ചോര നീതിക്കുവേണ്ടി നിലവിളിക്കുന്നു | Madhyamam Weekly
Weekly


ചോര നീതിക്കുവേണ്ടി നിലവിളിക്കുന്നു

ഇവിടെ രാഷ്ട്രീയം ഇങ്ങനെയൊക്കെയാണ്. കൊലക്കത്തികളില്‍ ചോരയുടെ നനവ് വറ്റുന്നില്ല. ഏറ്റവും ഒടുവിലായി സി.പി.എം വിമതനേതാവ് ടി.പി. ചന്ദ്രശേഖരനെ കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് വെട്ടിക്കൊന്നു. വടകര ടൗണില്‍നിന്ന് ഒഞ്ചിയം നെല്ലാച്ചേരിയിലെ വീട്ടിലേക്ക് ബൈക്കില്‍ വരുകയായിരുന്ന ഇദ്ദേഹത്തെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞ്, ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വെട്ടിക്കൊല്ലുകയായിരുന്നു. തലയും മുഖവും കേന്ദ്രീകരിച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. 50ലേറെ വെട്ടേറ്റ മുറിവുകളാണ് ചന്ദ്രശേഖരന്‍െറ ശരീരത്തിലുണ്ടായത്.
നമ്മുടെ രാഷ്ട്രീയക്കാര്‍ എത്ര സഹിഷ്ണുതയുള്ളവരാണ്; അവരെ വിമര്‍ശിച്ചാല്‍പോലും അവര്‍ ചിരിക്കുകയേയുള്ളൂ എന്നു നമ്മള്‍ പറയും. ഇരുളിന്‍െറ മറവില്‍ അവര്‍ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടുന്നത് ആരും കാണുന്നില്ല.
ഹോട്ടലിലെ അലമാരയിലെ പലഹാരങ്ങള്‍പോലെ ചില രാഷ്ട്രീയ കക്ഷികളുടെ കേന്ദ്രങ്ങളില്‍ സുലഭമാണിന്ന് ബോംബുകള്‍. വര്‍ഗീയ -രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏറ്റവും കുറഞ്ഞ 2009ല്‍പോലും കേരളത്തില്‍ 321 കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്.
ബോംബുനിര്‍മാണത്തിനിടെ നടക്കുന്ന സ്ഫോടനങ്ങളില്‍ എത്രയോ രാഷ്ട്രീയക്കാര്‍ ചിതറിത്തെറിച്ചിട്ടുണ്ട്.
നമ്മുടെ ക്രിമിനല്‍ രാഷ്ട്രീയത്തിന്‍െറ നടപ്പുരീതികളിലൊന്നാണ് ആയുധസ്ഫോടന വസ്തു നിര്‍മാണവും ശേഖരവും. പാര്‍ട്ടി മാറുന്നത് ഇന്ന് ജീവന് ഭീഷണിയാകുന്നു. കൊലക്കേസുകളിലും അക്രമങ്ങളിലും പെട്ടവരെ പാര്‍ട്ടികള്‍ പലവിധത്തില്‍ സഹായിക്കുന്നു. എതിരഭിപ്രായക്കാരെ ഉന്മൂലനംചെയ്യുന്നിടത്തോളം നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത ‘വളര്‍ന്നി’രിക്കുന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
രാഷ്ട്രീയമല്ലേ ഇങ്ങനെയൊക്കെയാണ് എന്ന് നമ്മളങ്ങ് തീരുമാനിച്ചിരിക്കുന്നു. അക്രമികളെയും കൊലയാളികളെയും ഗുണ്ടകളെയും എതിര്‍ക്കാതെ നിസ്സംഗതയോടെ നോക്കിക്കാണുന്ന നമ്മളാണ് യഥാര്‍ഥ പ്രതികള്‍.
‘‘അനാഥമായ ചോര
നീതിക്കുവേണ്ടി നിലവിളിക്കുന്നു.
ആര്‍ക്കും അത് കേള്‍ക്കാനുള്ള
ക്ഷമയോ സമയമോ ഇല്ല.
വാദിയോ സാക്ഷിയോ ഇല്ല.
കുറ്റപത്രമില്ല’’
- ഫയ്സ് അഹ്മദ് ഫയ്സിന്‍െറ ഒരു കവിത.


മുന്‍ ലക്കങ്ങള്‍