യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന മനുഷ്യയന്ത്രങ്ങള്‍ | Madhyamam Weekly
Weekly


യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന മനുഷ്യയന്ത്രങ്ങള്‍

ജ്യോതി മദന്‍

മധ്യവേനലവധിക്കായി സ്കൂള്‍ പൂട്ടുന്ന വൈകുന്നേരം എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് കൂകിപ്പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനില്‍ തുടങ്ങും എന്‍െറ അവധിക്കാലം. മാമ്പഴക്കാലമെന്നും ചക്കക്കാലമെന്നുമൊക്കെ പേരുചൊല്ലി വിളിക്കാവുന്ന ആ ദിവസങ്ങള്‍ (എന്നെ സംബന്ധിച്ചിടത്തോളം രണ്ടുമാസമെന്നത് വെറും അറുപത് ദിവസങ്ങള്‍ മാത്രമായിരുന്നു) കൂകിപ്പായുന്ന തീവണ്ടിയെക്കാളും വേഗത്തില്‍ പിന്നിലാകും. സ്കൂള്‍ തുറപ്പിന്‍െറ തലേന്നത്തെ കോട്ടയം-എറണാകുളം പാസഞ്ചര്‍ എറണാകുളത്ത് എന്നെയും ഏടത്തിയെയും ഞങ്ങളെ കൂട്ടിക്കൊണ്ടുവരുന്ന അച്ഛനെയും മാത്രമല്ല, മുത്തശ്ശിയുടെ വിടവാങ്ങല്‍ തേങ്ങലുകളെകൂടിയായിരുന്നു. ഞങ്ങളുടെ ഓരോ വരവിലും എത്ര സന്തോഷിച്ചുവോ അത്രയേറെ ദു$ഖത്തോടെതന്നെയായിരുന്നു, തീര്‍ച്ചയായും എല്ലായ്പോഴും കണ്ണീരിന്‍െറ അകമ്പടിയോടെതന്നെ, മുത്തശ്ശി ഞങ്ങളെ യാത്രയാക്കിയിരുന്നതും. ഒരുപക്ഷേ, അന്നത്തെ കോട്ടയം-എറണാകുളം ദൂരത്തിന് തീര്‍ച്ചയായും ഇന്നത്തെ 60-65 കിലോമീറ്ററെക്കാള്‍ കൂടുതല്‍ ദൂരം ഉണ്ടായിരുന്നിരിക്കണം.

‘ചെറിയ കാര്യങ്ങളുടെ തമ്പുരാനി’ലൂടെ അരുന്ധതിറോയ് ലോകനെറുകയിലെത്തിച്ച അതേ മീനച്ചിലാറില്‍ മുങ്ങിനിവര്‍ന്ന ഞങ്ങളുടെ വേനലവധിക്കാലത്തിന് തീര്‍ച്ചയായും വേനല്‍ച്ചൂടിന്‍െറ കനലുകളെ കുളിരണിയിക്കാന്‍ കഴിഞ്ഞിരുന്നു.

വേനല്‍മഴയില്‍ ഉതിര്‍ന്നുവീഴുന്ന മാമ്പഴങ്ങള്‍ പെറുക്കാന്‍ അതിരാവിലെ മുത്തശ്ശി തൊടിയിലേക്ക് യാത്രയായി കഴിഞ്ഞ് എത്രയോ കഴിഞ്ഞായിരിക്കും ഞങ്ങള്‍ ഉണരുക. റെഡി വണ്‍, ടു, ത്രീ എന്ന് പറഞ്ഞ് ഞങ്ങള്‍ രണ്ടാളും കൂടി ‘‘മുത്തശ്ശീ...’’ എന്ന് നീട്ടിവിളിച്ചാല്‍ (ഒരാള്‍ ഒറ്റക്ക് വിളിച്ചാല്‍ തൊടിയുടെ അങ്ങേയറ്റത്തെ മുത്തശ്ശി കേട്ടില്ലെങ്കിലോ...) അധികം താമസിയാതെ മുത്തശ്ശി അവിടെ ഹാജര്‍. പിന്നീട് ദിവസം മുഴുവനും മുത്തശ്ശിയുടെ ഓരോ നീക്കങ്ങളിലും ഇടങ്കൈയും വലങ്കൈയുമായി ഞാനും ഏടത്തിയും.
വലിയ ചീനഭരണിയില്‍ മാങ്ങ പല പാകത്തില്‍, പല ചേരുവകളില്‍ ഉപ്പിലിട്ടത്, പായയില്‍ ഒരിഞ്ചോളം കനത്തില്‍, മീതെ മീതെ മാമ്പഴച്ചാറ് പിഴിഞ്ഞൊഴിച്ചുണ്ടാക്കുന്ന മാങ്ങാത്തെര, ചക്ക വറുത്തത്, ചക്ക വരട്ടിയത്, ചക്കയപ്പം... മുത്തശ്ശിയുടെ വേനല്‍ വിഭവങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല.

വിഷു മാത്രമായിരുന്നില്ല വേനലവധിയില്‍ വരുന്ന ആഘോഷം. എന്‍െറ പിറന്നാളും അവധിക്കാലത്തെ ഓര്‍മകള്‍ക്ക് മിഴിവേകുന്നു. ഇന്നത്തെപ്പോലെ കത്തിച്ചുകളയാന്‍ ഒരുപാടൊന്നുമുണ്ടായിരുന്നില്ല വിഷുപ്പടക്കങ്ങള്‍. കുറച്ച് കമ്പിത്തിരി, ഏതാനും മത്താപ്പ്, ഒന്നോ രണ്ടോ വിഷുചക്രവും പൂക്കുറ്റിയും ഒരു മാലപ്പടക്കം (ചിലപ്പോള്‍) -കഴിഞ്ഞു ഞങ്ങളുടെ വിഷു കത്തിക്കല്‍. പെണ്‍കുട്ടികളായതിനാല്‍ ഞങ്ങള്‍ക്ക് ഈ കത്തിക്കല്‍ ആഘോഷത്തില്‍ വലിയ താല്‍പര്യമില്ലായിരുന്നു എന്നതാണ് സത്യം.
വേനല്‍മഴയുടെ ഇടവേളക്കുശേഷം മേയ് അവസാനത്തോടെ എത്തുന്ന മണ്‍സൂണ്‍ മഴ, വേനലവധി തീരുന്നു എന്നോര്‍മിപ്പിക്കുന്ന മണിയടികൂടി ആയിരുന്നു. നടുമുറ്റത്തേക്ക് നാലുകോണില്‍നിന്നും കുതിച്ചുചാടുന്ന മഴവെള്ളം കണ്ടുകൊണ്ടിരിക്കെ കണ്ണില്‍നിന്ന്  ഒലിച്ചിറങ്ങുന്ന കണ്ണീര്‍ ആരും കാണാതെ തുടച്ചുകളയുകയായിരുന്നു പതിവ്.

‘‘പെണ്‍കുട്ടികളല്ലേ, അമ്മ ഇവരെ പണിയൊക്കെ പഠിപ്പിച്ചോളൂ’’ -ഓരോ വേനലവധിയിലും ഇല്ലത്ത് ഞങ്ങളെ വിട്ടുവരവേ അച്ഛന്‍ മുത്തശ്ശിയോട് ആവശ്യപ്പെട്ടിരുന്നു. കിണറ്റില്‍നിന്നും വെള്ളം കോരാനും ആട്ടുകല്ലിലും അമ്മിക്കല്ലിലും അരയ്ക്കാനും മനസ്സില്ലാമനസ്സോടെ മുത്തശ്ശി ഞങ്ങളെ പഠിപ്പിച്ചു. എന്നാല്‍, പുതിയ യന്ത്രയുഗത്തില്‍ ഞങ്ങളുടെ ഭര്‍തൃഗൃഹത്തില്‍ ആട്ടാനും അരയ്ക്കാനും യന്ത്രങ്ങളുണ്ടാവുമെന്നും ആ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രങ്ങളാവുകയേ ഞങ്ങള്‍ ചെയ്യേണ്ടൂവെന്നും മുന്‍കൂട്ടി കാണാന്‍ മുത്തശ്ശിക്കായില്ല; ഞങ്ങള്‍ക്കും.
ടൗണില്‍നിന്നും ഗ്രാമത്തിലെത്തുന്ന ഞങ്ങള്‍ക്ക് അവിടത്തെ രാത്രികളുടെ ഗാംഭീര്യം ചെറിയ ഉള്‍ക്കിടിലമുണ്ടാക്കാറുണ്ടായിരുന്നു എന്നത് നേര്. ചീവീടുകളുടെയും കൂമന്‍െറയും പേരറിയാത്ത മറ്റെന്തൊക്കെയോ ജീവികളുടെയും ശബ്ദം രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചു -ഞങ്ങളുടെ കുഞ്ഞുമനസ്സുകളെയും (പിന്നീട്, ഈ ജീവികളുടെ ശബ്ദത്തെ, അവ ജീവികളുടേതാണെന്നറിയാതെ ‘രാത്രിയുടെ ശബ്ദം’ എന്ന് എന്‍െറ മകന്‍ വിശേഷിപ്പിച്ചപ്പോള്‍ പൊട്ടിച്ചിരിക്കാതിരിക്കാന്‍ എനിക്കായില്ല).

സമപ്രായക്കാരായ പുരുഷപ്രജകളൊന്നുമില്ലാതിരുന്നതുകൊണ്ട് രാത്രിഞ്ചരന്മാരുടെ സ്വാതന്ത്ര്യം കണ്ട് അസൂയപ്പെടേണ്ടിവന്നിട്ടില്ല. എന്നാല്‍, നഷ്ടപ്പെട്ട നിലാവിന്‍െറ വെണ്‍മയും വേനല്‍മഴ തോര്‍ന്ന നാടന്‍ മണ്ണിന്‍െറ കുളിരും എന്തായിരുന്നു എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.  രാത്രികളില്‍ പുറത്തിറങ്ങി നടക്കുക  എന്‍െറ എന്നത്തേയും വലിയ കൊതിയാണ്. പകലൊന്നും ഒരു പ്രദേശത്തിനും ഇല്ലാത്ത സൗന്ദര്യവും ശാലീനതയും രാത്രികള്‍ക്കുണ്ടെന്ന് ഞാന്‍ കണ്ടുപിടിച്ചു. അന്നും ഇന്നും പെണ്ണിന് പ്രത്യേകിച്ച്, മലയാളിപ്പെണ്ണിന് അന്യമായിരിക്കുന്ന രാത്രിവഴികള്‍ എല്ലാ സ്വപ്നങ്ങളിലും എന്നെ പൂത്താലമേറ്റ് വരവേറ്റു.

രാത്രികളില്‍ പുറത്തിറങ്ങി നടക്കണമെന്ന് എന്‍െറ മുത്തശ്ശിയോ അമ്മയോ ഒരിക്കല്‍പോലും ആഗ്രഹം പ്രകടിപ്പിച്ചതായി എനിക്കോര്‍മയില്ല. എന്നു മാത്രമല്ല, പെണ്ണുങ്ങളുടെ രാത്രിനടത്തത്തെ അവര്‍ വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍, രാത്രികളെ ഞാന്‍ എത്ര പ്രണയിക്കുന്നുവെന്ന് എന്‍െറ പ്രണേതാവും പിന്നീട് ഭര്‍ത്താവുമായ ജീവിതസഖാവിനോട് ഞാനെപ്പോഴും പിറുപിറുത്തുകൊണ്ടിരുന്നു.
റ്റാറ്റാ പോകാന്‍ എന്‍െറ രണ്ടു വയസ്സുകാരി മകള്‍ ശാഠ്യംപിടിക്കുമ്പോള്‍ അവളെയുംകൊണ്ടുള്ള ഔിങ് ഞാന്‍ കഴിവതും വൈകിക്കും- തിരിച്ചെത്തുമ്പോള്‍ രാത്രിയാകുമല്ലോ- എന്‍െറ പ്രിയപ്പെട്ട രാത്രികളെ കാറിലെ ജനാലച്ചില്ലുകളിലൂടെയെങ്കിലും കാണാലോ? എനിക്കന്യമായിരുന്ന ബാല്യത്തിലെ രാത്രികള്‍ അവള്‍ അനുഭവിച്ചുവളരട്ടെ.
നിറഞ്ഞ സന്ധ്യകളില്‍ മറൈന്‍ഡ്രൈവിലെ നിയോണ്‍ പ്രഭയില്‍ ആറാടി ഇരിക്കുമ്പോള്‍ അങ്ങ് ആകാശത്തിലെ നക്ഷത്രമായി എന്‍െറ മുത്തശ്ശി കണ്ണുചിമ്മുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്. കായല്‍ക്കാറ്റ് കാതില്‍ മൂളുമ്പോള്‍ അതില്‍ മുത്തശ്ശിയുടെ ശബ്ദം ഞാന്‍ കേള്‍ക്കാറുണ്ട്. ‘‘ശിവ, ശിവ... ഈ കുട്ടി ഇതെന്തു ഭാവിച്ചാ? ഈ ത്രിസന്ധ്യ നേരത്ത്...ആ ഇത്തിരിയില്ലാത്ത കുട്ടിയേം എടുത്തോണ്ട് എല്ലാരും കൂടി  എങ്ങോട്ടാ?’’
ഇവള്‍, എന്‍െറ മകള്‍ പുതിയ കാലത്തിന്‍െറ സന്താനമാണ് മുത്തശ്ശീ. എനിക്ക് നഷ്ടപ്പെട്ട ആകാശങ്ങളും ഭൂമിയും ഇവള്‍ കണ്ടെത്തട്ടെ. എന്‍െറ മാമ്പഴക്കാലം ഇവള്‍ക്കായി കാത്തുവെക്കാന്‍ എനിക്കായില്ല. ഇവള്‍ ഇനി ഇവളുടെ വഴികള്‍ കണ്ടെത്തട്ടെ. രാത്രികള്‍ ഇവളെ പൂത്താലമേറ്റ് സ്വീകരിക്കട്ടെ.

മകന്‍ വാശിപിടിക്കുന്നു. ‘‘ഈ വെക്കേഷന്‍ എത്ര ബോറാ അമ്മേ. നമുക്ക് എവിടെയെങ്കിലും പോകാം.’’ എന്‍െറ വേനലവധികളെപ്പറ്റി, ആഘോഷ തിമിര്‍പ്പിനെപ്പറ്റി, ആ വെറും അറുപതു ദിവസങ്ങളെപ്പറ്റി ഞാനെത്രയോ തവണ അവനോട് പറഞ്ഞിരിക്കുന്നു. ഇനിയും പറഞ്ഞാല്‍ അവന്‍ പറയും. ‘‘ഓ, അമ്മയുടെ ഒരു പഴമ്പുരാണം...’’
അപ്പോള്‍ ആര്‍ക്കാണ് തെറ്റുപറ്റിയത്? എനിക്കോ എന്‍െറ ഇന്നലെകള്‍ക്കോ അതോ എല്ലാം മായ്ച്ച് ഏഴു വെള്ളക്കുതിരകളെ കെട്ടിയ തേരേറി പായുന്ന കാലത്തിനോ?


കണ്‍മഷി

മുന്‍ ലക്കങ്ങള്‍