
റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസ് അന്വേഷിക്കുന്നത് പൊലീസോ അതോ രാഷ്ട്രീയക്കാരോ അതുമല്ല മാധ്യമങ്ങളോ?
വസ്തുതകളില്‍ മാത്രം വാര്‍ത്തകളൊരുക്കിയും ഊഹങ്ങളും നിഗമനങ്ങളും അന്വേഷകര്‍ക്ക് വിട്ടുകൊടുത്തും സ്വതന്ത്രമായ അന്വേഷണത്തിന് വഴിയൊരുക്കുന്നതാണ് ആരോഗ്യകരമായ മാധ്യമരീതി. എന്നാല്‍, അഭയ കേസ് തൊട്ട്, പ്രമാദമായ ഒട്ടെല്ലാ കൊലപാതക കേസുകളിലും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിങ്ങിനപ്പുറം അന്വേഷണവും വിധിപ്രസ്താവവും സ്വന്തം നിലക്കുള്ള പ്രചാരണങ്ങളും നടത്തിവരുന്നു. ചൂടുള്ള വായനക്ക് ഇതെല്ലാം ഉതകുമെങ്കിലും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തെ സ്വാധീനിക്കാനും വഴിതിരിക്കാനുംകൂടി ഇടവരുത്തും.
പൊലീസിന് കുറ്റവാളികളെ ചൂണ്ടിക്കാണിച്ചുകൊടുക്കുന്ന ജോലി ഏതായാലും മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ടതല്ല. പക്ഷേ, സംഭവിക്കുന്നത് അതാണ്. മേയ് ഏഴിന് ദേശാഭിമാനി ഒന്നാം പേജില്‍ സൂപ്പര്‍ലീഡാക്കിയ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നത് ‘‘പി.സി. ജോര്‍ജിന്‍െറ പങ്ക് അന്വേഷിക്കും’’ എന്നാണ്; അന്നുതന്നെ വീക്ഷണത്തിലെ ഒരു ഒന്നാം പേജ് വാര്‍ത്തയുടെ തലക്കെട്ട് ‘‘ചൂണ്ടുവിരല്‍ ജയരാജനിലേക്ക്’’ എന്നും.
‘‘ടി.പി ചന്ദ്രശേഖരനെ ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വമാണെന്ന സംശയം ബലപ്പെടുത്തുന്ന രീതിയിലാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചനകള്‍’’ എന്ന് വീക്ഷണം. ‘‘ചന്ദ്രശേഖരന്‍െറ കൊലപാതകത്തില്‍ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിന്‍െറ പങ്കിനെപ്പറ്റി സംശയമുയര്‍ന്ന സാഹചര്യത്തില്‍ ആ നിലയ്ക്കും അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു’’ എന്ന് ദേശാഭിമാനി. ഇതേ പത്രത്തിന്‍െറ അഞ്ചാം പേജിലെ ഒരു റിപ്പോര്‍ട്ട്, ‘‘രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദേശത്തിനനുസരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ നിര്‍ബന്ധിതരായ പൊലീസ് പുറത്തുവിടുന്ന വിവരങ്ങളിലെ പൊരുത്തക്കേടുകളെ’’പറ്റിയാണ്.
പാര്‍ട്ടി മുഖപത്രങ്ങള്‍ വളരെ വ്യക്തമായിത്തന്നെ സ്വന്തം ഭാഗം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു പത്രങ്ങളും ‘‘സൂചനക’’ളും ‘‘നിഗമനങ്ങ’’ളും ഊഹങ്ങളുംകൊണ്ടാണ് റിപ്പോര്‍ട്ടും വിശകലനവും നിറക്കുന്നത്. സി.പി.എമ്മില്‍നിന്ന് വിട്ടുപോയ ടി.പി. ചന്ദ്രശേഖരനെ ഉന്മൂലനം ചെയ്യുക ആ പാര്‍ട്ടിക്കാരുടെ ചെയ്തിയാവാനേ തരമുള്ളൂ എന്ന് ഒരു വാദം. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്ക് നഷ്ടമുണ്ടാക്കുന്ന ഇത്തരം കൃത്യം സി.പി.എം ചെയ്യുമോ എന്ന് മറുവാദം.
ഓരോരുത്തരും സ്വന്തം നിഗമനം രൂപപ്പെടുത്തുകയും പിന്നെ ആ നിഗമനം സ്ഥാപിച്ചെടുക്കുന്ന തരത്തില്‍ വാര്‍ത്തകളെഴുതുകയുമാണോ ചെയ്യുന്നത്? പൊലീസില്‍നിന്ന് ‘‘സൂചന’’കള്‍ ചോര്‍ത്തുന്നിടത്തും അവ ചേരുംപടി ചേര്‍ത്ത് ഉപയോഗിക്കുന്നിടത്തും മാധ്യമങ്ങള്‍ വസ്തുനിഷ്ഠതയുടെ അതിരുകള്‍ ഭേദിക്കുന്നുണ്ടോ?
കുറ്റാന്വേഷണങ്ങള്‍ തല്‍ക്ഷണ സംപ്രേഷണമാകുന്ന കാലത്ത് മുന്‍വിധികളോ സമ്മര്‍ദങ്ങളോ ഇല്ലാതെ അന്വേഷണം നടക്കണമെങ്കില്‍ അന്വേഷകര്‍ ചാനലുകള്‍ നോക്കാതെയും പത്രങ്ങള്‍ വായിക്കാതെയും കഴിഞ്ഞുകൂടണം എന്നതായിരിക്കുന്നു അവസ്ഥ.
രാഷ്ട്രപതിയെ തിരയുമ്പോള്‍
സമ്മര്‍ദങ്ങളും ‘‘ചൂണ്ടിക്കാട്ടലു’’മായി മറ്റൊരു രംഗത്തും മാധ്യമങ്ങള്‍ സജീവമായി ഉണ്ട്. രാഷ്ട്രപതിസ്ഥാനത്ത് പ്രതിഭ പാട്ടീലിന്‍െറ കാലാവധി തികയാന്‍ പോകുന്നു. പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ ആലോചിക്കുമ്പോഴേക്കും മാധ്യമങ്ങള്‍ ഇടപെട്ടുതുടങ്ങി.
കഴിഞ്ഞ തവണത്തേതിനെക്കാള്‍ വേഗത്തില്‍ യു.പി.എയും കോണ്‍ഗ്രസും സമവായചര്‍ച്ചകള്‍ മുന്നോട്ടു നീക്കിയതിനാല്‍ ഇത്തവണ പ്രവചന വ്യവസായം വളരെയൊന്നും കൊഴുത്തില്ല എന്നത് നേര്. എങ്കിലും എത്രയും വേഗം സ്ഥാനാര്‍ഥിപ്പട്ടികയുണ്ടാക്കി അതില്‍നിന്ന് വേണ്ടപ്പെട്ടവരെ കണ്ടെത്താന്‍ മാധ്യമങ്ങള്‍ കിട്ടിയ നേരംവെച്ച് ശ്രമിക്കുന്നുണ്ട്.
രാഷ്ട്രീയ നേതാക്കളുടേതായി വന്ന അഭിപ്രായങ്ങള്‍ ഇപ്രാവശ്യം രണ്ടുതവണ വിവാദം സൃഷ്ടിച്ചു. പ്രണബ് മുഖര്‍ജി പാര്‍ട്ടിക്ക് ഏറെ വിലപ്പെട്ടയാളാണെന്നും അദ്ദേഹത്തെ നഷ്ടപ്പെടാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വക്താവ് രേണുക ചൗധരി പറഞ്ഞതാണ് ഒന്ന്. പ്രണബിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കില്ല എന്നുതന്നെ അതിന്‍െറ അര്‍ഥം. ഇത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ ചൊടിപ്പിച്ചു. കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനോട് എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് അത് തിരുത്തിപ്പറയേണ്ടിവന്നു.
ഇതിനെക്കാള്‍ വലുതായിരുന്നു പ്രതിപക്ഷമുന്നണിയായ എന്‍.ഡി.എയിലെ തര്‍ക്കം. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെപറ്റി ബി.ജെ.പി നേതാവ് സുഷമ സ്വരാജ് പറഞ്ഞ അഭിപ്രായമാണ് പ്രശ്നമായത്. അന്‍സാരിക്ക് രാഷ്ട്രപതിയാകാന്‍വേണ്ട യോഗ്യതയില്ലത്രെ. എന്‍.ഡി.എയിലെതന്നെ ജനതാദള്‍-യു, അന്‍സാരി അതിന് യോഗ്യനാണെന്ന് തുറന്നടിച്ചു. സുഷമയുടെ ‘‘നിലവാരമില്ലാത്ത’’ പ്രസ്താവത്തെ വിമര്‍ശിച്ച് ഹിന്ദു മുഖപ്രസംഗമെഴുതി.
പിന്നീടങ്ങോട്ട് കോണ്‍ഗ്രസോ ബി.ജെ.പിയോ ഒരു പേരും പുറമേക്ക് പറഞ്ഞിട്ടില്ല. സ്ഥാനാര്‍ഥിപ്പട്ടിക മനസ്സില്‍വെച്ചിരിക്കുകയാണവര്‍. പക്ഷേ, മാധ്യമങ്ങള്‍ ഊഹങ്ങളുമായി രംഗത്തുണ്ട്.
അണ്ണാ ഡി.എം.കെയുമായി സ്ഥാനാര്‍ഥിക്കാര്യം ചര്‍ച്ചചെയ്യാന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി ചെന്നൈക്ക് പോയപ്പോള്‍ അവര്‍ ഊഹിച്ചു -സാധാരണ ഇത്തരം ചര്‍ച്ചകള്‍ നടത്തുക പ്രണബ് മുഖര്‍ജിയാണ്. അദ്ദേഹത്തെ നിയോഗിക്കാത്തതിനര്‍ഥം, പ്രമുഖ സ്ഥാനാര്‍ഥി പ്രണബ് തന്നെ എന്നാകുന്നു. മറ്റു മാധ്യമങ്ങളില്‍ നേരത്തേ വന്നുകഴിഞ്ഞ ഈ ഊഹം ഏപ്രില്‍ 30ന് മാതൃഭൂമി ലീഡാക്കി: ‘‘പ്രണബ് പരിഗണനയില്‍.’’
ഈ ഊഹത്തിന്‍െറതന്നെ മറുവശം ആരും എടുത്തുപറഞ്ഞില്ല. ആന്‍റണിയെ രാഷ്ട്രപതി ആക്കിയേക്കുമെന്ന് മുമ്പ് പറഞ്ഞുവെച്ച പത്രങ്ങളുണ്ട്. സ്ഥാനാര്‍ഥിയായതുകൊണ്ട് പ്രണബിനെ ചെന്നൈക്കയച്ചില്ല എന്ന് പറയുന്ന അതേ യുക്തിയനുസരിച്ച്, ചെന്നൈക്ക് അയക്കപ്പെട്ടതിനാല്‍ ആന്‍റണി സ്ഥാനാര്‍ഥിയല്ല എന്നും വായിച്ചെടുക്കേണ്ടതായിരുന്നല്ലോ.
ആളുകളെ ഒഴിവാക്കാനും ഉള്‍പ്പെടുത്താനും ചില വിശേഷണങ്ങള്‍ കണ്ടെത്തുന്നതില്‍ മാധ്യമങ്ങള്‍ സമര്‍ഥരാണ്. എ.പി.ജെ. അബ്ദുല്‍ കലാം എന്ന ടെക്നോക്രാറ്റിനെ ആധുനിക ഇന്ത്യയിലെ മികച്ച ‘‘ശാസ്ത്രജ്ഞന്‍’’ എന്ന പദവിയോളം പൊക്കിയവരാണവര്‍. ഇത്തവണയാകട്ടെ, ശരദ്പവാറില്‍നിന്ന് കടമെടുത്ത ‘‘അരാഷ്ട്രീയക്കാരന്‍’’ എന്ന വാക്ക് ഹാമിദ് അന്‍സാരിക്കെതിരെ ചിലര്‍ ഉപയോഗപ്പെടുത്തി.
മേയ് ഒന്നിന് മലയാള മനോരമ എഴുതി: ‘‘ഹാമിദ് അന്‍സാരിയുടെയും പ്രണബ് മുഖര്‍ജിയുടെയും പേരില്‍ സമവായമില്ലെന്നു വ്യക്തമായതോടെ അരാഷ്ട്രീയ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് നിര്‍ദേശിക്കാന്‍ തയാറാകുമോയെന്നതിനെ ആശ്രയിച്ചാകും ബി.ജെ.പിയുടെ അന്തിമനിലപാട്.’’ അന്‍സാരിയും മുഖര്‍ജിയും ‘‘അരാഷ്ട്രീയ’’ക്കാരല്ല എന്ന് വ്യംഗ്യം. മേയ് അഞ്ചിന് മനോരമ പറഞ്ഞതിങ്ങനെ: ‘‘ഹാമിദ് അന്‍സാരിയെന്ന അരാഷ്ട്രീയ ഉപരാഷ്ട്രപതിക്ക് അതിരുകള്‍ ഭേദിക്കുന്ന ന്യൂനമര്‍ദം അത്രയെളുപ്പം സൃഷ്ടിക്കാനാവില്ല.’’
ആരാണി ‘‘രാഷ്ട്രീയ-അരാഷ്ട്രീയ’’ സ്ഥാനാര്‍ഥികളെ ചേറി എടുക്കുന്നത്? ‘‘രാഷ്ട്രീയ’’മെന്ന യോഗ്യത കിട്ടാന്‍ എന്താവും വേണ്ടത്? പ്രധാനമന്ത്രി പറഞ്ഞത് അതേപടി അനുസരിക്കുന്ന ഫഖ്റുദ്ദീനോ സെയില്‍സിങ്ങോ പോലുള്ളവരാണോ ‘‘രാഷ്ട്രീയ’’ സ്ഥാനാര്‍ഥികള്‍?
കാത്തിരിക്കുക; വിവിധ മാധ്യമങ്ങള്‍ രാഷ്ട്രപതിയെ ഇനിയും തീരുമാനിച്ചിട്ടില്ല.
മനസ്സിനെ രമിപ്പിക്കാന്‍ വി.എസ്
പത്രം ഒരാളെ നോട്ടമിട്ടാല്‍ പിന്നെ അയാള്‍ക്ക് രക്ഷയില്ല. വി.എസ്. അച്യുതാനന്ദനെ മനോരമ പിടിച്ചപോലിരിക്കും.
മാര്‍ച്ച് 12ലെ മനോരമ ലീഡ് (എട്ടുകോളം നീളം, വെണ്ടക്ക ഫോണ്ട്) ‘‘വി.എസിന്‍െറ സ്ത്രീവിരുദ്ധം വീണ്ടും’’ എന്നായിരുന്നു. സിന്ധുജോയിയെ യു.ഡി.എഫ് ‘‘അഭിസാരികയെപ്പോലെ’’ കൈകാര്യം ചെയ്തെന്ന് വി.എസ് പറഞ്ഞതാണ് വിഷയം.
മുന്‍പേജിന്‍െറ പകുതിയും ഇതിന്‍െറ വാര്‍ത്തയും ഉപവാര്‍ത്തകളുമാണ്. താഴെ ‘കുഞ്ചുക്കുറുപ്പും’ അതിനെപ്പറ്റിത്തന്നെ: ‘‘വി.എസിനും ഒരു മകളുണ്ടല്ലോ എന്ന് സിന്ധുജോയി’’ പ്രതികരിച്ചതിനെപ്പറ്റി ‘‘മകനുമുണ്ടല്ലോ’’ എന്ന കമന്‍റാണ് ആ പോക്കറ്റ് കാര്‍ട്ടൂണില്‍.
മുഖ്യറിപ്പോര്‍ട്ടിനൊപ്പം എട്ടുകോളം കാര്‍ട്ടൂണ്‍ ‘‘വി.എസ് നിഘണ്ടു’’വിനെപ്പറ്റി ബോക്സ് (‘‘ഒരുത്തി,തള്ളച്ചി...’’) സിന്ധുജോയിയുടെ പ്രതികരണം.
‘‘വി.എസ് നിഘണ്ടു’’വോടൊപ്പം, വായനക്കാരില്‍നിന്ന് ഓണ്‍ലൈന്‍ പ്രതികരണം ക്ഷണിച്ചിട്ടുമുണ്ട്.
ഈ തീക്ഷ്ണത ന്യായം. പ്രത്യേകിച്ച് പിറവം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ. വായില്‍ തോന്നിയത് വി.എസിന് പാട്ടായെങ്കില്‍, രാഷ്ട്രീയ മാന്യതക്കുവേണ്ടി പത്രം ഒന്ന് ഇറങ്ങിക്കളിച്ചാലും കുറ്റം പറയാനാവില്ല. മുമ്പ് സി.പി.എമ്മിലെ ജയരാജന്‍െറ ‘‘ശുംഭന്‍’’ പ്രയോഗവും ഏറെ ആഘോഷിക്കപ്പെട്ടു.
പക്ഷേ, ഇത് എല്ലാവര്‍ക്കും ബാധകമല്ലെന്നുണ്ടോ? സിന്ധുജോയിയെ വി.എസ് ‘‘ഒരുത്തി’’ എന്നു വിളിച്ചതിനെ മനോരമ വിമര്‍ശിക്കുന്നു. കുറെ കഴിഞ്ഞ് അഞ്ചാം മന്ത്രിയെപ്പറ്റി നടന്ന തര്‍ക്കത്തിനിടെ മുസ്ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീറിനെ മന്ത്രി ആര്യാടന്‍ മുഹമ്മദ് ‘‘ഒരുത്തന്‍’’ എന്ന് പരാമര്‍ശിച്ചിരുന്നു. അന്ന് മനോരമക്ക് ഒന്നും പറയാനുണ്ടായില്ല.
കുറച്ചുകൂടി കഴിഞ്ഞ് എം.വി. രാഘവന്‍, മന്ത്രി സി.എന്‍. ബാലകൃഷ്ണനെ ‘‘ഏഭ്യനെന്ന്’’ വിളിച്ചപ്പോഴാകട്ടെ അതും വി.എസിനെ ശകാരിക്കാന്‍ ഉപയോഗപ്പെടുത്തി മനോരമ. മേയ് അഞ്ചിലെ ‘കുഞ്ചുക്കുറുപ്പ്’ നോക്കുക. ‘‘മന്ത്രി സി.എം. ബാലകൃഷ്ണന്‍ ഏഭ്യനെന്ന് എം.വി. രാഘവന്‍’’ എന്ന വാര്‍ത്ത അടിസ്ഥാനമാക്കിയുള്ളതാണ് പോക്കറ്റ് കാര്‍ട്ടൂണ്‍. വി.എസ് കുഞ്ചുക്കുറുപ്പിനോട് പറയുന്നു: ‘‘എനിക്ക് അസൂയ തോന്നുന്നു കുറുപ്പേ...’’ എന്ന്. അമ്പരക്കേണ്ട; മനോരമയുടെ പ്രിയ വിപ്പിങ് ബോയ് ആണല്ലോ വി.എസ്.