സ്വപ്നത്തിലെ വെണ്‍ശംഖുകള്‍ | Madhyamam Weekly
Weekly


സ്വപ്നത്തിലെ വെണ്‍ശംഖുകള്‍

സൂര്യാഗോപി

എത്ര ഒഴുകിയാലും വറ്റാത്ത നീരുറവ പോലെയോ എത്ര പെയ്താലും ഒഴിയാത്ത കര്‍ക്കടകമേഘംപോലെയോ ഒരു തോരാസങ്കടം എന്‍െറയുള്ളില്‍ നിക്ഷിപ്തമാണെന്ന് ഞാനറിയുന്നു. ബാല്യത്തിലെ കാലിടര്‍ച്ചയിലെപ്പോഴോ അമ്മയുടെ സ്നേഹം അതിന്, ഉള്ളുറയ്ക്കാത്ത മെഴുകുരൂപം മെനഞ്ഞുനല്‍കിയെന്നു തോന്നുന്നു.
എന്നിരുന്നാലും, ഒരു തുള്ളി കണ്ണുനീര്‍ച്ചൂടില്‍, കവിളുകള്‍ നനച്ചും കരള്‍ പൊള്ളിച്ചും മെഴുക് ഇറ്റുവീഴും. അതുകൊണ്ടാവാം, ചങ്ങാതിക്കൂട്ടങ്ങളുടെ തുമ്പിവാലില്‍ നൂലുകെട്ടല്‍ കണ്ട് എന്‍െറ ചങ്ക് പിടച്ചത്. ഓടിത്തൊട്ടുകളിയുടെ ചാപല്യങ്ങള്‍ക്കെതിരെ മുത്തശ്ശിയുടെ മുഖവുമായി ഞാന്‍ അന്നേ ചമ്രംപടിഞ്ഞിരുന്നതും അതുകൊണ്ടാവാം.
കനലില്‍ ഊതിക്കാച്ചിയെടുത്ത പക്വത, ഇരട്ടമുഖമായി എന്‍െറ കൂടെയുണ്ടായിരുന്നു. ബാല്യത്തില്‍തന്നെ എനിക്ക് കൗമാരമായി, യൗവനസുഗന്ധത്തില്‍ എനിക്ക് യോഗിനീഭാവമായി. വാര്‍ധക്യത്തിലാണ് എനിക്കെന്‍െറ സങ്കടക്കനം തിട്ടപ്പെട്ടുകിട്ടുക എന്ന് ഞാനുറപ്പാക്കി. അതുകൊണ്ട്, ഏതു നേരവും സമാധി ചിതല്‍പ്പുറ്റായി മൂടുമെന്ന് ഞാന്‍ കണക്കുകൂട്ടി. ചിതല്‍ക്കൂടിനകത്തെ വെളുത്ത ജീവനുകളെ എന്‍െറ ദു$ഖങ്ങള്‍ പറിച്ചേല്‍പിച്ചുറങ്ങാന്‍ ഞാന്‍ കൊതിച്ചു. ഒരു നാള്‍ ചിതല്‍വീട് തകര്‍ത്ത് അവരും ഞാനും ലോകം കാണാനിറങ്ങുമെന്നും എനിക്ക് സ്വപ്നംകാണാനായി.
എന്‍െറ സ്വപ്നങ്ങളില്‍ പേര്‍ത്തും പേര്‍ത്തും ഒരു കാളിയന്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അവന്‍ സ്വപ്നത്തില്‍ ഊളിയിട്ടു മറയുമ്പോഴേക്ക് തണുത്ത വിരലുകള്‍കൊണ്ട് ചുവന്ന കണ്ണിണകളില്‍നിന്ന് നനവമര്‍ത്തി അരണ്ട അന്തരീക്ഷത്തിലേക്കു നോക്കി കിതപ്പോടെ ഇരിക്കാറുണ്ടായിരുന്നു, ഞാന്‍. കറുത്ത മെഴുകുവെള്ളത്തില്‍ അവന്‍ ബലിഷ്ഠമായ വാല്‍കൊണ്ടേല്‍പിക്കുന്ന ഓരോ പ്രഹരവും എന്‍െറ ഉറക്കത്തിന്‍െറ പ്രതലങ്ങളെ ചീളുകളായി തകര്‍ത്തെറിഞ്ഞുകൊണ്ടിരുന്നു. ആ ബഹളപ്പാടില്‍ എവിടെനിന്നോ വരുന്ന ഓടക്കുഴല്‍വിളി ശ്വാസംകിട്ടാതെ പിടയുന്നതും ഞാന്‍ കേട്ടു.
‘‘പേടി തോന്ന്യാ... രാമ-രാമ ജപിക്യാ... അതങ്ങട് മാറും’’ ‘‘പിന്നെ! കാളിയന്‍റടുത്ത് രാമനെങ്ങനാ വര്വാ...?!’’ പണ്ട്, ഈ രണ്ടു വര്‍ത്തമാനത്തില്‍ പേടിയെപ്പറ്റിയുള്ള അമ്മയുടെ മറുമരുന്നുവിവരണവും എന്‍െറ പരാതിയും തീര്‍പ്പുകല്‍പിക്കപ്പെട്ടിരുന്നു.
പിന്നീടെപ്പോഴോ അമ്മയുടെ ഉത്തരംമുട്ടല്‍ ചിരിയോടെ കൂട്ടുകാരിസമക്ഷം അവതരിപ്പിച്ചപ്പോള്‍ അവള്‍ പറഞ്ഞു, ‘‘കാളിയന്‍റടുത്ത് രാമന്‍ വരില്ലായിരിക്കും...കൃഷ്ണനല്ലേ മൂപ്പരെ മലര്‍ത്തിയടിച്ചത്...കൃഷ്ണന്‍െറ സ്വന്തക്കാരനല്ലേ അര്‍ജുനന്‍. അപ്പോള്‍ ‘അര്‍ജുനന്‍-ഫല്‍ഗുനന്‍...’ ചൊല്ലാമല്ലോ നിനക്ക്.’’
എന്‍െറ ദു$സ്വപ്നങ്ങളുടെ കടിഞ്ഞാണ്‍ അര്‍ജുനനെ ഏല്‍പിക്കാന്‍ ഞാന്‍ വഴങ്ങിയില്ല. കാളിയന്‍ സ്വപ്നത്തില്‍ സൈ്വരവിഹാരം നടത്തി എന്‍െറ സൈ്വരം ഊതിക്കെടുത്തിക്കൊണ്ടിരുന്നു.
മുടിയിഴകളില്‍ പതുക്കെ വെള്ളിനൂലുകള്‍ പാവുനെയ്യാന്‍ തുടങ്ങവേ, എന്‍െറ പ്രായത്തെപ്പറ്റി ഞാന്‍ ബോധവതിയായിത്തുടങ്ങി. വന്‍കരകള്‍ക്കപ്പുറത്തുനിന്ന് വെബ്കാമറയിലൂടെ ഒരു മധ്യവയസ്കന്‍ എന്നെ ഇഷ്ടമാണെന്നു മൊഴിഞ്ഞു. എന്തെങ്കിലും മറുമൊഴി കിട്ടാതെ താന്‍ പിന്‍വാങ്ങില്ലെന്ന് കടല്‍കുറുകെ എന്നിലേക്കെത്തുന്ന മറ്റൊരു ടെലിഫോണ്‍ സന്ദേശം.
എനിക്ക് കല്യാണക്കാലം നിറഞ്ഞുകവിഞ്ഞു എന്നൊക്കെ പരാതികളടുക്കിവെച്ച് അമ്മ അമ്പലത്തിലെ ശ്രീകൃഷ്ണന് എന്നും നിവേദനമയച്ചു. സങ്കടമുണര്‍ത്തിച്ചു. എന്നാല്‍, എന്നെ ഇഷ്ടപ്പെട്ടവരില്‍ ഒരാളെപ്പോലും എനിക്ക് അന്നോളം ബോധിച്ചതുമില്ല. എത്ര കറുകറുത്ത കട്ടിമീശയും വീതുളിപോലത്തെ കൃതാവും ഉണ്ടായിട്ടെന്താണ്, അവരിരാരിലും നീലക്കാര്‍വര്‍ണന്‍െറ ചുണ്ടിലെ കുസൃതിയോ വാക്കിലെ തേനോ കണ്ടില്ല. നേര്‍ക്കുനേരെനിന്ന് ശത്രുക്കളെ എതിരിടാന്‍ സൈ്വരം പ്രകടിപ്പിക്കാത്ത ശുംഭന്മാര്‍! പിന്നില്‍നിന്ന് ചതിച്ച്, മുന്നില്‍വന്ന് വെളുവെളെ ചിരിക്കുന്ന സ്വന്തംകാര്യംനോക്കികള്‍!
ധനലാഭം, ഉദ്ദിഷ്ടകാര്യലാഭം, വിവാഹയോഗം, ബന്ധുസമാഗമം എന്നൊക്കെ നക്ഷത്രവാരഫലം കണ്ട് അമ്മ എന്നെ ഫോണ്‍ ചെയ്തത്, ഒരു നട്ടുച്ചക്ക്. ഉടനെ ഞാന്‍ വീട്ടിലേക്ക് വണ്ടി കയറി. എന്നെ എതിരേറ്റത് ചുവന്നുതുടുത്ത കശ്മീരി ആപ്പിള്‍ മുഖമുള്ള ഒരു ചെറുപ്പക്കാരനും അയാളുടെ വീട്ടുകാരുമാണ്.
പ്രഥമദൃശ്യാ പ്രണയബദ്ധനായിപോലും അയാള്‍!
 നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശകേട്ട മട്ടില്‍ ഞാന്‍ തലയറഞ്ഞു ചിരിച്ചു. പ്രായാധിക്യംബാധിച്ച അമ്മയെ എന്തിനധികം സങ്കടത്തില്‍ ചുഴറ്റുന്നു എന്നു ചിന്തിച്ച് ഞാന്‍ വിവാഹത്തിന് തലനീട്ടിക്കൊടുത്തു.
വിവാഹശേഷവും, കാളിയമര്‍ദകനെ കാത്തിരിക്കാന്‍ മാത്രമായി രാത്രികള്‍ മാറിയപ്പോള്‍ എന്‍െറ കണ്ണുകളടയാതെയായി. ഇരുട്ടും സ്വപ്നവും താപസിമനവും എന്നെ വിരല്‍തൊട്ടു പൊള്ളിച്ച രാത്രിയില്‍ കാളിയരോദനം കുങ്കുമഛവി പടര്‍ന്ന പുഴയില്‍ ഓളംതല്ലി എന്‍െറ ഹൃദയത്തില്‍ പതിച്ചു. ചുരുണ്ട തിരുമുടിക്കെട്ടില്‍ മയില്‍പ്പീലി തിരുകിയവനെ ഞാന്‍ പരതി. നദിക്കരയില്‍ വെണ്‍ശംഖു ചുണ്ടോടുചേര്‍ത്ത് പാര്‍ഥന്‍ യുദ്ധകാഹളം മുഴക്കുന്നു.
‘‘അര്‍ജുനന്‍...ഫല്‍ഗുനന്‍...പാര്‍ഥന്‍...കിരീടി...’’, ഞാനുരുവിട്ടു.
‘‘രാധേ...’’ അര്‍ജുനന്‍ തേരില്‍നിന്നിറങ്ങി എന്‍െറ നേരെ വലതുകൈ നീട്ടി.
‘‘രാധയോ...’’ എന്ന മട്ടില്‍ ഞാനെന്നെ ചൂഴ്ന്നുനോക്കി. കശ്മീരി ആപ്പിള്‍ക്കവിളുകളില്‍ ചുവന്നനിറം പടര്‍ത്തി ഏതോ സ്വപ്നാടനം നടത്തുകയായിരുന്ന ഭര്‍ത്താവ് കൂര്‍ക്കംവലി നിര്‍ത്തി വേഗം തിരിഞ്ഞുകിടക്കുന്നത് ഞാനൊന്നു നോക്കി. പിന്നെ, മണിപ്പാദസരം കുലുക്കി അര്‍ജുനന്‍െറ പാണി ഗ്രഹിച്ചു.
കാളിയരോദനവും മുരളീനാദവും എന്‍െറ കാതില്‍നിന്ന് എന്നെന്നേക്കുമായി അകന്നുപോകുന്നത് ഞാനറിഞ്ഞു.
തിരയൊടുങ്ങാത്ത എന്‍െറ ദു$ഖക്കടല്‍ ഇന്ന് വറ്റിവരണ്ടിരിക്കുന്നു. കാളിന്ദിയിലിപ്പോള്‍ തെളിനീരൊഴുക്കാണ്. കാളിയന്‍ അവിടേക്കോ എന്‍െറ സ്വപ്നരാജ്യത്തിലേക്കോ ഒന്നെത്തിനോക്കാറുപോലുമില്ല.
എന്‍െറ മുഖം, മുത്തശ്ശിഭാവം വെടിഞ്ഞ്, ചുളിവുകള്‍ വീഴാതെയിരിക്കുന്നു. ഭര്‍ത്താവിന്‍െറ ഒട്ടാത്ത കവിള്‍ത്തുടിപ്പിനോട് കിടപിടിക്കുന്നുണ്ട് എന്‍േറതും.
എന്നിട്ടും ഞരമ്പ് പൊട്ടി ചോരവാര്‍ന്ന് എന്‍െറ മയില്‍പ്പീലിക്കണ്ണ് പിടച്ചുകൊണ്ടേയിരിക്കുന്നു.
l


കഥ

മുന്‍ ലക്കങ്ങള്‍