പുനര്‍ജനിയിലേക്കുള്ള പെരുവഴികള്‍ | Madhyamam Weekly
Weekly


പുനര്‍ജനിയിലേക്കുള്ള പെരുവഴികള്‍

പി.ബി. അനൂപ്

ഊര്‍ധ്വന്‍ വലിച്ചുകൊണ്ടൊഴുകുന്ന പുനര്‍ജനീ നദി. നാഞ്ചേതമഠത്ത് ബസിറങ്ങുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പെട്ടത് അതാണ്. റോഡിനിരുവശത്തും ഇലപ്പച്ചകള്‍ കാടുപോലെ വളര്‍ന്നുനില്‍ക്കുന്നു. അതില്‍ പകുതിയിലേറെയും വാടിക്കരിഞ്ഞവ. റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ഇലക്ട്രിക്പോസ്റ്റുതന്നെയാണ് ബസ്സ്റ്റോപ്പും.
ചുറ്റിലും വേദനിപ്പിക്കുന്ന ഒരുതരം നിശ്ശബ്ദത. മരവിപ്പ്. തലയില്‍ തോര്‍ത്തുമുണ്ടിട്ട് എതിരെ നടന്നുവന്ന ഒരു വൃദ്ധനോട് വഴി ചോദിച്ചു.
‘‘ഈ...നാഞ്ചേതമഠം ശ്മശാനം?’’
ആദ്യം ഒരു സംശയത്തോടെ അയാള്‍ എന്നെ നോക്കി.
‘‘ദാ ഇതിലേ...കഷ്ടിച്ച് ഒരരക്കിലോമീറ്ററേയുള്ളൂ’’,
റോഡിനോട് ചേര്‍ന്നുള്ള മണ്‍വഴി ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു.
ഒരുപാടാത്മാക്കളുടെ ശേഷക്രിയകള്‍ ഏറ്റുവാങ്ങിയ, അവരെ നിത്യതയിലേക്ക് നിമജ്ജനം ചെയ്ത പുനര്‍ജനീനദി. ഇപ്പോള്‍ വറ്റിവരണ്ട് ഒരു നീരൊഴുക്ക് മാത്രമായി മാറി. അവിടവിടായി ചിതറിക്കിടക്കുന്ന ഗര്‍ഭജലംപോലുള്ള വെള്ളക്കെട്ടുകള്‍. അവയോടുചേര്‍ന്ന് ചെമ്പട്ടുപൊതിഞ്ഞ മണ്‍കുടങ്ങള്‍. അസ്ഥിക്കഷണങ്ങള്‍...
വല്ലാത്തൊരു വിരക്തിയാണ് ഓരോ കാഴ്ചക്കും.
തര്‍പ്പണത്തിന്‍െറ അവശേഷിപ്പുകള്‍ നിറഞ്ഞ മണ്‍തിട്ടകളുടെയും വന്യതയുടെ മുഖവുമായി ഒരു നദിയുടെ ശേഷിക്കുന്ന രക്തബിന്ദുക്കളില്‍ പടര്‍ന്നുകയറുന്ന പൊന്തക്കാടുകളുടെയും ഇടയിലൂടെ ‘നാഞ്ചേതമഠം’ ലക്ഷ്യമാക്കി ഞാന്‍ നടന്നു. നിശ്ശബ്ദതയുടെ നീല ഞരമ്പു മുറിച്ച് ഒരാംബുലന്‍സ് കടന്നുപോയി. തുറന്നിട്ട കണ്ണാടിജാലകങ്ങളില്‍ ചേര്‍ത്തുവെച്ച കരഞ്ഞുവീര്‍ത്ത മുഖങ്ങളുമായി ഒരു വാന്‍ പിറകെയും.
മരണം ഇവിടെ ഒരതിഥിയല്ല. നിത്യജീവിതത്തിന്‍െറ ഭാഗമാണ്. പൊഴിഞ്ഞുവീഴുന്ന ഓരോ നിമിഷദളത്തിലും കുറിച്ചുവെച്ച വാക്കാണ് ഇവിടെ മരണം.
ദല്‍ഹിയിലെ പത്രപ്രവര്‍ത്തകന്‍െറയും പരാജിതനായ കുടുംബനാഥന്‍െറയും വേഷപ്പകര്‍ച്ചകളും പ്രസ്ക്ളബിലെ ലഹരിയുടെ നിര്‍വാണാവസ്ഥകളും അവസാനിപ്പിച്ച് തുടങ്ങിവെച്ച യാത്ര. മരണമെന്ന മഹാസത്യം തേടി...എല്ലാമുപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ യാത്ര തുടങ്ങാനിരിക്കെ സ്നേഹത്തോടെ തടഞ്ഞ പ്രിയസുഹൃത്ത്; നിരഞ്ജന്‍. ‘‘ഇത്രയുംനാള്‍ ഞാന്‍ ചെയ്തത് ബൗദ്ധിക സ്വയംഭോഗം, ഇനി മതി...’’ നിരഞ്ജനോട് പറയാനുള്ള എന്‍െറ വിരസജീവചരിത്രം നെടുവീര്‍പ്പോടെ ഒറ്റവരിയിലൊതുക്കി.
ജീവിതത്തോടുള്ള വെറുപ്പിന് ‘പാരസൈക്കോളജി’ എന്ന മേല്‍വിലാസം.
ഓര്‍മയുറയ്ക്കാത്ത കാലത്തായിരുന്നു അച്ഛന്‍െറ മരണം. തറവാടിനുള്ളിലെ ചിതലരിച്ച ഗോവണിയുടെ ഗന്ധമായിരുന്നു അച്ഛന്‍െറ ഓര്‍മകള്‍ക്ക്. പ്രവാസജീവിതത്തിന്‍െറ ഇടയിലെത്തിയ അമ്മയുടെ മരണവാര്‍ത്ത. കര്‍പ്പൂരാദി കുഴമ്പിന്‍െറ മണമായിരുന്നു അപ്പോള്‍ മനസ്സില്‍ നിറയെ. ഓര്‍മകള്‍ക്കും മരണത്തിനും മണമുണ്ടെന്ന ജീവിതപാഠം.
വഴിയരികിലായി ശ്മശാനത്തിന്‍െറ ഓഫിസ്. അതിനു തൊട്ടരികിലായി അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ വന്നവര്‍ക്ക് ഭക്ഷണം കഴിക്കാനായി ഒരു കുഞ്ഞുഹോട്ടല്‍. ഓഫിസിന്‍െറ ഒരുവശത്ത് കുറച്ചാളുകള്‍ വിറകുകീറുന്നു.
മനസ്സിനെന്തോ വല്ലാത്ത ഭാരംപോലെ. ചോരയില്ലാത്ത ആഴമേറിയ മുറിവുപോലെ.
പാന്‍റ്സിന്‍െറ പോക്കറ്റില്‍നിന്ന് വിസിറ്റിങ് കാര്‍ഡെടുത്ത് ഒന്നു നോക്കി.
‘ശിവപ്രസാദ് ശാന്തി
നാഞ്ചേതമഠം
ഭാരതഖണ്ഡം
പുനര്‍ജനീതീരം
കേരളം’
‘‘ശിവപ്രസാദ് ശാന്തി?’’ ഓഫിസിലിരുന്ന പയ്യനോട് ചോദിച്ചു.
‘‘ഇപ്പോവരും. ഒരു മരണണ്ട്.’’
‘‘ഉം’’, ഞാന്‍ പതുക്കെ മൂളി.
‘‘ശാന്തിയെ ഫോണിലെങ്ങാനും നേരത്തേ വിളിച്ചുപറഞ്ഞിരുന്നോ?’’
‘‘ഉവ്വ്.’’
‘‘പത്രക്കാരനാ...? അല്ലാ; ഇപ്പോ കൊറെ നാളായിട്ട് പത്രക്കാരും ടി.വിക്കാരും ഇങ്ങ്ട്ട് എത്താറ്ണ്ടേ... ഇവിടെ ഇത്രേം പേരെ കത്തിക്കാന്‍ പാടില്യാന്ന് പറഞ്ഞ് സമരോം ലഹളേം ഒക്ക്യല്ലായിരുന്നോ!... അതോണ്ട് ചോദിച്ചതാ.’’ അവന്‍െറ സംസാരത്തിന് നല്ല വേഗതയുണ്ടായിരുന്നു.
‘‘അല്ല. ശാന്തീടെ ഒരു സുഹൃത്താ...’’
‘‘ന്നാ...കയറിരിക്ക്യൂട്ടോ...’’ അവന്‍ ഒരു കസേര നീക്കിയിട്ടു. പ്ളാസ്റ്റിക് നൂലുകൊണ്ട് നെയ്ത ഒരു പഴയ തടിക്കസേര. വാതിലിനോട് ചേര്‍ന്ന് ഒരുപാട് മണ്‍കുടങ്ങള്‍ കമഴ്ത്തിവെച്ചിരിക്കുന്നു.
കഴിഞ്ഞവര്‍ഷം കൊല്‍ക്കത്തയിലെ താരാപീഠില്‍വെച്ച് ഗിരീഷ് ചന്ദ്രഘോഷെന്ന താന്ത്രികനാണ് ശിവപ്രസാദിനെക്കുറിച്ച് പറഞ്ഞത്. ഹോമകുണ്ഡത്തില്‍ എരിഞ്ഞടങ്ങുന്ന തീയുടെ വെളിച്ചത്തില്‍ ഗിരീഷ് പറഞ്ഞു: ‘‘എനിക്കറിയാവുന്നത് മൂന്നേമൂന്ന് മലയാളികളെ. ഇ.എം.എസ്, ഐ.എം. വിജയന്‍ പിന്നെ ഈ ശിവപ്രസാദ്... കമ്യൂണിസം, ഫുട്ബാള്‍ ആന്‍ഡ് തന്ത്രാ... ദാറ്റിസ് വാട്ട് വി ബംഗാളീസ് ആര്‍...’’ പൂക്കള്‍ക്കും പൂജാദ്രവ്യങ്ങള്‍ക്കും അരികെ ഡേവിഡ് ബക്കാമിന്‍െറ ആത്മകഥ, ‘മൈ സൈഡ്.’
ഒരുപാട് സംശയങ്ങളുമായാണ് നാഞ്ചേതമഠത്തേക്കുള്ള യാത്രയാരംഭിച്ചത്. പക്ഷേ, മനസ്സില്‍ ഇപ്പോഴവശേഷിക്കുന്നത് ശൂന്യത മാത്രം. അസ്ത്രമൊഴിഞ്ഞ ആവനാഴിപോലെ. ശിവപ്രസാദ് ഓഫിസിലെത്തി.
നല്ല ഉയരമുള്ള ഒരു മധ്യവയസ്കന്‍. ഇരുനിറം. തലമുടി പറ്റെ വെട്ടിയിരിക്കുന്നു. മുഖത്തിന് കൂടുതല്‍ ഗാംഭീര്യം പകര്‍ന്ന് കണ്ണടയും. എങ്കിലും കണ്ണുകള്‍ക്ക് വല്ലാത്ത തീക്ഷ്ണത. പച്ചക്ക് കത്തുന്ന ഉഷ്ണവനംപോലെ. മൂന്നു ബിരുദാനന്തരബിരുദങ്ങളും ഒരു ഡോക്ടറേറ്റുമുള്ള ശിവപ്രസാദെന്ന ആത്മാക്കളുടെ കാവല്‍ക്കാരന്‍.
‘‘അശോക് അല്ലേ?’’
‘‘അതേ.’’
‘’ഈ പാവം ശ്മശാന സൂക്ഷിപ്പുകാരന്‍െറയടുത്ത് എന്ത് പാരാസൈക്കോളജി!’’ ശിവപ്രസാദ് ചിരിക്കുമ്പോള്‍ മുഖത്തെ ഗൗരവം മായുന്നില്ല.

‘‘താരാപീഠില്‍വെച്ച് ഗിരീഷ് ഘോഷാണ് ശിവപ്രസാദിനെക്കുറിച്ച് പറഞ്ഞത്.’’
‘‘അയാളും എന്നെപ്പോലൊരു കിറുക്കന്‍... ഉൂം ഹ്ാ, എന്താ അശോകിനറിയേണ്ടത്. അങ്ങനെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളായിട്ട് പറയാനൊന്ന്യൂല്യാ... എനിക്കറിയണതങ്ങ്ട് പറയാം. എന്താ...?’’
‘‘ഓ... ആയിക്കോട്ടെ’’, ഞാന്‍ തലയാട്ടി.
‘‘എല്ലാം ഒരു നിയോഗമാണ്...ഞാന്‍ ശ്മശാനസൂക്ഷിപ്പുകാരനാകാനും...ദാ ഇന്നിപ്പം അശോകിനെ കാണാനും എല്ലാം...’’
‘‘എങ്ങന്യായിരുന്നു ഈ വഴിക്ക്?’’ ചിലപ്പോഴൊക്കെ എന്‍െറയുള്ളിലെ പഴയ പത്രപ്രവര്‍ത്തകന്‍ തലപൊക്കും.
‘‘...എന്താദ് ഇന്‍റര്‍വ്യൂവോ...ഒറ്റക്കായിരുന്നു ചെറുപ്പംതൊട്ടേ... ഇരുട്ടുപിടിച്ച; അല്ല ഇരുട്ടുവിഴുങ്ങിയ ഒരു വലിയ തറവാട്ടില്. പിന്നെ മനസ്സുനിറയെ എന്താണെന്നുപോലും അറിയാത്ത കുറെ ചോദ്യങ്ങളും. എല്ലാംകൂടി കലങ്ങിമറിഞ്ഞ് പലപ്പോഴും  തലപെരുത്തുവരും. ഈയൊരവസ്ഥ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. അമ്മമാത്രേ ഇണ്ടായിരുന്നുള്ളൂ... നാഞ്ചേതമഠം ആളേറ്റെടുക്കാനില്യാണ്ടായപ്പോ ഞാന്‍ ശ്മശാനസൂക്ഷിപ്പുകാരനാവുകയായിരുന്നു. അമ്മ മരിച്ചപ്പോ ശ്മശാനായി എന്‍െറ എല്ലാം.’’
ഓഫിസിലിരുന്ന പയ്യന്‍ ചൂടുകാപ്പിയുമായി വന്നു.
‘‘കുടിക്കൂ’’, ശിവപ്രസാദ് പറഞ്ഞു.
ഗ്ളാസെടുത്തപ്പോള്‍ കൈപൊള്ളി.
‘‘മരണം... ചിലര്‍ക്ക് പേടി, ചിലര്‍ക്ക് സമസ്യ, പിന്നെ ചിലര്‍ക്ക് ഒരുതരം ശൂന്യത. എല്ലാവരും ജീവിതത്തീന്ന് ജീവിതം കെട്ടിപ്പടുക്കുമ്പോള്‍ മരണത്തില്‍നിന്ന് ജീവിതം കെട്ടിപ്പടുക്കുന്നത് രസള്ള ഒരു കാര്യാ... എനിക്കും ദാ ഇവിടെയുള്ള എല്ലാവര്‍ക്കും മരണമാണ് വിശപ്പുമാറ്റാനുള്ള വഴി.’’
ഞാന്‍ ശിവപ്രസാദിന്‍െറ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി. തുറക്കാനുള്ള താക്കോല്‍ കളഞ്ഞുപോയ താഴുകള്‍പോലെയായിരുന്നു അയാളുടെ കണ്ണുകള്‍.
ശിവപ്രസാദിന്‍െറ മൊബൈല്‍ റിങ് ചെയ്തു. ഫോണില്‍ സംസാരിച്ചശേഷം അയാള്‍ പറഞ്ഞു: ‘‘നമുക്ക് ശ്മശാനത്തിലേക്ക് നടക്കാം. ഒരു മരണണ്ട് എന്താ?’’
‘‘ശരിക്കും ഈ സ്ഥലത്തിന്‍െറ പേര് നചികേതസ് മഠം എന്നാണ്. നചികേതസിനെ അറിയില്ലേ; മരണത്തെത്തേടിയലഞ്ഞ കഠോപനിഷത്തിലെ കൗമാരം?’’
‘‘ഉവ്വ്.’’
ഒരസ്ഥിക്കഷണവും കടിച്ച് ഒരു തെരുവുപട്ടി ഞങ്ങള്‍ക്കു കുറുകെ ഓടി.
‘‘നചികേതസ് മഠം ലോപിച്ച് നാഞ്ചേതമഠായി. സതീദേവി മരിച്ചപ്പോ പരമശിവന്‍ ഇവിടെ മരണാനന്തരക്രിയകള്‍  നടത്തീന്നാ പുരാണം. ശിവപ്രസാദ് ഐതിഹ്യപ്പഴമകള്‍ പറഞ്ഞുനിര്‍ത്തുമ്പോഴേക്കും ഞങ്ങള്‍ ശ്മശാനത്തിലെത്തി.
പുകച്ചുരുളുകള്‍, അടക്കിപ്പിടിച്ച തേങ്ങിക്കരച്ചിലുകള്‍, പച്ചമാംസം കത്തിയെരിഞ്ഞ ഗന്ധം.
‘‘ കുറച്ച് നേരം ഇവിടെ നിക്കൂട്ടോ... ബുദ്ധിമുട്ടാക്വോ?’’ ശിവപ്രസാദ് ചോദിച്ചു
ഇല്ലെന്ന് ഞാന്‍ തലയാട്ടുംമുമ്പേ അയാള്‍ നടന്നുനീങ്ങിയിരുന്നു. തലപുകഞ്ഞ് കത്തുന്നതുപോലെ. വെളുപ്പും കറുപ്പും ഇഴചേര്‍ന്ന ആ പുകച്ചുരുളുകള്‍ക്കിടയില്‍ ഒരു മിന്നായംപോലെ ആ മുഖം. ഓര്‍മകളുടെ ഉഷ്ണവനങ്ങള്‍ക്കപ്പുറത്ത് അവള്‍. സിതാര.
ദ്രവിച്ചുതുടങ്ങിയ ഇന്നലെകള്‍ക്കിടയില്‍ മിടിക്കുന്ന ചില മാംസഖണ്ഡങ്ങള്‍. പരിചിതത്വമോ അപരിചിതത്വമോ? എന്തുവേണമെന്ന് മനസ്സില്‍ കൂട്ടിക്കിഴിക്കും മുമ്പേ അവള്‍ ചിരിച്ചു. കത്തിയെരിയുന്ന ചിതകള്‍ക്കിടയിലൂടെ ഞാന്‍ അവളുടെ അടുത്തേക്ക് നടന്നു.
മണ്‍തരികള്‍ക്ക് വല്ലാത്ത ചൂടനുഭവപ്പെടുന്നു. നനഞ്ഞ അരിയും എള്ളും കൊളുത്തിവലിക്കുന്നു. പ്രായത്തെക്കാളേറെ അവളുടെ മുഖവും ശരീരവും ക്ഷീണിച്ചിരുന്നു. മരണത്തിന്‍െറ  കാവല്‍പ്പൂക്കളടര്‍ന്നുവീണ മണ്‍തിട്ടയില്‍ ഒരു വാള്‍ത്തലപ്പിലെന്നപോലെ ഞാന്‍ അവള്‍ക്കു മുന്നില്‍നിന്നു.
‘‘അശോക്...’’ അവളുടെ വാക്കുകള്‍ എന്‍െറ ഓര്‍മകളുടെ പട്ടടക്ക് തീപ്പകരുകയായിരുന്നു.
‘‘മരിച്ചശേഷം ഗതികിട്ടാതെ അലയുന്നതിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ, ഞാന്‍ ജീവിതത്തില്‍ ഗതികിട്ടാതെ അലയുകയാണ്. ഊരുതെണ്ടലുകള്‍ക്കൊടുവില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മടങ്ങിവരവ്.’’ അതിനുമപ്പുറം പറയാന്‍ എന്നില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
‘‘ഭാര്യയും മക്കളും?’’ അവളുടെ ചോദ്യത്തിന് ചാട്ടുളിയുടെ മൂര്‍ച്ച തോന്നി.
‘‘ബാബരി മസ്ജിദ് തകര്‍ത്ത സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോഴായിരുന്നു മിറാന്‍ഡയെ പരിചയപ്പെട്ടത്. ഫ്രഞ്ച് ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍. പിന്നെ അവളെന്‍െറ മീരയായി. ഒടുവില്‍, ഞങ്ങള്‍ക്കിടയില്‍ ആഴമേറിയ അകലങ്ങള്‍ വന്നപ്പോള്‍ അവള്‍ തിരികെ മിറാന്‍ഡയായി. ഒരു ഹസ്തദാനത്തിലവസാനിച്ച ആറു മാസത്തെ ദാമ്പത്യത്തിനിടയില്‍ മക്കളെന്ന ബാധ്യത ഉണ്ടായില്ല.’’
‘‘സിതാര?’’
‘‘അച്ഛനും അമ്മയും മരിച്ചു. കുറച്ചുനാള്‍ ചേച്ചീടെ കൂടെയായിരുന്നു. ഇപ്പോള്‍ തറവാട്ടില്‍ ഒറ്റക്ക്.’’ അവളുടെ വാക്കുകള്‍ക്ക് വല്ലാത്ത നീറ്റല്‍.
‘‘വിവാഹം?’’
‘‘അതുണ്ടായില്ല. അച്ഛന്‍ കുറെ നിര്‍ബന്ധിച്ചു. അവസാനകാലത്ത് അച്ഛന് അതൊരു വേദനയായിരുന്നു. തറവാടിന്‍െറ ജനാലകളും വാതിലുകളും അടച്ച് ആ ഇരുട്ടില്‍ കഴിയുന്നതും ഒരു സുഖാ... ഓര്‍മകളില്ല... സ്വപ്നങ്ങളില്ല...വേദനകളും.’’
‘‘ഉം...എന്‍െറ ജീവിതത്തില്‍ സംഭവിച്ച പലതിന്‍െറയും കാരണങ്ങള്‍ എനിക്കറിയില്ല. ‘ഞാന്‍ പോകുന്നു, എന്നെ മറന്നേക്കൂ’ എന്ന നിന്‍െറ യാത്രപറച്ചിലിന്‍െറയും വഴിപിരിയലിന്‍െറയും കാരണവും ഇന്നും എനിക്കറിയില്ല.’’അവളോട് സംസാരിക്കുമ്പോഴും ഞാന്‍ നോക്കിക്കൊണ്ടിരുന്നത് അന്ത്യകര്‍മങ്ങള്‍ ചെയ്യുന്ന ഒരാളുടെ തോളിലിരുന്ന വെള്ളം ചോരുന്ന മണ്‍കുടത്തിലായിരുന്നു. മൂന്നു വലം പൂര്‍ത്തിയായപ്പോള്‍ അയാള്‍ കുടം താഴെയിട്ട് പൊട്ടിച്ചു.
‘‘അശോക് അതൊന്നും മറന്നില്ലേ?’’
‘‘സ്നേഹത്തിന്‍െറ മുറിവുണക്കാന്‍ അതുണ്ടാക്കിയവര്‍ക്കല്ലേ കഴിയൂ.’’
ഞങ്ങളുടെ തൊട്ടടുത്ത ചിതയില്‍നിന്ന് അസ്ഥികള്‍ പൊട്ടുന്ന ശബ്ദം. അവളുടെ മുഖത്തുനിന്ന് ചോരവാര്‍ന്നു പോകുന്നപോലെ.
‘‘അച്ഛന്‍െറ നിര്‍ബന്ധം, ആത്മഹത്യാ ഭീഷണി, ഒപ്പം എന്‍െറ  നിസ്സഹായതയും.’’
‘‘ശരിയാണ് സിതാര. പക്ഷേ, അന്ന് തോല്‍ക്കാന്‍ തുടങ്ങിയതാണ് ഞാന്‍. പിന്നെ എല്ലാ തോല്‍വികളും ചേര്‍ന്ന് ഞാനായി.’’
‘‘ഹാ! നിങ്ങള്‍ നേരത്തേ അറിയുമോ?’’
ഞങ്ങള്‍ക്കിടയിലേക്ക് ശിവപ്രസാദ് കടന്നുവന്നു.
‘‘മരണം സ്നേഹത്തിന്‍െറ മാറ്ററിയാനുള്ള ഒരു വഴികൂടിയാണ്. ഇവിടെ ഗംഭീരമായി അന്ത്യകര്‍മങ്ങള്‍ നടത്തിയ ശേഷം ഒരിക്കല്‍പോലും തിരിഞ്ഞുനോക്കാത്തവരുണ്ട്. ചിലര്‍ ആണ്ടുകര്‍മങ്ങള്‍ക്കായി പൈസ അയച്ചുതരും. കഴിഞ്ഞ അഞ്ചുവര്‍ഷമായി സിതാര അച്ഛന്‍െറയും അമ്മേടേം ആണ്ടുകര്‍മങ്ങള്‍ക്കായി ഇവിടെ എത്താറുണ്ട്.’’
അവള്‍ ചിരിച്ചു. ജീവനില്ലാത്ത ഒരു ചിരി.
‘‘അശോകിന് നാളെ വരാമോ...ബന്ധുവൊന്നുമല്ലെങ്കിലും ചില മരണങ്ങള്‍ എന്നെ വേദനിപ്പിക്കാറുണ്ട്. ഇപ്പോള്‍ കര്‍മം നടത്തീത് ഒരു പട്ടാളക്കാരന്‍െറയാ. സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗത്തിനുശേഷം വിരമിച്ചു. സാമ്പത്തികമായി ഉയര്‍ന്ന ചുറ്റുപാട്. മക്കള്‍ വിദേശത്ത്. എല്ലാംകൊണ്ടും പുറമേനിന്ന് നോക്കുമ്പോള്‍ സുഖം, സന്തോഷം. പക്ഷേ, തിരക്കുപിടിച്ച കുടുംബാംഗങ്ങള്‍ക്കിടയില്‍ തീര്‍ത്തും ഒറ്റപ്പെട്ട അയാള്‍ ശരീരത്തിലെ ഓരോ സ്ഥലത്തും ബ്ളേഡുകൊണ്ട് വരഞ്ഞ് ആത്മഹത്യ ചെയ്തു.’’ ശിവപ്രസാദ് നന്നേ ക്ഷീണിച്ചിരുന്നു.
കറുപ്പും വെളുപ്പും കലര്‍ന്ന പുകച്ചുരുളുകള്‍ക്കിടയിലൂടെ അയാള്‍ കടന്നുപോയി. വെയില്‍ ചാഞ്ഞു. മണ്‍തരികളില്‍ സന്ധ്യയുടെ ചുവപ്പു വീണു.
‘‘നടക്കാം?’’
സിതാര മറുപടിയൊന്നും പറഞ്ഞില്ല. പുനര്‍ജനിയിലേക്ക് ചാഞ്ഞുകിടക്കുന്ന ശ്മശാനത്തിലേക്കുള്ള വഴിയിലൂടെ ഞാന്‍ നടന്നു. ഒപ്പം ബോധപൂര്‍വം ഒരകലം സൂക്ഷിച്ച് അവളും.
‘‘മരണം ഒരുപാട് ചോദ്യങ്ങളുടെ അവസാനമാണ്. ചിലതിന് ഉത്തരമുണ്ടാകും. മറ്റുചിലത് ചോദ്യങ്ങളായിതന്നെ അവശേഷിക്കും.’’
‘‘പക്ഷേ, അശോക്... എന്‍െറ ജീവിതവും അങ്ങനെയാണ്... ഉത്തരങ്ങളില്ലാതെ.’’
മണ്‍വഴി റോഡില്‍ അവസാനിച്ചു. മുന്നില്‍ രണ്ടു ദിശകളിലേക്കുമായി റോഡ് വഴിപിരിയുന്നു. അവള്‍ എന്‍െറ മുഖത്തേക്ക് നോക്കി. ഒരുപാട് ചോദ്യങ്ങള്‍ അവളുടെ മനസ്സില്‍ മുങ്ങിമരിക്കുന്നതായി എനിക്ക് തോന്നി.
‘‘നമ്മുടെ ഒരു പഴയ യാത്ര...പലവഴിപോയി ഇപ്പോള്‍ ഇരുവഴിയായി പിരിയുന്ന വഴിയില്‍ വീണ്ടുമെത്തി നില്‍ക്കുന്നു... ഇനി?’’ മരണംപോലെ, ഞാന്‍ പറഞ്ഞുനിര്‍ത്തിയ വാക്കും ജീവിതത്തിലേക്ക് തുറക്കാവുന്ന ഒരു വാതിലാണ്.
അവള്‍ ഒന്നും പറഞ്ഞില്ല. ഇരുട്ടു വീണതുകൊണ്ട് അവളുടെ മുഖം എനിക്ക് കാണാനും കഴിഞ്ഞില്ല.
മരണംപോലെ അവളുടെ മറുപടിയും ജന്മാന്തരങ്ങളുടെ  കടങ്കഥയായി നിന്നു. അത് കേള്‍ക്കുംമുമ്പ് ജനനമരണങ്ങള്‍ പിന്നിട്ട ഒരായിരം ആത്മാക്കള്‍ എന്നോട് പറഞ്ഞു:
‘‘എല്ലാം ഒരു നിയോഗമാണ്.’’
 


കഥ

മുന്‍ ലക്കങ്ങള്‍