
അണിയറയില്‍ പുതിയ യുദ്ധങ്ങളൊരുങ്ങുന്നു. അതിനു പാകത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നു.
ഇറാഖില്‍ ആക്രമണം നടത്താന്‍ ന്യായമായി, സദ്ദാം ഹുസൈന്‍െറ പട്ടാളം നവജാത ശിശുക്കളെ ഇന്‍ക്യുബേറ്ററില്‍നിന്ന് പുറത്തിട്ട് കൊന്നു കളഞ്ഞതായി വ്യാജ വാര്‍ത്ത സൃഷ്ടിച്ചതിനെപ്പറ്റി പലകുറി ‘മീഡിയാ സ്കാനി’ല്‍ എഴുതിയിട്ടുണ്ട്.
ഇറാനില്‍ ആണവായുധ നിര്‍മാണം നടക്കുന്നുണ്ടെന്നുവരുത്താന്‍ ഇപ്പോള്‍ നിരന്തരം ഇറങ്ങിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ ഒന്നുപോലും തെളിയിക്കപ്പെട്ടിട്ടില്ല. ഇറാനെ ആക്രമിക്കാന്‍ വെമ്പുന്നവരാണ് അവയുടെ സ്രഷ്ടാക്കള്‍ എന്ന വസ്തുത ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.
ഇപ്പോള്‍ സിറിയയും അമേരിക്കന്‍ ‘ഹിറ്റ്ലിസ്റ്റി’ല്‍ ഉണ്ട്. അവിടെനിന്നും വരുന്നു ഒരു കൂട്ടക്കൊലയുടെ വാര്‍ത്ത.
ഇറാഖിലെ ‘ഇന്‍ക്യുബേറ്റര്‍ കൊല’ തീര്‍ത്തും കെട്ടിച്ചമച്ച വാര്‍ത്തയായിരുന്നെങ്കില്‍, സിറിയയിലെ സംഭവം യഥാര്‍ഥമാണ്.
സിറിയന്‍ പട്ടണമായ ഹൂലയില്‍ പൊതുസ്ഥലത്ത് മേയ് 25ന് നടന്ന സായുധ ആക്രമണത്തില്‍ 32 കുട്ടികളും 60ലേറെ മുതിര്‍ന്നവരും കൊല്ലപ്പെട്ടു. സിറിയന്‍ സര്‍ക്കാറിനെ എതിര്‍ക്കുന്നവരുടെ നിയന്ത്രണത്തിലാണ് ഹൂല. അതുകൊണ്ട്, സിറിയന്‍ സുരക്ഷാസേന വിമതര്‍ക്കെതിരെ നടത്തിയതായിരുന്നു ആക്രമണം എന്നാണ് വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടത്.
എന്നാല്‍, സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തിപ്പെടുത്താന്‍ വിമതരാണ് ആക്രമണം നടത്തിയതെന്ന് സംഭവത്തില്‍ പരിക്കേറ്റ ഒരു സ്ത്രീ വെളിപ്പെടുത്തിയിരിക്കുന്നു.
ഇത് ഒൗദ്യോഗിക ഭാഷ്യമെന്നു പറഞ്ഞുതള്ളിയാല്‍തന്നെ, ഹൂലാ കൂട്ടക്കൊലയുടേതെന്നപേരില്‍ മാധ്യമങ്ങളില്‍ പ്രചരിച്ച ചില വിവരങ്ങള്‍ തെറ്റായിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്. ബി.ബി.സിയില്‍ വന്ന ഒരു ഫോട്ടോ ഉദാഹരണം.
കുഞ്ഞുമൃതദേഹങ്ങള്‍ മറവു ചെയ്യാനായി കൂട്ടിയിട്ടിരിക്കുന്നു. അവക്കു മുകളിലൂടെ ഒരു ബാലന്‍ ചാടിക്കടക്കുന്നതാണ് ചിത്രം. വാസ്തവത്തില്‍ ഇത് 2003ല്‍ ഇറാഖില്‍വെച്ച് മാര്‍കോ ഡി ലോറോ എന്ന ഫോട്ടോഗ്രാഫര്‍ എടുത്തതാണ്. ഹൂലാ കൂട്ടക്കൊലയുടേത് എന്നു പറഞ്ഞ് ബി.ബി.സി വെബ്സൈറ്റില്‍ ഇതു കണ്ടപ്പോള്‍ താന്‍ അന്തംവിട്ടുപോയെന്ന് ഡി ലോറോ പറയുന്നു. അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചശേഷം ബി.ബി.സി അത് എടുത്തുമാറ്റിയിട്ടുണ്ട്.
സിറിയന്‍ സൈന്യം വിമതരെ വെടിവെച്ചുകൊല്ലുകയായിരുന്നെന്ന് റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങളില്‍ തന്നെ, മൃതദേഹങ്ങള്‍ കഴുത്തറുത്ത നിലയില്‍ കാണുന്നു.
വസ്തുതകളല്ല, നിഗമനങ്ങളും പ്രചാരണങ്ങളുമാണ് മാധ്യമങ്ങളില്‍ വരുന്നത്. വാര്‍ത്തയും പ്രോപഗണ്ടയും തമ്മില്‍ വേര്‍തിരിവ് ഇല്ലാതാവുന്നു.
പൊലീസിനകത്തെ
ക്രിമിനല്‍ പട്ടിക
ഒടുവില്‍ ആ ലിസ്റ്റ് ഒൗദ്യോഗികമായി പ്രകാശിതമായി. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരുടെ പേരു വിവരം ഡി.ജി.പി ജേക്കബ് പുന്നൂസ് ഹൈകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ പട്ടിക പുറത്തുവിട്ടിരിക്കുന്നു (ജൂണ്‍ 6ലെ പത്രങ്ങള്‍).
‘‘പൊലീസില്‍ 533 പ്രതികള്‍’’ (കേരള കൗമുദി), ‘‘ക്രിമിനല്‍ സേന’’ (ദീപിക), ‘‘പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ 533 കേസുകള്‍’’ (മാതൃഭൂമി), ‘‘ക്രിമിനല്‍ കേസില്‍ 605 പോലിസുകാര്‍’’ (തേജസ്- വിവിധ പൊലീസ്സ്റ്റേഷനുകളിലെ കേസുകളിലുള്‍പ്പെട്ട 533 പേര്‍ക്കു പുറമെ സി.ബി.ഐ അന്വേഷണം നേരിടുന്നവരും വിജിലന്‍സ് കേസുകളിലുള്‍പ്പെട്ടവരും ഫോറസ്റ്റ്, എക്സൈസ് കേസുകളിലുള്‍പ്പെട്ടവരും അടക്കമാണ് (605), ‘‘ക്രിമിനല്‍ കേസില്‍പെട്ട പോലീസുകാര്‍ 607’’ (മംഗളം), ‘‘പൊലീസില്‍ 533 പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം’’ (ദേശാഭിമാനി) എന്നിങ്ങനെ പോകുന്നു തലക്കെട്ടുകള്‍.
പട്ടികയിലുള്‍പ്പെട്ട ചില പ്രമുഖരുടെ പേരുകള്‍ പല പത്രങ്ങളും തലക്കെട്ടിനോടൊപ്പം ചേര്‍ത്തു. അതിലുള്‍പ്പെട്ടവരെ പറയാതെ, ഉള്‍പ്പെടാത്തയാളെ പരാമര്‍ശിച്ച് തലക്കെട്ടെഴുതിയ പത്രം മലയാള മനോരമ മാത്രം: ‘‘ക്രിമിനല്‍ പൊലീസ് പട്ടികയില്‍ 533 പേര്‍, റഷീദ് ഇല്ല.’’
ഈ വാര്‍ത്ത ഒന്നാം പേജില്‍ ചേര്‍ക്കാതിരുന്ന ചുരുക്കം പത്രങ്ങളില്‍ ദേശാഭിമാനിയും മനോരമയുമുണ്ട്. ഉള്‍പ്പേജിലാണെങ്കിലും ദേശാഭിമാനി വാര്‍ത്തക്ക് നല്ല പ്രാധാന്യം കൊടുത്തു.
പല പത്രങ്ങളും തരംപോലെ പട്ടികയില്‍നിന്ന് പേരുകള്‍ തെരഞ്ഞെടുത്ത് വാര്‍ത്തയില്‍ ചേര്‍ത്തു. പട്ടിക മുഴുവന്‍ പ്രസിദ്ധപ്പെടുത്തിയത് കൗമുദിയാണ്- മുന്‍പേജിലെ ലീഡ് വാര്‍ത്തക്കു പുറമെ, എഡിറ്റ് പേജിന്‍െറ വലിയ ഭാഗമെടുത്ത് പൂര്‍ണമായ പേരുവിവരം ചേര്‍ത്തു.
ഒരാളുടെ പേരുപോലും ചേര്‍ക്കാതെയാണ് ദേശാഭിമാനി വാര്‍ത്തയെഴുതിയത്.
മനോരമക്ക് പട്ടികയല്ല, അതില്‍ ‘‘വിട്ടുപോയ’’ പേരാണ് എന്നതാണ് വാര്‍ത്തയുടെ ഫോക്കസ്. തുടക്കം ഇങ്ങനെ: ‘‘ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കേരളത്തിലെ 533 പേരുടെ കൂട്ടത്തില്‍ പത്രപ്രവര്‍ത്തകന്‍ വി.ബി. ഉണ്ണിത്താന്‍, കേസിലെ മുഖ്യപ്രതി ഡിവൈ.എസ്.പി റഷീദിന്‍െറ പേരില്ല.’’
കൗമുദി വാര്‍ത്തയിലും ഈ ഉപേക്ഷയെപ്പറ്റി പറയുന്നുണ്ട്: ‘‘2011 ജൂലായ് ഒന്നുവരെയുള്ള റെക്കാഡുകള്‍ പരിശോധിച്ച് തയ്യാറാക്കിയ പട്ടികയായതിനാല്‍ ഉണ്ണിത്താന്‍ വധശ്രമക്കേസിലെ മറ്റൊരു പ്രതിയായ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുല്‍ റഷീദ് പട്ടികയില്‍ ഇടംനേടിയിട്ടില്ല.’’
മനോരമ പറയുന്നു: ‘‘അബ്ദുല്‍ റഷീദിനെ കേസില്‍ സി.ബി.ഐ പ്രതിചേര്‍ക്കുംമുന്‍പാണു പട്ടിക തയാറാക്കിയതെന്നാണ് ഒൗദ്യോഗിക വിശദീകരണം.’’ ഒരു കാര്യം എടുത്തു പത്രം പറയുന്നു: ‘‘... പട്ടിക തയാറാക്കുമ്പോള്‍ കേരളാ പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്നു അബ്ദുല്‍ റഷീദ്.’’
സി.ബി.ഐ കേസില്‍പെട്ട മുഹമ്മദ് യാസീന്‍, വിജയ് സാഖറെ എന്നീ പേരുകളും പട്ടികയിലില്ളെന്ന് മനോരമ ചൂണ്ടിക്കാട്ടുന്നു.
എല്ലാ പത്രങ്ങളും പട്ടികയിലുള്ളവരെ കാണുമ്പോള്‍ അതിലില്ലാത്തവരെ അന്വേഷിക്കാനുള്ള ജിജ്ഞാസ വാര്‍ത്താ അന്വേഷകരിലുണ്ടാവേണ്ടതു തന്നെ. അതേസമയം, വാര്‍ത്ത നന്നേ ഒതുക്കിയതിലെ താല്‍പര്യമെന്ത് എന്നാണ് ദോഷൈകദൃക്കുകള്‍ ചോദിക്കുന്നത്.
പത്രംകൊണ്ട് ബാഗ്
പരിസ്ഥിതി ദിനമായിരുന്നു ജൂണ്‍ 5. പത്രങ്ങള്‍ പരിസ്ഥിതി ബോധമുണ്ടാക്കാന്‍ പോന്ന പടങ്ങള്‍ കൊടുത്തു. കുറിപ്പുകളും ലേഖനങ്ങളുമെഴുതി. മുഖപ്രസംഗങ്ങള്‍ പ്രസിദ്ധപ്പെടുത്തി.
കുറെ പത്രങ്ങള്‍ ഒന്നാംപേജ്, മാസ്റ്റ് ഹെഡ് അടക്കം, പച്ചനിറത്തിലാക്കി.
ഹിന്ദു കുറെക്കൂടി മുന്നോട്ടുപോയി. സ്വന്തം പരസ്യത്തിന്‍െറ പുറംജാക്കറ്റുമായാണ് അത് ഇറങ്ങിയത്. പരസ്യമാകട്ടെ, പത്രംപോലും പരിസ്ഥിതിക്കനുയോജ്യമായി പ്രയോജനപ്പെടുത്തുന്നതെങ്ങനെ എന്നതിനെക്കുറിച്ചും.
‘‘ഞാന്‍ ഒരു പത്രമാവാം. പക്ഷേ, എനിക്ക് നിങ്ങളുടെ പലചരക്കുകളും കുഞ്ഞനിയത്തിയുടെ കളിപ്പാട്ടങ്ങളും ജ്യേഷ്ഠന്‍െറ മാഗസിനുകളും ചായക്കുള്ള പലഹാരങ്ങളും നിങ്ങള്‍ തന്നിഷ്ടം വാങ്ങുന്നതും മാറാനുള്ള ഉടുപ്പുകളും ഇഷ്ടപ്പെട്ട ഷൂകളും ടെന്നിസ് റാക്കറ്റും ജിം സ്നീക്കറും അടുത്ത സുഹൃത്തിനുള്ള ജന്മദിന സമ്മാനവും നിങ്ങളുടെ ടിഫിന്‍ ബോക്സും ഓഫിസ് ഫയലും ട്യൂഷന്‍ നോട്ടുകളും ഡി വി ഡികളും ഫോണ്‍ ചാര്‍ജറും അമ്മയുടെ പാചകക്കുറിപ്പുകളും വിരുന്നിലേക്കുടുക്കേണ്ട വസ്ത്രങ്ങളും ഫുട്ബാളും എന്നുവേണ്ട, കൈയില്‍ കൊണ്ടുപോകാവുന്നതെന്തും വഹിക്കാന്‍ കഴിയും.’’
ഈ കുറിപ്പിനൊപ്പം, ഇതേ പത്രം നല്ളൊരു കടലാസ് സഞ്ചിയാക്കാന്‍ എങ്ങനെയൊക്കെ മടക്കണം, എങ്ങനെ ചരട് കോര്‍ക്കണം തുടങ്ങി ചിത്രസഹിതമുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളും ഉണ്ട്.
നല്ല നിര്‍ദേശം. അതിനെക്കാള്‍ നല്ല ആശയം. ‘‘ഉപയോഗിക്കുക, ഉപേക്ഷിക്കുക’’ എന്ന മട്ടിലുള്ള (use, dispose) ശീലം ഒഴിവാക്കി പകരം പുനരുപയോഗമാവാമെന്ന ആശയം അനേകം ലേഖനങ്ങളെക്കാള്‍ ഫലംചെയ്യും.
ഉള്ളടക്കം ചാരി പരസ്യങ്ങള്‍
പരസ്യദാതാക്കള്‍ക്കും പരസ്യം നല്‍കാന്‍ സാധ്യതയുള്ളവര്‍ക്കും വേണ്ടി വാര്‍ത്തകള്‍ എഴുതുന്നത് പുതുമയുള്ള കാര്യമല്ല. പത്രങ്ങളിലെ ‘ബിസിനസ് വാര്‍ത്തകള്‍’ കുറെയെങ്കിലും വേഷംമാറിയ പരസ്യങ്ങളാണ്.
വാര്‍ത്തകളും ലേഖനങ്ങളും പരസ്യക്കാര്‍ക്കുവേണ്ടി പരുവപ്പെടുത്തുന്നതിന്‍െറ രണ്ടു രീതികള്‍. ഒന്ന് ഹിന്ദുവില്‍, മറ്റേത് ന്യൂയോര്‍ക് ടൈംസില്‍.
മേയ് 30ലെ ഹിന്ദുവിന്‍െറ ‘സയന്‍സ്, ടെക്നോളി’ പേജില്‍ രണ്ടു ലേഖനങ്ങള്‍ വന്നു. വയറിളക്കം കുറക്കാന്‍ ‘‘പ്രോബയോട്ടിക്’’ ഭക്ഷ്യ വസ്തുക്കള്‍ കഴിക്കുന്നതുവഴി സാധിച്ചേക്കുമെന്ന് ഒന്നില്‍ പറയുന്നു. മറ്റേത്, ‘‘തൈര് ഒരു പ്രോബയോട്ടിക്കോ?’’ എന്ന് പരിശോധിക്കുന്നു. തൈരുകൊണ്ടുണ്ടാക്കുന്ന ‘യാക്കള്‍ട്ട്’ എന്ന പാനീയത്തിന്‍െറ ‘‘പ്രോബയോട്ടിക്’’ പ്രയോജനങ്ങള്‍ ലോകാരോഗ്യസംഘടനയെയും മറ്റും ഉദ്ധരിച്ച് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് രണ്ടും എഴുതിയിട്ടുള്ളത്. അതേസമയം, ‘യാക്കള്‍ട്ട്’ എന്ന ജാപ്പനീസ് ഉല്‍പന്നത്തിന്‍െറ ഗുണങ്ങള്‍ നാടന്‍ തൈരുല്‍പന്നങ്ങള്‍ക്കുണ്ടോ എന്നോ ‘യാക്കള്‍ട്ടി’ന്‍െറ ദോഷങ്ങളെന്തെന്നോ ലേഖനങ്ങള്‍ ചര്‍ച്ചചെയ്യുന്നില്ല. ലേഖനങ്ങള്‍ എഴുതിയയാള്‍ ടോക്യോയിലെ യാക്കള്‍ട്ട് ഹോന്‍ഷാ കമ്പനിയുടെ ക്ഷണപ്രകാരം ജപ്പാനില്‍ പോയിരുന്നു എന്ന വിവരം ഏതായാലും ചേര്‍ത്തിട്ടുണ്ട്.
ന്യൂയോര്‍ക് ടൈംസ് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചാണ് പരസ്യദാതാക്കള്‍ക്ക് സേവനം ഉറപ്പുവരുത്തുന്നത്. അവരുടെ പരീക്ഷണ-ഗവേഷണ വിഭാഗം ആറരവര്‍ഷംകൊണ്ട് വികസിപ്പിച്ചെടുത്ത വാര്‍ത്താ പാരായണ യന്ത്രമാണ് സൂത്രം. ‘റിക്കഷേ’ (Ricochet) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പാരായണ യന്ത്രത്തില്‍ ടൈംസ് പ്രസിദ്ധീകരണങ്ങളിലെ ഏതെങ്കിലും ലേഖനം ക്ളിക്ക് ചെയ്താല്‍ അതിനോടൊപ്പം അതുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍കൂടി വരുമെന്നു മാത്രമല്ല, അതിന്‍േറതായ സ്വന്തം പേജ് ഇന്‍റര്‍നെറ്റില്‍ തനിയേ സൃഷ്ടിക്കുകയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ അതിന്‍െറ ലിങ്കുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.