അരികുജീവിതങ്ങളുടെ ചരിത്രമുറങ്ങുന്ന ഭൂമിക | Madhyamam Weekly
Weekly


അരികുജീവിതങ്ങളുടെ ചരിത്രമുറങ്ങുന്ന ഭൂമിക

പുനര്‍വായന: ഡോ.അജയപുരം ജ്യോതിഷ് കുമാര്‍

നാടോടിക്കഥകളും പുരാവൃത്തങ്ങളും ദേശസംസ്കൃതിയും പ്രമേയത്തിന്‍െറ ഭാഗമായി സ്വീകരിച്ചും ആഖ്യാനത്തില്‍ നാടോടിരീതികളുടെ സൗന്ദര്യം സന്നിവേശിപ്പിച്ചുംകൊണ്ട് നോവലെഴുതിയ കോവിലന്‍ മാനവികതയിലും ജനാധിപത്യത്തിലും അടിയുറച്ചുവിശ്വസിച്ച എഴുത്തുകാരനാണ്. താന്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ ഏതായാലും അതിന്‍െറ സത്തയും സ്വത്വവുമാണ് കോവിലന്‍ അന്വേഷിച്ചത്. നാട്ടായ്മകളിലേക്കും ജനസംസ്കൃതിയിലേക്കുമുള്ള സര്‍ഗാത്മകസഞ്ചാരങ്ങള്‍ ആണ് കോവിലന്‍െറ നോവലുകള്‍. സ്വന്തം അനുഭവസീമകള്‍ക്കുള്ളില്‍ ആണ്ടിറങ്ങിയ എഴുത്തുകാരന്‍, ജീവിതപ്രതിസന്ധികള്‍ക്ക് പകരംവെക്കാനുള്ള ജൈവിക സാമഗ്രിയായി എഴുത്തിനെ കണ്ടു. ‘തകര്‍ന്ന ഹൃദയങ്ങള്‍’, ‘തറവാട്’, ‘തോറ്റങ്ങള്‍’, ‘തട്ടകം’ എന്നീ നോവലുകള്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടവയാണ്. ദേശസംസ്കൃതിയും നാട്ടറിവുകളും സാമൂഹിക-വാങ്മയ സംസ്കാരവും ഈ നോവലുകളുടെ പ്രമേയസ്വരൂപത്തിലും ആഖ്യാനസമീപനത്തിലും നിര്‍ണായക ഘടകങ്ങളാണ്. വിശപ്പ്, അനാഥത്വം എന്നീ അനുഭവതലങ്ങളെ അര്‍ഹിക്കുന്ന തീക്ഷ്ണതയോടെ ‘തകര്‍ന്ന ഹൃദയങ്ങളി’ലും ‘തറവാടി’ലും പ്രതിഫലിപ്പിച്ച കോവിലന്‍ ജാതിക്കോയ്മ, അധികാരം, അയിത്തം തുടങ്ങിയ പീഡനോപാധികള്‍ മനുഷ്യന്‍െറ ജീവിതത്തെ അരക്ഷിതമാക്കുന്നതെങ്ങനെയെന്ന് രേഖപ്പെടുത്തി. ഗ്രാമീണഭൂമികയും അനുഭവപശ്ചാത്തലങ്ങളുംകൊണ്ട് ഈ നോവലുകള്‍ക്ക് സാമൂഹികപരിപ്രേക്ഷ്യം കൈവരുന്നു.

 ജീവിതദുരന്തത്തിന്‍െറ ഭീകരത വിവരിക്കാന്‍ കാല്‍പനികതകൊണ്ടാവില്ലെന്ന ഉള്‍ക്കാഴ്ചയോടെയാണ്് ‘തോറ്റങ്ങളു’ടെ രൂപഭാവശില്‍പങ്ങള്‍ കോവിലന്‍ നിര്‍മിച്ചിരിക്കുന്നത്. കോള്‍പാടത്തിന്‍െറയും തോറ്റംപാട്ടിന്‍െറയും മനുഷ്യജീവിതത്തിന്‍െറയും  അവസാനിക്കാത്ത കഥാന്തരങ്ങള്‍ ‘തോറ്റങ്ങളി’ലുണ്ട്.  ‘തോറ്റങ്ങളി’ലെ തോറ്റവും കുരുതിയും പ്രകടമാക്കുന്ന ഭാവതീവ്രത അനുഷ്ഠാനത്തിന്‍െറയും വര്‍ത്തമാനകാല ജീവിതസമസ്യയുടെയും മിശ്രണത്തിന്‍െറ സഫലതയാണ്. ബലിമൃഗം എന്ന സങ്കല്‍പത്തെ സ്ത്രീജീവിതദുരന്തവുമായി ബന്ധപ്പെടുത്തി കോവിലന്‍ അവതരിപ്പിക്കുന്നു. ഉണ്ണിമോളുടെ ആത്മഹത്യ ഒരു പ്രതികാരനിര്‍വഹണംകൂടിയാണ്. പുരുഷസൃഷ്ടമായ വ്യവസ്ഥകളോടുള്ള അതിലംഘനത്വരയാണ് അതിലൂടെ വെളിവാക്കുന്നത്.  തോറ്റംശൈലിയിലുള്ള ആഖ്യാനരീതി മലയാളനോവലില്‍ ആദ്യം പരീക്ഷിക്കപ്പെട്ടത് ‘തോറ്റങ്ങളി’ലാണ്. ബോധധാരാനോവലായി മാത്രമല്ല കേരളീയമായ നാടോടി ഗാനപാരമ്പര്യത്തെ ആഖ്യാനസ്വരമായി  സ്വീകരിച്ച നോവലെന്ന നിലക്കും ‘തോറ്റങ്ങള്‍’ തിരിച്ചറിയപ്പെടേണ്ടതാണ്.
അധികാരം കൂട്ടായ്മകള്‍ക്കുമേല്‍ ആവേശിക്കുന്നതിന്‍െറ രീതിഭേദങ്ങളാണ് കോവിലന്‍െറ ‘സൈനികനോവലുകളും’ ‘ഭരതനും’ ആവിഷ്കരിക്കുന്നത്. ‘കൊല്ലാന്‍വേണ്ടി ജീവിക്കുന്ന പട്ടാളക്കാരന്‍’ എന്ന വിചിത്രനിയോഗം ഏറ്റെടുക്കുന്ന സൈനികന്‍െറ  ജീവിതത്തെ ഉദ്യോഗസ്ഥക്കോയ്മയും അധികാരസ്ഥാനങ്ങളും ചൂഷണംചെയ്യുന്ന രീതിയും പട്ടാളജീവിതത്തിന്‍െറ തനത് അനുഭവങ്ങളുമാണ് കോവിലന്‍െറ സൈനിക നോവലുകളില്‍ ആവിഷ്കൃതമാകുന്നത്.

ഇന്ത്യയില്‍ പലേടങ്ങളിലായി ചിതറിക്കിടക്കുന്ന ദേശങ്ങളില്‍നിന്ന് സൈന്യം എന്ന വലിയ കൂട്ടായ്മയിലേക്ക് എത്തിച്ചേരുന്ന പട്ടാളക്കാരില്‍ ഇന്ത്യയുടെ സാംസ്കാരികമായ ഏകത്വം (cultural unity) ദര്‍ശിക്കാം. അതേസമയം, ഓരോരുത്തരിലും അവരിലെ പ്രാദേശിക സ്വത്വം (local identity) രൂഢമൂലമായിരിക്കുകയും ചെയ്യും. അനേകം മനുഷ്യരുടെ ചിതറിയ ജീവിതങ്ങളിലൂടെ പുതിയ ഇന്ത്യന്‍ ജനതയുടെ രൂപവത്കരണമാണ് കോവിലന്‍ രേഖപ്പെടുത്തിയത്. എം.സെക്ഷന്‍െറ ബാരക്കിനുള്ളിലെ ജീവിതത്തിലൂടെ വിഭിന്ന മനുഷ്യമാതൃകകളും അതിജീവന യത്നങ്ങളും വെളിപ്പെടുത്തുന്ന ‘എ മൈനസ് ബി’യിലും യുദ്ധവും പരാജയവും ഇന്ത്യക്കുനല്‍കിയ ആന്തരിക വിഷാദത്തിന്‍െറ കഥപറയുന്ന ‘താഴ്വരകളി’ലും പട്ടാളക്കാരുടെ ആത്മവീര്യം കെടുത്തുന്ന നെറികെട്ട ആഭ്യന്തരജീവിതം വരച്ചുകാട്ടുന്ന ‘ഏഴാമെടങ്ങളി’ലും ഹിമാലയ പ്രദേശത്ത് നിയോഗിക്കപ്പെട്ട പട്ടാളം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിവരിക്കുന്ന ‘ഹിമാലയ’ത്തിലും ഇന്ത്യന്‍ മനസ്സു തുടിക്കുന്നുണ്ട്.
റെജിമെന്‍റുകളിലെ വിധേയത്വത്തിന്‍െറയും ആധിപത്യപ്രവണതകളുടെയും കഥപറയുമ്പോള്‍തന്നെ സാമൂഹിക ഘടനയുടെ സ്വഭാവസവിശേഷതകളെ വിചാരണചെയ്യാനും കോവിലന്‍ ശ്രമിക്കുന്നുണ്ട്. മനുഷ്യത്വരാഹിത്യവും പീഡനവാസനയുംകൊണ്ട്  അധികാരികള്‍ കാട്ടുന്ന ക്രൂരതകള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും അധികാരസ്ഥാനത്തിരിക്കുന്നവര്‍ കാട്ടുന്ന തിന്മകള്‍ ദുരന്തത്തിന്‍െറ പെരുമഴ സൃഷ്ടിക്കുമെന്നും കോവിലന്‍ തിരിച്ചറിയുന്നു. ഇവിടെ പട്ടാളം ഒരു പ്രതീകമായി നില്‍ക്കുകയാണ്. മഹാഭാരത വായന നല്‍കിയ ധാര്‍മികബോധവും  സാഹിതീയ പ്രേരണകളും നോവലെഴുതുന്ന വേളകളിലൊക്കെ  കോവിലനിലെ ധര്‍മാധര്‍മചിന്തകളെ ഉദ്ദീപിപ്പിച്ചിട്ടുണ്ട്. തിന്മക്കെതിരായ അക്ഷരസമരങ്ങളായി കോവിലന്‍രചനകള്‍ മാറുന്നത് അങ്ങനെയാണ്. പട്ടാളമെന്ന കൂട്ടായ്മക്കുള്ളില്‍ കഴിയുന്ന കഥാപാത്രങ്ങളോരോന്നും സാമാന്യമനുഷ്യന്‍െറതന്നെ പ്രതിനിധികളാണ്. സൈനികബാഹ്യമായ ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള റെജിമെന്‍േറഷന്‍ അനുഭവിക്കുന്നവരാണ് ഓരോരുത്തരും. റെജിമെന്‍േറഷന്‍ ഏതു തരത്തിലുള്ളതായാലും പീഡനാത്മകവും പരതന്ത്രവുമാണ്. അതുകൊണ്ടുതന്നെ, പട്ടാള പശ്ചാത്തലത്തിലെഴുതിയ നോവലുകള്‍ക്കുള്ളിലും കോവിലന്‍െറ ധാര്‍മികചിന്ത തെളിഞ്ഞുകാണാം.

ആസൂത്രണത്തിലെ അശാസ്ത്രീയതയും കെടുകാര്യസ്ഥതയും ദീര്‍ഘവീക്ഷണമില്ലായ്മയും ചേര്‍ന്ന് പട്ടാളക്കൂട്ടായ്മയെ നിഷ്ക്രിയമാക്കുന്നതെങ്ങനെയെന്ന അന്വേഷണമാണ് കോവിലന്‍െറ സൈനിക നോവലുകളുടെ ജീവന്‍. ഒട്ടേറെ സവിശേഷതകള്‍ പങ്കിടുന്ന ഒരു തൊഴില്‍സംസ്കൃതി എന്ന നിലയില്‍ പട്ടാളത്തിന്‍െറ ബാഹ്യവും ആഭ്യന്തരവുമായ ജീവിതത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളെ കോവിലന്‍െറ രചനകളില്‍ കാണാം. പട്ടാളത്തിന് അതിന്‍േറതുമാത്രമായ പൊതുചിഹ്നങ്ങളും വ്യവഹാര സവിശേഷതകളുമുണ്ട്. കോവിലന്‍കൃതികളിലൂടെ പട്ടാളജീവിതത്തിന്‍െറ സ്വത്വം തിരിച്ചറിയാന്‍  അവസരമൊരുങ്ങുന്നു. സൈനികജീവിതം മുന്‍നിര്‍ത്തി എഴുതിയ മറ്റ് നോവലിസ്റ്റുകള്‍ക്കൊന്നും സാധിക്കാത്തവിധത്തില്‍ പട്ടാളക്കൂട്ടായ്മയുടെ അന്ത$സത്ത കണ്ടെത്താന്‍ കോവിലന് കഴിഞ്ഞു. ആധുനിക ഫോക്ലോര്‍ പഠനരംഗത്തെ പ്രധാനമേഖലയായ സൈനികഫോക്ലോറിന്‍െറ  (military folklore) മലയാളത്തിലെ മികച്ച മാതൃകയായി കോവിലന്‍െറ സൈനിക നോവലുകളെ കാണാം.
എഴുത്തുകാരന്‍െറ ലോകവീക്ഷണം ആധിപത്യ വ്യവസ്ഥകള്‍ക്കെതിരെ സജ്ജമാകുന്നതെങ്ങനെയെന്ന അന്വേഷണവും അര്‍ഥപൂര്‍ണമാണ്. അടിസ്ഥാനവര്‍ഗങ്ങളുടെ ജീവിതപ്രശ്നങ്ങളെയും നന്മയുടെ ഇടങ്ങളെയുംപറ്റി ചിന്തിച്ച നോവലിസ്റ്റായ കോവിലന്‍ സ്വാഭാവികമായും അവര്‍ക്കുനേരെ വായ്തുറന്നു നില്‍ക്കുന്ന അധികാരഭീകരതക്കെതിരെ തന്നാലാവുംവിധം പ്രതികരിച്ചു. ഭരണകൂടവും ബ്യൂറോക്രസിയും നീതിവ്യവസ്ഥയുമൊക്കെ അധികാരത്തിന്‍െറ പതുപതിപ്പിലിരുന്നുകൊണ്ട് അന്യായത്തിന്‍െറയും പരപീഡനത്തിന്‍െറയും കരുക്കള്‍ എടുത്തുപയോഗിക്കുന്നത് അസ്വസ്ഥതയോടെ വീക്ഷിച്ച കോവിലന്‍ രൂക്ഷമായ ഭാഷയില്‍ ആ നിലപാടിനോട് പ്രതികരിച്ചു. ‘ഭരതന്‍’ എന്ന നോവലില്‍ അദ്ദേഹം നിര്‍വഹിക്കുന്നത് അതാണ്.

അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലെഴുതിയ ‘ഭരതന്‍’ അധികാരപ്രമത്തതയെ രൂക്ഷമായി പരിഹസിക്കുന്ന സറ്റയര്‍ കൂടിയാണ്.  ‘ഭരതനി’ലെ ഐ.ഐ.ടി ആധുനിക യന്ത്രസാങ്കേതിക വിദ്യയുടെ അധിനിവേശത്തിന്‍െറ പ്രതീകമായി നോവലില്‍ നിറഞ്ഞുനില്‍ക്കുന്നു. ഭരതന്‍, കിഷന്‍ലാല്‍, സുഷമാദേവി എന്നീ കഥാപാത്രങ്ങള്‍ ഗ്രാമീണവും നിഷ്കളങ്കവുമായ ജീവിതാവസ്ഥയുടെയും കമലേഷ്കുമാര്‍, അമ്പി, മധുചതുര്‍വേദി തുടങ്ങിയവര്‍ യാന്ത്രിക നഗരസംസ്കാരത്തിന്‍െറയും മുതലാളിത്തത്തിന്‍െറയും പ്രാതിനിധ്യത്തെ സൂചിപ്പിക്കുന്നു. പൗരാണികവും പാരമ്പര്യാധിഷ്ഠിതവുമായ ഒട്ടേറെ അംശങ്ങള്‍ ‘ഭരതന്‍’ എന്ന നോവലില്‍ വെളിപ്പെടുന്നുണ്ട്.
കമ്പ്യൂട്ടര്‍ ഫോക്ലോര്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന കാലമാണിത്. വരാനിരുന്ന കമ്പ്യൂട്ടര്‍ വിപ്ളവത്തെ എഴുപതുകളില്‍ തന്നെ, മുന്‍കൂട്ടി കാണാന്‍ കോവിലനു സാധിച്ചു. ബൗദ്ധികമായ ഉണര്‍വും ദീര്‍ഘവീക്ഷണവുമുള്ള എഴുത്തുകാരന്‍െറ സാന്നിധ്യമാണ് ‘ഭരതന്‍’ വെളിപ്പെടുത്തുന്നത്. ഗ്രാമ/നഗരസംഘര്‍ഷത്തിന്‍െറയും യാന്ത്രികസംസ്കാരത്തിന്‍െറ അപകടങ്ങളുടെയും ദിശാസൂചന നല്‍കുന്ന കൃതിയാണ് ‘ഭരതന്‍’.

നിരവധി ഉപാഖ്യാനങ്ങളും അനേകം മനുഷ്യരുടെ ജീവിതകഥകളും ചേര്‍ന്ന് ഇതിഹാസമാനം കൈവരിക്കുന്ന നോവലാണ് ‘തട്ടകം’. ദേശസംസ്കൃതിയുടെ പരിണാമദശയിലെ അനേകം ഏടുകള്‍ ‘തട്ടകം’ തുറന്നിടുന്നു. പുരാവൃത്തം, പിതാക്കള്‍, ഭിക്ഷുക്കള്‍, സ്കൂള്‍, നാട്ടായ്മകള്‍, സന്തതികള്‍ എന്നീ ആറ് ഖണ്ഡങ്ങളിലൂടെ പുരോഗമിക്കുന്ന ‘തട്ടക’ത്തില്‍ ഇതിവൃത്തത്തിന് തുടര്‍ച്ചകളില്ല. ദേശചരിത്രത്തിന്‍െറ വിസ്തൃതാഖ്യാനമാണ് അത്. ലോകസാഹിത്യത്തിലെ ഉജ്ജ്വല കൃതികളുടെ പാത പിന്തുടരുന്ന ‘തട്ടകം’ ഘടനാശൈഥില്യവും അപൂര്‍ണതയും കൊണ്ടുതന്നെ മലയാളത്തിലെ വിസ്മയകരമായ അനുഭവമാകുന്നു.
പ്രമേയത്തിലും ആഖ്യാനഭാഷയിലും ചരിത്രത്തിന്‍െറ പ്രതിസന്ധികളെയും നാട്ടുവഴക്കത്തിന്‍െറ സാധ്യതകളെയും കൂട്ടിയോജിപ്പിക്കുകവഴി നോവലിന്‍െറ ചരിത്രത്തില്‍ ഗണ്യമായ ഇടംതേടുന്ന കൃതിയായി ‘തട്ടകം’ മാറി.  എഴുത്തുകാരന്‍െറ കണ്ടറിവുകളും കേട്ടറിവുകളും മൂപ്പിലിശ്ശേരിയുടെ പ്രാദേശികചരിത്ര നിര്‍മാണത്തില്‍ നിര്‍ണായകമായി. ചോലക്കുളങ്ങര ഭഗവതിയുടെ തട്ടകം എന്ന നിലയില്‍ നോവലിലെ മൂപ്പിലിശ്ശേരിയെ അവതരിപ്പിക്കുമ്പോള്‍തന്നെ സ്വന്തം തട്ടകമായ കണ്ടാണശ്ശേരിയുടെ ജനസംസ്കൃതി പഠനം നിര്‍വഹിക്കാനും കോവിലന് സാധിച്ചു. ദേശത്തിന്‍െറ ചരിത്രവും ഭൂമിശാസ്ത്രവും സാംസ്കാരിക ജീവിതവും ‘തട്ടക’ രചനക്ക് കോവിലന്‍െറ അസംസ്കൃത വസ്തുക്കളായിരുന്നു. മഹാഭാരതത്തെപ്പോലെ കഥാശൃംഖലകളും ഉപകഥകളും കഥാപാത്രബാഹുല്യവും ജീവിതദര്‍ശനവും ഒരുമിക്കുന്ന കൃതിയാണ് തട്ടകം. ആഖ്യാനത്തിലുടനീളം ഇതിഹാസ സമാനമായ കൈയൊതുക്കവുമുണ്ട്. മലയാളത്തില്‍ അത്യപൂര്‍വമായ ഒരു ദേശേതിഹാസമായി ‘തട്ടകം’ നിലകൊള്ളുന്നു.
വര്‍ത്തമാനകാല സാംസ്കാരികജീവിതവും പൈതൃകവും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യാനാണ് നാടോടി അംശങ്ങളുടെ വിനിയോഗം വഴി എഴുത്തുകാരന്‍ ശ്രദ്ധിക്കുന്നത്. മലയാള നോവലിന്‍െറ ആഖ്യാനവഴികളില്‍തന്നെ വേറിട്ടൊരുവഴി സ്വന്തമാക്കാന്‍ ‘തട്ടക’ത്തിന് കഴിഞ്ഞു. പൂര്‍വാപരക്രമമോ കാലത്തിന്‍െറ തുടര്‍ച്ചയോ ദീക്ഷിക്കാതെ ഓര്‍മകളിലൂടെ നിര്‍മിക്കുന്ന ഈ ഭൂതകാലചരിത്രം ഒരുപാടു കഥകളുടെ ആകരമാണ്. നാടോടിമട്ടില്‍ സര്‍വശക്തനായി നിന്നുകൊണ്ട് കഥപറഞ്ഞ കോവിലന്‍ നോവലിനെ കഥപറച്ചിലിന്‍െറ കലയാക്കി മാറ്റി.

അനുഭവവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥാഖ്യാനമാണ് കോവിലന്‍െറ നോവലുകളില്‍ പൊതുവെ ഉള്ളത്. നഷ്ടമായിപ്പോയ സംസ്കൃതിയുടെ ഹരിതസ്ഥലികളിലേക്കുള്ള പിന്മടക്കവും നാട്ടായ്മയുടെ സ്വത്വം തേടലും അദ്ദേഹത്തിന്‍െറ ആഖ്യാനഭാഷയുടെ അനിവാര്യതയായി നിലനില്‍ക്കുന്നു. പോയകാലത്തിന്‍െറ ജീവാംശങ്ങളില്‍ (fossils) ജീവിതസത്തയുടെ അംശങ്ങള്‍ തിരിച്ചറിയുന്നവരാണ് അദ്ദേഹത്തിന്‍െറ കഥാപാത്രങ്ങള്‍. ‘തട്ടക’ത്തിലെ കഥാപാത്രങ്ങള്‍ ആഖ്യാനത്തിന്‍െറ മുഖ്യഭാഗമാണ്. കാലത്തോടൊപ്പം ജീവിക്കുന്നവരാകയാല്‍ അവര്‍ നാട്ടായ്മയുടെ ഭാഗധേയങ്ങള്‍ പങ്കുപറ്റുന്നവരാണ്. കേരളീയേതരമായ  പശ്ചാത്തലത്തില്‍ ജീവിക്കുന്ന മറ്റു നോവലുകളിലെ കഥാപാത്രങ്ങളാകട്ടെ പാരമ്പര്യത്തിന്‍െറ ഊര്‍ജത്തെ ഉപേക്ഷിക്കാന്‍ വയ്യാത്തവരാണ്. കോവിലന്‍െറ കഥാപാത്രങ്ങളുടെ ഗൃഹാതുരതയില്‍ പാരമ്പര്യബോധവും ദേശസ്നേഹവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
മുദ്രാവാക്യങ്ങളോ പ്രത്യയശാസ്ത്രങ്ങളോ നല്‍കാത്ത മതേതരമാനങ്ങള്‍ സ്വന്തം രചനയിലൂടെ കോവിലന്‍ പ്രകടമാക്കുന്നു. ‘തട്ടക’ത്തിലെ മൂപ്പിലശ്ശേരിയുടെ സ്വത്വത്തില്‍ അത് ലയിച്ചുകിടക്കുന്നു. മിശ്രവിവാഹത്തിന്‍െറയും അയിത്തോച്ചാടനത്തിന്‍െറയും ആശയപരമായ ആഴങ്ങള്‍ ‘തട്ടക’ത്തിന്‍െറ കഥാസന്ദര്‍ഭങ്ങളില്‍നിന്ന് സിദ്ധിക്കുന്നു. സഹോദരന്‍ അയ്യപ്പന്‍, ശ്രീനാരായണഗുരു, എ.കെ.ജി തുടങ്ങിയ സാമൂഹിക പരിഷ്കര്‍ത്താക്കളെ നോവലിലേക്ക് കൊണ്ടുവന്നത് അതിലെ മതേതരമാനത്തിന് കൂടുതല്‍ മിഴിവ് നല്‍കുന്നു.

രാജാക്കന്മാരുടെയും പ്രഭുക്കളുടെയും അധികാരകേന്ദ്രങ്ങളുടെയും ചരിത്രത്തിനിടയില്‍ വിസ്മൃതമാകുന്ന സാധാരണക്കാരന്‍െറ ജീവിതചരിത്രമാണ് ‘തട്ടക’വും ‘തോറ്റങ്ങളു’മടക്കമുള്ള കോവിലന്‍ കൃതികളില്‍ ആഖ്യാനം ചെയ്യപ്പെടുന്നത്. ‘തട്ടക’ത്തില്‍  അരികുജീവിതങ്ങളുടെ ചരിത്രമുറങ്ങുന്ന ഭൂമികയായി മൂപ്പിലിശ്ശേരി ഇടംതേടുന്നു. പട്ടാളക്യാമ്പുകളുടെയും ഐ.ഐ.ടിയുടെയും പശ്ചാത്തലം നോവല്‍ പ്രമേയത്തിന് ആധാരമാക്കിയതിലൂടെ ചരിത്രത്തിന്‍െറ വ്യവസ്ഥാപിതഘടനയെ കോവിലന്‍ പൊളിച്ചെഴുതി. സാര്‍വലൗകിക മാനദണ്ഡങ്ങള്‍കൊണ്ട് നിര്‍ണയിക്കാനാവാത്ത പ്രാദേശികചരിത്രത്തിലെ ഈടുവെപ്പുകളെയും സംഭവപരമ്പരകളെയും സര്‍ഗാത്മകമായി പുനരവതരിപ്പിക്കുന്നതിലൂടെ എഴുത്തുകാരന്‍െറ സാമൂഹിക ദൗത്യം  നിറവേറ്റുകയായിരുന്നു അദ്ദേഹം.
നാടന്‍പാട്ട് പാരമ്പര്യത്തെ അഭിമാനപൂര്‍വം പിന്തുടരുന്ന എഴുത്തുകാരനാണ് കോവിലന്‍.  വടക്കന്‍പാട്ട്, തോല്‍പ്പാവക്കൂത്ത്, തോറ്റംപാട്ട് തുടങ്ങിയ  നാടോടിഗാനങ്ങളുടെ സ്വാധീനം അദ്ദേഹത്തിന്‍െറ നോവലുകളില്‍ സുവ്യക്തമാണ്. ഗ്രാമങ്ങളില്‍നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ജീവത്തായ ഭാഷയെ നോവല്‍ഭാഷയില്‍ സംരക്ഷിച്ചുനിര്‍ത്തിക്കൊണ്ട് ഭാഷാസ്നേഹപരമായ ദൗത്യനിര്‍വഹണം എഴുത്തുകാരന്‍ നിറവേറ്റുന്നു. സാമൂഹികമായ കാഴ്ചപ്പാടുള്ള ഒരു എഴുത്തുകാരന്‍െറ ലക്ഷ്യോന്മുഖമായ ഭാഷാവിനിയോഗമാണ് അദ്ദേഹത്തിന്‍െറ നോവലുകളിലൂടെ വെളിപ്പെടുന്നത്. വ്യവഹാരഭാഷയില്‍ നിലവിലുള്ളതും ഇല്ലാത്തതുമായ നിരവധി നാട്ടുവാക്കുകളുടെ കലവറയുമാണ് കോവിലന്‍െറ രചനകള്‍.

സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പും പിമ്പുമുള്ള കേരളീയ ജീവിതത്തിന്‍െറ വിഭിന്നമായ അടയാളങ്ങള്‍ കോവിലന്‍െറ രചനകളില്‍ തെളിയുന്നുണ്ട്. കാര്‍ഷികവൃത്തി, ഇതരതൊഴില്‍ സംസ്കൃതികള്‍, കെട്ടിടനിര്‍മാണരീതികള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രധാരണ സമ്പ്രദായങ്ങള്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ തുടങ്ങി കൂട്ടായ്മയുടെ ഭൗതികസംസ്കൃതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരിച്ചറിയാമെന്നതിനു പുറമേ അനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍, ഉപചാരങ്ങള്‍, നാട്ടുവഴക്കങ്ങള്‍ തുടങ്ങിയ  സാമൂഹികസംസ്കാര ഘടകങ്ങളെയും കോവിലന്‍െറ നോവലുകളില്‍ കണ്ടെടുക്കാം. വാമൊഴിവഴക്കങ്ങളായ പഴഞ്ചൊല്ലുകള്‍ നാടന്‍ശൈലികള്‍, ഭാഷാഭേദങ്ങള്‍, പുരാവൃത്തങ്ങള്‍, നാട്ടുകഥകള്‍ എന്നിവയുടെ സമൃദ്ധമായൊരു ശേഖരംതന്നെ അദ്ദേഹത്തിന്‍െറ കൃതികളിലുണ്ട്. നാട്ടറിവുകളുടെ അമൂല്യതയും നാട്ടുവഴികള്‍ക്കും ഗ്രാമചന്തകള്‍ക്കുമുള്ള സാമൂഹികപ്രസക്തിയും കോവിലന്‍ കൃതികള്‍ കാട്ടിത്തരുന്നു. നോവലുകളില്‍ സവിശേഷമായി പരിഗണിച്ചിട്ടുള്ള ഫോക്ലോര്‍ കരുക്കളുടെ വിനിയോഗമാണ് കോവിലന്‍െറ കൃതികള്‍ക്ക് വിഭിന്നമായ വ്യക്തിത്വം പകരുന്നത്.

പ്രകൃതിയുമായി അടുത്തിടപഴകി, മണ്ണിനോട് ആഭിമുഖ്യം കാട്ടി ജീവിച്ച ഒരു ജനത തലമുറകളിലൂടെ കൈമാറിയ നാട്ടറിവുകള്‍ എഴുത്തുകാരന്‍ സ്വാംശീകരിക്കുന്നു. നോവലിന്‍െറ പൊതുഘടനയിലേക്ക് ഇത്തരം നാട്ടറിവുകളെ സംയോജിപ്പിക്കുന്നതിലൂടെ നോവലിസ്റ്റ് ഒരു ഗവേഷകന്‍ (Researcher) ആയി മാറുന്നു. ഔചാരികവും അക്കാദമികവുമായ ഗവേഷണമാനദണ്ഡങ്ങള്‍ക്കുപകരം കണ്ടറിവ്, കൊണ്ടറിവ്, കേട്ടറിവ് എന്ന തരത്തിലാണ് എഴുത്തുകാരന്‍ വിവരശേഖരണം നടത്തി അവതരിപ്പിക്കുന്നത്.  അന്യവത്കരണത്തിനും ഏകലോക ആശയങ്ങള്‍ക്കും കീഴടങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹികാവസ്ഥയില്‍ നാട്ടറിവുകള്‍ക്കും ദേശചരിത്രത്തിനുമുള്ള പ്രാധാന്യം വളരെയേറെയാണ്. കൂട്ടായ്മകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും ഗ്രാമങ്ങളുടെ സ്വാശ്രയത്വം നിലനിര്‍ത്തുന്നതിനും നാടോടി ജീവിതാനുഭവങ്ങളുടെ സഹായം വേണം. എന്നാല്‍, പലതരം അറിവുകളും അനുഭവങ്ങളും പിന്‍തലമുറകള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന വൈഭവമുള്ള ആവേദകര്‍ക്ക് (Informants) വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍  പാരമ്പര്യതൊഴിലുകളെയും നാട്ടറിവുകളെയുംകുറിച്ച് പിന്‍തലമുറകള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കുന്ന  മുഖ്യസ്രോതസ്സ് ഫോക്ലോറുകളാല്‍ സമ്പന്നമായ സാഹിത്യകൃതികളാണ്. ജനദേശീയതയുടെ നാട്ടുചരിത്രം പങ്കുവെക്കുന്ന നാടോടിവൈജ്ഞാനികനായി എഴുത്തുകാരന്‍ മാറുകയാണ്.

കോവിലന്‍െറ നോവലുകളില്‍ നാടന്‍ ജ്ഞാനപരിസരത്തിന്‍െറ അനേകം അടരുകളുണ്ട്. പൂര്‍ണമായും നഷ്ടപ്പെട്ടുപോയതും നഷ്ടപ്രായമായതുമായ ഒട്ടേറെ പൂര്‍വകാലചിഹ്നങ്ങളും പകര്‍ന്നുകിട്ടിയ അറിവുകളും  അദ്ദേഹം പങ്കുവെക്കുകയാണ്. നാട്ടറിവുകളെ ശേഖരിച്ച്  പുതുതലമുറക്ക് പകരുന്ന ശാസ്ത്രീയ വിനിമയരീതികള്‍ ഇന്ന് നിലവിലുണ്ട്. അത് സംഘടിതവും ആസൂത്രിതവുമായ സംപ്രേഷണരീതിയാണ്. എന്നാല്‍, എഴുത്തുകാരന്‍ ബോധപൂര്‍വമായും അല്ലാതെയും ഫോക്ലോര്‍ വിജ്ഞാനം പ്രസരിപ്പിക്കുന്നു. ആരും നിയോഗിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്യാതെയാണ് അദ്ദേഹം ഈ ദൗത്യം നിര്‍വഹിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ എഴുത്തുകാരന്‍  നാടോടിസംസ്കൃതിയുടെ  പ്രസാരകനായി (carrier) മാറുന്നു.

നാടോടി അംശങ്ങളാല്‍ സമ്പന്നമായ സാഹിത്യകൃതി അക്ഷരാര്‍ഥത്തില്‍   ഒരു ഫോക്ലോര്‍ മ്യൂസിയമാണ്. തലമുറകള്‍ പിന്നിട്ടാലും ഒരു കൂട്ടായ്മയുടെ ചരിത്രവസ്തുതകളിലേക്കുള്ള പ്രമാണരേഖയായി ആ കൃതി നിലനില്‍ക്കും. ഫോക്ലോര്‍ മ്യൂസിയത്തില്‍ ചില സിദ്ധാന്തങ്ങളുടെയും ചിട്ടകളുടെയും അടിസ്ഥാനത്തിലാവും ഫോക്ലോറുകളെ വര്‍ഗീകരിക്കുക. സാഹിത്യകൃതിയിലാവട്ടെ വര്‍ഗീകരണം തികച്ചും സര്‍ഗാത്മകമായിട്ടായിരിക്കും. കോവിലന്‍െറ കൃതികള്‍, വിശേഷിച്ചും ‘തട്ടകം’, ഒരു ഫോക്ലോര്‍ മ്യൂസിയത്തെയാണ് വായനക്കാര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്.


വായന

മുന്‍ ലക്കങ്ങള്‍