അഴിമതിക്കെതിരെ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന പാര്‍ട്ടികളിലൊന്ന് ബി.ജെ.പിയാണ്. രാജ്യസ്നേഹം, ദേശീയത എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ മറ്റാരെക്കാളും മുന്നിലാണ് ഞങ്ങള്‍ എന്നും ഇടക്കിടെ ഓര്‍മിപ്പിക്കുന്നതിലും ഈ പാര്‍ട്ടി പിന്നിലല്ല.
സോണിയയുടെ ഇറ്റാലിയന്‍ ബന്ധവും ഈ മണ്ണിന്‍െറ വിശുദ്ധിയും ഇവര്‍ ഇടക്കിടെ ഓര്‍മിപ്പിക്കും.
ഒടുവിലിതാ, അഴിമതിക്കേസില്‍ ബി.ജെ.പിയുടെ മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണിന് സി.ബി.ഐ പ്രത്യേകകോടതി നാലുവര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നു. എന്‍.ഡി.എ ഭരണകാലത്ത് കോഴപ്പണം സ്വീകരിച്ച് തെഹല്‍കയുടെ ഒളികാമറയില്‍ കുടുങ്ങിയ ബി.ജെ.പി നേതാവ് 11 വര്‍ഷത്തെ നിയമനടപടികള്‍ക്കു ശേഷമാണ് തിഹാര്‍ജയിലില്‍ എത്തിയത്.
കോഴ സ്വീകരിച്ച ബംഗാരു, ലക്ഷക്കണക്കായ ജവാന്മാരുടെ സുരക്ഷയും ദേശീയതാല്‍പര്യവും അവഗണിച്ച് വ്യക്തിപരമായ നേട്ടത്തിനാണ് ശ്രമിച്ചതെന്ന് കോടതി പറഞ്ഞു. അഴിമതി നിരോധനിയമത്തിന്‍െറ ഒമ്പതാം വകുപ്പു പ്രകാരം കഠിനതടവും ലക്ഷംരൂപ പിഴയും വിധിച്ച കോടതി, അഴിമതിക്കെതിരെ കര്‍ക്കശനടപടികള്‍ ആവശ്യമാണെന്ന് പൊതുസമൂഹത്തെ ഓര്‍മിപ്പിച്ചു. വേശ്യാവൃത്തിയെക്കാള്‍ മ്ളേച്ഛമായ ഒന്നാണ് അഴിമതി എന്നും അഴിമതി എതിര്‍ക്കുന്നുവെന്ന് പുറത്തുപറയുന്നവര്‍തന്നെ സ്വകാര്യമായി അത് പ്രോത്സാഹിപ്പിക്കുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.
കള്ളപ്പണത്തിന്‍െറ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. സ്വിസ്ബാങ്കിങ് അസോസിയേഷന്‍ റിപ്പോര്‍ട്ടില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മറ്റു രാജ്യങ്ങളിലെല്ലാംകൂടിയുള്ളതിനെക്കാള്‍ കൂടുതല്‍ കള്ളപ്പണം ഇന്ത്യയുടേതാണ്. ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തിലെ ക്രിമിനലൈസേഷന്‍ മറ്റൊരു പ്രശ്നമാണ്.
2ജി സ്പെക്ട്രം അഴിമതി, പഞ്ചസാര ഇറക്കുമതി അഴിമതി, സുഖ്റാം ടെലികോം അഴിമതി, ബോഫോഴ്സ് -അങ്ങനെ അഴിമതിക്കഥകള്‍ നീളുന്നു.
ഇതൊക്കെ നടത്തുന്നത് രാഷ്ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നതും ഇവര്‍തന്നെ.
‘‘ഞങ്ങള്‍ കിഴക്കുള്ളവര്‍ വെളിച്ചത്തിലും കണ്ണീരിലും ചോരയിലുമാണ് ജീവിക്കുന്നതെ’’ന്ന് അബ്ദുല്‍ വഹാബ് അല്‍ ബയാത്തി എന്ന ഇറാഖിക്കവി.