അവന്‍െറ ആ പൂമരം ഞാനായിരുന്നു | Madhyamam Weekly
Weekly


അവന്‍െറ ആ പൂമരം ഞാനായിരുന്നു

അനുഭവക്കുറിപ്പ്: പ്രിയ എ.എസ്

ഒരു മഹാരാജാസ് ഡിഗ്രി പ്രഭാതത്തില്‍, കണ്ണടക്കാരന്‍ ക്ളാസ്മേറ്റ് അജിത് എന്നോട് വന്നുപറഞ്ഞു: എനിക്ക് പ്രിയയോട് തനിച്ചൊന്ന് സംസാരിക്കണം.
എനിക്കെന്തോ ഒരു പന്തികേട് മണത്തു അപ്പോഴേ.
ആള്‍ക്കൂട്ടത്തില്‍ മുങ്ങിമറഞ്ഞ് അജിത്തിന് തീരെയും മുഖംകൊടുക്കാതെ നടന്നു അന്നത്തെ ക്ളാസ്നേരമത്രയും ഞാന്‍...
പക്ഷേ, ഉച്ചക്ക് വീടണയാന്‍ നേരമായപ്പോഴേക്ക് കൂട്ടുകാരൊഴുകിപ്പോയി. ഞാന്‍ തികച്ചും തനിച്ചായി. മഹാരാജാസിന്‍െറ ഭീമന്‍ തൂണുകളിലൊരെണ്ണത്തിനടുത്തുവെച്ച്, ഏതോ മരക്കൊമ്പത്തുനിന്നടര്‍ന്നുവീണ പക്ഷികണക്ക് അജിത് പെട്ടെന്ന് എന്‍െറ മുന്നില്‍ ചിറകുവിരിച്ചു.
മന$പൂര്‍വം എന്നെ ഒഴിവാക്കി നടക്കുകയായിരുന്നു അല്ലേ എന്ന് ആ കണ്ണടക്കൂട്ടുകാരന്‍ കള്ളക്കുട്ടിയെപ്പോലെ ചൂളിനിന്ന എന്‍െറ കണ്ണിലേക്കുതന്നെ നോക്കി ചോദ്യമെറിഞ്ഞതോടെ, എന്‍െറ നിലനില്‍പ് തികച്ചും പരുങ്ങലിലായി.

പ്രത്യേകിച്ച് മുഖവുരയൊന്നുമില്ലാതെ, പ്രത്യേകിച്ച് ഭാവപ്പകര്‍ച്ചയൊന്നുമില്ലാതെ അജിത് പെട്ടെന്ന് പറഞ്ഞു: എനിക്ക് പ്രിയയെ ഇഷ്ടമാണ്.
ആ തുറന്നുപറച്ചിലിന്‍െറ കണ്ണടവട്ടത്തിലേക്ക് പകപ്പോടെ നോക്കിക്കൊണ്ട് ഒരു നിമിഷം ഞാന്‍ നിന്നു. എന്നിട്ട് എവിടന്നോ വാക്കൊക്കെ പെറുക്കിക്കൂട്ടി വിക്കിവിക്കിപ്പറഞ്ഞു: അതിന് നമ്മള്‍ടെ ക്ളാസിലെല്ലാവര്‍ക്കും അറിയാമല്ലോ എനിക്ക് ഉണ്ണിയുമായുള്ള ഇഷ്ടം.
കണ്ണില്‍നിന്ന് ഒരു കാരണവുമില്ലാതെ ഊര്‍ന്നുപോകുന്നു ഈ കണ്ണട എന്ന മട്ടില്‍ കണ്ണട ഊരുകയും തിരികെ വെക്കുകയും ചെയ്തുകൊണ്ട് അജിത് ഭാവഭേദമെന്യേ പറഞ്ഞു: ഇല്ല, ഞാനറിഞ്ഞില്ല.
പിന്നെ ആ ‘തൂണരികില്‍- സംഭാഷണ’ത്തില്‍ ഉടനീളം അനുവര്‍ത്തിച്ചുവന്ന ഭാവഭേദമില്ലായ്മയുടെ തുടര്‍ച്ചയോടെ അജിത് കൂട്ടിച്ചേര്‍ത്തു. സാരമില്ല. പ്രിയയെ പെങ്ങളായി കണ്ടോളാം ഇനിമുതല്‍ ഞാന്‍.
പ്രണയം അരനിമിഷത്തിനകം എങ്ങനെ സാഹോദര്യം ആവും എന്ന ചിന്താക്കുഴപ്പംകൂടിയായപ്പോള്‍ എനിക്കാ തൂണരികില്‍നിന്ന് ഒന്നനങ്ങാന്‍പോലും ആകാതായി.
നമ്മടെ ദീപയോടൊന്നും ഇത് പറയരുത് എന്ന് ഒരു നിര്‍ദേശവും മുന്നോട്ടുവെച്ച് ഒന്നും സംഭവിക്കാത്തതുപോലെ അജിത് പോയി.
ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ശേഷിയില്ലാതെ ഞാന്‍ പതറിനിന്നു.
ഒരു ജൂനിയര്‍ കുട്ടിക്കൊപ്പം വുഡ്ലാന്‍ഡ്സ് ഹോട്ടലിന്‍െറ ഐസ്ക്രീം പാര്‍ലറില്‍ പോയിരുന്ന് രണ്ടോ മൂന്നോ ഐസ്ക്രീം കഴിച്ച് ഞാനുള്ളുതണുപ്പിക്കാന്‍ നോക്കി.
എന്നിട്ടും ബസിലിരുന്നപ്പോള്‍ എനിക്ക് നെഞ്ചെരിയുന്നതുപോലെയോ വയറ് കാളുന്നതുപോലെയോ തോന്നി.

യാത്ര ഉപേക്ഷിച്ച് ഓട്ടോ പിടിച്ച് ചിറ്റൂര്‍ റോഡിലുള്ള ദീപയുടെ വീട്ടില്‍പോയി ഞാന്‍ കുറെനേരം കിടന്നു.
വൈകുന്നേരമാണ് ഞാനന്ന് വീട്ടിലെത്തിയത്.
അമ്മയോട് എല്ലാം പറഞ്ഞശേഷം ഞാന്‍ ഇരുന്നും കിടന്നും  എഴുന്നേറ്റും നടന്നും അതുവരെയുള്ള അജിത്തിനെ ഓര്‍ത്തെടുത്തു.
അന്നുവരെ പരിചയിച്ച അജിത്തിന്‍െറ തുടര്‍ച്ചയേ ആയിരുന്നില്ല നേര്‍ക്കുനേര്‍ വന്ന് പ്രണയംപകര്‍ന്ന അജിത്.
ഒരു സാധുവായിരുന്നു അജിത്. മിക്കവാറും മൗനി.
ഡിഗ്രി ക്ളാസ് തുടങ്ങി ഒരാഴ്ചക്കകം അജിത് എന്നോട് വന്നുപറഞ്ഞു: എന്‍െറ അമ്മക്ക് പ്രിയയുടെ അമ്മയെ അറിയും.
എങ്ങനെ എന്ന് ഞാന്‍ കണ്ണുവിടര്‍ത്തിയപ്പോള്‍ എസ്.എസ്.എല്‍.സിയുടെ ഒരു സെന്‍ട്രലൈസ്ഡ് വാലുവേഷന്‍ ക്യാമ്പില്‍ ചേര്‍ത്തലയില്‍വെച്ച് അവരൊന്നിച്ചുണ്ടായിരുന്നു എന്ന മറുപടി കിട്ടി.
ഞാന്‍ ഹോസ്പിറ്റലൈസ്ഡ് ആയതു കാരണം, അമ്മ ഇടക്കുവെച്ച് ആ  ക്യാമ്പ് ഉപേക്ഷിച്ചിരുന്നു. ക്യാമ്പ് ഉപേക്ഷിക്കലൊക്കെ എസ്.എസ്.എല്‍.സി ടീച്ചേഴ്സിനിടയില്‍ അന്ന് വലിയ സംഭവമാണ്. അതുകൊണ്ടുതന്നെ ‘അമ്മയും അമ്മയുടെ അസുഖമകളും’ അന്ന് ഒരു വലിയ വാര്‍ത്തയായിരുന്നുകാണണം.
ആ ആശുപത്രീവാസം കഴിഞ്ഞ ഉടനെ ആയിരുന്നു ബി.എ അഡ്മിഷന്‍. എന്‍െറ പരിതാപകരമായ ആരോഗ്യനില കാരണം അഡ്മിഷന്‍ നേരത്ത് എന്നെ പ്രതിനിധാനം ചെയ്തത് അമ്മയും അമ്മാവനുമായിരുന്നു. എന്‍െറ ബി.എ കൂട്ടുകാരെ എനിക്കുമുമ്പേ കണ്ടതും പരിചയപ്പെട്ടതും അവര്‍ രണ്ടാളുമായിരുന്നു.

അസുഖക്കൂട്ടുകാരിയുടെ വരവും ആ കുട്ടിയുടെ നാടും ജീവിതപശ്ചാത്തലവും എല്ലാം അജിത് അമ്മയോട് പറഞ്ഞുകേള്‍പ്പിച്ചപ്പോള്‍ ആ അമ്മ പെട്ടെന്ന് കാര്യങ്ങള്‍ കണക്ട് ചെയ്തുകാണണം. തമ്മില്‍ നല്ല മന$പൊരുത്തമുള്ള അമ്മയും മകനുമായി തോന്നി.
അമ്മക്ക് പരിചയമുള്ള ടീച്ചറിന്‍െറ മകളെന്ന നിലയാലാവും ഞാനാദ്യം അജിത്തിന്‍െറ മനസ്സില്‍ കയറിപ്പറ്റിയത്. അജിത് പള്ളുരുത്തിക്കാരനും പ്രിയ എരമല്ലൂര്‍കാരിയുമാണ് എന്നും ക്ളാസില്‍ ആദ്യം എത്തിയിരുന്നത്.
ട്രാന്‍സ്പോര്‍ട്ട് ബസിനെ ആശ്രയിക്കേണ്ടിയിരുന്നതുകൊണ്ടാണ് എന്‍െറ വരവ് എന്നും നേരത്തേ ആയത്. അജിത് എന്തുകൊണ്ട് നേരത്തേ എത്തുന്നു എന്ന് ഞാന്‍ ചിന്തിച്ചതേയില്ല.

ബസിറങ്ങി കോളജ് ഗേറ്റ് കടന്ന് കാട്ടുചെമ്പക പരിസരത്ത് എത്തുമ്പോള്‍ ഞാന്‍ മുകളിലെ ക്ളാസ്റൂമിലേക്ക് കണ്ണുപായിക്കും.  ബാനര്‍ജി റോഡിനഭിമുഖമായുള്ള ക്ളാസ്റൂമിന്‍െറ അതിവിസ്താരമുള്ള ജനല്‍പ്പടിമേല്‍ ഒരു ലൈബ്രറി പുസ്തകവും കൈയില്‍പിടിച്ച് കാല്‍നീട്ടി ഇരിക്കുന്ന അജിത്, അപ്പോഴെന്നെ നോക്കി കൈവീശും. മുകളില്‍ ഞാനെത്തുമ്പോഴേക്ക് അജിത്ത് ഒതുങ്ങിയിരുന്ന് ജനല്‍പ്പടിമേല്‍ ഇരിക്കാന്‍ എനിക്കും സ്ഥലം തരും. ഞങ്ങളിരുന്ന് സംസാരിക്കും. എന്‍െറ ബഹളമയഗാങ്ങിലെ ആരെങ്കിലും എത്തുമ്പോള്‍ ഞാന്‍ ജനല്‍പ്പടി വിടും. അജിത് പുസ്തകത്തിലേക്ക് തിരിയും.
ഇടക്ക് ഞാന്‍ മാതൃഭൂമി ബാലപംക്തിക്കാരിയായി.
മലയാളം-ഇംഗ്ളീഷ് ഇഷ്ടം ഒരേപോലെ നെഞ്ചില്‍ സൂക്ഷിക്കുന്നവര്‍ എന്നും പൊതുവെ കുറവായിരിക്കും, ഇംഗ്ളീഷ് മെയിന്‍കാര്‍ക്കിടയില്‍. ഇംഗ്ളീഷിനോട് പ്രത്യേക ഇഷ്ടംകൊണ്ട് വരുന്നവരുമാകില്ല പലരും. ഇംഗ്ളീഷ് സംസാരിക്കാനറിയാം എന്ന ഒറ്റഗുണത്തെ മുന്‍നിര്‍ത്തി ഇംഗ്ളീഷ് പഠനത്തിന് തുനിഞ്ഞവരാകും പലപ്പോഴും കൂടുതല്‍ പേരും.
ഞങ്ങളുടെ ക്ളാസിലെ സ്ഥിതിയും അങ്ങനെതന്നെയായിരുന്നു.
മലയാളവും ഇംഗ്ളീഷും ഭാഷാക്കിളിയുടെ രണ്ടു തൂവലുകളാണ് എന്ന് വിചാരിച്ചിരുന്ന ചുരുക്കം ചിലരില്‍ പെടുമായിരുന്നു ഞാനും അജിത്തും. എന്‍െറ മലയാളക്കമ്പം കഥയെഴുത്ത് ശ്രമങ്ങള്‍- അതും ഞങ്ങള്‍ക്കിടയിലെ കൂട്ടുകെട്ടിന് കാരണമായിരുന്നിരിക്കാം.

ഒന്നാം വര്‍ഷാവസാനം ഞാന്‍ പിന്നെയും ആശുപത്രിക്കാരിയായി. ക്ളാസുകള്‍ ഉച്ചവരെയേ ഉണ്ടായിരുന്നുള്ളൂ. ക്ളാസ് കഴിഞ്ഞാലുടന്‍ അജിത് മെഡിക്കല്‍ ട്രസ്റ്റിലെത്തും. അധികം സംസാരിക്കാതെ അവിടങ്ങനെ കുറ്റിയടിച്ചിരിക്കും. പലപ്പോഴും ഞാന്‍ ചോദിക്കും -അജിത്തിന് പോകേണ്ട? ഓഫിസ് അവേഴ്സ് കഴിഞ്ഞാല്‍ പിന്നെ ബസിലൊക്കെ ഭയങ്കര തിരക്കാവില്ലേ?
എനിക്കെപ്പോഴും ബസുണ്ട് എന്നുപറഞ്ഞ് അജിത് പിന്നെയും ഇരിപ്പ് തുടരും.
അജിത് പോയിട്ടുവേണം പിടിച്ചുനിര്‍ത്തിയിരിക്കുന്ന വേദനക്കടലിനെ അഴിച്ചുവിട്ട് കണ്ണീരുപ്പില്‍ ഒന്നാകമാനം നനയാന്‍ എനിക്കെന്ന് അജിത്തിനറിയില്ലല്ലോ.

ആ ആശുപത്രിവാസത്തിന്‍െറ അവസാനം ഞാന്‍ ആദ്യമായി ബോംബേക്ക് പോയി ചികിത്സാര്‍ഥം.
ബോംബെ വസ്ത്രങ്ങളും നീളന്‍കമ്മലുകളും എന്ന പ്രത്യേകതയോടെയാണ് ഞാന്‍ തിരിച്ചുവന്നത്. എന്നോ അജിത്, എന്‍െറ വസ്ത്രങ്ങളിലേക്ക് നോക്കി, പ്രിയയെന്താ നിഷിയെപ്പോലെയൊക്കെയാവാന്‍ തുടങ്ങിയോ എന്ന് തെല്ല് വിമര്‍ശാത്മകമായി ചോദിച്ചത് എനിക്ക് അദ്ഭുതമായി. അങ്ങനെയൊരു സ്വാതന്ത്ര്യം എന്നോട് എന്‍െറ മുനിസുഹൃത്ത് എടുക്കുക എന്നു പറഞ്ഞാല്‍ അതുതന്നെ ഒരു ലോകാദ്ഭുതമായിരുന്നു.
രണ്ടാംവര്‍ഷം ഞാന്‍ സജീവമായി കോളജിലുണ്ടായിരുന്നു. അതിനിടെ, അജിത് ഉദ്യോഗമണ്ഡലിലെ അമ്മാവന്‍െറ കൂട്ടത്തിലേക്ക് താമസം മാറ്റിയിരുന്നു, യാത്രാസൗകര്യം പ്രമാണിച്ച് എന്നാണ് പറഞ്ഞത്. ഉണ്ണിയും വീട്ടുകാരും താമസിച്ചിരുന്ന ഫാക്ട് ക്വാര്‍ട്ടേഴ്സില്‍ ഇടക്കൊക്കെ അജിത് സന്ദര്‍ശകനായി. ക്രിക്കറ്റ് കമ്പം, ഡിറ്റക്ടിവ് നോവലുകളില്‍ കമ്പം ഒന്നുമില്ലാതിരുന്നിട്ടും അജിത്തിനെ എങ്ങനെയോ ഉണ്ണിക്കിഷ്ടമായി.
അതിനിടെയാണ് പ്രിയയോടിഷ്ടം എന്ന കക്ഷിയുടെ ഈ പ്രസ്താവന, പെങ്ങളായി കണ്ടോളാം എന്ന ഈ നിലപാട് മാറ്റം.

പിറ്റേന്നും അജിത് എന്‍െറ നേര്‍ക്കുനേര്‍ വന്നു. പറയരുതെന്നു പറഞ്ഞിട്ടും ഒക്കെ ദീപയോട് പറഞ്ഞു, അല്ലേ എന്ന ചോദ്യം വന്നു ആദ്യം. അത്തരം ഊഹിക്കലും വരവും ചോദ്യവുമൊന്നും ഞാന്‍ പരിചയിച്ച അജിത്തിന്‍െറ മട്ടുകളുടെ പരിധിയില്‍ വരുന്നതായിരുന്നില്ല. ഞാന്‍ അക്ഷരാര്‍ഥത്തില്‍തന്നെ നിന്നുവിയര്‍ത്തു.
അജിത് പിന്നെ പറഞ്ഞത് കേട്ട് ചിരിക്കാതിരിക്കാന്‍ എനിക്കൊരുപാട് പാടുപെടേണ്ടിവന്നു. നമ്മുടെ സിമി റോസ് ബെല്‍ എന്നോട് പറഞ്ഞു, വിവാഹത്തെക്കുറിച്ച് ആലോചിക്കാം എന്ന്.
പ്രണയത്തിനെ നിമിഷംകൊണ്ട് സാഹോദര്യമാക്കിയതും പോരാഞ്ഞ്, അടുത്തദിവസംതന്നെ മറ്റൊരു പ്രണയത്തിനായി മരണവെപ്രാളത്തോടെ പരതലും അതിന്‍െറ വിവാഹസാധ്യതയെക്കുറിച്ചുള്ള ചിന്തകളും- ഈ അജിത്തിന് ഇതെന്തുപറ്റി എന്ന് എനിക്ക് ഒരെത്തുംപിടിയും കിട്ടിയില്ല.

അടുത്തപടിയായി അജിത് എനിക്കൊരു കാസറ്റ് നീട്ടി: ഞാന്‍ എഴുതി ഞാന്‍തന്നെ ചൊല്ലിയ കവിതയാണ്. കേള്‍ക്കണം. അഭിപ്രായം പറയണം.
അന്ന് വീട്ടില്‍ ചെന്നതും ഉടുപ്പുപോലും മാറാന്‍ നില്‍ക്കാതെ ഞാനാ കാസറ്റ് വെച്ചുകേട്ടു. പിറ്റേന്ന് ചെല്ലുമ്പോള്‍, എന്താ കവിത കേള്‍ക്കാഞ്ഞത് എന്ന് ചോദിച്ചാണ് അജിത് അടുത്തുവരുന്നതെങ്കിലോ?
പിറ്റേന്ന് അജിത് വന്നത് മുണ്ടുടുത്ത്, ഒരു കാവി ഷര്‍ട്ടിട്ട്, ഒരു വീട്ടുസങ്കടവും പറഞ്ഞാണ്: ഇന്നലെ ഞാന്‍ പാര്‍ട്ടി ഓഫിസിലാണ് കിടന്നത്. വാച്ച് വിറ്റു. എന്നെ കൂടെ കിടത്താന്‍ അച്ഛനും അമ്മക്കും വിസമ്മതം. അവര്‍ക്കിപ്പോ റിയല്‍ എസ്റ്റേറ്റിലാണ് കമ്പം.

എന്തിനാണ് ഇത്ര വലിയൊരു കുട്ടി അച്ഛന്‍െറയും അമ്മയുടെയും കൂടെ കിടക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല. പരുങ്ങിപ്പരുങ്ങി മിണ്ടാതെനിന്ന എനിക്ക് ഒരു ഹീറോ പേന തന്നു അജിത്. ഇത് സൂക്ഷിച്ചുവെച്ചോളൂ എന്നും പറഞ്ഞു. അന്ന് വീട്ടില്‍ ചെന്നപ്പോള്‍ പേന സൂക്ഷിക്കലായി എന്‍െറ തലവേദന. എന്‍െറ കഷ്ടകാലത്തിന് അതെങ്ങാനും കാണാതെപോയാല്‍ അജിത് എങ്ങനെ യാവും പ്രതികരിക്കുക എന്ന ആധി.  രണ്ടുദിവസത്തേക്ക് അജിത്തിനെ കണ്ടില്ല. പിന്നെ വന്നപ്പോഴും എന്‍െറ നേര്‍ക്കെത്തി. അന്ന് കാസറ്റെന്ത്യേ, പേന എന്ത്യേ എന്നെല്ലാം തിരക്കി. പിറ്റേന്ന് ഞാനതെല്ലാം ഭദ്രമായി തിരികെ ഏല്‍പിച്ചു. തറവാട്ടിലെ അമ്പലത്തില്‍ പൂജാരിയാകാന്‍ പോവുകയാണ് എന്നാണ് അന്നു പറഞ്ഞത്. ഇലക്ഷന്‍കാലമായിരുന്നു അത്. അജിത് എ.ബി.വി.പിക്കാരനാണ് എന്ന  അറിവും ഞങ്ങള്‍ക്ക് പുതുതായിരുന്നു. അജിത് എസ്.എഫ്.ഐയുടെ കൊടി കീറി വലിച്ചെറിഞ്ഞു എന്നാണ് പിന്നെ കേട്ടത്. മഹാരാജാസിന്‍െറ മുറ്റത്തുവെച്ച് എസ്.എഫ്.ഐയുടെ കൊടി കീറി വലിച്ചെറിയുക എന്നു പറഞ്ഞാല്‍ തികച്ചും ആത്മഹത്യാപരമായ നടപടിയാണ് അന്നും ഇന്നും. പക്ഷേ, അന്ന് അജിത് രക്ഷപ്പെട്ടത്  എസ്.എഫ്.ഐക്കാരനും പള്ളുരുത്തിക്കാരനും ആയ ഞങ്ങളുടെ ക്ളാസ്മേറ്റ് സഞ്ജയ് മോഹന്‍െറയും കോളജോഫിസ് ജീവനക്കാരനും പള്ളുരുത്തിക്കാരനും ആയ എം.വി. ബെന്നിയുടെയും ഇടപെടലുകള്‍കൊണ്ടാണ് എന്ന് പിന്നെകേട്ടു. അജിത്തിന്‍െറ മനസ്സ് പ്രശ്നങ്ങളിലാണ് എന്ന് ക്രമേണ എല്ലാവര്‍ക്കും മനസ്സിലായി. അജിത് ട്രീറ്റ്മെന്‍റിലാണ് എന്നാണ് പിന്നീടറിഞ്ഞത്. അജിത്തിന് അന്നത്തെ മനോവിഭ്രാന്തിക്കാലത്ത് തോന്നിയ ഒരു മായാമോഹമായിരുന്നു എന്നോടുള്ള പ്രണയതാല്‍പര്യം എന്നു വിചാരിക്കാനായതോടെ എന്‍െറ ഉള്ള് ശാന്തമായി.

തൃശൂര്‍സൈഡിലുള്ള അമ്മവീട്ടില്‍നിന്നായിരുന്നു ചികിത്സ എന്നാണ് അറിയാനായത്. സുഖമായിട്ടും അജിത് പിന്നെ ക്ളാസില്‍ വന്നില്ല. മൂന്നാം വര്‍ഷം വീണ്ടും അസുഖമായി ഞാന്‍ ക്ളാസില്‍ പോയതേയില്ല. മൂന്നാം വര്‍ഷ പരീക്ഷാക്കാലത്താണ് ഞാന്‍ പിന്നെ ബോംബെയില്‍നിന്ന് പ്രത്യക്ഷപ്പെട്ടത്. ഒരു പരീക്ഷാ ദിവസം അജിത് ഉണ്ടായിരുന്നു എന്ന് കേട്ടു. മരുന്നുകള്‍ കാരണമാവും അജിത് വണ്ണംവെച്ചിരിക്കുന്നു വല്ലാതെ എന്നും അറിഞ്ഞു. റിസല്‍ട്ടു വന്നപ്പോള്‍ തേഡ്ക്ളാസുംകൊണ്ട് വേറെന്തുചെയ്യാന്‍ എന്ന ഗതികേടോടെ ഞാന്‍ എം.എക്ക് തുനിഞ്ഞിറങ്ങി. അജിത്തിന് ഡിഗ്രിക്ക് സെക്കന്‍ഡ് ക്ളാസ് എന്നു മാത്രം അതിനിടെ അറിഞ്ഞു. പള്ളുരുത്തിയിലൂടെ ബസ് പോകുമ്പോള്‍ ഞാന്‍ വഴിയോരം മുഴുവന്‍ അരിച്ചുപെറുക്കി അജിത്തിനെ നോക്കി. ഒരു ദിവസം മാതൃഭൂമി ബാലപംക്തി മറിക്കുമ്പോള്‍ ‘എന്‍െറ പൂമരം’ എന്ന ഒരു തലക്കെട്ട്. ‘എന്‍െറ പൂക്കാത്തമരം’ എന്ന തലക്കെട്ടില്‍ ഞാനിതേ താളില്‍ ഒരു കുറിപ്പെഴുതിയിരുന്നല്ലോ എന്നമ്പരക്കുന്നതിനിടെ എഴുതിയ ആളുടെ പേര് ഞാന്‍ കണ്ടു. അജിത, ഉദ്യോഗമണ്ഡല്‍. അജിത് കുറെക്കാലം അമ്മാവനൊപ്പം ഉദ്യോഗമണ്ഡലില്‍ താമസിച്ചിരുന്നല്ലോ. പേരിലെ ചന്ദ്രക്കല മന$പൂര്‍വം വിട്ടുകളഞ്ഞതോ അച്ചടിയില്‍ വിട്ടുപോയതോ എന്നെല്ലാം സംശയിച്ച് ഞാന്‍ വായിക്കാനിരുന്നു. വായനക്കിടയില്‍ പലതവണ എന്‍െറ കണ്ണില്‍ ഇരുട്ടുകയറി. ആ എഴുത്തുകാരന്‍ അജിത് ഞങ്ങളുടെ അജിത് തന്നെയായിരുന്നു. അജിത്തിന്‍െറ ആ പൂമരം ഞാനായിരുന്നു. ഞാന്‍ ക്ളാസില്‍ ആരോടെങ്കിലുമൊക്കെ ചുമ്മായിരുന്ന് പറയുമായിരുന്ന സര്‍വ കാര്യങ്ങളും അജിത് മനസ്സില്‍ പതിച്ചുവെച്ചിരുന്നു എന്ന് ഞാനാദ്യമായി അറിയുകയായിരുന്നു. ഈ ചീളുകാര്യങ്ങളൊക്കെ ആര് ശ്രദ്ധിക്കാന്‍ എന്നമട്ടില്‍ പുസ്തകത്തില്‍ മുഖം പൂഴ്ത്തി ഇരിക്കാറുണ്ടായിരുന്നയാളാണ് അജിത്. പക്ഷേ, എത്ര നന്നായാണ് എന്‍െറ കണ്ണടക്കൂട്ടുകാരന്‍ എന്‍െറ ഓരോ വാക്കും ഉള്‍ക്കൊണ്ടിരുന്നതെന്ന അദ്ഭുതം ആ പൂമരത്തിന്‍െറ ഓരോ ഇലയും എന്നോടുള്ള ഇഷ്ടംകൊണ്ട് പച്ചച്ചത് എന്ന കാഴ്ച- എനിക്ക് ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നി. നേരത്തേതന്നെ ബാലപംക്തിയിലെത്തിയിട്ടും എന്തോ കാരണംകൊണ്ട് ‘പൂമര’ത്തിന്‍െറ പ്രസിദ്ധീകരണം വൈകിപ്പോയതായിരുന്നിരിക്കണം. മനോവിഭ്രാന്തി കൊടുത്ത കൂസലില്ലായ്മയുടെ നേരത്ത് അറചാടിപ്പുറത്തുവന്ന ഇഷ്ടപ്പറച്ചിലായിരുന്നിരിക്കണം അന്ന് തൂണിനരികെവെച്ച് സംഭവിച്ചത്. അന്ന് അങ്ങനൊന്ന് സംഭവിച്ചില്ലായിരുന്നെങ്കില്‍ പൂമരക്കുറിപ്പുവഴിയായിരുന്നിരിക്കും അജിത് തന്‍െറ ഇഷ്ടം എന്നെ അറിയിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക. അജിത്തിന്‍െറ പ്രണയത്തുറന്നുപറച്ചിലിലെ ഉള്‍നോവറിഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്യാനാകുമായിരുന്നില്ല എനിക്ക്. എങ്ങനെ ഏതുനേരത്തറിയിച്ചിരുന്നുവെങ്കിലും ഞാന്‍ അജിത്തിനെ പ്രണയിക്കുമായിരുന്നില്ല. പിന്നപ്പിന്നെ എന്‍െറ കല്യാണം ഉണ്ണിയുമായി. പിന്നെ എം.ജി യൂനിവേഴ്സിറ്റിയില്‍ ജോലി. ഏറ്റുമാനൂരില്‍ താമസം. ഒരു ദിവസം വൈകീട്ടുവന്ന് വാടകവീട്ടിലെ കോണിപ്പടിയില്‍ ചാരിയിരുന്ന് രാവിലത്തെ പത്രം വിശദമായി വായിക്കുമ്പോള്‍ ഒരു ഫോട്ടോയും വാര്‍ത്തയും എന്നെത്തന്നെ നോക്കുന്നു. അജിത്, തടിവെച്ച അജിത് ആയിരുന്നു ആ തിരുവനന്തപുരം വാര്‍ത്തയില്‍. ഹിന്ദുസ്ഥാന്‍ ലാറ്റെക്സില്‍ ജോലിയായിരുന്ന ചെറുപ്പക്കാരന്‍ കെട്ടിടത്തിന്‍െറ മുകളില്‍നിന്നു വീണുമരിച്ചു  എന്നായിരുന്നു വാര്‍ത്ത. ആത്മഹത്യ ആയിരുന്നുവെന്ന് ആ കണ്ണടക്കുള്ളിലെ കണ്ണുകള്‍ എന്നോട് പറഞ്ഞു. വാര്‍ത്തയിലെങ്ങും അങ്ങനെയൊന്നുമുണ്ടായിരുന്നതേയില്ല. എന്നിട്ടും എനിക്കെന്തോ അങ്ങനെയാണ് തോന്നിയത്. ആ കോണിപ്പടിയിലിരുന്ന് ഞാനന്ന് ഒരുപാട് നേരം വിതുമ്പിക്കരഞ്ഞു. അജിത്തിന്‍െറ വീട്ടില്‍പോകാന്‍ എന്തോ എനിക്ക് തോന്നിയില്ല. പകരം, ഒരു ദിവസം ഞാനും ഉണ്ണിയും അജിത്തിന്‍െറ അമ്മാവന്‍െറ ഉദ്യോഗമണ്ഡല്‍ വീട്ടില്‍ പോയി. എത്രനേരം അവിടെ ഇരുന്നിട്ടും അദ്ദേഹം അജിത്തിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല. പ്രത്യേകിച്ച് ഒന്നും ചോദിക്കാതെ ഞങ്ങളിറങ്ങിപ്പോന്നു.

വീട്ടിലെ താളപ്പിഴകളോ അതോ പാര്‍ട്ടിയോടുള്ള കലശലായ കൂറോ. ഏതാണ് ലോലമനസ്സുകാരന്‍ അജിത്തിനെ കശക്കിയെറിഞ്ഞത് എന്ന ചോദ്യം മനസ്സിലിട്ട് ഇടക്കൊക്കെ ഞാന്‍ എന്‍െറയാ കണ്ണടക്കൂട്ടുകാരനെ ഇപ്പോഴും ഓര്‍ക്കും. രണ്ടാം വര്‍ഷ ബി.എ കാലത്ത് സര്‍വകലാശാല യൂത്ത്ഫെസ്റ്റിവലില്‍ കവിതയെഴുത്തിന് സമ്മാനം ഉണ്ടായിരുന്നു അജിത്തിന്. മഹാരാജാസ് തുടക്കത്തിലെ കോഫീബ്രൗണ്‍ ഷര്‍ട്ടിട്ടാണ് അജിത് ഓര്‍മയിലെപ്പോഴും വരുക. എന്നിട്ട് ചിരിക്കും. ഒച്ചയില്ലാത്ത ശാന്തമായ ചിരി. കുറച്ചുവര്‍ഷം മുമ്പ് ഇംഗ്ളീഷ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ പഴയ ഇംഗ്ളീഷുകാര്‍ മഹാരാജാസില്‍വെച്ച് ഒത്തുചേര്‍ന്നപ്പോള്‍ കഥാകൃത്ത് പ്രിയയെ കൂട്ടുകാര്‍ക്കൊപ്പം നിര്‍ത്തി. ഫോട്ടോ എടുക്കണമെന്ന് ഒരു ഫോട്ടോഗ്രാഫര്‍ക്ക് ആശ. ആ കാട്ടുചെമ്പകമരത്തിന്‍െറ പരിസരത്ത് ഞങ്ങളെ നിര്‍ത്തി അയാള്‍. മുകളിലെ വീതിജനാലപ്പടിയിലേക്ക് ഞാന്‍ നോക്കിപ്പോയി. എനിക്ക് തോന്നി, ഉവ്വ് കൈ വീശുന്നുണ്ട് എന്‍െറയാ കണ്ണടക്കൂട്ടുകാരന്‍. പക്ഷേ, ഞാന്‍ തിരികെ കൈവീശിയില്ല. ഇങ്ങ് വെറും ഭൂമിയിലല്ലേ ഞാന്‍? ഒബ്റോണ്‍ മാളിലെ ടൈംഔില്‍വെച്ച് ഒരു സ്ത്രീ എന്നെ വന്ന് പരിചയപ്പെട്ടു കഴിഞ്ഞവര്‍ഷം. അഡ്വക്കേറ്റാണ്, ജയശങ്കര്‍ സാറിന്‍െറ ജൂനിയറാണ് എന്നു പരിചയപ്പെടുത്തി. പിന്നെ പറഞ്ഞു: അജിത് എന്‍െറ അയല്‍ക്കാരനായിരുന്നു. അജിത് പറഞ്ഞ് എനിക്ക് പ്രിയയെ പണ്ടേ അറിയാം. എനിക്ക് ചോദിക്കണം എന്നു തോന്നി, എന്താണ് പറയാറുണ്ടായിരുന്നത് അജിത് എന്നെക്കുറിച്ച്?

കുറെനാള്‍ മുമ്പ് ഛായാമുഖി എന്ന ആ കാട്ടുകണ്ണാടി നാടകം അരങ്ങുതകര്‍ക്കുന്ന വാര്‍ത്തയായി വന്നപ്പോഴും മനസ്സ് വല്ലാതായി. ഹിഡുംബി ഭീമന് കൊടുത്ത കാട്ടുകണ്ണാടി -ഛായാമുഖി
ഹിഡുംബി, ഛായാമുഖിയില്‍ എന്നും കണ്ടത് ഭീമനെ.
ഭീമനെന്നും കണ്ടത് ദ്രൗപദിയെ.
ദ്രൗപദി എന്നും കണ്ടത് അര്‍ജുനനെ.
പ്രണയിക്കാന്‍ എളുപ്പമാണ്, പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത് എന്ന് നാടകച്ചുരുക്കം.
‘‘ഭൂമിനിറയെ പൂക്കള്‍-എന്‍െറയീ കൈക്കുടന്നയിലെത്ര കൊള്ളും?
ഭൂമിനിറയെ പ്രണയം -ഒരു പെണ്ണിന്‍െറ കണ്ണിലെത്ര കൊള്ളും?
ഭൂമിനിറയെ കാമം -ഒരാണിന്‍െറ ചങ്കിലെത്ര കൊള്ളും?
ഭൂമിനിറയെ ജീവിതം ഒരസ്ഥിക്കുടുക്കയിലെത്ര കൊള്ളും?’’
ശ്രീകാന്ത് കോട്ടക്കല്‍ ആയിടെ ഒരു റിപ്പോര്‍ട്ടില്‍ എഴുതി: ‘‘നൂറുവയസ്സുവരെ ജീവിച്ച ഒരു വയസ്സനെക്കുറിച്ച് കസന്‍ദ്സാകിസ് തന്‍െറ ആത്മകഥയില്‍ പറയുന്നുണ്ട്. ജീവിതത്തെ ഒരു ഗ്ളാസ് തണുത്ത വെള്ളമായി കാണുന്നയാള്‍. ഈ നൂറാം വയസ്സിലും നിങ്ങള്‍ക്ക് ദാഹിക്കുന്നുവോ എന്ന ചോദ്യത്തിന് വൃദ്ധന്‍െറ ഉത്തരം: ആര്‍ക്കാണതില്ലാത്തത്?
കീചകനിലും ഭീമനിലും കാഴ്ചക്കാരനിലും ജീവിതത്തിനും പ്രണയത്തിനും വേണ്ടിയുള്ള അടങ്ങാത്ത ദാഹം അവശേഷിപ്പിച്ചുകൊണ്ട് നാടകം തീരുന്നു.’’


അനുഭവം

മുന്‍ ലക്കങ്ങള്‍