ഇസ്രായേലിന്‍െറ കൊടുംക്രൂരതകളെ അഹിംസയിലൂടെ ചെറുക്കുന്ന പുതു ഫലസ്തീന്‍ തലമുറ വിപ്ളവത്തിന്‍െറ ഒരു ബദല്‍പാത തുറന്നിടുകയാണ്. ഇസ്രായേലി തടവറയില്‍ ഒരു ഫലസ്തീന്‍ യുവാവ് നടത്തിയ 66 ദിവസം നീണ്ട ഉപവാസം സമാധാനപരമായ പുതിയ സമരപരമ്പരകളുടെ വേലിയേറ്റത്തിന് തുടക്കംകുറിച്ചിരിക്കുന്നു. 45 വര്‍ഷമായി അധിനിവേശം തുടരുന്ന ഇസ്രായേലി അധികൃതര്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും പുതിയ വെല്ലുവിളിയും ഈ സമരസമ്പ്രദായമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഖാദിന്‍ അദ്നാന്‍ എന്ന ഫലസ്തീന്‍ യുവാവാണ് ഇസ്രായേലി ജയിലില്‍ നിരാഹാരമനുഷ്ഠിച്ചുകൊണ്ട് പ്രതിഷേധമാരംഭിച്ചത്.
ഈ യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി സൈന്യം തുറുങ്കിലടയ്ക്കുകയായിരുന്നു. വിചാരണകളില്ലാതെ കാരാഗൃഹവാസം നീണ്ടുനീണ്ടുപോയപ്പോള്‍ ഭക്ഷണമുപേക്ഷിച്ച് പ്രതിഷേധിച്ച അദ്നാനെ ഒടുവില്‍ ബന്ധനത്തില്‍നിന്ന് വിട്ടയക്കാന്‍ ഇസ്രായേല്‍ നിര്‍ബന്ധിതമായതോടെ കൂടുതല്‍ തടവുകാര്‍ ഈ സമരമുറയുമായി രംഗപ്രവേശം ചെയ്തു.
കുറ്റങ്ങള്‍ ചുമത്താതെയും വിചാരണ കൂടാതെയുമുള്ള ഇസ്രായേലിന്‍െറ അന്യായത്തടവിനെതിരെ ഉപവാസസമരവുമായി ഇന്ന് 1550 പേര്‍ തടവറകളിലുണ്ട്.
ഇസ്രായേലി തടവില്‍ ഉപവാസസമരം നടത്തുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് അപകടം സംഭവിച്ചാല്‍ അത് ദേശീയ ദുരന്തമായിരിക്കുമെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഒരു മാസത്തിലേറെയായി നിരാഹാരം അനുഷ്ഠിക്കുന്ന ഫലസ്തീന്‍ തടവുകാരുടെ സമരം അവസാനിപ്പിക്കുന്നതിനുള്ള ധാരണയായതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.
ഉദയംകാണാന്‍ ഉറക്കമൊഴിക്കുന്ന ഈ ധീരയോദ്ധാക്കളുടെ പ്രത്യാശ ചോര്‍ത്തിയെടുക്കാന്‍ കഴുമരത്തിനുപോലും കഴിയില്ലെന്നാണ് കഴിഞ്ഞകാല സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.
‘‘തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍
സ്വന്തം കുഞ്ഞിനെ തിരയുന്ന ഈ അമ്മയാര്?
ഭയങ്കരമായ ആരവങ്ങളില്‍
തന്‍െറ ശബ്ദം നഷ്ടപ്പെട്ട ഈ അച്ഛനാര്?
ഇരുണ്ട കൊടുങ്കാറ്റ് കെടുത്തിക്കളയുന്ന
വിളക്കുകള്‍പോലെ
ഈ നിരപരാധികള്‍ ആരാണ്?
മരിക്കാന്‍ തയാറായ ഈ ധീരര്‍
ഏതു ഗോത്രത്തെയാണുണ്ടാക്കുന്നത്?’’
‘ബൈറൂത്ത്’ എന്ന കവിതയില്‍ അഹ്മദ് ഫറാസ് ചോദിക്കുന്നു.