
മുപ്പത്തിമൂന്ന്
‘‘ജ്യോതി ബാബു ഇടക്കിടെ പറഞ്ഞിരുന്ന ഒരു കഥയുണ്ട്. ഒരു ഇംഗ്ളീഷുകാരി നിരക്ഷരനായ ഒരു ഇന്ത്യക്കാരനെ പ്രേമിച്ചു വിവാഹം ചെയ്തു. കുറച്ചുകാലം കഴിഞ്ഞ് അവര്‍ വിവാഹമോചനത്തിന് കോടതിയില്‍ച്ചെന്നു. ഇംഗ്ളീഷറിയാത്തതുകൊണ്ട് ഒരു ചെറിയ ജോലിപോലും കിട്ടാത്ത ഇയാളെക്കൊണ്ട് എനിക്കും കുട്ടികള്‍ക്കും കാല്‍ക്കാശിന് പ്രയോജനമില്ല. കോടതി ചോദിച്ചു, ഭാഷ അറിയാത്ത ഒരുത്തനെ നിങ്ങളെങ്ങനെ പ്രേമിച്ചു? അവരുടെ മറുപടി എന്തായിരുന്നെന്ന് അറിയാമോ? - മി ലോഡ്, രണ്ടു പേര്‍ക്ക് പരസ്പരം അനുരാഗമുണ്ടെങ്കില്‍ ഭാഷ വേറെ വേണ്ട...’’
കട്ടിക്കണ്ണടമേല്‍ വീണ വെള്ളിക്കോലന്‍മുടി തട്ടിമാറ്റി മാനൊബേന്ദ്ര ബോസ് എന്നെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചു.
‘‘മനസ്സിലായോ നിനക്ക്? അനുരാഗം-അത് നമ്മള്‍ നമ്മളോടുതന്നെ സംസാരിക്കുന്ന ഭാഷയാണ്...’’
എണ്‍പതു തികയാറായിട്ടും തേജസ്സ് തുളുമ്പുന്ന ആ മുഖത്തുനോക്കി എനിക്കും ക്ളേശരഹിതമായി പുഞ്ചിരിക്കാന്‍ സാധിച്ചു. മേശപ്പുറത്തുകിടന്ന കടലാസുകളില്‍ മനോഹരമായ കൈപ്പടയിലെഴുതിയ ആ വരികള്‍ ഞാന്‍ ഒന്നുകൂടി മനസ്സിരുത്തി വായിച്ചു. ‘ഭവിഷ്യത്’ എന്നെഴുതിയ തുരുമ്പെടുത്ത ബോര്‍ഡുവെച്ച വളഞ്ഞ വാതിലിന് അഭിമുഖമായി നിലത്തിരുന്ന് കണക്കെഴുതിക്കൊണ്ടിരുന്ന ചുവന്ന പല്ലുകളുള്ള മെലിഞ്ഞുണങ്ങിയ മനുഷ്യന്‍ ‘‘മാനൊദാ ആരുടെയോ കൈയില്‍നിന്ന് കടം വാങ്ങാന്‍ പോയിരിക്കുകയാണ്’’ എന്ന് മുഖമുയര്‍ത്തി നോക്കാതെ അറിയിച്ചതുമുതല്‍ മാനൊബേന്ദ്ര ബോസിനെ കാത്തിരുന്ന രണ്ടു മണിക്കൂറിന്‍െറ ദൈര്‍ഘ്യം എന്നെ അലോസരപ്പെടുത്തിയില്ല. കാരണം, അവിടെയിരിക്കുന്നത് ചരിത്രത്തിന്‍െറ നടക്കല്ലില്‍ വര്‍ത്തമാനത്തിന്‍െറ ഒഴുക്കു കണ്ടിരിക്കുന്നതുപോലെയായിരുന്നു. ‘ഭവിഷ്യത്തി’ന്‍െറ നടക്കല്ലിലിരുന്നു ഞാന്‍ വഴിവാണിഭക്കാരും വിനോദസഞ്ചാരികളും വിദ്യാര്‍ഥികളും ഭിക്ഷക്കാരും ഭക്തന്മാരും യാത്രക്കാരും റിക്ഷകളും ഓട്ടോകളും ബസുകളും ട്രാമുകളും നിറഞ്ഞ രബീന്ദ്രസരണിയും ജൊരാഷൊങ്കൊ ഠാക്കൂര്‍ ബാടിയുടെ ചുവന്ന ഭിത്തികളും വെളുത്ത ജനാലകളും അടുത്തുകണ്ടു. നൂറ്റിയിരുപതാണ്ടു പഴക്കമുള്ള കടലാസുഗന്ധത്തിലാഴ്ന്ന് ഈ കാഴ്ചകള്‍ കണ്ടുനില്‍ക്കെ പഞ്ചഭൂതങ്ങളായി വേര്‍പിരിയാതെതന്നെ ഞാന്‍ ഭൂതകാലത്തിലേക്കു മടങ്ങി. ഠാക്കൂര്‍ ബാടിയുടെ ഉള്ളിലേക്ക് ഒരിക്കല്‍ക്കൂടി ചെന്നാലോ എന്നു ചിന്തിച്ച നേരത്താണ് കോളര്‍ കീറിയ കുര്‍ത്തയും വലതുവശം ഉയര്‍ത്തിക്കുത്തിയ ധോത്തിയുമായി മാനൊദാ വിയര്‍ത്തൊലിച്ചു കയറിവന്നത്.
‘‘ഈഷ്! നീ ഗൃദ്ധാദായുടെ മകളല്ലേ? എന്താ വന്നത്?’’
വലതുകാല്‍ ഒരു ഭാരക്കട്ടികണക്കെ നടക്കല്ലുകള്‍ക്കു മുകളിലേക്കു വലിച്ചിഴച്ച് വാതിലിനുള്ളിലേക്ക് ഇട്ടുകൊണ്ട് അദ്ദേഹം ചോദിച്ചു. ചെറിയ വാതില്‍ക്കല്‍ അദ്ദേഹത്തിന്‍െറ വലിയ രൂപം നിറഞ്ഞുനിന്നു. അദ്ദേഹത്തിന്‍െറ കണ്ണുകള്‍ വനാന്തരത്തെയും ശബ്ദം വിദൂരമായൊരു ഗര്‍ജനത്തെയും ഓര്‍മിപ്പിച്ചു.
‘‘എനിക്കൊരു ജോലിവേണം...’’
ഞാന്‍ വെട്ടിത്തുറന്നു പറഞ്ഞു. പോക്കറ്റില്‍നിന്നെടുത്ത കടലാസ് കഷണം മേശപ്പുറത്തെ പുസ്തകങ്ങളുടെയും കടലാസുകളുടെയും കൂമ്പാരത്തിനുമുകളിലേക്ക് വെക്കാനൊരുങ്ങുകയായിരുന്ന അദ്ദേഹം ഞെട്ടലോടെ തിരിഞ്ഞുനോക്കി. മുടിയിഴകളുടെ വെള്ളിനാരുകള്‍ വീണ്ടും നെറ്റിയില്‍ കണ്ണടയുടെ ഫ്രെയിമിനു മുകളിലേക്ക് വീണു. തലകുടഞ്ഞ് നെറ്റി സ്വതന്ത്രമാക്കി അദ്ദേഹം എന്നെ നോക്കി ഉറക്കെച്ചിരിച്ചു.
‘‘ജോലിയോ? നിനക്കോ? ഇവിടെയോ?’’
‘‘എനിക്കു പ്രൂഫ് നോക്കാനറിയാം...’’
ഞാന്‍ ദുപ്പട്ടയുടെ തുമ്പെടുത്ത് മുഖവും കഴുത്തും തുടച്ചു. അകത്തേക്കുള്ള എന്‍െറ നോട്ടത്തില്‍ ആര്‍ത്തി നിറഞ്ഞു. എനിക്ക് ഒരു മത്സ്യത്തെപ്പോലെ നീന്തിത്തുടിക്കാന്‍ സാധിക്കുന്നത്ര വിശാലവും ആഴമേറിയതുമായ സാഗരം വര്‍ഷങ്ങളായി പെയിന്‍റു ചെയ്യാത്ത പുരാതനമായ ആ കെട്ടിടത്തിനുള്ളില്‍ അലയടിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിച്ചു.
‘‘നിന്‍െറ സഹോദരനല്ലേ ഈയിടെ...?’’
ഒരു നിമിഷം കഴിഞ്ഞ് അദ്ദേഹം വീണ്ടും ചോദിച്ചു.
‘‘മൂന്നു ദിവസം മുമ്പ്...’’,
ഞാന്‍ പറഞ്ഞു.
‘‘വാര്‍ത്ത കണ്ടു...ആരാച്ചാരുടെ മകനും തൂക്കുപുള്ളിയും ഒരേ ആശുപത്രിയില്‍...നിന്‍െറ ബാബാ ചാനലുകാരുടെ കൈയില്‍നിന്ന് അതിനൊക്കെ കണക്കുപറഞ്ഞ് വാങ്ങിക്കാണും, അല്ലേ?’’
എന്‍െറ മുഖത്ത് വിളറിയ ഒരു ചിരിയുണ്ടായി.
‘‘ഏതായാലും വധശിക്ഷ നടക്കാഞ്ഞതു നന്നായി...പിന്നീടൊരിക്കല്‍ നിനക്ക് കുറ്റബോധം തോന്നിയാലോ? ജീവിച്ചിരുന്നാല്‍ നല്ലവനാകുമായിരുന്ന ഒരാളെ നിന്‍െറ കൈകള്‍ കവര്‍ന്നു എന്ന്.’’
അദ്ദേഹത്തിന്‍െറ ചിരിക്കു കൂടുതല്‍ തെളിച്ചംവന്നു.
‘‘കുറ്റബോധത്തെ എനിക്കു ഭയമാണ്...’’
ഞാന്‍ വീണ്ടും പറഞ്ഞു. അദ്ദേഹത്തിനു മുന്നില്‍ നിന്നപ്പോള്‍ എനിക്ക് മുമ്പൊരിക്കലുമില്ലാത്ത സത്യസന്ധതയും ധൈര്യവും അനുഭവപ്പെട്ടു. നന്നായി വെളുത്ത് മാംസളമായ കവിളുകളുള്ള മാനൊദാ ചെറുപ്പകാലത്ത് അതീവ സുന്ദരനായിരുന്നിരിക്കണമെന്ന് എനിക്കു തോന്നി.
‘‘ഞാന്‍ നിന്നെ ടി.വിയില്‍ മാത്രമേ കണ്ടിട്ടുള്ളൂ...’’
‘‘പക്ഷേ, ഞാന്‍ നിങ്ങളെ കുട്ടിക്കാലംമുതല്‍ കാണാറുണ്ടായിരുന്നു, ദാദാ. ഈ വഴിയിലൂടെ സ്കൂളിലേക്കു നടന്നുപോകുമ്പോഴൊക്കെ ഞാന്‍ ഇങ്ങോട്ട് എത്തിനോക്കുമായിരുന്നു. ഈ കെട്ടിടത്തിനു മുന്ന ിലോ റോഡിലോവെച്ച് നിങ്ങളെക്കാണുമ്പോഴൊക്കെ ഞാന്‍ സന്തോഷിച്ചു.’’
‘‘എന്തിന്?’’
അദ്ദേഹം ആശ്ചര്യത്തോടെ അന്വേഷിച്ചു.
‘‘താങ്കള്‍ ഒരു കടുവയാണെന്ന് രാമുദാ എപ്പോഴും പറയാറുണ്ടായിരുന്നു...’’
‘‘കേട്ടോ നിശ്ചല്‍...!’’
അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ട് കണക്കെഴുത്തുകാരനെ നോക്കി വിളിച്ചുപറഞ്ഞു. അയാള്‍ കണക്കുപുസ്തകത്തില്‍നിന്ന് തലയുയര്‍ത്തി ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി.
‘‘ഇലക്ട്രിസിറ്റി ബില്‍ അടച്ചത് ഇത്തവണ പിപ്ലുദാദയാണ്. അങ്ങേര്‍ക്ക് ആ പൈസ തിരിച്ചുവേണമെന്ന്. നാനൂറ്റി അമ്പത്തിരണ്ടു രൂപ.’’
‘‘വിഷയം മാറ്റല്ലേ, നിശ്ചല്‍. അല്ലെങ്കിലും എന്നെക്കുറിച്ച് ആരെങ്കിലും നല്ലതു പറഞ്ഞാലുടന്‍ നീ ഉടനെ അടയ്ക്കാത്ത ബില്ലിന്‍െറയും വീട്ടാത്ത കടത്തിന്‍െറയും കാര്യം ഓര്‍മിപ്പിച്ച് മൂഡ് കളയും. നീ പറയൂ, ചേതൂദീ, സത്യത്തില്‍ ഈ വയസ്സന്‍ ഒരു കടുവയാണോ? എന്നെക്കണ്ടിട്ട് നിനക്ക് അങ്ങനെ തോന്നിയോ?’’
ഞാന്‍ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു.
‘‘കടുവ ആജീവനാന്തം കടുവതന്നെയാണ്... ’’
‘‘അതിന്‍െറ കാലൊടിഞ്ഞുപോയാലും?’’
‘‘അത് ഉപവസിക്കാന്‍ തീരുമാനിച്ചാല്‍പ്പോലും...!’’
വാത്സല്യത്തോടെ എന്‍െറ ചുമലില്‍ തട്ടി അദ്ദേഹം ഉറക്കെ ചിരിച്ചപ്പോള്‍ ഞാനും ചിരിച്ചു. കണക്കെഴുത്തുകാരന്‍ നിശ്ചല്‍ദായുടെ നിശ്ചലമായ കണ്ണുകളില്‍പ്പോലും ഒരു ചിരി തെളിഞ്ഞു മാഞ്ഞു. സത്യത്തില്‍ മഹാന്‍ എന്ന പദമായിരുന്നു രാമുദാ മാനൊദായെക്കുറിച്ചു പറയാന്‍ ഉപയോഗിച്ചത്. അംഹേഴ്സ് സ്ട്രീറ്റിനും ഹാരിസണ്‍ സ്ട്രീറ്റിനും ഇടയിലുള്ള കവലയില്‍ ഇന്ന് ഇടിഞ്ഞുപൊളിഞ്ഞുപോയ വീട്ടില്‍വെച്ച് ഡോ. നിഷികാന്ത് ബസുവിന് പിറന്ന ആണ്‍കുഞ്ഞിനെക്കുറിച്ചുള്ള അച്ഛന്‍െറ പരാമര്‍ശങ്ങളില്‍നിന്നാണ് മഹാന്‍ എന്ന വാക്ക് ഞാന്‍ ആദ്യം കേട്ടത്. എനിക്കു പക്ഷേ, മഹാന്മാരെയാരെയും നേരില്‍ക്കാണാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട്, ആര്‍ക്കും ആദരവു തോന്നിപ്പിക്കുന്ന ഒരു മഹാന്‍ നമ്മുടെ തൊട്ടയല്‍പ്പക്കത്തുതന്നെയുണ്ടല്ലോ എന്ന് രാമുദാ പറഞ്ഞത് ഓര്‍മവെച്ച് ഞാന്‍ സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും ഭവിഷ്യത്തിന്‍െറ ഓഫിസ് മുറിയിലേക്ക് എത്തിനോക്കി. പൊലീസ് തല്ലിയൊടിച്ച മാനൊദായുടെ ആ വലതുകാലിന്‍െറ കഥ രോമാഞ്ചജനകമായിരുന്നു. നമ്മള്‍ ആരാച്ചാര്‍മാരുടെ ജോലി എസ്.എസ്. റായ് ഏറ്റെടുത്ത കാലമെന്ന് അച്ഛന്‍ വിശേഷിപ്പിച്ചിരുന്ന അടിയന്തരാവസ്ഥയെക്കുറിച്ച് സാധാരണ രാഷ്ട്രീയം സംസാരിക്കാത്ത മാപോലും വാചാലയാകാറുണ്ടായിരുന്നു.
‘‘യൂ ആര്‍ അപ്പോയിന്‍റഡ്.’’
മേശക്കു പിന്നിലുള്ള കസേരയിലിരുന്നുകൊണ്ട് മാനൊദാ ഉറക്കെപ്പറഞ്ഞു. ഞാന്‍ നിശ്ചല്‍ ദാ ഇരുന്നെഴുതിയിരുന്ന ഉയരം കുറഞ്ഞ പീഠത്തിനരികിലുള്ള വാതിലിന്‍െറ പടിയില്‍ ഇരുന്നു. ആ മുറിയിലുണ്ടായിരുന്ന എല്ലാ ഫര്‍ണിച്ചറിനുംമേല്‍ അച്ചടിക്കപ്പെട്ട കടലാസുകള്‍ നിറഞ്ഞിരുന്നു. വെള്ളക്കടലാസില്‍ കാലം വരുത്തുന്ന നിറംമാറ്റങ്ങള്‍ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ പരീക്ഷണശാലയാണ് അതെന്ന് എനിക്കു തോന്നി. കാലം ഓരോന്നിലും വരുത്തുന്ന മാറ്റങ്ങള്‍ എനിക്ക് എന്നും പ്രിയപ്പെട്ട പാഠ്യവിഷയമായിരുന്നു. മനുഷ്യരെ അത് ചിലപ്പോള്‍ മൃഗങ്ങളാക്കിത്തീര്‍ക്കും. മൃഗങ്ങളെ മരങ്ങളും. എന്‍െറ അച്ഛനെ കാലം എങ്ങനെയാണ് മാറ്റിയെടുത്തത് എന്നു ഞാന്‍ ചിന്തിച്ചു. രാമുദായെ കാലം പഞ്ചഭൂതങ്ങളായി മാറ്റി. അദ്ദേഹം കിടന്ന കട്ടിലിന്‍െറ തലക്കല്‍ കത്തിച്ചുവെച്ച നിലവിളക്ക് അപ്പോഴും കത്തുന്നുണ്ടായിരുന്നു. ആത്മാവ് ഭൂമി വിട്ടുപോകുംവരെ അതിനു ശരീരമുണ്ടായിരുന്നപ്പോള്‍ ജീവിച്ചിരുന്നിടത്തേക്കു തിരിച്ചുവരുമെന്ന വിശ്വാസപ്രകാരം ഥാക്കുമാ ഇടക്കിടെ വിളക്കിലേക്ക് എണ്ണ പകര്‍ന്നു. രാമുദാ നക്ഷത്രഗോളങ്ങള്‍ക്കിടയിലെ ശൂന്യാകാശത്ത് കറങ്ങുന്ന പ്രാപഞ്ചിക ധൂളിയില്‍ വിലയംപ്രാപിച്ച് അനാദിയും അനന്തവുമായ കാലത്തിന്‍െറ ഭാഗമായിത്തീര്‍ന്നുകഴിഞ്ഞ നിമിഷമാണ് എനിക്കു ഭവിഷ്യത്തില്‍ ജോലി വേണമെന്നു തോന്നിയത്. മരച്ചില്ലയിലിരുന്ന് ഒരിക്കലെങ്കിലും പാട്ടുപാടിയ പക്ഷിക്ക് കൂട്ടിലേക്കു മടങ്ങാന്‍ സാധിക്കാത്തതുപോലെ എനിക്കിനിയൊരിക്കലും ഞങ്ങളുടെ ചെറിയ വീടിന്‍െറ നാലു ചുവരുകള്‍ക്കുള്ളില്‍ സുനെയ്നക്കും സുസ്മിതക്കും കണക്കും ബംഗ്ളായും ഇംഗ്ളീഷും പഠിപ്പിച്ചുകൊടുത്ത് നേരം കൊല്ലാന്‍ സാധിക്കുമായിരുന്നില്ല. ഞങ്ങളുടെ ഇത്തിരിപ്പോന്ന മുറിയിലെ കട്ടിലില്‍ രാമുദാ ഉണ്ടായിരുന്നിടത്തോളംകാലം അദ്ദേഹത്തിനു ചുറ്റുമാണ് എന്‍െറ ജീവിതം ഭ്രമണംചെയ്തത്. രാമുദാക്കു ഭക്ഷണം കൊടുക്കല്‍, ചിലപ്പോള്‍ കുളിപ്പിക്കാന്‍ സഹായിക്കല്‍, മുതുകില്‍ പൗഡറിട്ടു കൊടുക്കല്‍, തിരിച്ചും മറിച്ചും കിടത്തല്‍, പത്രങ്ങളും പുസ്തകങ്ങളും വായിച്ചുകൊടുക്കല്‍, ടി.വി ഓണ്‍ ചെയ്തുകൊടുക്കല്‍...
‘‘നിനക്കെത്ര ശമ്പളം വേണമെന്നു പറഞ്ഞില്ല...’’
‘‘ഉള്ളത്.’’
അദ്ദേഹം എന്നെ ചൂഴ്ന്നുനോക്കി.
‘‘ശമ്പളത്തിനല്ലാതെ ഇവിടെ വന്ന് ജോലിയെടുക്കാന്‍ നിനക്കെന്താ വല്ല നേര്‍ച്ചയുമുണ്ടോ?’’
‘‘കൊല്‍ക്കത്തയില്‍ മുഴുവന്‍ വലിയ വലിയ കടകള്‍ ഉയരുകയാണ്.’’
നിശ്ചല്‍ ദാ തലയുയര്‍ത്താതെ ആരോടെന്നില്ലാതെ പറഞ്ഞു:
‘‘അവിടെയൊക്കെ പണിയെടുക്കാന്‍ അത്യാവശ്യം വിദ്യാഭ്യാസവും കാണാന്‍ ചന്തവുമുള്ള പെണ്‍കുട്ടികളെ ധാരാളമായി വേണം. വാണ്ടഡ് സെയില്‍സ് ഗേള്‍സ് എന്ന ബോര്‍ഡ് വെക്കാത്ത ഒരു കടയും ഈയിടെയായി നഗരത്തിലില്ല. എത്ര കുറഞ്ഞാലും പത്തഞ്ഞൂറു രൂപ മാസശമ്പളം കിട്ടും...’’
‘‘എനിക്ക് ഇവിടെയുള്ള ജോലി മതി.’’
‘‘അതെന്താണെന്നാ ഞാന്‍ ചോദിച്ചത്...’’
ഞാന്‍ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. അതിനിടെ എന്‍െറ വിരലുകള്‍ ദുപ്പട്ടയുടെ തുമ്പെടുത്തു പിരിച്ചുതുടങ്ങിയെന്ന് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. കുടുക്കിടാന്‍ പാകത്തില്‍ ഒരു കയറുപോലെ ദുപ്പട്ട രസകരമായി പിരിഞ്ഞുവന്നു. അതില്‍ത്തന്നെ ശ്രദ്ധിച്ചുകൊണ്ടാണ് ഞാന്‍ മാനൊദാക്കു മറുപടി നല്‍കിയത്.
‘‘കുട്ടിക്കാലംമുതലേ ഞാന്‍ അതാഗ്രഹിച്ചിരുന്നു.’’
‘‘കടുവയുടെ കൂടെ ജോലി ചെയ്യാനാണോ മോളേ? എങ്കില്‍ നീ സുന്ദര്‍ബനിലേക്കു പോകൂ. അവിടെയാകുമ്പോള്‍ ഒരുപാടു കടുവകളുണ്ട്.’’
മാനൊദായുടെ ശബ്ദം സാന്ദ്രമായി.
‘‘പൊലീസ് തല്ലി കാലൊടിച്ച കടുവകളുണ്ടോ അവിടെ?’’
ഞാന്‍ ചോദിച്ചു. അദ്ദേഹം എന്നെ തറപ്പിച്ചുനോക്കി.
‘‘ആയിരത്തിത്തൊള്ളായിരത്തിലെ തെരഞ്ഞെടുപ്പില്‍ ഹുമയൂണ്‍ കബീറിനുവേണ്ടി വോട്ടു പിടിച്ചിട്ടുള്ള കടുവകള്‍?’’
ഞാന്‍ വീണ്ടും ചോദിച്ചു. അദ്ദേഹത്തിന്‍െറ കണ്ണുകള്‍ നിറഞ്ഞു. കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണടയൂരി ചൂണ്ടുവിരലും തള്ളവിരലുംകൊണ്ട് കണ്ണുകള്‍ തുടച്ച് വീണ്ടും കണ്ണടവെച്ച് എന്നെ നോക്കി. പിന്നീട് വയ്യാത്ത കാല്‍ വലിച്ച് വേഗത്തില്‍ അകത്തു പോയി കുറച്ചു നേരം കഴിഞ്ഞ് പുറത്തുവന്നു.
‘‘നിനക്ക് ഇരിക്കാന്‍ ഒരിടം നോക്കുകയായിരുന്നു...വാ, അകത്ത് ഒരു കസേര കിട്ടി...’’
വാതിലുകള്‍ക്കു പച്ചച്ചായമടിച്ച കെട്ടിടമായിരുന്നു അത്. വെളുത്ത ഭിത്തികള്‍ നിറയെ അഴുക്കും മാറാലയും പറ്റിപ്പിടിച്ചു കറുത്തിരുന്നു. നീണ്ട് തളംപോലെയുള്ള അടുത്ത മുറിയിലേക്കു കയറിച്ചെന്നയുടനെ കൊത്തിവെച്ച ചുണ്ടുകളുള്ള ഒരു പുരുഷന്‍െറ ബ്ളാക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് എന്‍െറ കണ്ണില്‍പ്പെട്ടത്. ജൊതീന്ദ്രനാഥ് മുഖര്‍ജിയുടെ മുഖം ഞാന്‍ ഒരു ആന്തലോടെ തിരിച്ചറിഞ്ഞു. ബൊഘാ ജൊതീന്‍ ഒരു കടുവയുടെ പുറത്ത് കാല്‍ ചവിട്ടിനില്‍ക്കുന്ന ചിത്രമായിരുന്നു അത്. ജൊതീന്‍ദാ കടുവയെക്കൊന്ന കഥ ഞാന്‍ ഥാക്കുമായെക്കൊണ്ട് പലവട്ടം പറയിപ്പിച്ചിട്ടുള്ളതാണ്. കോയാ ഗ്രാമത്തില്‍ പുലിയിറങ്ങിയെന്നു കേട്ടുപോയ ജൊതീന്‍ദാ കണ്ടത് ഒരു ഭീമന്‍ ബംഗാള്‍ കടുവയെയാണ്. അത് അദ്ദേഹത്തിനുമേല്‍ ചാടിവീണു. വെറും കൈകൊണ്ട് അദ്ദേഹം കടുവയെ നേരിട്ടു. ശരീരമാസകലം പരിക്കേറ്റ ജൊതീന്‍ദാ അവസാനം മടിക്കുത്തിലെ കത്തിയൂരി കടുവയുടെ കഴുത്തില്‍ ആഞ്ഞുകുത്തി. കടുവ പിടച്ചിലോടെ ചത്തുവീണു. കടുവയുടെ നഖങ്ങള്‍ അടിമുടി പതിഞ്ഞ ശരീരം പഴുത്ത് ജൊതീന്‍ദാ കുറെക്കാലം ചികിത്സയില്‍ കഴിഞ്ഞു. അന്നത്തെ ബംഗാള്‍ ഗവണ്‍മെന്‍റ് കടുവയുമായി ഏറ്റുമുട്ടുന്ന മനുഷ്യന്‍െറ ചിത്രം ആലേഖനം ചെയ്ത ഷീല്‍ഡ് സമ്മാനിച്ച് ആദരിച്ചു.
‘‘ബൊഘാ ജൊതീന്‍ എന്ന യതീന്ദ്രനാഥ് മുഖര്‍ജി തുടങ്ങിവെച്ചതാണ് ഭവിഷ്യത്...’’
അദ്ദേഹം എന്നെ നോക്കി.
‘‘ഞാന്‍ ഒരു പരമ്പരാഗത കടുവയാണ്...’’
ആ വാക്കുകളില്‍ മുഴങ്ങിനിന്ന നിസ്സഹായതയും വേദനയും എന്നെ നിശ്ശബ്ദയാക്കിക്കളഞ്ഞു. എന്‍െറ അച്ഛന്‍ ഫണിഭൂഷണ്‍ ഗൃദ്ധാ മല്ലിക്കിനെ പ്രസവിക്കാന്‍ ഥാക്കുമാ ഈറ്റുമുറിയില്‍ നിലവിളിക്കുന്ന നേരത്താണ് ബ്രിട്ടീഷുകാര്‍ ദാദുവിനെ വിളിക്കാന്‍ കാറുമായി എത്തിയത്. ദാദു അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതുകൊണ്ട്, ഥാക്കുമായുടെ ബാബാ ത്രിലോക്നാഥ് ഗൃദ്ധാ മല്ലിക്കിന് തൂക്കുകയറുമായി പുറപ്പെടേണ്ടിവന്നു. അക്കാലത്ത് അദ്ദേഹം സ്വാമി വിവേകാനന്ദന്‍െറ ശിഷ്യനായി സന്ന്യാസം സ്വീകരിച്ചിരുന്നു. വയറോളം നീണ്ടുകിടക്കുന്ന വെള്ളത്താടിയും ചുമലോളം നീണ്ട മുടിയും കാവിവസ്ത്രവുമായി അദ്ദേഹം വണ്ടിയില്‍ കയറി.
‘‘ബൊഘാ ജൊതീനെപ്പോലെ മറ്റൊരാളെ സങ്കല്‍പിക്കാന്‍പോലും എനിക്കു സാധിച്ചിട്ടില്ല. വെറും കൈകൊണ്ട് എത്ര പേരെ ഇടിച്ചിടാന്‍ പറ്റും എന്നു ചോദിച്ച ബ്രിട്ടീഷുകാരനോട് അദ്ദേഹം പറഞ്ഞതെന്താണെന്നറിയാമോ? സത്യസന്ധരാണെങ്കില്‍ ഒരാളെപ്പോലും എനിക്ക് വീഴ്ത്താന്‍ പറ്റില്ല. പക്ഷേ, കുറ്റവാളികള്‍ എത്ര പേര്‍ വന്നാലും, സന്തോഷം.’’
അദ്ദേഹം അഭിമാനത്തോടെ മന്ദഹസിച്ചു. ബാലസോറിലേക്കാണ് ത്രിലോക് നാഥ് മുത്തച്ഛനെ ബ്രിട്ടീഷുകാര്‍ കൊണ്ടുപോയത്. ടാക്സികളിലും വഞ്ചികളിലും കൊള്ളനടത്തി ഒളിപ്പോരിനു പണമുണ്ടാക്കിയ ബൊഘാ ജൊതീന്‍ ഒരു സായുധവിപ്ളവത്തിന് ഒരുക്കം കൂട്ടുകയായിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് ജര്‍മനിയുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്‍മെന്‍റിനെ അട്ടിമറിക്കാന്‍ തയാറെടുക്കുമ്പോള്‍ പൊലീസ് തന്നെ തിരയുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് ബൊഘാ ജൊതീനെ സുഹൃത്തുക്കള്‍ സുരക്ഷിത സ്ഥലമായ ബാലസോറിലേക്കു മാറ്റി. പൊലീസ് വളഞ്ഞു. സുഹൃത്തുക്കളെ ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള അവസരം വേണ്ടെന്നുവെച്ച് അവസാന നിമിഷംവരെ പോരാടിയ ബൊഘാ ജൊതീന്‍ വെടിവെപ്പില്‍ പരിക്കേറ്റു നിലംപതിച്ചു. ആശുപത്രിയിലെത്തിച്ച ജൊതീനെ അവിടെവെച്ച് തൂക്കിക്കൊല്ലുകയായിരുന്നു ത്രിലോക് നാഥ് മുത്തച്ഛന്‍െറ ദൗത്യം. പക്ഷേ, കൊല്ലേണ്ടതാരെയാണെന്ന് കേട്ടപ്പോള്‍ മുത്തച്ഛന്‍ ക്ഷുഭിതനായി.
‘‘എന്‍െറ തൂക്കുകയര്‍ കുറ്റവാളികളെ കൊല്ലാനുള്ളതാണ്, കടുവകളെയല്ല.’’
അദ്ദേഹം ഗര്‍ജിച്ചു. കോപാകുലനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ അബോധാവസ്ഥയില്‍ കിടന്ന ബൊഘായുടെ നെഞ്ചില്‍ വെടിവെച്ച് അദ്ദേഹത്തെ വധിച്ചു. ഉത്തരവു ലംഘിച്ച മാതാമഹനെ അദ്ദേഹം കൊണ്ടുപോയ അതേ കയറില്‍ കെട്ടിത്തൂക്കി. സര്‍ക്കാറിനെ ധിക്കരിച്ചതിന് തൂക്കിലേറ്റപ്പെട്ട ആദ്യത്തെ ആരാച്ചാര്‍ എന്ന ഖ്യാതിയോടെ അങ്ങനെ സന്ന്യാസിയും വിപ്ളവകാരിയുമായ ത്രിലോക് നാഥ് മുത്തച്ഛന്‍ ജീവന്‍ വെടിഞ്ഞു. കഴുത്തില്‍ കുടുക്കു മുറുക്കിയ ബ്രിട്ടീഷുകാരനോട് അദ്ദേഹം ആക്രോശിച്ചു:
‘‘മാറിനില്‍ക്ക്. കുടുക്ക് ഞാനിട്ടോളാം.’’
സ്വന്തം കുടുക്ക് അദ്ദേഹം തന്നെ കഴുത്തിലിട്ടു. മൂന്നും നാലും കശേരുക്കള്‍ക്കിടയില്‍ ഉറപ്പിച്ചു. പിന്നീട് ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനോടു പറഞ്ഞു:
‘‘സമയമായി...’’
അവിടെ തൂക്കുമരമോ ലിവറോ ഉണ്ടായിരുന്നില്ല. ബാലസോറിലെ ആശുപത്രിയുടെ പിന്നാമ്പുറത്ത് ഇലകളെല്ലാം കൊഴിച്ച് അടിമുടി പൂവിട്ടുനിന്ന ഒരു രാധാഛൂലാ വൃക്ഷത്തിന്‍െറ ശിഖരത്തിലായിരുന്നു കയര്‍ കെട്ടിയിരുന്നത്. ചെറിയൊരു സ്റ്റൂളിന്‍മേലാണ് അവര്‍ മുത്തച്ഛനെ കയറ്റിനിര്‍ത്തിയത്. കഴുത്തില്‍ കുടുക്കിട്ട് മുത്തച്ഛന്‍ മുകളിലേക്കുനോക്കി. ആകാശം അദ്ദേഹം മഞ്ഞനിറത്തില്‍ കണ്ടു. സ്വാമി വിവേകാനന്ദന്‍െറ അംരാ ജോബോ ജഗത് ജാഗ്ബേ എന്ന് അദ്ദേഹം ഉറക്കെ വിളിച്ചു. ഇന്ത്യക്കാരനായ ഒരു ശിപായി സ്റ്റൂള്‍ എടുത്തുമാറ്റി. മുത്തച്ഛന്‍ ഒരു ശബ്ദത്തോടെ വായുവില്‍ ആടി. അദ്ദേഹത്തിന്‍െറ ഭാരത്താല്‍ മരം ഉലഞ്ഞു. മരം അദ്ദേഹത്തിന്‍െറ ജഡത്തെ പൂക്കള്‍കൊണ്ട് മൂടി. അച്ഛന്‍ ഭൂമിയിലേക്ക് പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തിന്‍െറ മാതാമഹന്‍ സ്വന്തം തൂക്കുകയറില്‍ തൂങ്ങിയാടുകയായിരുന്നു എന്ന് ഥാക്കുമാ അഭിമാനത്തോടെയാണ് പറഞ്ഞിരുന്നത്. മഞ്ഞപ്പൂക്കളുടെ പുഷ്പവൃഷ്ടി സ്വന്തം കണ്ണുകള്‍കൊണ്ട് കണ്ടതുപോലെ ഥാക്കുമാ വീണ്ടും വീണ്ടും വര്‍ണിച്ചു.
ഇരുട്ടു നിറഞ്ഞുനിന്ന കോണിലെ വലിയ ജനാല മാനൊദാ തള്ളിത്തുറന്നു. അവിടെ ഒരു പഴയ മേശയും കറുത്ത് പിടികളിലൊന്ന് ഇളകിപ്പോയ തടിക്കസേരയുമുണ്ടായിരുന്നു.
‘‘കറന്‍റില്ല...വരട്ടെ...നിനക്ക് ഇവിടെയിരിക്കാം.’’
അദ്ദേഹം പറഞ്ഞു.
‘‘ഇവിടെ നിനക്കിഷ്ടമുള്ള എന്തു ജോലിയും ചെയ്യാം.’’
‘‘എനിക്കു പ്രൂഫ് തിരുത്താന്‍ അറിയാം.’’
അദ്ദേഹം മുറിയില്‍നിന്ന് പുറത്തുപോയി ഒരു കെട്ടു കടലാസുകളുമായി തിരിച്ചുവന്നു.
‘‘എന്‍െറ ഓര്‍മക്കുറിപ്പുകളാണ്...’’
‘‘ഇതു മുഴുവന്‍ ജ്യോതിബാബുവിനെക്കുറിച്ചാണോ?’’
‘‘അദ്ദേഹത്തെ ഒഴിവാക്കിയാല്‍ കൊല്‍ക്കത്തയില്‍ ജീവിക്കുന്ന ഒരാളുടെ ആത്മകഥയില്‍ പിന്നെന്തുണ്ട്? പത്തു പതിനാറു വയസ്സു മുതല്‍ എന്‍െറ ജീവിതത്തില്‍ അദ്ദേഹമുണ്ട്. അദ്ദേഹത്തിന്‍െറ ജീവിതത്തില്‍ പിന്നീട് ഞാനുണ്ടായില്ലെങ്കിലും.’’
ഞാന്‍ ആദ്യം കിട്ടിയ കടലാസില്‍ കണ്ണോടിച്ചു:
‘‘കമ്യൂണിസ്റ്റുകാര്‍ ജനങ്ങളെ പറ്റിക്കാന്‍ പല നാടകങ്ങളും മാറ്റിയെഴുതുന്നുണ്ടെന്നും ഡോ.ബി.സി. റോയി കുറ്റപ്പെടുത്തി. നിയമസഭയില്‍ ഇക്കാര്യം പറഞ്ഞ് റോയിയും ബസുവും തമ്മില്‍ തര്‍ക്കമുണ്ടായി.
ബസു: ഏതു നാടകമാണ് കമ്യൂണിസ്റ്റുകാര്‍ തിരുത്തിയത്?
ഡോ.റോയ്: വെളിപ്പെടുത്താന്‍ ഞാന്‍ വിസമ്മതിക്കുന്നു.
ബസു: എന്തുകൊണ്ട്?
ഡോ.റോയി: പേരുപറയാന്‍ പാടില്ലാത്തതുകൊണ്ട്.
ബസു: ഒരു തുറന്ന നിയമസഭയില്‍ ഒരാള്‍ ഇങ്ങനെ പെരുമാറരുത്. അങ്ങ് ഹിറ്റ്ലറെപ്പോലെയാണ് പെരുമാറുന്നത്.
ഡോ.റോയി: അതെ, സ്റ്റാലിന്‍െറ ചോദ്യങ്ങള്‍ക്ക് ഹിറ്റ്ലര്‍ മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്.’’
‘‘ഇത് ഇംഗ്ളീഷുകാരിയുടെ കഥയുടെ തുടര്‍ച്ചയായി നല്‍കണം... ആ പേജ് നമ്പര്‍ ശ്രദ്ധിക്കണം.’’
അദ്ദേഹം പറഞ്ഞു. പെട്ടെന്ന് മുറിയില്‍ വെളിച്ചം നിറഞ്ഞു. എന്‍െറ തലക്കുമുകളില്‍ ഒരു പ്രാചീനമായ പങ്ക ഹുങ്കാരത്തോടെ കറങ്ങിത്തുടങ്ങി. എന്‍െറ മേശയിരിക്കുന്ന കോണിനെതിരെ മുറിയുടെ മറ്റേ മൂലയില്‍ ഒരു പതിനാലിഞ്ചു ടി.വിക്കും ജീവന്‍വെച്ചു. എന്‍െറ കണ്ണുകളില്‍ ഒരു കത്തി കയറ്റുന്ന വേദനയോടെ ടി.വിയില്‍ തെളിഞ്ഞത് സഞ്ജീവ് കുമാറിന്‍െറ മുഖമായിരുന്നു. അയാളെ ഒഴിവാക്കി എനിക്ക് ഈ നാട്ടില്‍ ജീവിക്കാന്‍ സാധിക്കുകയില്ലെന്നു ഞാന്‍ രോഷംകൊണ്ടു.
‘‘ഇതേസമയം, യതീന്ദ്രനാഥ് ബാനര്‍ജി ദയ അര്‍ഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിനുശേഷം ആവര്‍ത്തിച്ചു. വധശിക്ഷ നടപ്പാക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പത്നി നഗരത്തില്‍ നടത്തിയ സ്ത്രീകളുടെ റാലിയില്‍ വന്‍ വിജയമായി. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നിഷേധിക്കപ്പെട്ട നീതി കുറ്റവാളിക്ക് ഉറപ്പാക്കുന്നതിലെ വൈരുധ്യമാണ് ഇവിടെ ചര്‍ച്ചചെയ്യപ്പെട്ടത്. ഇതേസമയം വയറിന് അസുഖത്തെതുടര്‍ന്ന് എസ്.എസ്.കെ.എം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യതീന്ദ്രനാഥ് ബാനര്‍ജിയെ ജനരോഷത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ജയിലിലേക്കു മടക്കിക്കൊണ്ടുപോയി.’’
സഞ്ജീവ് കുമാര്‍ മിത്ര എന്‍െറ കണ്ണുകളിലേക്ക് നോക്കി അറിയിച്ചു. തുടര്‍ന്ന് ടി.വിയില്‍ ശിബ്ദേബ് ലാലിന്‍െറ മുഖം തെളിഞ്ഞു.
‘‘മൂന്നു ദിവസം മുമ്പുവരെ യതീന്ദ്രനാഥ് വളരെ ആത്മവിശ്വാസത്തിലായിരുന്നു. വധശിക്ഷ നടക്കുകയില്ലെന്നും ഞാന്‍ രക്ഷപ്പെടുമെന്നും അവന്‍ ഉറപ്പിച്ചുപറഞ്ഞിരുന്നു. പക്ഷേ, ഇന്ന് അവന്‍ ആകെ നിരാശനാണ്. എനിക്കു രക്ഷയില്ല, അവരെന്നെ തൂക്കും എന്നാണ് അവനിപ്പോള്‍ ആവര്‍ത്തിച്ചുപറയുന്നത്. അസുഖം പൂര്‍ണമായി മാറിയിട്ടില്ല. പക്ഷേ, അവന്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ല.’’
ഞാന്‍ കടലാസുകള്‍ മടക്കിവെച്ച് എഴുന്നേറ്റു.
‘‘എന്തുപറ്റി മോളേ?’’
അദ്ദേഹം വീണ്ടും ചോദിച്ചു.
‘‘സംസാരിക്കണമെന്നു തോന്നുന്നു, മാനൊദാ...’’
ഞാന്‍ സ്വയമറിയാതെ മന്ത്രിച്ചു. മാനൊദാ എന്നെ ഉറ്റുനോക്കി എന്‍െറ ഹൃദയം വായിക്കുന്നതുപോലെ കുറച്ചുനേരം നിന്നു.
‘‘ആരോട്?’’
എനിക്കു പെട്ടെന്ന് കരച്ചില്‍വന്നു. എന്‍െറ കണ്ണുകള്‍ നിറഞ്ഞതുകണ്ട് മാനൊദാ അമ്പരന്നു. താനറിയാത്ത ഏതോ ദു$ഖം എനിക്കുണ്ടെന്നു മനസ്സിലാക്കിയിട്ടാകണം, അദ്ദേഹം എന്‍െറ ചുമലില്‍ കൈവെച്ചു.
‘‘വധശിക്ഷ എന്നെങ്കിലും നടപ്പാകുമെന്നു മാനൊദാക്കു തോന്നുന്നുണ്ടോ?’’
അദ്ദേഹം ഒന്നു ദീര്‍ഘമായി നിശ്വസിച്ചു.
‘‘മരണത്തിന്‍െറ കാര്യമല്ലേ, അതിനെക്കാള്‍ അനിശ്ചിതമായി ഒന്നുമില്ല. പക്ഷേ, എനിക്കു കിട്ടിയ വിവരംവെച്ച് യതീന്ദ്രനാഥ് ബാനര്‍ജിക്ക് ഇനി അധികദിവസമില്ല.’’
അദ്ദേഹം ഒന്നുകൂടി നിശ്വസിച്ചു. നാളെ നേരത്തേ വരാമെന്നു യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എനിക്കു പതിവില്ലാതെ ഹൃദയം കിടുങ്ങുന്നതുപോലെ തോന്നി. വലതു കൈ അനിയന്ത്രിതമായി വിറച്ചുകൊണ്ടിരുന്നു. ഞാന്‍ പെട്ടെന്ന് ദുപ്പട്ടയുടെ വലത്തെ തുമ്പില്‍ തപ്പിനോക്കി. മുമ്പെപ്പോഴോ ഞാനുണ്ടാക്കിയ കുടുക്ക് വിലക്ഷണമായി തൂങ്ങിക്കിടന്നു. നല്ല വെയിലുള്ള ദിവസമായിരുന്നു അത്. ദുപ്പട്ട നേരെയാക്കിക്കൊണ്ട് ട്രാമിന്‍െറ പാളത്തിലൂടെ ഞാന്‍ സങ്കടത്തോടെ നടന്നു. ആ വഴിയേ കുറച്ചുകൂടി മുന്നോട്ടുപോയാല്‍ സോനാഗച്ചിയിലെത്താമെന്ന് ഹൃദയം ഓര്‍മിപ്പിച്ചു. അയാളുടെ വീട് സ്മരണയില്‍ തെളിഞ്ഞു. ചുവന്ന ചായംതേച്ച ചുണ്ടുകള്‍ എന്നെ അസ്വസ്ഥയാക്കി. ജാത്ര പാരാ ഓഫിസുകള്‍ക്കു മുന്നിലൂടെ കുറെ ദൂരം അലഞ്ഞതിനുശേഷം ഓട്ടോറിക്ഷയില്‍ സ്ട്രാന്‍ഡ് റോഡില്‍ എത്തി വീട്ടിലേക്കു നടക്കുമ്പോള്‍ നീമേശ്വര്‍ ബാബയുടെ ചെറിയ ക്ഷേത്രത്തിനു മുന്നില്‍ അയാളുടെ ചാനല്‍ വണ്ടി പാര്‍ക് ചെയ്തിട്ടുണ്ടെന്നു കണ്ട് എന്‍െറ ഹൃദയം ഒരേസമയം സന്തോഷവും ദു$ഖവും ആവേശവും നീരസവുംകൊണ്ട് വീര്‍പ്പുമുട്ടി. മൃതദേഹവുമായി വന്ന ഉന്തുവണ്ടിക്കെതിരെ നാലഞ്ചു പോത്തുകള്‍ കൂട്ടമായി വന്നപ്പോള്‍ റോഡില്‍ ഒരു തടസ്സമുണ്ടായി. അക്ഷമയോടെ ഞാന്‍ ഒരു പഴുതുകണ്ടെത്തി സലൂണിന്‍െറ വശത്തുകൂടി മുറിയിലേക്കു കടക്കുമ്പോള്‍ അകത്ത് അച്ഛന്‍െറ മുറിയില്‍നിന്ന് സംഭാഷണം ഉയര്‍ന്നുകേട്ടു.
‘‘ഇല്ലില്ല, സഞ്ജീവ് ബാബൂ... ഇക്കാര്യത്തില്‍ ഇനിയൊരു വിട്ടുവീഴ്ചയുമില്ല. ആദ്യം വിവാഹം. എന്നിട്ടു മതി, നിങ്ങളുടെ ഇനിയുള്ള പോക്കും വരവും.’’
‘‘ഗൃദ്ധാദാ, നിങ്ങളെന്താണ് ഹിറ്റ്ലറെപ്പോലെ സംസാരിക്കുന്നത്?’’
ഞാന്‍ എന്‍െറ മുറിവാതില്‍ക്കല്‍ ഒരു മാത്ര നിന്നു. രാമുദായുടെ കട്ടിലിന്‍െറ തലക്കല്‍ കത്തിച്ചുവെച്ച നിലവിളക്കിന്‍െറ ജ്വാലകള്‍ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. മുറിയിലാകെ ശ്മശാനത്തിന്‍െറ ഗന്ധമാണെന്ന് എനിക്കു തോന്നി. ജ്യോതിബാബുവിന്‍െറ കൈ മുറിഞ്ഞാല്‍ ഡോ.ബി.സി. റോയി പരിശോധിച്ചു മരുന്നുവെച്ചു കെട്ടുമായിരുന്നു. ഞാന്‍ മുറിക്കുള്ളില്‍ കയറിച്ചെന്ന് ഥാക്കുമായുടെ കട്ടിലില്‍ തളര്‍ച്ചയോടെ ഇരുന്നു.
‘‘നോക്ക്, നിങ്ങളിങ്ങനെ ഇരുന്നാല്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുകയില്ല. രാഷ്ട്രപതിയുടെ തീരുമാനം അനുകൂലമാക്കാന്‍ നിങ്ങളുടെ ഭാഗത്തുനിന്ന് പ്രഷര്‍ ഉണ്ടാകണം. ഇതിപ്പോള്‍ നടന്നാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. പക്ഷേ, നിങ്ങള്‍ക്കു വേണ്ടിയാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്.’’
‘‘എന്തു വേണമെന്നാണ് സഞ്ജു ബാബു നിങ്ങള്‍ പറയുന്നത്?’’
‘‘മുഖ്യമന്ത്രിയുടെ ഭാര്യയും സ്ത്രീസംഘടനകളും ചേര്‍ന്ന് വലിയൊരു സമരം ആസൂത്രണം ചെയ്യുന്നുണ്ട്. അതില്‍ ചേതന പങ്കെടുക്കണം. ചേതനക്കും നിങ്ങളുടെ കുടുംബത്തിനും ഇതൊരു നല്ല അവസരമാണ്.’’
സ്റ്റാലിന്‍െറ ഉപദേശം ഹിറ്റ്ലര്‍ പരിഗണിക്കുന്നതുപോലെ അച്ഛന്‍ നിശ്ശബ്ദനായി ആലോചനയിലാണ്ടു. എന്തോ പറയാനുള്ളത് എന്‍െറ ഹൃദയത്തില്‍ കിടന്നലറി. എനിക്കു പറയാനുള്ളത് എന്നോടുതന്നെയായിരുന്നു. പക്ഷേ, അതിനു ഭാഷയുണ്ടായിരുന്നില്ല. അല്ലെങ്കില്‍ അതിനു ഭാഷ ആവശ്യമില്ലായിരുന്നു. വനാന്തര്‍ഭാഗത്തെ വെടിയേറ്റ ഗര്‍ജനംപോലെ അതെന്‍െറ ഹൃദയത്തെ പ്രകമ്പനംകൊള്ളിച്ചു.
( തുടരും )