അന്നദാനം | Madhyamam Weekly
Weekly


അന്നദാനം

പി.എന്‍. കിഷോര്‍കുമാര്‍

സ്വാമിജി അന്നദാനത്തിന്‍െറ മഹത്ത്വത്തെക്കുറിച്ച് സുദീര്‍ഘമായ പ്രഭാഷണം നടത്തി. ഉപനിഷത്തുകളും പുരാണങ്ങളുമൊക്കെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രഭാഷണം ശ്രോതാക്കള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. അനന്തരം ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാനുള്ള വേളയും അനുവദിച്ചിരുന്നു.
‘‘അന്നം മനുഷ്യര്‍ക്കു മാത്രം നല്‍കിയാല്‍ മതിയോ, സ്വാമിജീ’’, പത്രോസ് എന്നയാള്‍ എഴുന്നേറ്റ് ചോദിച്ചു.
‘‘സര്‍വചരാചരങ്ങളിലും വിശപ്പായി വൈശ്യാനരന്‍ ഉള്ളതിനാല്‍ ഏതൊരു ജീവിക്കും അന്നം നല്‍കേണ്ടതാണ്. ഒരു ചെടിക്ക് വെള്ളവും വളവും നല്‍കുന്നതുപോലും പുണ്യകര്‍മമാണെന്നുപറയാം.’’
‘‘ഞാന്‍ മത്സ്യങ്ങള്‍ക്ക് അന്നം നല്‍കാറുണ്ട്’’, പത്രോസ് വിനയാന്വിതനായി പറഞ്ഞു.
‘‘മിണ്ടാപ്രാണികള്‍ക്ക് അന്നം നല്‍കുന്നത് ഏറെ ശ്രേഷ്ഠമാണ്’’, സ്വാമിജി പറഞ്ഞു.
ചോദ്യോത്തരങ്ങള്‍ ശ്രവിച്ച സദസ്യര്‍ ഒരു പുണ്യാത്മാവിനെയെന്നോണം പത്രോസിനെ നോക്കി. അയാളാകട്ടെ അഹന്താലേശമില്ലാതെ വിനയത്തോടെ നിലകൊണ്ടു. കര്‍തൃത്വഭാവം വെടിഞ്ഞുള്ള ആ നില്‍പുകണ്ടപ്പോള്‍ സ്വാമിജിക്ക് അയാളോട് ഏറെ താല്‍പര്യം തോന്നി.
‘‘താങ്കള്‍ മത്സ്യങ്ങള്‍ക്ക് അന്നമായിട്ടെന്താണ് നല്‍കാറ്?’’ സ്വാമിജി പത്രോസിനോട് ചോദിച്ചു.
‘‘ഞാന്‍ മണ്ണിരയെ ചൂണ്ടയില്‍
കോര്‍ത്ത് മത്സ്യങ്ങള്‍ക്ക് നല്‍കും.’’
l


കഥ

മുന്‍ ലക്കങ്ങള്‍