
അമ്മയായ മായാദേവിയുടെ മരണത്തിനുശേഷം സിദ്ധാര്‍ഥ ഗൗതമന് അമ്മയും ഗുരുവും പ്രജാപതിയായിരുന്നു. ഇരുപത്തൊമ്പതാം വയസ്സില്‍ ഗൗതമന്‍ വീടുവിട്ടു. ദു$ഖത്തിന്‍െറ കാരണം അന്വേഷിച്ച് ലോകമെങ്ങും അലഞ്ഞു. ബോധോദയം കൈവരിച്ച് സ്വന്തം നാട്ടില്‍ മടങ്ങിയെത്തിയ ഗൗതമനെ ആദ്യം സ്വീകരിച്ചതും അദ്ദേഹത്തിന്‍െറ ശിഷ്യത്വം സ്വീകരിച്ചതും പിതാവ് ശുദ്ധോദനനും അദ്ദേഹത്തിന്‍െറ രണ്ടാം ഭാര്യയായ പ്രജാപതിയുമായിരുന്നു. പിന്നീട് സിദ്ധാര്‍ഥ ഗൗതമന്‍െറ വ്യക്തിത്വത്തില്‍ ആകൃഷ്ടരായി കൂടുതല്‍ കൂടുതല്‍ പുരുഷന്മാര്‍ ബുദ്ധമതം സ്വീകരിച്ചു. പക്ഷേ, അദ്ദേഹം സ്ത്രീകള്‍ക്ക് ജ്ഞാനോപദേശം നല്‍കിയില്ല. കൂടുതല്‍ പുരുഷന്മാര്‍ ബുദ്ധാനുയായികളായപ്പോള്‍ അവരുടെയെല്ലാം കുടുംബങ്ങള്‍ അനാഥമായി. ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട ഭാര്യമാര്‍ക്കും ഇടപാടുകാരെ നഷ്ടപ്പെട്ട വേശ്യകള്‍ക്കും ഒരുപോലെ ഉപജീവനമാര്‍ഗം വഴിമുട്ടി. ഞങ്ങളുടെ കുടുംബത്തിലെ സൗഭദ്ര മല്ലിക് പിതാമഹന്‍െറ പത്നിയായ അന്നപൂര്‍ണയും ബുദ്ധമാര്‍ഗം സ്വീകരിക്കാന്‍ തീരുമാനിച്ചു. പക്ഷേ, വീട് ഉപേക്ഷിക്കാന്‍ അനുവാദം നല്‍കണമെന്ന അന്നപൂര്‍ണയുടെ അപേക്ഷ ബുദ്ധന്‍ പാടെ നിരസിച്ചു. പിന്നീട് രാജ്ഞി പ്രജാപതിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ തല മുണ്ഡനം ചെയ്ത് കാഷായമുടുത്ത് ബുദ്ധന്‍െറ താവളംതേടി യാത്രയായി. മരുഭൂമിയും ഘോരവനാന്തരവും പിന്നിട്ട് മുറിഞ്ഞ പാദങ്ങളും പൊടിമൂടിയ ശരീരങ്ങളുമായി അഞ്ഞൂറു സ്ത്രീകളുടെ ഘോഷയാത്ര ബുദ്ധന്‍െറ ആശ്രമത്തിനു മുന്നിലെത്തി. അവര്‍ അദ്ദേഹത്തിന്‍െറ കനിവിനായി ഇരന്നു. ബുദ്ധന്‍െറ ശിഷ്യനായ ആനന്ദന്‍ ഇവരെ കണ്ട് ആകുലനായി. അഞ്ഞൂറുസ്ത്രീകള്‍ ബുദ്ധമാര്‍ഗം തേടിയെത്തിയിട്ടുണ്ടെന്നും അവര്‍ക്ക് വീട് ഉപേക്ഷിക്കാന്‍ അനുവാദം നല്‍കണമെന്നും അപേക്ഷിച്ചപ്പോള്‍ ബുദ്ധന്‍ പറഞ്ഞു, സ്ത്രീകള്‍ വീട് ഉപേക്ഷിക്കുന്ന കാര്യം മനസ്സില്‍നിന്നു കളഞ്ഞേക്കൂ. സ്ത്രീകള്‍ക്ക് അതു സാധ്യമല്ലേ എന്ന് ആനന്ദന്‍ വീണ്ടും ചോദിച്ചു. വീട് ഉപേക്ഷിക്കാന്‍ സ്ത്രീകള്‍ക്കും സാധിക്കും, പക്ഷേ അക്കാര്യത്തെപ്പറ്റി ചിന്തിക്കേണ്ട എന്ന് ബുദ്ധന്‍ വീണ്ടും പറഞ്ഞു. അവസാനം നീണ്ട പ്രേരണക്കും യാചനകള്‍ക്കുമൊടുവില്‍ ബുദ്ധന്‍ വഴങ്ങി. സ്ത്രീകളെ ശിഷ്യരായി സ്വീകരിക്കാന്‍ സമ്മതിച്ചു. പക്ഷേ, അദ്ദേഹം മുന്നറിയിപ്പു നല്‍കി; ഇതോടെ ആയിരം വര്‍ഷം നിലനില്‍ക്കേണ്ട ഒരു മതത്തിന്‍െറ ആയുസ്സ് അഞ്ഞൂറായി കുറയും. എസ്.എസ്.കെ.എം ആശുപത്രിയില്‍ മുഖ്യമന്ത്രിയുടെ പത്നിയുടെ നേതൃത്വത്തില്‍ ആയിരത്തോളം സ്ത്രീകള്‍ യതീന്ദ്രനാഥ ബാനര്‍ജി കൊലപ്പെടുത്തിയ പെണ്‍കുട്ടിക്കു നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിനു സാക്ഷ്യം വഹിച്ചപ്പോഴാണ് എന്‍െറ മനസ്സില്‍ അന്നപൂര്‍ണ എന്ന പിതാമഹിയുടെ ഓര്‍മയുണര്‍ന്നത്.
വീട് ഉപേക്ഷിക്കാനും ധര്‍മമാര്‍ഗത്തില്‍ ചരിക്കാനും പുരുഷനുമാത്രമേ ഗൗതമബുദ്ധന്‍ അനുവാദം നല്‍കിയുള്ളൂ. കാലം ഉണക്കിക്കളയുന്ന നശ്വരശരീരങ്ങള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട സ്ത്രീജന്മങ്ങള്‍ക്ക് ബോധോദയത്തിന്‍െറ ആവശ്യകതയില്ലെന്ന് സിദ്ധാര്‍ഥ ഗൗതമന് ബോധ്യമുണ്ടായിരുന്നു. സമരം ചെയ്യുന്നവരുടെ കൂട്ടത്തില്‍ തലയെടുപ്പോടെ നിന്ന ഏക പുരുഷന്‍ എന്‍െറ അച്ഛന്‍ മാത്രമാണെന്ന് തിരക്കില്‍നിന്ന് പിന്നാക്കം മാറിനില്‍ക്കെ ഞാന്‍ ശ്രദ്ധിച്ചു. പൊലീസുകാരോടൊപ്പം ജീപ്പിന്‍െറ പിന്നിലിരിക്കുകയായിരുന്ന യതീന്ദ്രനാഥ ബാനര്‍ജിയുടെ മുഖം നിരാശാഭരിതമായിരുന്നു. താടിരോമങ്ങള്‍ വളര്‍ന്ന കവിളുകളും മരവിപ്പുനിറഞ്ഞ കുഴിഞ്ഞ കണ്ണുകളും എനിക്കു വ്യക്തമായി കാണാന്‍ സാധിച്ചു. ഒരു കൈ ജീപ്പിന്‍െറ കമ്പിയില്‍ വിലങ്ങിട്ട നിലയില്‍ പൊലീസുകാര്‍ക്ക് ഇടയില്‍ ഇരിക്കുന്ന യതീന്ദ്രനാഥ് മാനൊദാക്ക് അരികില്‍ ടെലിഫോണ്‍ ബൂത്തിനു സമീപം നില്‍ക്കുകയായിരുന്ന എന്‍െറ കണ്ണുകളിലേക്കാണ് നോക്കിയത്. ഒറ്റനോട്ടത്തില്‍ത്തന്നെ അയാള്‍ എന്നെ തിരിച്ചറിഞ്ഞു. ജീപ്പ് ആള്‍ക്കൂട്ടത്തില്‍ കുടുങ്ങിക്കിടന്ന ഇരുപതു മിനിറ്റും അയാള്‍ എന്നെത്തന്നെയാണ് ഉറ്റുനോക്കിയത്. അതിനിടയില്‍ ഒന്നൊന്നായി ഉന്തിത്തള്ളിക്കയറിയ ടി.വി- പത്ര റിപ്പോര്‍ട്ടര്‍മാരുടെ കാമറകള്‍ കാരണം എന്‍െറ കാഴ്ചയില്‍നിന്ന് അയാളുടെ മുഖം മറഞ്ഞുപോയി. പിന്നീട് വനിതാപൊലീസുകാരെത്തി സമരം ചെയ്ത സ്ത്രീകളെ ഉന്തിമാറ്റി വഴിയൊരുക്കി ജീപ്പ് മുന്നോട്ടെടുത്തപ്പോഴാണ് തിക്കിത്തിരക്കിയവര്‍ക്കിടയില്‍ സഞ്ജീവ് കുമാര്‍ മിത്രയുമുണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞത്. പച്ച ടീഷര്‍ട്ടും ജീന്‍സും ധരിച്ച അയാള്‍ ജീന്‍സും കറുത്ത ടീഷര്‍ട്ടും ധരിച്ച മുടി സിനിമാതാരങ്ങളെപ്പോലെ മുറിച്ചിട്ട ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നത് ഞാന്‍ അസൂയയോടെ കണ്ടു. നമുക്കു പോകാം ദാദാ എന്നു മാനൊദായുടെ നേരെ തിരിഞ്ഞപ്പോള്‍ അദ്ദേഹം എന്‍െറ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി.
‘‘നീയും ആ റിപ്പോര്‍ട്ടറും തമ്മിലുള്ള കല്യാണം തീരുമാനിച്ചെന്നത് ശരിയാണോ?’’
എന്‍െറ മുഖം ചുവന്നു.
‘‘എനിക്ക് അറിയില്ല...’’
‘‘സുഖദേവാണ് പറഞ്ഞത്...’’
‘‘അങ്ങനെയൊക്കെ സംസാരമുണ്ടായിരുന്നു...’’
അദ്ദേഹം കണ്ണട നേരെവെച്ച് സഞ്ജീവ് കുമാര്‍ മിത്ര നില്‍ക്കുന്നിടത്തേക്ക് ഒരിക്കല്‍ക്കൂടി നോക്കി.
‘‘അയാളെ വിശ്വസിക്കാമോ?’’
ആരോടെന്നില്ലാതെ അദ്ദേഹം ചോദിച്ചു. എനിക്ക് അതിനു മറുപടിയുണ്ടായിരുന്നില്ല. ഞങ്ങള്‍ അവിടെയെത്തിയത്, മരിച്ചനിലയില്‍ പൊന്തക്കാട്ടില്‍നിന്ന് കിട്ടിയ ഒരു കുട്ടിയുടെ ശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്തുകിട്ടാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ച് കുട്ടിയുടെ അമ്മാവന്‍ മാനൊദായെ വന്നു കണ്ടതുകൊണ്ടു മാത്രമായിരുന്നു. തന്‍െറ സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഏര്‍പ്പാടുകള്‍ ചെയ്ത് പുറത്തേക്കു വരുമ്പോഴാണ് മുദ്രാവാക്യങ്ങളും പ്ളക്കാര്‍ഡുകളുമായി സ്ത്രീകള്‍ ഞങ്ങളുടെ വഴിതടഞ്ഞത്. പതിമൂന്നുകാരിയെ കൊലചെയ്തതിന്‍െറ പേരില്‍ വധിക്കപ്പെടണമെന്ന് അവര്‍ ആഗ്രഹിക്കുന്ന യതീന്ദ്രനാഥ ബാനര്‍ജിയുടെ വണ്ടി പോകാന്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ പെണ്‍കുട്ടിയെ കിടത്തിയ ചെറിയ ടെമ്പോ വാന്‍ കാത്തുനില്‍ക്കുന്ന കാഴ്ച അസ്വസ്ഥതയുണര്‍ത്തി. രണ്ടു വണ്ടികളും മുന്നോട്ടു പോയിക്കഴിഞ്ഞ് സമരക്കാരും പിരിഞ്ഞുപോകുന്നതുവരെ കാത്തുനിന്നതിനുശേഷം ഒടിഞ്ഞ വലതുകാല്‍ വലിച്ച് മാനൊദാ എന്‍െറ കൈയില്‍ പിടിച്ചുവലിച്ച് ആഞ്ഞുനടന്നു. ഗേറ്റിനടുത്തെത്തിയപ്പോള്‍ തൊട്ടുമുന്നില്‍ സഞ്ജീവ് കുമാര്‍ മിത്രയെ കണ്ടതും എന്‍െറ കാലുകള്‍ നിശ്ചലമായി. അയാള്‍ എന്നെയും മാനൊദായെയും മാറിമാറി നോക്കി.
‘‘സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നല്ലേ പറഞ്ഞത്?’’
‘‘ഞാന്‍ പങ്കെടുത്തില്ല. കാണാന്‍ വന്നതാണ്...’’
‘‘ദാദാ, എനിക്കിപ്പോഴാണ് താങ്കളെ മനസ്സിലായത്. സുഖമാണല്ലോ, അല്ലേ?’’
സഞ്ജീവ് കുമാര്‍ പെട്ടെന്നു മാനൊദാക്കു ഹസ്തദാനം നല്‍കിക്കൊണ്ട് എന്നെ നോക്കി.
‘‘നിങ്ങള്‍ തമ്മില്‍ എന്താണു ബന്ധം?’’
‘‘അവള്‍ എന്‍െറ മകളാണ്... മാനസപുത്രി...’’
മാനൊദാ പറഞ്ഞു. ഞാന്‍ നിറഞ്ഞ കണ്ണുകളോടെ ചിരിച്ചപ്പോള്‍ സഞ്ജീവ് കുമാര്‍ മിത്ര ആശയക്കുഴപ്പം സ്ഫുരിക്കുന്ന കണ്ണുകളോടെ അദ്ദേഹത്തെ നോക്കി.
‘‘കൊല്‍ക്കത്തയില്‍ എത്തിയ കാലം മുതല്‍ ഞാന്‍ താങ്കളെക്കുറിച്ചു കേള്‍ക്കുന്നു...പക്ഷേ, കാണാന്‍ സാധിച്ചില്ല...’’
‘‘ഞങ്ങളൊക്കെ പഴയ ആളുകളല്ലേ കുട്ടീ? അല്ല, എന്തിനാണ് ഈ സമരം?’’
‘‘ദാ, ഇവര്‍ക്കുവേണ്ടിത്തന്നെ...വധശിക്ഷ നടപ്പായില്ലെങ്കില്‍ ആരാച്ചാര്‍ക്കു ജോലിയുണ്ടോ? ശമ്പളമുണ്ടോ?’’
‘‘മറിച്ചല്ലേ? വധശിക്ഷ നടപ്പായാല്‍ ആരാച്ചാരെക്കാള്‍ ലാഭം നിങ്ങള്‍ക്കല്ലേ?’’
‘‘നമുക്ക് എന്നു പറയൂ, മാനൊദാ...നമ്മള്‍ പത്രക്കാര്‍ ഒന്നല്ലേ?’’
സഞ്ജീവ് കുമാര്‍ ഉറക്കെച്ചിരിച്ചുകൊണ്ടു ചോദിച്ചു. മാനൊദാ കണ്ണട ഇളക്കി അയാളെ നോക്കി മന്ദഹസിച്ചു.
‘‘അല്ല...നമ്മള്‍ ഒന്നല്ല...ഞങ്ങള്‍ക്കു നിങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല...’’
‘‘അതുപോകട്ടെ...വരൂ, നമുക്ക് ഒന്നിച്ചുപോകാം...’’
‘‘വേണമെന്നില്ല...ഞങ്ങള്‍ ബസിലാണ് വന്നത്...’’
‘‘എന്നുവെച്ച് കാറുകളോടു പിണക്കമുണ്ടോ?’’
സഞ്ജീവ് കുമാര്‍ മിത്ര കണ്ണടയെടുത്തുമാറ്റി വെറും കണ്ണുകളാല്‍ ഞങ്ങളെ മാറിമാറി നോക്കി. മാനൊദായെ നോക്കുമ്പോള്‍ അയാളുടെ കണ്ണുകളില്‍ ആദരവിനുപകരം സഹതാപമാണെന്ന് എനിക്കു തോന്നി.
‘‘എങ്ങോട്ടാണ് നാം പോകുന്നത്?’’
‘‘വെറുതെ ഒരു ചായ കുടിച്ച് അഡ്ഡ നടത്തി തിരിച്ചുവരാം...’’
മാനൊദാ കണ്ണടയിളക്കിവെച്ച് എന്‍െറ മനസ്സറിയാനെന്നതുപോലെ സൂക്ഷിച്ചുനോക്കി. വീട് ഉപേക്ഷിക്കാന്‍ അനുവാദം ചോദിച്ച അന്നപൂര്‍ണയെപ്പോലെ ഞാന്‍ ആഗ്രഹങ്ങളും ആവശ്യങ്ങളും ഓര്‍മകളും ബോധ്യങ്ങളും ഉപേക്ഷിച്ചുനില്‍ക്കുകയായിരുന്നു. എന്തു വേണം എന്ന് അദ്ദേഹം എന്നോടു ചോദിച്ചത് സഞ്ജീവ് കുമാറിന് ഇഷ്ടപ്പെട്ടില്ല.
‘‘സ്ത്രീകള്‍ക്കു തീരുമാനമെടുക്കാന്‍ ശേഷിയില്ല...’’
‘‘സഞ്ജുബാബൂ, നിങ്ങള്‍ക്കു ചെറുപ്പമായതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്... എന്‍െറ പ്രായം മുതലങ്ങോട്ട് എല്ലാം സ്ത്രീകളുടെ അഭിപ്രായത്തിനും തീരുമാനത്തിനും വിട്ടുകൊടുക്കാന്‍ നിങ്ങള്‍ തയാറാകും...’’
സഞ്ജീവ് കുമാര്‍ മിത്ര അതു കേട്ടതായി ഭാവിച്ചില്ല. തല മുണ്ഡനം ചെയ്ത് കാഷായം ധരിച്ച നിമിഷം അന്നപൂര്‍ണ കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും ശത്രുവായി. അതേകാലത്ത് ബിംബിസാര ചക്രവര്‍ത്തിയുടെ പത്നിയായ ഖേമാ രാജ്ഞി സന്ന്യാസം സ്വീകരിച്ചപ്പോള്‍ മുന്‍ജന്മങ്ങളുടെ പരമ്പരയിലുടനീളം അവര്‍ ബോധോദയം കൈവരിച്ചതായി ജനം അംഗീകരിച്ചു. പക്ഷേ, അന്നപൂര്‍ണ മഹാപ്രസ്ഥാനത്തിനൊരുങ്ങിയപ്പോള്‍ കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ച് സ്വന്തം സന്തോഷം മാത്രം അന്വേഷിച്ച് യാത്രപുറപ്പെടാന്‍ ഒരു സ്ത്രീക്ക് എങ്ങനെ ഹൃദയം വന്നു എന്ന് അതേ ജനം ചോദ്യംചെയ്തു. അന്നപൂര്‍ണയുടെ മൂന്നു ചെറിയ കുഞ്ഞുങ്ങളും അമ്മയെ വിളിച്ചു കരഞ്ഞപ്പോള്‍ ജനക്കൂട്ടം അവര്‍ക്കു നേരെ കല്ലുകള്‍ വലിച്ചെറിഞ്ഞു. എന്‍െറ ഹൃദയം ആനന്ദത്തില്‍ ഉറച്ചുപോയി എന്ന് രണ്ടായിരം വര്‍ഷം മുമ്പ് ലോകത്തോട് പ്രഖ്യാപിച്ച സ്ത്രീയെ സങ്കല്‍പിച്ചപ്പോള്‍ എന്‍െറ ചുണ്ടുകളില്‍ മന്ദഹാസം വിടര്‍ന്നു.
‘‘നീയെന്തിനാണു ചിരിക്കുന്നത്?’’
ടാക്സിയുടെ മുന്‍സീറ്റിലിരിക്കെ തിരിഞ്ഞുനോക്കിയ സഞ്ജീവ് കുമാര്‍ മിത്ര അസ്വസ്ഥതയോടെ ചോദിച്ചു. ഞാന്‍ അയാളെ നോക്കാതെ പുറത്തേക്കുനോക്കി വീണ്ടും മന്ദഹസിച്ചു.
‘‘രണ്ടായിരം വര്‍ഷം മുമ്പും സ്ത്രീകള്‍ക്ക് വീട് ഉപേക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല...’’
‘‘അതിനിപ്പോള്‍ ആരാണ് വീട് ഉപേക്ഷിക്കുന്നത്? നീയോ?’’
മാനൊദാ അമ്പരപ്പോടെ അന്വേഷിച്ചു. സഞ്ജീവ് കുമാര്‍ മിത്ര എന്നെ അസംതൃപ്തിയോടെ നോക്കി.
‘‘അതു ശ്രദ്ധിക്കണ്ട മാനൊദാ...ചേതന സദാ ഇത്തരം കിറുക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കും. ചേതന ജീവിക്കുന്നത് ഭൂതകാലത്തിലാണ്. ചരിത്രം മാത്രമാണ് അവളെ ആകര്‍ഷിക്കുന്നത്. കണ്‍മുന്നിലുള്ള ജീവിതം അവള്‍ കാണുന്നതേയില്ല...’’
‘‘കണ്‍മുന്നില്‍ കാണുന്നതെല്ലാം ആവര്‍ത്തനങ്ങളാണ് സഞ്ജു ബാബൂ...’’
മാനൊദായുടെ ശബ്ദത്തില്‍ വേദന തുടിച്ചു.
‘‘ചരിത്രത്തില്‍നിന്ന് നമ്മളൊന്നും പഠിക്കുന്നില്ല...’’
ഗാര്‍ഹസ്ഥ്യത്തിന്‍െറ തിരക്കുകളില്‍ തന്നോടുതന്നെ മന്ദഹസിച്ചുകൊണ്ടായിരുന്നു അവരുടെ മഹാപ്രസ്ഥാനത്തിന്‍െറ തുടക്കം. തനിച്ചിരിക്കുമ്പോള്‍ മന്ദഹസിക്കുന്ന മരുമകളെക്കുറിച്ച് ആദ്യം ഉത്കണ്ഠപ്പെട്ടത് ഭര്‍ത്താവുതന്നെയായിരുന്നു. കുളിക്കുമ്പോഴും വസ്ത്രങ്ങള്‍ അലക്കുമ്പോഴും പൂജ നടത്തുമ്പോഴും തൂക്കിക്കൊല നടത്താന്‍ രാജകൊട്ടാരത്തിലേക്കു പുറപ്പെടുന്ന ഭര്‍ത്താവിന് കയറെടുത്തുകൊടുക്കുമ്പോഴും അവരുടെ ചുണ്ടുകളില്‍ ആ മന്ദഹാസം മിന്നി.
‘‘എന്താണിത്ര ചിരിക്കാന്‍?’’
കിടപ്പറയിലെ ഇരുട്ടിലും അവര്‍ മന്ദഹസിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ പിതാമഹന്‍ ഈര്‍ഷ്യയോടെ അന്വേഷിച്ചു.
‘‘എനിക്കറിഞ്ഞുകൂടാ. എന്‍െറയുള്ളില്‍ ആനന്ദം പതഞ്ഞൊഴുകുന്നു...’’
അന്നപൂര്‍ണ പറഞ്ഞു.
‘‘ആനന്ദിക്കാന്‍ ഇവിടെ എന്തുണ്ടായി?’’
‘‘അത് എന്‍െറ ആത്മാവിന്‍െറ രഹസ്യമാണ്...’’
പിതാമഹന്‍ ചാടിയെഴുന്നേറ്റ് വിളക്കിന്‍െറ തിരിയുയര്‍ത്തി. കയര്‍ക്കട്ടിലില്‍ നഗ്നയായി കിടക്കുകയായിരുന്ന അന്നപൂര്‍ണ ചാടിയെഴുന്നേല്‍ക്കുകയോ ശരീരം മറയ്ക്കുകയോ ചെയ്തില്ല. സ്വന്തം ശരീരത്തിന്‍െറ സ്ത്രൈണതയെക്കുറിച്ച് തീരെ അപകര്‍ഷബോധമില്ലാതെ അവര്‍ സാവധാനം എഴുന്നേറ്റിരുന്ന് ഭര്‍ത്താവിനെ നോക്കി.
‘‘എന്തു പറ്റി?’’
‘‘സത്യം പറ, നീ ഏതവനെ വിചാരിച്ചാണ് ഇങ്ങനെ സദാ പുഞ്ചിരിക്കുന്നത്?’’
‘‘തഥാഗതനെ...’’
അവര്‍ വീണ്ടും മന്ദഹസിച്ചു. പിതാമഹന്‍ ആ അര്‍ധരാത്രിയില്‍ത്തന്നെ പിണങ്ങി കൈയിലുണ്ടായിരുന്ന നാണ്യങ്ങളുമായി വേശ്യത്തെരുവിലേക്കു പുറപ്പെടുകയും അവിടെ കണ്ടെത്തിയ ഏറ്റവും സുന്ദരിയായ സ്ത്രീയോടൊപ്പം ശയിക്കുകയും ചെയ്തു. പക്ഷേ, തന്‍െറ ഭാര്യയെക്കാള്‍ പതിന്മടങ്ങു സുന്ദരിയായ സ്ത്രീയില്‍ ആനന്ദം കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ആ യുവതിയോടു ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യയുടെ മന്ദഹാസമോര്‍ത്ത് അദ്ദേഹത്തിന്‍െറ ശക്തി ക്ഷയിച്ചു. അവരുടെ ആനന്ദത്തിന്‍െറ രഹസ്യം കണ്ടെത്താന്‍ അദ്ദേഹത്തിന് ഒരിക്കലും സാധിച്ചില്ല. അന്നൊക്കെ ദിവസം തോറും തൂക്കിക്കൊലകളുണ്ടായിരുന്നു. പുലര്‍ച്ച ഉണര്‍ന്നു പൂജ നടത്തി തൂക്കുമരച്ചുവട്ടിലേക്കു പുറപ്പെടുന്നതുവരെ ഭാര്യയുടെ രൂപം കണ്‍മുന്നില്‍ കണ്ടുപോകരുതെന്ന് അദ്ദേഹം ആജ്ഞാപിച്ചു. അദ്ദേഹത്തിന്‍െറ അമ്മ യൗവനത്തിലേ വിധവയായിരുന്നു. അവരുടെ മുഖത്ത് സദാ കണ്ണുനീരും നിരാശയുമാണ് നിറഞ്ഞുനിന്നിരുന്നത്. മാ കാളിക്കു പൂജനടത്തി ആരതിയുഴിയാനും കയറെടുത്തുനല്‍കാനും തന്‍െറ അമ്മ മതി എന്നു പിതാമഹന്‍ നിര്‍ദേശിച്ചു. തന്നോടുതന്നെ മന്ദഹസിക്കുന്ന സ്ത്രീയെക്കുറിച്ച് പിതാമഹന്‍ മാത്രമല്ല, മല്ലിക്കുമാരുടെ വലിയ കുടുംബം അപ്പാടെ ആകുലരാകാന്‍ തുടങ്ങി. അവരെ കാണുന്നവരെല്ലാം അവരുടെ മന്ദഹാസത്തിനു പിന്നില്‍ സ്നേഹമാണോ കാമമാണോ പരിഹാസമാണോ ദു$ഖമാണോ എന്നോര്‍ത്ത് വ്യാകുലചിത്തരായി. ഒരു സ്ത്രീയുടെ ഹൃദയത്തില്‍ പുരുഷന്‍െറയോ കുഞ്ഞുങ്ങളുടെയോ ആടയാഭരണങ്ങളുടെയോ പേരിലല്ലാത്ത ആനന്ദം സാധ്യമാണെന്ന് വിശ്വസിക്കാന്‍ അവര്‍ക്കാര്‍ക്കും സാധിച്ചില്ല. തന്നോടുതന്നെ മന്ദഹസിക്കുന്ന സ്ത്രീയുടെ വാര്‍ത്ത ചക്രവര്‍ത്തിയുടെ കാതുകളിലെത്തുകയും അദ്ദേഹം വേഷപ്രച്ഛന്നനായി അവരെ കാണാനെത്തുകയും ചെയ്തു. അവരുടെ മന്ദഹാസം അദ്ദേഹത്തെപ്പോലും അസ്വസ്ഥനാക്കി.
കോളജ് സ്ട്രീറ്റിന്‍െറ തുടക്കത്തില്‍ ടാക്സി നിര്‍ത്തി ഞങ്ങള്‍ ഇറങ്ങി. ഹിന്ദു കോളജ് സ്ഥാപിക്കാന്‍ രാജാറാം മോഹന്‍റോയിയുടെയും രാജാ ബൈദ്യനാഥ് മുഖര്‍ജിയുടെയും ജസ്റ്റിസ് എഡ്വേഡ് ഹൈഡിന്‍െറയുമൊപ്പം വാച്ച് നിര്‍മാതാവായ ഡേവിഡ് ഹെയര്‍ യോഗം ചേര്‍ന്നത് ദേവീ ചരണ്‍ മല്ലിക് പിതാമഹന്‍െറ കാലത്തായിരുന്നു. ആദ്യം അവര്‍ കോളജ് സ്ഥാപിച്ചത് ഞങ്ങളുടെ തൊട്ടടുത്ത് ചിത്പൂര്‍ റോഡിലെ ഗോരാചന്ദ് ബസക്കിന്‍െറ വീട്ടിലാണ്. അത് കോളജ് സ്ട്രീറ്റിലേക്കു മാറ്റിയതോടെ അവിടെ എണ്ണമറ്റ പുസ്തകക്കടകള്‍ നിരനിരയായി മുളച്ചു വന്നു. നടക്കാനിടയില്ലാത്തവിധം നടപ്പാതയെ കവര്‍ന്നെടുത്ത കടകളില്‍ ചെറുപ്പക്കാര്‍ തിക്കും തിരക്കും കൂട്ടുന്നുണ്ടായിരുന്നു. കൈയില്ലാത്ത ഉടുപ്പു ധരിച്ചവരും ജീന്‍സ് ധരിച്ചവരും മുട്ടിനു മുകളില്‍ നില്‍ക്കുന്ന പാവാടയോ കാലുറയോ ധരിച്ചവരുമായ പെണ്‍കുട്ടികളായിരുന്നു നോക്കുന്നിടത്തെല്ലാം. കോഫി ഹൗസിനുള്ളിലേക്കു കയറിയപ്പോള്‍ നൂറു പേര്‍ ഒരേസമയം സംസാരിക്കുന്നതിന്‍െറ ആരവത്തില്‍ എന്‍െറ കാതുകള്‍ അടഞ്ഞു. ഇരിക്കാന്‍ ഒരിടം തിരഞ്ഞ് ഞങ്ങള്‍ മുന്നോട്ടു നടന്നു. ഓരോ വട്ടമേശക്കു ചുറ്റുമുള്ള കസേരകളില്‍ ഇരിക്കുന്നവരില്‍നിന്ന് സംഭാഷണശകലങ്ങള്‍ എല്ലാവര്‍ക്കും കേള്‍ക്കാവുന്നത്ര ഉച്ചത്തില്‍ മുഴങ്ങി. ‘‘എന്തൊക്കെ പറഞ്ഞാലും ഠാക്കൂറിന്‍െറ പേരു ചീത്തയാക്കുന്ന നടപടിയായിപ്പോയി അത്... സത്യം പറയട്ടെ, അദ്ദേഹത്തിന്‍െറ നൊബേല്‍ മെഡല്‍ മോഷണം പോയപ്പോള്‍പ്പോലും ഇത്രയും നാണക്കേട് എനിക്കു തോന്നിയില്ല...’’
‘‘മെഡല്‍ പോയ കാര്യം ഇപ്പോഴും അധികംപേര്‍ക്കും അറിയില്ല, അറിയാമോ?’’
‘‘ഗവണ്‍മെന്‍റ് അത് ഹഷ് അപ് ചെയ്തു...പക്ഷേ, രാജ്യത്തിനാകെ അപമാനകരമായ ഒരു കാര്യമായിപ്പോയി... ജസ്റ്റ് ഇമാജിന്‍. മറ്റേതെങ്കിലും രാജ്യത്ത് അതു സംഭവിക്കുമോ?’’
‘‘ഇതുപക്ഷേ, അധ$പതനത്തിന്‍െറ അങ്ങേയറ്റമാണ്... ഇത്രയും ലോകപ്രസിദ്ധമായ ഒരു യൂനിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ യോഗ്യതയില്ലാത്ത ഒരുത്തിക്ക് പ്രഫസര്‍ ജോലി കൊടുക്കുക, ഭൂമി മറിച്ചുവില്‍ക്കുക - ച്ഛെ ച്ഛെ...’’
‘‘താഴെയെങ്ങും സ്ഥലമില്ല...നമുക്കു മുകളില്‍ നോക്കാം...’’
സഞ്ജീവ് കുമാര്‍ നിര്‍ദേശിച്ചു. ഒടിഞ്ഞ വലതുകാലും വലിച്ച് മാനൊദാ ചുറുചുറുക്കോടെ പടികള്‍ ചാടിക്കയറിപ്പോയി.
‘‘ഹെയ്. ലുക്ക്. ദാറ്റ്സ് സഞ്ജീവ് കുമാര്‍ മിത്ര...’’
പിന്നിലെ മേശയില്‍നിന്ന് ഒരു ചെറുപ്പക്കാരി പറഞ്ഞതു ഞാന്‍ കേട്ടു.
‘‘മറ്റേത് ആ പെണ്ണല്ലേ? ഹാങ് വുമണ്‍?’’
‘‘ബട്ട് ഷീ ലുക്സ് ക്വയറ്റ് ഹാപ്പി...’’
‘‘ശരിയാണ്. ഞാനെങ്ങാനുമായിരുന്നെങ്കില്‍...
പടികയറുമ്പോള്‍ എനിക്കു വീണ്ടും ചിരിവന്നു. ഞാനെങ്ങാനുമായിരുന്നെങ്കില്‍ എന്ന സാധ്യതയാണ് എന്നെ ചിരിപ്പിച്ചത്. ഒരു ദിവസം പിതാമഹന് ഭക്ഷണം വിളമ്പുന്നതിനിടയില്‍ അന്നപൂര്‍ണ പത്മാസനത്തില്‍ ധ്യാനനിരതയായിരുന്നു. മത്സ്യം വിളമ്പൂ എന്ന് പിതാമഹന്‍ ആക്രോശിച്ചപ്പോള്‍ അവര്‍ കണ്ണുകളടച്ച് ചുണ്ടുകളില്‍ മൃദുവായ മന്ദഹാസത്തോടെ നിവര്‍ന്നിരുന്നു. ഉറക്കെ വിളിച്ചിട്ടും പിടിച്ചുകുലുക്കിയിട്ടും അമ്മായിയമ്മ വെള്ളം കോരിയൊഴിച്ചിട്ടും കുഞ്ഞുങ്ങള്‍ അലറിക്കരഞ്ഞിട്ടും അവര്‍ കണ്ണുതുറക്കുകയോ മുഖത്തെ മന്ദഹാസം പിന്‍വലിക്കുകയോ ചെയ്തില്ല. തനിക്കുമാത്രം പ്രവേശനമുള്ള പരമാനന്ദത്തിന്‍െറ ലോകത്തുനിന്ന് അവര്‍ മടങ്ങിയെത്തിയപ്പോള്‍ രാത്രി പുലര്‍ന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന മറ്റുള്ളവരുടെ ചോദ്യത്തിന് അവര്‍ മന്ദഹാസത്തോടെ മറുപടി പറഞ്ഞു: ഞാന്‍ വീട് ഉപേക്ഷിച്ച് തഥാഗതന്‍െറ സന്നിധിയിലേക്കു പോയതാണ്. അതു പതിവായപ്പോള്‍ വീട്ടുജോലികള്‍ മുടങ്ങി. വീട് ഉപേക്ഷിക്കാതിരുന്നാല്‍ നിനക്ക് ആഭരണങ്ങള്‍ വാങ്ങിത്തരാമെന്ന് പിതാമഹന്‍ അന്നപൂര്‍ണയെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു. മൂന്നു രത്നങ്ങള്‍ എന്‍െറ പക്കല്‍ ഇപ്പോള്‍ത്തന്നെയുണ്ടല്ലോ - ബുദ്ധനും ധര്‍മയും സംഘവും എന്ന് അവര്‍ മറുപടി നല്‍കി. ശകാരിച്ചും മര്‍ദിച്ചും അവരുടെ മനസ്സുമാറ്റാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു. തേരിഗാഥകളില്‍ എന്‍െറ പിതാമഹിയുടെ കവിതയും രേഖപ്പെടുത്തിയിരുന്നു. തഥാഗതന്‍െറ പ്രകാശത്തില്‍ എന്‍െറ ശരീരം ഉണങ്ങിക്കരിഞ്ഞ് പൊടിഞ്ഞ് മണ്ണിലേക്കു മടങ്ങി പഞ്ചഭൂതങ്ങളായി അവസാനിച്ചു. എന്‍െറ ആത്മാവാകട്ടെ, നിര്‍വാണത്തിന്‍െറ അപരിമേയമായ പ്രകാശപൂരത്തില്‍ അന്തസ്സോടെ അഭിരമിച്ചു.
വളഞ്ഞ പടിക്കെട്ടുകള്‍ കയറുമ്പോള്‍ ഇടതു വശത്ത് ഒന്നാം നിലയുടെ ആസ്ബസ്റ്റോസ് മേല്‍ക്കൂരമേല്‍ ഡിസ്പോസിബ്ള്‍ കപ്പുകളും പ്ളാസ്റ്റിക് കുപ്പികളും കടലാസു കഷണങ്ങളും ചിതറിക്കിടക്കുന്നതു കാണാമായിരുന്നു. ആരൊക്കെയോ മുറുക്കിത്തുപ്പിയ പാടുകള്‍ ചോരക്കറപോലെ അങ്ങുമിങ്ങും പതിഞ്ഞുകിടന്നു. ഒഴിഞ്ഞ മേശ കണ്ടെത്തി സ്ഥാനംപിടിച്ചയുടനെ ധോത്തിയും കുര്‍ത്തയും ധരിച്ച വൃദ്ധനായ ഒരാള്‍ തുറന്ന ചിരിയോടെ അടുത്തുവന്നു.
‘‘മാനൊബേന്ദ്ര ബാബൂ... എത്ര കാലമായി കണ്ടിട്ട്? ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നു ഞാന്‍ അന്നേ മുന്നറിയിപ്പു തന്നതാണല്ലോ?’’
‘‘ഭവിഷ്യത്തല്ല, വര്‍ത്തമാനകാലമാണ് ഗുരുതരം, കോമള്‍ദാദാ...എന്തുണ്ടു വിശേഷം? താങ്കളുടെ ജീവിതം എങ്ങനെയുണ്ട്?’’
മാനൊദാ ഹാര്‍ദമായ ചിരിയോടെ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
‘‘ബാബൂ, എനിക്കെന്തു വിശേഷം? രാവിലെ മദറിന്‍െറ മരണമുറിയില്‍പോയി ആര്‍ക്കെങ്കിലും പറ്റുന്ന സഹായം ചെയ്തുകൊടുത്ത് തിരിച്ചുവരും. പിന്നെ, ഇവിടെയൊക്കെത്തന്നെയുണ്ടാകും...’’
കുശലാന്വേഷണങ്ങള്‍ക്കുശേഷം അദ്ദേഹം യാത്രയായപ്പോള്‍ മാനൊദാ എന്നെ നോക്കി.
‘‘ഞങ്ങളുടെ പഴയ സഖാവാണ്...’’
‘‘താങ്കളെക്കുറിച്ചു ഞാന്‍ വളരെയേറെ കേട്ടിട്ടുണ്ട്...ഞാനൊരിക്കല്‍ താങ്കളുടെ പത്രമോഫിസിലേക്കു വരാം... അതിനെക്കുറിച്ച് നമുക്ക് ടി.വിയില്‍ ഒരു...’’
സഞ്ജീവ്കുമാര്‍ ഇടപെട്ടു.
‘‘വേണ്ട...’’
മാനൊദാ ചിരിച്ചു.
‘‘ഭവിഷ്യത് അതു വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം വായിച്ചാല്‍ മതി...’’
‘‘പക്ഷേ, ടി.വിയില്‍ ഒരു വാര്‍ത്ത വന്നാല്‍ അതിനൊരു പരസ്യമാകും, ദാദ...’’
‘‘ഞങ്ങള്‍ക്കു പരസ്യം ആവശ്യമില്ല, സഞ്ജീവ് ബാബൂ... ഭവിഷ്യത്തിനെ വെറുതെ വിട്ടേക്ക്... അത് അതിന്‍െറ വഴിക്കുപോകട്ടെ...’’
‘‘ചേതന ഇപ്പോള്‍ ഭവിഷ്യത്തിലാണോ ജോലി ചെയ്യുന്നത്?’’
‘‘അതെ... അവള്‍ ഞങ്ങളുടെ പ്രൂഫ് റീഡറാണ്...’’
‘‘നന്നായി...പക്ഷേ, ഇന്നത്തെ സമരത്തില്‍ ചേതന മുന്‍നിരയില്‍ ഉണ്ടാകണമെന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അത് അവള്‍ക്ക് കൂടുതല്‍ മൈലേജ് നല്‍കിയേനെ...’’
‘‘ഞാന്‍ പെട്രോള്‍ കാറല്ല...’’
എന്‍െറ മറുപടി ഞാന്‍പോലും പ്രതീക്ഷിക്കുന്നതിനു മുമ്പേ സംഭവിച്ചു. സഞ്ജീവ് കുമാര്‍ മിത്ര എന്നെ സൂക്ഷിച്ചുനോക്കി. ആ നിമിഷം, അയാളുടെ കറുത്ത കണ്ണടക്കുള്ളിലെ അവ്യക്തമായി കാണുന്ന കണ്ണുകളിലേക്ക് ഉറ്റുനോക്കിയ ആ നിമിഷം എന്‍െറ ശരീരം വീണ്ടും ഉണര്‍ന്നു. എനിക്ക് ഞങ്ങളൊന്നിച്ചു നടന്ന ചില വഴികളുടെ ഓര്‍മയുണ്ടായി. എവിടെയോ പൂത്തുലയുന്ന അപൊരാജിതകളും നീല്‍മൊണി ലതകളും എന്‍െറ ശരീരത്തില്‍ മുളനീട്ടി. സഞ്ജീവ് കുമാര്‍ മിത്രയുടെ മുഖം മങ്ങിയിരുന്നു. ബെയറര്‍ കാപ്പി കൊണ്ടുവന്നപ്പോഴും അതു കുടിച്ചുതീര്‍ത്തപ്പോഴും ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു. ചുറ്റും അലതല്ലുന്ന സംഭാഷണശകലങ്ങള്‍ എന്‍െറ കാതിലേക്കു പതിച്ചു.
‘‘പോര്‍ച്ചുഗല്‍... പോര്‍ച്ചുഗല്‍ ജയിക്കുമെന്നുതന്നെയായിരുന്നു ഞാന്‍ അന്നേ പ്രവചിച്ചത്...’’
‘‘ബട്ട് യൂ സീ, മന്ത്രിസഭയില്‍ അവര്‍ തനിച്ചേയുള്ളൂ... ഒറ്റക്ക് ഒരു സ്ത്രീക്ക് എന്തുചെയ്യാന്‍ സാധിക്കും?’’
‘‘നോക്ക്, ഈ ഗൃദ്ധാ മല്ലിക് വളരെ കണ്ണിങ് ആണ്...പക്ഷേ, എനിക്കു മനസ്സിലാകാത്തത്, നമ്മുടെ മുഖ്യമന്ത്രിക്ക് എങ്ങനെ ഡെത് പെനാല്‍റ്റിയെ ന്യായീകരിക്കാന്‍ കഴിയുന്നു എന്നതാണ്...’’
‘‘എന്താ ചിരിക്കുന്നത്?’’
സഞ്ജീവ് കുമാര്‍ മിത്ര ചോദിച്ചപ്പോഴാണ് ഞാന്‍ ചിരിക്കുന്നുണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞത്. ഞാന്‍ അയാളെ തറപ്പിച്ചു നോക്കി.
‘‘എനിക്കു വളരെ സന്തോഷം തോന്നുന്നു...’’
ഞാന്‍ അവരെ മാറിമാറി നോക്കി. അവര്‍ രണ്ടുപേരും രണ്ടു തരം പുരുഷന്മാരായിരുന്നു. ഒരാള്‍ ചെറുപ്പക്കാരന്‍. മറ്റെയാള്‍ വൃദ്ധന്‍. ഒരാള്‍ കറുത്ത കണ്ണടകൊണ്ടു കണ്ണുകള്‍ മറച്ചയാള്‍. മറ്റെയാള്‍ കണ്ണടക്കു മുകളിലൂടെ ലോകത്തെ നോക്കുന്നയാള്‍.
‘‘എന്താണ് അത്രക്ക് സന്തോഷം?’’
‘‘ചിലപ്പോള്‍ നിങ്ങളെന്‍െറ ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുപോയതു കൊണ്ടാകാം...’’
ഞാന്‍ പറഞ്ഞു. സഞ്ജീവ് കുമാര്‍ മിത്ര അടിയേറ്റതുപോലെ എന്നെ നോക്കി. കോണിപ്പടിയിറങ്ങുമ്പോള്‍ ഞങ്ങളാരും സംസാരിച്ചില്ല. വാതില്‍ക്കല്‍ ചുമലില്‍ തുണിസഞ്ചി തൂക്കിയിട്ട നരച്ച മുടിയും ഒട്ടിയ കവിളുമുള്ള ഒരാള്‍ മഞ്ഞ പുറംചട്ടയുള്ള മെലിഞ്ഞ പുസ്തകങ്ങള്‍ ഞങ്ങള്‍ക്കുവില്‍ക്കാന്‍ ശ്രമിച്ചു.
‘‘രണ്ടു രൂപ, രണ്ടു രൂപ മാത്രം...’’
അയാള്‍ വിളിച്ചുപറഞ്ഞു.
‘‘രണ്ടു രൂപയോ? എന്താ ഇത്?’’
സഞ്ജീവ് കുമാര്‍ മിത്ര തിരിഞ്ഞുനിന്നു.
‘‘കവിതകളാണ് ബാബൂ...എന്‍െറ ഏറ്റവും പുതിയ കവിതകള്‍...’’
സഞ്ജീവ് കുമാര്‍ മിത്ര അത് പരിഹാസത്തോടെ വാങ്ങി മറിച്ചുനോക്കി.
‘‘രണ്ടു രൂപക്ക് ഇത് വിറ്റാല്‍ നിങ്ങള്‍ക്ക് എത്ര രൂപ ലാഭം കിട്ടും?’’
‘‘വില്‍ക്കുന്നവന്‍െറ ആനന്ദമാണ് യഥാര്‍ഥ ലാഭം, ബാബു...’’
‘‘എന്നാലും പണം കണക്കുകൂട്ടുമ്പോള്‍ നിങ്ങള്‍ക്കു നഷ്ടമേയുണ്ടാകൂ...’’
‘‘പണം ഒരു സങ്കല്‍പമാണ് ബാബു... ഒരേ കടലാസില്‍ അഞ്ച് എന്ന് അച്ചടിച്ചാല്‍ അത് അഞ്ചു രൂപയാകും. അഞ്ഞൂറ് എന്നാണെങ്കില്‍ അഞ്ഞൂറ്...’’
സഞ്ജീവ് കുമാര്‍ മുഖംകോട്ടി മണ്ടന്‍ എന്നുരുവിട്ട് പുറത്തേക്കിറങ്ങി ഒരു ടാക്സിക്കു കൈനീട്ടി.
‘‘എനിക്ക് ചേതനയോട് കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.’’
‘‘പിന്നീടാകാം...’’
‘‘ഞാന്‍ നിങ്ങളെ വിട്ടുപോകണമെന്നാണോ? ഞാനിതാ പോയിക്കഴിഞ്ഞു...’’
മാനൊദാ ചിരിച്ചുകൊണ്ട് ടാക്സിയില്‍ കയറി.
‘‘സോറി ദാദാ. നമുക്കു വീണ്ടും കാണാം... വരൂ ചേതനാ...’’
‘‘ഇല്ല...എനിക്കു ധൃതിയുണ്ട്...നമുക്കു പിന്നീട് സംസാരിക്കാം...’’
ഞാന്‍ മാനൊദായുടെ പിന്നാലെ ടാക്സിക്കരികിലേക്കുപോകാന്‍ തുനിഞ്ഞു. സഞ്ജീവ് കുമാര്‍ ഒരു പരുക്കന്‍ സ്പര്‍ശത്തോടെ എന്നെ പിടിച്ചുനിര്‍ത്തി.
‘‘നില്‍ക്ക്, നില്‍ക്ക്. നമ്മുടെ വിവാഹം തീരുമാനിക്കാന്‍വേണ്ടിയാണ്...’’
ഞാന്‍ ഒരു മാത്ര തിരിഞ്ഞുനിന്ന് അയാളെ നോക്കി.
‘‘നമുക്ക് നിനക്ക് ഇഷ്ടമുള്ള ആ പഴയ വീട്ടിലേക്കുപോകാം... ഈ വഴി കുറച്ചു ദൂരം നടക്കുന്നിടത്താണ് ആ വീട്... ഓര്‍മയില്ലേ?’’
അയാളുടെ ശബ്ദത്തില്‍ പ്രലോഭനം നിറഞ്ഞു. ഞാന്‍ കണ്ണുകളടച്ച് അയാളെ നോക്കി എന്നോടുതന്നെ മന്ദഹസിച്ചു.
‘‘എനിക്കു താല്‍പര്യമില്ല...’’
‘‘മീന്‍സ്?’’
‘‘ഇന്ന് ആശുപത്രിയുടെ മുന്നില്‍ നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചുകൊണ്ടുനിന്നില്ലേ? അതുപോലെ ഒരു പെണ്ണാണ് നിങ്ങളുടെ ഭാര്യയാകേണ്ടത്. നമ്മള്‍ രണ്ടു തരക്കാരാണ്. എന്‍െറ അച്ഛന്‍ പറയുന്നതുപോലെ മണ്ണുകൊണ്ടു കയറു പിരിക്കാനാകില്ല. കയറുകൊണ്ടു കുടമുണ്ടാക്കാനും...’’
‘‘പക്ഷേ, എത്രയും വേഗം വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്നു നിന്‍െറ ബാബാ സമ്മതിച്ചിട്ടുണ്ട്...’’
‘‘ബാബായുടെ തീരുമാനങ്ങള്‍ എപ്പോഴും എന്‍േറതാകണമെന്നില്ല...’’
‘‘സമ്മതിച്ചില്ലെങ്കില്‍ നിന്നെ വീട്ടില്‍നിന്നു പുറത്താക്കും എന്നാണ് അദ്ദേഹം എനിക്കു വാക്കുതന്നത്...’’
ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.
‘‘എന്താ ഇത്ര ചിരിക്കാന്‍? നിനക്കെന്താ ഭ്രാന്തായോ?’’
ഞാന്‍ അയാളെ നോക്കി വീണ്ടും ചിരിച്ചു. അത് എന്നോടുതന്നെയുള്ള ചിരിയായിരുന്നു. വീട് ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സമരംചെയ്ത അന്നപൂര്‍ണ പിതാമഹിയെ ഇത്ര കാലവും മനസ്സിലാക്കാതിരുന്നതില്‍ എനിക്കു നഷ്ടബോധം തോന്നി.
പൊന്തക്കാട്ടിലേക്ക് വലിച്ചിഴക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും ആക്രമിക്കുന്ന പുരുഷനെനോക്കി പൊട്ടിച്ചിരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു. സാധിച്ചിരുന്നെങ്കില്‍, ലോകത്തെ അനീതിയുടെ ആയുസ്സ് ഒരുപക്ഷേ പകുതിയായി കുറയുമായിരുന്നു. ഏതായാലും, മരണത്തിന്‍െറയും ശ്വാസംമുട്ടലിന്‍െറയും അംഗഛേദങ്ങളുടെയും ഈ കഥയില്‍ എല്ലാവരും ഓര്‍ത്തുവെക്കേണ്ട വഴിത്തിരിവ് ഇതാണ്. ഇവിടം മുതല്‍ ഞാന്‍ എന്നോടുതന്നെ ചിരിച്ചുതുടങ്ങി. അതില്‍പ്പിന്നെ അച്ഛന്‍െറയോ കാമുകന്‍െറയോ വരാനിരിക്കുന്ന ഭര്‍ത്താവിന്‍െറയോ മക്കളുടെയോ ഇച്ഛക്കു വഴിപ്പെടാന്‍ എനിക്കു സാധിക്കുമായിരുന്നില്ല.
( തുടരും )