വെറുതെ പറക്കുന്ന പക്ഷികള്‍ | Madhyamam Weekly
Weekly


വെറുതെ പറക്കുന്ന പക്ഷികള്‍

മോന്‍സി ജോസഫ്

എത്ര നേരമായ്
ഈ നട്ടുച്ചനടുവിലൂടെ
ഞാനീ കാറോടിക്കുന്നു
ഏകാന്തമായ കൊടുംകാട്
പോലെയുള്ള അത്യുഗ്രന്‍
ഹൈവേയിലൂടെ...
വഴി തീരുന്നേയില്ല.

അവള്‍
എന്‍െറ മടിയിലേക്ക്
ചാഞ്ഞു
തൊട്ടും തൊടാതെയും
ചിരിച്ചുകൊണ്ടിരുന്നു
‘‘എന്തൊരു മാദകത്വം
നിന്നെ എനിക്കിഷ്ടമാണ്.’’
റോഡില്‍നിന്ന് കണ്ണെടുത്ത്
ഞാന്‍ നിന്നെ നോക്കുന്നു.

ഈ വമ്പന്‍ വേഗതയുടെ ശൂന്യതയില്‍
ഒരു ലഹരി എന്നെ പിടികൂടാറുണ്ട്
കുറച്ചുകൂടി വേഗം കൂട്ടാന്‍
ഞാന്‍ മോഹിച്ചു
മൂളിപ്പറക്കുന്നു കാലം
എനിക്കു ചുറ്റും
തലങ്ങും വിലങ്ങും
ഇതേപോലെ പാവം വണ്ടികള്‍
ഞാന്‍ വെറുതെ
വിളിച്ചുചോദിച്ചു
‘‘ഹലോ, എന്തുണ്ട് വിശേഷം?’’
‘‘ലോകത്ത് കാര്യങ്ങള്‍
വളരെ മോശമായി കഴിഞ്ഞു.’’
ധൃതിപിടിച്ച
വേശ്യയെപ്പോലെ
ഒരാള്‍ കൈവീശി.

അവള്‍ പറഞ്ഞു
‘‘എല്ലാവരും നമ്മെപ്പോലെ
തന്നെ അന്ധരായ കുന്തമുനകള്‍!’’
ഞാന്‍ പറഞ്ഞു
ബധിരനും മൂകയും
വേഗതയുടെ ശ്രുതി
ഉച്ചസ്ഥായിയില്‍
മീട്ടുമ്പോള്‍
മരണം തൊട്ടുമുന്നില്‍ കണ്ടു
ഒരു വന്‍ കൂട്ടിയിടിയില്‍
സ്വയം അപ്രത്യക്ഷനാവാന്‍ ഞാന്‍ കൊതിച്ചു
എന്‍െറ മരണം കഴിഞ്ഞ്
ലോകം കാണാന്‍ എനിക്ക് ഭയങ്കര കൊതി
തോന്നുന്നു.

നിങ്ങള്‍ക്ക് ശരിക്കും എന്നോട് സ്നേഹമുണ്ടോ?
‘‘ഇല്ല’’, ഞാന്‍ പറഞ്ഞു
‘‘നിനക്കോ’’,
ഇല്ല
അപ്പോള്‍ പിന്നെ?
അപ്പോള്‍ പിന്നെ,
നമ്മള്‍ വെറുതെ പറക്കുന്ന പക്ഷികള്‍
പക്ഷേ കേരളത്തിലെ
റോഡ് നന്നായിപ്പോയി
ഇതേതാ സ്ഥലം
ചാലക്കുടി
ഈ ഡിവൈന്‍ കോമഡി നഗറില്‍
കുറച്ചുനേരം ധ്യാനിച്ചാലോ?


കവിത

മുന്‍ ലക്കങ്ങള്‍