കാലത്തിന്‍െറ ഉടഞ്ഞ ശിരസ്സില്‍നിന്നാണ് നിക്കോസ് കസന്‍ദ്സാക്കിസ് വരുന്നത്. ഗ്രീസിന്‍െറ വെന്തുമലര്‍ന്ന മണ്ണ് സാക്കിസിന് അഭയം നല്‍കി. അവന്‍ സിംഹങ്ങളോട് കളിക്കാന്‍ ഉത്സാഹം കാണിച്ചു. ഭദ്രാസനപള്ളികള്‍ക്കു മുന്നില്‍ ക്രിസ്തുവിനൊപ്പം അവന്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി. കൊടുങ്കാറ്റ് അവനു മുന്നില്‍ ചെമ്മരിയാടുകളായി. തിരമാലകള്‍ അവനു മുന്നില്‍ മുയല്‍ക്കുഞ്ഞുങ്ങളായി. മിന്നല്‍പ്പിണരും ഇടിമുഴക്കങ്ങളും അവന്‍െറ വരവ് ഭൂമിയിലാകെ വിളിച്ചുപറഞ്ഞു. മരണത്തിനു തൊട്ടുമുമ്പ് അവന്‍ പ്രാര്‍ഥിച്ചത് മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു. കസന്‍ദ്സാക്കിസിനു മാത്രം പ്രാര്‍ഥിക്കാന്‍ കഴിയുന്ന പ്രാര്‍ഥന.
സാക്കിസിന്‍െറ ജീവിതം പ്രലോഭനങ്ങളുടെ സചിത്ര പുസ്തകമായിരുന്നു. മെരുങ്ങാത്ത കാലത്തിന്‍െറ ചുരുക്കെഴുത്തുകള്‍ അതില്‍ കാണാം. സാക്കിസിന്‍െറ പ്രിയസുഹൃത്ത് ആല്‍ബര്‍ട്ട് ഷ്വെ്സര്‍ അതിലൊന്ന് നിവര്‍ത്തി വായിച്ചുകൊണ്ടു പറഞ്ഞത് ‘‘ദൈവത്തിന്‍െറ മകനെഴുതിയ തോന്ന്യാക്ഷരങ്ങള്‍’’ എന്നാണ്. അത് നഗ്നയാക്കപ്പെട്ട കാലത്തിന്‍െറ വിലാപമായിരുന്നു. ഉടലിനും ഉയിരിനുമിടയില്‍ തളംകെട്ടിക്കിടന്ന പ്രലോഭനങ്ങളുടെ തടാകമായിരുന്നു അത്. ശരീരത്തിന്‍െറ ഉത്സവകാലങ്ങളില്‍നിന്നുള്ള വിമോചനമായിരുന്നു സാക്കിസിന്‍െറ ലക്ഷ്യം. അതിനുവേണ്ടി സാക്കിസ് ക്രിസ്തുവിന്‍െറ ജന്മമെടുക്കുകയായിരുന്നു. ക്രിസ്തുവിനെ പിന്തുടരണമെങ്കില്‍ അവന്‍െറ ആത്മസംഘര്‍ഷങ്ങളിലേക്ക് കടക്കാനുള്ള ജ്ഞാനമുണ്ടാക്കണമെന്ന് അവന്‍ വിളിച്ചുപറഞ്ഞു. ക്രിസ്തുവിനെപ്പോലെ അവന്‍ നമുക്കുവേണ്ടി ഒറ്റുകൊടുക്കപ്പെട്ടവനായി. നമുക്കുവേണ്ടി ലാസറിന്‍െറ സഹോദരികളോടൊപ്പം കിടക്ക പങ്കിടുകയും അവരുടെ കുട്ടികള്‍ക്കൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതെല്ലാം നമുക്കുവേണ്ടി അവന്‍ നടത്തിയ ബലികളായിരുന്നു.
ക്രിസ്തുവില്‍നിന്ന് സാക്കിസിനെ വേര്‍തിരിച്ചെടുക്കാനാവില്ല. ഗ്രീസിന്‍െറ പ്രാക്തനവും വിശുദ്ധവുമായ പര്‍വതശൃംഗങ്ങളില്‍ അവന്‍ അഴിച്ചുവിട്ട കൊടുങ്കാറ്റിനെ നമുക്ക് തളയ്ക്കാനാകില്ല. ക്രിസ്തു അവനും അവന്‍ ക്രിസ്തുവുമാകുന്ന അഭിജാതനിമിഷത്തില്‍നിന്നാണ് സാക്കിസിലെ എഴുത്തുകാരന്‍ നമുക്കിടയിലേക്ക് വരുന്നത്. അത് കാലത്തിന്‍െറ ഉറച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നു. രക്തപങ്കിലമായ ഗ്രീസിന്‍െറ ചരിത്രത്തെ സ്നാനപ്പെടുത്തുക എന്നത് സാക്കിസിലെ എഴുത്തുകാരന്‍െറ ദാഹമായിരുന്നു. ആത്മീയതയുടെയും ഭൗതികതയുടെയും ഇടയില്‍ നിന്നുകൊണ്ടാണ് സാക്കിസ് സ്വന്തം പ്രലോഭനങ്ങളോട് ഏറ്റുമുട്ടിയത്. പോരാട്ടത്തില്‍ സാക്കിസ് ക്രിസ്തുവിന്‍െറ വഴിയായിരുന്നു സ്വീകരിച്ചിരുന്നത്. അത് ആത്മാവിലേക്ക് തിരിയുന്ന ചെങ്കുത്തായ ഒറ്റവഴിയായിരുന്നു. വിദ്യാര്‍ഥിയായിരുന്ന കാലത്ത് സാക്കിസെഴുതിയ ‘സെര്‍പന്‍റ് ആന്‍ഡ് ലില്ലി’(Serpent and Lilly) എന്ന നോവലില്‍ ആത്മാന്വേഷണത്തിന്‍െറ ഒറ്റവഴി കാണാം. ആല്‍ബര്‍ട്ട് ഷ്വെ്സര്‍ ഈ നോവലിനെ ‘‘കന്യകാത്വം നഷ്ടപ്പെട്ട നോവല്‍’’ എന്നാണ് വിശേഷിപ്പിക്കുന്നത്. ദൈവത്തിന്‍െറ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തതിലൂടെ സാക്കിസ് ദൈവചരിത്രത്തില്‍നിന്ന് പുറത്തേക്ക് പോകുകയായിരുന്നുവെന്നും ഇതോടെ സാക്കിസിന്‍െറ പ്രതിഭക്ക് ആഴത്തില്‍ മുറിവേറ്റുവെന്നും ഷ്വെ്സര്‍ വിശ്വസിക്കുന്നു. എന്നാല്‍, ആ വിശ്വാസത്തെ സാക്കിസ് സ്വന്തം പ്രതിഭകൊണ്ടാണ് നേരിട്ടത്. അത് കാലത്തിന്‍െറ ആത്മാര്‍ഥമായ തീരുമാനമായിരുന്നു.
സാക്കിസിന്‍െറ എഴുത്തുജീവിതത്തില്‍ ആദ്യം മുതല്‍ക്കേ കാലനിര്‍മിതിയെ സംബന്ധിച്ചുള്ള ആശങ്കകളും ഉദ്വേഗങ്ങളും നിലനിന്നിരുന്നുവെന്നു കാണാം. പ്രാക്തനമായ സിദ്ധാന്തങ്ങളെയും നിര്‍വചനങ്ങളെയും ഉടച്ചുവാര്‍ക്കുന്നതിലൂടെ കാലത്തിനെ പുനര്‍നിര്‍മിക്കാനാകുമെന്ന് സാക്കിസ് ഉറച്ചുവിശ്വസിച്ചിരുന്നു. അതുകൊണ്ടാണ്, കാലപുരുഷനായ ക്രിസ്തുവിനെ സാക്കിസ് പിന്തുടര്‍ന്നത്. കോളറിഡ്ജിന്‍െറ കവിതയില്‍ പറയുംപോലെ അത് ‘‘പൂവുകളിലൂടെ വേരുകളിലേക്കുള്ള വിശുദ്ധയാന’’മായിരുന്നു. കാലത്തിന്‍െറ നവനിര്‍മിതി എന്ന ലക്ഷ്യം സാക്കിസിന്‍െറ അന്തര്‍ദര്‍ശന ശക്തിയുടെ ‘സിവിലൈസ്ഡ്’ രൂപമാണ്. ‘സ്പിരിച്വല്‍ ഇന്‍റൂഷന്‍െറയും (Spiritual Intuition) മോറല്‍ ഇന്‍റൂഷന്‍െറയും (Moral Intuition) ക്രിയേറ്റിവ് ഇന്‍റൂഷന്‍െറയും (Creative Intuition) ത്രിതല സംസ്കാരത്തില്‍നിന്നാണ് സാക്കിസിന്‍െറ ചരിത്രപരമായ ദൗത്യം സമാരംഭിക്കുന്നത്. ബോര്‍ഹസില്‍ കാലം കടുവയെപ്പോലെ പെരുമാറുന്നുവെങ്കില്‍ സാക്കിസിലേത് സമചിത്തതയാര്‍ന്നൊരു ആനന്ദാതിരേകമാണ്. ഇതിനെ ആദിമസംസ്കൃതിയിലേക്ക് അഥവാ മനുഷ്യനിലേക്കുള്ള മടക്കം എന്നു വിശേഷിപ്പിച്ചാലും അധികമാവില്ല. മതസമൂഹം മുന്നോട്ടുവെക്കുന്ന ആശയങ്ങളോടുള്ള കടുത്ത എതിര്‍പ്പില്‍നിന്നാണ് സാക്കിസ് മനുഷ്യനിലേക്കുള്ള തിരിഞ്ഞുനടത്തത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. ‘ഗോഡ്സ് പോപ്പറി’ (God’s pauper-1962)ല്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെ അടയാളപ്പെടുത്തുമ്പോള്‍ മനുഷ്യന്‍െറ നിര്‍വചനം സാക്കിസ് അവതരിപ്പിക്കുന്നുണ്ട്. ദൈവത്തിന്‍െറ ആത്മീയസത്ത അന്വേഷിച്ചുപോവുകയാണ് സത്യസന്ധമായ അന്വേഷണമെന്ന് സാക്കിസ് എഴുതുന്നു. അത് മനുഷ്യനിലേക്കുള്ള അന്വേഷണത്തിന്‍െറ വഴിയാണ്. ‘ദൈവത്തിന്‍െറ മരണം’ ആഘോഷിക്കണമെന്ന് വിളിച്ചുപറഞ്ഞ നീത്ഷെയുടെ ചിന്തയെ അത് വിദൂരതയില്‍വെച്ച് കണ്ടുമുട്ടുന്നുണ്ട്. അത് ഒരേ ലക്ഷ്യത്തിന്‍െറ ഭിന്നവും അപകടകരവുമായ മാര്‍ഗങ്ങളായിരുന്നു.
ഒരാള്‍ അയാളുടെ ആത്മാവുമായി നടത്തുന്ന വിശുദ്ധ യുദ്ധങ്ങളില്‍നിന്ന് മാത്രമേ അയാളിലെ മനുഷ്യനെ വിമോചിപ്പിക്കാനാകൂ എന്ന് ‘റിപ്പോര്‍ട്ട് ടു ഗ്രെക്കോ’ (Report to greeco1965)യില്‍ സാക്കിസ് ഓര്‍മിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ്, കുരിശുവഹിക്കുന്ന ക്രിസ്തു എന്നതിനുപകരം കുരിശുവഹിക്കുന്ന മനുഷ്യന്‍ എന്ന് എഴുതിവായിക്കണമെന്ന് സാക്കിസ് നിര്‍ദേശിച്ചത്. ക്രിസ്തു ഒരു സംസ്കാരത്തിന്‍െറ ആവരണമാണ്. മനുഷ്യനുമായി ബന്ധപ്പെട്ട സ്ഥലകാലങ്ങളിലാണ് സംസ്കാരത്തിന്‍െറ വേരുകള്‍ പടര്‍ന്നുകിടക്കുന്നത്. ക്രിസ്തുവില്‍നിന്ന് മനുഷ്യനെ സ്വതന്ത്രമാക്കുന്നതിലൂടെ സംസ്കാരത്തെയാണ് സ്വതന്ത്രമാക്കുന്നത്. അത് കാലത്തെ പുതുക്കിപ്പണിയാനുള്ള ശിലയൊരുക്കലാണ്. വിമോചനത്തിലധിഷ്ഠിതമായ ഈ നവനിര്‍മിതി മനുഷ്യന്‍െറ സ്വതന്ത്രമായ വികാരവിചാരങ്ങള്‍ക്കുള്ള അനന്തമായ സാധ്യതയാണ്. അപകടകരമായ ഈ ലക്ഷ്യത്തിനുവേണ്ടിയാണ് സാക്കിസ് ക്രിസ്തുവിനെ പിന്തുടര്‍ന്നത്. അത് ക്രിസ്തുവിനുള്ളിലെ മനുഷ്യ തൃഷ്ണകള്‍ ചോര്‍ത്തിയെടുക്കാനുള്ള നീക്കമായിരുന്നു. അതില്‍ സാക്കിസ് വിജയിക്കുക മാത്രമല്ല, ആദ്യത്തെയും അവസാനത്തെയും രക്തസാക്ഷിയാകുകയും ചെയ്തു.
‘റിപ്പോര്‍ട്ട് ടു ഗ്രെക്കോ’യില്‍ ബലിയുടെ നാള്‍വഴികളെക്കുറിച്ച് സാക്കിസ് വികാരാധീനനായി എഴുതിയിട്ടുണ്ട്. അത് ഗാഗുല്‍ത്തായിലേക്കുള്ള ക്രിസ്തുവിന്‍െറ അന്ത്യയാത്രപോലെ, ഏറ്റവും ദാരുണമായ ഒരു രംഗമായിരുന്നു. ക്രിസ്തുവും ബുദ്ധനും ഒഡിസിയൂസും ലെനിനും സാക്കിസിന്‍െറ ബലിയാനത്തിലെ സഹയാത്രികരായിരുന്നു. അത് ഹൃദയത്തിന്‍െറ തീരുമാനമായിരുന്നു. അത് സമചിത്തതയാര്‍ന്ന കാലത്തിന്‍െറ ആനന്ദാതിരേകമായിരുന്നു. ഈ അനുഭവത്തില്‍നിന്നാണ് ലെനിനില്‍ പുതിയൊരു ക്രിസ്തുവിന്‍െറ ഛായ സാക്കിസ് കാണുന്നത്. റഷ്യന്‍ ജനതയുടെ വീണ്ടെടുപ്പിനുപിന്നില്‍ ഉത്ഥിതനായ ക്രിസ്തുവിനെ ലെനിനിലൂടെ സാക്കിസ് തിരിച്ചറിയുന്നുണ്ട്. ഈ രണ്ടു ഉജ്ജ്വലമുഹൂര്‍ത്തങ്ങളും മനുഷ്യചരിത്രത്തിന്‍െറ ഭാഗമായിക്കഴിഞ്ഞുവെന്നും അത് എക്കാലത്തെയും മനുഷ്യനിലുള്ള വിശ്വാസത്തെ ഉയര്‍ത്തിക്കാണിക്കുന്നുവെന്നും തോമസ് മന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന് സങ്കുചിത മതതാല്‍പര്യങ്ങളുടെ പിന്‍ബലമില്ലാത്തതിനാല്‍ ഇവിടേക്ക് ഒരുപാട് നദികള്‍ ഒഴുകിയെത്തുമെന്ന് സാക്കിസ് ഭാവിയിലേക്ക് നോക്കി വിളിച്ചുപറഞ്ഞത് നമ്മുടെ കേള്‍വിയില്‍ ഇപ്പോഴുമുണ്ട്. ഇതിനനുബന്ധമായി ഉദാത്തമായൊരു മനുഷ്യദര്‍ശനം സാക്കിസ് മുന്നോട്ടുവെക്കുന്നുണ്ട്. അത് മാര്‍ക്സിസവും ക്രിസ്തുദര്‍ശനവും സമന്വയിക്കുന്ന ഒരു തലമാണ്. രണ്ടു സമുദ്രങ്ങളുടെ വിശുദ്ധമായ ചേര്‍ച്ച കാലാതീതമായൊരു സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. കാലത്തെ പുതുക്കിപ്പണിയാന്‍ ഭൂമിയില്‍ കിട്ടാവുന്നതിലേക്കുംവെച്ച് ഏറ്റവും മൂര്‍ച്ചയേറിയ ‘ടൂളാ’(tool)യിരുന്നു അത്. മനുഷ്യനെയും അവനെ ആശ്രയിച്ചുനില്‍ക്കുന്ന തൊഴിലിന്‍െറയും അധ്വാനത്തിന്‍െറയും ചവിട്ടിക്കുഴച്ച മണ്ണില്‍നിന്നാണ് പുതിയൊരു കാലനിര്‍മിതി സാക്കിസ് ലക്ഷ്യമിടുന്നത്. അത് മനുഷ്യസ്വാതന്ത്ര്യത്തിന്‍െറ ഉദാത്തമായൊരു നിര്‍മിതികൂടിയാണ്.
മതം മുന്നോട്ടുവെക്കുന്ന സങ്കുചിതനിലപാടുകള്‍ക്കെതിരെ വാളോങ്ങുക മാത്രമല്ല, ആരൂഢം നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിന്‍െറ അടിസ്ഥാനനിര്‍മിതിയിലും രൂപഘടനയിലും സമൂലപരിവര്‍ത്തനം നടത്തുക എന്നതായിരുന്നു സാക്കിസിന്‍െറ ലക്ഷ്യം. ഒരു നല്ല മനുഷ്യനായി ജീവിക്കുക എന്നതിനപ്പുറത്തേക്ക് ഒരു ക്രിസ്ത്യന്‍ മതവിശ്വാസിക്ക് ഉന്നതമായ ലക്ഷ്യങ്ങളുമുണ്ടായിരിക്കണമെന്ന് സാക്കിസ് വാദിച്ചു. ക്രിസ്തുമതത്തെ അടിസ്ഥാനമാക്കി റോസിലിന്‍ഡ് മറേ രചിച്ച ‘ദ ഗുഡ് പേഗന്‍സ് ഫെയ്ലിയര്‍’ (The good pagan’s failure) എന്ന വിശ്രുത ഗ്രന്ഥത്തിന്‍െറ ദൗര്‍ബല്യങ്ങളെ മറികടക്കാന്‍ നമുക്ക് കഴിഞ്ഞതിനു പിന്നില്‍ സാക്കിസിന്‍െറ അതിബൃഹത്തായ ആശയങ്ങളുടെ പരിശീലനം ഉള്ളതുകൊണ്ടുമാത്രമാണ്. ആശയലോകത്തെ ഇത്തരം സമരവായനകളില്‍നിന്നൊഴിഞ്ഞുമാറി നടക്കുന്ന പുതിയൊരു സംസ്കാരത്തിന്‍െറ പാഠരീതി (textual practice)കൂടി സാക്കിസിന്‍െറ ദര്‍ശനത്തില്‍നിന്ന് നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നു.
അനാദരവില്‍നിന്ന് ആദരവിലേക്കാണ് സാക്കിസ് തന്‍െറ അന്വേഷണബുദ്ധിയെ വ്യാപിപ്പിച്ചത്. അതോസ്മലയില്‍ ദൈവത്തെ തേടിയെത്തിയ സാക്കിസ് കാണുന്നത് ആട്ടിയോടിക്കപ്പെട്ട ക്രിസ്തുവിനെയാണ്; അല്ല, ക്രിസ്തുവിലെ മനുഷ്യനെയാണ്. അവന്‍ ദരിദ്രനും അനാഥനുമായിരുന്നു. സാക്കിസ് ആ മനുഷ്യനെ ഒപ്പം കൂട്ടി. മതത്തിന്‍െറ ഇടുങ്ങിയതും ഒറ്റപ്പെട്ടതുമായ തെരുവുകള്‍ വിട്ട് സ്വാതന്ത്ര്യത്തിന്‍െറ മൈതാനങ്ങളിലൂടെ സാക്കിസ് ആ മനുഷ്യനുമായി നടന്നു. പ്രതിഷേധിക്കാനും കയര്‍ക്കാനും സാക്കിസ് അവനെ പഠിപ്പിച്ചു. മനുഷ്യന്‍, മനുഷ്യന്‍ എന്ന് അവന്‍െറ കാതുകളില്‍ സാക്കിസ് മന്ത്രിച്ചു. ഇതെല്ലാം ക്രിസ്തുവിന് ഈ ഭൂമിയില്‍ കിട്ടാവുന്ന ഏറ്റവും മൂല്യവത്തായ ശുശ്രൂഷകളായിരുന്നു. രോഗാതുരമായ കാലത്തിനെ ആരോഗ്യമുള്ള മനസ്സുകൊണ്ടാണ് സാക്കിസ് ചികിത്സിച്ചത്. അതിനു പിന്നില്‍ ഭൂമിയുടെ കാരുണ്യവും ആകാശത്തിന്‍െറ ജ്ഞാനവും സാക്കിസിനുണ്ടായിരുന്നു.
‘ദ ഗ്രീക്ക് പാഷനി’ലെ(The greek passion-1953) ആട്ടിടയനായ മെനോലിസിന്‍െറ ‘ക്രിസ്തുവേഷം’ അവനിലെ മനുഷ്യനെ കണ്ടെത്താനുള്ള അപകടകരമായ ഒരു വഴിയായിരുന്നു. അത് സ്വയം പീഡനത്തിന്‍െറ വഴിയും ലക്ഷ്യവുമായിരുന്നു. ‘‘എത്രത്തോളം പീഡിതനാകുന്നുവോ അത്രത്തോളം മനുഷ്യനാകുന്നു’’വെന്ന സോക്രട്ടീസിന്‍െറ ശബ്ദം നമുക്കിവിടെ ഉയര്‍ന്നുകേള്‍ക്കാനാകും. ‘പാഷന്‍ പ്ളേ’ (Passion Play)ക്കുവേണ്ടി നായകനെ (മെനോലിസ്) തെരഞ്ഞെടുത്തശേഷം ഒരു വര്‍ഷത്തേക്ക് അവനെ സ്വതന്ത്രനായി വിടുന്നു. ഒരു വര്‍ഷം കഴിഞ്ഞാണ് നാടകം അരങ്ങേറുന്നത്. അപ്പോഴേക്കും ആട്ടിടയനായ മെനോലിസ് ക്രിസ്തുവായി മാറിക്കഴിഞ്ഞിരിക്കണം. ക്രിസ്തുവിന്‍െറ മാനറിസങ്ങള്‍ മാത്രമല്ല, ക്രിസ്തുവിന്‍െറ ജീവിതംതന്നെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിക്കാണിക്കണം. ഇവിടെ സാക്കിസിലെ എഴുത്തുകാരന്‍ തന്‍െറ വൈയക്തികാനുഭവങ്ങളുടെ സ്വാതന്ത്ര്യം പൂര്‍ണമായും മെനോലിസിലൂടെ പുറത്തേക്ക് കൊണ്ടുവരുന്നു. ക്രിസ്തുവാകാനുള്ള തയാറെടുപ്പും അഭ്യാസവും മെനോലിസിനെതിരെ ആരോഗ്യം വീണ്ടെടുത്ത കാലം നടപ്പിലാക്കുന്ന ചതിയാണ്. ക്രിസ്തുവായിക്കൊണ്ടിരിക്കുന്ന മെനോലിസ് മനുഷ്യനായിക്കൊണ്ടിരിക്കുകയാണ് താനെന്ന് അറിയുന്നില്ല. അവനുള്ളിലെ അശുദ്ധവികാരങ്ങളൊക്കെ ശമിച്ച് അവന്‍ നല്ലവനിലേക്ക് കടക്കുന്നു. അവന് മാനസാന്തരമുണ്ടാകുന്നു. അതോടെ അവന്‍ പ്രണയഭാജനമായ ലീനിയോയെ വിസ്മരിക്കുന്നു. എന്നാല്‍, രാവുകളില്‍ അവന്‍ മഗ്ദലനമറിയയായി അഭിനയിക്കുന്ന വിധവയും വേശ്യയുമായ കാതറേനയെ സ്വപ്നം കാണുകയും അവളെ തുടരെ സന്ദര്‍ശിക്കുകയും ചെയ്യുന്നു. പാപികളെ ക്രിസ്തു വിശുദ്ധ ജീവിതത്തിലേക്ക് സ്നാനപ്പെടുത്തി പ്രവേശിപ്പിക്കുന്നതിന്‍െറ തുടര്‍ച്ചയാണ് തന്‍െറ വേശ്യാസന്ദര്‍ശനങ്ങളെന്ന് അവന്‍ കരുതുന്നു. ലിക്കോവിസി ഗ്രാമത്തിലെത്തിയ അഭയാര്‍ഥികള്‍ക്ക് രക്ഷകനായി മാറുമ്പോഴും അവര്‍ക്ക് സറാക്കി പര്‍വതഗുഹകളില്‍ അഭയം നല്‍കുമ്പോഴും മെനോലിസിസിന് വിളിച്ചുപറയാന്‍ ഒരു ക്രിസ്തുവഴിയുണ്ട്. ‘ക്രിസ്തു’വായി അഭിനയപരിശീലനം നടത്തുമ്പോഴാണ് അവനില്‍ നന്മയിലധിഷ്ഠിതമായ മാനുഷിക വികാരങ്ങളുണരുന്നത്. അപ്പോഴവിടെ സുതാര്യമായ രണ്ടു വഴികള്‍ പ്രത്യക്ഷപ്പെടുന്നത് കാണാം- ക്രിസ്തുവിലേക്കുള്ള പാതയും ക്രിസ്തുവില്‍നിന്നുള്ള പാതയും. രണ്ടും നീങ്ങുന്നത് ഒരേ ലക്ഷ്യത്തിലേക്കാണ്. അത് ക്രിസ്തുവിന്‍െറയും മെനോലിസിന്‍െറയും ഉള്ളിലെ മനുഷ്യനെ മോചിപ്പിക്കുക എന്ന മുഖ്യലക്ഷ്യത്തിലേക്കാണ് കേന്ദ്രീകരിക്കുന്നത്. ഒടുവില്‍, ബോള്‍ഷെവിക് എന്ന് മുദ്രകുത്തപ്പെട്ട മെനോലിസിനെ ജനക്കൂട്ടം പള്ളിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും യൂദാസായി അഭിനയിക്കുന്ന പനയോതറോസിനാല്‍ ദാരുണമായി കൊല്ലപ്പെടുകയും ചെയ്യുന്നു. ക്രിസ്തു ജനിച്ച ദിവസംതന്നെ മെനോലിസ് മരണപ്പെടുന്നു. മെനോലിസിന്‍െറ മരണം നമുക്ക് വേദനയാകുന്നെങ്കിലും മെനോലിസ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നില്ല എന്നത് നമുക്കുള്ളില്‍ നമുക്കു മാത്രം കേള്‍ക്കാവുന്ന ഉഗ്ര സ്ഫോടനമാണ്. ക്രിസ്തുവിന്‍െറ ജീവിതവുമായി ബന്ധപ്പെട്ട ഒന്നാണ് ഉത്ഥാനം. അത് ക്രിസ്തുവായി വേഷംകെട്ടുന്ന എല്ലാവര്‍ക്കും വേണമെന്ന നമ്മുടെ ശാഠ്യത്തിന് കിട്ടിയ ചാട്ടവാറടിയാണ് മെനോലിസിലെ മനുഷ്യന്‍െറ മരണം. മനുഷ്യനു മാത്രമേ അന്തസ്സാര്‍ന്ന മരണത്തിന് അവകാശമുള്ളൂ. ദൈവത്തിന്‍െറ കൂടെ മരണം എന്നൊരു അനുഭവത്തെ നമുക്കൊരിടത്തും കണ്ടെത്താനാകില്ല. മരണത്തെ ദൈവം ഭയപ്പെടുത്തി കൊട്ടാരത്തിനു വെളിയില്‍ നിര്‍ത്തിയിരിക്കുകയാണ് എന്നാണ് നമ്മുടെ വിശ്വാസം. ആ വിശ്വാസത്തെയാണ് നീത്ഷെ തെരുവിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന് മൃഗീയമായി കൊലപ്പെടുത്തിയത്. മെനോലിസിന്‍െറ മരണം മനുഷ്യന്‍െറ മരണമാണ്. മരണത്തിന്‍െറ തീര്‍പ്പുകള്‍ ക്രമേണ ക്രിസ്തുവിലേക്ക് നീങ്ങുന്നുണ്ട്. ക്രിസ്തുവിന്‍െറ ആവരണങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞുവീഴുകയും മെനോലിസിന്‍െറ മരണം യാഥാര്‍ഥ്യമാവുകയും ചെയ്യുന്നതോടെ കാലത്തിന്‍െറ ദുര്‍ഗന്ധം അവിടെയാകെ പരക്കുന്നു. സാക്കിസിന്‍െറ ‘മനുഷ്യന്‍’ അവിടെനിന്നാണ് വരുന്നത്. ഉയിര്‍ത്തെഴുന്നേല്‍പുമായി അവന് ബന്ധമില്ല. അവനവിടെ ഉണ്ടായിരുന്നു.
സുവിശേഷ നോവല്‍ (Gospel Novel)എന്ന് പൂര്‍ണമായ അര്‍ഥത്തില്‍ വിശേഷിപ്പിക്കാനാവില്ലെങ്കിലും അനുഭവത്തില്‍ ഉള്‍പ്പെടുത്തി ആദരിക്കാവുന്ന നോവലാണ് ‘ക്രിസ്തുവിന്‍െറ അന്ത്യപ്രലോഭനം’ (The last Temptation of Christ-1960). നമ്മുടെ വികലജ്ഞാനത്തിനും നീതിരഹിതവിശ്വാസത്തിനും ഭൂമിയില്‍ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷകളിലൊന്നാണ് ഈ നോവലെന്ന് ആല്‍ബര്‍ട്ട് ഷ്വെ്സര്‍ പറഞ്ഞിട്ടുണ്ട്. ആത്മാവും ശരീരവും പലകാലങ്ങളിലായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്രൂര സൗഹൃദത്തിന്‍െറ തെറ്റിപ്പിരിയലില്‍നിന്നാണ് സുവിശേഷത്തിന്‍െറ പുതിയ വര്‍ത്തമാനം സമാരംഭിക്കുന്നത്. സൗഹൃദം മുറിയുമ്പോഴാണ് സത്യത്തിന്‍െറ രക്തം പുറത്തേക്ക് ഒഴുകുക എന്ന് സര്‍റിയലിസത്തിന്‍െറ ആചാര്യന്മാരില്‍ ഒരാളായ ആന്ദ്രേ ബ്രിട്ടന്‍ പറഞ്ഞത് ഇവിടെ ആലോചനാവിഷയമാണ്. കാരണം, സത്യവിശുദ്ധിയുടെ പുതിയ രക്തംകൊണ്ടാണ് സാക്കിസ് കാലത്തിനെ സ്നാനപ്പെടുത്തുന്നത്. ക്രിസ്തുവിലെ മനുഷ്യനെ വിമോചിപ്പിച്ച് അവനെ മനുഷ്യര്‍ക്കൊപ്പം കൂട്ടുക എന്ന ചരിത്രപരമായ ദൗത്യം സാക്കിസിന്‍െറ ഉദാത്ത സ്വപ്നങ്ങളിലൊന്നായിരുന്നു. അലക്സിസ് സോര്‍ബ (Zorba the Greek-1953)യുടെ മറുപടികളില്‍ സാക്കിസിന്‍െറ ഹൃദയം നിവര്‍ത്തിവായിച്ചതിന്‍െറ ഉജ്ജ്വലമുഹൂര്‍ത്തങ്ങളുണ്ട്. അവര്‍ക്കിടയില്‍ മുഴങ്ങിക്കേട്ട ഏക ശബ്ദം ‘മനുഷ്യന്‍’ എന്നായിരുന്നു. രണ്ടു മനുഷ്യര്‍ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന സംഗീതമാണ് ‘സോര്‍ബ’യിലെ ആത്മസംഗീതം. അവിടെ നായകനും പ്രതിനായകനുമില്ല. അവിടെ മനുഷ്യന്‍ മാത്രമേയുള്ളൂവെന്ന ഉദാത്തചിന്തയില്‍ നിന്നാണ് ക്രിസ്തുവിലെ മനുഷ്യന്‍ വരുന്നത്.‘അന്ത്യപ്രലോഭന’ത്തിലൊരിടത്ത് വിപ്ളവകാരികള്‍ ക്രിസ്തുവിനെ ശത്രുവായിക്കാണുമ്പോള്‍ ക്രിസ്തുവിലെ മനുഷ്യന്‍ അവരെ തന്‍െറതന്നെ ബഹുസ്വരത (Polyphony)യായി കാണുന്നു. ഇത് സമവായത്തിന്‍െറയും ശാന്തിയുടെയും സുമാര്‍ഗമാണെന്ന് വ്യാഖ്യാനിച്ച് ഈ ദര്‍ശനത്തെ ലഘൂകരിക്കേണ്ടതില്ല. അത് ക്രിസ്തുവെന്ന ആവരണത്തിനുള്ളിലെ സംസ്കാരത്തിന്‍െറ നിലക്കാത്ത ഒഴുക്കാണ്. അത് മനുഷ്യസ്വാതന്ത്ര്യത്തിന്‍െറ അത്യുദാത്തമായ സിംഫണിയാണ്.
‘ക്രിസ്തുവിന്‍െറ അന്ത്യപ്രലോഭനം’ എഴുതുന്ന കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ സാക്കിസിന്‍െറ ‘ജീവിതകഥ’യില്‍ പീറ്റര്‍ ബീന്‍ അവതരിപ്പിക്കുന്നുണ്ട്: ധ്യാനത്തിന്‍െറ ഒരു പകല്‍ എരിഞ്ഞുതുടങ്ങിയപ്പോള്‍ ഞാനൊരു കാര്യം തീര്‍ച്ചപ്പെടുത്തിയിരുന്നു. ക്രിസ്തുവിനും എനിക്കുമിടയിലുള്ള ദൂരത്തിന് നീളം കുറഞ്ഞിരിക്കുന്നു എന്ന്. ഇത്തരമൊരനുഭവം ‘ഒഡിസ്സി’ (The odyssey)യുടെ രചനാകാലത്ത് എനിക്കനുഭവപ്പെട്ടിരുന്നു. മഹാകവി ഹോമര്‍ അവസാനിപ്പിച്ചിടത്തുനിന്ന് ‘ഒഡിസ്സിയുമായി’ യാത്ര ആരംഭിക്കാന്‍ തയാറായിരുന്ന ദിവസം. ഒരു കൊടുങ്കാറ്റ് നിശ്ശബ്ദം എന്നെ കടന്നുപോയി. പ്രലോഭനങ്ങളെഴുതുംമുമ്പ് ആ കൊടുങ്കാറ്റ് ഒരിക്കല്‍ക്കൂടിവന്നു. മദമടങ്ങിയ കൊടുങ്കാറ്റ് ക്രിസ്തുവിനെ വിട്ടൊഴിഞ്ഞ ഇളംകാറ്റാണെന്ന് നമുക്ക് തിരിച്ചറിയാനാകുന്നത് വിവേകത്തിന്‍െറ കാരുണ്യംകൊണ്ടാണ്. സാക്കിസിന്‍െറ ക്രിസ്തു പൊരുതുന്ന മനുഷ്യനൊപ്പമാണ്. എല്ലാവരും പോരാടുമ്പോള്‍ അവന്‍ മലയുടെ മുകളില്‍ കയറിനിന്ന് പോരാട്ടം ആസ്വദിക്കുന്നില്ല. അവനവന്‍െറ ശരീരത്തെയും അതിനുള്ളിലെ ആത്മീയതയെയും കൊടുങ്കാറ്റിലേക്ക് വലിച്ചെറിയുന്നു. ഇതില്‍ ദൈവികതയോടുള്ള അമര്‍ഷമല്ല, സ്വന്തം ശരീരത്തില്‍ നൂറ്റാണ്ടുകളായി പറ്റിച്ചേര്‍ന്ന ദിവ്യത്വത്തെ വലിച്ചുകീറിക്കളയുകയുമാണ് ക്രിസ്തു. ഈ വിശുദ്ധകര്‍മത്തിലൂടെ സാക്കിസ് കാലത്തിനെ നഗ്നമാക്കുകയും പുതിയ നിര്‍മിതിക്കുവേണ്ടി ചവിട്ടിക്കുഴക്കുകയും ചെയ്യുന്നു. ഇതില്‍നിന്നാണ് കാലത്തിന്‍െറ പുതിയ സചേതന സംസ്കാരത്തെ സാക്കിസ് രൂപപ്പെടുത്തുന്നത്. ഇതാണ് മനുഷ്യന്‍, ഇതാണ് സ്വാതന്ത്ര്യം, ഇതാണ് സത്യം എന്ന് പുതിയ സംസ്കാരത്തെക്കൊണ്ട് സാക്കിസ് വിളിച്ചുപറയിപ്പിക്കുകയും ചെയ്യുന്നു.
യൗവനത്തില്‍ ക്രിസ്തുവിന്‍െറ കാമുകിയായിരുന്ന മഗ്ദലനമറിയം പല ഘട്ടങ്ങളില്‍ അവനെ വെറുപ്പോടെയാണ് സ്വീകരിക്കുന്നത്. അവനിലെ ദൈവാവരണത്തെ അവള്‍ തിരസ്കരിക്കുകയും അവനിലെ പുരുഷനെ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇത് പ്രണയത്തിന്‍െറ കലാപമാണ്. മതം തിരസ്കരിച്ച കലാപത്തെ സാക്കിസ് പുതിയ കാലത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നു. അതിലൂടെ ദൈവത്തിന്‍േറതെല്ലാം ശൂന്യമാക്കപ്പെടുകയും മനുഷ്യന്‍െറ തീക്ഷ്ണമായ വികാരങ്ങളെ സമാദരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിലെ മനുഷ്യനെ തിരിച്ചറിഞ്ഞതില്‍നിന്നാണ് മറിയത്തിന് ആത്മീയചോദനകളുണ്ടാകുന്നത്. ക്രിസ്തുവിലെ ദൈവാവരണം അവളിലെ സ്ത്രീയെ കൂടുതല്‍ പരിക്ഷീണിതയാക്കുന്നു. കാലങ്ങള്‍ക്കുശേഷം അവള്‍ അനുഭവിക്കുന്ന ആത്മീയവികാസം ക്രിസ്തുവിലെ പുരുഷനില്‍നിന്നാണ് അവള്‍ക്ക് ലഭിക്കുന്നത്. സോര്‍ബ പറഞ്ഞതുപോലെ ‘‘യഥാര്‍ഥ ജ്ഞാനത്തിന്‍െറ സംഗീതമാണ് അവിടെനിന്നുയരുന്നത്.’’ ഇവിടെ പുരുഷന്‍, സ്ത്രീ എന്നീ ലിംഗനിര്‍വചനങ്ങള്‍ക്ക് പ്രാധാന്യമില്ല. രണ്ടു മനുഷ്യര്‍, രണ്ടു ശരീരങ്ങള്‍. പരസ്പരം ആകര്‍ഷിക്കപ്പെടേണ്ടതും സമര്‍പ്പിക്കപ്പെടേണ്ടതും പങ്കുവെക്കപ്പെടേണ്ടതുമായി പലതും അതിലുണ്ട്.
മഹത്തായ മനുഷ്യജീവിതത്തിന്‍െറ ഉദാത്തമായ മാതൃകകളാണ് ‘അന്ത്യപ്രലോഭന’ത്തിലെ കഥാപാത്രങ്ങളെല്ലാം. അവര്‍ക്കെല്ലാം സാക്കിസിന്‍െറ ഹൃദയവികാരങ്ങളും പ്രലോഭനങ്ങളുമുണ്ട്. ക്രൂശിതനായ ക്രിസ്തു അന്ത്യമുഹൂര്‍ത്തത്തില്‍ കാണുന്ന സ്വപ്നങ്ങളില്‍നിറയെ ശരീരത്തിന്‍െറ ഉത്സവകാലത്തെക്കുറിച്ചുള്ള ഉത്കണ്ഠകളാണ്. അവിടെയൊരു മനുഷ്യന്‍െറ വേവുന്ന ഹൃദയം കാണാം. ഇന്ദ്രിയങ്ങളിലൂടെ അരിച്ചിറങ്ങുന്ന വേദനയുടെ നിശ്ശബ്ദസാക്ഷ്യങ്ങള്‍ കാണാം. ആണിപ്പഴുതുകളില്‍ പൂത്തുവിരിയുന്ന സഹനത്തിന്‍െറ മഹാമനസ്കത കാണാം. സ്വന്തം ജീവിതത്തെ വിമര്‍ശവിഷയമായി സ്വീകരിക്കണമെന്നും വിജയങ്ങള്‍ പുന$പരിശോധിക്കണമെന്നും പരാജയങ്ങള്‍ക്ക് മുന്നില്‍ ആനന്ദിക്കണമെന്നും ക്രിസ്തുവിലെ മനുഷ്യന്‍ നിശ്ശബ്ദം പറയുംപോലെ. ഇത്തരം നിശ്ശബ്ദവായനകള്‍ക്കിടയിലൂടെയാണ് ക്ഷോഭത്തിന്‍െറയും പ്രലോഭനങ്ങളുടെയും ഒരു ‘സചിത്ര ജീവിത പുസ്തകം’ചരിത്രത്തിലേക്കു പ്രവേശിക്കുന്നത്.