മേല്‍വിലാസം തെറ്റിയ ജീവിതം | Madhyamam Weekly
Weekly


മേല്‍വിലാസം തെറ്റിയ ജീവിതം

പി.കെ. ശ്രീനിവാസന്‍

സമ്പന്നതയുടെ ആകാശങ്ങളില്‍നിന്ന് സിനിമയുടെ വിശാലതയിലേക്ക് ഭാഗ്യംപരീക്ഷിക്കാന്‍ ചിറകുവിരിച്ചിറങ്ങിയവര്‍ നിരവധിയാണ്. സിനിമയെന്ന വ്യാമോഹത്തില്‍ മനസ്സിനെ മെരുക്കി ഭാവിസാധ്യതകള്‍ കണ്ടെത്താമെന്നു കരുതിവന്ന നിരവധിപേരെ നമുക്ക് കോടമ്പാക്കത്തിന്‍െറ നിഴല്‍മൂടിയ ചരിത്രത്താളുകളില്‍ കാണാം. സ്വന്തം പരിമിതികള്‍പോലും തിരിച്ചറിയാനാകാത്ത ഇവര്‍ കാലത്തിന്‍െറ പീഡനമേറ്റ് അസ്തമിക്കുന്നു. അഭിനയരംഗത്താണ് ഇത്തരക്കാരുടെ സന്നിവേശം അധികവും. മലയാളസിനിമയുടെ പരിവര്‍ത്തനത്തിനു നേതൃത്വംവഹിച്ചവരില്‍ പ്രമുഖനായ പി.എന്‍. മേനോന്‍െറ ‘ചെമ്പരത്തി’, ‘ചായം’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സന്ദര്‍ഭം ലഭിച്ച സുധീര്‍ ഭാഗധേയങ്ങളുടെ തടവുകാരനായിരുന്നു. തനിക്ക് ലഭിച്ച കഥാപാത്രങ്ങള്‍ മറ്റൊരു പരിവര്‍ത്തനഘട്ടത്തിന്‍െറ നാന്ദിയായിരുന്നിട്ടും സുധീറിന്‍െറ രാശിചക്രം തലകുത്തിവീണു, വിക്ഷേപണത്തറയില്‍ പരാജയപ്പെട്ട അത്യാധുനിക റോക്കറ്റുപോലെ. താന്‍ ലക്ഷ്യമിട്ട വഴികള്‍ തെറ്റിപ്പോകുന്നതുപോലും തിരിച്ചറിയാന്‍ കഴിയാതെ കോടമ്പാക്കത്തിന്‍െറ ശീതനിശ്വാസങ്ങളിലൂടെ ഈ നടന്‍ സഞ്ചരിക്കുകയായിരുന്നു, നിരവധി വര്‍ഷങ്ങള്‍.  
1970ല്‍ എ.വിന്‍സന്‍റ് എം.ടിയുടെ തിരക്കഥയില്‍ ‘നിഴലാട്ടം’ സംവിധാനം ചെയ്യുന്ന കാലം. കൊടുങ്ങല്ലൂരില്‍ കുടുംബവേരുകളുള്ള, ബഹദൂറിന്‍െറ നാട്ടുകാരനായ ഒരു പയ്യന്‍ വിന്‍സന്‍റിനോടൊപ്പം മൂവികാമറ പഠിക്കാന്‍ വന്നിരിക്കുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ് അവസാനവര്‍ഷത്തില്‍നിന്നാണ് വരവ്. എന്നാല്‍, എ. വെങ്കിട്ടു നിയന്ത്രിക്കുന്ന കാമറയുടെ പിന്നില്‍നിന്ന് ആ പയ്യനെ മുന്നിലേക്കുവരാന്‍ നിര്‍ബന്ധിച്ചത് വിന്‍സന്‍റായിരുന്നു. അതില്‍ പ്രേംനസീറിന്‍െറ അനുജനായി വേഷമിടാന്‍ അയാളെക്കാള്‍ മറ്റൊരു സുന്ദരനില്ല എന്ന നിഗമനത്തിലെത്തിയതും സംവിധായകന്‍തന്നെ. അങ്ങനെയാണ് അബൂബക്കര്‍ എന്ന മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി സുധീറിന്‍െറ രൂപത്തില്‍ ‘നിഴലാട്ട’ത്തിലെത്തുന്നത്. ആ ചിത്രത്തിനുശേഷം ‘അനാഥശില്‍പങ്ങളി’ലും ‘എറണാകുളം ജങ്ഷനി’ലും സുധീറിനു പ്രധാനവേഷങ്ങള്‍ ലഭിച്ചു.  
മലയാളസിനിമയുടെ മാറ്റത്തിനു കാരണമായ വര്‍ഷമായിരുന്നു 1972. ആ വര്‍ഷം പുറത്തിറങ്ങിയ 47 ചിത്രങ്ങളില്‍ പലതും ശ്രദ്ധേയമായി. ചിലതൊക്കെ ദേശീയതലത്തില്‍പോലും ശ്രദ്ധിക്കപ്പെട്ടു. ‘അച്ഛനും ബാപ്പയും’, ‘പണിതീരാത്ത വീട്’, ‘സ്വയംവരം’, ‘ചെമ്പരത്തി’, ‘പണിമുടക്ക്’, ‘പുനര്‍ജന്മം’ തുടങ്ങിയവ. ആ മികവിന്‍െറ സുഗന്ധത്തില്‍ സുധീര്‍ അഭിനയിച്ച ‘ചെമ്പരത്തി’യുമുണ്ടായിരുന്നു. ഒരര്‍ഥത്തില്‍ അക്കാലത്ത് തന്നോടൊപ്പംവന്ന രാഘവന്‍, വിന്‍സന്‍റ് തുടങ്ങിയ നടന്മാരെക്കാളധികം ഭാഗ്യവാനായിരുന്നു സുധീര്‍. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങള്‍. ‘ചെമ്പരത്തി’യിലെ വില്ലന്‍, ‘ചായ’ത്തിലെ ചിത്രകാരന്‍, ‘സ്വപ്ന’ത്തിലെ കവി, ‘അച്ചാണി’യിലെ കാമുകന്‍ എന്നിങ്ങനെയുള്ള തീവ്രമായ കഥാപാത്രങ്ങളെ ശ്രദ്ധിച്ചപ്പോള്‍ സംവിധായകര്‍ക്കും എന്തിനേറെ, പ്രേക്ഷകര്‍ക്കും പ്രതീക്ഷയേറി (‘അച്ചാണി’യില്‍ ‘‘എന്‍െറ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍...’’എന്ന ഗാനം യേശുദാസ് പാടി അഭിനയിക്കുമ്പോള്‍ സുധീറും സുജാതയുമാണ് പ്രധാനതാരങ്ങള്‍. യൂ ട്യൂബില്‍ ഇന്നും സജീവം). ബാബു നന്ദന്‍കോട് സംവിധാനം ചെയ്ത ‘സത്യത്തിന്‍െറ നിഴലി’ലെ അഭിനയത്തിന് (1975) സംസ്ഥാന സര്‍ക്കാറിന്‍െറ അവാര്‍ഡുകൂടി ലഭിച്ചപ്പോള്‍ സുധീറിന്‍െറ ഭാഗ്യരേഖ തെളിഞ്ഞെന്നു ജനം കരുതി. പിതാവ് ജസ്റ്റിസ് മൊയ്തു. സഹോദരങ്ങളൊക്കെ ഉന്നതനിലയില്‍. സമ്പന്നമായ കുടുംബപശ്ചാത്തലം. എന്‍ജിനീയറുടെ കര്‍മപദം, നിയോഗം വേണ്ടെന്നുവെച്ച വ്യക്തി. സിനിമാഭ്രമം മൂത്ത് കോടമ്പാക്കത്തെത്തിയിട്ട് നിരാശനാകേണ്ടിവന്നില്ല എന്ന തോന്നല്‍. സുധീര്‍ അടിവെച്ചടിവെച്ച് കയറുകയായിരുന്നു. പക്ഷേ, സിനിമയുടെ ജാതകമറിയാവുന്നവര്‍ക്ക് അതിന്‍െറ പരംപൊരുളുമറിയാം. ചുവടുപിഴയ്ക്കാന്‍ അധികസമയം വേണ്ട. എവിടെയോ ചില്ലറ പാളിച്ചകള്‍. പ്രതീക്ഷിച്ചപോലെ സുധീറിനു മുന്നേറാന്‍ കഴിഞ്ഞില്ല. ചെറുതും വലുതുമായ ഇരുനൂറിലധികം വേഷങ്ങള്‍ ഈ നടന്‍ അവതരിപ്പിച്ചു. ഒന്നാം നിരയില്‍നിന്ന് ഈ നടന്‍ രണ്ടാം നിരയിലേക്കും തുടര്‍ന്ന് മൂന്നാം നിരയിലേക്കും തെന്നിമാറുന്ന ദയനീയമായ ദൃശ്യങ്ങള്‍ക്ക് കോടമ്പാക്കം സാക്ഷിയായി. തുടക്കത്തില്‍ പ്രതീക്ഷാനിര്‍ഭരമായ യൗവനങ്ങളുടെ ഒത്തുചേരലുമുണ്ടായി. അന്നു ഭരതന്‍, കുഞ്ചന്‍, സുധീര്‍, ബഹദൂറിന്‍െറ ഒരു ബന്ധു തുടങ്ങിയവരുടെ താവളം വാടകകുറഞ്ഞ ഒരിടത്തായിരുന്നു. കൊണ്ടും കൊടുത്തുമുള്ള ജീവിതം. പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയെന്നത് സ്വകാര്യതയുടെ കണ്‍വെട്ടത്തില്‍ വേണമായിരുന്നു. ഭരതനെ സുധീറാണ് വിന്‍സന്‍റിന് പരിചയപ്പെടുത്തുന്നത്. ചെണ്ടയുടെ കലാസംവിധായകനായി ഭരതന്‍ രംഗത്തുവന്നു.  
മടങ്ങിപ്പോക്കിന്‍െറ ബാലപാഠങ്ങള്‍ വിസ്മരിച്ചിരുന്ന സുധീര്‍ സാവധാനം തമിഴ് സിനിമയിലേക്ക് പ്രവേശിക്കാനൊരു ശ്രമംനടത്തി. ഒരുതലൈരാഗം ‘മീശ’ വിജയനെപ്പോലുള്ള നടന്മാര്‍ തമിഴില്‍ കത്തിനിന്നകാലം സുധീറിനു കൂടുതല്‍ ശുഭാപ്തിവിശ്വാസം നല്‍കി. ‘ഭൈരവി’, ‘ദേവത’ തുടങ്ങിയ തമിഴ്ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. തുടര്‍ന്ന് ‘കല്യാണം ഒരു കാല്‍ക്കെട്ട്’, ‘ശൊന്നാ നമ്പമാട്ടിങ്ക’ എന്നീ തമിഴ്ചിത്രങ്ങളിലും മികച്ച വേഷങ്ങളാണ് സുധീറിനു ലഭിച്ചത്. ‘ചന്ദനച്ചോല’ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ സുധീറിന് അതിലും ക്ഷണം ലഭിച്ചു. പക്ഷേ, അതൊന്നും കാര്യമായ നേട്ടങ്ങള്‍ സൃഷ്ടിച്ചില്ല. മലയാളവും തമിഴുമില്ലാത്ത അവസ്ഥ.
തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന കാര്യത്തില്‍ സുധീറിനു പാളിച്ചകള്‍ സംഭവിച്ചു. തമിഴിലെ മികച്ച ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിയാതെപോയതാണ് തന്‍െറ ഏറ്റവും വലിയ പരാജയമെന്ന് ഒരിക്കല്‍ സുധീര്‍ എന്നോടു പറഞ്ഞിട്ടുണ്ട്. മലയാളത്തില്‍ തിരക്കുവര്‍ധിച്ചപ്പോഴാണ് ശിവാജിഗണേശന്‍െറ ‘ആന്തമാന്‍ കൈതി’യില്‍ അഭിനയിക്കാനുള്ള അവസരം കൈവരുന്നത്. പക്ഷേ, മലയാളത്തിനു കൊടുത്ത കാള്‍ഷീറ്റുകള്‍ തെറ്റിക്കരുതെന്ന ധാരണവന്നപ്പോള്‍ ‘ആന്തമാന്‍ കൈതി’ ഔ്. അന്നത്തെ ആ ഓഫര്‍ സ്വീകരിച്ചിരുന്നെങ്കില്‍ തന്‍െറ ഭാഗധേയംതന്നെ മാറിമറിയുമായിരുന്നെന്ന് പലപ്പോഴും സുധീര്‍ നഷ്ടബോധത്തോടെ സുഹൃത്തുക്കളോടു പറയാറുണ്ടായിരുന്നു. ‘ആന്തമാന്‍ കൈതി’ക്കുശേഷം മറ്റൊരവസരവും സുധീറിന് നഷ്ടപ്പെട്ടു. ഭാരതീരാജയുടെ ‘പതിനാറു വയതനിലെ’യില്‍ മികച്ച വേഷത്തിനായിരുന്നു സുധീറിനെ ക്ഷണിച്ചത്. കമല്‍, ശ്രീദേവി തുടങ്ങിയവരോടൊപ്പം അഭിനയിക്കാനുള്ള അവസരം. പക്ഷേ, അപ്പോഴും മലയാളസിനിമയുടെ കാള്‍ഷീറ്റുകള്‍തന്നെ പ്രശ്നം സൃഷ്ടിച്ചത്. കൊച്ചുകൊച്ച് മലയാളവേഷങ്ങള്‍ക്കുവേണ്ടി തമിഴിലെ വലിയ വലിയ അവസരങ്ങള്‍ കളഞ്ഞുകുളിച്ച നടനെന്ന അപഖ്യാതിയും സുധീറിനെ വേട്ടയാടി. സത്യനെപ്പോലെ അഭിനയിക്കാന്‍ പലരും തന്നെ നിര്‍ബന്ധിക്കുന്നതായി ഈ നടന്‍ അന്നു പറഞ്ഞിരുന്നു. ‘കലിയുഗ’ത്തിലെ പ്രകടനം അത്തരത്തിലൊരു സൃഷ്ടിയായിരുന്നു. സുധീറിന്‍െറ ശബ്ദത്തിന്‍െറ ഒഴുക്കില്ലായ്മയെപ്പറ്റിയും അന്നു നിരന്തരം പരാതികള്‍ വന്നുകൊണ്ടിരുന്നു. പക്ഷേ, തന്‍െറ ശബ്ദം മറ്റൊരാള്‍ കൊടുക്കുന്നതിനെ സുധീര്‍ എതിര്‍ത്തുകൊണ്ടേയിരുന്നു.  
തന്‍െറ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതിനെപ്പറ്റി എന്നും സുധീറിനു മതിപ്പായിരുന്നു. അക്കാര്യം ഒരിക്കല്‍ പറഞ്ഞിരുന്നു. പ്രശസ്തനായൊരു നിര്‍മാതാവ് തന്‍െറ പുതിയ ചിത്രത്തിലേക്ക് കരാര്‍ ചെയ്തിരുന്നത് അന്നു തിരക്കുള്ള നടന്‍ രാഘവനെയാണ്. എന്നാല്‍, ആ റോള്‍ സുധീര്‍ ചെയ്യണമെന്ന ആവശ്യവുമായി നിര്‍മാതാവ് സമീപിച്ചു. രാഘവന്‍െറ അനുവാദമില്ലാതെ താന്‍ ആ ഓഫര്‍ സ്വീകരിക്കുകയില്ലെന്ന് പറഞ്ഞാണ് സുധീര്‍ നിര്‍മാതാവിനെ മടക്കിയത്. രാഘവനാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. കുതുകാല്‍വെട്ടിന്‍െറ കാലത്തും സുധീര്‍ മഹത്ത്വം നിലനിര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു എന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു.
ചിത്രങ്ങള്‍ കുറഞ്ഞ കാലത്താണ് നടി ഖദീജയുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. കുടുംബിനിയായ ഖദീജ കലാനിലയം നാടകവേദിയിലൂടെ വളരെമുമ്പുതന്നെ സിനിമയിലെത്തിയതാണ്. കുടുംബത്തെ എറണാകുളത്തുവിട്ടാണ് അവര്‍ ഭാഗ്യപരീക്ഷണത്തിനു കോടമ്പാക്കത്തെത്തിയത്. ചേച്ചിയായും അമ്മയായും മുത്തശ്ശിയായുമൊക്കെ അവര്‍ വിലസുന്ന കാലം. മാത്രമല്ല, അവര്‍ പരോപകാരിയാണ്. സിനിമയില്‍ ക്രൂരമായ കഥാപാത്രങ്ങളായിരിക്കും അവര്‍ക്ക് ലഭിച്ചിട്ടുള്ളത്. പക്ഷേ, ആരുടെ ബുദ്ധിമുട്ടിലും അവര്‍ സജീവമായി പങ്കെടുക്കും. സഹായമെത്തിക്കേണ്ടിടത്ത് അവര്‍ ഓടിയെത്തും. ഖദീജയുടെ സാമീപ്യം സുധീറിന് ആശ്വാസമായി. അവര്‍ ഒന്നിച്ചായി താമസം. ആ ബന്ധവും സുധീറിന്‍െറ കരിയറിനെ ബാധിച്ചതായി അന്നു സിനിമാവൃത്തങ്ങളില്‍ പറഞ്ഞുകേട്ടിരുന്നു.
അഭിനയത്തിന്‍െറ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ സുധീര്‍ നിര്‍മാതാവിന്‍െറ മേലങ്കിയണിയാന്‍ തീരുമാനിച്ചു. കോടമ്പാക്കത്തു പിടിച്ചുനില്‍ക്കണമെങ്കില്‍ വിലാസം വേണം. അങ്ങനെയാണ് കെ.എസ്. ഗോപാലകൃഷ്ണനെ സംവിധായകനാക്കി ഒന്നുരണ്ടു ചിത്രങ്ങള്‍ക്ക് പരിപാടി തയാറാക്കിയത്.  അതൊന്നും കാര്യമായ വിജയംകണ്ടില്ല. സുധീറിന്‍െറ അസ്തമയകാലത്താണ് മലയാളസിനിമയില്‍ നീലച്ചിത്രങ്ങളുടെ തരംഗം പൊട്ടിപ്പടരുന്നത്. കുറഞ്ഞചെലവില്‍ ചിത്രങ്ങള്‍ നിര്‍മിച്ച് പല സംസ്ഥാനങ്ങളിലേക്കും കയറ്റിവിടുന്ന സംഘത്തിലും സുധീര്‍ ചെന്നുപെട്ടു. അടുത്തിടെ അത്തരം സിനിമകളുടെ ഒരു നിര്‍മാതാവിനെ കണ്ടപ്പോള്‍ അയാള്‍ കാണിച്ച ബിറ്റുകളില്‍ സുധീറായിരുന്നു നായകന്‍. എനിക്ക് ആദ്യഷോട്ടുകളില്‍ വിശ്വാസം വന്നില്ല. മദ്യപനായ ഭര്‍ത്താവിന്‍െറ ക്രൂരതകളില്‍ നട്ടംതിരിയുന്ന ഭാര്യയുടെ ജീവിതമാണ് ഇതിവൃത്തം. കാമാര്‍ത്തനായ വിടന്‍! സമയവും സന്ദര്‍ഭവുമില്ലാതെ ഭാര്യയെ കിരാതമായി ലൈംഗികചൂഷണത്തിനു വിധേയമാക്കുന്ന ഭര്‍ത്താവ്! (ഇത്തരം സിനിമകള്‍ക്ക് അന്നു പഞ്ഞമില്ലായിരുന്നു.) സിനിമയും ബിറ്റുകളും അന്യസംസ്ഥാനങ്ങളിലേക്ക് കടന്നു. സംസ്ഥാന അവാര്‍ഡ് നേടിയ ഒരു നടന്‍െറ ഗതികേട്! മലയാളസിനിമയുടെ ഗുണമേന്മയെക്കുറിച്ച് അന്നാണ് ഏറെ ചര്‍ച്ചകള്‍ നടന്നത്. നടന്‍ ജനാര്‍ദനന്‍െറ ബലാല്‍സംഗരംഗങ്ങള്‍ക്കുവരെ സുധീര്‍ ഡ്യൂപ്പായെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.
തകര്‍ച്ചയുടെ നെല്ലിപ്പലക തെളിഞ്ഞപ്പോള്‍ സുധീറിനെ തേടി ചില സുഹൃത്തുക്കള്‍ എത്തി. അവര്‍ സുധീറിനെ കോഴിക്കോട്ടേക്ക് കൊണ്ടുപോകാനാണ് വന്നത്. അവിടെ നല്ലൊരു വിവാഹബന്ധത്തിന് അവസരമൊരുങ്ങുന്നു. ബില്‍ഡിങ് കണ്‍സ്ട്രക്ഷനുമായി ബന്ധമുള്ള ഒരു കുടുംബത്തില്‍നിന്നാണ് ബന്ധം. ഇനി പരീക്ഷണങ്ങള്‍ വേണ്ട. പക്ഷേ, ഖദീജയെ ഉപേക്ഷിച്ചുപോകാന്‍ ആദ്യമൊക്കെ സുധീര്‍ തയാറായിരുന്നില്ല. ഖദീജയുടെ നിര്‍ബന്ധത്തിനുവഴങ്ങി സുധീര്‍ കോഴിക്കോട്ടേക്ക് പോകാന്‍ തയാറായി. ചവിട്ടിനില്‍ക്കാന്‍ അടിത്തറയില്ലാത്ത സാഹചര്യം. വിരുഗംപാക്കത്ത് അവര്‍ താമസിച്ചിരുന്ന സ്ഥലവും വീടും എനിക്കു വിലയ്ക്കുതരാമെന്നു വിളിച്ചുപറയുന്നത് ഖദീജയായിരുന്നു. അന്നു ഞാനൊരു ചെറിയ വീടിനുവേണ്ടി അന്വേഷണം നടത്തുന്നതായി ചന്ദ്രാജി  സുധീറിനോടു പറഞ്ഞിരുന്നു. അതു സുധീറിന്‍െറ പ്രവാസജീവിതത്തിന്‍െറ അന്ത്യമായിരുന്നു എന്നെനിക്കറിയില്ലായിരുന്നു. വീട് കുറഞ്ഞവിലയ്ക്ക് മറ്റാര്‍ക്കോ വിറ്റ് അവര്‍ വേര്‍പിരിഞ്ഞു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി സുധീര്‍ കോഴിക്കോട്ടേക്ക് വണ്ടികയറി. തുടര്‍ന്ന് സുധീര്‍ വിവാഹിതനായി. കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട  കമ്പനിയുടെ ചുമതലയുമായി ആ പഴയ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡ്രോപ്പൗട്ട് കോഴിക്കോട് അടിഞ്ഞുകൂടി. സുധീര്‍ വിട്ടുപിരിഞ്ഞപ്പോള്‍ ഖദീജ താവളം എറണാകുളത്തേക്ക് മാറ്റി. ചെകുത്താനെപ്പോലെ തനിക്ക് ഭീഷണിയായിമാറിയ  കോടമ്പാക്കത്തിന്‍െറ ഇരുണ്ട ശ്മശാനഭൂമിയിലേക്ക് പിന്നീട് സുധീര്‍ മടങ്ങിവന്നിട്ടില്ല. അവിടെ കോഴിക്കോടിന്‍െറ വിശുദ്ധിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം സുധീര്‍ അസ്തമിച്ചു, ഗ്രഹണസൂര്യനെപ്പോലെ.   
l        


‌സ്മരണ

മുന്‍ ലക്കങ്ങള്‍