
പണ്ടു പണ്ടാണ്, കേരളത്തിലെ സകലമാന പേരുടെയും ആരോഗ്യത്തില്‍ ഉത്കണ്ഠയുണ്ടായ ഒരു കൂട്ടര്‍ കൊച്ചിയില്‍ ഒരു ആശുപത്രി തുടങ്ങാന്‍ തീരുമാനിച്ചു. വിശാല മനസ്സായതുകൊണ്ട് നാലു ആശുപത്രിക്കുള്ള സ്ഥലം ആദ്യമേ നോട്ടമിട്ടു. പക്ഷേ, ദൈവം മാത്രം കൂട്ടിനുള്ള കുറച്ചുപേര്‍ തുണ്ടുകണക്കെയുള്ള കിടപ്പാടം കളഞ്ഞുകുളിക്കാന്‍ തയാറായില്ല. മോഹനവാഗ്ദാനങ്ങള്‍ മുതല്‍ ശത്രുസംഹാരപൂജവരെ നടത്തിയിട്ടും പാവങ്ങളുടെ മനസ്സ് മാറിയതുമില്ല. ഇനിയെന്തുചെയ്യും? ആശുപത്രിക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ രണ്ടുംകല്‍പിച്ചിറങ്ങി. ഭാവി മുന്‍കൂട്ടിക്കാണുന്നവരാണല്ലോ കച്ചവടത്തില്‍ രക്ഷപ്പെടാറ്. ഇവിടെയും അതുതന്നെ സംഭവിച്ചു. വരുംതലമുറകള്‍ പരീക്ഷിച്ചേക്കാവുന്ന ഒരു അതിക്രമത്തിന്‍െറ ചെറുരൂപം അവര്‍ ഇവിടെ പയറ്റിനോക്കി. ഫലം അദ്ഭുതാവഹമായിരുന്നു. കൊന്നാലും മാറില്ലെന്ന് പറഞ്ഞ് പിടിവാശികാണിച്ചവര്‍ എല്ലാം ഇട്ടെറിഞ്ഞ് കിട്ടിയ കാശും വാങ്ങി തടിതപ്പി. ആറ്റംബോംബ് പൊട്ടിക്കുകയൊന്നുമല്ല ആശുപത്രിക്കാര്‍ ചെയ്തത്. അതിലും ഭീകരമായ ജല ഉപരോധം അതാണ് അവര്‍ തെരഞ്ഞെടുത്ത മാര്‍ഗം. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നും പക്ഷേ, ഉമിത്തീയിലിട്ട് കത്തിച്ചാല്‍പോലും ഇത്ര ദുരിതം ഉണ്ടാകാനിടയില്ല. അതിന്‍െറ രീതി ഇങ്ങനെയാണ്: ആദ്യം ഒഴിയാന്‍ വിസമ്മതിച്ചവരുടെ ചുറ്റുമുള്ള സ്ഥലങ്ങള്‍ വാങ്ങി. പിന്നീട് അവിടെയുള്ള നീര്‍ച്ചാലുകളും കുളങ്ങളും ചതുപ്പുകളും മണ്ണടിച്ച് നികത്തി. ജലം ഭൂമിയില്‍ താഴാതിരിക്കാന്‍ ഏര്‍പ്പാടുണ്ടാക്കി. പിന്നെ അടുത്ത് വലിയൊരു കുളംകുത്തി. ഇതോടെ പ്രദേശത്തെ വെള്ളം അതിലേക്ക് എത്തുന്ന സ്ഥിതിയായി. ചുറ്റുമുള്ള വഴികള്‍ അടച്ചതുകൊണ്ട് സ്വന്തം കിണര്‍ വിപുലീകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ജല അതോറിറ്റിയുടെ വിതരണക്കുഴലുകള്‍ അസ്വാഭാവികമായി പൊട്ടിത്തുടങ്ങി. ഇരകള്‍ വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂവെന്നതിനാല്‍ അധികാരികളും സാമൂഹികപ്രവര്‍ത്തകരും കണ്ണടച്ചു. ഒരു തുള്ളി വെള്ളംപോലും കിട്ടാന്‍ നിര്‍വാഹമില്ലാതായതോടെ കിട്ടിയ വിലയ്ക്ക് എല്ലാം ആശുപത്രിക്ക് കൊടുത്ത് അവര്‍ കുടിയിറങ്ങി. ഇപ്പോള്‍ എല്ലാം ദൈവനിശ്ചയമെന്ന് കരുതി സമാധാനിക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയുന്നുള്ളൂ.
സൂചന കണ്ട് പഠിച്ചില്ലേല്‍...
നമുക്ക്, അതായത് മലയാളികള്‍ക്ക് ഒരു കുഴപ്പമുണ്ട്. എന്ത് പ്രശ്നവും സ്വന്തം ജീവിതത്തെ ബാധിക്കുമ്പോള്‍ മാത്രമേ പ്രതികരിക്കാന്‍ തുടങ്ങൂ. അതും അവസാനനിമിഷം മാത്രം. വെള്ളത്തിന്‍െറ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. അവനെ പറഞ്ഞിട്ടും കാര്യമില്ല. കാരണം, 44 നദികളിലെ വെള്ളപ്പൊക്കം, കര്‍ക്കടകത്തിലെ പേമാരി, വേനല്‍മഴയിലെ നാശം, അണക്കെട്ടുകള്‍ പൊട്ടുമെന്ന ഭീതി ഇവക്കെല്ലാമിടക്ക് നട്ടംതിരിയുന്നവരോട് സൂക്ഷിച്ചില്ലെങ്കില്‍ വെള്ളം കിട്ടാതാകുമെന്ന് പറയുന്നവന് വട്ടാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. നിങ്ങളുടെ ധാരണയും ഇങ്ങനെതന്നെയാണെങ്കില്‍ ഇതുകൂടി കേട്ടോളൂ. ഐക്യരാഷ്ട്ര സഭയുടെ പല രേഖകളിലും ഇപ്പോള്‍ വെള്ളത്തെ പരാമര്‍ശിക്കുന്നത് ബ്ളൂ ഗോള്‍ഡ്, ലിക്വിഡ് ഗോള്‍ഡ് എന്നൊക്കെയാണ്. നിങ്ങള്‍ ആരാണെന്നതിനെ ആശ്രയിച്ച് ഈ പരാമര്‍ശത്തെ രണ്ടു തരത്തില്‍ വ്യാഖ്യാനിക്കാം. വിവേകമുള്ളവനും മനുഷ്യസ്നേഹിയുമാണെങ്കില്‍ വെള്ളം എന്നത് സ്വര്‍ണംപോലെ കിട്ടാന്‍ വിഷമമുള്ളതും വിലയേറിയതുമാകാന്‍ പോകുന്നുവെന്നും അത് അങ്ങനെയാവാതിരിക്കാന്‍ ഇപ്പോഴേ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നും കരുതാം. മറിച്ച്, ലാഭക്കണ്ണ് മാത്രമുള്ള കച്ചവടക്കാരനാണെങ്കില്‍ നിസ്സാരമായ നിക്ഷേപത്തിലൂടെ വന്‍നേട്ടമുണ്ടാക്കാനുള്ള അവസരമാണ് വരുന്നതെന്ന് മനസ്സിലാക്കാം. ആദ്യത്തെകൂട്ടരെ അപേക്ഷിച്ച് രണ്ടാമത്തെ കൂട്ടര്‍ ഒരുപാട് മുന്നേറിക്കഴിഞ്ഞു. രാജസ്ഥാന്‍ മരുഭൂമിയിലെ കാര്യമല്ല, നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യമാണിത്. ഉദാഹരണത്തിന് കോട്ടയത്തെ കാര്യമെടുക്കാം. കൊടൂരാറും മീനച്ചിലാറും അതിരിടുന്ന നഗരത്തില്‍ ചെറുതും വലുതുമായ പത്തിലേറെ കുടിവെള്ള കമ്പനികളുണ്ട്. അതില്‍ ഐ.എസ്.ഐ മാര്‍ക്കുള്ള ഒരു കമ്പനി കഴിഞ്ഞ മഴക്കാലത്ത് പ്രതിദിനം വിറ്റിരുന്നത് 20 ലിറ്ററിന്‍െറ 1500 ബോട്ടിലുകളാണ്. വേനലില്‍ ഇത് 2500 കവിഞ്ഞ ദിവസങ്ങളുമുണ്ടായി. ഒരു ബോട്ടിലിന് 50 രൂപയായിരുന്നു വില. വെറുതെകിട്ടുന്ന വെള്ളം കുപ്പിയിലാക്കി പറയുന്നിടത്ത് എത്തിക്കുകയെന്ന ധര്‍മം മാത്രമേ കമ്പനിക്ക് ചെയ്യാനുള്ളൂ. നിലവില്‍ ഐ.എസ്.ഐ മാര്‍ക്ക് നേടിയ നൂറോളം കമ്പനികള്‍ കേരളത്തില്‍ കുപ്പിവെള്ളം വില്‍ക്കുന്നുണ്ട്. വ്യാജന്മാര്‍ ഇതിന്‍െറ മൂന്നിരട്ടി വരും. അഞ്ചു തരത്തിലുള്ള ശുദ്ധീകരണ പ്രക്രിയ നടത്തുന്നു എന്ന് പറയാനുള്ള ലൈസന്‍സ് കിട്ടും എന്നതാണ് ഐ.എസ്.ഐ മാര്‍ക്ക് നേടിയാലുള്ള ഗുണം. അഖിലേന്ത്യാതലത്തില്‍ നോക്കിയാല്‍ പ്രതിവര്‍ഷം മൂവായിരം കോടിയുടെ വിപണിയാണ് കുപ്പിവെള്ളത്തിനുള്ളത്. വാര്‍ഷിക വിപണി വളര്‍ച്ച 20 ശതമാനത്തിനടുത്തുണ്ട്. പാര്‍ലെയുടെ ബിസ്ലേരി, മണിക്ചന്ദ് ഗ്രൂപ്പിന്‍െറ ഒക്സിറിച്ച്, ടാറ്റയുടെ ഹിമാലയന്‍, യുബിയുടെ കിങ്ഫിഷര്‍, പെപ്സിയുടെ അക്വാഫിന, കൊക്കകോളയുടെ കിന്‍ലെ തുടങ്ങിയവയാണ് അഖിലേന്ത്യാതലത്തിലെ കളിക്കാര്‍. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഐ.ടികൊണ്ടും ചിട്ടികൊണ്ടും പണമുണ്ടാക്കിയ ബിസിനസ് ഗ്രൂപ്പുകള്‍വരെ കുപ്പിവെള്ളം വില്‍ക്കാനെത്തിയിട്ടുണ്ട്്. ഇതിനോട് കൂട്ടിവായിക്കേണ്ടതാണ് ജലശുദ്ധീകരണ യന്ത്രങ്ങളുടെ വിപണി. ഇന്ത്യയില്‍ പ്രതിവര്‍ഷം 1500 കോടിരൂപയുടെ വാട്ടര്‍ പ്യൂരിഫയറുകള്‍ വിറ്റഴിയുന്നുണ്ടെന്നാണ് കണക്ക്. വളര്‍ച്ച 25 ശതമാനം വരും. ഇതില്‍ 52 ശതമാനം കൈയാളുന്നത് യൂറേക്കാഫോബ്സ് എന്ന ഒറ്റക്കമ്പനിയാണ്. ഈ കമ്പനിയും കുപ്പിവെള്ള വില്‍പനയിലേക്ക് തിരിഞ്ഞുകഴിഞ്ഞു. ഫ്രാഞ്ചൈസി അടിസ്ഥാനത്തിലായിരിക്കും വിതരണം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സാമന്തന്മാരെ നിയോഗിച്ച് രാജ്യത്തെ കുടിവെള്ളവിതരണം മുഴുവന്‍ കൈയടക്കാനാണ് നീക്കം. വന്‍കിടക്കാര്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ അസംസ്കൃത വസ്തുവിനും മാര്‍ക്കറ്റ് ഷെയറിനും പിടിവലിയുണ്ടാകും. വെള്ളമാകുമ്പോള്‍ തുടക്കത്തില്‍ അതത്ര മനസ്സിലാവില്ല. പക്ഷേ, കാലക്രമേണ ഇതിന്‍െറ ദുരന്തം നമ്മള്‍ അനുഭവിക്കേണ്ടിവരും. ഏതാനും വര്‍ഷം കഴിയുമ്പോള്‍ ആകാശത്തുനിന്ന് വീഴുന്ന മഴവെള്ളത്തിനും ഈ കൂട്ടത്തില്‍ ആരെങ്കിലും അവകാശിയായി ഉണ്ടാവും. വെറുതെ വാപൊളിച്ചുപിടിച്ച് അകത്താക്കാന്‍ നോക്കിയാല്‍ ശരിക്കും അകത്താകുമെന്ന് ചുരുക്കം. വീട്ടുമുറ്റത്തെ കിണറ്റില്‍നിന്ന് വെറുതെ കിട്ടുന്ന വെള്ളം കുടിക്കാതെ കുത്തക കമ്പനികളുടെ ടാങ്കറുകള്‍ നോക്കിനില്‍ക്കുന്ന കാലം വിദൂരമല്ല. വിറകിനുപകരം പാചകവാതകം ഉപയോഗിക്കാന്‍ തുടങ്ങിയപോലുള്ള മാറ്റമേ ആദ്യം തോന്നുകയുള്ളൂ. പല ജാതി രാസവസ്തുക്കള്‍ കലര്‍ന്ന, രോഗാണുക്കള്‍ തിമിര്‍ക്കുന്ന പച്ചവെള്ളമാണോ വിറ്റാമിനുകള്‍ നിറഞ്ഞ പാക്കേജഡ് ഡ്രിങ്കാണോ വേണ്ടതെന്ന് ചോദിച്ചാല്‍ ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധയുള്ള മലയാളി എന്ത് തെരഞ്ഞെടുക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രമല്ല, പ്ളാച്ചിമട സമരത്തില്‍നിന്ന് പൊതുസമൂഹം പഠിച്ചതിലുമധികം കാര്യങ്ങള്‍ കോര്‍പറേറ്റുകള്‍ പഠിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ, കുടിവെള്ളത്തിന്‍െറ പേരില്‍ ഇനി നടക്കുന്ന ചൂഷണങ്ങള്‍ അല്‍പംകൂടി ശാസ്ത്രീയമാകാനാണ് സാധ്യത. ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയുള്ള ജീവിതം കലക്കവെള്ളംപോലെയായിപ്പോകും.
കളമൊരുങ്ങുന്നു
44 നദികള്‍ക്ക് പുറമെ 30 ലക്ഷത്തിലേറെ കിണറുകളുമുണ്ട് ഈ നാട്ടില്‍. കുഴല്‍ക്കിണറുകളും കുളങ്ങളും ചാലുകളും വേറെയും. നദികളില്‍നിന്ന് കിട്ടുന്ന വെള്ളത്തിന്‍െറ രണ്ടര ഇരട്ടി മഴയായും ലഭിക്കുന്നു. ഇതോടൊപ്പം പത്തുകോടി ലിറ്റര്‍ ദൈനം ദിന ജല ഉപഭോഗമുള്ള കേരളത്തില്‍ കുടിവെള്ളകച്ചവടം സുഗമമായി നടക്കണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കണം. ഒന്ന്, വെറുതെ കിട്ടുന്ന വെള്ളം ശുദ്ധമല്ലെന്ന ധാരണ സമൂഹത്തില്‍ ശക്തിപ്പെടണം. ഒപ്പം ശുദ്ധജലമെന്നത് സൗജന്യമല്ലെന്നും അതിന് പണം നല്‍കേണ്ടതാണെന്നുമുള്ള വിശ്വാസം ശക്തമാകണം. ദൈവം സഹായിച്ച് ഈ രണ്ടുകാര്യങ്ങളും കൃത്യമായി നടന്നുകൊണ്ടിരിക്കുകയാണ്. കുടിവെള്ളം മുട്ടിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് കോളിഫോം ബാക്ടീരിയയാണ്. മനുഷ്യ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന ബാക്ടീരിയയായതിനാല്‍ മറ്റ് ജീവികള്‍ക്കെതിരെ നടപടിയെടുക്കാനും വയ്യ. കഴിഞ്ഞ ജനുവരിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷനല്‍ സര്‍വിസ് സ്കീമും സംസ്ഥാന ജലവിഭവ വകുപ്പും സി.സി.ഡി.യുവും സംയുക്തമായിനടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മലയാളി കുടിക്കുന്നത് മലംകലര്‍ന്ന വെള്ളമാണെന്നാണ്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച 40,439 സാമ്പിളുകളില്‍നിന്ന് തെരഞ്ഞെടുത്ത 4512 എണ്ണം പരിശോധിച്ചതില്‍ 51.66 ശതമാനത്തിലും കോളിഫോം ബാക്ടീരിയയെ കണ്ടെത്തി. നഗരങ്ങളില്‍ ഇത് 74 ശതമാനമാണ്. 33,823 കിണറുകള്‍, 2901 കുഴല്‍ക്കിണര്‍, 3715 പൈപ്പ് വെള്ളമടക്കമുള്ള മറ്റ് ഉറവിടങ്ങള്‍ എന്നിവയില്‍നിന്നാണ് കുടിവെള്ളം ശേഖരിച്ചത്. എല്ലാ ജില്ലകളിലെയും കുടിവെള്ളത്തില്‍ ഈ ബാക്ടീരിയയെ കണ്ടെത്തി. തിരുവനന്തപുരത്ത് 382 സാമ്പിള്‍ പരിശോധിച്ചതില്‍ 248 എണ്ണത്തിലും ഇതുണ്ട്. കോട്ടയത്ത് 725 സാമ്പിള്‍ പരിശോധിച്ചതില്‍ 98 എണ്ണത്തിലും ഇടുക്കിയിലെ180 സാമ്പിളുകളില്‍ 47ലും മലപ്പുറത്ത് 365ല്‍ 154 എണ്ണത്തിലും മാത്രമേ ഇത് കണ്ടെത്താനായുള്ളൂ. മറ്റ് ജില്ലകളിലെല്ലാം പകുതിയോ അതില്‍ കൂടുതലോ സാമ്പിളുകളില്‍ കണ്ടെത്തി. വെള്ളത്തിന്‍െറ ഗുണനിലവാരം നിശ്ചയിക്കുന്നതില്‍ സുപ്രധാനമായ പി.എച്ച് മൂല്യവും (പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രജന്‍) അപകടകരമായ രീതിയില്‍ വ്യത്യാസപ്പെടുന്നതായി പഠനം വ്യക്തമാക്കുന്നു. പി.എച്ച് മൂല്യം ഏഴില്‍ കൂടിയാല്‍ ക്ഷാരാവസ്ഥയും കുറഞ്ഞാല്‍ അമ്ളാവസ്ഥയുമാകും. പരിശോധനാവിധേയമാക്കിയ ആകെ സാമ്പിളില്‍ 2.83 ശതമാനം സാമ്പിളില്‍ പി.എച്ച് 7 ല്‍ കൂടുതലാണ്. 21.25 ശതമാനം ഏഴില്‍ കുറവും. എറണാകുളത്തും പത്തനംതിട്ടയിലും ഒരു സാമ്പിളിലും ഉയര്‍ന്ന പി.എച്ച് മൂല്യമില്ല. എന്‍.എസ്.എസിലെ പിള്ളേര്‍ക്ക് പറ്റിയ തെറ്റാണ്, കാര്യമാക്കേണ്ട എന്നുപറഞ്ഞ് തള്ളാമായിരുന്നു. പക്ഷേ, സി.ഡബ്ള്യു.ആര്‍.ഡി.എം നടത്തിയ പഠനത്തിലും പറയുന്നത് കേരളത്തിലെ 80 ശതമാനത്തില്‍ കൂടുതല്‍ ജലസ്രോതസ്സുകളിലും ബാക്ടീരിയ കഴിയുന്നുണ്ടെന്നാണ്. ഇതുതന്നെ ഭൂഗര്‍ഭ ജലവകുപ്പ് നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. തീര്‍ന്നില്ല, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം നടത്തിയ പഠനത്തില്‍ കുടിവെള്ളത്തിന്‍െറ കാഠിന്യവും പൊട്ടാസ്യത്തിന്‍െറ സാന്നിധ്യവും മൂത്രത്തില്‍ ഓക്സലേറ്റ് കല്ലുകള്‍ ഉണ്ടാകാന്‍ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട്, കണ്ണില്‍ക്കണ്ട കിണറ്റില്‍നിന്നൊന്നും വെള്ളം കോരിക്കുടിച്ച് ദാഹംതീര്‍ക്കാന്‍ നോക്കരുത്, വയറിളകും.
എങ്ങനെയിത് സംഭവിക്കുന്നു?
ഫാക്ടറികളിലെ രാസമാലിന്യത്തെക്കാള്‍ ഇപ്പോള്‍ പേടിക്കേണ്ടത് മനുഷ്യന്‍െറ ജൈവമാലിന്യത്തെയാണ്. പണ്ട് പറമ്പില്‍ വെളിക്കിരുന്ന കാലത്ത് സര്‍ക്കാര്‍ പറഞ്ഞു, മക്കളേ അങ്ങനെ ചെയ്യരുത്, അത് പൊതുജനാരോഗ്യത്തെ ബാധിക്കും. വീടിനോട് ചേര്‍ന്ന് ഒരു കുഴികുത്തി അതിന് മുകളില്‍ മുറിപണിത്, വാതിലടച്ചിരുന്ന് യഥേഷ്ടം വിസര്‍ജിക്കൂ അതിനുള്ള പണം ഞങ്ങള്‍ തരാം എന്ന്. അങ്ങനെ എല്ലാ വീട്ടിലും കക്കൂസായി. പക്ഷേ, തീറ്റയുടെ കൂടുതലോ വയറിന്‍െറ കാര്യക്ഷമതയോ എന്നറിയില്ല സെപ്റ്റിക് ടാങ്കുകള്‍ വേഗം നിറഞ്ഞു. ഇനി എന്തുചെയ്യും? സ്വന്തം ശരീരത്തില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്നതാണെങ്കിലും അപ്പി കാണുമ്പോള്‍ അറപ്പ് തോന്നുന്നതാണ് നമ്മുടെ ശീലം. ഇതിന്‍െറ അനന്തമായ കച്ചവടസാധ്യത മുന്നില്‍ക്കണ്ട ടൈകെട്ടിയ തോട്ടികള്‍ പത്രത്തില്‍ പരസ്യം കൊടുത്തു - സെപ്റ്റിക് ടാങ്കുകള്‍ ക്ളീന്‍ ചെയ്ത് കൊടുക്കപ്പെടും. ടാങ്കില്‍നിന്ന് യന്ത്രംവെച്ച് ടാങ്കറിലേക്ക് നീക്കുന്ന മലം അവര്‍ എന്തുചെയ്യുന്നുവെന്ന് ആരും അന്വേഷിച്ചില്ല. ഫ്ളാറ്റുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ഇത്തരം കമ്പനികളുടെ ജോലിയും കൂടി. മാലിന്യം നിക്ഷേപിക്കാന്‍ ശരിയായ സ്ഥലമോ സംസ്കരിക്കാന്‍ സംവിധാനമോ ഇവര്‍ക്കില്ല. ശേഖരിക്കുന്ന മാലിന്യം ആളൊഴിഞ്ഞ പ്രദേശത്തോ പുഴകളിലോ തള്ളുകയാണ് പതിവ്. പണ്ട് നാം നേരിട്ട് ദിവസംതോറും കുറേശ്ശ മലിനീകരിച്ചു. ഇപ്പോള്‍ പണം കൊടുത്ത് നിശ്ചിത ഇടവേളകളില്‍ മൊത്തമായി മലിനീകരിക്കുന്നു. ഇതാണ് കക്കൂസുകള്‍ വരുന്നതിന് മുമ്പും ശേഷവും കേരള സമൂഹത്തിലുണ്ടായ മാറ്റം. കേരളത്തില്‍ എത്ര കമ്പനികള്‍ ഈ ജോലിയില്‍ ഏര്‍പ്പെടുന്നു, എത്ര ടാങ്ക് മാലിന്യം എവിടൊക്കെ നിക്ഷേപിക്കുന്നു എന്നറിയാന്‍ ഒരു സംവിധാനവുമില്ല. ഇതോടൊപ്പം തലങ്ങും വിലങ്ങും പായുന്ന തീവണ്ടികളില്‍നിന്ന് പാളത്തില്‍ പതിക്കുന്നതും കായലിന്‍െറയും പുഴകളുടെയും തീരത്തുള്ള ഫ്ളാറ്റുകളും വില്ലകളും വീടുകളും നേരിട്ട് തള്ളുന്ന കക്കൂസ് മാലിന്യവും ചേരുമ്പോള്‍ കുടിവെള്ളത്തിന്‍െറ കാര്യം തീരുമാനമാകും. ഇതിനാണ് ശരിക്കും മലവെള്ളപ്പാച്ചില്‍ എന്നു പറയുന്നത്. ഇങ്ങനെ മലമാലിന്യം നിക്ഷേപിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് കൊച്ചിയിലെ കളമശ്ശേരി. ഇവിടെനിന്നുതന്നെയാണ് കൊച്ചി നഗരത്തിലെ ഹോട്ടലുകളിലും ഫ്ളാറ്റുകളിലും ആശുപത്രികളിലും ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുന്നതും. കഴിഞ്ഞവര്‍ഷം ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഇത്തരം പത്തു ടാങ്കറുകളില്‍ മലത്തിന്‍െറ അവശിഷ്ടം കണ്ടെത്തുകയും ചെയ്തു. നൂറുകണക്കിന് ഫ്ളാറ്റുകളിലെയും ഹോട്ടലുകളിലെയും ആശുപത്രികളിലെയും കക്കൂസ് മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ നഗരത്തില്‍ സംവിധാനമില്ല. ഈ സ്ഥാപനങ്ങളില്‍ പലതിലും സ്ഥാപിച്ചിട്ടുള്ള ട്രീറ്റ്മെന്‍റ് പ്ളാന്‍റുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുമില്ല. ദിവസേന ഇരുനൂറോളം ടാങ്കറുകളിലായാണ് ഇപ്പോള്‍ കോര്‍പറേഷന്‍ മേഖലയിലെ കക്കൂസ് മാലിന്യങ്ങള്‍ നീക്കംചെയ്യുന്നത്. ഇതെല്ലാം സ്വകാര്യവ്യക്തികളുടെ ടാങ്കറുകളാണ്. അവര്‍ സൗകര്യം കിട്ടുന്നിടത്തൊക്കെ ഈ മാലിന്യം തള്ളുകയാണ്. ഇത് നഗരത്തിന്‍െറ മാത്രം ദുരിതമല്ല. ആലപ്പുഴ ജില്ലയിലെ ചുനക്കര പഞ്ചായത്തിന്‍െറ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ കരിമുളയ്ക്കല്‍ നിവാസികള്‍ക്കും ഭരണിക്കാവ് പഞ്ചായത്തിന്‍െറ കിഴക്കന്‍ മേഖലയായ വെട്ടിക്കൊട്ടെ ജനങ്ങള്‍ക്കും കുടിവെള്ളം കിട്ടുന്നത് വെട്ടിക്കൊട് ചാല്‍ എന്ന ജലസ്രോതസ്സില്‍നിന്നാണ്. അഞ്ചേക്കറുള്ള, ഒരിക്കലും വറ്റാത്ത വെട്ടിക്കൊട് ചാലിലേക്ക് നിരന്തരം കക്കൂസ്മാലിന്യം തള്ളാറുണ്ട്. ചാലിന്‍െറ കിഴക്കും പടിഞ്ഞാറുമുള്ള കരകളിലെ നൂറുകണക്കിന് കിണറുകളില്‍ ഇതിനകം ഈ മാലിന്യം പടര്‍ന്നിട്ടുണ്ടെന്നാണ് പഠനങ്ങളില്‍ കാണുന്നത്. ഇത്തരം തെമ്മാടിത്തത്തിന് പുറമെ കക്കൂസ് ടാങ്കും കിണറും അടുത്തടുത്ത് വരുന്നതും കുഴപ്പമാകാറുണ്ട്. ശാസ്ത്രീയമായി പണിയാത്ത സെപ്റ്റിക് ടാങ്കുകള്‍ ചോര്‍ന്ന് ഭൂഗര്‍ഭജലവുമായി കലരും. മാലിന്യങ്ങള്‍ പലപ്പോഴും കിണറുകളിലും കലരാറുണ്ട്. കൊച്ചി നഗരത്തിലെ കിണറുകളൊന്നും ഇപ്പോള്‍ ഉപയോഗിക്കാനാകാതെയായി. സംസ്ഥാനത്ത് പ്രധാന റോഡുകളില്‍ ആളൊഴിഞ്ഞ പ്രദേശമെവിടെയുണ്ടോ അവിടെയെല്ലാം ഇത്തരം മാലിന്യം ഉറപ്പായും കണ്ടിരിക്കും.
വെള്ളം ചരക്കാകുന്നു
കുടിവെള്ളത്തില്‍ കുപ്പിവെള്ളത്തിനാണ് സ്ഥാനം എന്ന് മനസ്സിലായ സ്ഥിതിക്ക് മറ്റുകാര്യങ്ങളിലേക്ക് കടക്കാം. പഴയകാലത്തെ ഭരണാധികാരികള്‍, എന്നുവെച്ചാല്‍ രാജഭരണകാലത്തെ വിവരമില്ലാത്തവര്‍, വലിയൊരു അബദ്ധം കാണിച്ചിരുന്നു. അവര്‍ നാടുനീളെ തണ്ണീര്‍പന്തലുകള്‍ പണിതിട്ടു. ദാഹിച്ചുവലഞ്ഞുവരുന്നവര്‍ക്ക് സൗജന്യമായി വെള്ളം കൊടുത്തു. പിന്നെ, ജനാധിപത്യം വന്നപ്പോള്‍ പഞ്ചായത്തുകളും ഈ തെറ്റ് ആവര്‍ത്തിച്ചു. അവര്‍ പൊതുകിണറുകളും കുളങ്ങളും കുഴിച്ചു. മാത്രമല്ല, തോന്നിയപടി വെള്ളമെടുത്ത് ഉപയോഗിക്കാന്‍ പൊതുടാപ്പുകളും സ്ഥാപിച്ചു. കുടിവെള്ളം വെറുതെകിട്ടുന്ന സാധനമാണെന്ന തോന്നല്‍ ഇതുവഴി നാട്ടുകാര്‍ക്കുണ്ടായി. പക്ഷേ, പണ്ട് പൈപ്പ്വെള്ളം കുടിച്ച് നടന്ന് വലിയവരായവര്‍ അധികാരത്തിലെത്തിയപ്പോഴാണ് മനസ്സിലായത് പൊതുകുടിവെള്ള പദ്ധതികള്‍തന്നെ വലിയ തെറ്റാണെന്ന്. ഇപ്പോള്‍ ആ തെറ്റ് തിരുത്തുകയാണ്. ലോകത്ത് ഉപയോഗയോഗ്യമായ ജലത്തിന്‍െറ 80 ശതമാനം വിനിയോഗിക്കുന്നത് കാര്‍ഷികമേഖലക്കാണെന്നും ലോകത്തിലെ ജലദൗര്‍ലഭ്യത്തിന് ഒരു കാരണം കാര്‍ഷികമേഖലയാണെന്നും അന്താരാഷ്ട്രതലത്തിലെ ചില വിദഗ്ധര്‍ മുറുമുറുക്കുന്നുണ്ട്. സമീപഭാവിയില്‍തന്നെ ഈ വാദത്തിന് ശക്തിയാര്‍ജിക്കും. വെള്ളം വെറുതെകൊടുക്കാനുള്ളതല്ലെന്ന നിലപാടിലാണ് കര്‍ഷകര്‍ കൂടുതലുള്ള നമ്മുടെ രാജ്യത്തിന്‍െറയും നിലപാട്. 2012ലെ ദേശീയ ജലനയ കരടുരേഖയില്‍ ഇതിനുള്ള കോപ്പുകള്‍ അടക്കംചെയ്തിട്ടുണ്ട്. ദേശീയ ജലനയത്തിന്‍െറ 13.4 ഖണ്ഡികയില്‍ സേവനദാതാവ് എന്ന റോള്‍ സംസ്ഥാനങ്ങള്‍ സാവധാനം കൈയൊഴിയണമെന്നും ഈ സ്ഥാനത്തേക്ക് സമൂഹങ്ങളെയും സ്വകാര്യമേഖലയെയും കൊണ്ടുവരണമെന്നും നിര്‍ദേശിക്കുന്നു. സര്‍ക്കാര്‍ സ്വകാര്യ സംയുക്ത സംരംഭങ്ങളെയാണ് ദേശീയ ജലനയം സ്വാഗതം ചെയ്യുന്നത്. കേന്ദ്ര ആസൂത്രണ കമീഷനും കുടിവെള്ളവിതരണം സ്വകാര്യവത്കരിക്കണമെന്ന നിലപാടിലാണ്. വര്‍ഷങ്ങള്‍ക്കുമുമ്പു മുതല്‍ ലോകത്തിലെ വിവിധകേന്ദ്രങ്ങളില്‍ നടത്തിയിട്ടുള്ള ലോകജല സമ്മേളനങ്ങള്‍ കുടിവെള്ളത്തിന്‍െറ കച്ചവടമൂല്യത്തെ കുറിച്ച് ധാരാളം ചര്‍ച്ച ചെയ്തിട്ടുണ്ട്. 1992ല്‍ ഡബ്ളിനില്‍ നടന്ന അന്തര്‍ദേശീയ പരിസ്ഥിതി സമ്മേളനവും 2000 ത്തില്‍ ഹേഗില്‍ നടന്ന വേള്‍ഡ് വാട്ടര്‍ ഫോറവും ജലത്തിന്‍െറ കച്ചവടസാധ്യതകള്‍ ചര്‍ച്ചചെയ്തിരുന്നു. സംസ്ഥാന ബജറ്റ് നിര്‍ദേശമായ നഗരങ്ങളില്‍ കുടിവെള്ള വിതരണത്തിനായി സിയാല്‍ മോഡല്‍ വാട്ടര്‍ സപൈ്ള കമ്പനികളും കുടിവെള്ള വില്‍പനയുടെ അനന്തസാധ്യതയാണ് ലക്ഷ്യമിടുന്നത്.
മാഫിയകളുടെ തേര്‍വാഴ്ച
അല്‍പം ഉയര്‍ന്ന പ്രദേശങ്ങളിലെ വെള്ളം ജനുവരി അവസാനത്തോടെ വറ്റിത്തുടങ്ങും. അപ്പോള്‍ ഒരു ലോറിയും ഒരു ടാങ്കും ഒരു മൊബൈല്‍ ഫോണുമുണ്ടെങ്കില്‍ കേരളത്തില്‍ ആര്‍ക്കും നടത്താവുന്ന കച്ചവടമാണ് കുടിവെള്ളവില്‍പന. മൊബൈല്‍ നമ്പര്‍ വലിയ അക്ഷരത്തില്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വഴിനീളെ ഒട്ടിച്ചാല്‍ മതി. ആവശ്യക്കാര്‍ തേടിയെത്തിക്കോളും. കിണറുകള്‍ നിറച്ചിടാനാണ് നാട്ടിന്‍പുറങ്ങളിലുള്ളവര്‍ ഇവരുടെ സേവനം തേടാറ്. ചെറുകിട നഗരങ്ങളിലെ ഹോട്ടലുകളും ഹോസ്റ്റലുകളുമാണ് പിന്നീടുള്ള ആവശ്യക്കാര്‍. കുടിവെള്ളമെന്നാണ് പേരെങ്കിലും പുഴകളില്‍ കിണര്‍ താഴ്ത്തിയോ തീരത്തോട് ചേര്‍ന്ന പുരയിടങ്ങളില്‍ കുഴല്‍ക്കിണര്‍ കുത്തിയോ കിട്ടുന്ന വെള്ളമാണ് നല്‍കുന്നത്. 1000 ലിറ്ററിന് ശരാശരി 700 രൂപ പ്രകാരം കിട്ടും. ദൂരസ്ഥലങ്ങളിലേക്കാണെങ്കില്‍ ഇതില്‍ കൂടുതലും കിട്ടും. ഈ കച്ചവടത്തിന് ആരുടെയും അനുവാദം വേണ്ട. കുടിവെള്ള പ്രശ്നമായതിനാല്‍ ഉദ്യോഗസ്ഥരും നാട്ടുകാരെ പിണക്കാന്‍ നില്‍ക്കില്ല. മാത്രമല്ല, മിക്കനാടുകളിലും അതത് പ്രദേശത്തെ പ്രമാണിമാരായിരിക്കും വെള്ളം വില്‍പനക്ക് പിന്നില്‍. മുമ്പ് നദികളില്‍നിന്ന് മണല്‍ വാരിയിരുന്ന അതേ സംഘങ്ങളും ഇപ്പോള്‍ വെള്ളം കോരി വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ വെള്ളത്തിന്‍െറ ഗുണനിലവാരം പരിശോധിക്കാന്‍ ഒരിടത്തും സംവിധാനമില്ല. നിരന്തരമായ പരാതികള്‍ നല്‍കിയാല്‍ ചിലപ്പോള്‍ ആരോഗ്യവകുപ്പില്‍നിന്ന് ആരെങ്കിലും വന്നെങ്കിലായി. കോട്ടയത്ത് മീനച്ചിലാറില്‍ മാത്രം ഇത്തരം നാല്‍പതോളം ജലമൂറ്റ് കേന്ദ്രങ്ങളുണ്ട്. പാലായിലെയും ഈരാറ്റുപേട്ടയിലെയുമൊക്കെ മാലിന്യങ്ങള്‍ തള്ളുന്നതിനടുത്തുനിന്നുപോലും ഈ കൂട്ടര്‍ ജലം ശേഖരിക്കുന്നു. വാട്ടര്‍ അതോറിറ്റിയും ഇവിടെനിന്നുതന്നെയാണ് വെള്ളമെടുക്കുന്നതെന്നതിനാല്‍ ആര്‍ക്കും പരാതിയില്ല. കുപ്പിവെള്ളക്കച്ചവടക്കാരുടെ സ്വാധീനം അല്‍പംകൂടി വര്‍ധിച്ചാല്‍ ടാങ്കറിലെ കടത്ത് നിലക്കും. പാറമണല്‍ കച്ചവടക്കാര്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ പുഴമണല്‍ കടത്തിനെതിരെ ഉണ്ടായ കര്‍ശന നടപടികള്‍ ഈ രംഗത്തും പ്രതീക്ഷിക്കാം. കൊച്ചിയില്‍ മാസങ്ങള്‍ക്കുമുമ്പ് മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനിയും വര്‍ധിച്ചപ്പോള്‍ ആരോഗ്യവകുപ്പും ആര്‍.ഡി.ഒയും സംയുക്തമായി പരിശോധന നടത്തിയപ്പോള്‍ പിടിയിലായത് ഒമ്പത് ടാങ്കറുകളാണ്. തുറസ്സായ കുളങ്ങളില്‍നിന്നും തോടുകളില്‍നിന്നും വെള്ളമെടുത്ത് ഫ്ളാറ്റുകള്‍ക്കും ആശുപത്രികള്‍ക്കും വില്‍ക്കുകയായിരുന്നു ഇവര്‍. ഈ വെള്ളത്തിലുണ്ടായിരുന്ന ബാക്ടീരിയകളാണ് മഞ്ഞപ്പിത്തം പടരാന്‍ ഒരു കാരണം. വ്യക്തമായ നിര്‍ദേശങ്ങളോ സംവിധാനങ്ങളോ ടാങ്കര്‍ കുടിവെള്ള വിതരണത്തിന് ഏര്‍പ്പെടുത്തിയിട്ടില്ല എന്നതിനാല്‍ ഇപ്പോഴും ഈ രീതിയിലുള്ള വിതരണം തുടരുന്നുമുണ്ട്. നഗരസഭയുടെ ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ടാങ്കര്‍ കുടിവെള്ള വിതരണത്തിനുള്ള വെള്ളം ശേഖരിക്കുന്നത് സ്വകാര്യ കിണറുകളില്‍നിന്നുമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും വിതരണത്തിനുള്ള ടാങ്കര്‍ കുടിവെള്ളം സംഭരിക്കേണ്ടത് വാട്ടര്‍ അതോറിറ്റിയില്‍നിന്നുതന്നെയാകണമെന്ന് നിര്‍ദേശിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. ജലവിതരണത്തിന്‍െറ മറവില്‍ വന്‍ ക്രമക്കേടും അഴിമതിയും നടന്നുവരുകയാണെന്ന് നേരത്തേ മുതല്‍ ആരോപണം ഉണ്ട്. കഴിഞ്ഞകാലങ്ങളില്‍ പ്രതിവര്‍ഷം ഒന്നരക്കോടി രൂപ നല്‍കിയിരുന്ന കുടിവെള്ള സംഭരണത്തിന് കഴിഞ്ഞവര്‍ഷം നല്‍കിയത് നാലു കോടി രൂപയാണ്. ഇതിനുപിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയായ സ്ഥിതിക്ക് അല്‍പം പണം പോയാലും സാരമില്ല, കുപ്പിവെള്ളംതന്നെ മതിയെന്ന് കരുതിയാലും രക്ഷയില്ല. ലാഭക്കൊതിയന്മാര്‍ അവിടെയും കെണിയൊരുക്കിയിട്ടുണ്ട്. 2003ല്‍ ദല്‍ഹിയിലും മുംബൈയിലും വില്‍ക്കുന്ന 30 പ്രമുഖ ബ്രാന്‍ഡ് കുപ്പിവെള്ളമെടുത്ത് ലാബില്‍ പരിശോധിച്ച് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് ഒരു പഠനം നടത്തി. ഇന്ത്യന്‍ റെയില്‍വേയില്‍ വില്‍ക്കുന്ന ബ്രാന്‍ഡുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. പരിശോധിച്ചവയില്‍ പലതിലും ഓര്‍ഗാനോ ക്ളോറിന്‍, ഓര്‍ഗാനോ ഫോസ്ഫറസ് വിഭാഗത്തില്‍പെട്ട അഞ്ചിലധികം മാരക കീടനാശിനികള്‍ കണ്ടെത്തുകയുണ്ടായി. ഇന്‍ഡേന്‍, ഡിഡിറ്റി, മലാത്തിയോണ്‍, ക്ളോര്‍പിറിഫോസ് തുടങ്ങിയ കീടനാശിനികളില്‍ പലതും കരള്‍, വൃക്ക, പ്രതിരോധവ്യവസ്ഥ, നാഡീവ്യവസ്ഥ തുടങ്ങിയവക്ക് തകരാറുകള്‍, ജനിതക വൈകല്യം, കാന്‍സര്‍ എന്നിവക്കിടയാക്കുന്നവയാണ്. യൂറോപ്യന്‍ ഇക്കണോമിക് കമീഷന്‍െറ അനുവദനീയമായ പരിധിയുടെ 36 ഇരട്ടിയോളമായിരുന്നു ഇവയില്‍ പലതിന്‍െറയും സാന്നിധ്യം. ഇറങ്ങിയ കാലത്ത് പത്തുരൂപയായിരുന്നു ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്‍െറ വില. പിന്നീട് ഇത് 12ഉം 15ഉം ആയി. പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം മുതലെടുത്ത് കുടിവെള്ള നിര്‍മാണ കമ്പനികള്‍ വെള്ളത്തിന്‍െറ വില വീണ്ടും കൂട്ടി. ഇപ്പോള്‍തന്നെ നിര്‍മാണച്ചെലവിന്‍െറ മൂന്നിരട്ടി വില ഈടാക്കി കൊള്ളലാഭം കൊയ്യുന്നുണ്ടവര്‍. ലിറ്ററിനു പതിനാറു രൂപ മുതല്‍ 20 വരെയാണ് ചില കമ്പനികളുടെ വെള്ളത്തിന് വില. ഈ സാഹചര്യം മുതലെടുത്ത് വ്യാജന്മാരും ഉഷാറായിട്ടുണ്ട്. മുന്‍നിര കമ്പനികളുടെ പേരില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് വ്യാജന്മാരുടെ വിളയാട്ടം. കുപ്പിക്ക് പുറത്ത് നിര്‍മിക്കുന്ന കമ്പനിയുടെ മുഴുവന്‍ വിലാസവും വിലയും ഫോണ്‍ നമ്പറും രേഖപ്പെടുത്തണമെന്നാണ് നിയമം. നിര്‍മിക്കുന്ന തീയതിമുതല്‍ ആറുമാസം വരെയേ ഇവ വില്‍ക്കാവൂ എന്നൊക്കെ നിയമമുണ്ട്. എന്നാല്‍, പല കമ്പനികളും ഇത് അറിഞ്ഞിട്ടില്ല.
സര്‍ക്കാര്‍ എന്തെടുക്കുകയാണ്?
പൊതുജനത്തിന് കുടിവെള്ളം കൊടുക്കാനാണ് വാട്ടര്‍ അതോറിറ്റി എന്ന പ്രസ്ഥാനം സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തില്‍ ശക്തമായ പൊതുജലവിതരണസംവിധാനം നിലവില്‍ വന്നിട്ട് ഏഴര പതിറ്റാണ്ടിലധികമായി. തിരുവനന്തപുരത്തെ വെല്ലിങ്ടണ്‍ വാട്ടര്‍ വര്‍ക്സില്‍ തുടങ്ങി പബ്ളിക് ഹെല്‍ത്ത് എന്‍ജിനീയറിങ്് ഡിപ്പാര്‍ട്മെന്‍റായി മാറിയ ഈ സംവിധാനം 1984ല്‍ ലോകബാങ്കിന്‍െറ നിര്‍ദേശപ്രകാരം സ്വയംഭരണസ്ഥാപനമായി മാറ്റുകയായിരുന്നു. അങ്ങനെ കേരള വാട്ടര്‍ ആന്‍ഡ് വേസ്റ്റ് വാട്ടര്‍ അതോറിറ്റി രൂപവത്കൃതമായി. 1986ല്‍ കേരള വാട്ടര്‍ സപൈ്ള ആന്‍ഡ് സാനിറ്റേഷന്‍ നിയമം പാസായതോടെ ഇത് കേരള വാട്ടര്‍ അതോറിറ്റിയായി. ഈ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാനത്തൊട്ടാകെ കുടിവെള്ളവിതരണം നടത്താനും മലിനജലനിര്‍മാര്‍ജനം നടത്താനുമുള്ള ചുമതല ഈ സ്ഥാപനത്തില്‍ നിക്ഷിപ്തമായിരുന്നു. 73, 74 ഭരണഘടനാഭേദഗതികള്‍ പ്രകാരം കുടിവെള്ളവിതരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിലായി. ഇക്കാര്യത്തിലും സുപ്രധാനമായ പങ്ക് വാട്ടര്‍ അതോറിറ്റിക്കുണ്ട്. ഒരു കിലോലിറ്റര്‍ ജലം ശുദ്ധീകരിച്ച് വിതരണംചെയ്യുന്നതിന് 11 രൂപ 11 പൈസ ചെലവാകുന്നുണ്ടെന്നാണ് കണക്ക്. കിലോലിറ്ററിന് ഏതാണ്ട് നാലുരൂപ നിരക്കിലാണ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. വാട്ടര്‍ അതോറിറ്റി ഈടാക്കുന്ന കുറഞ്ഞ വെള്ളക്കരം ഈ മേഖലയിലേക്ക് ലാഭേച്ഛയോടെ സ്വകാര്യമേഖല കടന്നുവരുന്നതിനുള്ള പ്രധാന പ്രതിബന്ധമാണ്. അതുകൊണ്ടുതന്നെ, വാട്ടര്‍ അതോറിറ്റിയെ പൂട്ടിക്കെട്ടിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കും. അപാകതകളും പഴികളും അതോറിറ്റിയെ വിട്ടൊഴിയുകയുമില്ല. കൊച്ചി കോര്‍പറേഷനില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതും കക്കൂസ് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതും കേരള വാട്ടര്‍ അതോറിറ്റിയാണ്. കുടിവെള്ള പൈപ്പും സ്വീവേജ് പൈപ്പുകളും ഒരുമിച്ചാണ് ഇട്ടിട്ടുള്ളതും. മേഖലയിലെ 57 സ്ഥലങ്ങളില്‍ രണ്ടു പൈപ്പുകളും പൊട്ടി കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം കലരുന്നുണ്ടെന്ന് ആരോഗ്യവകുപ്പു കണ്ടെത്തിയിട്ടുണ്ട്. പൊതുടാപ്പുകളിലൂടെയുള്ള കുടിവെള്ളത്തിനായി കൊച്ചി കോര്‍പറേഷന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്നത് മൂന്നു കോടിയിലേറെ രൂപയാണ്. കോര്‍പറേഷന്‍െറ അധികാരപരിധിയിലുള്ള പ്രദേശങ്ങളില്‍ ഗാര്‍ഹിക കണക്ഷനുകളില്‍നിന്നുള്ള കോടികളുടെ വരുമാനത്തിന് പുറമെയാണിത്. എന്നാല്‍, കോര്‍പറേഷനിലെ നഗരപ്രദേശമൊഴികെ മറ്റിടങ്ങളിലെല്ലാം നിശ്ചിതസമയങ്ങളില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. കൊച്ചിയിലെ കുടിവെള്ളവിതരണച്ചുമതല കോര്‍പറേഷനില്‍നിന്ന് കേരള വാട്ടര്‍ അതോറിറ്റി ഏറ്റെടുത്ത ശേഷമാണ് നഗരത്തിലെ ജനവാസകേന്ദ്രങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമായതെന്ന് ജനകീയ സംഘടനകള്‍ ആരോപിക്കുന്നു. വാട്ടര്‍ അതോറിറ്റി മലിനജലം നല്‍കുന്നത് കോര്‍പറേഷനില്‍ മാത്രമല്ല. കോഴിക്കോട് എലത്തൂര്‍, ചെട്ടികുളം പ്രദേശത്ത് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തില്‍ കഴിഞ്ഞമാസം കോഴിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. മാലിന്യം നിറഞ്ഞ ചെറുകുളം പുഴയിലെ വെള്ളം ശുദ്ധീകരിക്കാതെ വീടുകളില്‍ എത്തിക്കുകയായിരുന്നുവെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. മട്ടാഞ്ചേരി സ്റ്റാര്‍ ജങ്ഷനിലെ കുടിവെള്ള ടാപ്പില്‍നിന്ന് നൂല്‍പ്പാമ്പിനെയാണ് കിട്ടിയതെങ്കില്‍ കൂവപ്പാടത്ത് പൊതുടാപ്പില്‍നിന്ന് പുഴുക്കളുടെ കൂട്ടവും ചക്കാമാടത്ത് പൊതുടാപ്പില്‍നിന്ന്് മണ്ണെണ്ണ കലര്‍ന്ന ജലമാണ് കിട്ടിയത്. 2010 സെപ്റ്റംബറില്‍ കായംകുളം ബോട്ടുജെട്ടിക്ക് തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലെ പൈപ്പുലൈനിലെ കുടിവെള്ളത്തില്‍ എലിയുടെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നത് വിവാദമായിരുന്നു.
കുടിവെള്ള പദ്ധതികള്‍ക്കായി ഒഴുക്കുന്ന കോടികള്‍ അപ്രത്യക്ഷമാകുന്നതാണ് മറ്റൊരു പ്രശ്നം. കൊച്ചിയിലെ കുടിവെള്ളലഭ്യത ഉറപ്പുവരുത്തുന്നതിനും വിതരണത്തിനുമായി അഞ്ചിലേറെ വിദേശപദ്ധതികളടക്കം എട്ടോളം പദ്ധതികള്‍ കൊച്ചിയില്‍ നടപ്പാക്കിയിരുന്നു. എന്നാല്‍, ഇതൊന്നും യാഥാര്‍ഥ്യമായിട്ടില്ല. ജനകീയാസൂത്രണ പദ്ധതിയിലും മറ്റും പെടുത്തി നാട്ടിന്‍പുറങ്ങളില്‍ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ പാതിവഴിനിലച്ചുകഴിഞ്ഞു. ഓരോ വാര്‍ഡിലും ഇത്തരം ഒരു പദ്ധതിയെങ്കിലുമുണ്ടാകും.
ഇതിന്‍െറ ദുരിതം അനുഭവിക്കുന്നവര്‍, മൂവാറ്റുപുഴയില്‍ നൂറോളം ഹരിജന്‍ കുടുംബങ്ങള്‍ താമസിക്കുന്ന പായിപ്ര പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ് പാറ്റായി ഹരിജന്‍ കോളനിയിലുള്ളവരെപോലുള്ളവരാണ്. മൂന്നു ശുദ്ധജല പദ്ധതികള്‍ നിലനില്‍ക്കെ ഇവിടത്തുകാര്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
ജലനിധിയെന്ന തലവിധി
കുറച്ചുകാലമായി കേരളം വെള്ളം കുടിക്കണോയെന്ന് തീരുമാനിക്കുന്നത് ലോകബാങ്കാണ്. 2000ല്‍ ആരംഭിച്ച ഗ്രാമീണ ശുദ്ധജല വിതരണപദ്ധതിയായ ജലനിധി ലോകത്തെ രണ്ടാമത്തെ ഗ്രാമീണ ശുദ്ധജല പദ്ധതിയായി ലോകബാങ്ക് അംഗീകരിച്ചിരുന്നു. 112 പഞ്ചായത്തുകളില്‍ നടപ്പാക്കിയ ഒന്നാംഘട്ടം കാര്യക്ഷമമാണെന്നതിനാല്‍ അവര്‍ രണ്ടാംഘട്ടത്തിന് കരാറുമുണ്ടാക്കി. 1022 കോടി രൂപ ചെലവില്‍ ഇരുനൂറോളം ഗ്രാമപഞ്ചായത്തുകളിലാണ് രണ്ടാംഘട്ട പദ്ധതി നടപ്പാക്കുക. ശുചിത്വ പദ്ധതികളും നടപ്പാക്കും. അഞ്ചര വര്‍ഷംകൊണ്ട് ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്.
20 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, ജലനിധിയുടെ ഘടനയും വ്യവസ്ഥകളും അടിമുടി മാറ്റണമെന്നാണ് പദ്ധതി ഒന്നാംഘട്ടം സംബന്ധിച്ച് പഠനം നടത്തിയ നിയമസഭാ സമിതി ശിപാര്‍ശ ചെയ്തത്. ദരിദ്രര്‍ക്ക് കുടിവെള്ളം കിട്ടാതാക്കിയ ഈ പദ്ധതിയിലെ പല വ്യവസ്ഥകളും ജനാധിപത്യ വിരുദ്ധവും കുടിവെള്ളവിതരണ മേഖലയില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതിന് തുല്യവുമാണെന്ന് സമിതി കണ്ടെത്തിയിരുന്നു. പൊതുടാപ്പുകള്‍ ഇല്ലാതാക്കുന്ന വ്യവസ്ഥകള്‍ മാറ്റണം. സഭാസമിതി നിര്‍ദേശങ്ങള്‍ കണക്കിലെടുത്തുവേണം രണ്ടാംഘട്ട പദ്ധതിക്ക് അന്തിമരൂപം നല്‍കാനെന്നും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, കര്‍ശന വ്യവസ്ഥകളെന്ന് സമിതി വിമര്‍ശിച്ചവയില്‍ ഒരു മാറ്റവും വരുത്താതെ പുതിയ സര്‍ക്കാറും രണ്ടാംഘട്ട പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു. ധനകാര്യ ഏജന്‍സിയുടെ നയം സേവനമല്ല, പദ്ധതി ലാഭകരമായിരിക്കണമെന്നാണ്. അതിന് വെള്ളത്തിന് പണം ഈടാക്കുകയും പൊതുടാപ്പില്‍ മീറ്റര്‍ വെക്കുകയും വേണം. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമിതി വ്യക്തമാക്കിയിരുന്നു. പുതിയ കണക്ഷന്‍ നല്‍കാന്‍ ഒരു ഗുണഭോക്താവില്‍നിന്ന് പദ്ധതിയുടെ തുടക്കത്തില്‍ 1000-1700 രൂപയാണ് ഈടാക്കിയിരുന്നത്. ഇപ്പോള്‍ അത് 10,000 മുതല്‍ 20,000 രൂപ വരെ ആയിരിക്കുന്നു. തുക അടയ്ക്കാന്‍ കഴിയാത്ത പാവങ്ങള്‍ക്ക് പദ്ധതിയുടെ സൗകര്യം ലഭിക്കില്ല. തീരദേശങ്ങളിലും മറ്റും റൂറല്‍ വാട്ടര്‍ സപൈ്ള പദ്ധതിയുണ്ടായിരുന്നപ്പോള്‍ സുലഭമായി വെള്ളം ലഭിച്ചിരുന്നു. ജലനിധി നടപ്പാക്കിയതോടെ പണം കണ്ടെത്താനാവാത്ത തീരവാസികള്‍ക്ക് വെള്ളം കിട്ടാതായി. പദ്ധതി നടപ്പാക്കിയ 25 ശതമാനം സ്ഥലത്തും ജലസ്രോതസ്സുകള്‍ നിലച്ചുപോയി. അത്തരം സ്ഥലങ്ങളില്‍ വെള്ളംകിട്ടാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. പൊതുടാപ്പുകള്‍ സ്ഥാപിക്കേണ്ട ചുമതല ഗുണഭോക്തൃ സമിതികള്‍ക്കാണ്. ഇതിന് പഞ്ചായത്ത് പണം വാഗ്ദാനം ചെയ്താലും കിട്ടിയില്ലെങ്കില്‍ ഈടാക്കാന്‍ സമിതിക്ക് അധികാരമില്ലാത്തതിനാല്‍ പൊതുടാപ്പുകള്‍ സ്ഥാപിക്കപ്പെട്ടില്ല. അതിനാല്‍, പൊതുടാപ്പുകള്‍ പഞ്ചായത്തുകള്‍ നേരിട്ട് സ്ഥാപിക്കണമെന്ന സമിതി നിര്‍ദേശവും പരിഗണിക്കപ്പെട്ടില്ല. പൊതുടാപ്പ് സ്ഥാപിച്ചാല്‍ മീറ്റര്‍ വെക്കേണ്ടിവരുമെന്നും മീറ്റര്‍ റീഡിങ് പ്രകാരം പണം അടയ്ക്കണമെന്ന വ്യവസ്ഥയിലാണ് ആദ്യഘട്ടത്തിലെ രണ്ടാം ഭാഗത്ത് പൊതുടാപ്പ് അനുവദിച്ചതെന്നും ജലവകുപ്പ് സെക്രട്ടറി സമിതിയോട് സമ്മതിച്ചിട്ടുണ്ട്. പൊതുടാപ്പ് അനുവദിച്ചാല്‍ സ്വകാര്യ കണക്ഷനുകളുണ്ടാകില്ലെന്നും അതിനാല്‍, പദ്ധതി മുന്നോട്ടുപോകില്ലെന്നുമായിരുന്നു ജലനിധി ഡയറക്ടറുടെ നിലപാട്. ചുരുക്കത്തില്‍, മരിക്കാന്‍നേരം വെള്ളംപോയിട്ട് തുപ്പലെങ്കിലുമിറക്കാന്‍ ഭാഗ്യം വേണമെന്ന സ്ഥിതിയിലേക്കായിരിക്കുന്നു കാര്യങ്ങള്‍.