
ഞാന്‍ ഒരേസമയം
ഒറ്റയും ഇരട്ടയുമാകുന്നു.
ഒറ്റ എന്നിലേക്കുതന്നെ
നോക്കിക്കൊണ്ടിരിക്കുന്നു.
ഇരട്ട തമ്മില്‍ത്തമ്മില്‍
നോക്കിക്കൊണ്ടിരിക്കുന്നു.
ഒറ്റ ഒന്നും മിണ്ടുന്നില്ല.
ഇരട്ട മിണ്ടിക്കൊണ്ടേയിരിക്കുന്നു.
ഒറ്റ നിന്നിടത്തുതന്നെ
നിശ്ചലമായി നില്‍ക്കുന്നു.
ഇരട്ട ഒരിടത്തും നില്‍ക്കാതെ
ഓടിക്കൊണ്ടേയിരിക്കുന്നു.
ഞാന്‍ സമയം മുഴുവന്‍
ഒറ്റയും ഇരട്ടയും
കളിച്ചുകൊണ്ടിരിക്കുന്നു.
മടക്കിപ്പിടിച്ച കൈയില്‍
ഒറ്റയോ ഇരട്ടയോ?
ഓരോ സമയത്തും
കൈ നിവരുമ്പോള്‍
ഒറ്റയുമില്ല, ഇരട്ടയുമില്ല.
ഒറ്റയും ഇരട്ടയുമല്ലാത്ത
ഒരു ഭിന്നസംഖ്യ മാത്രം.