എങ്ങ് | Madhyamam Weekly
Weekly


എങ്ങ്

ഡി. വിനയചന്ദ്രന്‍

എവിടെയാണവ:
ഭൂമി മുഴുവനുമിളകിമാഞ്ഞ
കരിയിലപ്പേച്ചുകള്‍
മൃദുവിതുമ്പലായ് വല്ലികള്‍ ശിഖരങ്ങള്‍
അവരവര്‍ക്കായ് പിടഞ്ഞ നിമിഷങ്ങള്‍
ഇടയ്ക്കിടെ ഞാന്‍ മുറിച്ചുകളഞ്ഞതാം
മുടിയിഴകള്‍, നഖങ്ങള്‍, രോമങ്ങളും.

നദി ചെറുങ്ങനെ
നിശ്വസിച്ചകലുന്നു
നദിയോടെന്തുപറയുന്നു
വഞ്ചികള്‍
അടരടരായദൃശ്യമാം യവനിക
കലവറകളും കാണും പ്രപഞ്ചത്തില്‍.
ഒരു നെടുവീര്‍പ്പിനെത്രഗഹനമാം
ഇടമുഴറണം കാലങ്ങള്‍ താണ്ടണം.

പകല്‍ പരുന്തിന്‍െറ
താണപറക്കലായ്
പനമരത്തിന്‍മുകളിലിരിക്കുന്നു
സ്മൃതികളെന്നോ മറന്നോരു
തേന്മണം തെരുവിലൂടെ-
യൊഴിഞ്ഞുനടക്കുന്നു.

എവിടെയാണവ
എന്നകനോവുകള്‍
പകുതി പാടിപ്പടിഞ്ഞോരു
സന്ധ്യകള്‍
ധ്രുവഘനകാന്തനനവിലെ
കനലായി വിടപറഞ്ഞ
പ്രണയസാരംഗികള്‍
അകലെയകലെയപാരതതന്‍-
ശൂന്യനിലയിലഭിമുഖരാം
സ്ഥലകാലങ്ങള്‍
ചെറിയൊരീ സൂക്ഷ്മദര്‍ശിനി കാണിക്കും
പരലുകള്‍ തന്‍ പരിണാമ
മാനങ്ങള്‍.

പകുതി നിദ്രയില്‍ പകുതിസുഷുപ്തിയില്‍
മുഴുവനായി തെളിഞ്ഞഴിഞ്ഞുള്ളവ
തരിതരിക്കുന്നു, ക്യൂവില്‍ കലിയുടെ
പിറകിലെന്നൂഴംകാത്തു
നില്‍ക്കുന്നു ഞാന്‍.
 


കവിത

മുന്‍ ലക്കങ്ങള്‍