
ഈ ലോകം തന്‍െറ ജീവിതാന്വേഷണങ്ങള്‍ക്ക് പാകമായതല്ലെങ്കില്‍ കൂടുതല്‍ വിസ്തൃതമായ മറ്റൊരു ലോകത്തെ പകരം സൃഷ്ടിക്കുന്നിടത്താണ് പെണ്ണിന്‍െറ സര്‍ഗാത്മകത.
വി.ജി. തമ്പിയുടെ ‘ഒറ്റച്ചിലങ്കയില്‍ ഞാന്നുകിടന്നാടാതെ ഉടല്‍ചുഴറ്റി മിന്നലിന്‍െറ വാളുമായി...’ എന്ന ലേഖനം വായിച്ചവസാനിപ്പിച്ചപ്പോള്‍ ബൗദ്ധികതീക്ഷ്ണതകൊണ്ടും രൂപലാവണ്യംകൊണ്ടും വിസ്മയിപ്പിക്കുന്ന സ്ത്രീകളെ പിന്തള്ളി ഉയര്‍ത്തിപ്പിടിച്ച മുഖത്തോടെ വെറ്റിലച്ചുവപ്പ് തെറിക്കുന്ന ചിരിയോടെ പിന്നില്‍വന്നെന്‍െറ കണ്ണുപൊത്തി ഓടിമറഞ്ഞത് ചാച്ചി എന്ന സാധു സ്ത്രീ.
അതിലംഘിക്കാനും ബദല്‍ ഉടലുകളിലേക്ക് കരകവിഞ്ഞൊഴുകാനുമുള്ള പെണ്ണുടലിന്‍െറ ശക്തിയാണ് അവളുടെ അസ്തിത്വത്തിന്‍െറ അടിത്തറയെന്ന് അവരെ അറിയേ ഞാന്‍ അടിവരയിട്ട് വിശ്വസിക്കുന്നു. അതവളില്‍ അലിഞ്ഞുചേര്‍ന്നൊഴുകുന്ന പ്രവാഹങ്ങള്‍. അറിവിന്‍െറ, ചിന്തയുടെ, ധാരണകളുടെ ഒക്കെ കോലാഹലത്തില്‍ തണലുകളുടെ സുഖശീതളിമയില്‍ തന്നത്തന്നെ തിരിച്ചറിയാതെ അവള്‍ ഒറ്റച്ചിലങ്കയില്‍ ഞാന്നുകിടന്നാടുകയാവണം.
എപ്പോഴാണോ അവള്‍ അവളുടെ ആന്തരികചോദനകളോട് പൂര്‍ണമായി താദാത്മ്യപ്പെടുന്നത്, കരകവിഞ്ഞൊഴുകാനുള്ള സര്‍ഗശക്തിയെ തടയാത്തത് അപ്പോഴൊക്കെ അവള്‍ ശരിക്കുമൊരു പെണ്ണായി മാറുന്നു. നൈസര്‍ഗികതക്ക് കുറുകേ ഉയരുന്ന തടവറകള്‍ കമ്പോളമോ നമ്മള്‍തന്നെ സൃഷ്ടിക്കുന്ന കല്‍പനകളോ ഏതുമാവട്ടെ അതാണവളെ അവളില്‍നിന്ന് ചീന്തിമാറ്റുന്നത്.
പെണ്ണിന്‍െറ ശക്തിയും ജ്വലനവും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ഞാനിത്രയും അറിഞ്ഞത് ചാച്ചിയെന്ന (യുവ)വൃദ്ധയെ അറിഞ്ഞതുമുതല്‍. പത്തുവര്‍ഷങ്ങള്‍ക്കു മുന്നേ ഞാന്‍ ആദ്യമായി കണ്ട ആയമ്മയും ഇപ്പോഴത്തെ അവരും തമ്മില്‍ രൂപത്തിലോ ഭാവത്തിലോ തെല്ലും മാറ്റമില്ല. അതേ ചുറുചുറുക്കോടെ, ഊര്‍ജത്തോടെ അവരിന്നും കനല്‍ മൂടിക്കിടക്കുന്ന നരച്ച ചാരത്തിന്‍െറ നിറം. ഞൊറിഞ്ഞുടുക്കുന്ന മുണ്ടും ബ്ളൗസും എപ്പോഴത്തെയും വേഷം. തലയിലിത്തിരി മുടിയുള്ളത് എണ്ണയിട്ട് ചീകി നാലഞ്ച് സ്പ്രിങ്പോലെ കഴുത്തറ്റം കിടക്കും. മാറിന് കുറുകെയൊരു ലേശം മഞ്ഞച്ച തോര്‍ത്ത്. അതിനുതാഴെ ഇത്തിരി തള്ളി നില്‍ക്കുന്ന ഉരുണ്ട വയര്‍. ബ്ളൗസിനുള്ളില്‍നിന്ന് തീര്‍ത്തും കൂസലില്ലാതെ അന്തസ്സോടെ എത്തിനോക്കുന്ന മാറിടം.
സ്റ്റാഫ്റൂമില്‍ അവരെത്തുമ്പോള്‍ അര്‍ഥഗര്‍ഭമായ നിശ്ശബ്ദതയും അടക്കംപറച്ചിലുകളും മുറിക്കുള്ളില്‍ ശ്വാസമടക്കി ഓടി നടന്നു. ആരോ പറഞ്ഞു, ചാച്ചിയെന്നാണ് പേര്. കെട്ട്യോനില്ല. ഒരു മകളുണ്ട്. ചുറ്റുപാടുമുള്ള സ്കൂളുകളിലും ഓഫിസുകളിലും കുമ്പുളൂസ് നാരങ്ങ, കാരപ്പഴം, സപ്പോട്ട, പേരക്ക, കുടപ്പച്ചീര, തഴുതാമ, ബ്രഹ്മി തുടങ്ങി നാട്ടിന്‍പുറത്ത് കിട്ടുന്ന പോഷക ഇലകളുടെയും പഴങ്ങളുടെയും വില്‍പനയാണ് കച്ചോടം. ബാക്കിസമയം തൊട്ടടുത്ത സ്കൂള്‍ഗേറ്റിനരികെ അല്ലിനാരങ്ങ, ളൂവിക്ക എന്നിങ്ങനെ സീസണനുസരിച്ചുള്ള വില്‍പന. കര്‍ക്കടകമാസത്തില്‍ ചാച്ചി മരുന്നുകഞ്ഞിയുണ്ടാക്കാന്‍ വേണ്ടതൊക്കെ പറമ്പീന്നും പാടത്തുന്നും കൊണ്ടുവന്ന് തരും. ശബരിമല സീസണില്‍ അമ്പലത്തിന്‍െറ വടക്കേനടയില്‍ കച്ചവടം. ‘‘ദേ... നല്ല മധുരമുള്ള ചോന്ന നാരങ്ങ’’ എന്നു പറഞ്ഞ് രണ്ടു കൈയിലും നാരങ്ങയുമായി വെറ്റിലക്കറ പുരണ്ട മുറിപ്പല്ലുകള്‍ (പട്ടിക മുറിഞ്ഞും പറിഞ്ഞുംപോയ ജനാലപോലെ) മുഴുക്കെ പുറത്തുകാട്ടി ചിരിച്ച് ഒരു വരവാണ് സ്റ്റാഫ്റൂമിലേക്ക്. ആഹാ, രണ്ടല്ലല്ലോ, നാലുണ്ടല്ലോ നാരങ്ങയെന്ന് കുസൃതി അടക്കം എന്‍െറ ചെവിയില്‍ പറഞ്ഞു ചിരിക്കുന്ന കൂട്ടുകാരി. ഭൂരിഭാഗം പേരും കൃത്രിമഗൗരവത്തോടെ, ചുളിഞ്ഞ മുഖത്തോടെ ജോലികളിലേക്ക് മുഖം താഴ്ത്തും. ഈ അടക്കവും ഒതുക്കവുമില്ലായ്മ തീരെ സഹിക്കവയ്യാണ്ട് ഒരു കൂട്ടര്‍ ചാച്ചിയെ ഗോപ്യമായി വിളിച്ചു പറഞ്ഞു: ‘‘ആണുങ്ങളൊക്കെയുള്ള സ്റ്റാഫ്റൂമില്‍ ഇതെന്ത് വേഷമാ. ഇനി വരുമ്പം സാരിയുടുത്തേ വരാവൂ.’’ ‘‘പാവം ചാച്ചി ഇതുകൊണ്ടൊക്കെയാണ് കഞ്ഞികുടിച്ചുപോവണത്.’’ രണ്ടു ദിവസം സാരിയുമുടുത്തു വലിച്ചുവാരി... മൂന്നാം ദിവസം തഥൈവ... തന്‍െറ ആസ്ഥാനവേഷത്തില്‍തന്നെ ചാച്ചിയെത്തി. ‘‘എനിക്കീ കുന്ത്രാണ്ടൊന്നും വലിച്ചുചുറ്റി നടക്കാന്‍ വയ്യാ. പള്ളീപോമ്പം മാത്രാ ഞാനത് ഉടുക്കണത്. ഇതിപ്പ എന്നെയിങ്ങനെ കണ്ടാ പറ്റണ പറ്റൊക്കെ അങ്ങ് പറ്റട്ട്, അല്ലാണ്ടെന്നാ... പറേന്ന കേട്ടാ തോന്നും സാറന്മാരൊക്കെ ഇത്രേ ഉള്ളൂന്ന്. ബോധല്ലാത്തതുങ്ങള് പറയാന്‍ നടക്കണ് അല്ലപിന്നെ...’’ അല്ലി നാരങ്ങേം പേരക്കേം ഒക്കെ നല്ലോണം വാങ്ങണകൊണ്ടാവണം എന്നോട് പതുക്കെ അടക്കം പറഞ്ഞു. എന്താണേലും കുലീനരായ ഞങ്ങള്‍ക്ക് ഈ വിപ്ളവത്തോട് മനസ്സില്ലാതെയും മനസ്സോടെയും കീഴടങ്ങുന്നതെങ്ങനെ?
ചോദിക്കാതെതന്നെ അവരെക്കുറിച്ച് കഥകളും കാര്യവും കേട്ടു. കല്യാണം കഴിച്ചെന്നും ഇല്ലെന്നും നിവൃത്തിയില്ലാണ്ട് കെട്ട്യോനെ ഇട്ടിട്ട് പോന്നെന്നും പലേടത്തെ അടിച്ചുതളിക്കിടയില്‍ എങ്ങനെയോ ഈ കുട്ട്യോണ്ടായെന്നും അതിന് നല്ല നെറോം മുഖശ്രീം ഉണ്ടെന്നും ഏതോ നല്ല തറവാട്ടിലെ വിത്താണെന്നുമൊക്കെയുള്ള കഥകള്‍. അവരാവട്ടെ ജീവിതത്തെക്കുറിച്ചുള്ള ഒരു എണ്ണിപ്പെറുക്കലുകളുമില്ലാതെ, ഒരു നുള്ള് പരിഭവമോ സങ്കടത്തിന്‍െറ നേര്‍ത്തൊരു ലാഞ്ഛനയോ ഇല്ലാതെ ഒരു ഉന്മാദിയെക്കണക്ക് വര്‍ത്തമാനത്തില്‍ വ്യാപരിക്കുന്നുവെന്ന് എനിക്ക് തോന്നി.
ഏതൊരു മാനേജ്മെന്‍റ് വിദഗ്ധനെയും വെല്ലുന്ന വൈഭവത്തോടെ കുറച്ചൊക്കെ അരിഷ്ടിച്ചും ഒത്തിരിപേരോട് സഹായം ചോദിച്ചും ഒരു കാക്കക്കേടിനും മകളെ വിട്ടുകൊടുക്കാതെ അന്തസ്സോടെ മകളെ കെട്ടിച്ചയച്ചപ്പോള്‍ അവര്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു: ‘‘എത്രനാള് ഞാനീ പെങ്കൊച്ചിനെ വല്ലോന്‍േറം പെരേടെ ചാര്‍ത്തിലിങ്ങനെ പൊതിഞ്ഞുവെക്കും? ഇനിയെനിക്ക് സമാധാനത്തോടെ എവിടേലും കെടെന്നൊറങ്ങാലോ.’’ പക്ഷേ, ആ നിശ്വാസത്തിന്‍െറ ചൂടാറുംമുമ്പുതന്നെ വിധവയായി മകളും കൂടെ ഒരു കുഞ്ഞും ആ ചാര്‍ത്തിന്‍െറ ഏരിയയിലേക്ക് തിരികെയെത്തി. ഇത്തിരി അവരൊന്നു തളര്‍ന്നെന്നുതോന്നിയെങ്കിലും വെള്ളത്തിന് മീതെയെത്തുന്ന മീനെ കൊത്തിയെടുത്ത് പറക്കുന്ന പക്ഷിയുടെ ത്വരയോടെ ജീവിതത്തെ ഭംഗിയായവര്‍ തന്‍േറടത്തോടെ നേരിട്ടു. വര്‍ധിച്ച വീര്യത്തോടെ ഒത്തിരിപേരോട് ഇരന്നും കടംവാങ്ങിയും ഇത്തിരി സ്ഥലവും അതിലൊരു കുഞ്ഞുകൂരയും ഒപ്പിച്ചെടുത്തു. മകള്‍ക്കും കുഞ്ഞിനും കാവലായും കരുണയായും തലയുയര്‍ത്തി അവര്‍ ജീവിക്കുന്നത് കാണേ എന്നിലെ പെണ്ണ് തെല്ല് അഹങ്കാരപ്പെടുന്നു. ആയമ്മയുടെ ബലത്തില്‍ മാത്രം ജീവിക്കുന്ന മകള്‍ പറയും, ‘‘എന്‍റമ്മക്കും ഒടേതമ്പുരാന്‍ ആയുസ്സ് നീട്ടിക്കൊടുക്കാണ്ടിരിക്കില്ല. അമ്മയുള്ളോണ്ട് ഒരുത്തനേം പേടിക്കാണ്ട് നടക്കാം. അമ്മേടെ നാക്കിന്‍െറ മൂര്‍ച്ചയെ നല്ല പേടീണ്ട് എല്ലാര്‍ക്കും. റ്റീച്ചര്‍ക്കറിയ്യോ എനിക്കറിവായ കാലം മൊതല് അമ്മ തലയണക്കടീല്‍ വാക്കത്തി വച്ചാ ഒറങ്ങാറ്. ഇപ്പഴും അത്തന്നെ.’’
എന്നിട്ടും ഒരവധി ദിവസത്തിന്‍െറ ആലസ്യത്തിലേക്കാണ് ചാച്ചിയെന്നെത്തേടി വീട്ടിലെത്തിയത്. ടീച്ചറിരുന്നേ, എനിക്കിത്തിരി പറയാനൊണ്ടാരുന്നു എന്ന മുഖവുരയോടെ. പതിവിന് വിപരീതമായി മൂടിക്കെട്ടിയ മുഖം കണ്ടപ്പോള്‍ എനിക്കും ഒരു വല്ലായ്മ. മലവെള്ളംപോലെ കഠിനനാളുകള്‍ എനിക്ക് മുകളിലൂടെ കുതിച്ചുപാഞ്ഞു. സഹോദരന്‍െറ വറ്റാത്ത കരുണയുടെ കനിവില്‍ പ്ളാസ്റ്റിക്കുകൊണ്ട് കെട്ടിയെടുത്ത ചോര്‍ന്നൊലിക്കുന്ന ചാര്‍ത്തില്‍ വയറുമുറുക്കിയുടുത്ത് പിഞ്ചുകുഞ്ഞിനെയും പൊത്തിപ്പിടിച്ച് ഉറങ്ങാത്ത രാത്രികള്‍. അവഗണനകളെ, പരിഹാസത്തെ, ക്രൂരതകളെ, ഒറ്റപ്പെടലിനെ, പട്ടിണിയെ ഒക്കെ തന്നിലുള്ള ആത്മവിശ്വാസത്തിന്‍െറ കരുത്തുകൊണ്ടു മാത്രം നേരിട്ട പ്രളയകാലങ്ങള്‍. എല്ലാറ്റിനെയും പുല്ലുപോലെ തട്ടിമാറ്റി, ദുരിതവഴികളെ കിളച്ചു മറിച്ച് തനിക്ക് വെട്ടിയൊരുക്കിയ ജീവിതം. ‘‘ഇപ്പം റ്റീച്ചറേ അവക്കെന്നോടെ ദേഷ്യംപോലെ. മിണ്ടാട്ടം ഇല്ലാണ്ട്. ചോദിക്കുന്നേന് തര്‍ക്കുത്തരം പറഞ്ഞ് സഹിക്കാന്‍ പറ്റിണില്ല. എനിക്കെന്തോ ഒരു പേടി. കൊച്ചുപെണ്ണല്ലേ, മനസ്സിലെന്തേലും ഒണ്ടോന്ന് റ്റീച്ചറോന്ന് ചോദിക്ക്വോ.’’ പൊടിയുന്ന കണ്ണീരുതുടച്ചവര്‍ പറഞ്ഞുനിര്‍ത്തി. മുക്കിയും മൂളിയും സമാധാനിപ്പിച്ചവരെ പറഞ്ഞയക്കേ സങ്കടം എന്‍െറ നെറ്റിത്തടത്തിലും വിങ്ങി. ഈ നിമിഷംവരെയും സങ്കടപ്പെടുന്ന ആ രൂപം എന്‍െറ മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല.
പിന്നെയും ഒരാഴ്ചക്കുശേഷം ഒരു ചാക്ക് നിറയെ ചീരയുമായി നിറഞ്ഞ ചിരിയോടെ അവര്‍ പ്രത്യക്ഷപ്പെട്ടു. ചടുലതയോടെ. ഒരു കെട്ട് ചീരയെനിക്ക് നീട്ടിക്കൊണ്ട് പറഞ്ഞു: ‘‘എന്‍െറ കരച്ചില് ദൈവം കേട്ട്. അവടെ ദേഷ്യൊക്കെ മാറി ഒരു കൊഴപ്പോല്ല.’’ ചുവന്ന കറപുരണ്ട ആ പല്ലുകള്‍ കാട്ടി ഇത്രയും തെളിഞ്ഞ് അവര് ചിരിക്കേ കൂടെ ചിരിക്കുന്ന ചാരനിറമുള്ള ആ കുഞ്ഞുകണ്ണുകള്‍. എനിക്കും തോന്നി എന്നെ മറന്നൊന്ന് ആ കൂടെ ആര്‍ത്തു ചിരിക്കാന്‍.
ഇച്ഛാശക്തികൊണ്ട് ഇത്രയും പച്ചയായി, കരുത്തായി ജീവിക്കുന്ന കുറെ സ്ത്രീകളുടെ ഓര്‍മ മനസ്സിനെ സജീവമാക്കുന്നു. മണ്ണിന്‍െറ എല്ലാ മണങ്ങളും ആകാശത്തിന്‍െറ എല്ലാ രൂപനിറഭേദങ്ങളുമുള്ള പെണ്ണുങ്ങള്‍. ജീവിതം സ്ഫോടനാത്മകമാക്കി ജീവിച്ച് പരാജിതമുഹൂര്‍ത്തങ്ങളില്‍ ബദല്‍രേഖകള്‍ വരച്ച് സ്വതന്ത്രമായ വ്യക്തിത്വത്തിനുള്ളിലെ ഊര്‍ജത്തെ ജന്മസിദ്ധവും നിഷ്കപടവുമായ ആത്മശക്തികൊണ്ട് നേരിടുന്ന പാവപ്പെട്ട സ്ത്രീകള്‍. അവരാണ് യഥാര്‍ഥത്തില്‍ സ്ത്രീ സാഹസികസ്വാതന്ത്ര്യത്തിന്‍െറ പ്രഘോഷകര്‍.
മധ്യവര്‍ഗ സമൂഹം നിര്‍മിക്കുന്ന സദാചാരകല്‍പനകള്‍ക്ക് മുന്നില്‍ കാര്‍ക്കിച്ച് തുപ്പി ഇടുങ്ങിയ സാമൂഹികബോധത്തെ ലജ്ജിപ്പിച്ച് ജീവിതത്തെ ഉന്മാദമാക്കി മാറ്റിയെടുക്കുന്ന സ്ത്രീകള്‍. ജീവിക്കാന്‍ സമ്മതിക്കാത്ത ലോകത്തെ അതിന്‍െറ വഴിക്കു വിട്ടിട്ട് മണ്ണില്‍ ആരൊക്കെയോ കോറിയിട്ട വരകള്‍ മായ്ച്ച് ആകാശം അതിരാക്കി തനിക്കായൊരു ലോകത്തെ വെട്ടിപ്പിടിക്കുന്ന ഈ ജീവിക്കുന്ന സാക്ഷ്യങ്ങളെ കാണവേ, ചെറിയൊരു മുഷിഞ്ഞ നോട്ടത്തില്‍പോലും ചൂളിപ്പോവുന്ന കുഞ്ഞുസങ്കടത്തിനുമീതെപോലും ഉലഞ്ഞുപോവുന്ന ഞാനൊക്കെ ഈ ഒറ്റച്ചിലങ്കയുടെ കൊളുത്തെങ്കിലും എടുത്തുമാറ്റാനുള്ള ധൈര്യം കാട്ടേണ്ടയോ?
(ലേഖിക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇംഗ്ളീഷ് അധ്യാപികയാണ്)