹത്തെ വല്ലാതെ പിടിച്ചുലക്കുന്ന ചില കാര്യങ്ങള്‍ കൊടുക്കാന്‍ ചില പ്രയാസങ്ങള്‍ വരാം. വാര്‍ത്തയല്ല, വാര്‍ത്തക്കപ്പുറമുള്ള കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. അത് കാര്‍ട്ടൂണാവാം. കോളമാവാം.
കോളമെഴുതാന്‍ ഞങ്ങള്‍ ആളുകളെ സമീപിക്കുമ്പോള്‍ ഒന്നു രണ്ടു കാര്യങ്ങളേ അവരോടു പറയാറുള്ളൂ.  ഒരു സമുദായത്തെയും കുറ്റം പറയ രുത്. സ്വന്തം സമുദായം ഉള്‍പ്പെടെ എല്ലാവരെയും കളിയാക്കിയിട്ടും ആളുകള്‍ക്ക് കേസില്ലാത്ത ഒരാള്‍ എം.പി. നാരായണപിള്ളയാണ്. അദ്ദേഹത്തിന്‍െറ എഴുത്തിന്‍െറ ശൈലി അങ്ങനെയായിരുന്നതാണ് കാരണം. സക്കറിയക്കും അതു സാധിച്ചിട്ടുണ്ട്.  ഒരാളെയും വേദനിപ്പിക്കരുത് എന്നതാണ്  രണ്ടാമത്തെ നിബന്ധന. ഒരാളെക്കുറിച്ച് തമാശ പറയുകയാണെങ്കില്‍ അദ്ദേഹത്തിനുകൂടി ആസ്വദിക്കാന്‍ കഴിയുന്നതായിരിക്കണം.
എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ജി. ഗോപാലകൃഷ്ണപിള്ളയെ പി.എസ്.സി ചെയര്‍മാനാക്കാന്‍ തീരുമാനിച്ചു. അഴീക്കോടിന്‍െറ കോളം മനോരമയിലുള്ള കാലമാണ്്. ഗോപാലകൃഷ്ണപിള്ളയുടെ കാര്യശേഷിയെക്കുറിച്ചോ നീതിനിഷ്ഠയെക്കുറിച്ചോ ആര്‍ക്കും ആക്ഷേപമില്ല. എന്നാല്‍, അദ്ദേഹം ഒരു കാലത്ത് ഇടമലയാര്‍ കേസില്‍ പ്രതിയായിരുന്നതിനാല്‍ പദവി സ്വീകരിക്കരുതെന്ന് പറയുന്നതായിരുന്നു അഴീക്കോടിന്‍െറ കോളം. പക്ഷേ, ഒരാളെ ടാര്‍ഗറ്റ് ചെയ്യുന്ന ലേഖനം കൊടുക്കാന്‍ ഞങ്ങള്‍ക്ക് പ്രശ്നമുണ്ടായിരുന്നു. ഉദ്യോഗസ്ഥനെതിരെ വി.എസ്. അച്യുതാനന്ദന്‍െറ പ്രസ്താവനയാണെങ്കില്‍ കൊടുക്കാന്‍ കുഴപ്പമില്ല. കോളത്തിന്‍െറ കാര്യം അങ്ങനെയല്ല. ലേഖകനൊപ്പം പത്രത്തിനും അതില്‍ പകുതി ഉത്തരവാദിത്തമുണ്ട്. ഞാന്‍ അഴീക്കോടിനെ വിളിച്ചു. മാഷേ, ഇതിന് ഇങ്ങനെയൊരു പ്രയാസമുണ്ട്. ഞാന്‍ ഓഫിസിലില്ല. ചില പ്രശ്നങ്ങളുണ്ടെന്ന് ഓഫിസില്‍നിന്ന് പറഞ്ഞു. ഞാന്‍ തിരിച്ചുവന്നു നോക്കിയിട്ട് ചെയ്യാം. ഇന്നത്തേക്ക് മാഷ് വേറൊരു കോളം തരൂ. വേണ്ട, ഇനി ഞാന്‍ മനോരമയില്‍ എഴുതുന്നില്ല എന്നായി മാഷ്. അതു പറയരുത് മാഷ്, എങ്ങനെയെങ്കിലും എഴുതണം എന്നു ഞാന്‍. സമയം ഇപ്പോള്‍ അഞ്ചരയായി. ഇനി എഴുതി എത്തിക്കാന്‍ കഴിയില്ല; അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്. ഞങ്ങളുടെ തൃശൂര്‍ ലേഖകനെ അയക്കാം. പറഞ്ഞുകൊടുത്താല്‍ മതി. ഞാന്‍ ഡിക്ടേറ്റ് ചെയ്ത് എഴുതിക്കാറില്ല, അതൊക്കെ മുണ്ടശ്ശേരിയുടെ ഏര്‍പ്പാടാണ്. മാഷ് വഴങ്ങുന്ന മട്ടില്ല. ഒടുവില്‍, ലേഖകന്‍ മാഷിന്‍െറ വീട്ടിലത്തെി ഒരുവിധത്തില്‍ ലേഖനം സംഘടിപ്പിച്ചു. വെള്ളിയാഴ്ചയാണ് മാഷിന്‍െറ കോളം. അടുത്ത ചൊവ്വാഴ്ചയായപ്പോള്‍ ഒരു കാര്‍ഡില്‍ അദ്ദേഹത്തിന്‍െറ എഴുത്ത് വന്നു. തോമസ് ഓഫിസിലത്തെി പഴയ ലേഖനം വായിച്ചിട്ടുണ്ടാവുമല്ളോ. അതു കൊടുക്കണം. ഇല്ളെങ്കില്‍ മേലില്‍ മനോരമക്ക് എഴുതില്ല. കൊടുക്കുന്നതിന് ചില പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞ് പിറ്റേന്ന് ഞാന്‍ വീണ്ടും വിളിച്ചു.  അവസാനം ഞാന്‍ ചോദിച്ചു. മാഷിന് ഈ ആളെ അറിയുമോ? അറിയില്ളെന്നു മറുപടി. ശൂരനാട് കുഞ്ഞന്‍പിള്ളയുടെ ജാമാതാവാണ് എന്നു ഞാന്‍ പറഞ്ഞു. വളരെ നീതിനിഷ്ഠനും കൈക്കൂലി വാങ്ങാത്ത ആളുമാണ്. ശൂരനാടിന്‍െറ മരുമകനാണോ, എന്നാ തോമസ് ജേക്കബ് ബേജാറ് കളഞ്ഞേര്്, ഞങ്ങള്‍ തമ്മിലായിക്കോളാം. ലേഖനം കൊടുത്തുകൊള്ളൂ.
ദല്‍ഹിയിലുള്ള ഗവര്‍ണര്‍ പി.എസ്.സി ചെയര്‍മാന്‍െറ നിയമന ഉത്തരവില്‍ ഒപ്പിട്ടു എന്ന് വ്യാഴാഴ്ച ഇന്ത്യന്‍ എക്സ്പ്രസില്‍ വാര്‍ത്തവന്നു. ദല്‍ഹിയില്‍ മനോരമ ലേഖകനെ വിളിച്ചപ്പോള്‍ ഫയല്‍ ദല്‍ഹിയില്‍ എത്തിയെന്നേയുള്ളൂ, ഒപ്പിട്ടില്ളെന്നു മറുപടി കിട്ടി. ലേഖനം ഒരാഴ്ച മാറ്റിവെക്കാന്‍ ഇതൊരു വഴിയായി ഞാന്‍ കണ്ടു. വീണ്ടും അഴീക്കോടിനെ വിളിച്ചു. എക്സ്പ്രസ് കണ്ടില്ളേ, ഫയല്‍ ഒപ്പിട്ടു കഴിഞ്ഞു. മാഷ് വേറൊരു ലേഖനം എഴുതൂ. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ മാഷിന്‍െറ കാര്‍ഡ് വീണ്ടും. ഒപ്പിട്ടില്ളെന്നാണല്ളോ മലയാള പത്രങ്ങള്‍ എല്ലാം പറയുന്നത്. അതുകൊണ്ട് അടുത്താഴ്ച കൊടുക്കണം. എന്‍െറ പരമഭാഗ്യത്തിന് അടുത്തയാഴ്ച ലേഖനം കൊടുക്കേണ്ടതിന്‍െറ തലേദിവസം ഗവര്‍ണര്‍ ഒപ്പിട്ടു.
 ആന്‍റി എസ്റ്റാബ്ളിഷ്മെന്‍റ് പത്രമാണെന്നു തീരുമാനിച്ചായിരിക്കും നമ്മള്‍ പത്രം തുടങ്ങുക. കുറെ കഴിയുമ്പോള്‍ വായിക്കുന്നവരുടെ സമൂഹം വലുതായി വരും. അവര്‍ മുഴുവനും ആന്‍റി എസ്റ്റാബ്ളിഷ്മെന്‍റ് ആവില്ല. നല്ളൊരു പങ്കും എസ്റ്റാബ്ളിഷ്മെന്‍റിന്‍െറ ഭാഗമായെന്നു വരും. ഏതു പത്രത്തിനും സംഭവിക്കുന്നത് ഇതാണ്. തുടക്കത്തില്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തായാലും വായനക്കാരുടെ താല്‍പര്യങ്ങള്‍ കുറെയൊക്കെ പരിഗണിക്കാന്‍ നിര്‍ബന്ധിതരാവും.

ഓണ്‍ലൈന്‍- സോഷ്യല്‍ മീഡിയകളില്‍നിന്നും ചാനലുകളില്‍നിന്നും പത്രങ്ങള്‍ കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണല്ളോ? മലയാളത്തില്‍ പത്രങ്ങളുടെ ഭാവി എന്തായിരിക്കും?
* സോഷ്യല്‍ മീഡിയയില്‍ വരുന്ന കാര്യങ്ങള്‍ക്ക് എത്രമാത്രം വിശ്വാസ്യത ഉണ്ട് എന്ന സംശയമുള്ളതിനാലാണ് പത്രങ്ങളുടെ ഭാവിയില്‍ ഞാന്‍ വലിയ ദോഷം കാണാത്തത്. ഒരാള്‍ക്കെതിരായി ഒരു സംഗതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ വലിയ പ്രയാസമില്ല. ഒരു ഉദാഹരണം പറഞ്ഞാല്‍, സോഷ്യല്‍ മീഡിയയിലൂടെ വന്ന് മലയാളത്തില്‍ ചില പത്രങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതും മനോരമ  കൊടുത്തില്ല എന്ന് ആക്ഷേപിക്കപ്പെട്ടതുമായ ഒരു കാര്യമാണ് അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം ഇസ്രായേലി ചാരസംഘടന മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്നത്. അവര്‍ കൃത്യമായി അറിയിച്ചിരുന്നതുകൊണ്ട് രണ്ടു ടവറിലും ജോലി ചെയ്യുന്ന ജൂതരായ ആരും അന്ന് അവിടെ പോയിരുന്നില്ല. അവര്‍ അതുകൊണ്ട് രക്ഷപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. ആര്‍ക്കും എന്തും പ്രചരിപ്പിക്കാവുന്ന സോഷ്യല്‍ മീഡിയയിലൂടെ വന്നതായതിനാല്‍, വിശ്വാസ്യതയില്‍ സംശയംതോന്നി മനോരമ അതു കൊടുത്തില്ല. പിന്നെ വലിയൊരാരോപണമായി മനോരമക്കെതിരെ അത് ഉയര്‍ന്നുവന്നു. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്നു പിന്നീട് തെളിഞ്ഞില്ളേ? ലോകത്തെ ഏറ്റവും വിശ്രുതനായ പത്രപ്രവര്‍ത്തകന്‍ ഹരള്‍ഡ് ഇവന്‍സ് ദല്‍ഹിയില്‍ മാമ്മന്‍മാപ്പിള അനുസ്മരണ പ്രസംഗത്തിനുവന്നപ്പോള്‍ അദ്ദേഹത്തിന്‍െറ പ്രസംഗത്തിലെ പ്രധാന ഊന്നലുകളിലൊന്ന് ഇതായിരുന്നു. ഇത്ര കെട്ടിച്ചമച്ച ഒരു റിപ്പോര്‍ട്ട് ലോകം മുഴുവന്‍ പത്രങ്ങള്‍ എങ്ങനെ ഉപയോഗിച്ചെന്നാണ് അദ്ദേഹം ചോദിച്ചത്. ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയകള്‍ക്ക് വിശ്വാസ്യത വന്നാല്‍ സ്ഥിതി മാറും.  ഇപ്പോഴത്തെ നിലയില്‍ ആര്‍ക്കും എന്തും പ്രചരിപ്പിക്കാം.
അടുത്തകാലത്ത് മനോരമക്കെതിരായി സോഷ്യല്‍ മീഡിയയില്‍ വന്ന പ്രധാന ആരോപണം ലൗ ജിഹാദ് മനോരമയുടെ സൃഷ്ടിയാണെന്നാണ്.  അവസാനം ഹൈകോടതിയില്‍ അതു കേസായി. ഇപ്പോള്‍ രണ്ടര വര്‍ഷത്തിനുശേഷം മനോരമതന്നെ ഇതൊരു ഹിന്ദു വര്‍ഗീയ സംഘടനയുടെ സൈറ്റില്‍നിന്നാണ് പുറപ്പെട്ടതെന്ന് സൈബര്‍ സെല്‍ കണ്ടുപിടിച്ചിരിക്കുന്നതായി പറയുന്നു. ഇപ്പോഴെങ്കിലും സത്യം തുറന്നുപറഞ്ഞല്ളോ എന്ന മട്ടില്‍. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു സംഭവം ഇല്ലായിരുന്നെന്നും പ്രചാരണമായിരുന്നെന്നും പുറത്തുകൊണ്ടുവന്നത് ഞങ്ങളായിരുന്നു. മനോരമ ഇപ്പോഴെങ്കിലും സത്യം പറഞ്ഞല്ളോ എന്ന് ചില പത്രങ്ങള്‍ പരിഹസിച്ചു. ആദ്യത്തേതിനു മനോരമ ക്ഷമപറയണം എന്നായിരുന്നു മറ്റു ചില പത്രങ്ങളുടെ വാദം. സത്യം എന്താണെന്നുവെച്ചാല്‍ ലൗ ജിഹാദ് എന്ന ഒരു വാക്ക് മനോരമ ഉപയോഗിച്ചിട്ടേയില്ല. കാമ്പസുകളില്‍ നടക്കുന്ന അനാശാസ്യമായ ചില കാര്യങ്ങളെപ്പറ്റി മനോരമ ഒരു പരമ്പര ചെയ്തിരുന്നു. വിവാഹം ചെയ്യാമെന്നു പറഞ്ഞും ഭൗതിക വാഗ്ദാനങ്ങള്‍ നല്‍കി മോഹിപ്പിച്ചും ആളുകളെ മതം മാറ്റാന്‍ പ്രേരിപ്പിക്കുന്നതായി അതില്‍ പറയുന്നുണ്ടായിരുന്നു. അതിനത്തെുടര്‍ന്ന് ഹൈകോടതിയില്‍ ആരോ പരാതിയുമായി ചെന്നു. മുസ്ലിം യുവാക്കള്‍ ഇങ്ങനെ പ്രേരിപ്പിക്കുന്നു എന്നായിരുന്നു ഹരജി. പരാതി കൈകാര്യം ചെയ്യുന്ന വേളയില്‍ ഹൈകോടതി ജഡ്ജിയാണ് ലൗ ജിഹാദ് എന്ന വാക്ക് മലയാളത്തില്‍ ആദ്യമായി ഉപയോഗിച്ചത്. അതു മനോരമ റിപ്പോര്‍ട്ട് ചെയ്തു. ലൗ ജിഹാദ് ഒരു കള്ളനാണയമായിരുന്നു, അതൊരു സോഷ്യല്‍ മീഡിയ സൈറ്റ് പ്രചരിപ്പിച്ചതാണ് എന്ന് മനോരമ പിന്നീട് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആലപ്പുഴയില്‍നിന്ന് ചിലര്‍ ഇപ്പോള്‍ ഇങ്ങനെ പറയുന്ന മനോരമ നേരത്തേ കൊടുത്ത തലക്കെട്ടുകളും മറ്റും എന്ന് പറഞ്ഞ് അനേകം ക്ളിപ്പിങ്ങുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ക്ളിപ്പിങ്ങില്‍ ഒന്ന് മനോരമയുടേതായിരുന്നു. ബാക്കിയെല്ലാം മറ്റൊരു പത്രത്തിന്‍േറതായിരുന്നു. അവരുടെ ലേഖകന്‍െറ ബൈലൈന്‍വരെ അതിലുണ്ടായിരുന്നു. വളരെ വേഗം അതു പതിനായിരങ്ങളിലേക്കത്തെിക്കഴിഞ്ഞു. വ്യാജ പ്രചാരണത്തിനെതിരെ സൈബര്‍ സെല്ലിലൊരു പരാതി കൊടുത്താല്‍ എല്ലാം അതോടെ അവസാനിച്ചേനേ. പ്രചാരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനതന്നെ കുറെദിവസം കഴിഞ്ഞപ്പോള്‍, ഞങ്ങള്‍ നല്‍കിയ ക്ളിപ്പിങ്ങുകളില്‍ ചെറിയൊരു തെറ്റുണ്ട്, മുഴുവന്‍ റിപ്പോര്‍ട്ടുകളും മനോരമയുടേതല്ല. ആദ്യത്തേതു മാത്രമേയുള്ളൂ, ബാക്കി ഇന്ന പത്രത്തിന്‍േറതാണ് എന്ന് ചെറിയ തിരുത്ത് കൊടുത്തു. ആ തിരുത്ത് എത്ര പേരുടെ അടുത്ത് എത്തിയിട്ടുണ്ടാവും? ആദ്യമയച്ചത് എത്ര പേര്‍ക്കാണോ അത്രയും പേര്‍ക്ക് കിട്ടിക്കാണും. അവര്‍ അത് ഫോര്‍വേഡ് ചെയ്യണമെന്നില്ലല്ളോ.  അതാണ് വിശ്വാസ്യതയുടെ പ്രശ്നമെന്നു പറഞ്ഞത്. പക്ഷേ, വിശ്വാസ്യത കൈവരുന്ന ഒരു സമയത്ത് പത്രങ്ങളെ ബാധിച്ചേക്കാം.

കഴിഞ്ഞകാലത്ത് മനോരമയുടെ എഡിറ്റോറിയല്‍ തീരുമാനങ്ങളില്‍വന്ന രണ്ടു പ്രധാന പിഴവുകളെക്കുറിച്ചു പറയാമോ?
* കൂട്ടായ്മയിലൂടെയാണ് തീരുമാനങ്ങളെന്നതിനാല്‍ പിഴവുകള്‍ക്കുള്ള സാധ്യത വളരെ കുറവാണ്. കോണ്‍ഫറന്‍സുകളിലും മറ്റും ചര്‍ച്ചചെയ്യുമ്പോള്‍ ഒരാള്‍ അതിന്‍െറ മറുവശം പറയും. ഉദാഹരണത്തിന് ബി.ജെ.പി നേതാവ് സുഷമ സ്വരാജ് രാജ്ഘട്ടില്‍ നൃത്തംചെയ്തില്ളേ. മ്ളേച്ഛമായ കാര്യമാണ് ചെയ്തതെന്നു കരുതി എഡിറ്റോറിയല്‍ എഴുതാന്‍ തീരുമാനിക്കുകയും എഴുതി പൂര്‍ത്തിയാക്കുകയും ചെയ്തു. കോണ്‍ഫറന്‍സില്‍ വിഷയം വന്നപ്പോള്‍ ‘‘അയ്യോ, ഇതു നൃത്തമല്ല, ഉത്തരേന്ത്യയിലെ വിശ്വാസപരമായ കാര്യമാണ്’’ എന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി. അങ്ങനെ വേറേ മുഖപ്രസംഗം എഴുതി. എന്നുവെച്ച് അബദ്ധം വന്നിട്ടില്ളെന്നല്ല. വലിയ അബദ്ധങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്നു മാത്രമാണ് പറഞ്ഞത്. മനോരമ ഇതുവരെ തുടങ്ങിയ ഒരു പ്രസിദ്ധീകരണം വേണ്ടെന്നുവെച്ചിട്ടില്ല. ഭാഷാപോഷിണി ഇടക്ക് ഒന്നു നിര്‍ത്തേണ്ടിവന്നു. മനോരമ പൂട്ടിയപ്പോള്‍ അതും നിന്നുപോയി. പിന്നെ പുനരാരംഭിക്കാന്‍ വൈകി. ആഴ്ചപ്പതിപ്പ് രണ്ടാമതു തുടങ്ങിയപ്പോള്‍ ഉള്ളടക്കം വേണ്ടത്ര നന്നാവാത്തതിനാല്‍ പ്രശ്നങ്ങളുണ്ടായി. പത്രത്തില്‍തന്നെയുള്ള ഒരാളാണ് അതു ചെയ്തിരുന്നത്. പ്രത്യേക പത്രാധിപര്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ഉള്ളടക്ക പ്രശ്നങ്ങളൊക്കെ പരിഹരിച്ച് 1956ല്‍ ആഴ്ചപ്പതിപ്പ് വീണ്ടും പ്രസിദ്ധീകരണം തുടങ്ങി. സ്റ്റാലിന്‍ മരിച്ചപ്പോള്‍ എ.പി. നമ്പ്യാര്‍ എഴുതിയ മുഖപ്രസംഗത്തിലെ ഒരു വരി ഇങ്ങനെയാണ്. അതുകൊണ്ട് പരേതാത്മാവിന് പുനര്‍ജന്മമില്ലാത്ത നിത്യശാന്തി നേരുന്നു. അതുപോലെ പുനര്‍ജന്മമില്ലാത്ത നിത്യശാന്തി നേര്‍ന്ന് ഒരു പ്രസിദ്ധീകരണം മനോരമ വേണ്ടെന്നുവെച്ചത് മനോരമ കോമിക്സ് മാത്രമാണ്. തമാശയാണെങ്കില്‍ക്കൂടി ഒരാളെയും മന$പൂര്‍വം വേദനിപ്പിക്കരുതെന്നത് മനോരമയുടെ നയമാണ്. ഉദാഹരണത്തിന്, കെ. കരുണാകരന്‍ തൃശൂരില്‍ തോറ്റപ്പോള്‍ കരുണാകരന്‍ തോറ്റമ്പി എന്നാണ് പല പത്രങ്ങളും തലക്കെട്ടിട്ടത്. മനോരമക്ക് അങ്ങനെയൊരു തലക്കെട്ടില്ലായിരുന്നു. മനോരമ കോമിക്സില്‍ ഇ.എം.എസിന്‍െറ വിക്കിനെ കളിയാക്കിക്കൊണ്ട് ഒരു രചന വന്നു. അന്നുതന്നെ കെ.എം. മാത്യു ഇ.എം.എസിന് ക്ഷമാപണക്കത്തയച്ചു, പ്രസിദ്ധീകരണം നിര്‍ത്തുകയാണെന്നറിയിച്ച്.
പിഴവുകള്‍ തീര്‍ച്ചയായുമുണ്ടാവും. പിഴവുകള്‍ ഇല്ലാതെ പത്രം നടത്താനാവില്ലല്ളോ? കോഴിക്കോട് ജോലി ചെയ്തിരുന്ന കാലത്തു നടന്നതാണ്. അന്നു രാത്രി എട്ടു മണിക്ക് പത്രം അച്ചടിച്ചാലേ ട്രെയിനില്‍ പാലക്കാട്ടേക്ക് അയക്കാന്‍ കഴിയൂ. വൈകിയാല്‍ പ്രത്യേക വണ്ടി വിടണം. വലിയ സാമ്പത്തിക ചെലവ് വരും. ആറു മണിയായപ്പോള്‍ ഒരു വാര്‍ത്ത വന്നു. കേണല്‍ നാസര്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാത്രി എട്ടേകാലിനാണ്  പ്രസംഗം. നാസര്‍ രാജിവെച്ചേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. അറബ്ലോകത്തെ ശക്തനായ ഐക്കണാണ് നാസര്‍. അദ്ദേഹം രാജിവെക്കുകയാണെങ്കില്‍ പാലക്കാട് ആ വാര്‍ത്ത കൊടുക്കാന്‍ മനോരമക്കു കഴിയുകയും മാതൃഭൂമിക്ക് കഴിയാതെ വരുകയും ചെയ്താല്‍ വലിയ ചര്‍ച്ചയാവും. അച്ചടി അല്‍പം വൈകിച്ചു. 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ നാസര്‍ രാജിവെച്ചു എന്ന വാര്‍ത്ത വന്നു. 4000-5000 പത്രം അച്ചടിച്ചുകഴിഞ്ഞിട്ടുണ്ട്. ഉടന്‍ അച്ചടിനിര്‍ത്തി. അത്രയും പത്രം പിടിച്ചുവെച്ച് പുതിയതടിച്ചു നല്‍കാനായിരുന്നു ആലോചന. പത്രം താമസിക്കുമെങ്കിലും പാലക്കാട്ട് അതൊരു സംഭവമായിരിക്കുമെന്നതിനാല്‍ റിസ്ക് എടുക്കാമെന്നുവെച്ചു. വിവരം ജനറല്‍ മാനേജരെ അറിയിക്കാന്‍ അദ്ദേഹത്തെ വിളിച്ചു.  അപ്പോള്‍ അദ്ദേഹം പറയുകയാണ്: ഇവിടെ കോട്ടയത്ത് എന്നെ ഇക്കാര്യത്തിന് ഇവര്‍ വിളിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞത് അച്ചടിച്ചു കഴിഞ്ഞ ആ എഡിഷനങ്ങു പോകട്ടെ, അല്ളെങ്കില്‍ എല്ലാ പത്രവും താമസിക്കും എന്നായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി, ഇതൊരു വലിയ സംഭവമാണല്ളോ. ഇതുവരെ അടിച്ചത് നശിപ്പിച്ചോളാന്‍ പറഞ്ഞു. 35,000 കോപ്പിയാണങ്ങനെ നശിപ്പിച്ചുകളഞ്ഞത്. നേരത്തേ ആ തീരുമാനമെടുത്തിരുന്നെങ്കില്‍ 4000 പത്രം നശിപ്പിച്ചാല്‍ മതിയായിരുന്നു. നിങ്ങള്‍ കോഴിക്കോട്ട് യഥാസമയം തീരുമാനിച്ചതുകൊണ്ട് 4000 പത്രമേ നഷ്ടപ്പെടുത്തേണ്ടി വന്നുള്ളല്ളോ എന്ന്. പത്രം ഓഫിസില്‍ ഓരോ ദിവസവും ധാരാളം തെറ്റുകള്‍ വരും. ചിലതു മാനേജരീയല്‍ ആവും.

പൈങ്കിളിവത്കരണമെന്ന പേരില്‍ മനോരമയുടെ വാര്‍ത്താസമീപനങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ കുറ്റപ്പെടുത്തലുകളെ എങ്ങനെ കാണുന്നു?
* ഞാന്‍ ചെയ്യുന്നതുവരെ തെറ്റ്. എനിക്കു ചെയ്യേണ്ടിവരുമ്പോള്‍ ശരി എന്ന സമീപനമാണ് ഈ വിമര്‍ശങ്ങള്‍ക്കു പിന്നില്‍. കര്‍ഷകത്തൊഴിലാളികള്‍ മനോരമ വായിച്ചാല്‍ അവരുടെ ആശയങ്ങള്‍ മാറിപ്പോകുമോ എന്ന ആശങ്ക ഇടതുപക്ഷത്തിനുണ്ടായിരുന്നു. ആ പേടിയില്‍നിന്നാണ് പൈങ്കിളി എന്ന ആക്ഷേപവും പ്രചാരണവും തുടങ്ങുന്നത്. പക്ഷേ, ചാനല്‍ തുടങ്ങിയപ്പോള്‍ പരമ്പര വേണം. അതിന് ഈ രീതിയിലുള്ള കഥ വേണം. ഇപ്പോള്‍ പൈങ്കിളിക്കെതിരെ ആരും ഒന്നും പറയുന്നില്ലല്ളോ? മനുഷ്യന് മനസ്സിലാവുന്ന ഭാഷയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പത്രവും ഇപ്പോള്‍ പൈങ്കിളിയായി എന്നു പറഞ്ഞുതുടങ്ങി. മുമ്പാണെങ്കില്‍ മീശ കുരുക്കാത്ത പയ്യന്‍ എന്ന് എഴുതില്ല. അനാഗതശ്മശ്രു എന്നാണ് പറയുക. ആര്‍ക്കെങ്കിലും മനസ്സിലാവുമോ? അടുത്തിടെ വി.പി. രാമചന്ദ്രന് 88 വയസ്സ് തികഞ്ഞപ്പോള്‍  പത്രസുഹൃത്തുക്കള്‍ചേര്‍ന്ന് ഒരു ചടങ്ങ് സംഘടിപ്പിച്ചു. അദ്ദേഹത്തിന് ഒരു മംഗളപത്രം വായിച്ചു സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. കെ.എല്‍. മോഹനവര്‍മയാണത് തയാറാക്കിയത്. പാഥേയം എന്നാണ് തലക്കെട്ട്. മനോഹരമായ ഭാഷ. വി.പി.ആര്‍ എഡിറ്ററായിരുന്നപ്പോഴാണിതു കൊടുത്തിരുന്നതെങ്കില്‍ അദ്ദേഹം പാഥേയം എന്നത് ആദ്യം വെട്ടുമായിരുന്നു എന്നു ഞാന്‍ പറഞ്ഞു. എടോ, ഞാനതു ചോദിക്കാന്‍ വരുകയായിരുന്നു. എന്താണീ പാഥേയം എന്ന് വി.പി.ആറും ചോദിച്ചു. വഴിയാത്രക്കാരന്‍െറ പൊതിച്ചോറ് ആണ് പാഥേയം. പക്ഷേ, നമ്മള്‍ പൊതിച്ചോറ് എന്ന് എഴുതില്ല. കെ.സി. മാമ്മന്‍മാപ്പിളക്ക് ഒരു കുശിനിക്കാരനുണ്ട്. നാലാം ക്ളാസുവരെയേ പഠിച്ചിട്ടുള്ളൂ. ഇവന് മനസ്സിലാവുന്നതുപോലെയേ എഴുതാവൂ എന്ന് അദ്ദേഹം പറയുമായിരുന്നു. മനോരമ ആഴ്ചപ്പതിപ്പ് എന്തുകൊണ്ടാണ് ഇത്തരം കഥകളുമായി വന്നത്. മധ്യ തിരുവിതാംകൂറിലെ വീട്ടമ്മമാര്‍ക്ക് ഉച്ചകഴിഞ്ഞ് പണിയൊന്നുമില്ല. എന്തെങ്കിലും വായിക്കണം. മറ്റ് ആഴ്ചപ്പതിപ്പുകള്‍ വായിച്ചാല്‍ കഥപോലും അവര്‍ക്കു മനസ്സിലാവില്ല. അവര്‍ക്കു മനസ്സിലാവുന്ന കഥയും നോവലും വേണം. അവര്‍ക്കു മനസ്സിലാവുന്ന സ്ഥലങ്ങള്‍ വേണം. മാന്‍ഹാട്ടനില്‍ നടക്കുന്ന എന്നു പറഞ്ഞാല്‍ അവര്‍ക്കു മനസ്സിലാവില്ല. തിരുനക്കര മൈതാനം എന്നു പറഞ്ഞാല്‍ അറിയാം. അങ്ങനെ വായനക്കാരന് മനസ്സിലാവുന്നവിധത്തില്‍ എഴുതുന്നതിനെപ്പോലും പൈങ്കിളിവത്കരണം എന്നാക്ഷേപിക്കുകയാണ്. ഹ്യൂമന്‍ ഇന്‍ററസ്റ്റ് വാര്‍ത്തകള്‍ കൊടുത്തുതുടങ്ങിയപ്പോള്‍ എന്തെല്ലാമാണ് പറഞ്ഞത്. ഹ്യൂമന്‍ ഇന്‍ററസ്റ്റ് എന്നതിന് നല്ല മലയാള വാക്കില്ലാതിരുന്നപ്പോള്‍ ചിലര്‍ പരിഹാസത്തോടെ മനോരമ്യ കഥകളെന്നാക്കി. ഇപ്പോള്‍ എല്ലാ പത്രങ്ങളും മനോരമ്യ കഥകളുമായല്ളേ ഒന്നാം പേജ് നിറക്കുന്നത്.

പ്രതിഭാധനരായ ഒരുപാടാളുകള്‍ മനോരമയില്‍ ജോലി ചെയ്യുന്നുണ്ട്. പക്ഷേ, അതിലുമേറെ ആളുകള്‍ സ്ഥാപനവുമായി കലഹിച്ച് പുറത്തുപോയിട്ടുണ്ട്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?
* എണ്ണത്തെപ്പറ്റി പറഞ്ഞതു ശരിയല്ല. ഏതു പത്രം ഓഫിസിലാണ് അതില്ലാത്തത്? ബൗദ്ധികരംഗത്തുനില്‍ക്കുന്നവരുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കുന്നതില്‍ അസ്വാഭാവികതയില്ല. കല-സാഹിത്യ രംഗങ്ങളിലും സിനിമയിലുമൊക്കെ ഇതു പതിവല്ളേ?

റ്റോംസിന്‍െറയും യേശുദാസന്‍െറയും കാര്യമോ?
* ഇന്ത്യയിലെ സകല പത്രങ്ങള്‍ ക്കും വേണ്ടിയാണ് താന്‍ പോരാടുന്നതെന്ന് റ്റോംസിന്‍െറ കേസിന്‍െറ സമയത്ത് കെ.എം. മാത്യു പറഞ്ഞിരുന്നു. ഒരു അവകാശം സ്ഥാപിച്ചെടുക്കുന്നതിന്. ഒരാളുടെ പേരിലുള്ളതായാല്‍ക്കൂടി  കൂട്ടായ്മയിലൂടെയാണ് കാര്‍ട്ടൂണ്‍ അടക്കം എന്തും വലുതാവുന്നത്. എന്‍െറ മാത്രം സൃഷ്ടിയാണ് എന്നു പറയുന്നതു ശരിയല്ല, അതില്‍ ഒരു ടീം എഫര്‍ട്ട് ഉണ്ടെന്നു തെളിയിക്കുകയായിരുന്നു മനോരമയുടെ ലക്ഷ്യം. ലോകത്തെങ്ങും അതാണ് നടക്കുന്നത്. ലോകോത്തര കാര്‍ട്ടൂണിസ്റ്റുകളൊന്നും ഒറ്റക്ക് വരക്കുന്നവരല്ല. റിസര്‍ച്ച് ചെയ്യാനും ആശയം കൊടുക്കാനുമൊക്കെയായി ഒരു ടീമുണ്ട്. ടീം എഫര്‍ട്ടായതിനാല്‍ പത്രങ്ങള്‍ക്ക് അതിലൊരു അവകാശമുണ്ടെന്നു തെളിയിക്കുന്നതിനാണ് റ്റോംസിനെതിരെ കേസിനുപോയത്. അതു കോടതി അംഗീകരിച്ചു. ഒരു തത്ത്വത്തിനുവേണ്ടിയാണ് ഞാന്‍ പോരാടിയത്. അത് അംഗീകരിച്ചുകിട്ടിയതില്‍ സന്തോഷം. പക്ഷേ, ഒരു കലാകാരനെന്ന നിലയില്‍ കാര്‍ട്ടൂണിനുമേല്‍ റ്റോംസിനുള്ള അവകാശം ഞാന്‍ അദ്ദേഹത്തിനു വിട്ടുകൊടുക്കുകയാണ് എന്ന് പിറ്റേന്ന് പത്രത്തിലൂടെ അറിയിക്കുകയാണ് കെ.എം. മാത്യു ചെയ്തത്. റ്റോംസിന് കത്തുമയച്ചു. എല്ലാവരും കേസ് നടത്തിയ കാര്യം മാത്രം ഓര്‍ക്കുന്നു. കേസ് ജയിച്ചിട്ട് കെ.എം. മാത്യു അതു റ്റോംസിന് വിട്ടുകൊടുത്തത് മറന്നുപോകുന്നു.
യേശുദാസന്‍ വളരെ വൈകിയാണ് മനോരമയില്‍ വന്നത്. എന്നിട്ടും റിട്ടയര്‍മെന്‍റ് കഴിഞ്ഞ് പത്തു വര്‍ഷമെങ്കിലും അദ്ദേഹം മനോരമയില്‍ ജോലി ചെയ്തു. അതിനുശേഷം കരാര്‍ കാലാവധി കഴിയുന്നതിനു മുമ്പ് അദ്ദേഹം പോകാന്‍ തീരുമാനിക്കുന്നു. തന്‍െറ കാര്‍ട്ടൂണുകള്‍ പണ്ടത്തെപ്പോലെ ഇപ്പോള്‍ ഉപയോഗിക്കുന്നില്ളെന്നാണ് പോകുന്നതിന് അദ്ദേഹം പറഞ്ഞ ഒരു കാരണം. വരച്ചുനല്‍കിയിട്ട് പ്രസിദ്ധീകരിക്കാത്ത കാര്‍ട്ടൂണുകള്‍ പുസ്തകമാക്കാന്‍ പോവുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ഞാനതിനെ സ്വാഗതം ചെയ്യുകയാണ്. താന്‍ ഒബ്സര്‍വറില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍ അഞ്ചെണ്ണം വരച്ചു നല്‍കുമായിരുന്നെന്ന് അബു എബ്രഹാം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനു കിട്ടുമായിരുന്ന പത്മശ്രീ മാമ്മന്‍ മാത്യു അടിച്ചുകൊണ്ടുപോയി എന്നാണ് അദ്ദേഹം പറയുന്നത്. ഒപ്പിടുന്ന ദിവസംവരെ രാഷ്ട്രപതിയുടെ മേശപ്പുറത്ത് എന്‍െറ പേരായിരുന്നു എന്ന് അദ്ദേഹം പറഞ്ഞതായാണ് വായിച്ചുള്ള അറിവ്. അവസാനം വൈകീട്ട് അറിയിപ്പ് വന്നപ്പോള്‍ എന്‍െറ പേരിന്‍െറ സ്ഥാനത്ത് എന്‍െറ മുതലാളിയുടെ പേരു വന്നു എന്ന്.
പത്മപുരസ്കാരങ്ങളുടെ നടപടിക്രമം അറിയുന്നവര്‍ക്കറിയാം അത് എത്രയോ മാസങ്ങള്‍ നീളുന്ന പ്രക്രിയയാണ്. അവസാനനിമിഷം അതില്‍ എഴുതിച്ചേര്‍ക്കാന്‍ കഴിയില്ല. എത്രയോ ഏജന്‍സികള്‍ എത്ര നാള്‍ അന്വേഷിച്ചു ക്ളിയറന്‍സ് നല്‍കേണ്ട കാര്യമാണിത്? കേരളത്തില്‍നിന്ന് ഇത്തവണ അറുപതോളം പേരെ പത്മപുരസ്കാരത്തിനു നിര്‍ദേശിച്ചിരുന്നു. രണ്ടോ മൂന്നോ പേര്‍ക്കാണ് കിട്ടിയത്. യേശുദാസന്‍ പത്മശ്രീ കിട്ടാന്‍ വളരെ അര്‍ഹനായ ആളാണ്. പക്ഷേ, മാമ്മന്‍ മാത്യുവിന് കിട്ടിയത് തന്‍െറ പേര് വെട്ടിയിട്ടാണെന്ന് മനോരമയിലിരിക്കുമ്പോഴാണ് അദ്ദേഹം പറയുന്നത്. വേറെ വല്ല പത്രത്തിലെയും എം.ഡിക്കെതിരെ അവിടത്തെ ഒരു സ്റ്റാഫ് ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് ആലോചിച്ചു നോക്കുക. കുറെ നാളുകഴിഞ്ഞ് അദ്ദേഹത്തിനു പോകണമെന്നുതോന്നി. പോയി. അല്ലാതെ മനോരമ പറഞ്ഞുവിട്ടതല്ല. വരക്കുന്ന മുഴുവന്‍ കാര്‍ട്ടൂണും കൊടുക്കാന്‍ നമുക്ക് കഴിയില്ല. കാര്‍ട്ടൂണിസ്റ്റുകള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ കണ്ടായിരിക്കും വരക്കുന്നത്. പക്ഷേ, അതിന് നയപരമായ പ്രശ്നങ്ങളുണ്ടാവും. കാര്‍ട്ടൂണിസ്റ്റിന് തീര്‍ച്ചയായും അതിനപ്പുറമുള്ള സ്വാതന്ത്ര്യം വേണം. പക്ഷേ, പത്രത്തിന്‍െറ പൊതുസമീപനങ്ങളുമായി ഒത്തുപോകുന്നതായിരിക്കണം അത്. ചില എഡിഷനുകളില്‍ എനിക്കെതിരെ നീക്കം നടക്കുന്നു എന്നാണ് യേശുദാസന്‍ പറഞ്ഞുകൊണ്ടിരുന്ന മറ്റൊരു കാര്യം. പ്രാദേശിക വാര്‍ത്താസമ്മര്‍ദങ്ങള്‍ വരുമ്പോള്‍ കോട്ടയത്ത് ഒന്നാം പേജിലുണ്ടായിരുന്ന കാര്‍ട്ടൂണ്‍ തിരുവനന്തപുരത്ത് ഉള്‍പ്പേജിലേക്കു മാറ്റിയെന്നുവരാം. ചിലപ്പോള്‍ പൂര്‍ണമായി മാറ്റിവെക്കേണ്ടിവരും. കാര്‍ട്ടൂണ്‍ വന്നില്ളെങ്കില്‍ യേശുദാസന് വിഷമമുണ്ടാവും. നേരേമറിച്ച്, തിരുവനന്തപുരത്തെ പ്രധാന സംഭവം കൊടുത്തില്ളെങ്കില്‍ വായനക്കാരുടെ പ്രതികരണം എന്തായിരിക്കുമെന്ന് ആലോചിക്കുന്ന അവിടത്തെ എഡിറ്റര്‍ അതു കൊടുക്കാനായിരിക്കും തീരുമാനിക്കുക. വിട്ടുപോകാന്‍ ഏതൊരാള്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, സ്ഥാപനം അദ്ദേഹത്തോട് അനീതി ചെയ്തോ എന്ന് ഓരോ സമയത്തും പുന$പരിശോധിക്കേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താനുള്ള മാര്‍ഗങ്ങള്‍ നോക്കണം.

വാര്‍ത്താമുറിയില്‍ 50 വര്‍ഷം പിന്നിടുകയാണല്ളോ? എന്തെങ്കിലും നഷ്ടബോധം തോന്നുന്നുണ്ടോ?
* അങ്ങനെയൊരു നഷ്ടബോധമില്ല. പത്രപ്രവര്‍ത്തകന്‍ 24 മണിക്കൂറും ജോലിക്കു സജ്ജനായിരിക്കണം. ഒരു പത്രപ്രവര്‍ത്തകനെപ്പറ്റി വായിച്ചിട്ടുണ്ട്. അദ്ദേഹം രാത്രി ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. എവിടെയോ ഭൂകമ്പം ഉണ്ടായതായി അദ്ദേഹം സ്വപ്നം കണ്ടു. ഓടിപ്പിടിച്ച് ഓഫിസിലത്തെി. ശരിയാണ്. ഭൂകമ്പത്തിന്‍െറ വാര്‍ത്ത ടെലിപ്രിന്‍ററിലുണ്ട്. അദ്ദേഹം പത്രം നിര്‍ത്തിച്ച് ആ വാര്‍ത്ത കൊടുപ്പിച്ചു. അക്കിത്തം പാതിയെഴുതിവെച്ച കവിത സ്വപ്നത്തില്‍ പൂര്‍ത്തിയാക്കിയതായി കേട്ടിട്ടുണ്ട്.
സ്വപ്നത്തില്‍പോലും വാര്‍ത്ത വരാവുന്ന മനസ്സ്. അതാണ് അതിന്‍െറ പൂര്‍ണത. അതിന് പല കാര്യങ്ങളും നമുക്ക് ഉപേക്ഷിക്കേണ്ടിവരും. അങ്ങനെ ഉപേക്ഷിക്കേണ്ടിവന്ന ഒന്നിലും വിഷമമില്ല. നേട്ടങ്ങളില്‍ കഥാപാത്രമായി നില്‍ക്കണമെന്ന് തോന്നിയിട്ടില്ല. മന്ത്രിമാരും ഉന്നതരും അറിയണമെന്നോ അവരുമായി ബന്ധംവേണമെന്നോ ആഗ്രഹിച്ചിട്ടില്ല. പിന്നെ കുടുംബം ഇത്തരം കാര്യങ്ങളില്‍നിന്ന് മോചിപ്പിച്ചുതന്നിരുന്നു. അവരുടെ നല്ല പിന്തുണ ഉണ്ടായിരുന്നു. മക്കളുടെ കാര്യം ഭാര്യയും അവരുടെ അമ്മയുംകൂടിയാണ്  നോക്കിനടത്തിയിരുന്നത്.

ഭാവിതലമുറ തോമസ് ജേക്കബ് എന്ന പത്രപ്രവര്‍ത്തകനെ എങ്ങനെ കാണണമെന്നാണാഗ്രഹിക്കുന്നത്?
* അങ്ങനെ വിലയിരുത്തപ്പെടണമെന്ന ആഗ്രഹമുള്ളയാളല്ല ഞാന്‍. മന$പൂര്‍വമായി ഒരാളെയും ദ്രോഹിക്കുന്ന പത്രപ്രവര്‍ത്തനം ഞാന്‍ നടത്തിയിട്ടില്ല. സ്ഥാപനമെന്ന നിലയില്‍ മനോരമയും അങ്ങനെതന്നെ. രാഷ്ട്രീയമായി നിലപാടുകളെടുത്തിട്ടുണ്ടാവും. മുഴുവന്‍ സത്യവും ആദ്യ ദിവസം വരുന്നില്ല എന്നതാണ് വാര്‍ത്തകള്‍ക്കുള്ള പ്രധാന പ്രശ്നം. ഡെഡ്ലൈനാണ് പ്രധാന തടസ്സം. പൊലീസിന്‍െറ എഫ്.ഐ.ആര്‍ എന്നു പറഞ്ഞതുപോലെ നമുക്ക് കിട്ടുന്ന എഫ്.ഐ.ആര്‍ വെച്ചിട്ടാണ് കൊടുക്കുന്നത്. രണ്ടാംദിവസം കൂടുതല്‍ വിവരങ്ങളാകുമെങ്കിലും നൂറു ശതമാനം സത്യം ഒരിക്കലും പുറത്തുവരുന്നില്ലല്ളോ. ഏറ്റവും നല്ല സാഹചര്യത്തിലാണ് എണ്‍പത് ശതമാനം സത്യം പുറത്തുവരുന്നത്.
(അവസാനിച്ചു)


അഭിമുഖം

മുന്‍ ലക്കങ്ങള്‍