
നാലുവയസ്സുകാരനായ കുട്ടി ഉണ്ണിമാങ്ങ പെറുക്കിയും തുമ്പിയെ പിടിച്ചും ഓലപ്പീപ്പി വിളിച്ചും പൂക്കളറുത്തും ഓടിച്ചാടി മുറ്റത്ത് കളിച്ചു. അതവന്‍െറ പതിവുശീലമായിരുന്നു. അയല്‍ക്കാരനായ കൊള്ളന്നൂര്‍ മാത്യു മകന്‍ മാത്യു അത് കണ്ടു രസിച്ചു. ആ കുസൃതിക്കുരുന്നിന്‍െറ ചെയ്തികള്‍ മാത്യുവിന്‍െറ മനസ്സില്‍ ചിത്രങ്ങളുണ്ടാക്കി. അതൊരു ഉണര്‍വായി. മാത്യു എന്നും അവനെ ശ്രദ്ധിക്കാന്‍ മുറ്റത്തേക്കിറങ്ങി.
പ്രഭാതത്തിലും അപരാഹ്നത്തിലും മധ്യാഹ്നത്തിലും അയല്‍പ്പക്കത്തെ കുട്ടി മുറ്റത്ത് ഓടിക്കളി തുടര്‍ന്നു. വെയിലും മഴയും അവന്‍ കാര്യമാക്കിയില്ല. അവന്‍െറ അപ്പന്‍ ശാസിച്ചപ്പോള്‍ കുസൃതിക്കുരുന്ന് ആര്‍ത്തുചിരിച്ചു. അവന് ഒരു ദിവസം പനിച്ചു. രണ്ടാം ദിവസം അപ്പച്ചന്‍ അവനെ ഡോക്ടറെ കാണിച്ചു. മൂന്നും നാലും ദിവസം പനിമാറിയില്ല. അഞ്ചാം ദിവസം അവന്‍ മരിച്ചു. ഒരു പൂമൊട്ടിന്‍െറ മരണം. മാത്യുവിന് ജലപാനമില്ല, അന്നമില്ല, ഉറക്കമില്ല, മിണ്ടാട്ടമില്ല. തെക്കേ അങ്ങാടി കൊള്ളന്നൂര്‍ മാത്യു മകന്‍ മാത്യു ഒരേ ഇരിപ്പിരുന്നു. വൈകീട്ട് അവന്‍െറ ശവഘോഷയാത്ര പള്ളിയിലേക്ക് നീങ്ങുമ്പോള്‍ പൊന്‍മണിക്കുരുന്നിന്‍െറ ചിത്രം മനസ്സിലിട്ട് ശവഘോഷയാത്രയിലൂടെ പതുക്കെ മാത്യു നടന്നു. പള്ളിയിലത്തെിയ ശവഘോഷയാത്രയിലുള്ളവര്‍ അന്തംവിട്ടുനിന്നു. ശവം ചുമക്കുന്നവര്‍ മൗനികളായി. ചെറിയ കുശുകുശുക്കുകള്‍ മാത്യു കേട്ടു. ശവം അടക്കണമെങ്കില്‍ പുരോഹിതന് കൈമടക്കോ? കര്‍ത്താവേ ഇതെന്തൊരുലോകം! തര്‍ക്കവും വിതര്‍ക്കവും കൂറുകാരും കുലംകുത്തിക്കാരും...
ആ സംഭവം നീതിന്യായ ചിന്തക്ക് കെ.എം. മാത്യുവിന് വിഷയമായി.
ഈ നെറികേടിന്‍െറ പ്രേരണയാണ് കെ.എം. മാത്യുവെന്ന ഏകലവ്യനെ ഈ എഴുത്തിന്‍െറ വഴിയിലേക്ക് തിരിക്കാന്‍ ഇടയായത്. ജനനവും ജന്മവും മാനുഷികാവസ്ഥയുടെ സത്യമാണെന്ന് മേലാളര്‍ അറിയുന്നേയില്ല. മതം ഇന്നും അതേപോലെ. നിയമസഭയിലെ അഞ്ചാം മന്ത്രിമാരെപ്പോലെ.
വിദ്യാഭ്യാസം ഒരു മതത്തിന്, മറ്റൊരു മതത്തിന് റവന്യൂ, വേറൊരുമതത്തിന് നിയമം...ഇതെന്തൊരു ആവര്‍ത്തനമാണ്. അന്തവും കുന്തവുമില്ലാത്ത ഭരണത്തിന്‍െറ ചന്തിക്കുലുക്കം. ഈ ആന്തോളനത്തില്‍ പിടിച്ചുനില്‍ക്കാന്‍ പണ്ട് മാത്യു പാടെ പെടാപാട്പെട്ടു.
മലയോട് കലമെറിഞ്ഞാല്‍ കലം കലങ്ങും. ജീവിതം ചോദ്യചിഹ്നമായി മാത്യുവിന്‍െറ മുന്നില്‍ ഉയര്‍ന്നു. പട്ടാളത്തിലേക്ക് ആളെ ചേര്‍ക്കുന്ന കാലമായിരുന്നു 1953. പക്ഷേ, പണം വേണം. സ്വാതന്ത്ര്യാനന്തരപ്പുലരിയിലെ ജീവിതം ഇന്നും ഒരേപോലെ.
പണം ഉണ്ടെങ്കില്‍ ഈണവും ഗുണവും വരും. പോക്കണംകെട്ടവന്‍ പട്ടാളക്കാരനെന്ന് പറയുന്ന അക്കാലം. പോക്കണംകെട്ടവന് നീതിയില്ല, നെറിയില്ല. വെറിയുടെ വീണ്‍വാക്കുകള്‍ മാത്രം. അതുകൊണ്ട്, പട്ടാളക്കാരന് അന്ന് പെണ്ണില്ല. കുലമഹിമയില്ലാത്തവന്‍ അവന്‍. പതിനെട്ടാംവയസ്സില്‍ പട്ടാളബാരക്കുകളും കെ.എം. മാത്യുവിനെ അസ്വസ്ഥനാക്കി. അക്ഷരങ്ങള്‍ മനസ്സില്‍ ചുരമാന്തിനിന്നു. സഹജീവികള്‍ വിവിധ ദേശക്കാരും മതക്കാരും. ഒരൊറ്റ മുഖവും കാഴ്ചയുമുള്ള പട്ടാളച്ചിട്ട. ഒരേതരം, ഒരേ വഴി, ഒരേ വേഷം. ഉദരനിമിത്തം ബഹുകൃത വേഷം. വല്ലാത്ത പരീക്ഷണമായിരുന്നു ജീവിതം. ജീവിക്കാന്‍തന്നെ മാത്യു ഉറച്ചു. ആ അന്വേഷണത്തിലാണ് പ്രശസ്ത നോവലിസ്റ്റുകളായ പാറപ്പുറത്തും കോവിലനുമായി പരിചയപ്പെടുന്നത്.
പിന്നെ, നന്തനാരുമായും അടുപ്പമായി. ബാരക്കിലെ ഏകാന്തരാത്രികളില്‍ എല്ലാവരും അന്തംവിട്ടുറങ്ങുമ്പോള്‍ മാത്യുവിന്‍െറ മനസ്സ് കഥ പറഞ്ഞു. കുലകുലകളായ കഥകള്‍. പട്ടാളത്തിന്‍െറയും ജനജീവിതത്തിന്‍െറയും. ഏറെ കഥകള്‍ കൊഴിഞ്ഞുവീണു. ചിലതങ്ങനെ നിന്നു. കോവിലനും പാറപ്പുറത്തും ഉദിച്ചുയരുന്ന കാലമായിരുന്നു. 1968ല്‍ ‘രണ്ടു ലോകവും ഒരു ജീവിതവും’ എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ വെളിച്ചത്തുവന്നു. അത് സാഹിത്യത്തിലേക്കുള്ള ഏകലവ്യന്‍െറ ഊന്നുവടിയായിരുന്നു. എന്‍.വി. കൃഷ്ണവാര്യരും എം.ടി. വാസുദേവന്‍ നായരും ആയിരുന്നു അക്കാലത്ത് മാതൃഭൂമിയെ നയിച്ചിരുന്നുത്.
***
1934ല്‍ കുന്നംകുളത്തെ തെക്കേക്കര അങ്ങാടിയില്‍ ജനിച്ച കൊള്ളന്നൂര്‍ മാത്യു മകന്‍ മാത്യു പക്ഷേ, ഏകലവ്യനായി രൂപാന്തരം പ്രാപിച്ചു. പട്ടാളക്കാരന് സ്വന്തം പേരില്‍ സാഹിത്യമില്ല. അത് നിയമവിരുദ്ധം. പേരുമാറ്റിപ്പറഞ്ഞത് കോവിലനാണ്. ‘‘നീ ഇന്നുമുതല്‍ ഏകലവ്യന്‍.’’ പിന്നെ, എഴുത്തിന്‍െറ പാത നീണ്ടു. ‘കല്ലു’ എന്ന ആദ്യനോവല്‍, തുടര്‍ന്ന് 33 നോവലുകള്‍! മൂന്നു കഥാസമാഹാരങ്ങള്‍. ഒരു യാത്രാവിവരണം. പ്രസിദ്ധീകരിക്കാത്ത ഒരുപാടു കഥകള്‍.
എഴുത്തിന്‍െറ രാജപാതയിലായിരുന്നു ഏകലവ്യന്‍ അക്കാലത്ത്. ആരെയും നേരാംവണ്ണം മുഖം കാണിക്കാത്തതുകൊണ്ട് ഏകലവ്യനെ സഹൃദയര്‍ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ. ‘പാപത്തിന്‍െറ ശമ്പളവും’ ‘കാഞ്ചനവും’ ‘ഒരിറ്റ് സ്നേഹത്തിനായി’ എന്ന നോവലും ചലച്ചിത്രമാക്കിയിട്ടുണ്ട്. ‘അയനം’ എന്ന നോവല്‍ കുന്നംകുളം സംസ്കാരത്തിന്‍െറയും കുന്നംകുളത്തിന്‍െറ ശ്ളീലാശ്ളീലങ്ങളുടെയും കഥ പറയുന്നതാണ്. പ്രാദേശികമായി അത് കുറെയേറെ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്.
മലയാള സാഹിത്യലോകത്തിലെ ഈ ഏകാന്തപഥികന് സാഹിത്യ അക്കാദമിയില്‍ ഒരിടവും ഉണ്ടായിട്ടില്ല. ഭാഷയോടും സാഹിത്യത്തിനോടുമുള്ള അര്‍പ്പണബോധത്തോടെ ഏകാന്തമായി ജീവിച്ച സാഹിത്യകാരനാണ് ഏകലവ്യന്‍.
സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നാറ്റവഴിയേ പോകാതെ ഒറ്റയാനായി നടന്ന ഈ പട്ടാളക്കാരനായ സാഹിത്യകാരന്‍ വൃക്കരോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മേയ് ഏഴിന്, 78ാം വയസ്സില്‍ അന്തരിച്ചു. മത-രാഷ്ട്രീയ സാഹിത്യത്തെയും ജാതി രാഷ്ട്രീയ സാഹിത്യത്തെയും എതിര്‍ത്ത ഏകലവ്യന്‍ ജാതിമതങ്ങളുടെ പുരസ്കാരങ്ങള്‍ വേണ്ടെന്നുവെച്ച ആദര്‍ശശാലിയായിരുന്നു. അതുകൊണ്ട്, മത-ബോധനക്കാര്‍ അദ്ദേഹത്തിന് നേരെ മുഖംതിരിച്ചു. ബ്രിട്ടീഷുകാര്‍ പരത്തിയ അടിമബോധത്തിന്‍െറ പരിണതഫലമാണ് ആഗോളീകരണകാലത്തും മലയാളം അനുഭവിക്കുന്നത് എന്ന ഉറച്ച കാഴ്ചപ്പാടായിരുന്നു ഏകലവ്യന്. മറ്റുള്ളവരില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും ഇതുതന്നെ.
പെങ്ങാമുക്ക് സ്വദേശി ലീലാമണിയാണ് ഏകലവ്യന്‍െറ ഭാര്യ. മക്കള്‍: സനില്‍ മാത്യു, ഡോ. സുനില്‍ മാത്യു (ഡള്ളസ്, അമേരിക്ക) എന്നിവരാണ്. മലയാളം ഏകലവ്യനെ നിഷ്കരുണം പൊതുധാരയില്‍നിന്ന് മാറ്റിനിര്‍ത്തി എന്നുപറയാം.