
ചരിഞ്ഞ മേല്‍ക്കൂരയും തടിച്ചുവരുകളുമുള്ള കല്ലുകെട്ടിയ ആ വീട് നാനൂറ് വര്‍ഷമായി ടൊയോ മാ ടങ് (Toyo Ma Tung) എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്തുവരുന്നു. ജപ്പാന്‍െറ വടക്കുകിഴക്കന്‍ പ്രദേശത്ത് നാലിലധികം തലമുറകളെ പോറ്റിവളര്‍ത്തിയ അപ്രാചീനഗേഹം ഒട്ടുമിക്ക ഭൂമികുലുക്കങ്ങളെയും അതിജീവിക്കാനുള്ള ധൈര്യംകാട്ടി. എന്നാല്‍, 2011 മാര്‍ച്ച് 11ന് ഉണ്ടായ കടുത്ത ഭൂചലനം ഫുകുഷിമയിലെ ന്യൂക്ളിയര്‍ പവര്‍റിയാക്ടറിന്‍െറ പൊട്ടിത്തെറിയില്‍ കലാശിച്ചതോടെ ജപ്പാനെ തകിടംമറിക്കുകതന്നെ ചെയ്തു. ഫുകുഷിമയില്‍നിന്ന് നൂറുകിലോമീറ്റര്‍ മാത്രം അകലെയുള്ള നാനൂറുകാരന്‍വീടും നിലംപൊത്തി. അകത്തുണ്ടായിരുന്ന ഗൃഹനാഥനും ഭാര്യയും രണ്ടുകുട്ടികളും ഓടിരക്ഷപ്പെട്ടു. തലനാരിഴക്ക് രക്ഷപ്പെട്ട അവര്‍ക്ക് ബന്ധുമിത്രാദികളെയൊന്നും കണ്ടത്തൊനോ അന്വേഷിക്കാന്‍പോലുമോ കഴിയുമായിരുന്നില്ല. ജീവനുംകൊണ്ട് പലായനംചെയ്യുന്ന മനുഷ്യര്‍ക്കിടയില്‍ അവരും ചേര്‍ന്നു. വെള്ളമില്ല, വെളിച്ചമില്ല, ടെലഫോണ്‍ ബന്ധങ്ങളില്ല, ട്രെയിന്‍ ഇല്ല, റോഡുകളില്ല... എല്ലാം തകര്‍ന്നുതരിപ്പണമായിരുന്നു. മാത്രമോ ന്യൂക്ളിയര്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചതിനാല്‍ ഉണ്ടായ റേഡിയേഷന്‍കൂടിയായപ്പോള്‍ എത്രയും അകലെപോകുന്നുവോ അത്രയും നല്ലത് എന്ന ചിന്ത എല്ലാവരിലും നുരപൊന്തി. നടന്നും ഓടിയും പത്തുകിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞപ്പോള്‍ ടാക്സി കിട്ടുമെന്നായി. എന്നാല്‍, അതും പെട്രോള്‍ തീരുന്നതുവരെയെന്ന ഉപാധിയിന്മേല്‍! അങ്ങനെ പല ടാക്സികളില്‍ കയറിപ്പറ്റി ഇരുനൂറ് കിലോമീറ്റര്‍ സഞ്ചരിച്ച് നിഗാത്ത എന്ന സ്ഥലത്തത്തെി ട്രെയിനില്‍ കയറി. സൂപ്പര്‍ എക്സ്പ്രസ് ട്രെയിന്‍ അപ്പോഴും തകര്‍ന്നിട്ടില്ലാത്ത ട്രാക്കുകള്‍ വഴി ടോക്യോവിലേക്ക് പാഞ്ഞു- ഒരു ട്രെയിനില്‍ നാലു ട്രെയിനില്‍ കയറാനുള്ള ജനങ്ങളുമായി. ആ കുടുംബം ടോക്യോവില്‍ എത്തി ഭാര്യാപിതാവിന്‍െറ ഗൃഹത്തില്‍ സുരക്ഷിതരായതോടെ കനത്ത മഴ ആരംഭിച്ചു. അന്തരീക്ഷത്തില്‍നിന്ന് അണുവികിരണം ഭൂമിയിലത്തെി. ഭൂഗര്‍ഭജലത്തിലത്തെി. പിന്നെ കുടിവെള്ളംപോലും ഇല്ലാത്ത അവസ്ഥ! എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരായ ആ പാവം മനുഷ്യന് ഹാഗാ അക്കിയോക്ക് ഇന്ത്യയില്‍നിന്നൊരു സന്ദേശം ലഭിക്കുന്നു. മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയത്തിലെ വൈസ് ചാന്‍സലര്‍ പ്രഫ. ബിഭൂതി നാരായണ്‍ റേയുടെ ആ സന്ദേശം ദല്‍ഹിയിലുള്ള ജപ്പാന്‍കാരനായ ഒരു സുഹൃത്തുവഴി അക്കിയോക്ക് ലഭിക്കുമ്പോള്‍ അത് മറ്റൊരു ജീവിതത്തിന്‍െറ തുടക്കമായിരുന്നു. ജപ്പാന്‍കാരനായ ഒരെഴുത്തുകാരന്‍െറ രണ്ടാം ജന്മം!
നിഷ്കളങ്കമായ കണ്ണുകളും വെളുത്തുനീണ്ട താടിയും സുദൃഢമായ സാമ്രാജ്യത്വവിരുദ്ധ നിലപാടുകളുമായി ജപ്പാനിലെ പുരോഗമന എഴുത്തുകാരുടെ സംഘടനയായ PENന്‍െറ പ്രധാനികളിലൊരാള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ആദ്യ അന്വേഷണം ആ പ്രസ്ഥാനത്തെക്കുറിച്ചുതന്നെയാകാമെന്ന് കരുതി-
താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന PEN എന്ന സംഘടന ഏതൊക്കെ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്?
* ലോകത്തെ ഏതൊരു പുരോഗമനവാദിയെയുംപോലെ ജപ്പാനിലെ PEN അംഗങ്ങളും സാമ്രാജ്യത്വവിരുദ്ധനിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. യുദ്ധങ്ങള്‍ക്കെതിരെയുള്ള എഴുത്തുകാരന്‍െറ പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ മുതലാളിത്തനയങ്ങള്‍ക്കെതിരെ അത്യാവശ്യമെങ്കില്‍ കലാപംനടത്തുന്നതിന് ഞങ്ങള്‍ എതിരല്ളെന്നും മനസ്സിലാക്കണം. എന്‍െറ രാജ്യം ഏറ്റവുമധികം പീഡനങ്ങള്‍ അനുഭവിച്ചിട്ടുള്ളത് അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍നിന്നുമാണ്. ഇന്ന് പക്ഷേ, അമേരിക്കന്‍ നയങ്ങളെ പിന്തുണക്കുന്ന ഒരു രാജ്യമായി ജപ്പാന്‍ തരംതാണുപോയിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയിലും മറ്റും ജപ്പാന്‍ പ്രതിനിധി അമേരിക്കന്‍ പ്രതിനിധിയെ ഉറ്റുനോക്കിയിരിക്കുന്നത് കാണാം. അവര്‍ ചെയ്യുന്നതും പറയുന്നതും അനുകരിക്കുന്നതിനായി! അമേരിക്കന്‍ ബോംബിങ്ങില്‍ അണുപ്രഹരമേറ്റ് ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുന്ന സാധാരണ ജപ്പാന്‍കാരന് അമേരിക്കന്‍ മുതലാളിത്തത്തിനുവേണ്ടി കൈ ഉയര്‍ത്തുന്ന ജപ്പാന്‍ ഭരണനേതൃത്വത്തെ എങ്ങനെയാണ് അംഗീകരിക്കാനാവുക? അടുത്തിടെ അന്തരിച്ച പ്രശസ്ത ജാപ്പനീസ് നോവലിസ്റ്റ് ഇനോയെ ഹിസശി PEN അധ്യക്ഷന്‍ എന്ന നിലയില്‍ കടുത്തതോതില്‍ അമേരിക്കന്‍ വിരുദ്ധനിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ജപ്പാനിലെ ആധുനിക കൃതികളില്‍ ഒട്ടുമിക്കവയും ആണവഭീകരതയെക്കുറിച്ചുള്ളവയാണല്ളോ?
* അതെ, നൊബേല്‍ സമ്മാനജേതാവായ ഓയെ കെന്‍സബറോയുടെ നിരവധി ഹിരോഷിമ സംബന്ധിയായ ലേഖനങ്ങള്‍ ലോകപ്രശസ്തങ്ങളാണ്. മാത്രവുമല്ല, നാഗസാക്കിയിലെ ആണവായുധ പ്രയോഗത്തില്‍ നിരവധി സുഹൃത്തുക്കളെ നഷ്ടപ്പെട്ട പ്രഗല്ഭയായ ജാപ്പനീസ് എഴുത്തുകാരി സത ഇനകോയുടെ പ്രസ്തുത വിഷയത്തിലുള്ള ലേഖനങ്ങള്‍ ഞാന്‍ എഡിറ്റുചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാഗസാക്കി ദുരന്തത്തിന്‍െറ ഏറ്റവും വികാരതീവ്രമായ അനുഭവങ്ങളാണ് ആ ഗ്രന്ഥത്തില്‍ കാണപ്പെടുന്നത്. ഇതൊക്കെ വായിച്ചുവളരുന്ന തലമുറ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ചിന്തിക്കുന്നു.
PEN അംഗം എന്ന നിലയില്‍ ഇന്ത്യയിലെ പുരോഗമന എഴുത്തുകാരുമായുള്ള താങ്കളുടെ ബന്ധം എങ്ങനെ?
* ഇന്ത്യയില്‍ പ്രേംചന്ദും സജാദ് സഹീറും നേതൃത്വം നല്‍കി വളര്‍ത്തിയെടുത്ത പുരോഗമന എഴുത്തുകാരുടെ പ്രസ്ഥാനമായ പ്രോഗസിവ് റൈറ്റേഴ്സ് അസോസിയേഷന്‍ (പി.ഡബ്ള്യൂ.എ) എനിക്ക് അടുപ്പമുള്ള എഴുത്തുകാരുടെ സംഘടനയാണ്. അതിന്‍െറ ദേശീയ അധ്യക്ഷന്‍ ഡോ.നംവര്‍സിങ്ങുമായുള്ള പരിചയവും അടുപ്പവുമാണ് ഇപ്പോള്‍ എന്‍െറ രക്ഷക്കത്തെിയത്. അദ്ദേഹമാണ് വാര്‍ധയിലെ മഹാത്മാഗാന്ധി ഇന്‍റര്‍നാഷനല്‍ ഹിന്ദി യൂനിവേഴ്സിറ്റിയുടെ ചാന്‍സലര്‍. അവിടെ ജാപ്പനീസ് പഠിപ്പിക്കാനുള്ള ഫാക്കല്‍റ്റിയായാണ് എനിക്ക് ഇപ്പോള്‍ നിയമനം ലഭിച്ചതും അതനുസരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാകുന്നതും.
താങ്കള്‍ക്ക് ഇന്ത്യയുമായുള്ള പൂര്‍വബന്ധം? മുമ്പ് ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടോ?
* ടോക്യോ സര്‍വകലാശാലയില്‍ എം.എക്ക് ഞാന്‍ ഐച്ഛികവിഷയമാക്കിയത് ഉര്‍ദു ഭാഷയാണ്. ഉര്‍ദുവിന്‍െറ ഉന്നതമായ സാഹിത്യമൂല്യത്തെക്കുറിച്ച് ഞാന്‍ വായിച്ചറിഞ്ഞിരുന്നു. അതിനുശേഷം ഞാന്‍ ഇന്ത്യ കാണാന്‍ ഇറങ്ങിത്തിരിച്ചു. നൂറു തവണയിലധികം ഞാന്‍ ഇന്ത്യന്‍ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്. ഈയവസരത്തില്‍ ഞാന്‍ ഹിന്ദിഭാഷയും പഠിച്ചു. അതുകൊണ്ട് വാര്‍ധയില്‍ ഞാന്‍ ജാപ്പനീസ് പഠിപ്പിക്കുന്നത് ഹിന്ദി മീഡിയത്തിലാണ്.
നിരവധി ഭാഷകളുള്ള രാജ്യമാണല്ളോ ഇന്ത്യ. ഇവിടെ നിരന്തരം സന്ദര്‍ശനം നടത്തിയിട്ടുള്ള താങ്കള്‍ക്ക് ഇന്ത്യക്കാരുടെ ഭാഷാസ്നേഹത്തെക്കുറിച്ച് എന്തു തോന്നി?
* നിരവധി ഭാഷകള്‍ നിലനില്‍ക്കുകയും അവയിലൊക്കെ സാഹിത്യമുണ്ടാകുകയും ചെയ്യുന്ന നല്ല പ്രവണത ഇന്ത്യയിലുണ്ട്. എന്നാല്‍, മിക്കവര്‍ക്കും അവരവരുടെ ഭാഷയോട് മാത്രമാണ് ഭ്രമം. രാഷ്ട്രഭാഷയായ ഹിന്ദി അറിയാത്ത നിരവധിയാളുകളുള്ള രാജ്യമാണ് ഇന്ത്യയെന്നും ഞാന്‍ മനസ്സിലാക്കുന്നു.
വളരെ കാതലായ ഒരു വിമര്‍ശമാണ് താങ്കള്‍ ഉന്നയിച്ചത്. പ്രാദേശിക ഭാഷകള്‍ക്കായി മല്ലടിക്കുന്നതിലേക്ക് ഇന്ത്യയുടെ അഖണ്ഡത മൂക്കുകുത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ട ഒരു കാലമാണിതെന്നതില്‍ രണ്ടു പക്ഷമില്ല. എല്ലാ ഭാഷകളെയും ഏറ്റുവാങ്ങുന്ന മലയാളിക്കുപോലും ഹിന്ദി എത്രകണ്ട് വഴങ്ങുന്നുണ്ടെന്നത് ഒരു പ്രശ്നംതന്നെയാണ്. ജപ്പാനില്‍ താങ്കളെ ഉര്‍ദു പഠിപ്പിച്ച അധ്യാപകര്‍ ആരൊക്കെയായിരുന്നു?
* ജപ്പാനിലെ ടോക്യോ യൂനിവേഴ്സിറ്റിയിലെ ഉര്‍ദു അധ്യാപകരായിരുന്ന പ്രഫ.ശ്രീപ്രകാശ്, പ്രഫ.സവേരി എന്നീ അധ്യാപകരെ ഒരിക്കലും മറക്കാനാവില്ല. അവര്‍ ആ ഭാഷമാത്രമല്ല അതുവഴി ഒരു വിപുലമായ സംസ്കാരത്തെക്കൂടി പകര്‍ന്നുനല്‍കി.
ഇന്ത്യാ സന്ദര്‍ശനവേളകള്‍ ഒരെഴുത്തുകാരന്‍ എന്നനിലയില്‍ താങ്കള്‍ എവ്വിധമാണ് ഉപയോഗപ്പെടുത്തിയത്?
* ‘ഇന്തോ-നോ-ഫുഷിഗി’ എന്ന ജാപ്പനീസ് ഭാഷയില്‍ എഴുതിയ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകമാണ് ആദ്യം പുറത്തുവന്നത്. പിന്നീടത് ‘Strangeness of India’ എന്ന തലക്കെട്ടില്‍ ഇംഗ്ളീഷില്‍ പ്രസിദ്ധീകൃതമായി. അതുകൂടാതെ കുറെ ജാപ്പനീസ് കഥകള്‍ ‘ബാസ് കസനേവാലി കി കഹാനി’ എന്ന ശീര്‍ഷകത്തില്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി ദല്‍ഹിയിലെ നാഷനല്‍ ബുക് ട്രസ്റ്റ് വഴി പ്രസിദ്ധീകരിച്ചു. ‘തക്കേ തൊടി മൊണോകാ താടി’ (Thake Thodi Monoka Thadi) എന്നാണ് ജാപ്പനീസ് ഗ്രന്ഥത്തിന്‍െറ തലക്കെട്ട്.
താങ്കളുടെ ജാപ്പനീസ് വര്‍ക്കുകള്‍ എന്തൊക്കെയാണ്?
* ജാപ്പനീസ് ഭാഷയില്‍ രചിച്ച മറ്റൊരു ഗ്രന്ഥമാണ് ‘ടൊയോമ മൊണെഗാതാരി’ (Toyoma Monogatari). ഇത് ടൊയോമ എന്ന എന്‍െറ നാടിന്‍െറ പ്രകൃതിയും ജീവിതവും അടങ്ങുന്ന കൃതിയാണ്. ടൊയോമയുടെ കഥ (The Tale of Toyoma) എന്നു പരിഭാഷപ്പെടുത്താവുന്ന ഗ്രന്ഥം ജപ്പാന്‍കാര്‍ നന്നായി സ്വീകരിച്ചു.
സാഹിത്യജീവിതത്തില്‍ വെല്ലുവിളിയുണര്‍ത്തിയതോ തീവ്ര വേദനയേകിയതോ ആയ കൃതികള്‍?
* അങ്ങനെ ചോദിച്ചാല്‍ എനിക്ക് പറയാനുള്ളത് ഞാന്‍ നടത്തിയ ഒരു പരിഭാഷയെക്കുറിച്ചാണ്. പരിഭാഷ എന്നുപറഞ്ഞാല്‍ പ്രാചീന ജാപ്പനീസ് ഭാഷയില്‍നിന്ന് ആധുനിക ജാപ്പനീസ് ഭാഷയിലേക്കുള്ള മാറ്റമാണ് ഇവിടെ അര്‍ഥമാക്കുന്നത്. പ്രാചീന ജാപ്പനീസ് ഭാഷക്ക് 1300 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ചരിത്രമാണ് രേഖപ്പെടുത്താനുള്ളത്. വര്‍ഷങ്ങളുടെ ശ്രമഫലമായാണ് പ്രാചീന ജാപ്പനീസ് ഭാഷ ഞാന്‍ പഠിച്ചെടുത്തത്. ലോകത്തെ ഏറ്റവും പഴക്കമുള്ള, ഏറ്റവും ദൈര്‍ഘ്യമുള്ള നോവല്‍ 11ാം നൂറ്റാണ്ടില്‍ രചിച്ച ‘ഗെന്‍ജി മൊണോഗാതാരി’ (The Tale of Genji) എന്ന പുസ്തകമാണ്. അഞ്ഞൂറിലധികം കവിതകളുംമറ്റുമുള്ള ഈ നോവലിന് കൂറ്റന്‍ പത്തു വാല്യങ്ങള്‍തന്നെയുണ്ട്. അക്കാലത്ത് യാഥാസ്ഥിതിക ജാപ്പനീസ് കുടുംബങ്ങളിലെ സ്ത്രീ-പുരുഷന്മാരില്‍ പ്രേമം മൊട്ടിടുമ്പോള്‍ അവര്‍ കവിതകള്‍ ചമക്കുമായിരുന്നു. പ്രേമവും വിരഹവും പകയും ചതിയും പോരാട്ടവും അധികാരവും പച്ചയായ ജീവിതവുമെല്ലാം അടങ്ങിയ ‘ഗെന്‍ജിയുടെ കഥ’ വളരെ രസാവഹമാണ്. ഒപ്പം ഉദ്വേഗജനകവുമാണ്. ഇത് പ്രാചീന ജാപ്പനീസ് അറിയുന്നവര്‍ മാത്രമല്ല, പുതു ജപ്പാന്‍ വായനക്കാര്‍ക്കുകൂടി രുചിക്കാന്‍ കഴിയണം എന്ന ദൃഢനിശ്ചയത്തോടെ ഞാന്‍ വര്‍ക്കുചെയ്യാനാരംഭിച്ചു. വര്‍ഷങ്ങള്‍ എടുത്ത് ആ ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍ കഠിന പരീക്ഷണങ്ങളെയാണ് നേരിടേണ്ടിവന്നത്. അതിനെതുടര്‍ന്ന് ആ ഗ്രന്ഥം രചിച്ച മുറാസകി ഷിക്കിബുന്‍െറ കൃതികള്‍ ആകെ എഡിറ്റുചെയ്യാനുള്ള ചുമതലയും ഞാന്‍ ഏറ്റെടുത്തു. മുറാസകിയുടെ കൃതികള്‍ വൈകാതെ ലോകഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനുള്ള വഴിയും തുറന്നുകിട്ടി. ജപ്പാനിലെ ഏറ്റവും ശക്തിയുള്ള കവിയുംകൂടിയായിരുന്നു മുറാസകി.
താങ്കളുടെ ഏറ്റവും പുതിയ കൃതി ഏതാണ്? സ്വതന്ത്ര രചനയോ പരിഭാഷയോ?
* ജാപ്പനീസ്ഭാഷയില്‍ രചന നിര്‍വഹിക്കുന്ന എഴുത്തുകാരികളില്‍ ഏറ്റവും പ്രായംകൂടിയ, ജീവിച്ചിരിക്കുന്ന നോവലിസ്റ്റാണ് ‘സെതോച്ച് ജാക്ഷോ’ (Setouchi Jyakucho). ഈ മേയ് 15ന് 90 വയസ്സ് തികഞ്ഞ അവരുടെ ഏറ്റവും പുതിയ നോവലാണ് ‘ഫൂക്കി’ (Fukei). ആ വാക്കിന്‍െറ അര്‍ഥം ലാന്‍ഡ്സ്കെയ്പ് എന്നാണ്. 200ല്‍പരം നോവലുകള്‍ രചിച്ചിട്ടുള്ള സെതോച്ചിന്‍െറ ഈ പുതിയ നോവല്‍ ഹിന്ദിയിലേക്ക് ‘മഹോള്‍’ (Maoul) എന്ന തലക്കെട്ടില്‍ ഞാന്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അത് ഉടന്‍തന്നെ പുറത്തുവരും. വിവിധ ഭൂപ്രകൃതികളില്‍ പ്രേമം തഴച്ചുവളരുന്നതെങ്ങനെയെന്ന് തൊണ്ണൂറുകളിലെ നോവലിസ്റ്റ് വരച്ചുകാട്ടുമ്പോള്‍ അത് തീക്ഷ്ണയൗവനമുള്ള ഒരു എഴുത്തുകാരിയുടെ രചനയായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നുവെന്നതാണ് ഈ കൃതിയുടെ മേന്മ. ഒരു സ്വതന്ത്ര രചന എന്ന തരത്തില്‍ എനിക്ക് സംതൃപ്തി ലഭിച്ച ഒരു പരിഭാഷയാണ് ഇത്.
പരിഭാഷകളെ സ്വതന്ത്രരചനയെന്നവിധം ഗൗരവപൂര്‍വം സമീപിക്കുന്ന താങ്കള്‍ക്ക് രണ്ടു രചനാവഴികളും ഒരുപോലെ തൃപ്തിതരുന്നുണ്ടാകുമെന്ന് കരുതാമോ?
* നിശ്ചയമായും. പരിഭാഷ നിര്‍വഹിക്കുമ്പോള്‍ ഒരു സ്വതന്ത്രകൃതി രചിക്കുന്ന അതേ അര്‍പ്പണബുദ്ധിയും രചനാപരമായ വേദനയും അനുഭവിക്കാറുള്ള ഒരാള്‍ എന്ന തരത്തില്‍ എനിക്ക് ഇവ രണ്ടിലും ഭേദമില്ല. രണ്ടും എന്നെ സംബന്ധിച്ചിടത്തോളം ക്രിയേഷന്‍ തന്നെയാണ്.
ഇപ്പോള്‍ ഇന്ത്യയില്‍ താമസിക്കുന്ന ജാപ്പനീസ് എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് ഒരു അന്യതാബോധം എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?
* ഇതിനൊരു മറുവശമുണ്ട്. ഒരു ജപ്പാന്‍കാരന്‍ ലോകത്ത് എവിടെ വസിച്ചാലും അവന്‍െറ ഭൂതകാലം അവനെ വേട്ടയാടിക്കൊണ്ടിരിക്കും. സുഖകരമായതൊന്നുമല്ലല്ളോ ഞങ്ങളുടെ ഭൂതകാലം ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ഈ വേട്ടയാടല്‍ ഉള്ളിടത്തോളം കാലം എവിടെയായാലെന്ത്? എങ്ങനെയായാലെന്ത്?
ഭൂതകാലത്തെ ഇരുളിനെ താങ്കള്‍ കാട്ടിത്തന്ന സാഹചര്യത്തില്‍ അന്വേഷിക്കട്ടെ, ജപ്പാനിലുള്ള ബന്ധുക്കളുടെ സ്ഥിതി ഇപ്പോള്‍ എങ്ങനെയാണ്?
* എന്‍െറ അമ്മയും സഹോദരിയുമാണ് ജപ്പാനിലുള്ളത്. അമ്മക്ക് 95 വയസ്സായി. ആണവദുരന്തത്തിന്‍െറ ഇരയായി അമ്മ ആശുപത്രികിടക്കയിലായിട്ട് വര്‍ഷങ്ങളായി. സഹോദരിയും മാറാരോഗങ്ങളുമായി മറ്റൊരാശുപത്രിയില്‍ കഴിയുന്നു. എന്‍െറ വരുമാനത്തിന്‍െറ നല്ളൊരുഭാഗവും അവരുടെ ചികിത്സക്കുവേണ്ടിയാണ് ചെലവാക്കുന്നത്. എന്നാല്‍, കൂടക്കൂടെ അവരെപോയി കാണാന്‍ എനിക്ക് കഴിയുന്നില്ല. അത്രയധികമുണ്ട് വിമാനക്കൂലിയും മറ്റും. മാത്രവുമല്ല, ടോക്യോവിലും ആണവപ്രസരണം കുടിവെള്ളത്തിലുള്‍പ്പെടെ ഉണ്ടായ സാഹചര്യത്തില്‍ കുട്ടികളെ അവിടേക്ക് കൊണ്ടുപോകുന്നതിലും അര്‍ഥമില്ല. എന്തായാലും ഞാന്‍ ഒരു മാസത്തിനുള്ളില്‍ അമ്മയെയും സഹോദരിയെയും സന്ദര്‍ശിക്കാന്‍ പോകുന്നുണ്ട്, ഏകനായി. ഏത് അണുപ്രസരണത്തിനും തടയാനാകുകയില്ലല്ളോ രക്തബന്ധത്തിന്‍െറ പ്രസരണശക്തിയെ!
തീവ്രാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും ജീവിതത്തെ സധൈര്യം അഭിസംബോധന ചെയ്യാനുള്ള താങ്കളുടെ ആത്മധൈര്യം മറ്റെഴുത്തുകാര്‍ക്കും മനുഷ്യര്‍ക്കാകെയും പ്രചോദനമാണെന്ന് പറയാതിരിക്കാനാകുന്നില്ല.
* എന്‍െറ പൊള്ളുന്ന അനുഭവങ്ങള്‍ Haga Akio എന്ന എന്‍െറ ജാപ്പനീസ് ബ്ളോഗില്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നു. ലോകത്തിലെ ഓരോ മനുഷ്യജീവിയുമായി പങ്കിട്ടുകൊണ്ടിരിക്കുന്നു. താങ്കള്‍ സൂചിപ്പിച്ച ആത്മധൈര്യം മാത്രമാണ് എന്‍െറ കൈമുതല്‍. പിന്നെ, ഇന്ത്യയിലെ നിരവധി സുഹൃത്തുക്കള്‍ നല്‍കുന്ന പിന്തുണയും സഹായവും.
ദുരനുഭവങ്ങളില്‍നിന്ന് കൂടുതല്‍ ശക്തിയോടെ തിരിച്ചുവരാനുള്ള അസാധാരണ പ്രഭാവം കാട്ടിയിട്ടുള്ള ചരിത്രമാണ് ജപ്പാന്‍ ലോകത്തിന് നല്‍കിയിട്ടുള്ളത്. നിശ്ചയമായും താങ്കള്‍ പ്രകടിപ്പിക്കുന്നതും അതുതന്നെ. വരുന്ന കാലത്ത് ഒരു എഴുത്തുകാരന്‍ എന്ന നിലയിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ നേതാവ് എന്ന തലത്തിലും ഉത്തമനായ വ്യക്തി എന്ന ഒൗന്നത്യത്തിലും മറ്റുള്ളവര്‍ക്ക് പ്രചോദനവും മാതൃകയും ആകാന്‍ താങ്കളുടെ കര്‍മപഥത്തിന് കഴിയട്ടെ എന്ന ആശംസകളോടെ അഭിവാദനമര്‍പ്പിക്കുന്നു. നമസ്കാരം.
പ്രത്യാഭിവാദ്യംചെയ്തുകൊണ്ട് ഒരിക്കലും തളരാത്ത മനസ്സുമായി ഉള്ളില്‍ ഇരമ്പുന്ന സ്മരണകളുമായി സുഷുപ്തിയിലായ ഒരഗ്നിപര്‍വതംപോലെ ഹാഗാ അക്കിയോ തലകുനിക്കുന്നു, ചെറിയ കണ്ണുകള്‍ അടച്ചുപിടിക്കുന്നു...