നട്ടുച്ചക്കാണ് വന്നുകയറിയത്. തീക്ഷ്ണമായ നോട്ടം. തിളങ്ങുന്ന കണ്ണുകള്‍. ചതുരഫ്രെയിമുള്ള കട്ടിക്കണ്ണട. നെറ്റിക്ക് മുകളില്‍ വലിയ ഒരു കറുത്ത മറുക്. ഇടതൂര്‍ന്ന് വളര്‍ന്ന പുരികങ്ങള്‍ ചുളിച്ച് കനത്ത ശബ്ദത്തില്‍ ചോദിച്ചു:
‘‘എം.പി. നാരായണപിള്ള എവിടെ? ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിരുന്നു.’’
‘‘ഇങ്ങോട്ട് വരുമെന്ന്...ഞാന്‍ കണ്ടില്ല. എനിക്ക്...അറിയില്ല.’’
ഭയന്നതുപോലെ (ശരിക്കും ഭയംതോന്നി എന്നത് സത്യം) ഞാന്‍ പറഞ്ഞു.
‘‘കുട്ടി?’’
‘‘ഞാന്‍ പുതുതായി ഇവിടെ ചേര്‍ന്നതാണ്.’’
‘‘എവിടുന്നാ?’’
‘‘കാര്യവട്ടത്തുനിന്ന് ഈ വര്‍ഷം എം.ജെ (മാസ്റ്റര്‍ ഓഫ് ജേണലിസം) പാസായിട്ടുണ്ട്.’’
‘‘ങും. ശരി. നാണപ്പന്‍ വരുമ്പോള്‍ ഞാന്‍ വന്നുവെന്ന് പറഞ്ഞേക്കുക.’’
അത് പറഞ്ഞ് വന്നയാള്‍ നടന്നുപോയി.
നാണപ്പന്‍ - എം.പി. നാരായണപിള്ള. പക്ഷേ, അദ്ദേഹം വരുമ്പോള്‍ ആര് വന്നുവെന്നാണ് ഞാന്‍ പറയേണ്ടത്? ഈ വന്നത് ആരാണ്?
തിരുവനന്തപുരത്ത് പേട്ടയിലെ കലാകൗമുദി ഓഫിസില്‍ ഞാന്‍ ചേര്‍ന്നിട്ട് അധികനാളായിട്ടില്ല. പഠനം കഴിഞ്ഞ് ഉടനെ ജോലിക്കെത്തിയതിന്‍െറ ഒരു സംഭ്രമം വേറെ. മുതിര്‍ന്ന ഒരുപാട് മനുഷ്യര്‍ക്കിടയില്‍ വാ തുറക്കാന്‍പോലും പേടിച്ചിരിക്കുന്ന അവസ്ഥ. എന്‍െറ മുന്നിലിരിക്കുന്ന ഫോണ്‍ ശബ്ദിച്ചു.
‘‘ഞാന്‍ എം.പി. നാരായണപിള്ള. ബോംബെയില്‍നിന്നാണ്. ഞാന്‍ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു. ഇവിടെ ചില അത്യാവശ്യങ്ങള്‍. ജയനോടും ബാബുവിനോടും ഞാന്‍ വരില്ല എന്ന് ഫോണ്‍ ചെയ്തതായി പറഞ്ഞേക്കുക. പിന്നെ വിളിക്കാം.’’
വിനയംകൊണ്ടും ആദരവുകൊണ്ടും നിറഞ്ഞ് ഞാന്‍ ‘ശരി’യെന്നുപറഞ്ഞ് ഫോണ്‍വെച്ചു. ഒരുപാട് ഇഷ്ടമുള്ള എഴുത്തുകാരനോട് നേരിട്ട് മിണ്ടാനൊത്തുവെന്നതിലുള്ള സന്തോഷം. പിന്നെ ആദ്യമായി എന്‍െറ ‘എഡിറ്ററോ’ട് സംസാരിക്കാന്‍ കഴിഞ്ഞതിലുള്ള സമാധാനം.
(കേരളകൗമുദി വിമന്‍സ് മാഗസിന്‍െറ എഡിറ്റര്‍ ആയിരുന്നു അന്ന് എം.പി. നാരായണപിള്ള. ട്രയല്‍ എന്നൊരു വാരികയും അന്ന് അദ്ദേഹത്തിന്‍െറ പത്രാധിപത്യത്തില്‍ കലാകൗമുദി യില്‍ നിന്ന് ഇറങ്ങിയിരുന്നു.)
ഞാനെണീറ്റ് ജയന്‍ സാറിന്‍െറ (എസ്. ജയചന്ദ്രന്‍നായര്‍. അന്ന് കലാകൗമുദി പത്രാധിപരിലൊരാള്‍) മുറിയിലേക്ക് നടന്നു. ഫോണ്‍ വന്ന വിവരം ഉടനെ പറഞ്ഞേക്കാം.
ശുഭ്രമായ ചിരിയോടെ ജയന്‍സാറിരിക്കുന്നു. (വേഷവും മട്ടും ചിരിയും പെരുമാറ്റവും ശുഭ്രമായിരിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാള്‍ - ജയന്‍സാറിനെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ അങ്ങനെയൊരു തോന്നല്‍ വരാറുണ്ട്.)
സാറിന്‍െറ മുന്നില്‍ നേരത്തേ എം.പി. നാരായണപിള്ളയെ തേടി വന്നയാള്‍ ഇരിപ്പുണ്ട്.
ഞാന്‍ ഫോണിലൂടെ കേട്ട വിവരം ജയന്‍സാറിനെ അറിയിച്ചു.
സാര്‍ പൊട്ടിപ്പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ആഗതന്‍ കണ്ണുചരിച്ച് എന്നെ നോക്കി. ഞാനാകെ അമ്പരന്നമട്ടില്‍ നിന്നു. വാത്സല്യത്തോടെ ജയന്‍സാര്‍ പറഞ്ഞു: ‘‘താന്‍ അവിടിരിക്ക്.’’
ഞാന്‍ ഇരുന്നു.
‘‘ഇതാണ് നിങ്ങളുടെ പത്രാധിപര്‍ എം.പി. നാരായണപിള്ള.’’
ഞാന്‍ തുറിച്ചു നോക്കി. പരിഭവം, സങ്കടം- മുഖത്തും കണ്ണിലും മനസ്സിലും.
‘‘മൂന്ന് എം.പി. നാരായണപിള്ളമാരുണ്ടെന്ന് കുട്ടിക്ക് അറിയില്ലേ. ഞാന്‍ ഇവിടത്തെ എം.പി. നാരായണപിള്ള ബോംബെയില്‍നിന്ന് വിളിച്ചത് അവിടത്തെ എം.പി. നാരായണപിള്ള. ഇനി ഒരു എം.പി. നാരായണപിള്ള ഇപ്പോള്‍ പുല്ലുവഴിയിലുണ്ട്. ഞാന്‍ വിളിച്ചുതരട്ടെ’’ എന്നു പറഞ്ഞ് ഫോണെടുക്കാനായി മേശപ്പുറത്തേക്ക് കൈനീട്ടുന്നതുകണ്ട് ഞാന്‍ പറഞ്ഞു:
‘‘അയ്യോ വേണ്ട. എനിക്കാരോടും മിണ്ടണ്ട.’’
‘‘വെറുതെ സംശയിച്ച് ബുദ്ധിമുട്ടേണ്ട. രണ്ടു പേരോടും ഫോണ്‍ ചെയ്ത് സംസാരിച്ച് നോക്കൂ. അവര്‍ പറയുമ്പോള്‍ വിശ്വാസം വരും.’’
ഞാന്‍ വേഗം പുറത്തുകടന്നു. എനിക്ക് പരിഭവം ജയന്‍സാറുംകൂടി എന്നെ കബളിപ്പിക്കുന്നതിന് കൂട്ടുനിന്നല്ലോ എന്നായിരുന്നു. പക്ഷേ, പൂരം അവിടെ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ചാത്തന്‍സേവ, മഷിനോട്ടം, പ്രശ്നവിചാരം, മന്ത്രവാദം തുടങ്ങി ഗൂഢനിഗൂഢതകളുടെ ഇരുണ്ട വനങ്ങളിലേക്കുള്ള യാത്രകള്‍. ചാത്തന്മാര്‍, മറുതകള്‍, യക്ഷികള്‍- എന്‍െറ ചിന്താമണ്ഡലത്തില്‍ അവരെ ഒക്കെ നിറച്ചിട്ട് വിഭ്രമങ്ങളുടെ മായാലോകത്ത് എം.പി. നാരായണപിള്ള സാര്‍ കൊണ്ടുചെന്നാക്കിയിരുന്നു. സത്യവും മിഥ്യയും തമ്മിലുള്ള അതിര്‍വരമ്പുകളിലൂടെ നടന്ന് ഞാന്‍ ഭ്രാന്തിന്‍െറ ഊടുവഴികള്‍ തിരിച്ചറിഞ്ഞു. ഇരുപത്തിരണ്ടാം വയസ്സില്‍ നാരായണപിള്ള സാര്‍ വഴി പ്രപഞ്ചത്തിലുള്ള പല ചാത്തന്മാരെയും മറുതകളെയുമൊക്കെ ഞാന്‍ പരിചയപ്പെട്ടു - ചില രാത്രികളില്‍ അവരെന്‍െറ ഉറക്കം കെടുത്തി. പലപ്പോഴും എന്‍െറ ബാഗില്‍ ഇവരില്‍ പലരെയും സൂക്ഷിച്ചിരുത്തിയാണ് എം.പി. നാരായണപിള്ള സാര്‍ പോകാറ്. രാത്രി ഞാനെങ്ങനെ ഉറങ്ങും, സ്വസ്ഥമായി...?
ബോംബെയില്‍നിന്നെത്തുന്ന സാര്‍ എന്‍െറ മേശക്കരികില്‍ വന്നുനിന്ന് ചോദിക്കും.
‘‘നോക്കൂ - എന്‍െറ തലക്കുമുകളില്‍ ഒരു ചാത്തന്‍ തൂങ്ങിക്കിടപ്പില്ലേ?’’
ആരെയും കാണാനാവാതെ ഞാന്‍ പറയും:
‘‘ഇല്ല.’’
‘‘ശരിക്കും നോക്കൂ - ആ ചാത്തന്‍ പറയുന്നുണ്ടല്ലോ ബീന നല്ല കുട്ടിയാണെന്ന്!’’
പറഞ്ഞുപറഞ്ഞ് ഒടുവില്‍ ഞാന്‍ ചാത്തനെ കാണാന്‍ തുടങ്ങും. ചിരിക്കുന്ന ചാത്തന്‍, കാലുകള്‍ അന്തരീക്ഷത്തില്‍ ലയിച്ചുചേര്‍ന്ന ചാത്തന്‍.
എന്നെ പേടിപ്പിച്ച് സാര്‍ അപ്പുറത്തെ മുറിയിലേക്ക് നടക്കും. അവിടെ ട്രയല്‍ വാരികയുടെ ലേഔ് നടക്കുന്നുണ്ട്. പ്രസാദ് ലക്ഷ്മണനും ഭട്ടതിരിയുമൊക്കെ അവിടുണ്ട്. നാരായണപിള്ള സാര്‍ വരുന്നത് എല്ലാവരും കാത്തിരിക്കുമായിരുന്നു. ട്രയല്‍ വാരിക യുടെ ലേഔ് മേശയില്‍ , ജയന്‍സാറിന്‍െറ മുറിയില്‍ - അക്കാലത്ത് നാരായണപിള്ളസാര്‍ പങ്കുവെച്ചിരുന്ന ഉന്മാദങ്ങള്‍!
മൃത്യുഞ്ജയ വിജ്ഞാനം, പഞ്ചഭൂതകലകള്‍, കുലാര്‍ണവതവ്രതം, കുണ്ഡലിനീ ശക്തി - ഈ വാക്കുകളൊക്കെ സാര്‍ പഠിപ്പിച്ചുതന്നിട്ടുള്ള ഗൂഢതന്ത്രമന്ത്രങ്ങളുടെ ഓര്‍മകളാണ്. കൂടുവിട്ടു കൂടുമാറാനും ഒരേസമയം പലേടത്ത് പ്രത്യക്ഷപ്പെടാനും ഭൂതപ്രേത പിശാചുക്കളുമായി സംസാരിക്കാനുമൊക്കെ കഴിയുന്ന അമാനുഷികനായിരുന്നു സാര്‍ അന്നെനിക്ക്. ഒരു കൊച്ച് ആലീസായിരുന്നു സാറിന് മുന്നില്‍, അറിയാത്ത അദ്ഭുതങ്ങളുടെ അമ്പരക്കാഴ്ചകള്‍ കാണുന്ന ആലീസ്. പണ്ടത്തെ കലാകൗമുദി ഓഫിസിലെ ഓടിട്ട ആ പഴയ കെട്ടിടത്തിലിരുന്ന് അക്കാലത്ത് എത്രമാത്രമാണ് പേടിച്ചിട്ടുള്ളത്.
എം.പി. നാരായണപിള്ള സാറിന്‍െറ പോക്കറ്റില്‍ മറുതകള്‍ ഇരിപ്പുണ്ടെന്ന് വിശ്വസിച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. അങ്ങനെ വിശ്വസിപ്പിക്കാന്‍ സാറിന് കഴിയുമായിരുന്നു എന്നതാണ് സത്യം. സാറിന്‍െറ അച്ഛന്‍ മന്ത്രവാദിയായിരുന്നുവെന്നും ഒരുപാട് ഭൂതപ്രേത പിശാചുക്കളെ ഉന്മൂലനം ചെയ്തിട്ടുണ്ടെന്നും പറയുമ്പോള്‍ ഞാന്‍ ചോദിച്ചു പോകും: ‘‘സാറിനും അതൊക്കെ ചെയ്യാന്‍ പറ്റുമോ?’’
‘‘പിന്നില്ലേ, ദാ ഇപ്പോള്‍തന്നെ. ബീനേടെ തലയില്‍.’’
‘‘അയ്യോ വേണ്ടായേ’’ എന്നുപറഞ്ഞ് ആ മന്ത്രവാദത്തറയില്‍നിന്ന് ഞാന്‍ എണീറ്റോടും.
എന്‍െറ ഭര്‍ത്താവ് ബൈജു ചന്ദ്രന്‍ ദൂരദര്‍ശനിലാണെന്ന് കേട്ടപ്പോള്‍ സാറിന് വലിയ ഒരാഗ്രഹം.
‘‘എനിക്കൊന്ന് അഭിനയിക്കണം. ബൈജുവിനോട് ഒന്നു പറയണം.’’
സാറിന്‍െറ ആഗ്രഹമല്ലേ. ഞാന്‍ ബൈജുവിനോട് പോയി പറഞ്ഞു.
ബൈജു ചിരിച്ചുകൊണ്ട് പറഞ്ഞു:
‘‘എം.പി. നാരായണപിള്ള സാറല്ലേ, നിന്നെ കളിപ്പിക്കാന്‍ വേണ്ടി പറയുന്നതാണ്.’’
പക്ഷേ, സാര്‍ നേരിട്ടുതന്നെ ബൈജുവിനോട് പറഞ്ഞു:
‘‘എനിക്ക് അഭിനയിക്കണം, മരിച്ചുപോയ അച്ഛന്‍െറ റോളില്‍ ഞാനഭിനയിക്കാം. എന്‍െറ ഒരു ഫോട്ടോ വലുതാക്കി ഫ്രെയിം ചെയ്തു തരാം. ബൈജുവിന് മരിച്ചുപോയ അച്ഛനെ ആവശ്യമുള്ളപ്പോഴൊക്കെ ആ ഫോട്ടോവെച്ച് അഭിനയിപ്പിച്ചോളൂ.’’
ചിരിച്ചുചിരിച്ച് വയറുവേദന പിടിച്ചുവെന്നതാണ് സത്യം.
എം.പി. നാരായണപിള്ള, എസ്. ജയചന്ദ്രന്‍ നായര്‍, എം.എസ്. മണി, എന്‍.ആര്‍.എസ്. ബാബു, എ.പി. വിശ്വനാഥന്‍, എന്‍.എന്‍. സത്യവ്രതന്‍ തുടങ്ങി പത്രപ്രവര്‍ത്തനരംഗത്തെ ഭീഷ്മാചാര്യന്മാരായിരുന്നു അന്ന് കേരളകൗമുദിയിലും കലാകൗമുദിയിലും ഉണ്ടായിരുന്നത്. അപൂര്‍വമായ ആ ധിഷണാവൈപുല്യത്തിന് കീഴില്‍ ഹരിശ്രീ കുറിച്ചതിന്‍െറ പുണ്യം ഇന്നും ബാക്കി.
ഒരൊറ്റ നോവലിലൂടെ (‘പരിണാമം’) മലയാള സാഹിത്യത്തില്‍ പുതിയൊരു മാനംസൃഷ്ടിക്കാന്‍ കഴിഞ്ഞ പ്രതിഭാശാലി. മലയാള കഥയുടെ ആധുനിക ഭാവതീവ്രതക്ക് ‘മുരുകന്‍ എന്ന പാമ്പാട്ടി’, ‘ജോര്‍ജ് ആറാമന്‍െറ കോടതി’, ‘മൃഗാധിപത്യം’ ഒക്കെ നല്‍കിയ സംഭാവനകള്‍. ബൗദ്ധിക അരാജകത്വം സാറിന്‍െറ കഥകളെക്കുറിച്ച് പറഞ്ഞുകേള്‍ക്കാറുണ്ട്. ‘കള്ളന്‍’ എന്ന ഒറ്റക്കഥ മതി നാരായണപിള്ള സാറിന്‍െറ പ്രതിഭക്ക് സാക്ഷ്യമായി. പട്ടിണി, ദാരിദ്ര്യം ഇവയില്‍ പെട്ടുലഞ്ഞ ഒരു കള്ളനെ ഹൃദയത്തില്‍ ചേര്‍ത്തുവെക്കാന്‍ മലയാളിക്ക് നല്‍കിയത് എം.പി. നാരായണപിള്ളയാണ്.
‘‘നീയാരാ?’’
‘‘ഞാന്‍, ഞാന്‍’’, ഒന്നും പറയാന്‍ വരുന്നില്ല. നിലത്തേക്ക് നോക്കിക്കൊണ്ടിരുന്നു. എന്തു പറയാനാണ്’’
‘‘നീയാരാ?’’
‘‘കള്ളന്‍.’’
ആ ഇരുണ്ട മനുഷ്യന്‍െറ മുഖത്ത് അദ്ഭുതം. കൈയിലിരുന്ന കമ്മട്ടിപ്പത്തല്‍ മൂലയിലേക്കെറിഞ്ഞുകൊണ്ട് അയാള്‍ മണ്ണെണ്ണ വിളക്ക് ആ കള്ളന്‍െറ മുഖത്തേക്ക് അടുപ്പിച്ചുകൊണ്ട് ചോദിച്ചു:
‘‘നീയെന്തെടുക്കാനാണ് ഇവിടെ വന്നത്?’’
തലയുയര്‍ത്തി നോക്കാതെ സത്യം പറഞ്ഞു.
‘‘രണ്ട് വറ്റ് പെറുക്കിത്തിന്നാന്‍. കരിംപഷ്ണിയായിരുന്നു. വിശന്നുവിശന്ന്.’’
‘‘എന്നിട്ട് തിന്നോ?’’
ആതിഥേയന്‍ ജിജ്ഞാസയോടെ ചോദിച്ചു.
‘‘ഉവ്വ്.’’
‘‘ശരിക്കുറങ്ങിയോ?’’
‘‘ഉം.’’
ഒരു നിമിഷത്തെ നിശ്ശബ്ദത. വാതില്‍ക്കല്‍ നിന്നിരുന്ന സ്ത്രീകള്‍ പരസ്പരം മുഖത്തോടുമുഖം നോക്കി.
‘‘നടക്ക്.’’
നടന്നു.
വെട്ടുകല്ലുകള്‍കൊണ്ടുള്ള കല്‍പ്പടികളും പുഴമണല്‍ വിരിച്ച മുറ്റവും കടന്നു. തലതാഴ്ത്തി നടന്നു. പടിക്കലെത്തിയപ്പോള്‍ ഒന്ന് തിരിഞ്ഞുനോക്കി. പുറത്തേക്കുള്ള വാതില്‍ക്കല്‍ രണ്ടു സ്ത്രീകള്‍ മണ്ണെണ്ണ വിളക്കുമായി നില്‍ക്കുന്നു. ഇറയത്ത് പടിക്കലേക്ക് ഉറ്റുനോക്കിക്കൊണ്ട് ആ മനുഷ്യനും കരിയിലകള്‍ ചവിട്ടിമെതിച്ചുകൊണ്ട് ഇരുട്ടില്‍ മൂടിക്കിടക്കുന്ന ഇടവഴിയിലൂടെ നടന്നുപോകുമ്പോള്‍, നഖത്തിനിടയില്‍ മൊട്ടുസൂചി കയറ്റിയപ്പോഴും തുട വരഞ്ഞു കുരുമുളക് പൊടി തേച്ചപ്പോഴും തോന്നാത്ത ഒരു വേദന മനസ്സില്‍ നിറഞ്ഞു.
‘കള്ളന്‍’ വായിക്കുമ്പോഴൊക്കെ ആ കള്ളനും മനുഷ്യത്വം നിറഞ്ഞ മനുഷ്യനും വിശപ്പും വിശപ്പിന്‍െറ ദയനീയതയുമൊക്കെകൂടി എന്‍െറ നെഞ്ച് വരഞ്ഞുകീറാറുണ്ട്. കഥയെഴുതാന്‍ തുടങ്ങുമ്പോഴൊക്കെ വെല്ലുവിളിയാകുന്ന മലയാള കഥകളിലൊന്ന്.
വായനക്കാരനുമായി എഴുത്തുകാരന്‍െറ ബന്ധം ആത്മീയമായ ഒരു തലത്തിലാണ് സംഭവിക്കേണ്ടത് എന്നു സാര്‍ പറയാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ധ്യാനാത്മകമായ ഒരു സമീപനം ജീവിതത്തിലും എഴുത്തിലും സ്വീകരിക്കണം എന്ന് ഉപദേശിക്കുമായിരുന്നു.
എന്തിനെയും വിശകലനം ചെയ്തവതരിപ്പിക്കാനുള്ള അസാധാരണ പാടവം പലവട്ടം അമ്പരപ്പിച്ചിട്ടുണ്ട്. യുക്തിപൂര്‍വവും മൗലികവുമായ നിരീക്ഷണങ്ങളായിരുന്നു നാരായണപിള്ള സാറിന്‍െറ പ്രത്യേകതകളെന്ന് തോന്നിയിട്ടുണ്ട്. എന്തു പറയുമ്പോഴും വ്യത്യസ്തത, അത് അപൂര്‍വം പേര്‍ക്കുമാത്രം സാധിക്കുന്നതാണ്.
‘ഉരുളയ്ക്കുപ്പേരി’ എന്ന പംക്തിയില്‍ തന്‍േറതായ നിലപാടുകളിലൂടെ അദ്ദേഹം വ്യത്യസ്തമായ സാമൂഹിക വീക്ഷണങ്ങള്‍ കാഴ്ചവെച്ചപ്പോള്‍ മലയാളി വായനക്കാരന് പുതിയ അനുഭവമായി. തന്‍െറ വിയോജിപ്പുകള്‍ സവിശേഷമായ വിശകലനബുദ്ധിയോടെ, അദ്ദേഹം എഴുതുമ്പോള്‍ പലപ്പോഴും എതിര്‍ക്കാന്‍ മറന്ന് വായനക്കാര്‍ ഒപ്പംചേര്‍ന്ന് പോയിട്ടുണ്ട്. വാക്ക്, ശക്തിയും ഓജസ്സുമാര്‍ജിച്ച് വിളങ്ങി തിളങ്ങി നിന്ന എഴുത്തായിരുന്നു സാറിന്‍േറത്. അത്യപൂര്‍വമായ ധിഷണയുടെയും അതുകൊണ്ടുതന്നെ ഉണ്ടാവുന്ന പ്രതിഭാവിലാസമായ കിറുക്കുകളുടെയും സാന്നിധ്യം ആ വ്യക്തിത്വത്തിന്‍െറ ഭാഗമായിരുന്നു.
എഴുത്തിനെക്കുറിച്ചൊരിക്കല്‍ അദ്ദേഹം പറഞ്ഞത് ഓര്‍മവരുന്നു:
‘‘എഴുതുന്നതെന്തായാലും വായനക്കാരന് വായിക്കാന്‍ തോന്നുന്നതായിരിക്കണം. കഥയെഴുത്തിലും ഇതുതന്നെയാണ് ശ്രദ്ധിക്കേണ്ടത്. മറ്റെല്ലാം നമുക്കറിയാത്തതെന്തോ ആണ്. അതിനെ മാജിക്കെന്നോ പ്രതിഭയെന്നോ ഒക്കെ വിളിച്ചോളൂ. അജ്ഞാതമായ എന്തോ ഒന്നാണത്.’’
കലാകൗമുദി വിട്ടതിനുശേഷവും ഒന്നു രണ്ടു വട്ടം ബോംബെയില്‍ വിളിച്ച് സാറിനോട് സംസാരിച്ചിട്ടുണ്ട്. പണ്ടത്തെപ്പോലെ തന്ത്രമന്ത്ര കഥകള്‍ പറഞ്ഞ് ഭ്രമിപ്പിക്കുന്ന പതിവ് സാര്‍ അപ്പോഴും തുടര്‍ന്നിരുന്നു.
1991ല്‍ ‘പരിണാമ’ത്തിന് കേരള സാഹിത്യഅക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ സാര്‍ മുന്നോട്ടുവെച്ച ഉപാധികള്‍ - അവയോട് പ്രതികരിക്കാനാവാത്ത സാഹിത്യ അക്കാദമി. ഒടുവില്‍ ആ അവാര്‍ഡ് സ്വീകരിക്കപ്പെടാതെപോയത്.
‘പരിണാമം’ ഇന്നും വായിക്കുമ്പോള്‍ ഉള്ളിലുയരുന്നത് അദ്ഭുതാതിശയങ്ങളാണ്. ഒരു നായ കേന്ദ്രകഥാപാത്രമാവുന്ന നോവല്‍ - മലയാള നോവലിലെ ആദ്യ അനുഭവം.
അതിനെ കുറിച്ചും സാറിന് പറയാന്‍ ഉണ്ടായിരുന്നു...
‘‘മനുഷ്യകഥാനുഗായികള്‍ എഴുതാന്‍ ഇവിടെ ധാരാളം പേരുണ്ട്. പട്ടികഥാനുഗായി എഴുതാന്‍ വേറെ ആരാണുള്ളത്...’’
കലാകൗമുദിയില്‍ ഞാന്‍ ജോലിചെയ്തിരുന്ന കാലത്താണ് (1987-89) ‘പരിണാമം’ പ്രസിദ്ധീകരിക്കുന്നത്. സാറിന്‍െറ എഴുത്തും നമ്പൂതിരിയുടെ വരകളും - ‘പരിണാമം’ വായിക്കാന്‍ ഓരോ ആഴ്ചയും കാത്തിരിക്കുകയായിരുന്നു. പ്രൂഫ് വായിക്കാന്‍ കിട്ടിയാലും സന്തോഷം എന്നായിരുന്നു എനിക്ക്. ആദ്യഭാഗങ്ങള്‍ കേട്ടെഴുതിയിരുന്ന അശോകന്‍ (എസ്. അശോക് കുമാര്‍ ഇപ്പോള്‍ കേരളകൗമുദി കൊല്ലം എഡിഷനില്‍ ന്യൂസ് എഡിറ്ററാണ്) സാറിന്‍െറ എഴുത്തുരീതി പറഞ്ഞുതരുമായിരുന്നു.
‘‘രാത്രിയാണ് എഴുത്ത്. സാര്‍ പറയുന്നത് ഞാന്‍ കേട്ടെഴുതിക്കൊടുക്കും. ഒരു പ്രവാഹമാണ്. എഴുതിയ ഭാഗം വായിച്ച് എഡിറ്റ് ചെയ്യുന്നതുകണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ട്. 25ശതമാനംപോലും ഉണ്ടാവില്ല അവസാനം - സ്വന്തം കൃതി ഇത്രക്ക് കണിശമായി എഡിറ്റ് ചെയ്യുന്ന മറ്റൊരാള്‍ കാണുമോ എന്ന് അറിയില്ല. കുറെ എഴുതിക്കഴിയുമ്പോള്‍ ഞങ്ങളെയുംകൂട്ടി നടക്കാനിറങ്ങും (അന്ന് അശോകനെക്കൂടാതെ ഇ.എം. അഷ്റഫും ഭട്ടതിരിയും പ്രസാദ് ലക്ഷ്മണും സാറിന്‍െറ ഒപ്പം രാത്രിനടപ്പിനുണ്ടാകും). ആ അര്‍ധരാത്രിയിലെ നടപ്പിലാണ് പല പുതിയ കഥാപാത്രങ്ങളും നോവലിലേക്ക് കയറിവന്നിട്ടുള്ളത്. പുലര്‍ച്ച അഞ്ചുമണിക്ക് ഉറങ്ങാന്‍ കിടന്നാലും ഒമ്പതുമണിക്ക് സാര്‍ ഉണരും. പിന്നെ, കുറെ നേരത്തേക്ക് ശവാസനം ചെയ്യും. അതില്‍നിന്നാണ് ഊര്‍ജം മുഴുവന്‍ കിട്ടുന്നത്’’എന്ന് അശോകന്‍.
നാരായണപിള്ള സാര്‍ ബോംബെക്ക് പോകുന്നതുവരെയുള്ള ഭാഗങ്ങളാണ് അശോകനെഴുതിയത്.
‘‘നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായക്ക് കള്ളത്തരമില്ല എന്നുള്ളതാണ്.’’ ‘പരിണാമം’ വായിക്കാന്‍ പുതിയ തലമുറക്കും താല്‍പര്യക്കുറവില്ല എന്നു കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.
മലയാളസാഹിത്യത്തിലെ യാഥാസ്ഥിതിക രചനാസമ്പ്രദായത്തില്‍നിന്ന് മാറിനടന്ന നാരായണപിള്ളസാര്‍ മിത്തുകളും പഴങ്കഥകളും അതിഭൗതികതയുമൊക്കെ ചാലിച്ചുചേര്‍ത്ത്, ‘കറുത്ത ഫലിതം’ അന്തര്‍ധാരയാക്കി എഴുത്തിന്‍െറ പുതിയ വഴി വെട്ടിത്തെളിച്ചു. ‘മൂന്നാം കണ്ണ്’, ‘56 സത്രഗലി’, ‘അവസാനത്തെ പത്തുരൂപാ നോട്ട്’, ‘എം.പി. നാരായണപിള്ളയുടെ കാഴ്ചപ്പാടുകള്‍’, ‘എം.പി. നാരായണപിള്ളയുടെ കഥകള്‍’ തുടങ്ങിയവയിലൊക്കെ വെട്ടിത്തിളങ്ങുന്നു ആ പ്രതിഭാ സാന്നിധ്യം.
ഏതു വിഷയവും സാറിന് വഴങ്ങുമായിരുന്നു. രാഷ്ട്രീയവും കലയും മതവും ജ്യോതിഷവും യുക്തിവാദവും ബിസിനസും സ്പോര്‍ട്സുമൊക്കെ അദ്ദേഹത്തിന് ഇഷ്ടമുള്ള വിഷയങ്ങളായിരുന്നു. ഒരു പത്രാധിപര്‍ എന്ന നിലയില്‍ പുതുമയുള്ള പല പംക്തികളും തുടങ്ങാന്‍ നാരായണപിള്ളസാര്‍ അന്ന് ഞങ്ങള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കി. വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് പത്രാധിപര്‍ ഉത്തരംനല്‍കുന്ന പംക്തി അതിലൊന്നായിരുന്നു. പല പുതിയ വിഷയങ്ങളെക്കുറിച്ചും ഫീച്ചറുകള്‍ ചെയ്യാന്‍ സാര്‍ ആവശ്യപ്പെടുമായിരുന്നു. ഹോട്ടലുകളെക്കുറിച്ച് ‘വീടുവിട്ടൊരു വീട്’ എന്ന ഫീച്ചര്‍ അങ്ങനെ ഉണ്ടായതാണ്. വായനക്കാരായ നിരവധി പേരെ എഴുത്തുകാരാക്കുന്ന മായാവിദ്യ സാറിന് സ്വന്തമായിരുന്നു. പലപ്പോഴും ‘പത്രാധിപര്‍ക്കുള്ള കത്തുകള്‍’ ഒക്കെ വഴിയാവും സാര്‍ ഇവരെ കണ്ടെത്തുന്നത്. പത്രാധിപര്‍ എന്ന നിലയില്‍ സാര്‍ കാട്ടിയിരുന്ന നിര്‍ഭയത്വം എടുത്തുപറയാതെ വയ്യ. ആരെക്കുറിച്ചും എഴുതി പ്രസിദ്ധീകരിക്കാനുള്ള അപാരമായ ചങ്കൂറ്റം - എഴുത്തില്‍, വാര്‍ത്തയില്‍ വലുപ്പച്ചെറുപ്പത്തെക്കാള്‍ നിലവാരത്തിനാണ് നാരായണപിള്ളസാര്‍ പ്രാധാന്യം നല്‍കിയിരുന്നത്.
മറ്റുള്ളവരെ ക്ഷോഭിപ്പിച്ച് വാര്‍ത്തകള്‍ ഉണ്ടാക്കുന്ന ടെക്നിക് സാര്‍ ഞങ്ങള്‍ക്ക് പഠിപ്പിച്ചുതന്നിരുന്നു. ചിലര്‍ അഭിമുഖങ്ങള്‍ തരാന്‍ വിസമ്മതിക്കുമ്പോള്‍ ആ നിഷേധം ഉള്‍പ്പെടുത്തി ഫോണ്‍ സംഭാഷണം അതുപോലെ പ്രസിദ്ധീകരിക്കാന്‍ സാര്‍ നിര്‍ദേശിച്ചിരുന്നു.
അന്ന് ട്രയല്‍, വിമന്‍സ് മാഗസിന്‍ എന്നിവയുടെ മാറ്ററുകള്‍ വിമാനംവഴി ബോംബെക്ക് അയച്ചുകൊടുത്താണ് എഡിറ്റിങ് നടത്തിയിരുന്നത്. ഓരോന്നും വായിച്ച് വിശദമായ കുറിപ്പോടെ സാര്‍ തിരിച്ചയക്കും. പ്രസിദ്ധീകരിച്ച വാരികയില്‍ എഴുതുന്ന കമന്‍റുകള്‍ ക്ളാസിക് ആയിരിക്കും. ഒരിക്കല്‍ ലക്ഷ്മിക്കുട്ടി എന്നു പേരുള്ള ഒരു സ്്ത്രീയുടെ ഫോട്ടോ അച്ചടിച്ചുവന്നപ്പോള്‍ തെളിഞ്ഞിട്ടില്ല. ഒന്നും കാണാനില്ല. അച്ചടിച്ച വാരികയില്‍ പേന കൊണ്ട് സാര്‍ അടിക്കുറിപ്പെഴുതി...
‘‘ പൂതം.’’
വാര്‍ത്തകള്‍ കൊടുക്കുന്ന കാര്യത്തില്‍ മാത്രമല്ല സൗഹൃദങ്ങളുടെ കാര്യത്തിലും നാരായണപിള്ള സാറിന് പ്രായവ്യത്യാസവും വലുപ്പച്ചെറുപ്പവും ഇല്ലായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തിനെപോലെ സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന ആള്‍.
1998 മേയ് 19. ഞാനന്ന് ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ വാര്‍ത്താവിഭാഗത്തിലാണ്. ഉച്ചക്ക് 12.30നുള്ള പ്രാദേശികവാര്‍ത്തകള്‍ തയാറാക്കുകയായിരുന്നു. ആ വാര്‍ത്ത എവിടെനിന്നാണ് വന്നത് എന്ന് ഓര്‍ക്കാനാവുന്നില്ല, പക്ഷേ, അതെനിക്കെഴുതേണ്ടി വന്നു. നാരായണപിള്ളയുടെ മരണവാര്‍ത്ത.
വാര്‍ത്ത എഴുതിക്കഴിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിയാതെ ഞാന്‍ പകച്ചു. ആരോടാണിത് ചോദിക്കുക, ബോംബെയില്‍ വിളിച്ച് നാരായണപിള്ള സാറിനോടുതന്നെ ചോദിച്ചാലോ? അടുത്ത നിമിഷം ഞാന്‍ യാഥാര്‍ഥ്യത്തിലേക്ക് മടങ്ങിയെത്തി, അന്നത്തെ പ്രാദേശിക വാര്‍ത്തകളുടെ പ്രധാനവാര്‍ത്തയായി പ്രിയപ്പെട്ട നാരായണപിള്ള സാറിന്‍െറ മരണം ‘ഹെഡ്ലൈന്‍’ ചെയ്തു. പ്രിയമുള്ളവരുടെ മരണവാര്‍ത്ത കൊടുക്കേണ്ടിവരുമ്പോഴുള്ള നീറുന്ന വേദന അന്നും ഞാനറിഞ്ഞു.
ഞാന്‍ ബൈജുവിനെ വിളിച്ച് വിവരം പറഞ്ഞു. ബൈജു ഞെട്ടി.
‘‘എനിക്ക് കഴിഞ്ഞയാഴ്ച നാരായണപിള്ള അയച്ച ഒരു കത്തിന് മറുപടി എഴുതാന്‍ തുടങ്ങുകയായിരുന്നു ഞാന്‍.’’
‘‘പ്രിയപ്പെട്ട ചേട്ടന് എന്നെഴുതിക്കഴിഞ്ഞപ്പോഴാണ് നിന്‍െറ ഫോണ്‍.’’
അപ്പോഴേക്കും പ്രാദേശികവാര്‍ത്ത കഴിഞ്ഞിരുന്നു. സാറിന്‍െറ മരണത്തെക്കുറിച്ച് സ്വകാര്യമായി ഓര്‍ക്കാനും കരയാനുമുള്ള സമയം എനിക്ക് കിട്ടുന്നത് അതിനു ശേഷമാണ്. ഒരുപാട് നാളായി സാറിനെ വിളിക്കാത്തതിലും സംസാരിക്കാത്തതിലും ഞാന്‍ സ്വയം കുറ്റപ്പെടുത്തി. പിന്നെ ആശ്വസിപ്പിച്ചു - ‘മൗനവ്രതം’ എടുത്തിരിക്കുന്നുവെന്ന് കേട്ടതുകൊണ്ടല്ലേ വിളിക്കാത്തത്.
ഇന്നലെ ഇതെഴുതുമ്പോള്‍ ഞാന്‍ അശോകനെ വിളിച്ചു. ഒരുപാട് വര്‍ഷങ്ങളായി ഉള്ളിലുണ്ടായിരുന്ന സംശയം ചോദിച്ചു.
‘‘നാരായണപിള്ളസാര്‍ ചാത്തന്‍േറം മറുതയുടെയുമൊക്കെ കാര്യങ്ങള്‍ പറഞ്ഞ് എന്നെ ഒരുപാട് കളിപ്പിച്ചിരുന്നല്ലോ. നിങ്ങളോടുമതൊക്കെ പറയുമായിരുന്നോ?’’
‘‘പറയുമായിരുന്നോന്നോ -കൊള്ളാം. സാറിനതൊക്കെ അല്ലായിരുന്നോ രസം. ഗുരുവായൂരൊക്കെ പോയിവരുമ്പോള്‍ ആഭിചാരക്രിയകളെക്കുറിച്ചൊക്കെയുള്ള പുസ്തകങ്ങള്‍ വാങ്ങി വരും. കുത്തിയിരുന്ന് വായിച്ച് പഠിക്കും. എന്തിനാണെന്നറിയാമോ? നമ്മളോടൊക്കെ പറയാനും പേടിപ്പിക്കാനും.’’
എനിക്ക് സമാധാനമായി. എല്ലാവരോടും അങ്ങനെയൊക്കെയായിരുന്നുവല്ലോ നാരായണപിള്ളസാര്‍.
മലയാളത്തിന് സാര്‍ നല്‍കിപ്പോയ ഈടുറ്റ കഥകളും ‘പരിണാമ’വും ലേഖനങ്ങളും ഇനിയും ശ്രദ്ധാപൂര്‍വമുള്ള വായന അവയെപ്രതി നടന്നിട്ടുണ്ടോ എന്ന് സംശയം.
‘മൃഗാധിപത്യം’ എപ്പോള്‍ വായിക്കുമ്പോഴും കഥയുടെ അവസാനം മനസ്സിലുടക്കും - അദ്ഭുതത്തോടെ വീണ്ടും വീണ്ടും വായിക്കും...
‘‘ഒരു സാക്ഷിയുണ്ട് വിസ്തരിക്കാന്‍.’’
‘‘ഉടനെ വരുത്തിയാല്‍ ഇന്നുതന്നെ അന്വേഷണം പൂര്‍ത്തിയാക്കാം. അയാള്‍ ഇവിടെ അടുത്തുതന്നെയുണ്ടോ?’’
‘‘വെളിയില്‍ തണലത്ത് നില്‍പുണ്ട്. വിളിച്ചാല്‍ വരുന്നതേയുള്ളൂ.’’
‘‘ശരി. ആരാണ്?’’
‘‘മേല്‍ വിവരിച്ച സംഭവത്തിലെ പ്രധാന കുറ്റവാളിയാണ് സാര്‍. ഡി.എഫ്.ഒ ദാമോദരന്‍ നായരെ തിന്ന പുലി - വിളിക്കട്ടെ?’’
l