
രാധാരമണ്‍ മല്ലിക് പിതാമഹന് സച്ചിന്‍മയീ ദേവിയിലുണ്ടായ മകന്‍ ദേവദത്തന്‍ കള്ളനും കവര്‍ച്ചക്കാരനുമായി ഗംഗാതീരത്തെ വനത്തില്‍ വിഹരിക്കുന്നകാലത്ത് അതിസുന്ദരിയായ ഒരു യുവതിയെ കണ്ടെത്തുകയും അവളെ തന്‍െറ വധുവാക്കുകയും ചെയ്തു. നീലത്താമരയുടെ നിറമുള്ള അവള്‍ക്ക് ഉത്പലവര്‍ണ എന്നായിരുന്നു പേര്. ഉത്പലവര്‍ണ നേരത്തേ വിവാഹിതയായിരുന്നു. ആദ്യ ഭര്‍ത്താവ് വ്യാപാരത്തിനായി വംഗനാട്ടിലേക്കു പുറപ്പെട്ടതിനുശേഷമാണ് ഉത്പലവര്‍ണ താന്‍ ഗര്‍ഭിണിയാണെന്നു തിരിച്ചറിഞ്ഞത്. ഭര്‍തൃകുടുംബം ചാരിത്ര്യത്തെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പൂര്‍ണഗര്‍ഭിണിയായിരിക്കെ വീടുവിട്ടിറങ്ങിയ ഉത്പലവര്‍ണ വംഗനാട്ടിലേക്കുള്ള വഴിമധ്യേ ഒരു കാട്ടിന്‍നടുവില്‍വെച്ചു പ്രസവിച്ചു. കുഞ്ഞിനെ ഒരു വള്ളിക്കുടിലില്‍ കിടത്തി വെള്ളം തേടിപ്പോയി തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനുണ്ടായിരുന്നില്ല. ഹൃദയം പൊട്ടിക്കരഞ്ഞ ഉത്പലവര്‍ണ ദിവസങ്ങളോളം കുഞ്ഞിനെ തിരഞ്ഞ് കാട്ടില്‍ അലഞ്ഞു. കുഞ്ഞിനെ നഷ്ടപ്പെട്ടതിനാല്‍ ഭര്‍ത്താവിനെ അഭിമുഖീകരിക്കാനും ധൈര്യംവരാതെ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ടപ്പോഴാണ് വഴിമധ്യേ ദേവദത്ത പിതാമഹന്‍ അവളെ കണ്ടതും ഭീഷണിപ്പെടുത്തി തന്‍െറ പത്നിയാക്കിയതും. അദ്ദേഹത്തിന് അവരോടു കലശലായ ഭ്രമമായിരുന്നു. ഉത്പലവര്‍ണ അദ്ദേഹത്തിന് വിധേയയായി ജീവിച്ചു. അവള്‍ വീണ്ടും ഗര്‍ഭിണിയായി. ഇത്തവണ ജനിച്ചത് ഒരു പെണ്‍കുട്ടിയായിരുന്നു. പക്ഷേ, അപ്പോഴേക്ക് ഉത്പലവര്‍ണയെ തനിക്കു നഷ്ടപ്പെടുമോ എന്ന ഭീതിമൂലം പിതാമഹന്‍ അവളെ സംശയിക്കാനും സദാ കലഹിക്കാനും ആരംഭിച്ചു. ഒരു ദിവസം അത്തരമൊരു കലഹത്തിനിടയില്‍ കുഞ്ഞിനു പാലുകൊടുത്തുകൊണ്ടിരുന്ന ഉത്പലവര്‍ണയെ അദ്ദേഹം തള്ളിയിടുകയും കുഞ്ഞ് അവളുടെ കൈയില്‍നിന്ന് നിലത്തുവീഴുകയും ചെയ്തു. തലപൊട്ടി രക്തത്തില്‍ കുളിച്ചുകിടന്ന കുഞ്ഞിനെ കണ്ട് അതു മരിച്ചുപോയി എന്നുറപ്പിച്ച് നിലവിളിച്ചുകൊണ്ടോടിയ ഉത്പലവര്‍ണ മരിക്കാന്‍വേണ്ടി ഗംഗയില്‍ ചാടി. പക്ഷേ, ഒഴുക്കില്‍പ്പെട്ട് അബോധാവസ്ഥയില്‍ തീരത്തടിഞ്ഞ അവളെ ഒരു ചെറുപ്പക്കാരന്‍ രക്ഷപ്പെടുത്തി. ഉത്പലവര്‍ണയുടെ സൗന്ദര്യത്തില്‍ അയാളും മതിമയങ്ങി. അയാള്‍ അവളെ ഭാര്യയായി സ്വീകരിച്ചു. അനുസരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലാതെ ഉത്പലവര്‍ണ അയാള്‍ക്കും വഴങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം അയാള്‍ വീട്ടിലെത്തിയത് ഒരു യുവതിയെയും കൊണ്ടാണ്. തന്‍െറ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചെന്ന് അറിഞ്ഞ ഉത്പലവര്‍ണ തകര്‍ന്നുപോയി. തന്നെക്കാള്‍ സൗന്ദര്യവും ചെറുപ്പവുമുള്ള പെണ്‍കുട്ടിയെ അവള്‍ ശത്രുവായി കണക്കാക്കി. കഴിയുന്നവിധത്തിലെല്ലാം അവള്‍ ആ പെണ്‍കുട്ടിയെ വെറുക്കുകയും ശപിക്കുകയും മര്‍ദിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു ദിവസം മുടിക്കുപിടിച്ച് ഭിത്തിയില്‍ അടിക്കുമ്പോള്‍ അവളുടെ തലയിലെ വലിയ മുറിവുകണ്ട് അതെന്താണെന്ന് ചോദിച്ച ഉത്പലവര്‍ണയോട് അവള്‍ പറഞ്ഞു: ഒരു ദിവസം എന്‍െറ അമ്മ എനിക്കു പാല്‍ തന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ താഴെ വീണു. ഞാന്‍ മരിച്ചു എന്നോര്‍ത്ത് അമ്മ പുഴയില്‍ ചാടി. തന്‍െറ മകള്‍ തന്നെയാണ് ആ പെണ്‍കുട്ടിയെന്നു മനസ്സിലാക്കിയ നിമിഷം ഉത്പലവര്‍ണക്കു ജ്ഞാനോദയമുണ്ടായി. ജീവിതത്തിന്‍െറയും ബന്ധങ്ങളുടെയും അനുഭവങ്ങളുടെയും അര്‍ഥങ്ങള്‍ അന്വേഷിച്ച് അവള്‍ യാത്രപുറപ്പെട്ടു.
ഭവിഷ്യത്തിന്‍െറ ഓഫിസിലേക്ക് എന്നെ പിന്തുടര്‍ന്നുവന്ന സഞ്ജീവ് കുമാര്‍ മിത്രയുടെ മുന്നില്‍ ഇരിക്കുമ്പോള്‍ എന്‍െറ മനസ്സിലും ജീവിത ത്തിന്‍െറയും അനുഭവങ്ങളുടെയും അര്‍ഥങ്ങളെക്കുറിച്ച് വ്യാകുലതകളുണ്ടായി. അയാളെ ഒഴിവാക്കാന്‍വേണ്ടി ഞാന്‍ മേശപ്പുറത്ത് പൊടിയടിച്ചിരുന്ന കടലാസുകളിലൊന്ന് വലിച്ചെടുത്ത് വായിക്കാന്‍ ആരംഭിച്ചു. സ്പെഷല്‍ ഓര്‍ഡര്‍ ഓഫ് ദ ഡേ ഓണ്‍ ദ റൂമര്‍ ഓഫര്‍ സറന്‍ഡര്‍ 14 ആഗസ്റ്റ് 1945 എന്നു തലക്കെട്ടുള്ള കടലാസാണ് എന്‍െറ കൈയില്‍ കിട്ടിയത്. ഞാന്‍ അസ്വസ്ഥതയോടെ ദുപ്പട്ടയുടെ തുമ്പുകൊണ്ട് കഴുത്തും മുഖവും തുടച്ച് ആ മഞ്ഞക്കടലാസിലേക്ക് മുഖംതാഴ്ത്തി. അതു സുഭാഷ്ചന്ദ്ര ബോസ് ഒപ്പുവെച്ച പ്രത്യേക ഉത്തരവാണെന്ന് സാവധാനം എനിക്കു വ്യക്തമായി. സയനോണില്‍ ഇന്ത്യന്‍ നാഷനല്‍ ആര്‍മിയെ നയിക്കുമ്പോള്‍ അദ്ദേഹം പുറത്തിറക്കിയ ഉത്തരവായിരുന്നു അത്.
‘‘എനിക്കു ചേതനയോട് സംസാരിക്കാനുണ്ട്...’’
സഞ്ജീവ് കുമാര്‍ മിത്ര കോപംകൊണ്ടോ അപമാനംകൊണ്ടോ ചുവന്നുതുടുത്ത മുഖത്തോടെ എന്നെ നോക്കുന്നത് ഞാന്‍ ഏറുകണ്ണിട്ടു കണ്ടു. അതു കാണാത്ത ഭാവത്തില്‍ ഞാന്‍ എന്‍െറ കൈയിലിരുന്ന കടലാസ് വായിക്കാന്‍ ആരംഭിച്ചു.
‘‘സഖാക്കളേ, ശത്രുത അവസാനിച്ചതായി സയനോണിലും മറ്റു പലസ്ഥലങ്ങളിലും എല്ലാതരത്തിലുമുള്ള കിംവദന്തികള്‍ പരന്നിരിക്കുകയാണ്. ഇതിലേറെയും അസത്യമോ അല്ലെങ്കില്‍ അമിതമായി ഊതിപ്പെരുപ്പിക്കപ്പെട്ടതോ ആണ്. ഈ നിമിഷംവരെ എല്ലാ മുന്നണികളിലും യുദ്ധം തുടരുകയാണ്...’’
‘‘ചേതന, ഇതു തമാശയല്ല. ഇതിനു മാത്രം എന്തു തെറ്റാണു ഞാന്‍ ചേതനയോടു ചെയ്തത്? ചേതനക്ക് ഇന്നുള്ള പ്രശസ്തിയും സാമ്പത്തികലാഭവും നേടിത്തന്നതോ? ചേതനയുടെ സഹോദരന്‍െറ ചികിത്സക്കുവേണ്ട സഹായം ചെയ്തതോ? ചേതനയുടെ ബാബാക്കുവേണ്ടി ഇപ്പോഴും ഗവണ്‍മെന്‍റില്‍ സ്വാധീനം ചെലുത്തുന്നതോ?’’
‘‘ഞാനീപ്പറയുന്നത് സുഹൃത്തുക്കളില്‍നിന്നു കിട്ടിയ വിവരംവെച്ചു മാത്രമല്ല ശത്രുക്കളുടെ റേഡിയോ റിപ്പോര്‍ട്ടുകള്‍ കൂടി അടിസ്ഥാനപ്പെടുത്തിയാണ്...’’
‘‘ഇതൊക്കെ എന്‍െറ കര്‍ത്തവ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടു കണക്കു പറയുകയല്ല...’’
‘‘യുദ്ധത്തിന്‍െറ കാര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍...’’
‘‘ചേതനയുടെ ജീവിതം മെച്ചപ്പെടുത്തണമെന്നു ഞാന്‍ ആഗ്രഹിച്ചു. അതെന്‍െറ കര്‍ത്തവ്യമാണെന്നു ഞാന്‍ കരുതി. കാരണം, ഞാന്‍ ചേതനയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്...’’
‘‘യുദ്ധത്തിന്‍െറ കാര്യത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അതു നിങ്ങളെ ആദ്യം അറിയിക്കുന്നതു ഞാന്‍ തന്നെയായിരിക്കും...’’
സഞ്ജീവ് കുമാര്‍ മിത്ര പെട്ടെന്ന് എന്‍െറ കൈയില്‍നിന്നു കടലാസ് തട്ടിയെടുത്തു.
‘‘അരുത്...അതു കീറിപ്പോകും. പഴയ, പൊടിഞ്ഞുതുടങ്ങിയ കടലാസാണ്...’’
ഞാന്‍ ഈര്‍ഷ്യയോടെ പറഞ്ഞു.
‘‘ഞാന്‍ ചോദിച്ചതിനു മറുപടി പറയൂ... നമ്മുടെ വിവാഹം ചേതന ആഗ്രഹിച്ചിട്ടില്ലേ?’’
അയാളെ തറച്ചുനോക്കി കഴിയുന്നത്ര മൂര്‍ച്ചയുള്ള ഒരു ചിരി ഞാന്‍ ചിരിച്ചു.
‘‘ആഗ്രഹവും തീരുമാനവും രണ്ടാണ്... ’’
‘‘തീവ്രമായ ആഗ്രഹത്തിനും തീരുമാനത്തിനും ഒരേ ഫലമാണ്...’’
‘‘തെറ്റിദ്ധാരണകളുടെ പേരിലുള്ള ആഗ്രഹങ്ങള്‍ക്ക് ഒരു സാധുതയുമില്ല. ശരിയായ വിവരങ്ങളുടെയും വസ്തുതകളുടെയും പിന്‍ബലത്തില്‍ മാത്രമേ ആഗ്രഹങ്ങള്‍ ആഗ്രഹങ്ങളാകുന്നുള്ളൂ...’’
‘‘ഞാന്‍ ചേതനയോടു വാദിക്കാനില്ല...പക്ഷേ, ഇന്നു ചേതന ഗൃദ്ധമല്ലിക്കിനെ ലോകമറിയുന്നത് ഞാന്‍ കാരണമാണെന്ന് മാത്രമേ എനിക്കു പറയാനുള്ളൂ...’’
‘‘എന്‍െറ പ്രശസ്തിയുടെ നേട്ടം എന്നെക്കാള്‍ നിങ്ങള്‍ക്കായിരുന്നു...നിങ്ങള്‍ക്ക് ലക്ഷക്കണക്കിനു രൂപയുടെ ലാഭം കിട്ടി... അതില്‍നിന്ന് അയ്യായിരം രൂപ എന്‍െറ ബാബാക്കും കൊടുത്തു. അതില്‍ എനിക്കെന്തു ലാഭം? എന്തു നേട്ടം? മുഴുവന്‍ ലോകത്തിന്‍െറയും ഭാരതീയ സ്ത്രീത്വത്തിന്‍െറയും സ്വാഭിമാനത്തിന്‍െറ പ്രതീകമായതോ?’’
എന്‍െറ കണ്ണുകള്‍ പുകഞ്ഞുനീറി. മനസ്സില്‍ എസ്.എസ്.കെ. എം. ഹോസ്പിറ്റലില്‍ രാമുദായുടെ ശരീരത്തിന്‍െറ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അയാള്‍ കാമറാമാനെയുംകൊണ്ടു കയറിവന്ന നിമിഷമാണ് തെളിഞ്ഞത്. രാമുദായുടെ ചികിത്സക്ക് സഹായം നല്‍കുമ്പോള്‍ പകരമായി അദ്ദേഹത്തിന്‍െറ ദൈന്യത വിറ്റുകാശാക്കുകയായിരുന്നു സഞ്ജീവ് കുമാര്‍ മിത്ര എന്ന് ഞാന്‍ ഉറച്ചുവിശ്വസിച്ചു.
‘‘ശരി, ശരി...ഞാന്‍ ചെയ്തതൊക്കെ തെറ്റിപ്പോയി. എല്ലാം ശരിയാക്കാന്‍ എനിക്ക് ഒരവസരംകൂടി തരൂ...’’
‘‘സഞ്ജീവ് കുമാര്‍ ബാബൂ...’’
ഞാന്‍ പരുഷമായ ശബ്ദത്തില്‍ വിളിച്ചു.
‘‘എനിക്കൊരു കാര്യം മാത്രമേ അറിയാനുള്ളൂ. ഇപ്പോള്‍ നിങ്ങള്‍ക്ക് എന്നെക്കൊണ്ട് എന്താണാവശ്യം?’’
‘‘ചേതന എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണ്...’’
ഞാന്‍ വീണ്ടും ആ കടലാസ് കൈയിലെടുത്ത് ഉറക്കെ വായിച്ചു.
‘‘അതുകൊണ്ട്, നിങ്ങളെല്ലാവരും പരിപൂര്‍ണ ശാന്തത പാലിക്കണമെന്നും എല്ലാ കര്‍ത്തവ്യങ്ങളും സാധാരണ നിലയില്‍...’’
‘‘പ്ളീസ് ചേതനാ...’’
സഞ്ജീവ് കുമാര്‍ മിത്ര അക്ഷമയോടെ ഉറക്കെ പറഞ്ഞു. അയാള്‍ക്ക് എന്നെക്കൊണ്ട് എന്തോ ആവശ്യമുണ്ടെന്നു വ്യക്തമായിരുന്നു. ആ സമയത്ത്് മേശപ്പുറത്തെ കറുത്ത ഫോണ്‍ ഉറക്കെ മുഴങ്ങി, അല്‍പസമയത്തിനുശേഷം നിശ്ചല്‍ദാ വാതില്‍ക്കല്‍ വന്നു.
‘‘എന്‍െറ സഹോദരിയുടെ ഭര്‍ത്താവ് മരിച്ചുപോയി...’’
‘‘ഈഷ്...എവിടെയാണ് നിശ്ചല്‍ ദാ?’’
‘‘മൊണിക്തല...’’
‘‘പോയി വരൂ...ഞാന്‍ മാനൊദായോടു പറഞ്ഞേക്കാം...’’
നിശ്ചല്‍ദാ പുറത്തേക്കു പോയപ്പോള്‍ സഞ്ജീവ് കുമാര്‍ മിത്രയും എഴുന്നേറ്റുപോയി. എനിക്ക് ഒരാശ്വാസം തോന്നി. ഞാന്‍ ജനാല തുറന്നിട്ട് ഠാക്കൂര്‍ ബാടിയുടെ ചുവന്ന എടുപ്പുകളിലേക്കു നോക്കി അദൃശ്യനായ മഹാകവിയെ വന്ദിച്ചു. ആ ജനാലയിലൂടെ നോക്കുമ്പോള്‍ നേരെ കാണുന്നത് മൃണാളിനിയുടെ പ്രത്യേക അടുക്കളയാണെന്നു മാനൊദാ പറഞ്ഞുതന്നിരുന്നു. അതിനുള്ളില്‍ പ്രത്യേകമായ ഒരു അടുക്കളയില്‍ മൃണാളിനി മാത്രം ഉപയോഗിച്ചിരുന്ന പാത്രങ്ങളും ഉപകരണങ്ങളും സൂക്ഷിച്ചിരുന്നു. ഭവതാരിണിയെന്ന നാട്ടിന്‍പുറത്തുകാരിയെ നഗരത്തിലെത്തിച്ച് മൃണാളിനി ദേവിയാക്കിയ കഥ ഞാന്‍ കേട്ടിട്ടുള്ളതാണ്. ആ വീടിന്‍െറ വലിയ വിജനമായ മുറികളെ കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്കു ഭയംതോന്നി. അതു വാക്കുകളുടെയും വര്‍ണങ്ങളുടെയും മാത്രമല്ല, മരണത്തിന്‍െറയും ബംഗ്ളാവായിരുന്നു. ടാഗോറിന്‍െറ ജ്യേഷ്ഠന്‍െറ ഭാര്യ കാദംബരീദേവി ആത്മഹത്യ ചെയ്തതും ആ വലിയ വീടിനുള്ളിലെവിടെയോവെച്ചായിരുന്നു. ഒമ്പതാം വയസ്സില്‍ ഠാക്കൂര്‍ ബാടിയില്‍ വധുവായി വന്നുകയറിയ പെണ്‍കുട്ടി ഭര്‍ത്താവിന്‍െറ സഹോദരനില്‍ കളിക്കൂട്ടുകാരനെയും കാമുകനെയും കാല്‍പനികനായ കവിയെയും കണ്ടെത്തിയത് പിന്നീട് ആത്മഹത്യക്കു കാരണമായി. ഉത്പലവര്‍ണയെപ്പോലെ കാദംബരീദേവിയും ടാഗോറിന്‍െറ വധുവായിവന്ന ഭവതാരിണിദേവിയെ ശപിക്കുകയും വെറുക്കുകയും ചെയ്തിട്ടുണ്ടാകുമോ എന്നു ഞാന്‍ സംശയിച്ചു. അപ്പോള്‍ സഞ്ജീവ് കുമാര്‍ മിത്ര വീണ്ടും അകത്തുവന്ന് എന്നെ മാറോടമര്‍ത്താന്‍ ശ്രമിച്ചു. ഞാന്‍ അരിശത്തോടെ അയാളെ തള്ളിമാറ്റി.
‘‘എന്താണ് നിങ്ങള്‍ക്കുവേണ്ടത്? അതു പറഞ്ഞു തുലക്കൂ... എനിക്കിവിടെ ജോലിയുണ്ട്...’’
ഞാന്‍ ചുവന്ന മുഖത്തോടെ അയാളോടു പറഞ്ഞു.
‘‘ജോലിയോ? ഹോ... ഭയങ്കര ജോലിതന്നെ...ചേതനക്ക് നല്ലൊരു ജോലി ശരിയാക്കാന്‍ ഞാന്‍ മുഖ്യമന്ത്രിയെ കണ്ടു പറഞ്ഞിട്ടുണ്ട്... അറിയില്ലേ, തൂക്കിക്കൊല നടത്താന്‍ ഗവണ്‍മെന്‍റിന് താല്‍പര്യമാണ്...അത്രക്ക് ക്രൂരമായ പ്രവൃത്തിയല്ലേ ആ ബാനര്‍ജി ചെയ്തത്? മാത്രമല്ല, നാട്ടില്‍ ബലാത്സംഗങ്ങള്‍ കൂടിക്കൂടി വരുന്നു. ഈ സമയത്ത് ശക്തവും കൃത്യവുമായ ഒരു മെസേജ് ജനങ്ങള്‍ക്കു കൊടുക്കേണ്ടതുണ്ടെന്ന് മന്ത്രിസഭയില്‍ എല്ലാവര്‍ക്കും അഭിപ്രായമുണ്ട്...’’
‘‘എനിക്ക് അതെക്കുറിച്ച് കേള്‍ക്കാന്‍ താല്‍പര്യമില്ല...’’
ഞാന്‍ വീണ്ടും കസേരയില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ എന്നെ തടഞ്ഞ് മേശക്കും കസേരക്കും ഇടയിലുള്ള ഇത്തിരി ഇടത്തിലൂടെ എന്‍െറ ശരീരത്തെ വലിച്ചു പുറത്തിറക്കാന്‍ ശ്രമിച്ചു. ഞാന്‍ ഭവിഷ്യത്തിന്‍െറ പുരാതനമായ ആ കറുത്ത മേശയില്‍ അള്ളിപ്പിടിച്ച് അയാളെ തടയാന്‍ ശ്രമിച്ചു.
‘‘ചേതന ആ തൂക്കിക്കൊല നടത്തണമെന്നാണ് എന്‍െറ ആഗ്രഹം... അതോടെ ലോകചരിത്രത്തില്‍ത്തന്നെ ചേതന സ്ഥാനം പിടിക്കും. ചേതനയുടെ സ്ഥാനത്ത് ഒരു പുരുഷനായിരുന്നെങ്കില്‍ ഇത്രയും ശ്രദ്ധ ഒരിക്കലും കിട്ടുകയില്ല. പക്ഷേ, ഒരു സ്ത്രീയാണ് എന്നതുകൊണ്ട് നീയൊരു സെലിബ്രിറ്റിയാകും... നോക്കിക്കോ.’’
അയാള്‍ കൂടുതല്‍ പ്രലോഭിപ്പിക്കുന്ന ശബ്ദത്തില്‍ പറഞ്ഞു.
‘‘എനിക്കു സെലിബ്രിറ്റിയാകണ്ട...’’
‘‘ലോകത്ത് ഈ ജോലിയില്‍ മറ്റൊരു സ്ത്രീയില്ല. അതേക്കുറിച്ചു ചിന്തിച്ചുനോക്കൂ... നീ, നീ മാത്രം...’’
ഞാന്‍ അയാളെ നോക്കി. അയാളുടെ വെളുത്ത കഴുത്തില്‍ ലേശം നീലഛവി കലര്‍ന്നിരുന്നു. എന്നോട് സംസാരിക്കുമ്പോള്‍ അയാളുടെ കഴുത്തിലെ ഞരമ്പുകള്‍ വലിഞ്ഞുമുറുകിനിന്നു. എനിക്കു പെട്ടെന്നു മാരുതി പ്രസാദ് യാദവിനെ ഓര്‍മവന്നു. അന്ന് എന്നെ പിന്നിലൂടെ കൈയിട്ടു ചേര്‍ത്തുപിടിക്കുമ്പോള്‍ അയാളുടെ കഴുത്തിലും ഞരമ്പുകള്‍ വലിഞ്ഞുമുറുകിയിരുന്നു. ഞാന്‍ സഞ്ജീവ് കുമാര്‍ മിത്രയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കാന്‍ ശ്രമിച്ചു. കണ്ണടയുടെ അരണ്ട ഇരുട്ടില്‍ അയാളുടെ കണ്ണുകള്‍ ഇരുട്ടില്‍ ഏതോ മൃഗത്തിന്‍െറ കണ്ണുകള്‍പോലെ അഗ്നിയുടെ നിറത്തില്‍ തിളങ്ങുന്നത് എനിക്കു കാണാമായിരുന്നു. അയാള്‍ ഭംഗി നഷ്ടപ്പെട്ടുപോയ ഒരു ചിരിയോടെ എന്‍െറ കൈപ്പത്തി അയാളുടെ കൈകളിലെടുത്ത് കൂടുതല്‍ അടുത്തേക്കുചാഞ്ഞു. ഞാന്‍ വലതു കൈകൊണ്ട് അയാളെ വീണ്ടും തള്ളിമാറ്റി.
‘‘ആദ്യം കാണുമ്പോള്‍ നീ ഒരു പെണ്‍കുട്ടിയായിരുന്നു. ഇപ്പോള്‍ പൂര്‍ണ വളര്‍ച്ചയെത്തിയ സ്ത്രീയായി.’’
സഞ്ജീവ് കുമാര്‍ മിത്ര അല്‍പം ഇടറിയ ശബ്ദത്തില്‍ പറഞ്ഞു.
‘‘ചതിക്കപ്പെട്ടു കഴിയുമ്പോള്‍ പെണ്‍കുട്ടികള്‍ പെട്ടെന്നു വളരും...’’
ഞാന്‍ പറഞ്ഞു. ആ സമയത്തു ചിരിക്കാന്‍ ശ്രമിച്ചെങ്കിലും എന്‍െറ ചുണ്ടുകള്‍ അല്‍പം ഏങ്കോണിച്ചുപോയി. പുറത്ത് ഭേല്‍പൂരി വില്‍പനക്കാരന്‍െറ മണിയടി ശബ്ദം മുഴങ്ങിക്കേള്‍ക്കാമായിരുന്നു. അതിനു പിറകെ ട്രാം ചൂളം വിളിച്ചുകൊണ്ടു കടന്നു പോയി. ഓഫിസിന്‍െറ മുന്‍വശത്തുള്ള സംഗീതോപകരണക്കടയില്‍നിന്നു പതിവുപോലെ തട്ടും മുട്ടും താളങ്ങളും ഉയര്‍ന്നുകേട്ടു. സഞ്ജീവ് കുമാര്‍ മിത്ര രണ്ടു കൈകളുംകൊണ്ട് എന്നെ മേശക്കിടയിലൂടെ പുറത്തു വലിച്ചിടാന്‍ വീണ്ടും ശ്രമിച്ചു.
‘‘ചേതനാ, ഞാനൊരിക്കലും നിന്നെ ചതിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. നിന്നെ രക്ഷിക്കണമെന്നു മാത്രമേ എന്‍െറ മനസ്സില്‍ അന്നുമിന്നുമുള്ളൂ... പിണങ്ങിയിരിക്കുമ്പോഴും എനിക്കു നിന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു... ആ ദിവസത്തിനുശേഷം ഒരു തവണപോലും നീയെന്നെ അന്വേഷിച്ചുവന്നില്ല. ഒരിക്കല്‍പ്പോലും ഫോണ്‍ ചെയ്തില്ല. നിനക്ക് ഞാന്‍ ആരുമല്ല, അല്ലേ?’’
ഞാന്‍ അയാളുടെ കൈപ്പത്തികളിലേക്കുനോക്കി. ഇടത്തും വലത്തും കൈകള്‍കൊണ്ട് അയാള്‍ എന്നെ പിടിച്ചു ഞെരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നു വ്യക്തമായിരുന്നു. ഞാന്‍ സാവധാനം അയാളുടെ ഇടതുകൈയില്‍ പിടിച്ചു.
‘‘സഞ്ജീവ് കുമാര്‍ ബാബൂ, എന്നെ വിട്ടേക്കൂ... ഞാന്‍ ജീവിച്ചുപോയ്ക്കോട്ടെ...’’
‘‘എന്‍െറ ചോദ്യത്തിന് ഉത്തരം പറയൂ- നീ എന്നെ ആഗ്രഹിച്ചിട്ടില്ലേ?’’
‘‘ഞാന്‍ നിങ്ങളെ ആഗ്രഹിച്ചിരുന്നു. നിങ്ങളുടെ സ്നേഹം. അപൊരാജിതകള്‍ വളര്‍ന്നുനില്‍ക്കുന്ന നിങ്ങളുടെ വീട്, ആയിരം വിളക്കുകള്‍ തെളിഞ്ഞുനിന്ന നിങ്ങളുടെ സ്റ്റുഡിയോ... പക്ഷേ, ഒന്നും സത്യമായിരുന്നില്ല. എല്ലാം എന്‍െറതന്നെ സങ്കല്‍പമായിരുന്നു. അതുകൊണ്ട്, ഞാനതെല്ലാം മറന്നു...നിങ്ങളും മറന്നേക്കൂ...’’
സഞ്ജീവ് കുമാര്‍ മിത്ര എന്നെ തറപ്പിച്ചുനോക്കി. എന്തോ പറയാനൊരുങ്ങി പിന്നീട് വേണ്ടെന്നുവെച്ച് വീണ്ടും പുറത്തേക്കു പോയി. കുറെ നിമിഷങ്ങള്‍ കഴിഞ്ഞ് ഠാക്കൂര്‍ ബാടിയിലേക്കു കയറുന്നതിന് ഇടതുവശത്തെ ശിവക്ഷേത്രത്തില്‍ മണിയടിയും പൂജാമന്ത്രങ്ങളും ഉയര്‍ന്നുകേട്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റ് പുറത്തു വന്നു. വാതില്‍ക്കല്‍ എത്തുംമുമ്പേ അയാള്‍ ചാടിവീണ് എന്നെ കെട്ടിപ്പുണര്‍ന്ന് ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി ചുംബിക്കാന്‍ ശ്രമിച്ചു.
‘‘മാറി നില്‍ക്കൂ...എന്നിട്ട് നിങ്ങള്‍ പിന്നാലെ വന്നതെന്തിനാണെന്നു പറയൂ...’’
‘‘നിന്നെ കാണാന്‍...പിണക്കം മാറ്റാന്‍...’’
ഞാന്‍ ഉറക്കെച്ചിരിച്ചു.
‘‘അതു മാര്‍ഗമേ ആകുന്നുള്ളൂ. ലക്ഷ്യം മറ്റെന്തോ ആണ്...’’
സഞ്ജീവ് കുമാര്‍ മിത്ര ജാള്യത്തോടെ ചിരിച്ചു.
‘‘നമുക്ക് മുഖ്യമന്ത്രിയെ ചെന്നുകാണാം...ജനങ്ങളുടെ പിന്തുണ ഈ സംരംഭത്തിനുണ്ട് എന്നു ബോധ്യപ്പെടുത്താം...’’
ഞാന്‍ അയാളെ തള്ളിമാറ്റി വീണ്ടും അമ്പരപ്പോടെ നോക്കി.
‘‘ഒരാളെ കൊല്ലാന്‍ ജനങ്ങളുടെ പിന്തുണയോ?’’
‘‘ഇതു സാധാരണക്കാരനല്ല...ഒരു പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍ക്കാരം ചെയ്തുകൊന്ന ഒരുവനാണ്... അവനെ തൂക്കിക്കൊല്ലുക വഴി ഇത്തരം ക്രിമിനല്‍സിന് ഒരു വലിയ പാഠമായിരിക്കും...’’
ഞാന്‍ അയാളെനോക്കി പരിഹാസത്തോടെ ചിരിച്ചു.
‘‘സഞ്ജീവ് ബാബൂ, എന്‍െറ ബാബാ നാനൂറ്റിയമ്പത്തൊന്നു പേരെ തൂക്കിലേറ്റിയിട്ടുണ്ട്...മോഷണത്തിന്, കൊലപാതകത്തിന്, കവര്‍ച്ചക്ക്, ബലാത്സംഗക്കുറ്റത്തിന്...പക്ഷേ, ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ ക്രിമിനലുകള്‍ ഉണ്ടാകുന്നതേയുള്ളൂ... മരിച്ചുപോയവരുടെ സ്ഥാനത്ത് ആയിരക്കണക്കിന് പുതിയ ആളുകള്‍ ദിവസവും ഉണ്ടാകുന്നു... കൊല്ലുകയല്ല ശിക്ഷ... മറ്റെന്തോ ആണ്...’’
‘‘ചേതനാ, നിനക്ക് വിവരമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നത്...’’
അയാള്‍ എന്നെ വീണ്ടും മുറുക്കെപ്പുണര്‍ന്നു.
‘‘സത്യം പറയൂ...നീ എന്നെ സ്നേഹിക്കുന്നില്ലേ? ഇതുപോലെ നിന്നെ ഞാന്‍ കെട്ടിപ്പുണര്‍ന്നു നില്‍ക്കുമ്പോള്‍ നീ അത് ആസ്വദിക്കുന്നില്ലേ? എന്‍െറ അടുത്തിരിക്കുമ്പോള്‍ നീ സന്തോഷിക്കുന്നില്ലേ?’’
അയാളുടെ ശബ്ദം ദുര്‍ബലമാകുകയായിരുന്നു. ഞാന്‍ സഹതാപത്തോടെ പുഞ്ചിരിച്ചു.
‘‘എന്തിനാണ് നീയിങ്ങനെ വെറുതെ ചിരിക്കുന്നത്?’’
അയാളുടെ ശബ്ദത്തില്‍ ഈര്‍ഷ്യകലര്‍ന്നു.
‘‘സത്യം പറയൂ...നീ എന്നെ സ്നേഹിക്കുന്നില്ലേ?’’
ഞാന്‍ കുറച്ചുകൂടി ഉറക്കെ ചിരിച്ചു.
‘‘കുറച്ചു കാലം മുമ്പു വരെ... ഇപ്പോഴില്ല...’’
‘‘കാരണം?’’
അയാളുടെ നെറ്റിചുളിഞ്ഞു. ഞാന്‍ അയാളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി.
‘‘നിങ്ങള്‍ ഇത്രയേയുള്ളൂ എന്ന് എനിക്ക് മനസ്സിലായി...’’
അയാള്‍ പിടിവിട്ടു മാറിനിന്നു.
‘‘എന്നുവെച്ചാല്‍?’’
‘‘നിങ്ങള്‍ വളരെ ദുര്‍ബലനായ ഒരാള്‍...നിങ്ങള്‍ക്ക് കരുത്തില്ല. സത്യസന്ധതയില്ല. ഒന്നും സഹിക്കാന്‍ ശേഷിയില്ല... ഇതു കൊല്‍ക്കത്തയാണ്. മഹാപുരുഷന്മാരുടെ നാടാണ്... മറ്റുള്ളവര്‍ക്കുവേണ്ടി മരിച്ചവരുടെ നാട്...’’
ഞാന്‍ ചുറ്റും നോക്കി. ഭവിഷ്യത്തിന്‍െറ ഓഫിസില്‍ എല്ലാ കടലാസുകള്‍ ഇളകുന്ന ശബ്ദം മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. കുറച്ചുകഴിഞ്ഞ് പുറത്തുള്ള കടയില്‍നിന്ന് മൃദംഗമോ തബലയോ ആരോ വായിക്കുന്ന ശബ്ദം ഉയര്‍ന്നു. സഞ്ജീവ് കുമാര്‍ മിത്ര മെല്ലെ എന്‍െറ ശരീരത്തില്‍നിന്നു കൈയെടുത്തു. ഞങ്ങള്‍ പരസ്പരം നോക്കിനിന്നു. പിന്നീട് അയാള്‍ ഒരു കടുവയെപ്പോലെ എന്‍െറ മേല്‍ ചാടിവീണ് എന്നെ വലിച്ചു നിലത്തേക്കിട്ടു. അയാള്‍ എന്നെ ബലാല്‍ക്കാരംചെയ്യാന്‍ ശ്രമിക്കുകയാണെന്ന് എനിക്കു തോന്നി. ഞാന്‍ വീണ്ടും ചിരിച്ചു. ഗൗതമബുദ്ധന്‍െറ ആശ്രമത്തില്‍ അഭയംപ്രാപിച്ച ഉത്പലവര്‍ണ പ്രാര്‍ഥനാമുറി അടിച്ചുവാരി വിളക്കു കത്തിച്ചുവെച്ച് ദീപനാളത്തിലേക്കു നോക്കിയിരിക്കെ ധ്യാനാവസ്ഥയില്‍ ലയിച്ചു ജ്ഞാനോദയം നേടി. എങ്ങനെ ഇതു സംഭവിച്ചു എന്ന് അമ്പരന്ന മറ്റു ഭിക്ഷുക്കള്‍ക്കും ഭിക്ഷുണിമാര്‍ക്കുമുള്ള ഉത്തരം ഉത്പലവര്‍ണ കവിതയായി എഴുതി: ‘‘ഞങ്ങള്‍ അമ്മയും മകളും
ഞങ്ങള്‍ സപത്നികളായി.
ലൗകിക സുഖങ്ങളുടെ ദുരന്തം തിരിച്ചറിഞ്ഞു
ഞാന്‍ വീടുവിട്ടു രാജഗൃഹത്തിലേക്കു ചെന്നു
അങ്ങനെ വീടില്ലായ്മ പ്രാപിച്ചു...’’
‘‘നിന്‍െറയൊരു ചിരി... നിന്നെ ഞാനൊരു പാഠം പഠിപ്പിക്കും...’’
എന്‍െറ മനസ്സിലെ കവിത മുറിച്ചുകൊണ്ട് സഞ്ജീവ് കുമാര്‍ മിത്ര മുറുമുറുത്തു. ഏകാന്ത ധ്യാനത്തിനു വനമധ്യത്തിലേക്കു പുറപ്പെട്ട ഉത്പലവര്‍ണയെ, മുമ്പേ അവരെ മോഹിച്ചിരുന്ന ആനന്ദന്‍ എന്നൊരു സന്ന്യാസി തന്‍െറ കാമത്തിനു വിധേയയാക്കി. ബുദ്ധഭിക്ഷുക്കള്‍ താങ്ങിയെടുത്ത് ബുദ്ധസന്നിധിയിലെത്തിച്ച, മുറിവേറ്റ ഉത്പലവര്‍ണയെ കണ്ട് കാമക്രോധമോഹാദികള്‍ ത്യജിച്ച ഗൗതമബുദ്ധന്‍പോലും ദു$ഖിതനായി. രാജാവിനെ കണ്ട് ഭിക്ഷുണികള്‍ക്കു താമസിക്കാന്‍ നഗരത്തിനു നടുവില്‍ ഒരു സന്ന്യാസിനിമഠം പണിതുനല്‍കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. പിന്നീടൊരിക്കലും ബുദ്ധഭിക്ഷുണികള്‍ക്ക് പുരുഷന്മാരായ ഭിക്ഷുകരെപ്പോലെ കാട്ടിലേക്കോ മലമുകളിലേക്കോ ഏകാന്ത ധ്യാനം നടത്താന്‍ അനുവാദമുണ്ടായിരുന്നില്ല. കുഴിച്ചിട്ടാല്‍ ഉറുമ്പും പുഴുവും ചിതലും തിന്നുതീര്‍ക്കുന്ന ശരീരത്തെ- സഞ്ജീവ് കുമാര്‍ മിത്രയുടെ വിരലുകള്‍ എന്‍െറ ശരീരത്തില്‍ മുറുകുമ്പോഴും അയാള്‍ എന്നിലേക്ക് അടുക്കുമ്പോഴും ഞാന്‍ ചിന്തിക്കുകയായിരുന്നു- നിരക്ഷരനും പാപിയുമായ ദേവദത്ത പിതാമഹന്‍ മാത്രമല്ല, എല്ലാം ഉപേക്ഷിച്ച ഗൗതമബുദ്ധന്‍പോലും എത്രയോ ഭയപ്പെട്ടിരുന്നു. ഭയം മറികടക്കാതെ എങ്ങനെ നിര്‍വാണത്തിലെത്തുമെന്നോര്‍ത്ത് ഉറക്കെ ചിരിച്ചുകൊണ്ട് ഞാന്‍ സഞ്ജീവ് കുമാര്‍ മിത്രയുടെ ബലപ്രയോഗത്തെ പരിഹസിച്ചു.
‘‘എന്‍െറ കണ്ണുകള്‍കൂടി തുരന്നെടുക്കണേ. കൈകാലുകള്‍ വെട്ടിക്കളയുകയും വേണം...എന്‍െറ ചോരയില്‍ നിങ്ങള്‍ ചുവക്കണം.’’
സഞ്ജീവ് കുമാര്‍ ആവേശം നശിച്ച് എഴുന്നേറ്റു.
‘‘എല്ലാത്തിലും പ്രധാനം, നാവു മുറിച്ചുകളയാന്‍ മടിക്കരുത്...’’
ഞാന്‍ ഉറക്കെച്ചിരിച്ചുകൊണ്ട് വീണ്ടും പറഞ്ഞു.
‘‘നിനക്കെന്താ ഭ്രാന്തു പിടിച്ചോ?’’
അയാള്‍ വസ്ത്രങ്ങള്‍ നേരെയാക്കി നിരാശയോടെ ചോദിച്ചു. നേരത്തേ ഞാന്‍ നോക്കിക്കൊണ്ടിരുന്ന ഭവിഷ്യത്തിന്‍െറ പഴയ ലക്കത്തില്‍നിന്ന് ആ കടലാസ് പറന്നുവന്ന് എന്‍െറ വിരല്‍പ്പാടകലെ വീണു. ഞാന്‍ അതെടുത്തുകൊണ്ട് എഴുന്നേറ്റ് മേശമേല്‍ ചാരിനിന്ന് അയാളെ നോക്കി ഉറക്കെ വായിച്ചു: ‘‘...വീ ഹാവ് ടു ഫെയ്സ് എനി സിറ്റ്വേഷന്‍ ദാറ്റ് മെ എറൈസ്, ലൈക്ക് ബ്രേവ് സോള്‍ജിയേഴ്സ് ഫൈറ്റിങ് ഫോര്‍ ദെയര്‍ മദര്‍ലാന്‍ഡ്. സുഭാഷ്ചന്ദ്ര ബോസ്, സുപ്രീം കമാന്‍ഡര്‍, ആസാദ് ഹിന്ദ് ഫൗജ്, സയനണ്‍, 14 ആഗസ്റ്റ് 1945 15.00 അവേഴ്സ്...’’
‘‘ചേതനാ...’’
ഒന്നു രണ്ടു നിമിഷങ്ങള്‍ക്കുശേഷം പരാജയം സമ്മതിച്ചതുപോലെ സഞ്ജീവ് കുമാര്‍ മിത്ര എന്നെ സ്നേഹഭാവത്തില്‍ വിളിച്ചു. എന്‍െറ ചുമലില്‍ കൈവെച്ചുകൊണ്ട് അയാള്‍ എന്നെ ദാരുണ ഭാവത്തില്‍ നോക്കി.
‘‘നോക്ക്, നമുക്ക് ഈ തമാശ മതിയാക്കാം...നീ വന്നു മുഖ്യമന്ത്രിയെ കാണണം... എങ്കിലേ വധശിക്ഷ നടക്കുകയുള്ളൂ...ഇതു നടന്നില്ലെങ്കില്‍ നിനക്ക് പിന്നീടൊരു വിലയും ഈ ലോകത്തുണ്ടാകുകയില്ല...’’
ഞാന്‍ അയാളെ ഉറ്റുനോക്കി. ഞങ്ങളുടെ കണ്ണുകള്‍ രണ്ടുമൂന്നു നിമിഷം പരസ്പരം കോര്‍ത്തുനിന്നു.
‘‘ഇതു നടന്നതുകൊണ്ട് നിങ്ങള്‍ക്കെന്താണ് പ്രയോജനം?’’
സഞ്ജീവ് കുമാര്‍ മിത്ര നെടുവീര്‍പ്പിട്ടു.
‘‘എനിക്കു മാത്രമല്ല, എല്ലാ മീഡിയക്കും ഇതു വളരെ പ്രധാനമാണ്. അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ റേറ്റിങ് ഞങ്ങള്‍ക്കു കിട്ടിയത് ഈ ദിവസങ്ങളിലായിരുന്നു...’’
അടിച്ചുവാരിയ മുറിയില്‍ വിളക്കുകത്തിച്ച് ദീപനാളത്തിലേക്കു നോക്കിയതുപോലെ എനിക്ക് അനുഭവപ്പെട്ടു. ജ്ഞാനോദയത്തിന് സ്ത്രീകള്‍ക്ക് വളരെ നേരമൊന്നും ആവശ്യമില്ല.
( തുടരും )