
മനുഷ്യരഹസ്യം നിലനില്‍ക്കുന്നിടത്തോളം കഥപറച്ചിലിന്‍െറ സാധ്യത മരിക്കുന്നില്ല എന്ന പൊതു വിശ്വാസപ്രമാണത്തിന് കുറുകെ നിന്നുകൊണ്ട്, പറയാന്‍ ആദിമധ്യാന്തമുള്ള കഥാതന്തുതന്നെ വേണമെന്നില്ല എന്ന സമകാലിക പ്രവണതയുടെ തന്ത്രജ്ഞതയാണ് നൈജീരിയന്‍-അമേരിക്കന്‍ എഴുത്തുകാരനായ തേജുകോളിന്‍െറ ‘ഓപണ്‍ സിറ്റി’ എന്ന പ്രഥമ നോവല്‍സംരംഭത്തില്‍ ദൃശ്യമാവുന്നത്. മാന്‍ഹട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജൂലിയസ് എന്ന മനോരോഗവിദഗ്ധന്‍െറ ചിന്തകളാണ് നോവലിന് ആധാരം. തന്‍െറ കാല്‍നടയാത്രക്കിടയില്‍ ജൂലിയസില്‍ ഉണരുന്ന ചിന്തകളും ഓര്‍മകളും കണ്ടുമുട്ടുന്ന സുഹൃത്തുക്കളും സംഭവങ്ങളും എല്ലാം ഒന്നിനുപിറകെ ഒന്നായി കോര്‍ത്തിണക്കി, എന്നാല്‍ വ്യക്തമായ ചട്ടക്കൂടില്ലാതെ പറയുന്ന formless craft ആണ് തേജുകോള്‍ സ്വീകരിച്ചിട്ടുള്ളത്. ഈ നടത്തത്തിനിടയില്‍ നൈജീരിയയിലെ കുട്ടിക്കാലത്തെക്കുറിച്ചും പഴയ സൗഹൃദങ്ങളെക്കുറിച്ചും അമേരിക്കയില്‍ വേരുകളില്ലാത്ത ജൂലിയസ് ഓര്‍ത്തെടുത്തു. അതോടൊപ്പം കുടിയേറ്റത്തിന്‍െറ തിക്തഫലങ്ങളെക്കുറിച്ചും 9/11ന്‍െറ പരിണതഫലങ്ങളെക്കുറിച്ചും ഉത്കണ്ഠപ്പെടുന്നു. പഴയ കാമുകിയെക്കുറിച്ചും രോഗികളെപ്പറ്റിയും കല, സംഗീതം, സിനിമ തുടങ്ങിയവയെപ്പറ്റിയും അയാളുടെ വിചാരങ്ങള്‍ ഒഴുകുന്നു. ഒരു സംഭവത്തിന്‍െറ ഉള്ളറകളില്‍നിന്ന് പുറത്തെത്തുന്നതിന് മുമ്പുതന്നെ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു സംഭവത്തിന്‍െറ പ്രവേശികയിലായിരിക്കും വായനക്കാരന്‍ എത്തിച്ചേരുക. വാക്കിന്‍െറ അര്‍ഥം ഡിക്ഷനറിയില്‍ അന്വേഷിക്കുമ്പോള്‍ പുതിയ ഒരു വാക്കില്‍ എത്തിച്ചേരുന്നതുപോലെ രസകരമായ അഭ്യാസത്തിലേക്കാണ് തേജു വായനക്കാരെ ക്ഷണിക്കുന്നത്.
എഴുത്തുകാരന്‍െറ ഭാവനയും വായനക്കാരന്‍െറ ജീവിതവും താദാത്മ്യം പ്രാപിക്കുക എന്നതിന് ഇനി സാധ്യത കുറവാണെന്ന് വിശ്വസിപ്പിക്കുന്ന രചനാതന്ത്രമാണ് ‘ഓപണ്‍ സിറ്റി’യില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ശ്രദ്ധേയ ജര്‍മന്‍ നോവലിസ്റ്റായ ഡബ്ള്യു.ജി. സെബാള്‍ഡിന്‍െറ ശൈലിയെ അനുസ്മരിപ്പിക്കുന്ന തേജുകോള്‍ ലളിതമായ അനുഭവങ്ങളെ വളരെ സ്വാഭാവികമായ രീതിയില്‍ നോവലിലെ ചടുലവിഷയങ്ങളാക്കുകയാണ്. യാത്രകളാണ് സെബാള്‍ഡിയന്‍ രചനാ വിശേഷമെന്നും ആഖ്യാതാവിന്‍െറ ജീവിതവും അലഞ്ഞുതിരിയലും ഏതെങ്കിലുംവിധത്തില്‍ എപ്പോഴും സ്ഥാനഭ്രംശം സംഭവിച്ചവയായിരിക്കും എന്ന വിഖ്യാത അമേരിക്കന്‍ നിരൂപക സൂസന്‍ സൊന്‍ടാഗിന്‍െറ അഭിപ്രായം തേജുവിന്‍െറ കാര്യത്തിലും ഏറക്കുറെ ശരിയാണ്. സെബാള്‍ഡിനോടുള്ള നിഗൂഢാരാധനയുടെ സാത്മീകരണമാണ് ‘ഓപണ്‍ സിറ്റി’. ‘‘സമയം സമയത്തെ മാത്രമെ രേഖപ്പെടുത്തൂ’’ എന്ന സെബാള്‍ഡിയന്‍ കാഴ്ചപ്പാടില്‍ വിശ്വസിക്കുന്ന തേജു ഡയറിക്കുറിപ്പുകള്‍ക്ക് സമാനമായ രൂപത്തിലാണ് നോവല്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. പ്രാക്തന ഗന്ധങ്ങളില്‍ അഭിരമിക്കാതെ സമകാലികതയുടെ കഥ വേറിട്ടരീതിയില്‍ പറയുന്ന തേജു സാര്‍വലൗകികതയുടെ പുത്തന്‍ അടയാളമാവുകയാണ്.
പുസ്തകങ്ങള്‍ സംഭാഷണപരമാണ്. അതിനാല്‍, അവ ഉച്ചത്തില്‍ വായിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞുകൊണ്ട് വായനയുടെ ലാവണ്യബോധം വ്യക്തമാക്കുന്നുണ്ട് നോവലിസ്റ്റ്. റൊളാങ് ബാര്‍ത്തിനെയും ബോര്‍ഹസിനെയും അതിനായി അദ്ദേഹം ‘On exactitude in science’ എന്ന ചെറുകഥ സന്ദര്‍ഭവശാല്‍ പ്രതിപാദിക്കുന്നുണ്ട് ഈ നോവലില്‍. ന്യൂയോര്‍ക്കിലെ ക്വീന്‍സ് ആര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു മഹാനഗരത്തിന്‍െറ മാതൃക കാണുമ്പോഴാണ് ബോര്‍ഹസിന്‍െറ കഥ ജൂലിയസിന് ഓര്‍മവരുന്നത്. ഒരു രാജ്യത്തിന്‍െറ ഭൂപടം രൂപകല്‍പന ചെയ്യുന്നതിനിടയില്‍ തുല്യ അനുപാതത്തിലാവുകയും പ്രതിഷ്ഠിക്കാന്‍ സാധ്യമല്ലാതെ മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്ത അവസ്ഥയെയാണ് ഈ വളരെചെറിയ കഥ അവതരിപ്പിക്കുന്നത്. ഈ കഥയുടെ ഓര്‍മയില്‍ മഹാനഗരത്തിന്‍െറ മാതൃകയെ extrapolate ചെയ്യുകയെന്ന ഭാവനാതീതമായ കാര്യമാണ് ജൂലിയസ് മ്യൂസിയത്തില്‍നിന്ന് ചെയ്യുന്നത്.
കടല്‍യാത്രികരും തിമിംഗലവേട്ടക്കാരും 17ാം നൂറ്റാണ്ട് മുതല്‍ മുടങ്ങാതെ അനുഗ്രഹം വാങ്ങിക്കൊണ്ടിരുന്ന ട്രിനിറ്റി പള്ളിയിലെ വിശേഷങ്ങള്‍ വിസ്തരിക്കുന്നുണ്ട് നോവലില്‍. അനുഗ്രഹം വാങ്ങിയതിനുശേഷമേ അവര്‍ സമുദ്രായനം ആരംഭിച്ചിരുന്നുള്ളൂവത്രെ. പില്‍ക്കാലത്ത് ഇതേ പള്ളിയിലെ ഇടവകക്കാരനായിരുന്ന ഹെര്‍മന്‍ മെല്‍വില്‍ ‘തിമിംഗലം’ എന്ന പേരില്‍ രചിച്ച ബൃഹദാഖ്യായികയാണ് ‘മോബിഡിക്’ ആയതെന്ന് നോവലില്‍ പറയുന്നു. ഇങ്ങനെ വിശ്രമമില്ലാത്ത ചരിത്രത്തിന്‍െറ അടരുകളിലെ വ്യത്യസ്ത സംഭവങ്ങളെ പൊലിപ്പിച്ചുകൊണ്ടാണ് ‘ഓപണ്‍ സിറ്റി’ മുന്നേറുന്നത്. പ്രത്യക്ഷ തലത്തില്‍ ഗ്രഹിക്കാവുന്ന സംഭവങ്ങളെ സമര്‍ഥമായി കൂട്ടിപ്പിരിച്ചുകൊണ്ട് അവതരിപ്പിക്കുമ്പോള്‍ അതികഥാ സങ്കല്‍പത്തിന്‍െറ സാധ്യതയെ തേടുകയാണ് നോവലിസ്റ്റ് എന്ന് കരുതാം.
തിമിംഗലവേട്ടയില്‍നിന്ന് നോവ ലെത്തുന്നത് അമേരിക്കയിലെ 9/11 ദുരന്തത്തിലേക്കാണ്. അത്യാപത്തിന്‍െറ പര്യായമായി മാറിയ വേള്‍ഡ് ട്രേഡ് സെന്‍റര്‍, വിനോദ സഞ്ചാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ആ സമുച്ചയം കെട്ടിപ്പടുക്കാനായി ഉപേക്ഷിക്കപ്പെട്ട തെരുവുകളെപ്പറ്റി ഓര്‍മിക്കുകയാണ്. നഗരങ്ങള്‍ ആത്യന്തികമായി ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്നും കെട്ടിടങ്ങള്‍ക്ക് അവയില്‍ വലിയ പ്രാധാന്യമില്ലെന്നും വാദിച്ച ആര്‍ക്കിടെക്റ്റും എഴുത്തുകാരിയും ആയ ജെയ്ന്‍ ജേക്കബ്സ് മുന്നോട്ടുവെച്ച ആശയങ്ങള്‍ക്ക് അനുപൂരകമായാണ് തേജുവും ചിന്തിക്കുന്നതെന്ന് സുവ്യക്തം. വേള്‍ഡ് ട്രേഡ് സെന്‍ററിന്‍െറ നിര്‍മാണം നടന്നിരുന്ന 1955-75 കാലഘട്ടത്തിലായിരുന്നു നഗരവികസന മാതൃകകളെക്കുറിച്ച് അമേരിക്കയിലുണ്ടായിരുന്ന സംവാദം ഏറെ ചൂടുപിടിച്ചിരുന്നതെന്ന ചരിത്രവും ഇതോടൊപ്പം രേഖപ്പെടുത്താവുന്നതാണ്.
അതിഭൗതികങ്ങളായ വിഷയങ്ങളിലേക്ക് അധികം കടക്കാതെ, നീറുന്ന ചില വര്‍ത്തമാനച്ചിത്രങ്ങള്‍ വരച്ചുകാണിക്കുന്ന ആഖ്യാനരീതിയാണ് തേജുകോള്‍ സാമാന്യേന പിന്തുടരുന്നത്. രേഖകളില്ലാത്ത അനധികൃത കുടിയേറ്റക്കാരെ തടഞ്ഞുവെച്ചിരിക്കുന്ന ക്യാമ്പിലെ ദൃശ്യം വസ്തുതകളുടെ നേര്‍ക്കാഴ്ചയായി മാറുന്നു. ലൈബീരിയന്‍ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്യേണ്ടിവന്ന സെയ്ദു എന്ന അഭയാര്‍ഥിയുടെ കഥ വിവരിച്ചുകൊണ്ട് കലാപങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്കാണ് അനുഭവിക്കേണ്ടിവരുക എന്ന ലോകതത്ത്വം സാക്ഷ്യപ്പെടുത്തുന്നു. 9/11 സംഭവത്തെ തുടര്‍ന്ന് മോചനം ദുഷ്കരമായ സെയ്ദു കലാപക്കെടുതികളുടെ പ്രതീകമായി മാറുന്നു. അഭയാര്‍ഥികള്‍ എക്കാലവും ഭൂപടങ്ങളും അതിരുകളും ഇല്ലാത്തവര്‍ ആയി മാറുകയാണല്ലോ!
നൈജീരിയന്‍ വംശജനായ ജൂലിയസ് തന്‍െറ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍മിക്കുന്നതിനിടയില്‍ പശ്ചിമ ആഫ്രിക്കയിലെ യോറുബ വര്‍ഗക്കാരെയും അവരുടെ രീതികളെയുംപറ്റി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, വംശീയ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍നല്‍കാതെ ചരിത്രം സാമൂഹിക ഇഴകളാല്‍ നെയ്തെടുക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. ഒരേസമയം തന്‍െറ ജീവിതത്തിലേക്ക് തുറന്നുവെച്ച കണ്ണാടിയായും തീ പിടിപ്പിക്കുന്ന വര്‍ത്തമാന യാഥാര്‍ഥ്യങ്ങളായും നോവലിനെ വാര്‍ത്തെടുക്കുന്ന തേജുകോള്‍ രൂപകങ്ങളും പ്രതീകങ്ങളും ഇല്ലാതെ താന്‍ സാക്ഷ്യംവഹിക്കുന്ന ലോകനീതിയോട് നിഷ്പക്ഷമായി പ്രതികരിക്കുന്നതിന്‍െറ ദൂരങ്ങളാണ് ‘ഓപണ്‍ സിറ്റി’യില്‍ താണ്ടുന്നത്.
അവധിക്കാലം ചെലവഴിക്കാന്‍ അമേരിക്കയില്‍നിന്ന് യൂറോപ്യന്‍ യൂനിയന്‍െറ തലസ്ഥാനമായ ബ്രസല്‍സിലെത്തുന്ന ജൂലിയസ് അവിടെ കാഴ്ചകളിലേക്കും കാഴ്ചപ്പാടുകളിലേക്കുമാണ് പിന്നീട് വായനക്കാരെ ആനയിക്കുന്നത്. വ്യത്യസ്തമായ ഭൂമികകള്‍ അവയുടെ പുറം പരിവേഷങ്ങള്‍ക്കപ്പുറം അസ്വസ്ഥതയുടെ കനലുകള്‍തന്നെയാണ് പ്രതിനിധാനം ചെയ്യുകയെന്ന് തെളിയിക്കുകയാണ് ബ്രസല്‍സില്‍വെച്ച് ജൂലിയസ് പരിചയപ്പെട്ട മൊറോക്കോക്കാരനായ ഫറൂഖും സുഹൃത്ത് ഖലീലും. ജൂലിയസും ഫറൂഖും ഇഷ്ടപ്പെട്ടിരുന്ന മൊറോക്കന്‍ എഴുത്തുകാരനായ താഹര്‍ ബെന്‍ ജൊലോത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങുന്ന അവര്‍ കുടിയേറ്റത്തെപ്പറ്റിയും വംശീയകലാപങ്ങളുടെ മന$ശാസ്ത്രത്തെപ്പറ്റിയും വാചാലരാകുന്നു. വംശ/വര്‍ഗ/ജാതി വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒരുമിച്ച് കഴിയുന്ന ഉട്ടോപ്യന്‍ സ്വപ്നം കാണുന്ന ഫറൂഖ് വിദേശ മേല്‍ക്കോയ്മയെ അങ്ങേയറ്റം എതിര്‍ക്കുന്നു. മാര്‍ക്സിയന്‍ തത്തചിന്തകനായി കരുതപ്പെടുന്ന വാള്‍ട്ടര്‍ ബെന്യാമിന്‍ യഥാര്‍ഥത്തില്‍ മാര്‍ക്സിന്‍െറ ആശയങ്ങള്‍ക്ക് എതിരെയാണെന്ന പക്ഷക്കാരനായിരുന്നു ഫറൂഖ്.
പ്രതിയോഗിയുടെ കരുനീക്കത്തിന് കാത്തിരിക്കുന്ന ചെസ് കളിക്കാരനെപ്പോലെയാണ് നോവലിസ്റ്റ് വായനക്കാരനെ ഉദ്വേഗത്തില്‍ നിര്‍ത്തേണ്ടത് എന്ന ഓര്‍ഹാന്‍ പാമുകിന്‍െറ നിരീക്ഷണം കൃത്യമായി പാലിക്കപ്പെടുന്ന രചനയാണിത്. വിഷയങ്ങള്‍ മാറിവരുമ്പോഴും അവയുടെ രൂപഭാവങ്ങള്‍ നോവലിന്‍െറ നിര്‍മാണകലയുടെ വ്യതിരിക്തകോണുകളെ സമന്വയിപ്പിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. എല്ലാ മരണങ്ങളും പീഡനങ്ങളാണ് എന്ന് പ്രസ്താവിക്കുന്നതിലൂടെ വംശഹത്യക്ക് ഉത്തരവാദികള്‍ രാഷ്ട്രങ്ങളായാലും ഏകാധിപതികളായാലും പീഡനങ്ങള്‍ സഹിക്കേണ്ടിവരുന്നത് സാധാരണക്കാരാണ് എന്ന് ഫലസ്തീനിലെയും ഇറാഖിലെയും ലിബിയയിലെയും അന്ത$ഛിദ്രങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ജൂലിയസ് സ്ഥാപിക്കുന്നു. ഇപ്രകാരം കലാപത്തിലെ പീഡനങ്ങളുടെ നിറം സാര്‍വജനീനമാണെന്ന് വ്യക്തമാക്കുകയാണ്. വേട്ടക്കാരന്‍ ആക്രമിച്ചുകൊണ്ട് പ്രതിരോധിക്കുമ്പോള്‍ ഇര പീഡനമേറ്റുകൊണ്ട് പ്രതിരോധിക്കുന്നതുപോലെ, ചെറുത്തുനില്‍പിന് ശ്രമിക്കുന്നവര്‍ എന്നും ദുര്‍ബലരാവുന്നു. അവരുടെ ദു$ഖങ്ങള്‍ പരാജയപ്പെടുന്ന പ്രതിരോധദുര്‍ഗങ്ങളുമായി അവശേഷിക്കുന്നു.
ഐറിഷ് എഴുത്തുകാരനായ ബെനഡിക്റ്റ് ജോണ്‍സണ്‍ തന്‍െറ മാസ്റ്റര്‍ പീസായ ‘സങ്കല്‍പ സമൂഹങ്ങളി’ല്‍ നിരീക്ഷിക്കുന്നതുപോലെ ജ്ഞാനദീപ്തമായ ബോധോദയം യുക്തിവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും മതവിശ്വാസം സൃഷ്ടിക്കുന്ന വിടവ് നികത്താന്‍ അതിനാകില്ല. ദൈവദത്തമായ ശിക്ഷണം പ്രദാനംചെയ്യുന്ന മതാധിഷ്ഠിത സ്തൂപങ്ങളെയാണ് ഇതിനുള്ള പോംവഴിയായി ഫറൂഖ് കാണുന്നത്. ‘സങ്കല്‍പ സമൂഹങ്ങളി’ലെ വാദങ്ങളോടൊത്തുനില്‍ക്കുന്ന ‘സങ്കല്‍പ ഭൂമിശാസ്ത്രങ്ങളു’ടെ കര്‍ത്താവായ എഡ്വേര്‍ഡ് സെയ്ദിന്‍െറ ആരാധകനായ ഫറൂഖ് അദ്ദേഹത്തിന്‍െറ കാല്‍പ്പാടുകള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നതില്‍ ഒട്ടും അദ്ഭുതമില്ലല്ലോ. അങ്ങനെ അമേരിക്കയോടുള്ള അറബ് വംശജരുടെ മനോഭാവം വ്യക്തമാക്കിക്കൊണ്ട് ഇസ്ലാമിന്‍െറ തനതു വിചാരധാരയെക്കുറിച്ചുള്ള ചര്‍ച്ചയും കാണാം. ഇസ്ലാമിനെ ഒരു മതത്തിനുപരിയായി, ജീവിതം മുന്നോട്ടുനയിക്കേണ്ട നേര്‍വഴിയായി കാണുകയാണെങ്കില്‍, രാഷ്ട്രീയ സംവിധാനത്തിന് അത് വഴികാട്ടിയായേക്കുമെന്ന വീക്ഷണവും ഉരുവപ്പെടുന്നു. യുദ്ധകാലത്ത് ഏറ്റവും എളുപ്പം ആക്രമിക്കപ്പെടാന്‍ സാധ്യമായ നഗരങ്ങളെയാണ് സാധാരണഗതിയില്‍ ‘ഓപണ്‍ സിറ്റി’ എന്ന് വിളിക്കുന്നത്. 1943ല്‍ നാസികള്‍ നിയന്ത്രണം ഏറ്റെടുത്തതിനെതുടര്‍ന്ന് റോമിനെ ‘ഓപണ്‍ സിറ്റി’യായി പ്രഖ്യാപിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ബ്രസല്‍സും ‘ഓപണ്‍ സിറ്റി’യായിരുന്നു. എന്നാല്‍, തേജുകോള്‍ തന്‍െറ പ്രഥമ നോവലിന് ‘ഓപണ്‍ സിറ്റി’ എന്നുപേരിട്ടത് യുദ്ധവുമായി ബന്ധപ്പെട്ടായിരിക്കാനിടയില്ല. വംശീയതക്കും വര്‍ഗപ്രീണനതക്കും എതിരാണെന്ന് പ്രസ്താവിക്കുന്നതുവഴി ഫ്രീ സ്റ്റേറ്റിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. വിലക്കുകളില്ലാതെ പരമമായ സ്വാതന്ത്ര്യത്തോടെ രാഷ്ട്രങ്ങള്‍തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാകണമെങ്കില്‍ ഓരോ ഭരണകൂടവും അങ്ങേയറ്റം തുറന്ന മനസ്സോടെ പ്രവര്‍ത്തിക്കുന്നവയാവണം. ആ സാഹചര്യത്തില്‍ രാജ്യങ്ങളും നഗരങ്ങളും തുറന്നിട്ടവയായിരിക്കണം. കുറഞ്ഞപക്ഷം മാനുഷിക വിനിമയങ്ങളെങ്കിലും ആഗോളീകരിക്കപ്പെടാന്‍ വേലിക്കെട്ടുകളില്ലാത്ത രാഷ്ട്രസംവിധാനം ഉണ്ടാവേണ്ടതുണ്ട്.
നോവലിന് പശ്ചാത്തലമേകിക്കൊണ്ട് സംഗീതത്തിന്‍െറ നനുത്ത സ്പര്‍ശം ബോധപൂര്‍വം കൊണ്ടുവരാന്‍ യത്നിക്കുന്നതായി കാണാം. 19ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആസ്ട്രിയന്‍ സംഗീതജ്ഞനായ ഗുസ്താവ് മഹലേറിന്‍െറ സിംഫണിയും മറ്റും അവതരിപ്പിച്ചുകൊണ്ട് കല, സംഗീതം, സാഹിത്യം, സിനിമ, ചിത്രരചന തുടങ്ങിയ സമാന്തര പ്രസ്ഥാനങ്ങള്‍ക്ക് രാജ്യങ്ങളുടെയും നഗരങ്ങളുടെയും സാര്‍വജനീനത്വം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുമെന്ന ഉള്‍ക്കാഴ്ച അവശേഷിപ്പിച്ചുകൊണ്ടാണ് ‘ഓപണ്‍ സിറ്റി’യുടെ വായന അവസാനിക്കുന്നത്.
ചാക്രികമായ പര്യടനങ്ങളില്‍ (വിഷയങ്ങളില്‍) അധിഷ്ഠിതമായ ആഖ്യാന കൗശലം സ്വീകരിച്ചിരിക്കുന്ന ഈ നോവല്‍ ആത്മനിഷ്ഠമെന്ന് വ്യാഖ്യാനിക്കാമെങ്കിലും അത് സ്ഥാപിക്കാനാവുന്നില്ലെന്ന് വരുമ്പോഴാണ്, അധികം പരീക്ഷിക്കപ്പെടാത്ത സങ്കേതത്തിന്‍െറ വിജയം നാം മനസ്സിലാക്കുന്നത്.