
‘‘ഫണീദാ...അറിഞ്ഞോ? ദയാഹരജി സ്വീകരിക്കരുതെന്ന് കേന്ദ്രം ഉപദേശം കൊടുത്തു..!!!’’
ഡയറക്ട് ആക്ഷന്‍ ഡേയില്‍ ജ്യോതിബാബുവിനോടൊപ്പം നാരികല്‍ സംഗയില്‍ കറങ്ങി സിയാല്‍ദയിലേക്കെത്തുമ്പോള്‍ വഴിയിലെല്ലാം കത്തുന്ന മൃതദേഹങ്ങള്‍ കണ്ടതിനെക്കുറിച്ച് മാനൊദാ വിശദമായി വിവരിച്ചിരുന്ന പേജിലെ പ്രൂഫ് തിരുത്തുമ്പോള്‍ സഞ്ജീവ് കുമാര്‍ മിത്രയുടെ ആഹ്ളാദപരവശമായ ശബ്ദം കേട്ട് ഞാന്‍ അസ്വസ്ഥയായി. ആ വാര്‍ത്ത അയാള്‍ അത്രയേറെ ഉച്ചത്തില്‍ പറഞ്ഞത് ഞാന്‍ കേള്‍ക്കാന്‍വേണ്ടിയായിരുന്നു. അച്ഛന്‍ അമ്മയെ വിളിച്ച് വെള്ളം കൊണ്ടുചെല്ലാന്‍ ആവശ്യപ്പെടുകയും അമ്മ ആ ദൗത്യം എനിക്കു കൈമാറുകയും ചെയ്തതു കൊണ്ട് രണ്ടു ഗ്ളാസ് വെള്ളവുമായി ഞാന്‍ അച്ഛന്‍െറ മുറിയിലേക്കു കടന്നുചെന്നു. അച്ഛനും സഞ്ജീവ് കുമാര്‍ മിത്രയും മുഖങ്ങള്‍ കവിയുന്ന ചിരിയുമായി എന്നെ കാത്തിരിക്കുകയായിരുന്നു.
‘‘എന്നെക്കുറിച്ച് എന്തു വിചാരിച്ചു, സഞ്ജു ബാബൂ? ഞാന്‍ ഇത് അന്നേ പറഞ്ഞതല്ലേ? അവന്‍െറ പേര് എന്‍െറ ലിസ്റ്റിലാണുള്ളത്. പക്ഷേ, ഒരു കാര്യം...രാഷ്ട്രപതിയുടെ തീരുമാനം വരുന്നതുവരെ മനക്കോട്ട കെട്ടിയിട്ട് ഒരു കാര്യവുമില്ല. മരണത്തിന്‍െറ കാര്യത്തില്‍ ഒരു പ്രവചനവും സാധ്യമല്ല, സഞ്ജുബാബൂ നാനൂറ്റിയമ്പത്തൊന്ന് പേരെ തൂക്കിയിട്ടുള്ള ഒരാളുടെ അനുഭവം അങ്ങനെയാണ്...’’
‘‘പക്ഷേ, ഇത്തവണ ഇതു തള്ളിപ്പോകാന്‍ സാധ്യത കുറവാണ്, ഫണീദാ...’’
ഒരു കടാക്ഷത്തോടെ എന്‍െറ കൈയില്‍നിന്ന് ഗ്ളാസ് വാങ്ങി സഞ്ജീവ് കുമാര്‍ മിത്ര ഒരു കവിള്‍ കുടിച്ച് ഗ്ളാസ് കൈയില്‍വെച്ചു തഴുകി.
‘‘...കാരണം ദയാഹരജിയില്‍ എന്തു തീരുമാനമെടുക്കണമെന്നതിനെക്കുറിച്ചുള്ള ഉപദേശമാണ് ആഭ്യന്തര മന്ത്രാലയം കൊടുത്തിട്ടുള്ളത്... അതു തള്ളിക്കളയാനുള്ള സാധ്യത തീരെയില്ല. അതിനര്‍ഥം, ബാനര്‍ജിയുടെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്നുതന്നെയാണ്...’’
‘‘മാ കാളീ! ഭഗവാന്‍ മഹാദേവ്! കഴിഞ്ഞ തവണ എനിക്കു വലിയ നാണക്കേടായിപ്പോയി...നമ്മളിത്രയും കൊട്ടിഗ്ഘോഷിച്ചിട്ട് അവസാനം അതു നടക്കാതെ വന്നതുകൊണ്ട് എന്‍െറ കുടുംബം അനുഭവിച്ച കഷ്ടപ്പാടുകള്‍ നിങ്ങള്‍ക്കറിയില്ല. പണ്ടത്തെ കാലമല്ലല്ലോ ബാബൂ... നിങ്ങളുടെ ടി.വി കാരണം ഞങ്ങളിന്ന് വളരെ പ്രശസ്തരായിപ്പോയില്ലേ?’’
അച്ഛന്‍ ഒരു സിഗരറ്റെടുത്തു തീ കൊളുത്തി.
‘‘ബാനര്‍ജിയുടെ ശിക്ഷ യാഥാര്‍ഥ്യമായാല്‍ നിങ്ങള്‍ക്ക് ഇരട്ടി പ്രശസ്തിയാകും. എന്നെക്കൊണ്ടു ചെയ്യാന്‍ സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യാം. അവന്‍ കൊന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ ഞങ്ങള്‍ തപ്പിയെടുത്തു.’’
‘‘മുംബൈയിലെ ഫ്ളാറ്റില്‍ അവര്‍ വിഷംകഴിച്ച് മരിച്ചുകിടന്നു എന്ന് വാര്‍ത്തയുണ്ടായിരുന്നല്ലോ?’’
‘‘അല്ല. അത് പണ്ട് ഏതോ പത്രറിപ്പോര്‍ട്ടര്‍ കഥയടിച്ചു വിട്ടതാണ്...അവരിപ്പോള്‍ ദല്‍ഹിയില്‍ അവരുടെ മകനോടൊപ്പം താമസിക്കുകയാണ്. പക്ഷേ, കഴിഞ്ഞ പത്തു വര്‍ഷമായി അവര്‍ വീടിന് പുറത്തിറങ്ങിയിട്ടില്ല. ആ കുട്ടിയുടെ അമ്മയുടെ മാനസിക നില താളം തെറ്റി എന്നു കേള്‍ക്കുന്നു. പക്ഷേ, അവര്‍ യാതൊന്നും സംസാരിക്കാന്‍ തയാറാകുന്നില്ല. അവരെ നമുക്ക് കാമറയുടെ മുന്നിലൊന്നു കിട്ടിയിരുന്നെങ്കില്‍...ഹോ...’’
സഞ്ജീവ് കുമാര്‍ മിത്ര ബാക്കി വെള്ളംകൂടി കുടിച്ചുതീര്‍ത്ത് ഗ്ളാസ് എനിക്കു കൈമാറി. രണ്ടാമത്തെ ഗ്ളാസിലെ വെള്ളം അച്ഛന്‍ ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു. ഒഴിഞ്ഞ ഗ്ളാസുകളുമായി തിരിച്ചുപോകാന്‍ തുടങ്ങുമ്പോള്‍ സഞ്ജീവ് കുമാര്‍ മിത്ര എന്നെ നോക്കി.
‘‘ചേതനയുടെ സഹായം എനിക്ക് ഇനിയും ആവശ്യമുണ്ട്. ഹാങ് വുമണ്‍സ് ഡയറി നമുക്ക് തുടങ്ങണം...’’
അതു കേട്ടതായി ഭാവിക്കാതെ ഞാന്‍ പിന്തിരിഞ്ഞു.
‘‘ഞാന്‍ വരാം, സഞ്ജു ബാബൂ... അവളെക്കാള്‍ കഥകള്‍ എന്‍െറ കൈയിലല്ലേയുള്ളത്?’’
അച്ഛന്‍ മീശ തടവി സിഗരറ്റ് ആഞ്ഞുവലിച്ചു.
‘‘സൂര്യസെന്നിന്‍െറ മരണം ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ? ഹോ... എന്തൊരു ദിവസമായിരുന്നു അത്... അദ്ദേഹത്തെ അവര്‍ വലിച്ചിഴച്ചുകൊണ്ടുവന്നത് ഞാനിന്നുമോര്‍ക്കുന്നു. സൂര്യസെന്നിന്‍െറ പല്ലുകള്‍ അവര്‍ അടിച്ചുകൊഴിച്ചിരുന്നു. നഖങ്ങള്‍ നിറയെ ചെറിയ ആണികള്‍ തറച്ച് ചോര ഒലിക്കുന്നുണ്ടായിരുന്നു. ഒരു മുളമഞ്ചത്തിലാണ് അദ്ദേഹത്തെ അവര്‍ തൂക്കുമരത്തിലേക്കു കൊണ്ടുവന്നത്. വലിച്ചിഴച്ചാണ് ഞങ്ങള്‍ കഴുത്തില്‍ കുടുക്കിട്ടത്. എന്‍െറ വിശ്വാസം സൂര്യസെന്നിനെ തൂക്കിലേറ്റിയത് അദ്ദേഹത്തിന്‍െറ മരണത്തിനുശേഷമാണെന്നാണ്...’’
അച്ഛന്‍ സിഗരറ്റ് ആഞ്ഞുവലിച്ചു.
‘‘ഒരു വിവാദത്തിന് താല്‍പര്യമുണ്ടോ സഞ്ജു ബാബൂ? ഈ ആരാച്ചാര്‍ ഗൃദ്ധാ മല്ലിക് പറയുന്നു മഹാവിപ്ളവകാരിയായ സൂര്യസെന്‍ തൂക്കിലേറ്റുംമുമ്പേ മരിച്ചിരുന്നു എന്ന്. എന്താ ഒരു നല്ല വാര്‍ത്തക്കുള്ള കോളില്ലേ? പക്ഷേ, ഒരു കാര്യം, എനിക്കിതിനു ചെലവുചെയ്യണം...’’
‘‘പറ്റിയ സമയം വരട്ടെ. ഈ സമയത്ത് നമുക്ക് ചരിത്രമല്ല, വര്‍ത്തമാനമാണ് ആവശ്യം...’’
സഞ്ജീവ് കുമാര്‍ മിത്ര അക്ഷമനായി.
‘‘ഈ നേരത്ത് ഡിമാന്‍ഡ് യതീന്ദ്രനാഥ് ബാനര്‍ജിക്കാണ്...’’
കൂടുതല്‍ കേള്‍ക്കാന്‍ താല്‍പര്യമില്ലാതെ ഞാന്‍ തിരിച്ചെത്തി നേരത്തേ പ്രൂഫ് നോക്കിക്കൊണ്ടിരുന്ന പേജുകള്‍ വെറുതെ മറിച്ചു. ജുഗാന്തറും ധാക്ക അനുശീലന്‍ സമിതിയും ചേര്‍ന്ന് ജുഗാന്തര്‍ അനുശീലന്‍ രൂപംകൊണ്ടപ്പോള്‍ ചിറ്റഗോങ് മലകളില്‍ ഒളിവില്‍ കഴിഞ്ഞ സൂര്യസെന്‍ എന്ന മാസ്റ്റര്‍ദായെ ഒളിപ്പിച്ചു താമസിപ്പിച്ച സാവിത്രീദേവിയെന്ന വിധവയെ എനിക്ക് ഓര്‍മവന്നു. സൂര്യസെന്നിനെയും പ്രീതിലതയെയും കല്‍പന ദത്തയെയും പിടിക്കാന്‍ ബ്രിട്ടീഷ്സംഘം വീടുവളഞ്ഞപ്പോള്‍ പടിക്കെട്ടുകള്‍ കയറിച്ചെന്ന കാമറൂണ്‍ എന്ന സായ്പിനെ വെടിച്ച് രക്ഷപ്പെട്ട സൂര്യസെന്നിനെയും പ്രീതിലതയെയും കല്‍പനയെയും പിടിക്കാന്‍ പൊലീസ് മലനിരകള്‍ അരിച്ചുപെറുക്കി. പൊലീസിന്‍െറ ആയുധപ്പുരകളില്‍ വീണ്ടും ഒരു ആക്രമണം നടത്തിയതോടെ സൂര്യ സെന്നിന്‍െറ തലക്ക് പതിനായിരം പവന്‍ ഇനാം പ്രഖ്യാപിച്ചു. പണം മോഹിച്ച് സൂര്യസെന്നിന്‍െറ ബന്ധുവായ നേത്രസെന്‍ അദ്ദേഹത്തെ തന്‍െറ വീട്ടില്‍ ഭക്ഷണത്തിനു ക്ഷണിച്ചു. നേത്രസെന്നിന്‍െറ ഭാര്യ ഭക്ഷണം വിളമ്പുമ്പോള്‍ പൊലീസ് വീടു വളഞ്ഞ് സൂര്യസെന്നിനെ അറസ്റ്റ് ചെയ്തു. പക്ഷേ, ഇനാം വാങ്ങാനുള്ള സമയം നേത്രസെന്നിനു ലഭിച്ചില്ല. സൂര്യസെന്നിനെ പിടികൂടിയതിന്‍െറ തൊട്ടടുത്ത ദിവസം നേത്രസെന്നിന്‍െറ ഭാര്യ അദ്ദേഹത്തിനു ഭക്ഷണം വിളമ്പുമ്പോള്‍ ജുഗാന്തര്‍ പാര്‍ട്ടിയിലെ വിപ്ളവകാരികളിലൊരാള്‍ പിന്നിലൊളിപ്പിച്ച ബോടിയുമായി കടന്നു ചെന്ന് അയാളുടെ തല വെട്ടി. വെട്ടിയ ആളെ അറിയാമോ എന്ന് പൊലീസ് ചോദിച്ചപ്പോള്‍ നേത്രസെന്നിന്‍െറ ഭാര്യ സാരിത്തലപ്പ് ശിരസ്സിലൂടെയിട്ട് മുഖംതാഴ്ത്തി കണ്ണുകള്‍ നിലത്തുറപ്പിച്ചുകൊണ്ട് മൊഴിനല്‍കി.
‘‘എന്‍െറ ഭര്‍ത്താവിനെ കൊല്ലുന്നതു ഞാന്‍ കണ്ണുകൊണ്ടു കണ്ടു. ഞാന്‍ അദ്ദേഹത്തിന് ഭക്ഷണം വിളമ്പുകയായിരുന്നു. വെറും നിലത്ത് ഇതാ, ഇവിടെയിരുന്ന് അദ്ദേഹം ഭക്ഷണം കഴിച്ചു. ഞാന്‍ ഇതാ ഇവിടെയിരുന്ന് അദ്ദേഹത്തിന് വീശിക്കൊടുത്തു...ആ സമയത്താണ് കൊലയാളി വലിയൊരു ബോടിയുമായി കടന്നുവന്നത്. എന്‍െറ ഭര്‍ത്താവ് ഉരുട്ടിയ ഉരുള വായിലേക്കുയര്‍ത്തുകയായിരുന്നു. ബോടിയുമോങ്ങി വരുന്നയാളെ കണ്ട് ഞെട്ടി, ഉരുള നിലത്തു വീണു. അദ്ദേഹം എഴുന്നേല്‍ക്കാനായുംമുമ്പെ വന്നയാള്‍ പാത്രങ്ങള്‍ തട്ടിമറിച്ച് കറികള്‍ നിലത്തു തൂവിയതില്‍ ചവിട്ടിക്കൊണ്ട് അദ്ദേഹത്തിന്‍െറ കഴുത്തിനു കുത്തിപ്പിടിച്ചു കുനിച്ചു. അപ്പോള്‍ത്തന്നെ വെട്ടി. രക്തം ഇവിടെയെല്ലാം തെറിച്ചുവീണു. എന്‍െറ ശിരസ്സിലാകെ അദ്ദേഹത്തിന്‍െറ രക്തമായിരുന്നു. പക്ഷേ, അത് ആരാണെന്നു ചോദിക്കരുത്. ഞാന്‍ ആ പേരു പറയുകയില്ല...’’
‘‘നിങ്ങളുടെ ഭര്‍ത്താവിനെയല്ലേ അയാള്‍ കൊന്നത്?’’
‘‘ഒരു ജനതയുടെ ആഗ്രഹങ്ങളെ അയാള്‍ ഒറ്റിക്കൊടുത്തു. ആ നിമിഷം അയാള്‍ എന്‍െറ ഭര്‍ത്താവല്ലാതായി...’’
ബ്രിട്ടീഷുകാര്‍ അവരെ ഭീഷണിപ്പെടുത്തിനോക്കിയിട്ടും പ്രയോജനമുണ്ടായില്ല. ചെറുപ്പത്തില്‍ ഈ കഥ വിവരിച്ചുതന്ന് ഥാക്കുമാ അഭിമാനത്തോടെ ഓര്‍മിപ്പിക്കുമായിരുന്നു: അവളായിരുന്നു പെണ്ണ്.
ബങ്കിം മുഖര്‍ജിയെയും നിരാദ് ചക്രവര്‍ത്തി, അബ്ദുള്‍ മോമിന്‍, അദ്ദേഹത്തിന്‍െറ ഭാര്യ എന്നിവരെ ചിത്തരഞ്ജന്‍ അവന്യൂവിലെ വീട്ടില്‍ ജനക്കൂട്ടം തടഞ്ഞുവെച്ചിരിക്കുന്നതറിഞ്ഞ് അവരെ രക്ഷിക്കാന്‍ ജ്യോതിബാബുവിനോടൊപ്പം മാനൊദാ പുറപ്പെട്ടത് വിവരിക്കുന്ന പേജായിരുന്നു എന്‍െറ കൈയില്‍. ഒരു ജനക്കൂട്ടത്തെ മുഴുവന്‍ ഒരു മുസ്ലിം കാവല്‍ക്കാരന്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്നതു കണ്ടതും അവരെ രക്ഷിക്കാന്‍ പാടുപെട്ടതും തിരിച്ച് വീട്ടിലേക്കുപോകുമ്പോള്‍ വഴിനീളെ കത്തിക്കൊണ്ടിരുന്ന മൃതദേഹങ്ങള്‍കണ്ട് ബോധം നഷ്ടപ്പെടുന്നതുപോലെ തോന്നിയതും മാനൊദാ കരളുരുകുംവിധം രേഖപ്പെടുത്തിയിരുന്നു. മരണത്തെക്കുറിച്ചും മതത്തെക്കുറിച്ചും വായിച്ചു മടുത്ത് ഞാന്‍ വീണ്ടും പേജുമറിച്ചപ്പോള്‍ കണ്ടത് തിഭഗ പ്രശ്നത്തില്‍ സമരം ചെയ്ത എഴുപതു കര്‍ഷകരെ വെടിവെച്ചുകൊന്നതിന്‍െറ വിവരണമാണ്. ആ പേജുകള്‍ കൂട്ടത്തോടെ മറിച്ചിട്ടും എന്‍െറ കണ്ണുകളില്‍ ലാത്തിച്ചാര്‍ജ്, ടിയര്‍ ഗ്യാസ്, നക്സല്‍ ആക്രമണം, അടിയന്തരാവസ്ഥ, ബിജോന്‍ സേതു കൂട്ടക്കൊല...തുടങ്ങിയ വാക്കുകള്‍ കുടുക്കിട്ടതുപോലെ പിടഞ്ഞു. മരണങ്ങള്‍, കൊലപാതകങ്ങള്‍, കൂട്ടക്കൊലകള്‍, ആത്മഹത്യകള്‍... കര്‍ഷകരുടെയും പ്രവര്‍ത്തകരുടെയും മരണങ്ങള്‍ കണ്ടു വേദനിച്ച ജ്യോതിബാബുവിന്‍െറ കാലത്തുതന്നെ ആനന്ദമാര്‍ഗികളുടെയും അഭയാര്‍ഥികളുടെയും കൂട്ടക്കൊലകള്‍ സംഭവിച്ചു. മനസ്സു മടുത്ത് മാനൊദായുടെ ആത്മകഥ അടച്ചുവെച്ച് ഞാന്‍ അടുക്കളയിലേക്കു പോയെങ്കിലും രണ്ടായി വേര്‍തിരിക്കപ്പെട്ട അടുക്കളയില്‍ അമ്മയും ശ്യാമിളിദീയും പുറംതിരിഞ്ഞിരുന്ന് ഒരേ വിഭവം പാകംചെയ്യുന്നതു കണ്ടപ്പോള്‍ എനിക്ക് മാനൊദായുടെ ആത്മകഥയിലെ വിഭജനത്തിന്‍െറ വിവരണം ഓര്‍മവന്നതിനാല്‍ തല ചുറ്റുന്നതുപോലെ അനുഭവപ്പെട്ടു. ഘാട്ടിലേക്ക് ഒന്നു നടന്നുവന്നാലോ എന്നു വിചാരിച്ച് പടിക്കലെത്തിയപ്പോള്‍ കണ്ടത് എതിരെയുള്ള മധുരപലഹാരക്കടയോടുചേര്‍ന്ന് അന്നദാനം നടത്തുന്ന ചെറിയ കടയുടെ മുന്നിലെ നീണ്ട നിരയാണ്.
‘‘അന്നൊക്കെ ജോലി തീര്‍ന്നിട്ട് വീട്ടില്‍ വരുമ്പോള്‍ ഉച്ചയാകും, സഞ്ജു ബാബൂ...ഒരേ കയറില്‍ത്തന്നെ ഓരോന്നിനെയായി തൂക്കും...എന്‍െറ ബാബാ മസിലുപിടിച്ച് നെഞ്ചുവിരിച്ച് ലിവറിന്‍െറ അടുത്തു നിവര്‍ന്നുനില്‍ക്കും. ഞാനാണ് മുഖംമൂടി ഇടുന്നതും കൈയും കാലും കെട്ടുന്നതും...സൂര്യസെന്നിനെ തൂക്കിക്കൊല്ലുമ്പോള്‍ എന്നോടു പുറത്തുപോകാന്‍ അന്നത്തെ റിച്ചാര്‍ഡ് സായ്പ് പറഞ്ഞു. അങ്ങേരുടെ മുഴുവന്‍ പേര് ഞാന്‍ മറന്നുപോയി. പക്ഷേ, മുഖം എനിക്കു നല്ല ഓര്‍മയുണ്ട്. പുരികത്തിന്‍െറ താഴെ രണ്ടു വലിയ കുഴിയായിരുന്നു. അതിനകത്ത് രണ്ടു കൃഷ്ണമണികളുണ്ടെന്ന് നമ്മള്‍ എത്തിനോക്കിയാലേ കാണൂ... അങ്ങേരുടെ ശിപായി അച്ഛനോടു പറഞ്ഞു, പുറത്തിറങ്ങി ആരു ചോദിച്ചാലും ഇനി തൂക്കാന്‍ പോകുന്നവന്‍ ഏത് അവസ്ഥയിലായിരുന്നെന്നു പറയാന്‍ പാടില്ല. അയാള്‍ ചിരിച്ചുകൊണ്ടോ കരഞ്ഞു കൊണ്ടോ തൂക്കുമരത്തിലേക്കു നടന്നു എന്നു മാത്രമേ പറയാവൂ...’’
അച്ഛന്‍ ഉറക്കെ വിസ്തരിക്കുന്ന ശബ്ദം ഘാട്ട്വരെ മുഴങ്ങുന്നുണ്ടായിരുന്നു. പതിവിലധികം വിജനമായ നിരത്തിലൂടെ ഒരു ശവവണ്ടി മാത്രം ഒട്ടും തിരക്കില്ലാതെ കടന്നുപോകുന്നതുനോക്കി ഞാന്‍ വെറുതെ നിന്നു. അതിനുള്ളില്‍ കിടന്നിരുന്നത് ഒരു പടുവൃദ്ധനായിരുന്നു. അദ്ദേഹത്തിന്‍െറ മക്കളും കൊച്ചുമക്കളും ഉദാസീനമായ ഭാവത്തോടെ വണ്ടിയുടെ വശങ്ങളില്‍ അള്ളിപ്പിടിച്ചുനിന്നു.
‘‘നമ്മള്‍ വിചാരിക്കുന്നതുപോലെതന്നെ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ എല്ലാം ശുഭമായി പര്യവസാനിക്കും...’’
സഞ്ജീവ് കുമാര്‍ മിത്ര വീണ്ടും പറഞ്ഞു. ആ നേരത്ത് അച്ഛന്‍െറ മുറിയില്‍നിന്ന് മദ്യത്തിന്‍െറ നേര്‍ത്ത ഗന്ധം ഉയര്‍ന്നു.
‘‘കഴിഞ്ഞ കുറെ ദിവസങ്ങള്‍ എല്ലാം സ്മൂത്തായി പോയി. മുഖ്യമന്ത്രിയുടെ ഭാര്യ വളരെ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്...’’
‘‘ങ്ഹാഹാ...അവര്‍ നല്ല കാര്യപ്രാപ്തിയുള്ള സ്ത്രീയാണ്...ഞാന്‍ കേട്ടിട്ടുണ്ട്...’’
വര്‍ഷങ്ങളായി മാസംതോറും വീട്ടില്‍ ചെന്ന് മുഖ്യമന്ത്രിയുടെ മുടി വെട്ടിക്കൊടുത്തിരുന്ന ബാര്‍ബര്‍ പത്തു രൂപ കൂടുതല്‍ ആവശ്യപ്പെട്ട കഥ മാനൊദാ പറഞ്ഞത് എനിക്ക് ഓര്‍മവന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വിവരം മുഖ്യമന്ത്രിയുടെ പത്നിയെ അറിയിച്ചു. അടുത്ത തവണ ബാര്‍ബര്‍ മുടിവെട്ടാന്‍ ചെന്നപ്പോള്‍ ഭാര്യ പതിവ് പത്തു രൂപക്കുപകരം രണ്ടു പത്തു രൂപ നോട്ടുകള്‍ നീട്ടി. കാര്യം മനസ്സിലാകാതെ നോക്കിയ മുഖ്യമന്ത്രിയോട് കൂലി കൂട്ടിയ വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം ബാര്‍ബറോടു പരിഭവിച്ചത്രെ: ങ്ഹും! ഇരട്ടിക്കൂലി! നിങ്ങളിങ്ങനെ തുടങ്ങിയാല്‍ ഞങ്ങള്‍ എങ്ങനെ ജീവിക്കും!
‘‘അവര്‍ നടത്തിയ സമരം ഒരു വലിയ തരംഗമുയര്‍ത്തിയിട്ടുണ്ട്, ഫണീദാ.. രണ്ടു ദിവസം മുമ്പ് കണ്ടില്ലേ, മാധബി മുഖര്‍ജിയും രൂപാ ഗാംഗുലിയും പങ്കെടുത്ത യോഗത്തില്‍ എന്തൊരു ആള്‍ക്കൂട്ടമായിരുന്നു. ഈ കേസില്‍ നീതി നടപ്പാകണമെന്ന് ജനത്തിന് നല്ല ആഗ്രഹമുണ്ട്.’’
യതീന്ദ്രനാഥ് ബാനര്‍ജി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കൊല്‍ക്കത്തയിലെ അയല്‍ക്കാരും സഹപാഠികളും ചേര്‍ന്നു നടത്തിയ പ്രതിഷേധസമ്മേളനത്തിലാണ് മഹാഭാരതം പരമ്പരയില്‍ ദ്രൗപദിയായി അഭിനയിച്ച രൂപാ ഗാംഗുലിയും സത്യജിത് റായിയുടെ ചാരുലതയിലെ നായികയായിരുന്ന മാധബി മുഖര്‍ജിയും പങ്കെടുത്തത്.
‘‘വധശിക്ഷ വേണ്ടെന്നുപറയാന്‍ മഹാശ്വേതാദേവിയെപ്പോലെ ചിലര്‍ മാത്രമേയുള്ളൂ... പൊതുവികാരം അയാളെ തൂക്കിക്കൊല്ലണമെന്നു തന്നെയാണ്. ഇവിടത്തെ ഈ യോഗങ്ങളെല്ലാം കേന്ദ്രത്തെ സ്വാധീനിച്ചിട്ടുണ്ട്... ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസിനോടും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ പ്രതികരണമാണ് അവിടെയും...’’
‘‘ഹോ...ഒടുവില്‍ തൃണമൂലും സര്‍ക്കാറും ഒരു കാര്യത്തിലെങ്കിലും യോജിച്ചു, അല്ലേ? ഞാന്‍ പറഞ്ഞിട്ടില്ലേ സഞ്ജുബാബൂ, ഇടക്കിടെ ഒരു വധശിക്ഷ നടത്തുന്നത് നാടിനും നാട്ടുകാര്‍ക്കും ഒക്കെ ഒരു ഉണര്‍വുണ്ടാക്കും.. ഈ നാട്ടില്‍ ഒരു ഗവണ്‍മെന്‍റുണ്ട് എന്ന് അങ്ങനെയൊക്കെയല്ലേ സാധാരണക്കാര്‍ മനസ്സിലാക്കുന്നത്?’’
‘‘ഞാന്‍ പറയുന്നത്, ഈ സമയത്ത് ചേതന രംഗത്തിറങ്ങിയാല്‍ സംഗതി കൂടുതല്‍ കളര്‍ഫുള്‍ ആയേനെ.’’
‘‘എരണംകെട്ടവള്‍. അവള്‍ക്ക് അഹങ്കാരത്തിന്‍െറ കുത്തലാണ്. ഞാന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഞാനവളെ അടിച്ചുപുറത്താക്കും. പിന്നെ അവള്‍ക്ക് ഇങ്ങനെയൊരു വീടുമില്ല, കുടുംബവുമില്ല...!’’
അച്ഛന്‍ ക്ഷോഭിച്ചു. അതു വല്ലാത്ത ഒരു രാത്രിയായിരുന്നു. അന്നു രാത്രിയിലെ ന്യൂസ് ബുള്ളറ്റിനില്‍ മരിച്ചുപോയ പെണ്‍കുട്ടിയുടെ ദു$ഖിതരായ മാതാപിതാക്കളെക്കുറിച്ചുള്ള കരളലിയിക്കുന്ന വിവരണം സി.എന്‍.സി ചാനല്‍ സംപ്രേഷണം ചെയ്തു.
‘‘കൊലയാളിക്കു ശിക്ഷകിട്ടുന്നതില്‍ താങ്കള്‍ക്കു താല്‍പര്യമില്ലേ?’’
പെണ്‍കുട്ടിയുടെ സഹോദരനോട് റിപ്പോര്‍ട്ടര്‍ ചോദിച്ചു. തളര്‍ന്ന മുഖത്തോടെ സഹോദരന്‍ എന്തോ പറയാന്‍ ശ്രമിച്ചു.
‘‘എങ്കില്‍പ്പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ രാഷ്ട്രപതിക്ക് കത്തയക്കാത്തത്?’’
‘‘നടന്നതു നടന്നു. ഞങ്ങള്‍ക്കിനി ഒരിക്കലും അവളെ തിരിച്ചുകിട്ടുകയില്ല. പിന്നെ ആരെ ശിക്ഷിച്ചാലെന്ത്, ഇല്ലെങ്കിലെന്ത്?’’
മുപ്പത്തഞ്ചു വയസ്സുമതിക്കുന്ന അയാള്‍ വേദനയോടെ ചോദിച്ചു. പുറത്ത് ശവവണ്ടികള്‍ കടന്നുപോകുന്നതിന്‍െറ ശബ്ദം ഇടക്കിടെ ഉയരുന്നുണ്ടായിരുന്നു. ബംഗ്ളാ കുടിച്ചു വഴക്കുകൂടുന്ന രണ്ടു വണ്ടിക്കാരുടെ ശബ്ദംകേട്ട് ഥാക്കുമാ പുറത്തുപോയി നോക്കി രണ്ടുപേരെയും ശകാരിച്ച് തിരിച്ചുവന്നു കിടന്നു. പെട്ടെന്ന് വീട്ടിനുള്ളില്‍ ഒരു വല്ലാത്ത മൂകതയും വിജനതയും നിറഞ്ഞു. ഒരു ബെഞ്ചിനെക്കാള്‍ അല്‍പംമാത്രം വീതികൂടിയ ഒഴിഞ്ഞ കട്ടിലിനു താഴെ ഒരു വിളക്ക് നിശ്ശബ്ദമായി കത്തുന്നതിനെക്കാള്‍ ഭീകരമായ ദൃശ്യം മറ്റില്ലെന്ന് രാമുദായുടെ ശൂന്യതയിലേക്കു കണ്ണുനട്ട് നിലത്തുവിരിച്ച കിടക്കയില്‍ ഉറങ്ങാതെ എഴുന്നേറ്റിരിക്കെ എനിക്കു തോന്നി. മരിക്കാന്‍ വിധിക്കപ്പെട്ട യതീന്ദ്രനാഥ ബാനര്‍ജിയുടെ ജീവിതവും അയാളെ കൊല്ലാന്‍ വിധിക്കപ്പെട്ട അച്ഛനെയും എന്‍െറയും ജീവിതവും നിയന്ത്രിക്കുന്നത് സഞ്ജീവ് കുമാര്‍ മിത്രയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കാലപ്പഴക്കത്താല്‍ പൊടിഞ്ഞുതുടങ്ങിയ ഞങ്ങളുടെ വീടിനുള്ളിലെ ഓരോ വ്യക്തിയുടെയും ജീവിതം അയാള്‍ മാറ്റിമറിച്ചുകഴിഞ്ഞിരുന്നു. ആ രാത്രിയില്‍ എനിക്ക് ഉറക്കം വരുകയില്ലെന്ന് ഉറപ്പായിരുന്നു. അരണ്ട വെളിച്ചത്തിലേക്കു നോക്കിയപ്പോള്‍ മുഖത്ത് ഒരു വിഡ്ഢിച്ചിരിയോടെ യതീന്ദ്രനാഥ ബാനര്‍ജി രാമുദായുടെ കട്ടിലില്‍ ഇരിക്കുന്നതായി ഞാന്‍ വിഭ്രമിച്ചു. യതീന്ദ്രനാഥ് ബാനര്‍ജി എന്നെ സംബന്ധിച്ചിടത്തോളം ഒരു യാഥാര്‍ഥ്യമായി മാറുകയായിരുന്നു. അയാളുടെ കഴുത്തിലിടാന്‍ അച്ഛന്‍ ഒരുക്കിവെച്ച കുടുക്ക് മുട്ടയിടാനിരിക്കുന്ന സര്‍പ്പത്തെപ്പോലെ ജയിലിലെ ഇരുണ്ടമുറിയിലെ വലിയ ഇരുമ്പുപെട്ടികളിലൊന്നില്‍ അതു മടക്കിവെച്ചിരിക്കുന്നതു ഞാന്‍ വീണ്ടും കണ്‍മുന്നില്‍ കണ്ടു. സോപ്പും എണ്ണയും പഴവും തേച്ച് കുടുക്ക് മയപ്പെടുത്തിയതുപോലെ, നിനച്ചിരിക്കാതെ ആരാച്ചാരായി നിയമിക്കപ്പെട്ടതുമുതലുള്ള ഒരു മാസക്കാലം മരണത്തെക്കുറിച്ചും പിതാമഹന്മാരെക്കുറിച്ചും സംസാരിച്ചു സംസാരിച്ച് എന്നെ ഞാന്‍ പരുവപ്പെടുത്തിയിരുന്നതായിരുന്നെങ്കിലും വധശിക്ഷ മാറ്റിവെക്കപ്പെട്ട നിമിഷം, ലിവര്‍ വലിച്ചതുപോലെ ഏതോ നിലവറയിലേക്കു വീഴുന്ന അനുഭവമാണുണ്ടായത്. അത് ഒരു വല്ലാത്ത പതനമായിരുന്നു. എന്‍െറയുള്ളില്‍ അതുവരെയുണ്ടായിരുന്ന മറ്റൊരു ഞാന്‍ ശ്വാസംമുട്ടി മരിക്കുകയും മറ്റൊരാളായി പുനര്‍ജനിക്കുകയും ചെയ്തു. മഞ്ഞ പ്രകാശം നിറഞ്ഞുനിന്ന മുറിയിലെ അഴുക്കുപിടിച്ച ചുവരും അതില്‍ ആണിയടിച്ചു തൂക്കിയിട്ട തുണിക്കെട്ടുകളും പഴയൊരു ചിത്രക്കലണ്ടറും മുഖക്കണ്ണാടിയും ചെറിയ സ്ളാബില്‍ ഞാന്‍ സൂക്ഷിച്ചുവെച്ച നീഹാരികയുടെ ഛായയുള്ള ദുര്‍ഗാപ്രതിമയുംപോലെ നിലത്തുവിരിച്ച പഴയ കിടക്കയില്‍ കൂനിപ്പിടിച്ചിരിക്കുന്ന ഞാനും നിഴലുകളായി മാറിക്കഴിഞ്ഞിരുന്നു. നിലവറയില്‍നിന്ന് പുറത്തുകടക്കുകയും കയര്‍ക്കുരുക്കില്‍നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നത്ര ദുഷ്കരമായിരിക്കും പഴയ അവസ്ഥയിലേക്കു തിരിച്ചുപോകുന്നതെന്ന് എനിക്കു തോന്നി. ആരാച്ചാരാകാനും അതുവഴി മുഴുവന്‍ ലോകത്തിന്‍െറയും ഭാരതത്തിന്‍െറയും സ്ത്രീത്വത്തിന്‍െറയും സ്വാഭിമാനത്തിന്‍െറയും പ്രതീകമാകാനും വീണ്ടും സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കു നഷ്ടപ്പെട്ടിരുന്നു.അപ്പോഴാണ് പെട്ടെന്ന് ഭീമാകാരമായ മറ്റൊരു നിഴല്‍പോലെ ഥാക്കുമാ എഴുന്നേറ്റ് എന്നെ ഞെട്ടിച്ചത്.
‘‘ചേതൂദീ, ഉറങ്ങിയില്ലേ?’’
ഥാക്കുമാ കട്ടിലില്‍ എഴുന്നേറ്റിരുന്ന് ചെല്ലപ്പെട്ടിയില്‍നിന്ന് ഒരു അടയ്ക്കാക്കഷണമോ പുകയിലയോ തിരഞ്ഞുകൊണ്ട് അന്വേഷിച്ചു.
‘‘ഉറക്കം വരുന്നില്ല ഥാക്കുമാ...’’
‘‘ഇങ്ങടുത്തു വാ...’’
ഥാക്കുമാ വിളിച്ചു. കട്ടിലില്‍ കാലുംനീട്ടിയിരുന്ന ഥാക്കുമായുടെ മുതുകില്‍ കുട്ടിക്കാലത്തെന്നതുപോലെ മുഖം ചേര്‍ത്തിരുന്നപ്പോള്‍ അസ്ഥികള്‍ മാത്രമായിത്തീര്‍ന്ന കൈത്തലം പിന്നിലേക്കു നീണ്ട് എന്‍െറ കവിളില്‍ വാത്സല്യത്തോടെ തൊട്ടു. ഥാക്കുമായുടെ നട്ടെല്ലില്‍ കാതു ചേര്‍ത്തിരിക്കുമ്പോള്‍ അകത്തുനിന്ന് വലിയ തിരകള്‍ പാറക്കെട്ടിലടിച്ചു ചിതറുന്നതുപോലെ ഥം ഥം ശബ്ദം കേള്‍ക്കാമായിരുന്നു. അത് ഥാക്കുമായുടെ ഹൃദയമിടിപ്പാണെന്ന് രാമുദായാണു പറഞ്ഞുതന്നത്. പക്ഷേ, ഇപ്പോള്‍ അങ്ങനെ കാതോര്‍ത്തിരിക്കുമ്പോള്‍ ലിവര്‍ വലിച്ച് നിലവറ തുറക്കുന്ന ശബ്ദത്തോടായിരുന്നു അതിനു സാദൃശ്യം. ഥാക്കുമായുടെ ഹൃദയത്തിലെ നിലവറകളെക്കുറിച്ചുള്ള ചിന്തപോലും എന്നെ അധീരയാക്കി.
‘‘അവന്‍െറ കൂടെ നീ കിടന്നിട്ടുണ്ടോ?’’
ഥാക്കുമാ പുകയില ചവച്ചുകൊണ്ട് എന്‍െറനേരെ തിരിഞ്ഞു. ഓര്‍ക്കാപ്പുറത്തുള്ള ആ ചോദ്യം ഒരു പ്രഹരംപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.
‘‘ലക്ഷണം കണ്ടിട്ട് ഒരു പെണ്ണിനെ സ്നേഹിപ്പിക്കാനും സന്തോഷിപ്പിക്കാനും അറിയുന്നവനാണ് അവന്‍...’’
ഥാക്കുമാ പുകയില ചവച്ച് ഒന്നു നെടുവീര്‍പ്പിട്ടു.
‘‘മനസ്സുകൊണ്ടു മാത്രമല്ല, സ്ത്രീയും പുരുഷനും ചേരേണ്ടത്, ശരീരങ്ങള്‍കൊണ്ടുംവേണം...’’
ഥാക്കുമാ ഒന്നുകൂടി നെടുവീര്‍പ്പിട്ടു. രാമുദായുടെ ആത്മാവിന് അങ്ങേലോകത്തേക്ക് വെളിച്ചം കാട്ടിക്കൊടുക്കുന്ന കെടാവിളക്ക് അണയുന്നതിനുമുമ്പേ ഈ മുറിയിലിരുന്ന് ശരീരത്തെക്കുറിച്ചും രതിയെക്കുറിച്ചും പറയാന്‍ ഥാക്കുമാക്ക് കഴിഞ്ഞല്ലോ എന്ന അമ്പരപ്പില്‍ ഞാനുരുകിപ്പോയി.
‘‘ശരീരം ഒരു വലിയ ഭാരമാണ്. ചെറുപ്പത്തില്‍ അതിനെ മെരുക്കാനും തളയ്ക്കാനും എളുപ്പം. വയസ്സാകുന്തോറും ശരീരം തളരുകയും മനസ്സു വരുതിയില്‍ നില്‍ക്കാതെ ചാടിക്കളിക്കുകയും ചെയ്യും...പക്ഷേ, അവനെ കണ്ടപ്പോഴൊക്കെ എനിക്ക് പരിചയമുള്ള ആരെയോ കാണുന്നതുപോലെ തോന്നുന്നുണ്ടായിരുന്നു. ഇപ്പഴാണ് മനസ്സിലായത് അവന് നേത്രസെന്നിന്‍െറ ഛായയാണ്...’’
‘‘ഥാക്കുമാ...’’
ഞാന്‍ അസ്വസ്ഥതയോടെ വിളിച്ചു. അരണ്ട ഇരുട്ടില്‍ ഥാക്കുമാ കുറച്ചുനേരംകൂടി പുകയില ചവച്ചുകൊണ്ട് നിശ്ശബ്ദയായിരുന്നു. പിന്നീട് ഒന്നു മൃദുവായി ചിരിച്ചു.
‘‘അങ്ങനെ തോന്നാന്‍ എനിക്കു കാരണം, നിനക്ക് ആ പെണ്ണിന്‍െറ ഛായയുണ്ടെന്നു തോന്നിയതാണ്.’’
‘‘ഏതു പെണ്ണിന്‍െറ?’’
ഞാന്‍ ഉണര്‍ന്നിരുന്നു ചോദിച്ചു.
‘‘നേത്രസെന്നിന്‍െറ ഭാര്യയുടെ . എന്തായിരുന്നു അവളുടെ പേര്? സാവിത്രിയോ? അതോ സതീദേവിയോ?’’
ഥാക്കുമാ ചോദിച്ചു. ഞാന്‍ എന്നോടുതന്നെ ചിരിച്ചു. സാവിത്രി, അല്ലെങ്കില്‍ സതീദേവി. അതുമല്ലെങ്കില്‍ ദുര്‍ഗ, അതുമല്ലെങ്കില്‍ ചാമുണ്ഡി. സഞ്ജീവ് കുമാര്‍ മിത്രയെ വീണ്ടും അന്വേഷിച്ചുപോകാന്‍ എന്നെ പ്രേരിപ്പിച്ചതെന്താണ് എന്നെനിക്കറിയില്ല. ഒരുപക്ഷേ അന്നത്തെ ആ തീവ്രമായ രാത്രിയായിരുന്നിരിക്കണം. തുറന്നുവെച്ച കണ്ണുകളിലൂടെ ഞാന്‍ സൊനാഗച്ചിയിലെ ആ വലിയ ബംഗ്ളാവില്‍ വെറും നിലത്തിരുന്ന് സഞ്ജീവ് കുമാര്‍ മിത്രക്കു ഭക്ഷണം വിളമ്പിക്കൊടുത്തു. അടുത്തിരുന്നു വീശി. പിന്നീട് ഞാന്‍തന്നെ പിന്നിലൊളിപ്പിച്ച ബോടിയെടുത്ത് അയാളുടെ കഴുത്തില്‍ ആഞ്ഞുവെട്ടുകയും ചെയ്തു. അങ്ങനെ കൊല്ലാന്‍ മാത്രം അയാള്‍ ആരെയാണ് ഒറ്റുകൊടുത്തതെന്ന് എനിക്ക് മനസ്സിലായില്ല. ഞെട്ടിയുണര്‍ന്നപ്പോള്‍ എനിക്കു വ്യക്തമായി. അയാള്‍ ഒറ്റിക്കൊടുത്തത് എന്‍െറ സ്നേഹത്തെയായിരുന്നു. സ്നേഹിക്കപ്പെടുമ്പോള്‍ മൃദുലമാകുന്ന എന്‍െറ ശരീരത്തെ. മുനിഞ്ഞു കത്തുന്ന വിളക്കിന്‍െറ മഞ്ഞ വെളിച്ചംപോലെ അയാളെ വിട്ടുപോകാന്‍ കൂട്ടാക്കാത്ത എന്‍െറ ആത്മാവിനെ. എന്‍െറ സ്വാതന്ത്ര്യത്തോടുള്ള ആസക്തിയെ.
( തുടരും )