
ഡച്ച് ചിത്രകാരനായ വിന്‍സന്‍റ് വാന്‍ഗോഗിന്‍െറ പെയിന്‍റിങ്ങുകള്‍ പ്രകൃതിയിലെ, മണ്ണിലെ, നിറങ്ങളുടെ ആഘോഷങ്ങളാണ്. വന്യമായ സത്യസന്ധതയാണ് അവയുടെ പ്രത്യേകത. അവക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. സ്ത്രീകളെ വരച്ചപ്പോഴെല്ലാം അധ്വാനിക്കുന്ന, കര്‍മനിരതരായ സ്ത്രീകളെയാണ് വാന്‍ഗോഗ് അധികവും വരച്ചത്. വലനെയ്യുന്നവര്‍, ഉരുളക്കിഴങ്ങ് കിളക്കുന്നവര്‍, തുന്നുന്നവര്‍, കമ്പിളി നെയ്യുന്നവര്‍, തൊട്ടിലാട്ടുന്നവര്‍, അടുക്കളയില്‍ പണിയെടുക്കുന്നവര്‍... അങ്ങനെ. അല്ലാതെ, അണിഞ്ഞൊരുങ്ങി കാഴ്ചക്ക് ഇമ്പം പകരുന്ന സ്ത്രീകളെ വാന്‍ഗോഗ് വരച്ചില്ല. വിവസ്ത്രകളെയും പുരുഷനു ഭോഗതൃഷ്ണ പകരുന്നവരെയും വരച്ചത് അപൂര്‍വം. അധ്വാനത്തിന്‍െറ ചായക്കൂട്ടില്‍ കോറിയിട്ട, വാന്‍ഗോഗ് ചിത്രങ്ങളെപോലെയുള്ള സ്ത്രീജീവിതമാണ് വിജയലക്ഷ്മിയുടെ കവിതകളിലും ദര്‍ശിക്കുന്നത്. വിജയലക്ഷ്മിയുടെതന്നെ വാക്കുകളില്‍, തന്‍െറ പരിമിതമായ പദസമ്പത്തുകൊണ്ട് കവിതകള്‍ നെയ്തുകൊണ്ട് അവര്‍ തന്‍െറ ജീവിതദൗത്യം നിര്‍വഹിക്കുന്നു. തന്‍െറ എല്ലാമെല്ലാമായ കവിതക്ക് പ്രാണിധര്‍മമനുസരിച്ചുള്ള പങ്കു നീക്കിവെച്ചു. ഗാര്‍ഹസ്ഥ്യത്തിലേര്‍പ്പെടുകയും മാസവേതനത്തിനു പണിയെടുക്കുകയും കുഞ്ഞുങ്ങളെ വളര്‍ത്തുകയും വീട്ടുപണികള്‍ ചെയ്യുകയും ചെയ്തുകൊണ്ട് കവിതകള്‍ എഴുതി. അവര്‍ ഉന്നതകുലജാതയല്ല, വെപ്പിനും വിളമ്പിനും അലക്കിനും വാല്യക്കാരികളില്ല - മാധവിക്കുട്ടിയെപ്പോലെ, ബാലാമണിയമ്മയെപ്പോലെ... സമ്പന്നയല്ല, സാമൂഹികപ്രവര്‍ത്തകയല്ല- സുഗതകുമാരിയെപ്പോലെ. വിജയലക്ഷ്മിയുടെ വാക്കുകളിലൂടെ വെളിപ്പെടുന്നത്, വീടിനും ആപ്പീസിനും ഭര്‍ത്താവിനും മകനും ഇടക്ക് തന്‍െറ മുറിയും ഇടവും സ്വത്വവും സൃഷ്ടിച്ചെടുക്കാനായി പ്രയത്നിച്ച് വിജയം നേടിയ കവിത. സ്ത്രീജീവിതത്തിന്‍െറ കരുത്തുറ്റ കമ്പിളിനൂലുകൊണ്ട് നെയ്തവ.*
‘‘ അലക്കു തീരുകില്ലെന്നായ്
കല്ലിന്‍ ചാരത്തു കൈയുമായ്
അന്തിയാവോളമാവോളം
പിഞ്ഞിപ്പോം ഞായറാഴ്ചയില്‍
ദിനമേഴെന്നു കേള്‍ക്കുന്നു
വീടുമാപ്പീസുമപ്പടി
ആകെ ഞായറിതൊന്നല്ലോ
നങ്ങേമക്കുള്ളടുക്കുവാന്‍ ’’
(പറന്നിട്ടും).
എഴുത്ത് പൂര്‍ണമാവുന്നത് വായനയിലൂടെയാണല്ലോ. ഇത് ഇന്നത്തെ ഉദ്യോഗസ്ഥയായ സ്ത്രീയുടെ സ്വരമാണ്. വായനയിലൂടെ എഴുത്തിനെ വെളിപ്പെടുത്തുക എന്ന മറ്റൊരു ദൗത്യത്തിനാണിവിടെ ശ്രമിക്കുന്നത്. വീട്ടിലും പുറത്തും പണിയെടുത്തുകൊണ്ട്, സ്വന്തമായി ഒരു അല്‍പം സമയംപോലുമില്ലാതെ എരിഞ്ഞുതീരുന്ന സ്ത്രീജീവിതം. ഇരട്ടിയോ മൂന്നിരട്ടിയോ ജീവിതഭാരം. അതില്‍ താങ്ങും തണലുമാവുന്ന കവിത. ഒളപ്പമണ്ണയുടെ ‘നങ്ങേമക്കുട്ടി’ എന്ന കാവ്യത്തിനാണ് വിജയലക്ഷ്മിയുടെ ‘പറന്നിട്ടും’ സമര്‍പ്പിച്ചിരിക്കുന്നത്. തന്‍െറ ജീവിതവും കാവ്യജീവിതവും ഈ ഒറ്റക്കവിതയില്‍ കവി വെളിപ്പെടുത്തുന്നു. വായിക്ക വായിക്കെ ഉള്ളലിഞ്ഞുപോവുന്ന മലയാള കവിതകളിലൊന്നാണിതും. ജീവിക്കാന്‍ ബദ്ധപ്പെടുന്ന ഏതൊരു പെണ്ണിനും ഈ അവസ്ഥ സ്വജീവിതമായി തോന്നും. ‘‘ആരലിഞ്ഞൊരു വാക്കോതാന്‍ ? തളര്‍ന്നോ, താഴെ വീണുവോ?’’ ‘ഭാഗവതം’ എന്ന കവിതയും ഈ ഗാര്‍ഹികജോലിയുടെ, ജോലിയോടുള്ള സമൂഹത്തിന്‍െറ സമീപനത്തിന്‍െറ മാതൃകയാണ്. സന്ധ്യക്ക് കുളിച്ചൊരുങ്ങി സ്വസ്ഥനായി ഭാഗവതം വായിക്കുന്ന, ഭാര്യയെ വായന കേള്‍ക്കാന്‍ ക്ഷണിക്കുന്ന ഭര്‍ത്താവിനോട്,
‘‘കരി പറ്റിയ കൈയാല്‍
മരണംവരെ തീരാ-
മഹാഭാഗവതം ഞാന്‍
മറിച്ചു വായിക്കുന്നു
മടിയാതെന്നും, അങ്ങു
കേള്‍ക്കുവാന്‍ വരുന്നില്ല...’’
(തന്‍െറ ജീവിതമായ ഭാഗവതത്തെപറ്റി രാമപുരത്തുവാര്യര്‍
‘‘ കേള്‍ക്കുന്നവര്‍ക്കൊക്കെ വിരക്തിയുണ്ടാം, അര്‍ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്’’എന്നു പറഞ്ഞിട്ടുണ്ടല്ലോ.)
ഒരമ്പതു വര്‍ഷം മുമ്പുവരെ, കാര്‍ഷികവൃത്തിയിലൊഴികെ, കൂലികിട്ടുന്ന മറ്റൊരു പുറംപണിയും സ്ത്രീകള്‍ ചെയ്തിരുന്നില്ല. വീട്ടുപണികള്‍ക്ക് കൂലിയില്ലായിരുന്നു, അന്നും ഇന്നും. ‘‘കൊതുമ്പു വള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളി, നിന്‍െറ കൊയ്ത്തരിവാള്‍ തീര്‍ത്തതേതൊരു കൊല്ലപ്പണിക്കെത്തി?’’ എന്ന് സിനിമാപ്പാട്ടില്‍ അടിസ്ഥാനവര്‍ഗത്തിലെ സ്ത്രീകളോട് നായകന്‍ ചോദിക്കുമെങ്കിലും ഉളിക്ക് മൂര്‍ച്ചകൂട്ടാനുള്ള പാറപ്പൊടിയുണ്ടാക്കാനോ ഇരുമ്പ് ഉരുക്കാനുള്ള ഉലയൂതാനോ ഉള്ള സഹായമല്ലാതെ, പണിക്കെത്തികള്‍ പണി പഠിച്ചിട്ടുള്ളതായി കേട്ടറിവില്ല. ഈ സാമൂഹികാവസ്ഥയിലാണ്, ഉളിപ്പെട്ടിയുമായി പണിയെടുത്തു ജീവിക്കാന്‍ വീടിന്‍െറ നാലകം വിടേണ്ടിവന്ന ‘തച്ചന്‍െറ മകള്‍’ എന്ന വിജയലക്ഷ്മിക്കവിത പിറക്കുന്നത്. മിത്തിനു തന്‍േറതായ ഭാഷ്യം നല്‍കിക്കൊണ്ട്, പുതിയൊരു കഥാപാത്രത്തെ അനാവരണംചെയ്തുകൊണ്ട്. വീടിനു പുറത്ത് കൂലിക്ക് പണിയെടുത്താലേ അന്നന്നപ്പം വാങ്ങാന്‍പറ്റൂ എന്നതുകൊണ്ടു മാത്രമല്ല , തന്നില്‍ വിദ്യകൊണ്ടു ചിറകുവിരിച്ച സര്‍ഗവാസനക്ക് ഉത്തരം തേടാനുമായാണ് അവള്‍ വീടകം വെടിയുന്നത്, വീടിന്‍െറ പട്ടുനൂല്‍ക്കെട്ടു പൊട്ടിച്ചെറിഞ്ഞുപോകുന്നത്.
‘‘കൊത്തുവാനുണ്ടെനിക്കു ജുഗുപ്സയെ,
അദ്ഭുതത്തെ, ശാന്തത്തെ ശമത്തെയും.
കൊത്തിടേണം മദത്തെ, മാത്സര്യത്തെ
മൃത്തിലെക്കാട്ടുതീയാമസൂയയെ.
കൊത്തുവാനുണ്ടു പ്രച്ഛന്ന രൂപിയായ്
പുഷ്പകത്തിലെത്തുന്നൊരാസക്തിയെ.’’
ഇങ്ങനെ നവരസങ്ങള്‍കൊണ്ട് കവിത ചമക്കാനായി അവള്‍ പുരുഷന്‍േറതെന്ന് കാലങ്ങളായി പറഞ്ഞുവെച്ചിട്ടുള്ള തട്ടകത്തിലേക്ക് യാത്രയാവുന്നു. അവിടെ കര്‍മകാണ്ഡത്തിന്‍െറ ഭാരം കുറച്ചൊന്നുമല്ല അവളെ വലക്കുന്നത്. കവിതയുടെ ഭൂമിക, ആ കര്‍മമണ്ഡലമാവുന്നു. താന്‍ ദിനംപ്രതി പരിചയപ്പെടുന്ന ജീവല്‍പ്രശ്നങ്ങള്‍ വിഷയങ്ങളാവുന്നു. സ്വന്തമായ ഒരു മുറിയോ ഇടമോ ഇല്ലാത്ത അവസ്ഥയിലും എഴുത്ത് എന്നതിന്‍െറ തിരമാലത്തള്ളലില്‍, ഒരു കൈകൊണ്ട് തൊട്ടിലാട്ടി മറുകൈകൊണ്ട് കഥയെഴുതി ലളിതാംബിക അന്തര്‍ജനം. ‘‘പുസ്തകരചനക്ക് ധാരാളം സമയം ആവശ്യമാണ്. അത് ഒരുപക്ഷേ, സ്വന്തം അമ്മായിയുടെ കൊലപാതകത്തില്‍ കലാശിച്ചേക്കാം. ഭക്ഷണം പാകംചെയ്യാന്‍ കാലവിളംബം ഉണ്ടാക്കിയേക്കാം. നല്ല ചില ആള്‍ക്കാരുമായി ഗുരുതരമായ തര്‍ക്കങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടേക്കാം’’ എന്ന് വിര്‍ജീനിയാ വുള്‍ഫ്. അടുക്കളപ്പാതകത്തില്‍ കടലാസും പേനയും കൊണ്ടുവെച്ച്, അരി വേവുന്നതിന്‍െറയും കറി വേവുന്നതിന്‍െറയും ഇടവേളയില്‍ എഴുതിത്തീര്‍ത്തവയാണീ കവിതകള്‍. കവിതക്കായി തെരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ ‘‘അലക്കും ദോശയും ചൂലും കഴുതയു’’ മൊക്കെ വരും. കാരണം, സ്ത്രീകള്‍ നിരന്തരം ഇതെല്ലാമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പാത്രം കഴുകുകയും കുഞ്ഞുങ്ങളെ വളര്‍ത്തുകയും കിടത്തി ഉറക്കുകയും പാചകം ചെയ്യുകയുമെല്ലാം. ‘‘യുദ്ധത്തിനെയും ക്രിക്കറ്റിനെയും കപ്പലോട്ടങ്ങളെയും ലൈംഗികതയെയും കുറിച്ച് പറയുന്നതു മാത്രമല്ലല്ലോ ഉത്തമ സാഹിത്യം’’(വിര്‍ജീനിയാ വുള്‍ഫ്). ഈ സത്യം വിജയലക്ഷ്മി ഇങ്ങനെയാണ് പറയുന്നത്:
‘‘ഒടുവില്‍ ഗംഗാജലം തേടി, ഭാണ്ഡവും
വടിയുമായ് വീടിറങ്ങുവോര്‍, എത്രയോ
ജനപദങ്ങളെപ്പണ്ടു പാലൂട്ടിയോര്‍,
അറിവു ഞാന്‍ ലോകമാതാക്കള്‍ പോയൊരാ
വഴികളത്രമേലത്രമേല്‍ സങ്കടം’’
(കര്‍ക്കടകം).
കവി എഴുതിത്തുടങ്ങിയ നാളുമുതല്‍ കവിതയിലൂടെ അടുത്തറിയുന്ന ഒരാളെന്ന നിലയിലാണ് വിജയലക്ഷ്മിയുടെ വളര്‍ച്ചയും വികാസവും നിരീക്ഷിക്കുന്നത്. കേരള യൂനിവേഴ്സിറ്റി യുവജനോത്സവത്തില്‍ കഥക്കും കവിതക്കും ഒന്നാം സമ്മാനം വാങ്ങി, അന്നു മത്സരിക്കാനുണ്ടായിരുന്ന, അന്നേ അറിയപ്പെടുന്ന കവിയായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയതും, പിന്നെ ബാലചന്ദ്രന്‍െറ സഹധര്‍മിണിയായി മാറിയതും സമകാലിക സാഹിത്യ ചരിത്രം. ‘ചിദംബരസ്മരണ’ എന്ന പുസ്തകത്തിലൂടെ ബാലചന്ദ്രന്‍െറ ഓര്‍മക്കുറിപ്പുകളുടെ ജീവിതക്കാഴ്ചകള്‍ നമുക്കു വായനക്കായുണ്ട്. പരസ്പരം കവിതാപ്രവാഹത്തിന്‍െറ ഊര്‍ജം താങ്ങുകയാണ് ഈ കവിദമ്പതികള്‍. വിജയലക്ഷ്മിയുടെ ‘ദോശ’ എന്ന കവിതയില്‍ ഈ പഴയ കാലഘട്ടത്തിന്‍െറ സ്മരണകള്‍ കാണുന്നു. നാട്ടിന്‍ പുറത്ത്, കവിദമ്പതികള്‍ വാടകവീടു പകുത്തു കഴിയുന്ന, നല്ലരി വാങ്ങാന്‍ കഴിയാത്ത പൊയ്ക്കാലം. റേഷന്‍ കല്ലരി നിധിപോലെ വാങ്ങി, ചുമന്നുകൊണ്ടുപോയി അവര്‍ പാറ്റി വെടിപ്പാക്കി കഞ്ഞിയുണ്ടാക്കുന്നു.
‘‘ഇരുള്‍വഴി-
യേറെ വിശപ്പോടു ഖിന്നത-
നിറയും മുഖമൊടു നീയണയുമ്പോള്‍,
നമ്മള്‍ നിലത്തു ചടഞ്ഞൂ, കഞ്ഞിയി-
ലന്നന്നുപ്പിനു കണ്ണീരല്ലോ.’’
‘‘നിരന്തരമായ കവിതാരചനക്ക് വലിയ പ്രതിഭയും പാണ്ഡിത്യവും വേണം. ശക്തമായ കാവ്യപ്രചോദനം വേണം. കടുത്ത മന$ക്ളേശവും ആത്മസംഘര്‍ഷവും ഉണ്ടാക്കുന്ന പണിയാണ് കാവ്യരചന. അതു പലപ്പോഴും മനസ്സിന്‍െറ സമനില തെറ്റിക്കും’’, ഒരഭിമുഖത്തില്‍ ബാലചന്ദ്രന്‍. ബാലചന്ദ്രനെ സംബോധനചെയ്ത ‘ദേവാസുരം’ എന്ന കവിത, ഈ സഹനത്തിന്‍െറ പാറയില്‍നിന്ന് പുറപ്പെടുന്ന ഉറവയാണ്. ഏതു മഴക്കും വഴങ്ങാത്ത കാട്ടുതീച്ചൂടുള്ള വനാന്തരം, മണ്ണില്‍ കുഴിച്ചിട്ട മാരകസ്ഫോടകം, ബാലചന്ദ്രന്‍ ഇതൊക്കെയാണ്. എന്നിട്ടും,
‘‘എന്‍െറ വിഷത്താല്‍ സുനീലമാം കണ്ഠത്തി-
ലുണ്ടു ഞാനര്‍പ്പിച്ച ജീവിത സര്‍പ്പവും.
ഭൂഷണമെന്നേ വരിച്ചുവോ നിന്‍ നേര്‍ക്കു
ഭീഷണമാംവിധം ചീറ്റിനില്‍ക്കുമ്പോഴും?’’
(ദേവാസുരം)
ഈ വാസുകിയുടെ വിഷം നീലകണ്ഠനായി താങ്ങിയില്ലായിരുന്നുവെങ്കില്‍ ബാലചന്ദ്രനും മറ്റൊരു എ. അയ്യപ്പനായേനെ എന്ന് തോന്നിയിട്ടുണ്ട്. ദേശാടകനായ കവിയെ പ്രണയിക്കയും വീട്ടുകാരെ അവഗണിച്ച് വിവാഹം കഴിക്കയും അതിജീവനത്തിന്‍െറ സകല കയ്പും ഏറ്റുവാങ്ങുകയും സ്വയം ഒരു തൊഴില്‍ നേടി കുടുംബം പുലര്‍ത്തുകയും ചെയ്ത ധൈര്യശാലിയാണിവള്‍. അതുകൊണ്ട്, എഴുത്തിന് സമയമോ സ്ഥലമോ പരിധിയല്ലാതെ കുടുംബാംഗങ്ങളില്‍നിന്നും വിലക്കുകളില്ല. ‘‘അവരുടെ (വിജയലക്ഷ്മിയുടെ) കവിതയെഴുത്തിനെ തടസ്സംനില്‍ക്കുന്ന ഒന്നിനെയും അവര്‍ അനുവദിക്കില്ല. അവരുടെ ഔാര്യത്തിലാണ് ഞാനവിടെ കഴിയുന്നത്’’ എന്ന് ബാലചന്ദ്രന്‍. അതുകൊണ്ട് സ്ഥിരം സ്ത്രീവാദികളുടേതായ രോഷസ്വരം വിജയലക്ഷ്മിക്കവിതയില്‍ ഒരിടത്തും ഇല്ല. എന്നാല്‍, വേണ്ടത്ര തന്‍േറടം ഉണ്ടുതാനും. പുരുഷനോട് സമരം പ്രഖ്യാപിക്കാതെതന്നെ, സൗമ്യവും വിനീതവുമായ വാക്കുകള്‍കൊണ്ട്, അഹിംസയുടെ നേരായ മാര്‍ഗത്തിലൂടെ തന്‍െറ ശബ്ദം കേള്‍പ്പിക്കയാണ്, തനിക്കുള്ളത് നേടുകയാണ്. അതുകൊണ്ട് ഈ കവിത, സ്ത്രീയുടെ ഏറ്റവും ഉദാത്തമായ ഗുണങ്ങളായ സ്നേഹത്തിനും മാനവികതക്കും കൈകോര്‍ത്തു ചേര്‍ന്നുനില്‍ക്കുന്നു. കവിതയുടെ, കവിയുടെ മന$ക്കരുത്ത് സ്ത്രീസഹജമായ ‘ത്രാണി’തന്നെയാണ്. ( പുരുഷന്‍െറ കായികക്ഷമതയെയും ഹിംസാവാഞ്ഛയെയും ‘ശക്തി’എന്നു വിളിക്കുമ്പോള്‍ സ്ത്രീയുടെ അതിജീവനക്ഷമതയെയും സഹനശക്തിയെയും ‘ത്രാണി’എന്നാണു വിളിക്കാറ്.)
വിജയലക്ഷ്മിയുടെ എഴുത്തിന്‍െറ ചക്രവാളങ്ങളെ ജലം- മഴ, മാതൃഭാവം, പ്രണയം-സൗഹൃദം, ഗാര്‍ഹസ്ഥ്യം, മാനവികം, പ്രകൃതി എന്നിങ്ങനെ അടയാളപ്പെടുത്താം. ഒന്ന് മറ്റൊന്നിനോടു ചേര്‍ന്നുനില്‍ക്കയോ ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് സംക്രമിക്കയോ ലയിച്ചുചേരുകയോ ചെയ്യുന്ന ഭാവങ്ങളാണെല്ലാം. നീണ്ട കവിതകള്‍ അധികമില്ല. അച്ചടിയില്‍, രണ്ടു പുറത്തിലൊതുങ്ങുന്നവയാണ് മിക്കതും. സംഗീതമയമല്ല. ചൊല്‍ക്കാഴ്ചക്കും കവിയരങ്ങിനും പറ്റിയ വാക്കല്ല ഇത്. ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ നഷ്ടപ്പെടാനുള്ളവയുമല്ല.
ജാതിവ്യവസ്ഥയെ എതിര്‍ക്കുന്ന ബുദ്ധമത ഗ്രന്ഥമാണ് ‘വജ്രസൂചി’. അവര്‍ണനും കീഴാളനുമായ ഒരു മഹാകവി , സ്ത്രീക്കു ശരീരത്തില്‍ നിന്നും മോചനം നല്‍കി കവിത സൃഷ്ടിച്ച ഭാഷയാണു മലയാളം. അങ്ങനെ വിമോചിതയായ ഈ സ്ത്രീ, കവിതയില്‍ കീഴാളന്‍െറ സ്വരത്തിന്‍െറ കരുത്ത് കേള്‍പ്പിക്കുന്നു. അരങ്ങുകളില്‍നിന്നും മാധ്യമശ്രദ്ധയില്‍നിന്നും ഒഴിഞ്ഞ്...കവിത മാത്രം കേള്‍പ്പിച്ചുകൊണ്ട്.
“ രാജനീതിയില്‍ തോറ്റുപോവതു കീഴാളന്മാര്‍,
ആദിവാസിക്കുണ്ടറ്റു പോകുവാന്‍ പെരുവിരല്‍’’
(വര്‍ത്തമാനം).
ഒരേസമയം കീഴാളായും സ്ത്രീയായും ശബ്ദം കേള്‍പ്പിക്കുമ്പോള്‍, മുന്‍പറഞ്ഞ രോഷത്തിന്‍െറ അഭാവംകൊണ്ട്, പലരും ഇത് ‘‘ഫെമിനിസമല്ലല്ലോ’’എന്നാശ്വസിച്ചു കാണാറുണ്ട്. ഈ കവിയുടേത് ഒരു ചതുരക്കള്ളിയിലുമൊതുക്കാനുള്ള കവിത്വമല്ല, ഉണ്‍മ മാത്രമാണ്. അതുകൊണ്ട്, ‘വര്‍ത്തമാനം’എന്ന കവിത, ‘‘ചരിത്രം പഠിച്ചപ്പോള്‍ കൊതിച്ചൂ മാറ്റം, പക്ഷേ ചരിത്രം പിഴച്ചപ്പോള്‍ കൈവരിച്ചതെന്തൂറ്റം’’ എന്നു ചോദിക്കുന്നു. വളയത്തിലൂടെ ചാടാന്‍ പ്രേരിപ്പിക്കുന്ന ശിക്ഷകനായ സമൂഹത്തിനെ ഭയത്തോടെ കാണുന്ന ‘വ്യക്തി’യാണ് ‘മൃഗശിക്ഷകനി’ലെ അടിമയായ മൃഗം. ഭയമാണങ്ങയെ എന്ന് പലവുരു ആവര്‍ത്തിക്കവഴി, മൃഗശിക്ഷകന്‍ തന്നെക്കാള്‍ മേല്‍ക്കോയ്മയുള്ള ആരോ ആണെന്നേ തോന്നൂ. എന്നാല്‍, ഇഴപിരിക്കുമ്പോള്‍ സര്‍ഗവും വന്യവും ജൈവവുമായ ഏതൊന്നിനും തടസ്സംനില്‍ക്കുന്ന വ്യവസ്ഥിതിയായി മാറുന്നു ‘മൃഗശിക്ഷകന്‍’.
‘‘അടുക്കള വിട്ടിറങ്ങീട്ടരങ്ങിലെത്തി
അരങ്ങിലെക്കയറൊന്നു കഴുത്തിലെത്തി,
കുരുക്കിട്ടു വലിക്കുന്ന മിടുക്കുംകൂടി
മെരുക്കുന്ന ചിരിയുമായരികിലെത്തി...’’
(ആട്ടം)
അനുഗൃഹീത അഭിനേത്രി കജോളിനെപറ്റിയാണ് ഈ കവിത. സ്ത്രീയുടെ സര്‍ഗവാസനക്കു കുരുക്കിട്ട് അവളെക്കൊണ്ട് ആട്ടവും പാട്ടും നടത്തി പണം കൊയ്യുന്നവരുടെ, അവരുടേതാണീ ലോകം. ഇന്നത്തെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്‍െറ കഥയും ഇതാണല്ലോ.
എന്നാല്‍, നന്മയുടെ മനസ്സിനെ അടയാളപ്പെടുത്താന്‍ കവി ശ്രദ്ധാലുവാണ്. ഒളപ്പമണ്ണയെയും ബാലാമണിയമ്മയെയും പി. കുഞ്ഞിരാമന്‍നായരെയും കവിതയാല്‍ വരച്ചിടുന്നത് ഈ ആത്മബന്ധത്തിനാലാണ്.
‘‘പിന്നെയും ക്ഷണിച്ചൊപ്പമുണ്ണുവാന്‍, കരുതീലാ
അന്യരെ, ന്നിവര്‍, താണോരാവാമെന്നല്‍പ്പംപോലും.
തോഴരെന്നൂറ്റംകൊള്ളും ചിലര്‍ക്ക് മുള്ളായേക്കാം,
താണവെള്ളത്തില്‍ത്തെളിഞ്ഞാടുമോ തിങ്കള്‍ക്കല’’ എന്ന് ഒളപ്പമണ്ണയുടെ ആതിഥ്യത്തെ ഓര്‍മിച്ചെടുക്കുന്നു, ‘‘മധ്യം പൊട്ടി നുറുങ്ങി വിലസുന്ന ശുദ്ധക്കണ്ണാടി കാന്തി ചിതറും നീര്‍, ആര്‍ത്തിയാല്‍ ഭിക്ഷു നീട്ടിയ കൈപ്പൂവില്‍ വാര്‍ത്തുനിന്നിതേ മെല്ലെക്കുനിഞ്ഞവള്‍’’എന്നെഴുതിയ കവിയുടെ പിന്മുറക്കാരി.
നിരന്തരമായ ജലസ്സാന്നിധ്യമാണ് വിജയലക്ഷ്മിക്കവിത. തോരാതെ പെയ്യുന്ന വര്‍ഷമോ ഭൂമിയില്‍ നിറഞ്ഞ നീലജലാശയങ്ങളോ മണ്ണില്‍ച്ചേര്‍ന്ന പുഴയോ കിണറ്റുവെള്ളമോ ഒക്കെയായി അത് ജീവന്‍െറ മണിവീണ മീട്ടുന്നു. മഴപെയ്യുമ്പോള്‍ കേള്‍ക്കുന്ന മിഴാവുമേളംപോലെ, നിശ്ശബ്ദമായ വരികള്‍ക്കുള്ളില്‍ കാലം ഹരിതാഭമായി തഴയ്ക്കുന്നു (വായന). ഭൂമാതാവിന്‍െറ ഹൃദയം തണുപ്പിക്കയാണ് ഉദ്ദേശ്യം. കര്‍ക്കടകമാണ് മാസങ്ങളുടെ അമ്മ. കര്‍ക്കടകം മണ്ണില്‍നിറഞ്ഞാണ് ജീവന്‍െറ ജാലവിദ്യകള്‍ ചെയ്യുന്നത്. ചിങ്ങത്തിനു പൂക്കളാവുന്നത്. പ്രകൃതി ഗര്‍ഭം പേറുന്നത്. സൗഹൃദവും സ്നേഹവും ജീവിതത്തിന്‍െറ സ്വത്താവുന്നത്,
‘‘കിളികള്‍ പൊട്ടിക്കിളിര്‍ക്കുന്ന ചില്ലകള്‍
കിരുകിരുത്തു പൊന്തുന്ന പുല്‍നാമ്പുകള്‍
ചിറകു നീര്‍ത്ത നിലാമരങ്ങള്‍, മാതൃ
നിലവിളക്ക്...’’
(കര്‍ക്കടകം).
പുല്‍ക്കൊടികളില്‍, പൂഴിയില്‍ വീണു നീ
പുഷ്പമായും പരാഗമായും മഹാ-
വൃക്ഷമാകേണ്ട ബീജമായും മാറു-
മദ്ഭുതങ്ങളറിഞ്ഞൊരാ നാളുകള്‍’’
(മഴ).
രാത്രി മഴപെയ്യുന്നത് കവികളാസ്വദിക്കുന്നത് പലവിധം. ( സുഗതകുമാരിയുടെ ‘രാത്രിമഴ’പരാമര്‍ശിക്കുന്നു.) കര്‍ക്കടകംപോലെ തുലാവര്‍ഷവും ഇതേവിധത്തില്‍ മഴയായി പെയ്യുന്നു. ഓരോ മഴക്കാലത്തും ഭൂമിയില്‍ ജീവന്‍െറ നാടകങ്ങള്‍ അരങ്ങിലുണരുന്നു. എന്തൊക്കെ സംഭവിച്ചാലും പ്രകൃതിയില്‍ ഇതെല്ലാമാണ് ജീവനെ മുന്നോട്ടു കൊണ്ടുപോകുന്നത്. ‘‘എത്രമേലിരുണ്ടാലും തെളിമിന്നലില്‍ പൊള്ളും ചിരിതൂകിലും വിങ്ങി- പ്പറയാനതിനുണ്ടു ദുസ്സഹം മഹാദു$ഖം.’’ കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരാള്‍ക്ക് , മഴയെക്കുറിച്ച് പാടാതിരിക്കാനാവുമോ? ആദിയില്‍ ഭൂമിനിറഞ്ഞു പെയ്ത മഴ, ഭാഷയും വാക്കുമില്ലാതെ നിറയുന്ന ശബ്ദഘോഷമായ, അരങ്ങു നിറയുന്ന ഇടിമിന്നലിന്‍െറ നാടകം.
മാതൃത്വത്തെ പലതവണ വാഴ്ത്തിപ്പാടിയെങ്കിലും, ഈറ്റുനോവോ ഗര്‍ഭപീഡകളോ ബാലാമണിയമ്മക്കവിതകളില്‍ കണ്ടിട്ടില്ലയെന്ന് എം. ലീലാവതി സാക്ഷ്യപ്പെടുത്തുന്നു. പ്രകൃത്യാ ഉള്ള ശാരീരികാനുഭവങ്ങളില്‍ ഗര്‍ഭവും പ്രസവവും മുലയൂട്ടലും സ്ത്രീക്ക് ഏറ്റവും തീവ്രവും അവിസ്മരണീയവുമാണ്. അതുകൊണ്ടുതന്നെ, അതിനു മുന്നോടിയായ രതി എന്ന അനുഭവം അത്രക്ക് പ്രാധാന്യമുള്ളതല്ലാതാവുന്നു. അതിനെ വാഴ്ത്താന്‍ അവള്‍ മിനക്കെടാത്തത് അതിനാലാവണം. കുഞ്ഞിനെ വളര്‍ത്താനുള്ള അതിജീവനത്തിനു സഹായമാവുന്ന, ആത്മാനുഭവമായ പ്രണയത്തിന് എഴുത്തില്‍ സ്ത്രീ പ്രാധാന്യം കൊടുക്കുന്നതിനും ഇതാവാം കാരണം. ‘വരവ്’ എന്ന കവിതക്ക് പിറകേ വരുന്നതാണ് ‘വിട്ടുപോകൂ’ എന്ന കവിതയും. അതും മകനോടാണ്. ജീവിതം ചെന്നിനായകം നല്‍കിലും, കുഞ്ഞുങ്ങള്‍ അതും മധുരമാക്കി അമ്മക്കു നല്‍കുന്നു. സ്ത്രീ പുരുഷനെപ്പോലെ ശരീരജീവിയല്ല. സ്നേഹം, കരുണ, വാത്സല്യം എന്നീ വികാരങ്ങള്‍ പൊതുവേ അവള്‍ക്കാണു കൂടുതല്‍. രക്തത്തെ മുലപ്പാലാക്കുന്ന രാസപ്രക്രിയ അവളുടെ ശരീരത്തിലല്ലേയുള്ളൂ?
അതുപോലെ, ‘വില്‍പ്പത്ര’ത്തിലും, ‘പാവ’യിലും മാതൃഭാവംതന്നെ യാണ് പ്രമേയം. മകന്‍െറ പാതി ക്ഷൗരം ചെയ്ത കവിളില്‍ അമ്മ, പോയകാലത്തിന്‍െറ കുഞ്ഞിക്കാലടി കാണുന്നു. അപ്പുവിനെ ഡേക്കെയര്‍ സെന്‍ററില്‍ വിട്ടാണ് അമ്മ ജോലിക്കു പോയിരുന്നതെന്നും പറയുന്നു. ഗാര്‍ഹിക ജീവിതമെന്ന അനിവാര്യത, കാലില്‍ താമരവള്ളിപോലെ കുരുങ്ങി നടുക്കയത്തിലേക്ക് വലിക്കുന്ന മായികത, ഇന്നത്തെ കവികള്‍ കൂടുതല്‍ മികവോടെ തുറന്നുപറയുന്നു:
‘‘കയ്പ്പു തീരാത്ത വഴക്കുകള്‍, ഉള്‍ക്കടല്‍
വക്കിലേക്കെന്നും തനിച്ചുപോം രാത്രികള്‍,
അച്ഛന്‍െറ ക്രൗര്യം മകന്‍െറ ദുര്‍വാശികള്‍-
ക്കുപ്പുചേര്‍ക്കുന്ന ചവര്‍ക്കുന്ന പൈതൃകം’’
( കായല്‍).
‘‘മിഴിയിണ താഴ്ത്തിയ വന്യമൃഗങ്ങള്‍
മുരള്‍ച്ചയൊതുക്കിയ ഭാവവിശേഷം.’’
നെടുനാള്‍ നിലനില്‍ക്കുന്ന ദാമ്പത്യം അവസാനം ഇതായിത്തീരും.
ഒരിക്കലും രോഷം രുചിപ്പിക്കുന്നില്ലെങ്കിലും തുറന്നുപറച്ചിലിന്‍െറ, കുറിക്കുകൊള്ളുന്ന വാക്കുകളില്‍ നിലവിളക്കുപോലെ വിളങ്ങുന്ന തന്‍െറ സ്ത്രീത്വം വെളിപ്പെടുത്തുന്നുണ്ട് എഴുത്തുകാരി. വ്രതശുദ്ധിയാല്‍ സര്‍പ്പക്കളത്തിനുമുന്നില്‍ മുടിയഴിച്ചാടുകയാണ്, സര്‍വം സഹ. പൂരവെടിക്കെട്ടിന്‍െറ പൊലിമക്കുമുമ്പ് മരുന്നുപുരക്ക് തീകൊളുത്തി നൂറായിരങ്ങളെ നശിപ്പിക്കാനും തയാറാവുന്ന ഈ ഭാവം പക്ഷേ, ദുര്‍ഗയും ശാരദയുമാണ്, മഹാകാളിയല്ല. ആണിന് ഒരിക്കലും അനുഭവിച്ചറിയാന്‍ സാധിക്കാത്തവയാണ്, സ്ത്രൈണമായ പല ജീവശാസ്ത്ര പ്രത്യേകതകളും(‘‘വീഞ്ഞ്: ജീവന്‍െറ വീഞ്ഞറ, അതു കടലാവാം, മണ്ണാവാം, ഗര്‍ഭപാത്രവുമാവാം). കവിതയുടെ സത്ത് രുചിച്ചറിയാന്‍ പുരുഷകേന്ദ്രീകൃതമായ പഠനരീതി ശ്രമിക്കാത്തതിനു കാരണം, കവിയുടെ ലിംഗപദവിയാവണം.
‘‘ഏതശരീരി തുറക്കുന്നു വീഴ്ത്തുന്നു
കാണുവാനാകാത്ത ചില്ലുപാത്രങ്ങളില്‍?’’
പ്രണയം സ്ത്രീ അനുഭവിക്കുവതെങ്ങനെ? എണ്ണയും നാളവും തീരാത്ത ലക്ഷ്മിവിളക്കുപോലെ, ആകാശം നിറഞ്ഞ ചന്ദ്രബിംബംപോലെ... അകലെ മേവുന്ന, എന്നും വഴികാട്ടിയായ വെളിച്ചം. ‘‘ഒരു പൊന്മുഖം ദൂരസൂര്യനായ്, അതിന്‍ രശ്മിതൊട്ടു ഞാന്‍ തിളങ്ങുന്നു...’’ ഒരിക്കല്‍ പഞ്ചാബി എഴുത്തുകാരി അജീത് കൗര്‍ പറഞ്ഞു, (താവളമില്ലാത്തവര്‍) അത് വെള്ളത്തില്‍ കലര്‍ന്ന മഷിപോലെയാണെന്ന്. തന്‍െറ ജീവിതത്തില്‍നിന്നും വേര്‍തിരിക്കാനാവില്ലെന്ന്. അമൃതാപ്രീതവും (റവന്യൂ സ്റ്റാമ്പ്) ഇങ്ങനെതന്നെ പറഞ്ഞു. തന്‍െറ ജാലകങ്ങളുടെ തിരശ്ശീലപോലെയാണതെന്ന്. ജീവിതത്തില്‍ എപ്പോഴും കൂടെയുള്ള ഒന്ന് .
‘‘നീ പകര്‍ന്നാലുമീ കാളകൂടം നിന്‍െറ നീലകണ്ഠത്തില്‍ കുടുക്കിയാലും’’
അല്ലെങ്കില്‍, ‘‘വനവഹ്നിപോലെന്നെ വിഴുങ്ങും പ്രണയത്തിന്‍ അരികെ നില്‍ക്കെ സഖേ, അങ്ങെക്ക് പൊള്ളാറുണ്ടോ?’’ (കഠിനം)
‘‘കരിമ്പാറയായ്ക്കരം നീര്‍ത്തി നീ ഗാഢം പുണര്‍-
ന്നമരുമ്പോഴോ കാട്ടുചോലയായ് ത്രസിപ്പൂ ഞാന്‍’’ (താണ്ഡവം).
മലയാളസാഹിത്യം മാധവിക്കുട്ടിയുടെ പ്രണയത്തെ വാഴ്ത്തുമ്പോഴും അത് ഒരു അനുഭവസ്ഥയുടെ, ആത്മാവുകൊണ്ടുള്ള പ്രണയമാണെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല (‘എന്‍െറ കഥ’ സങ്കല്‍പസൃഷ്ടിയെന്ന് അവര്‍ പില്‍ക്കാലത്ത് പ്രഖ്യാപിച്ചിട്ടുമുണ്ട്). പതിനാലാം വയസ്സില്‍ വിവാഹിതയും അമ്മയുമായി മാറിയ ഒരുവള്‍, സ്വതന്ത്രയും സുരഭിലയുമായ ഒരു യുവതി തന്‍െറ യൗവനത്തില്‍ അനുഭവിക്കയും ആസ്വദിക്കയും ചെയ്തപോലെയുള്ള പ്രണയം ഒരിക്കലും കണ്ടിട്ടുപോലും ഉണ്ടാവില്ല. സ്നേഹം കിട്ടാത്തവളുടെ അലച്ചിലോ ഉന്മാദമോ എവിടെ, അതിന്‍െറ നിറവില്‍ അക്ഷയപാത്രമായി മാറുന്നവളുടെ സമ്പന്നതയും സൗഭാഗ്യവുമെവിടെ?
‘‘ഇല്ല ഞാന്‍ വിരഹത്തിന്‍ കാളിന്ദി കണ്ടിട്ടില്ല, വന്‍ കടല്‍ കടന്നെത്താനഗ്നിശുദ്ധയുമല്ല.
പച്ചയാമൊരു പെണ്ണ്, വിയര്‍ക്കുന്നവള്‍, മണ്ണുപറ്റിയ പാദം മണ്ണിലൂന്നിയേ സ്വയം നില്‍പ്പോള്‍’’(സമവാക്യങ്ങള്‍).
‘‘ പഞ്ജരത്തിലെപ്പക്ഷിയല്ല, മേഘ മണ്ഡലത്തില്‍ ഗരുഢനാകുന്നു ഞാന്‍ ’’(പ്രണയത്തില്‍).
എങ്കിലുമിതാ യുഗാന്തരങ്ങള്‍ കുളിര്‍പ്പിച്ച പൗര്‍ണമി നമുക്കുള്ളിലൊഴുകിപ്പരക്കുന്നു.
പങ്കുവെക്കുന്നു നമ്മളതിനെ, ഇപ്പോഴുള്ളിലെന്ത്, വെണ്‍മയോ നിത്യശാന്തിയോ നിര്‍വേദമോ?’’ (കാണുക നിലാവിനെ)
ഇത് സ്ത്രീ-പുരുഷ സ്നേഹമോ, സഹജീവികളോടുള്ള സൗഹൃദമോ ഉദാത്തമായ മാനവസ്നേഹമോ ഒക്കെ ആവാം.
തന്‍െറ പ്രണയനഷ്ടം വെറുപ്പോ വിദ്വേഷമോ അവളിലുണ്ടാക്കുന്നില്ല. നിസ്സഹായയായ ഈ സ്വകാര്യ നിധി എത്രമാത്രം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കിത്തരുക മാത്രമേയുള്ളൂ. തിരസ്കൃതമോ നഷ്ടപ്പെട്ടതോ ആയാലും അതിന്‍െറ ഓര്‍മ സ്ത്രീക്ക് നിധിയാണ്.
സ്ത്രീകള്‍ എങ്ങനെയാണ് സൗഹൃദവും സാഹിത്യചര്‍ച്ചകളും മുന്നോട്ടുകൊണ്ടുപോകുന്നത്? ആത്മാവിന്‍െറ ഉര്‍വരത വീണ്ടും വീണ്ടും പുതുക്കുന്നത്? വായനശാലയിലും മദ്യശാലയിലും അവള്‍ പോകാറില്ല. ഉച്ചനേരത്ത് പൈങ്കിളിക്കഥകള്‍ പറഞ്ഞു പേന്‍ നോക്കുന്നത് വീട്ടമ്മമാരുടെ വിനോദമായിരുന്നു, പണ്ടൊക്കെ, ഇപ്പോഴും. തന്‍െറ സഖിയും സഹോദരിയുമായിരുന്ന ഒരധ്യാപികയെ സ്നേഹാദരങ്ങളോടെ വിജയലക്ഷ്മി ഒരു ആമുഖത്തില്‍ ഓര്‍ക്കുന്നു: ‘‘മിസ്സിന്‍െറ നളചരിതം ക്ളാസുകള്‍. മിസ്സിന്‍െറ അവധിദിവസങ്ങളുടെ മുക്കാല്‍പ്പങ്കും കൊള്ളയടിക്കുമ്പോള്‍ മറ്റൊന്നും ചിന്തിച്ചിരുന്നില്ല. സാഹിത്യചര്‍ച്ച! ഓ, എന്തൊരു ദിവസങ്ങളായിരുന്നു അവ. ഓരോ മാത്രയും വിലപ്പെട്ടത്. ലഹരി നിറഞ്ഞത്. മറക്കാനാവാത്തത്. ആ ദിവസങ്ങള്‍ പൊയ്പ്പോയി.’’
കരുത്തുള്ള ആ സഖിയെപ്പറ്റി ഇങ്ങനെ: ‘‘ അവളാമൊലിവിലൂടലയുന്നു ഞാനുരുണ്ടരികും മിനുത്തു വഴിനീളെ’’ (സഖി).
എഴുതാന്‍ ഏകാന്തത വേണമെങ്കിലും ഒറ്റപ്പെടലില്‍ എഴുത്തുണ്ടാവുകയില്ല. നിരന്തരം ചര്‍ച്ചകളിലൂടെയാണ് ആശയങ്ങള്‍ രൂപപ്പെടുന്നത്. മനസ്സിന്‍െറ ഉറവകള്‍ പൊട്ടുന്നത്.
സ്ത്രീക്ക് കിട്ടാത്ത ഒന്നാണ് സാഹിത്യചര്‍ച്ച, സൗഹൃദം, വീടിനു പുറത്തുള്ള ലോകം. ഈ രസായനക്രിയയുടെ അഭാവത്തിലും സര്‍ഗധനരായ എഴുത്തുകാരികള്‍ തന്‍െറ പേരു കൊത്തിവെക്കുന്നു. ‘‘ഏതു ദിക്കില്‍ നീ പോകിലും പോകാത്ത പേരു നിന്‍ വിരല്‍ത്തുമ്പിലെന്നോര്‍ക്കണം’’ (തച്ചന്‍െറ മകള്‍).
ഒരുപാട് വായിക്കപ്പെടുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തിട്ടുള്ള ‘തച്ചന്‍െറ മകളി’ല്‍നിന്ന് ഇരുപതുവര്‍ഷത്തോളം കവിയും കവിതയും വളര്‍ന്നു. ഒപ്പം മലയാളത്തിന്‍െറ കാവ്യലോകവും. കവിതക്ക് വിഷയമാകുന്ന പ്രമേയങ്ങളില്‍ പുല്ലുതൊട്ട് പൂവിലഞ്ഞിവരെയുള്ള ജൈവ വൈവിധ്യവും ഉഭയലിംഗിയും മണ്ണും കൃഷിയും നാടകവും സിനിമയും ഹിരോഷിമയും തലശ്ശേരിയുമുണ്ട്. പ്ളാച്ചിമടയും മൊകേരിയിലെ രാഷ്ട്രീയത്തടവുകാരുമുണ്ട്. വൃത്തത്തിലും വൃത്തമില്ലാതെയും ശുദ്ധഗദ്യത്തിലും എഴുതുന്നുമുണ്ട്. മുരളിയും കജോളും ഇമാമുറയും കവിതക്കു പാത്രമായിട്ടുണ്ട്. ഇംഗ്മര്‍ ബര്‍ഗ്മാനുണ്ട്. വാന്‍ഗോഗിന്‍െറ ‘സൂര്യകാന്തികള്‍’ കവിതക്കും സൂര്യനായിട്ടുണ്ട്.
സ്ത്രീക്ക് സഞ്ചാരം അനുവദിക്കാത്ത ലോകത്തിനെ, ഇതിലും വലുതായി കവിതയിലൂടെ പ്രഹരിക്കാമോ? എന്നാല്‍, ആ പ്രഹരം ആരെയും നേരിട്ട് വേദനിപ്പിക്കാതിരുന്ന് പരാതി പറയാനാവുമോ? വീട്ടുമുറ്റത്തെ കിണറ്റുവെള്ളം പുറംലോകം കാണാത്ത സ്ത്രീയാണ്. അതിന് സഞ്ചാരമറിയില്ല. ആഗ്രഹമുണ്ടെങ്കിലും അവസരങ്ങളില്ല.‘‘ആവോളം കാണുവാന്‍ കുതിച്ചു പൊങ്ങി, ത്തൂവുമാ തേങ്ങല്‍ പിടിച്ചടക്കി’’( മഴക്കപ്പുറം). എന്നിട്ടും തന്‍െറ കവിത, അന്തര്യാമിയായ സുഗന്ധംപോലെ, പുറത്തുവരുന്നു. ‘‘ആര്‍ദ്രമൗനത്തിനകത്തനന്തം ദീപ്ത നക്ഷത്രങ്ങള്‍ വിണ്‍തുറന്നു.’’ തടഞ്ഞിട്ടും, വെള്ളത്തില്‍ വീണുകിടക്കുന്ന പൗര്‍ണമിയായി കവിത! മഴയത്ത് ഇലയില്‍ മുത്തിറ്റുവീഴുന്ന പതിഞ്ഞ നാദം, ജീവന്‍െറ സംഘഗാനമായി മാറുന്നു. എഴുതാനുള്ള സ്ത്രീമനസ്സിലെ വിമ്മിട്ടം, അതു സഫലമാക്കുന്ന പ്രകൃതിയുടെ വഴി! സൗമ്യം, ദീപ്തം!
ത്രികാലജ്ഞാനിയായ ചൈതന്യം ഉള്ളില്‍ കിട്ടുന്നവര്‍ മാത്രമത്രെ കവികള്‍. കവികളുടെ ത്രികാലജ്ഞാനമായ ‘അറം’എന്ന് നാട്ടുഭാഷയിലെ വാക്ക് കുമാരനാശാന്‍െറ കവിതയില്‍, ജീവിതത്തില്‍ നമ്മള്‍ കണ്ടതാണല്ലോ. ‘മാര്‍ത്ത’, ‘ഊഴം’തുടങ്ങിയവ ഈ ത്രികാലജ്ഞാനത്തെ, യഥാര്‍ഥ കവിത്വത്തെ തെളിയിക്കുന്നു. ആശയംകൊണ്ട് കവികളില്‍ ആര്‍ക്കും മേലെയാവുന്നു. ‘ഊഴം’ (2004) എന്ന കവിത മാത്രം മതി. അകക്കണ്ണിന്‍െറ ആഴമളക്കാന്‍. ‘‘ഉറങ്ങാതിരിക്കുക, പുലരുന്നത് നിങ്ങളുടെ ഊഴം’’ എന്ന് വിജയലക്ഷ്മി കവിതയില്‍ എഴുതിയത് 2004 ജൂണ്‍ 15ന് രാത്രിയിലായിരുന്നു. നിരത്തിക്കിടത്തിയ മൃതദേഹങ്ങളുടെ ടെലിവിഷന്‍ ദൃശ്യം കവിയോടു പറഞ്ഞു, ‘‘ മൃതദേഹങ്ങള്‍ കളവുപറയാറില്ല’’ എന്ന്. അതു തെളിയാന്‍ നമുക്ക് ആറു വര്‍ഷങ്ങള്‍ വേണ്ടിവന്നു. കോളജ് വിദ്യാര്‍ഥിനി ഇസ്രത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് കുമാര്‍ തുടങ്ങിയ നാലു പേരെ ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്, തെളിയാന്‍. കവയിത്രിയുടെ ഈ ആറാമിന്ദ്രിയം പല വരികളിലും കവിതകളിലും പുറത്തുവരാറുണ്ട്. കൂടങ്കുളവും മുല്ലപ്പെരിയാറും എല്ലാം സാധാരണക്കാരായ നമ്മളോട് പറയുന്നതും വേറൊന്നല്ല. ‘‘ ഉറങ്ങാതിരിക്കുക, പുലരുന്നത് നിങ്ങളുടെ ഊഴം’’ എന്ന്. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള അകലം നമുക്ക് ബോധ്യപ്പെടുന്നു.
‘‘കീറ്റുചേലയില്‍ മുല-
പ്പാലിറ്റു കുതിര്‍, ന്നാന-
താസ്യയായ് ’’സരസ്വതീദേവി ഇരിക്കുന്നത് (ആരു കേള്‍ക്കുവാന്‍?)
‘‘പരലോകത്തിന്‍െറ ഛായാവൃക്ഷശാഖയില്‍ ഭൗമസ്മരണാഘാതങ്ങളില്‍, നിത്യവും മരിക്കുന്നത്’’ ഇവിടത്തെ ജീവിവര്‍ഗങ്ങള്‍ മാത്രമല്ല, ഭൂമിതന്നെയാണ്, ഭൂമിയിലെ പെണ്‍കുട്ടികളാണ് ( മാര്‍ത്ത). വിജയലക്ഷ്മി ഇതെഴുതുമ്പോള്‍ ഭൂമി ഇത്രക്ക് നരകമായിരുന്നില്ല. ഇരുപതുവര്‍ഷം, കൊച്ചു പെണ്‍കുട്ടികള്‍ക്കും സഞ്ചാരിപ്രാവിന്‍െറ ഗതി വരുത്തിയിരിക്കുന്നു. കുറ്റമൊന്നും ചെയ്യാത്ത പിഞ്ചുകന്യകമാരെ ബലാല്‍ക്കാരം കൊന്നുതള്ളുന്ന കലികാല കാട്ടാളത്തം (കണ്ടത്).
എഴുതിയ കാലത്തിനെക്കാള്‍ പില്‍ക്കാലം വീണ്ടും വീണ്ടും വായിക്കയും എന്നും ഊര്‍ജമുള്‍ക്കൊള്ളുകയും ചെയ്യുന്ന കവികള്‍ ഉണ്ട്. ആശാനെയും ഇടശ്ശേരിയെയും വൈലോപ്പിള്ളിയെയും ബാലാമണിയമ്മയെയുമൊക്കെപ്പോലെ. അതുപോലെ ഈ കവിതകളും സൂര്യചന്ദ്രതാരകങ്ങളെപ്പോലെ നിത്യവും നൂതനമായിരിക്കയും പ്രകാശം പരത്തുകയും ചെയ്യുമെന്ന് ഉറപ്പാണ്.
*( വാന്‍ഗോഗിന്‍െറ ‘ Knitting woman’ ആണ് വിജയലക്ഷ്മിയുടെ കവിതാസമാഹാരത്തിന്‍െറ കവര്‍പേജ്. ‘വിജയലക്ഷ്മിയുടെ കവിതകള്‍’, ഡി.സി ബുക്സ്, 2010)