
ഒഡിഷയിലെ പാരദ്വീപിനടുത്ത്, ഇന്ത്യ കണ്ട ഏറ്റവും വലിയ എഫ്.ഡി.ഐ സംരംഭത്തെ കുടിയിരുത്തിയ മണ്ണില്‍നിന്നുള്ള ചില പുതിയ വിശേഷങ്ങള്‍ രണ്ടു പേരെ കടുത്ത ആശങ്കയിലാക്കിയിരിക്കുന്നു. ദക്ഷിണകൊറിയന്‍ സ്റ്റീല്‍ ഭീമന്‍ പോസ്കോക്കെതിരെ നാട്ടുകാരുടെ ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കുന്ന അഭയ് സാഹുവിന് തടവറയില്‍നിന്ന് മോചനം ലഭിച്ച വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്‍െറ മാതാവാണ് ആധിപിടിക്കുന്നത്! പുറത്തിറങ്ങിയ മകനുചുറ്റും പോസ്കോയുടെ ചോറ്റുപട്ടാളവും ഭരണകക്ഷി ക്രിമിനലുകളും വീണ്ടും വട്ടമിടുമല്ലോ എന്നതാണ് ആ അമ്മയുടെ പേടി. ആശങ്കപ്പെടുന്ന മറ്റൊരാള്‍ നമ്മുടെ പ്രധാനമന്ത്രിയാണ്. ചട്ടങ്ങള്‍ കുഴിച്ചുമൂടി പോസ്കോക്ക് സ്റ്റീല്‍ പ്ളാന്‍റ് തുടങ്ങാന്‍ നല്‍കിയ അനുമതി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ സസ്പെന്‍ഡ് ചെയ്ത വാര്‍ത്ത മന്‍മോഹന്‍ സിങ്ങിന്‍െറ ഉറക്കംകെടുത്തിയിരിക്കുന്നു. ഈ ആശങ്ക ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രിയോട് പങ്കുവെച്ച മന്‍മോഹന്‍, എല്ലാം ശരിയാകുമെന്നും ഇന്ത്യന്‍ സംവിധാനത്തിന്‍െറ സ്വാഭാവികമായ മെല്ലപ്പോക്കു മാത്രമാണിതെന്നും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.
മാതാവിന്‍െറ ഈ ‘വികസനപ്പേടിയും’ മന്‍മോഹന്‍െറ ശങ്കയുമൊന്നും പക്ഷേ, വീണ്ടും സമരഭൂമിയിലിറങ്ങാന്‍ അഭയ് സാഹുവിന് തടസ്സമാകുന്നില്ല. പോസ്കോ പ്രതിരോധ് സംഗ്രാം സമിതി (PPCS) രൂപവത്കരിച്ച് ഏഴു വര്‍ഷമായി തുടരുന്ന പ്രതിരോധം പുതിയ തലങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ അമ്പത്താറുകാരന്‍ രണ്ടാംവട്ട ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങുന്നത്. രാജ്യത്തെങ്ങുമുള്ള, ഒറ്റപ്പെട്ട പ്രാദേശിക ചെറുത്തുനില്‍പുകളെ ഒന്നിപ്പിച്ച് ദേശീയതലത്തിലേക്കും അന്തര്‍ദേശീയതലത്തിലേക്കും വ്യാപിപ്പിക്കുകയെന്ന വലിയൊരു ദൗത്യമാണ് സാഹു ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ ജനകീയ പ്രതിരോധ കൂട്ടായ്മകളെ കണ്ടും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുമുള്ള യാത്രയിലാണ് ഇദ്ദേഹം. പോസ്കോക്കെതിരെ നിലകൊണ്ടതിന് 51 കേസുകള്‍ ചുമത്തപ്പെട്ട ഈ സി.പി.ഐ നേതാവിന് പുതിയ ദൗത്യം ഏറെ ദുരിതപൂര്‍ണമാവുമെന്ന് നല്ല നിശ്ചയമുണ്ട്. 2008 ഒക്ടോബറില്‍ കൊലപാതകശ്രമമടക്കം 23 കേസുകള്‍ ചുമത്തിയാണ് ആദ്യ അറസ്റ്റുണ്ടാവുന്നത്. ആറുമാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തെ 2011 നവംബറില്‍ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സ്ത്രീധനത്തിന്‍െറ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയയാളെ സംരക്ഷിച്ചുവെന്നതടക്കം നിരവധി കേസുകളായിരുന്നു ഇത്തവണ ചുമ
ത്തിയത്. നിയമപോരാട്ട
ത്തിനൊടുവില്‍, ഏപ്രിലില്‍
ഒഡിഷ ഹൈകോടതി ജാമ്യമനുവദിച്ചു. പദ്ധതി വിവാദത്തിലായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിവിധ ഏജന്‍സികള്‍, പോസ്കോയുടെയും സംസ്ഥാന സര്‍ക്കാറിന്‍െറയും നിരവധി കള്ളക്കളികള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ഏറ്റവുമൊടുവില്‍, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതിപത്രം ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. ഇതോടെ പരിഭ്രാന്തിയിലായ കമ്പനിയധികൃതരും സംസ്ഥാനസര്‍ക്കാറും സാഹുവിനും സംഘടനക്കുമെതിരെ കൂടുതല്‍ പീഡനങ്ങള്‍ക്ക് കളമൊരുക്കുകയാണിപ്പോള്‍. പൊലീസും ഭരണകക്ഷിയായ ബിജു ജനതാദളിന്‍െറ ഗുണ്ടാസംഘങ്ങളും PPCS പ്രവര്‍ത്തകരെയും സാഹുവിനെയും കുടുംബത്തെയും സദാ നിരീക്ഷിക്കുന്നു. ഭര്‍ത്താവ് ജയില്‍മോചിതനായെങ്കിലും രണ്ടു മക്കളെയും കള്ളക്കേസില്‍ കുടുക്കിയിരിക്കുന്നതിനാല്‍, സാഹുവിന്‍െറ ഭാര്യ ഭാരതി സാഹുവിന്‍െറ കണ്ണീര്‍ തോരുന്നില്ല. കേസുകള്‍ കാരണം മക്കളിരുവരും ഒളിവില്‍ കഴിയുകയാണ്. ഏതുനിമിഷവും ആക്രമിക്കപ്പെടാവുന്ന ഭര്‍ത്താവും പൊലീസിന്‍െറ പിടിയിലകപ്പെടാവുന്ന മക്കളുമുള്ള ഈ സ്കൂള്‍ ടീച്ചറും പക്ഷേ, പ്രക്ഷോഭത്തിന്‍െറ കത്തുന്ന വഴിയില്‍ ഭര്‍ത്താവിനൊപ്പമുണ്ട്. പോസ്കോക്ക് കൈമാറാന്‍ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ട പ്രദേശമുള്‍പ്പെടുന്ന ജഗത്സിങ്പുര്‍ സ്വദേശിയായ സാഹു, ഇംഗ്ളീഷില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരിക്കവെ എ.ഐ.എസ്.എഫിന്‍െറ സംസ്ഥാന സെക്രട്ടറിയായി. സി.പി.ഐയില്‍ അംഗമായി പാരദ്വീപിലെ തുറമുഖത്തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചാണ് ജനകീയ സമരങ്ങളില്‍ ഇടപെടുന്നത്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവെയാണ് പി.പി.സി.എസ് രൂപവത്കരിച്ച് നേതൃത്വം നല്‍കുന്നത്. ജനകീയ ചെറുത്തുനില്‍പുകള്‍ക്ക് ഐക്യദാര്‍ഢ്യം പകരാനായി കേരളത്തിലെത്തിയ സാഹു സംസാരിക്കുന്നു:
താങ്കള്‍ ജീവനോടെയിരിക്കാന്‍ ജയിലില്‍ കഴിയുന്നതാണ് നല്ലത് എന്ന് മാതാവ് പറഞ്ഞിട്ട് മൂന്നുകൊല്ലം കഴിഞ്ഞു. ഇന്നും ഇതേ അവസ്ഥതന്നെയാണോ?
പോസ്കോവിരുദ്ധ സമരം ശക്തിപ്രാപിച്ചതും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതികള്‍ പദ്ധതിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതുമെല്ലാം കമ്പനിയെയും സംസ്ഥാന സര്‍ക്കാറിനെയും കൂടുതല്‍ വിറളിപിടിപ്പിച്ചിരിക്കുകയാണിപ്പോള്‍. അതുകൊണ്ടുതന്നെ മുമ്പത്തെക്കാള്‍ വിദ്വേഷമാണ് ഞങ്ങളോടവര്‍ക്ക്. ജയിലില്‍നിന്ന് പുറത്തുവന്ന ഉടന്‍ എന്നെയും സഹപ്രവര്‍ത്തകരെയും ഭരണകക്ഷി ഗുണ്ടകള്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയുണ്ടായി. അമ്മയുടെ ആശങ്കകള്‍ മുമ്പത്തെക്കാള്‍ തീവ്രമായിരിക്കുന്നു.
2008 ഒക്ടോബറിലാണ് ഞാന്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെടുന്നത്. വിശാഖപട്ടണത്ത് വാതരോഗത്തിന് ഡോക്ടറെ കാണിച്ച് ഭാര്യക്കും മക്കള്‍ക്കുമൊപ്പം മടങ്ങുംവഴി പാരദ്വീപ് പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് സൂചനയുള്ളതുകൊണ്ട് ഒരു വാഹനം വാടകക്കെടുത്ത് ഒളിച്ചുവരുകയായിരുന്നുവെങ്കിലും സ്വദേശമായ ദിന്‍കിയയില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് അവര്‍ ഞങ്ങളെ കണ്ടെത്തി. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍ അടക്കം 23 കേസുകളാണ് അന്ന് എന്‍െറ പേരില്‍ ചാര്‍ജ് ചെയ്തത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയെങ്കിലും വീണ്ടും കള്ളക്കേസുകള്‍ ചമച്ചു. ഇതു കാരണം, ഭാര്യയെയും വിദ്യാര്‍ഥികളായ മക്കളെയും ഒറ്റക്കാക്കി നാളുകളോളം ഒളിവിലായിരുന്നു. ഒടുവില്‍ പിടിയിലായി, ഇപ്പോള്‍ ജാമ്യവും ലഭിച്ചിരിക്കുന്നു. അടുത്ത കേസുകള്‍ പൊങ്ങിവരുമ്പോള്‍ വീണ്ടും ജയിലിലേക്ക്. എന്‍െറ മക്കളായതിന്‍െറ പേരില്‍ അഭിജിത്തിനും അര്‍ജത്തിനും സ്വതന്ത്രവായു ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അടുത്തിടെ എന്‍ജിനീയറിങ് ബിരുദം കഴിഞ്ഞിറങ്ങിയ ഇവര്‍ക്കെതിരെ ധാരാളം കള്ളക്കേസുകള്‍ എടുത്തിരിക്കുകയാണ്. ഏതു സമയവും അറസ്റ്റ് ചെയ്യപ്പെടുമെന്നതിനാല്‍ വീട്ടില്‍ വരാനാവാതെ ഒളിവില്‍ കഴിയുകയാണവര്‍. ജനങ്ങള്‍ക്കിടയില്‍ എന്നെപ്പറ്റി ധാരാളം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കാന്‍ കമ്പനിയും സര്‍ക്കാറും ശ്രമിക്കുന്നു. അഭയ് സാഹുവിന് ഭുവനേശ്വറില്‍ വലിയൊരു ബംഗ്ളാവും ഹൈദരാബാദില്‍ ഭൂമിയുമുണ്ടെന്നും പ്രചരിപ്പിച്ചു. ഞാന്‍ ജയിലിലായ സമയത്തായിരുന്നു ഇത്. ബംഗ്ളാവും ഭൂമിയും എവിടെയാണെന്ന് എനിക്കറിയില്ലെന്നും അവ കണ്ടെത്തിയാല്‍ വിറ്റ് പണം പോസ്കോ വിരുദ്ധ സമരക്കാര്‍ക്ക് കൊടുത്തോളൂ എന്നും ഞാന്‍ പ്രസ്താവന ഇറക്കിയതോടെ അതു നിന്നു. ഇവിടത്തെ ഒരു പൊലീസ് ഓഫിസര്‍ പറയുന്നത് ഞാന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമേ താമസിക്കുകയുള്ളൂ എന്നും എനിക്ക് അഞ്ചു മൊബൈല്‍ ഫോണുകളുണ്ട് എന്നൊക്കെയാണ്. വ്യാജപ്രചാരണങ്ങള്‍ക്കായി കമ്പനി വന്‍തുക ചെലവഴിക്കുന്നു. കൊറിയയിലെ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം കാണിക്കാനെന്നു പറഞ്ഞ് ഇവിടത്തെ നിരവധി പ്രാദേശിക പത്രപ്രവര്‍ത്തകരെ കൊറിയയില്‍ കൊണ്ടുപോയി പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ താമസിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്.
ആയിരത്തിലേറെ പ്രദേശവാസികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ഇരുനൂറോളം കള്ളക്കേസുകള്‍ എടുത്തിട്ടുണ്ട്. ഇതില്‍ നിരവധി പേര്‍ റിമാന്‍റിലുമാണ്. ഞാന്‍ ജയിലിലായിരുന്ന കാലത്ത് പി.പി.സി.എസിന്‍െറ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് നാരായണ്‍ റെഡ്ഡിയായിരുന്നു. ആ സമയത്ത് റെഡ്ഡി നയിച്ച സമാധാനപരമായ ഒരു മാര്‍ച്ചിനെ ഒരു സംഘം ആക്രമിച്ചു. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയിട്ടും പൊലീസ് ഇടപെടാതെ മാറിനിന്നു. ഈ കേസില്‍ കുടുക്കി റെഡ്ഡിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നെക്കാള്‍ വലിയ സമരപാരമ്പര്യമുള്ള നേതാവാണദ്ദേഹം. ടാറ്റക്കെതിരെ സമരം ചെയ്ത റെഡ്ഡി പുറത്തിറങ്ങരുതെന്ന നിര്‍ബന്ധം സര്‍ക്കാറിനുണ്ട്. ഈ കേസില്‍ ജാമ്യം ലഭിച്ചാലും കൂടുതല്‍ കുറ്റങ്ങള്‍ അദ്ദേഹത്തിന്‍െറ പേരില്‍ ചാര്‍ത്തും. എങ്കിലും നിയമസഹായം ചെയ്യാന്‍ നിരവധി പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഉടന്‍തന്നെ ഹൈകോടതിയില്‍ ഇതു സംബന്ധിച്ച് നീക്കം നടത്തും.
ഇന്ത്യയിലെ ഏറ്റവും വലിയ ആഗോളീകരണവിരുദ്ധ സമരങ്ങളെന്ന് പലരും വിശേഷിപ്പിച്ച പോസ്കോ വിരുദ്ധ പ്രക്ഷോഭം നിര്‍ണായകഘട്ടത്തിലാണിന്ന്. 2005ലാണ്, ലോകത്തെ നാലാമത്തെ സ്റ്റീല്‍ കമ്പനിയായ പോസ്കോ 50,000 കോടി രൂപയുടെ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാറുമായി ധാരണാപത്രം ഒപ്പിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2007ല്‍ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കി. ഇതിനെതിരെ ജനകീയ പ്രക്ഷോഭം രൂക്ഷമായപ്പോള്‍ കേന്ദ്രം നാലംഗ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2011ല്‍ അനുമതി പുതുക്കി. നാലംഗകമ്മിറ്റിയിലെ മൂന്നുപേരും എതിരഭിപ്രായം പറഞ്ഞിട്ടും ഒരംഗത്തിന്‍െറ മാത്രം അനുകൂലവാദം ഏറ്റുപിടിച്ചാണ്, വലിയ പരിസ്ഥിതിവാദിയായ മന്ത്രി ജയറാംരമേശ് പദ്ധതിക്ക് ക്ളിയറന്‍സ് നല്‍കിയത്. കമ്പനിക്ക് ആദ്യം പരിസ്ഥിതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സര്‍ക്കാര്‍ സമിതിയിലെ സെക്രട്ടറിയായ മീന ഗുപ്തയായിരുന്നു നാലംഗകമ്മിറ്റിയില്‍ കമ്പനിക്ക് അനുകൂലമായി നിലകൊണ്ടത്. സ്വന്തം താല്‍പര്യം എഴുതിവെച്ച അവരുടെ നിരീക്ഷണം മന്ത്രി ഏറ്റുപിടിക്കുകയും ചെയ്തു. 2010ല്‍ കാലാവധി കഴിഞ്ഞ, സംസ്ഥാന സര്‍ക്കാറും കമ്പനിയും തമ്മിലുള്ള ധാരണാപത്രം പുതുക്കുന്നതിനെതിരെ സംസ്ഥാന നിയമവകുപ്പും നിലപാടെടുത്തു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകള്‍ വരുത്തിയെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഒഡിഷ സര്‍ക്കാറിനെ കുറ്റപ്പെടുത്തി. ഒടുവിലിപ്പോള്‍, ഗ്രീന്‍ ട്രൈബ്യൂണലും പദ്ധതിയിലെ കള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. 2007ലെ അടിസ്ഥാന അനുമതി റദ്ദാക്കിയിട്ടില്ലെങ്കിലും പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും പുന$പരിശോധനക്ക് വിധേയമാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇത്രയും വലിയ ഒരു പദ്ധതി, അതും വിദേശ പങ്കാളിത്തമുള്ള ഒന്ന് കൈകാര്യം ചെയ്തത് അതീവ ലാഘവത്തോടെയാണെന്നാണ് ട്രൈബ്യൂണല്‍ വിലയിരുത്തിയത്. ശാസ്ത്രീയ പരിശോധനകള്‍ നടത്താതെയാണ് പല ഡാറ്റയും കൈകാര്യം ചെയ്തതെന്നും ബൃഹത്തായ ഒരു പ്രദേശത്തെ പദ്ധതി എങ്ങനെ ബാധിക്കുമെന്ന അടിസ്ഥാനപരിശോധനകള്‍പോലും നടത്തിയില്ലെന്നും ട്രൈബ്യൂണല്‍ ബെഞ്ച് അംഗങ്ങളായ സി.വി. രാമുലുവും ദേവേന്ദ്രകുമാര്‍ അഗര്‍വാളും ചൂണ്ടിക്കാട്ടി. ഇതെല്ലാം ഞങ്ങള്‍ക്ക് ഏറെ ആവേശം പകരുന്നു. സമരം വിജയത്തിനടുത്തെത്തിയെന്ന പ്രതീക്ഷയിലാണ് ഞങ്ങളെങ്കിലും നമ്മുടെ പ്രധാനമന്ത്രിയുടെ നിലപാട് ആശങ്കയുണ്ടാക്കുന്നു. ഒരു കാലത്തും ജനങ്ങള്‍ക്ക് മുഖംതരാത്ത, ജനകീയ പ്രക്ഷോഭങ്ങളെ അപഹസിക്കുന്ന ഈ നേതാവ് സിയോളില്‍പോയി, പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന് കൊറിയക്ക് ഉറപ്പുകൊടുത്തിരിക്കുകയാണ്്. ഇത്രയും നഗ്നമായ നിയമലംഘനം ഏതെങ്കിലും ഒരു രാജ്യം അവരുടെ നാട്ടില്‍ അനുവദിക്കുമോ? നിയമങ്ങള്‍ മറികടന്ന് ദക്ഷിണ കൊറിയയിലെ ഭൂമി പിടിച്ചടക്കാന്‍ ഏതെങ്കിലും ഇന്ത്യന്‍ കമ്പനിയെ അവര്‍ അനുവദിക്കുമോ? ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൊള്ളയടിക്കുന്നതും വെള്ളവും വിഭവങ്ങളും നിഷേധിക്കുന്നതുമാണോ വികസനം? വികസനമെന്ന മരീചിക കാണിച്ച് നിയമങ്ങളെ എങ്ങനെ മറികടക്കാമെന്ന് കാണിച്ചുതന്നിരിക്കുകയാണ് പോസ്കോ. ഇതൊരിക്കലും നടക്കാന്‍ പോകുന്നില്ല.
നിയമം മറികടന്ന് അനുമതികള്‍ നേടിയെടുത്തത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന ട്രൈബ്യൂണലിന്‍െറ ഉത്തരവ് ബി.ജെ.ഡി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കുന്ന പദ്ധതി പ്രതിസന്ധിയിലായത് നിയമസഭയില്‍ ചര്‍ച്ചചെയ്യണമെന്ന് ഭരണകക്ഷി ആവശ്യപ്പെട്ടു. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി കൊറിയന്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കിയ സ്ഥിതിക്ക് എല്ലാ അനുമതിപത്രങ്ങളും ഉടന്‍ ലഭ്യമാക്കാന്‍ കേന്ദ്രം അടിയന്തരനടപടിയെടുക്കണമെന്നാണ് അവരുടെ ആവശ്യം. അതായത്, നിയമം തെറ്റിച്ചും അനുമതി കൊടുക്കണമെന്ന്. ഭരണകക്ഷിക്ക് വന്‍തുക കോഴ മറിഞ്ഞ പോസ്കോ പദ്ധതി നടപ്പാകേണ്ടത് അവരുടെകൂടി ആവശ്യമാണല്ലോ. പക്ഷേ, ഇത് എളുപ്പം നടക്കില്ല. മുമ്പ് ഞങ്ങള്‍ക്കെതിരെ നിലകൊണ്ടിരുന്ന പല സംഘടനകളും ഇപ്പോള്‍ അനുകൂലിക്കുന്നു. സംസ്ഥാന കോണ്‍ഗ്രസ് പദ്ധതിക്കെതിരെ നിലപാട് എടുത്തുകഴിഞ്ഞു. ഭരണകക്ഷിയായ ബി.ജെ.ഡിയുടെ പ്രാദേശിക ഘടകങ്ങള്‍ ഞങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
ജഗത്സിങ്പുര്‍ ജില്ലയില്‍ ഇറസമാ ബ്ളോക്കിലെ ഗാട്കുജാങ്, നുവഗോണ്‍, ദിന്‍കിയ പഞ്ചായത്തുകളിലാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച സ്ഥലങ്ങള്‍. പദ്ധതി എങ്ങുമെത്തിയിട്ടില്ലെങ്കിലും നിലവില്‍ 53 കുടുംബങ്ങള്‍ ഒഴിപ്പിക്കപ്പെട്ടു. കുടിയിറക്കപ്പെട്ടവര്‍ക്ക് മതിയായ നഷ്ടം നല്‍കിയിട്ടില്ല. വിശാലമായ ചെമ്മീന്‍ പാടങ്ങളടങ്ങിയ ഒരു പ്രദേശം ഏക്കറിന് ഒരു ലക്ഷം രൂപക്കാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍, കമ്പനിക്ക് നല്‍കിയത് ഏഴുലക്ഷം രൂപക്കും. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍പോലും എടുക്കാത്ത കൊള്ളലാഭം കൊയ്ത് ഭൂമി ബ്രോക്കറാവുകയാണിവിടെ സര്‍ക്കാര്‍. വെറ്റിലകൃഷി സജീവമായിരുന്ന പ്രദേശമിപ്പോള്‍ തരിശായിക്കഴിഞ്ഞു. ഏറ്റെടുത്തപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ തുച്ഛമായ തുകകൊണ്ട് ഇത്രയും കാലം ജീവിച്ചു. ഇനി എന്തുചെയ്യണമെന്ന് ഈ വെറ്റിലകര്‍ഷകര്‍ക്ക് അറിയില്ല. എന്‍െറ ഗ്രാമമായ ദിന്‍കിയയെ കടല്‍കാറ്റില്‍നിന്നും തിരകളില്‍നിന്നും രക്ഷിക്കുന്ന, തീരങ്ങളില്‍ വ്യാപകമായുള്ള ലക്ഷത്തോളം വന്‍ മരങ്ങളാണ് ജില്ലാ ഭരണകൂടവും പോസ്കോയും ചേര്‍ന്ന് വെട്ടിക്കടത്തിയത്. ആദ്യ ഘട്ടമായി 1253 ഹെക്ടര്‍ വനഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഖനി, റയില്‍, റോഡ് എന്നിവക്കായി വീണ്ടും വനഭൂമി വേണ്ടിവരും. ജത്താധരി നദിയില്‍ സ്വകാര്യ തുറമുഖവും പദ്ധതിയിലുണ്ട്. എത്ര ഇരുമ്പയിര് വേണമെങ്കിലും കുഴിച്ചെടുത്ത് സ്റ്റീലാക്കി കയറ്റിക്കൊണ്ടുപോകാവുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്്. സ്വകാര്യ തുറമുഖംകൂടിയാകുമ്പോള്‍ ഒരു കണക്കും ആരും നോക്കില്ലല്ലോ. ഇപ്പോള്‍ പുതിയൊരു അടവുമായി കമ്പനി വന്നിരിക്കുകയാണ്. ദിന്‍കിയയില്‍നിന്ന് ഭൂമി ഏറ്റെടുക്കില്ലെന്നും അകലെയുള്ള ഗോബിന്ദ്പുരിലാണ് ഏറ്റെടുക്കുകയെന്നും പ്രചരിപ്പിക്കുന്നുണ്ട്. ഇതൊന്നും പക്ഷേ, ഞങ്ങള്‍ കണക്കിലെടുത്തിട്ടില്ല.
വികസനത്തിന്‍െറ പേരില്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിനെതിരെ നിലകൊള്ളുന്ന ചെറു സംഘങ്ങള്‍ രാജ്യത്തെമ്പാടുമുണ്ട്. കൂടാതെ, കള്ളക്കേസില്‍ പെടുത്തി അനേകരെ അന്യായതടങ്കലില്‍ വെക്കുന്നതിനെതിരായ പ്രക്ഷോഭങ്ങളും ധാരാളമുണ്ട്. ഈ സംഘങ്ങളെയെല്ലാം ഒന്നിച്ച് അണിനിരത്തി ദേശീയതലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കണം. ഇതിനായി ഇത്തരം സംഘടനകള്‍ തമ്മില്‍ ഒരു ലിങ്കേജ് ആവശ്യമാണ്. ഈ ലക്ഷ്യംവെച്ചാണ് തമിഴ്നാടും കേരളവും കര്‍ണാടകയുമെല്ലാം സന്ദര്‍ശിക്കുന്നത്. കൂടങ്കുളത്തു പോയി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്കോ സമരഭൂമിയില്‍നിന്ന് കൂടങ്കുളത്തേക്ക് ഐകദാര്‍ഢ്യറാലി നടത്താന്‍ പദ്ധതി ആവിഷ്കരിച്ചുവരുകയാണ്. ഇതുപോലെ മറ്റു പ്രക്ഷോഭഭൂമികളിലേക്കും ഐക്യദാര്‍ഢ്യയാത്രകള്‍ സംഘടിപ്പിക്കും. ഇന്ത്യന്‍ ബൂര്‍ഷ്വാസിയും എം.എന്‍.സികളും ഇപ്പോള്‍ ഒരേ തൂവല്‍പക്ഷികളാണ്. ആ നിലക്ക് ഇവിടത്തെ പ്രക്ഷോഭങ്ങള്‍ അന്തര്‍ദേശീയതലത്തിലേക്കുകൂടി വ്യാപിക്കേണ്ട അവസ്ഥയാണ്. എന്നാലെ, മള്‍ട്ടിനാഷനലുകള്‍ക്കെതിരെ ഫലപ്രദമായി ചെറുത്തുനില്‍പുകള്‍ സംഘടിപ്പിക്കാന്‍ കഴിയൂ. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
അവരുടെ നിലപാട് ഒരിക്കലും ജനാധിപത്യപരമല്ല. അടിച്ചമര്‍ത്തപ്പെടുന്നവരെ ഒരുമിച്ചുകൂട്ടാന്‍ അക്രമം ഞങ്ങളുടെ വഴിയല്ല. പക്ഷേ, അക്രമം നടത്തി കാര്യം നേടാന്‍ അവര്‍ക്ക് കഴിയുന്നു. ജനപ്രതിനിധിയെ തട്ടിക്കൊണ്ടുപോയി അവരുടെ ആള്‍ക്കാരെ ജയിലില്‍നിന്ന് മോചിപ്പിക്കുന്നു. ജനാധിപത്യരീതിയില്‍ സമരംനടത്തുന്നവരെ നിരാശരാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൈക്കൊള്ളുന്നത്. കള്ളക്കേസുകളില്‍പെട്ട് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ കോടതി വേണ്ടെന്നും കിഡ്നാപ്പിങ്ങാണ് മികച്ച വഴിയെന്നുമാണോ സര്‍ക്കാര്‍ പറയാന്‍ ശ്രമിക്കുന്നത്?