
പൊന്മാളിയേക്കല്‍ ഫിലിപ്പ് മതരഹിതജീവിതം നയിക്കുന്ന വ്യക്തിയാണ്. പള്ളിയില്‍ പോകാറില്ല, കുര്‍ബാനയില്‍ പങ്കെടുക്കാറില്ല, ബൈബ്ള്‍ കൈകൊണ്ട് തൊടാറില്ല, വിശുദ്ധ ധ്യാനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍നിന്ന് വിട്ടുനില്‍ക്കും, ളോഹയണിഞ്ഞ പിതാക്കന്മാരെ കണ്ടാല്‍ മുഖംതിരിക്കും...ഇങ്ങനെയൊക്കെയാണ്. ആളുകളോട് സംസാരിക്കുമ്പോള്‍ പ്രത്യേകിച്ച് ഓഫിസുള്‍പ്പെടെയുള്ള പൊതുഇടങ്ങളില്‍ മതപരമായ പരാമര്‍ശങ്ങള്‍ മാത്രമല്ല, പദാവലികളും ഒഴിവാക്കാന്‍ ശ്രമിക്കും. ‘‘ശമ്പള പരിഷ്കരണം എന്നുണ്ടാവുമെന്ന് ഈശോക്കറിയാം’’ എന്ന ശലോമിയുടെ പറച്ചിലില്‍ അടങ്ങിയ മതപരതയില്‍ പുച്ഛം തോന്നി ഫിലിപ്പ് തിരുത്തിയിട്ടുണ്ട്; ‘‘തീരുമാനം ജനാധിപത്യ സര്‍ക്കാറിന്‍േറതാ.’’
ഫിലിപ്പിന്‍െറ മതരഹിതതാല്‍പര്യം അറിയുന്നവരാരും അയാളോട് ആ വിഷയത്തില്‍ സംസാരത്തിന് പോകാറില്ല. വാദം ചൂടേറുമ്പോള്‍ കുപിതനാകുന്ന ഫിലിപ്പ് വിചാരിച്ചാല്‍ സ്വദേശത്തേക്കുള്ള ട്രാന്‍സ്ഫര്‍വരെ തടഞ്ഞുവെക്കാനാകും. മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിലെ മുതിര്‍ന്ന അംഗമാണ് ഫിലിപ്പ്.
കാര്യം അദ്ദേഹത്തിന്‍െറ മന്ത്രിയാണെങ്കിലും നിലവിളക്ക് കൊളുത്തി ഉദ്ഘാടനങ്ങള്‍ ശരിയാണോ എന്ന് ഫിലിപ്പിന് സംശയമുണ്ട്. പിന്നെ പരിപാടികള്‍ക്കുമുമ്പുള്ള പ്രാര്‍ഥനകളാണ്. ‘‘അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കുന്നതൊക്കെ’’ സഹിക്കാം. പക്ഷേ, വൈകുണ്ഠേശ്വരസ്വാമിയാണ് ഉലകത്തിന്‍െറ പൊരുള്‍ എന്നൊക്കെ പാടിയാല്‍ എങ്ങനെ ശരിയാകും? ഒരു വിദ്യാഭ്യാസ സെമിനാറില്‍ വിദ്യാലയങ്ങള്‍ സരസ്വതീക്ഷേത്രമാണെന്ന് പ്രസംഗകന്‍ നമോവാകം ചെയ്തപ്പോള്‍ മൈക്ക് ഓഫ് ചെയ്യാനാണ് തോന്നിയത്. മതതൊപ്പിയണിഞ്ഞ ആളുകളെ കാണുമ്പോള്‍ എത്ര ബുദ്ധിമുട്ടിയാണവര്‍ നടക്കുന്നതെന്നോര്‍ത്ത് അദ്ഭുതം തോന്നും. ഈ തൊപ്പിയുമണിഞ്ഞ്, ഓടിത്തുടങ്ങിയ ബസിലൊന്ന് ഓടിക്കയറാന്‍ നോക്കിയാല്‍ എന്താവും ഗതി?
സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തുന്ന ചിലരുണ്ട്. അവര്‍ സീറ്റിലെത്തിയാല്‍ ആദ്യം ചെയ്യുന്നത് ഫിലിപ്പിന്‍െറ കണ്ണില്‍ പെട്ടിട്ടുണ്ട്. കണ്ണടച്ച് പ്രാര്‍ഥനയാണ്... പ്രാര്‍ഥന... അതെ ഈശ്വരപ്രാര്‍ഥനതന്നെ. ഇവര്‍ക്ക് തൊഴില്‍ നല്‍കിയ പബ്ളിക് സര്‍വിസ് കമീഷനും ദൈവവും തമ്മിലെന്ത്? അതും മതം പറഞ്ഞുകൊടുത്ത ദൈവം? അതാണ്, അതിനെയാണ് ഫിലിപ്പ് ചോദ്യം ചെയ്യുന്നത്.
ഇത്തരക്കാരുടെ പ്രമോഷന്‍-ട്രാന്‍സ്ഫര്‍-ഇന്‍ക്രിമെന്‍റ്-ഗ്രേഡ്-അവാര്‍ഡ് കടലാസുകളേതെങ്കിലും കൈയില്‍ കിട്ടിയാല്‍ കഴിയുന്നത്ര തടഞ്ഞ് ബുദ്ധിമുട്ടിക്കാറുണ്ട്, ഫിലിപ്പ്. പറ്റുമെങ്കില്‍ അവന്‍െറ മതദൈവം വന്ന് രക്ഷിക്കട്ടെ എന്ന വെല്ലുവിളിഭാവത്തില്‍.
കടലാസ് നീങ്ങാന്‍ ഫിലിപ്പിനെ ക്ളിയറാക്കണമെന്ന് മനസ്സിലായാല്‍ പിന്നെ അവര്‍ മതേതരവിശ്വാസികളായി അദ്ദേഹത്തിനടുത്ത് വരുന്നത് ഫിലിപ്പിനെ സന്തോഷംകൊള്ളിക്കുന്ന പ്രവൃത്തിയാണ്. ‘‘അസ്സലാമു അലൈ ക്കും’’ എന്ന് കണ്ടാലുടന്‍ പറയുന്നവര്‍, ‘‘നമസ്കാരം’’ എന്നോ ‘‘ജയ് ഗുരുദേവ്’’ എന്നോ പറയുന്നവര്‍, ‘‘സ്തുതി യായിരിക്കട്ടെ’’ എന്ന് സംഭാഷണം അവസാനിപ്പിക്കുന്നവര്‍ അവരൊക്കെ മനുഷ്യത്വപരമായ ഒരു പുഞ്ചിരിയുമായാണ് മുന്നില്‍ വന്നുനില്‍ക്കുക. ഇരിക്കാന്‍ പറഞ്ഞാല്‍ അവര്‍ കസേരക്ക് വേദനിക്കാത്തവിധത്തിലേ ഇരിക്കൂ. അവര്‍ വന്നിരിക്കുന്നത് അവരുടെ കാര്യത്തിനുതന്നെയോ എന്നുവരെ തോന്നും. ഇങ്ങനെ വന്ന ഒരാള്‍ പറഞ്ഞുതുടങ്ങി: ‘‘അറിയാമോ എന്‍െറ ഭാര്യ ജലനിധി പ്രോജക്ടിലാ. നാലുവര്‍ഷം നന്നായി സേവിച്ചു. അതൊന്ന് സ്ഥിരപ്പെടുത്തിക്കിട്ടാന്‍ വേണ്ടത് ചെയ്യണം.’’
അയാള്‍ ഫിലിപ്പിനെ ഒന്നു നോക്കി. മുഖത്ത് ദയനീയത വരുത്തി.
‘‘വല്യ കഷ്ടാ. എനിക്ക് സ്ഥിരവരുമാനമില്ല.’’
ആള് ഏതുതരക്കാരനാണെന്ന് പിടികിട്ടുന്നില്ല. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് പറയുമ്പോള്‍ ഓരോ വാക്കും സൂക്ഷ്മദര്‍ശിനിയിലിട്ടുവേണം പുറത്തിറക്കാന്‍.
ഉടനെ വരുന്നു അയാളുടെ വിശദീകരണം: ‘‘അതേയ്... അവള്‍ ഒരു മതേതരവാദിയാ.’’
ഫിലിപ്പിന് നെഞ്ചില്‍ കുത്തേറ്റതുപോലെ തോന്നി.
ഫിലിപ്പിന് വിശ്വാസം വന്നില്ലെന്നു തോന്നിയിട്ടാവണം, അയാള്‍ ഉഷാറായി കൂട്ടിച്ചേര്‍ത്തു: ‘‘കുറച്ചായി അമ്പലത്തില്‍ പോവാറേയില്ല.’’
അയാള്‍ വീണ്ടും: ‘‘എല്ലാ മതങ്ങളും ഒന്നല്ലേ. എന്തിനാ നമ്മള് വെറ്തെ പ്രശ്നോണ്ടാക്കണ്... എല്ലാ മതക്കാരും ഒരമ്മ പെറ്റവരാന്നാ അവള് പറയ്ന്നത്.’’
‘‘ദാര്‍ശനികരുടെ അമ്മ’’ എന്ന വിശേഷണം അയാളുടെ ഭാര്യക്ക് നല്‍കാന്‍ തോന്നി.
അമ്പലത്തില്‍ പോവാത്തവരെപ്പറ്റി കേട്ടിട്ടുണ്ട്. മതാത്മകമായ ജീവിതം ഉപേക്ഷിച്ചവരെപ്പറ്റിയും അറിയാം. പക്ഷേ, ജലനിധി പ്രോജക്ടിലെ താല്‍ക്കാലിക ജീവനക്കാരിയും മതൈക്യവാദിയുമായ ഒരാളെ പരിചയമില്ല. അവര്‍ വേദനിക്കാന്‍ പാടുണ്ടോ?’’
പക്ഷേ, ഫിലിപ്പ് ഒന്ന് കൊമ്പുകോര്‍ക്കാന്‍ തീരുമാനിച്ചു.
‘‘അല്ല, അതില്‍ പിശകുണ്ട്.’’
വന്നയാള്‍ എന്തോ മാതിരിയായി. അയാള്‍ കസേരയില്‍ വിസര്‍ജിച്ചപോലെ അസ്വസ്ഥനായി. ഫിലിപ്പ് പറഞ്ഞു: ‘‘എല്ലാ മതക്കാരും ഒന്നായാല്‍ നന്നായി. എന്‍െറ അഭിപ്രായം അതിനും അപ്പുറത്താണ്.’’
‘‘അതെന്താണാവോ?’’
‘‘അത്...മതങ്ങളുടെ ചിട്ടവട്ട
ങ്ങള്‍ക്കും ആചാരപദ്ധതികള്‍ ക്കും ശാസനകള്‍ക്കും അതീതമായി ജീവിക്കേണ്ടുന്നതിന്‍െറ ആവശ്യകത...’’
‘‘അതെയതെയതെ...’’ വന്നയാള്‍ തന്നോട് ഒട്ടിച്ചേര്‍ന്ന് യോജിക്കുകയാണ്. പോകുമ്പോള്‍ ആ മനുഷ്യന്‍, അങ്ങനെതന്നെ അയാളെ വിളിക്കാമെന്നു തോന്നുന്നു, പറയുകയാണ്: ‘‘ഞാന്‍ ഭാര്യയോട് നിങ്ങള്‍ പറഞ്ഞ പുതുക്കാര്യം പറയാം...’’
രണ്ടുദിവസം കഴിഞ്ഞ്, രണ്ടാമത് മാത്രം നേരില്‍ കാണുന്ന അയാള്‍ ചിരപരിചിതനെപ്പോലെ സംസാരിച്ചുതുടങ്ങിയപ്പോള്‍ ഫിലിപ്പിനും അയാളെ ഏറക്കാലമായി അടുത്തറിയാമെന്നു തോന്നി. അയാള്‍ അന്ന് തുടങ്ങിയതും അവസാനിപ്പിച്ചതും ഭാര്യയുടെ സ്ഥിരപ്പെടുത്തല്‍ സംഗതി മാത്രമായിപ്പോയതില്‍ ഫിലിപ്പിന് രോഷംകലര്‍ന്ന നിരാശ.
അന്നുച്ചക്ക് മന്ത്രിയുടെ വകുപ്പിലെ ഉപാധ്യക്ഷന്‍ പിരിയുന്നത് സംബന്ധിച്ച് ഏവര്‍ക്കും സദ്യ ഏര്‍പ്പാട് ചെയ്തിരുന്നു. ഓവല്‍മേശയിലിരുന്ന് കഴിക്കുന്നതിനിടയില്‍ സ്റ്റാഫിലെ മിക്കവരെയും കണ്ടുമുട്ടി. സാധാരണ ആളുകള്‍ ഫിലിപ്പിനോട് സംസാരിക്കാന്‍ ധൈര്യപ്പെടാത്തതാണ്. ഉച്ചയൂണിന്‍െറ അനൗപചാരികത മുതലാക്കി ആരോ ചോദിച്ചു: ‘‘എന്‍െറ ഫിലിപ്പ് സാറേ... ഈ മതരഹിത ജീവിതമെന്നൊക്കെ സാറ് കഴിഞ്ഞ യാത്രയയപ്പ് പ്രസംഗത്തില് പറഞ്ഞത് ഇപ്പഴാ ഓര്‍മവരണത്. ആരട്യേയിരുന്നു... ങ്ഹാ...നമ്മടെ ശിവശങ്കരന്‍ സാറിന്‍െറ യാത്രയയപ്പിന്. അങ്ങനെ വല്ലതും ഇത്തവണത്തേക്ക് കര്തീട്ട്ണ്ടാ?’’
അതില്‍ കുറെ കൂരമ്പുകള്‍ ഫിലിപ്പ് വായിച്ചു. ഒന്ന്, മതരഹിതജീവിതത്തെ കളിയായി കാണുന്നു; പരിഹസിക്കുന്നു. മറ്റൊന്ന്, തന്‍െറ പ്രസംഗത്തെ ചെറുതാക്കിക്കാണുന്നു. ഇത്തവണയും അതുപോലെ ഉണ്ടാവുമോ എന്നതില്‍ താനേതോ തീവ്രവാദിയെപ്പോലെ ആശയബോംബുമായി നടക്കുന്നവനാണെന്ന സൂചനയും വരുന്നു. അതെന്തായാലും തരമില്ല, മറുപടി കൊടുക്കേണ്ടത് തന്‍െറ കടമയാണ്.
ഫിലിപ്പ് പറഞ്ഞു: ‘‘യൂനിവേഴ്സിറ്റി കോളജിലെ ചരിത്രം റാങ്ക്ഹോള്‍ഡറിവിടുണ്ട്, ചോദിച്ചുനോക്ക്. മനുഷ്യരാശിയുടെ ദീര്‍ഘമായ ഘട്ടം ആലോചിക്ക്. മനുഷ്യന്‍ ഭൂമിയില്‍ പിറന്നപ്പോ ഇവിടെ മതമുണ്ടായിരുന്നോ?’’ ഫിലിപ്പ് വളരെ ശ്രദ്ധിച്ചാണത് പറഞ്ഞത്. മനുഷ്യന്‍ ഭൂമിയില്‍ പിറന്നപ്പോള്‍ എന്നത് ആദത്തിന്‍െറയും ഹവ്വയുടെയും കാലത്ത് എന്നുപറയാനാണ് ആദ്യം തോന്നിയത്. പക്ഷേ, അതിലെ മതപരത ഫിലിപ്പിനെ പിറകോട്ടുവലിച്ചു. പറഞ്ഞുകഴിഞ്ഞശേഷം പിറന്നപ്പോള്‍ എന്ന പ്രയോഗത്തില്‍ മതബദ്ധത വന്നുപെട്ടുവോ എന്ന് ഒരുനിമിഷം ശങ്കിച്ചു.
‘‘എല്ലാം പിന്നീട് വന്നുചേര്‍ന്നതാ. അതായത്, ടൗണ്‍ബസില്‍ ഏതോ ഒരു സ്റ്റോപ്പില്‍നിന്ന് കയറിക്കൂടിയവരെപ്പോലെ. അവര്‍ക്കുവേണ്ടി നമ്മളെന്തിന് തര്‍ക്കിക്കണം?’’
‘‘അതിനുവേണ്ടി നിങ്ങളെന്തിന് തര്‍ക്കിക്കണം?’’ ജോലിയില്‍ തുടക്കക്കാരനായ ഒരു വിരുതനാണത് ചോദിച്ചത്. എന്നാല്‍, അവന്‍ ഒന്നുമറിയാത്ത ഭാവത്തില്‍ ഇരിക്കുകയാണ്. ‘‘ഇന്നല്ലെങ്കില്‍ നാളെ...നീ അല്ലെങ്കില്‍ നിന്‍െറ ഫയല്‍ എന്നെ തേടിവരും. അന്ന് തരാം മറുപടി’’, ഫിലിപ്പ് മനസാ ചിന്തിച്ചു.
അടിമുടി മതവത്കരിക്കപ്പെട്ട കേരളീയ സമൂഹത്തെക്കുറിച്ച് അദ്ദേഹം അന്ന് വാശിയോടെ, ഒന്നരമണിക്കൂര്‍ പ്രഭാഷണം നടത്തി. ഇവിടെ എല്ലാം മതത്തിനകത്തുവെച്ചാണ് നടക്കുന്നത്. കുഞ്ഞ് ജനിക്കുമ്പോള്‍തന്നെ അവനെ മതത്തിന്‍െറ പെട്ടിയിലിട്ട് പൂട്ടുന്നു. പിന്നെ അവന്‍ ആ പെട്ടിക്കുള്ളില്‍നിന്നുകൊണ്ടാണ് സ്വാതന്ത്ര്യം അന്വേഷിക്കുന്നത്. എങ്ങുമെത്താതെ അവന്‍ മതത്തിന്‍െറ കല്ലറയിലോ ശ്മശാനത്തിലോ സേവാകേന്ദ്രത്തിലോ ഒതുങ്ങുന്നു. ദൈവം എന്ന കണ്ടുപിടിത്തംതന്നെ ആധുനികമായ ഒരേര്‍പ്പാടാണെന്നും അതിനാല്‍ മനുഷ്യനെത്തന്നെയാണ് ദൈവത്തിനുമുകളില്‍ പ്രതിഷ്ഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം പറഞ്ഞുകഴിഞ്ഞിട്ടും ഒന്നും പറയാത്തതുപോലെയാണ് ഫിലിപ്പിന് തോന്നിയത്. യാത്രയയപ്പുയോഗം പിരിയാന്‍ വൈകിയതിനാല്‍ സ്ത്രീ ഉദ്യോഗസ്ഥകള്‍ പൊന്മാളിയേക്കല്‍ ഫിലിപ്പിനെ മനസാ ചീത്തപറഞ്ഞു.
അന്നുരാത്രി അവിവാഹിതനായ ഫിലിപ്പ് ലോഡ്ജില്‍ മടങ്ങിയെത്തിയശേഷം താന്‍ ഒന്നുകൂടി മതരഹിതനാവേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞു. അതിനായി അയാള്‍ മുമ്പ് വായിച്ചുകഴിഞ്ഞ പുസ്തകങ്ങള്‍ പലതും എടുത്തു മറിച്ചുനോക്കി. ഒരു സായിപ്പിന്‍െറ Why God is dead എന്ന പുസ്തകവുമായി അത്താഴം മറന്ന് ഓരോ വാക്കിലുമായി അടിവെച്ചടിവെച്ച് നടന്നു.
അപ്പോഴാണ് ഏറെനേരമായി അയാളുടെ മൊബൈല്‍ അടിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. വായന തടസ്സപ്പെടരുതെന്നു കരുതി നിശ്ശബ്ദമാക്കിയ മൊബൈല്‍ അതിന്‍െറ പ്രകാശം കൂട്ടിയും കുറച്ചും പുതിയ കോള്‍ വന്നിട്ടുണ്ടെന്ന് അറിയിച്ചു. എടുത്തുനോക്കിയപ്പോള്‍ സ്ത്രീശബ്ദം.
‘‘ഫിലിപ്പ് സാര്‍ തന്നെയല്ലേ?’’
‘‘അതെ.’’
‘ആമുഖമില്ലാതെ പറയാം, ഞാന്‍ താങ്കളുടെ ഒരു ആരാധികയാണ്. പേര് മല്ലിക.’’
‘‘പറയൂ... എന്തുവേണം?’’ ഫിലിപ്പ് ഔചാരികമായി.
‘‘സാര്‍...സെക്രട്ടേറിയറ്റിലെ ഒരു ജീവനക്കാരിയാ. ഇന്ന് സാറിന്‍െറ പ്രസംഗം കേട്ടതില്‍പിന്നെ എനിക്ക് ഇരിക്കാനും മേല, നിക്കാനും മേല. സാറ് ശരിക്കും ഉദ്ബോധിപ്പിച്ചു. എന്തൊരു നല്ല ആശയം. എന്തൊരു നല്ല ശബ്ദം. ഒന്നും തോന്നരുത്. ഞാന്‍ താങ്കളുടെ ആരാധികയായിരിക്കുകയാ, ശരിക്കും. നാളെ എനിക്കൊന്ന് നേരില്‍ കാണണം, ഓകെ.’’
ഫിലിപ്പിന് പ്രസംഗത്തെക്കുറിച്ചല്ല
അഭിമാനം തോന്നിയത്. ഒരാളെ ഫോ ണ്‍ ചെയ്യിക്കാന്‍ മാത്രം തനിക്ക് കഴിഞ്ഞല്ലോ. എന്നുതന്നെയല്ല, മതരഹിതജീവിതം എന്ന ആശയത്തിന്‍െറ സത്തയില്‍ ഒരാളെങ്കിലും ആകൃഷ്ടയായല്ലോ.
പറഞ്ഞറിയിക്കാനാവാത്ത ആത്മഹര്‍ഷത്താലാണ് ഫിലിപ്പ് അന്ന് ഉറങ്ങിപ്പോയത്.
പിറ്റേന്ന് ഷേവുചെയ്തുകൊണ്ടിരുന്നപ്പോള്‍ വീണ്ടും മല്ലികയുടെ ഫോണ്‍.
‘‘മല്ലികയാണ്, എനിക്കൊന്ന് കാണണം. കുറെ കാര്യങ്ങള്‍ സംസാരിക്കണം.’’ ഇതാണ് ഉള്ളടക്കം. വലിയ സന്തോഷം തോന്നി. തന്‍െറ പ്രഭാഷണം അവളെ, പുരോഗമനകാംക്ഷിയായ അവളെ പിടിച്ചുലച്ചിട്ടുണ്ട്.
മല്ലിക. ആ പേര് അയാള്‍ ഒന്നുരണ്ടുതവണ അന്നത്തെ പ്രഭാതകൃത്യങ്ങള്‍
ക്കിടയില്‍ ഉരുവിട്ടു. പിന്നെ പതുക്കെ ആ പേരിന്‍െറ മതപരതയെക്കുറിച്ച് ചിന്തിച്ചു. മല്ലിക എന്നുകേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് നാട്ടില്‍ ജന്മിപ്പറമ്പിന് നടുവില്‍ നിന്നിരുന്ന മല്ലികച്ചെടികളുടെ കൂട്ടമാണ്. അതിലൂടെ നടന്നുപോവുമ്പോള്‍ മല്ലികപ്പൂവിന്‍െറ മായികമായ സുഗന്ധം മൂക്കില്‍ വന്നടിക്കും. തൊഴില്‍രഹിതമായ തന്‍െറ ദിനരാത്രങ്ങളില്‍ അത് ഓര്‍മ
കളും പ്രതീക്ഷകളും നിറച്ചിട്ടുണ്ട്. എന്നാല്‍, അവിടത്തെ മുസ്ലിംകള്‍ക്കോ നസ്രാണികള്‍ക്കോ ഹിന്ദുക്കളിലെ മേനവന്മാര്‍ ഒഴികെ ആര്‍ക്കുമേ അതൊന്ന് തൊടാന്‍പോലും കഴിയുമായിരുന്നില്ല. ഹിന്ദു ക്കളിലെ ഒരു വിഭാഗം മാത്രം ഉപയോഗിക്കാനവകാശമുണ്ടായിരുന്ന പൂവ്!
ഫിലിപ്പ് മറ്റൊരാലോചനയിലേക്ക് പോയി.
മല്ലികപ്പൂ ആരാണ് നാട്ടില്‍ ഉപയോഗിച്ചിരുന്നത്?
ആലോചിച്ചുനോക്കുമ്പോള്‍ ഓര്‍മയുടെ പഴയ ഗ്രാമീണ ചിത്രത്തിലൊക്കെ ഹിന്ദുപെണ്‍കുട്ടികള്‍ മാത്രമേ അത് ചൂടിയിരുന്നുള്ളൂ; ഹിന്ദുപ്പൂവ്!
ഛെ! താനെന്തിനാണ് മല്ലികയെ ഇങ്ങനെ കമ്പാര്‍ട്മെന്‍റലൈസ് ചെയ്ത് ഹിന്ദുക്കുട്ടിയാക്കുന്നത്. അവളുടെ ചോരയും ചിന്തയും മതരാഹിത്യത്തിന്‍േറതാണെന്ന് തെളിഞ്ഞതല്ലേ?
‘‘Will meet at 11 am. Shall I come to your cabin?’’ മല്ലികയുടെ എസ്. എം.എസ്.
‘yes’ എന്ന് reply നല്‍കി.
പതിനൊന്നുമണി കഴിഞ്ഞുകാണണം, എഴുത്തുകുത്തുകള്‍ക്കിടയില്‍നിന്ന് തല ഉയര്‍ത്തിനോക്കുമ്പോള്‍ മുന്നില്‍ ഒരു രൂപം. ആണ്‍ പെണ്‍വേഷം കെട്ടിയതോ? അതോ തിരിച്ചോ? മുഖത്തെവിടെയോ ഒരു സ്ത്രൈണത പമ്മിപ്പതുങ്ങി നില്‍പുണ്ട്. കൈയിലൊന്നും രോമത്തിന്‍െറ ലവലേശമില്ല. എന്നാല്‍, പുരുഷന്‍േറതുപോലെയാണ് ശരീരഭാഷ. നീല ജീന്‍സും ഒട്ടും അനുയോജ്യമല്ലാത്ത ചുവന്ന ടീഷര്‍ട്ടും. കാലിന്മേല്‍ കാല്‍ കയറ്റിവെച്ചുള്ള ഇരുത്തവും.
ഇതെങ്ങനെ അകത്തുകയറി എന്ന് സംശയിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു: ‘‘ഞാന്‍ മല്ലികയാ സാറേ.’’
‘‘മനസ്സിലായില്ലേ?’’
‘‘ങ്ഹാ! മനസ്സിലായി’’- ഫിലിപ്പ്.
‘‘ഞാനൊരു മതമില്ലാത്ത ഒമ്പതാ സാറേ.’’
‘‘ഒമ്പതോ?’’
‘‘അതെ! ആണും പെണ്ണും കെട്ടവള്‍. കെട്ടവന്‍ എന്നുപറഞ്ഞാലും തെറ്റില്ല.’’
‘‘മല്ലികയുടെ നാടെവിടെയാ?’’ ഫിലിപ്പ് വിഷയം മാറ്റാനായാണ് അത് ചോദിച്ചത്.
‘‘നാട്...വടക്കെവിടെയോ ആണ് ജനിച്ച സ്ഥലം. വളര്‍ന്നതൊക്കെ ആലപ്പുഴേലെ കറുകച്ചാലിലാ. പിന്നെ എന്‍െറ ഒറ്റപ്പാച്ചില്‍ ലൈഫ് തൊടങ്ങിയപ്പോ തിരുവനന്തപുരത്തെത്തി.’’
‘‘ഇവിടെ ഏതു സെക്ഷനിലാ?’’
‘‘ഇടക്ക് അടിച്ചുതളിക്കാരിയായി കേറും, ആരുടേങ്കിലും കൈകാല്‍ പിടിച്ച്. ഒരു മാസം കടന്നുപോവാനുള്ള കാശായാല്‍ സ്ഥലംവിടും. അതാ പതിവ്.’’ അവള്‍ ഒരു വല്ലാത്ത ചിരി ചിരിച്ചു.
‘‘സത്യം പറയാലോ. സാറടെ പ്രസംഗോന്നും ഞാന്‍ കേട്ടിട്ടില്ല. എന്നെ ഇഷ്ടപ്പെടുന്ന ഒന്നുരണ്ടുപേര്‍, കസ്റ്റമേഴ്സ്ന്ന് പറയാം ഇവിടേണ്ട്. അതിലൊരാളാ പറഞ്ഞത് സാറിന്‍െറ പ്രസംഗത്തെപ്പറ്റി.’’
കുറച്ചുനേരം മല്ലിക താടിക്ക് കൈയും കൊടുത്തിരുന്നു. മുറിയുടെ പല കോണുകളിലേക്കും നോക്കി. പിന്നെ പറഞ്ഞു: ‘‘ഞാനാലോചിക്കാറ്ണ്ട് മതംന്ന് പറയണ സാധനത്തെപ്പറ്റി. ഞാന്‍ ജനിച്ചത് ക്രിസ്ത്യാനിയായിട്ടാ. പിന്നെ കറുകച്ചാലില്‍ ആയിരിക്കുമ്പോ വിഷ്ണുക്ഷേത്രത്തിനടുത്തായിര്ന്നേ താമസം. അങ്ങനെ അമ്പലവാസിയായി വളര്‍ന്നു. എന്‍െറ നടത്തോം ഭാവോം ശര്യല്ലാന്ന് പറഞ്ഞ് ആള്കള് ബഹളോണ്ടാക്യപ്പൊ മുസല്യവര്‍ഗത്തിലേക്ക് മാറി, പിന്നെ പേടിച്ചിട്ടാരും ഒന്നും പറഞ്ഞില്ല, വീടുവിട്ട് തിരുവനന്തപുരത്ത് വന്നു.’’
ഫിലിപ്പ് കണ്ണിലും കാതിലും മനസ്സിലും അന്തംപെരുത്ത് ഇരുന്നു.
‘‘ആണായി ജനിച്ചതാ. പക്ഷേ, എന്തോന്നാ സാറേ ഈ ആണായിട്ട് കാര്യം? ഞാനതന്നേ മനസ്സിലാക്കി. കുറ്റാലത്ത് ഒരിക്കല്‍ ഞങ്ങടെ ഉത്സവത്തിന് ഒളിച്ചോടിപ്പോയി. അവിടന്ന് ഞാനെന്‍െറ വരിയുടച്ചു...I mean castration.’’
‘‘ഹയ്യോ’’, ഫിലിപ്പ് അറിയാതെ പറഞ്ഞുപോയി.
അയാള്‍ക്ക് അടിവയറ്റില്‍ കഠിനമായ വേദന.
‘‘ആ വേദനയൊക്കെ അവനവന്‍െറ ആത്മാവിനെ തൊടാനുള്ള വേദനയല്ലേ, സാറേ.’’
ഇത്തവണ ഫിലിപ്പ് എഴുന്നേറ്റുപോയി. ശരിക്കും വാഷ്ബേസിനില്‍ ഓക്കാനിച്ചു. എന്നാല്‍, ഒന്നും പുറത്തുകാണിക്കാതെ തിരികെ വന്ന് മല്ലികക്കുമുന്നില്‍ സ്വന്തം സീറ്റിലിരുന്നു.
‘‘ഇപ്പൊ എല്ലാര്‍ക്കും സുഖം കൊടുത്ത്, സന്തോഷം കൊടുത്ത് എല്ലാ ദൈവങ്ങളേം കൂട്ടുപിടിച്ച് ജീവിക്കുന്നു.’’
മല്ലിക ചിരിച്ചു. അവളുടെ ചുണ്ടിലെ ചായവും കവിളിലെ റൂഷിന്‍െറ നിറവും കൂടിപ്പോയെന്ന് ഫിലിപ്പിന് തോന്നി. അറപ്പിന്‍െറ നിറവും മണവുംതന്നെ ഇത്.
‘‘സാറിന്‍െറ പ്രസംഗത്തെപ്പറ്റി അവര് പറഞ്ഞു. എന്‍െറ സംശയം, ഞാന്‍ മതമില്ലാത്തയാള്തന്നെ സംശയമില്ല. പക്ഷേ, ഞാന്‍ മതരഹിതനാണോ മതരഹിതയാണോന്നാ...’’
മല്ലിക മുന്‍വരിപ്പല്ല് മൊത്തത്തില്‍ കാട്ടി ചിരിക്കുകയും ഉദ്വേഗത്തോടെ ഫിലിപ്പിനെ നോക്കുകയും ചെയ്തു.
ഫിലിപ്പിന്‍െറ കണ്ണുതള്ളിച്ച മാത്രമായി ലോകം.
ലോകം, ഒരു കണ്ണുതള്ളിച്ച.
‘‘പറ സാറേ ഞാന്‍ മതരഹിതനോ രഹിതയോ?’’ മല്ലിക ഭൂകമ്പംപോലെ ചോദ്യമുയര്‍ത്തി.
ഫിലിപ്പ് കണ്ണടച്ചിരുന്നു. പിന്നീടെപ്പോഴോ കണ്ണുതുറന്നുനോക്കുമ്പോള്‍ മുന്നില്‍ മല്ലികയില്ല. ‘‘ഭാഗ്യം, ഉത്തരം പറയാതെ കഴിഞ്ഞല്ലോ’’ എന്നാണ് ആദ്യം ആശ്വസിച്ചത്.
നേരം ഏറെ വൈകിയിരുന്നു.
ഫിലിപ്പ് ലോഡ്ജിലേക്ക് മടങ്ങുമ്പോള്‍ തന്നിലേക്കുതന്നെയാണ് നോക്കിക്കൊണ്ടിരുന്നത്. അനവധി ചിന്തകള്‍ അതിസങ്കീര്‍ണമായി കൂടിക്കുഴഞ്ഞ് താനെന്ന ബിന്ദുവില്‍ തറച്ചുകയറുന്നത് ഫിലിപ്പ് അനുഭവിച്ചറിഞ്ഞു.
അയാള്‍ ആകെ അവശനായിരുന്നു.
ഫിലിപ്പ് സംസാരശേഷി നഷ്ടപ്പെട്ടവനെപ്പോലെ മൗനിയായാണ് നടന്നത്.
യുക്തിവിചാരത്തിന്‍െറ പാതയില്‍ ഒറ്റയാനായി നടന്നു.
ലോഡ്ജിന്‍െറ പടവുകള്‍ അയാള്‍ കയറി.
കിടക്കയിലേക്ക് രണ്ടു കൈയും വിടര്‍ത്തി ഫിലിപ്പ് വീണു.
എന്നാല്‍, ഇതിനെയൊക്കെ മറ്റൊരു പാഠഭേദത്തില്‍ കാണാന്‍ കഴിയും.
സെക്രട്ടേറിയറ്റില്‍നിന്ന് കുത്തനെ ഇറങ്ങുന്ന പാതയിലൂടെ അയാള്‍ ഇറങ്ങിനടന്നത് ദൈവത്തെ അന്വേഷിക്കുന്ന ശരണാര്‍ഥിയെപ്പോലെ. ചരിത്രത്തിന്‍െറ പാടുകളുള്ള കത്തോലിക്കാപള്ളിയുടെ പടികളായി ലോഡ്ജിന്‍െറ പടവുകള്‍ അയാള്‍ക്ക് തോന്നി. രണ്ടു കൈയും വിടര്‍ത്തിയുള്ള ബോധശൂന്യമായ മയക്കം കുരിശിലെ ക്രൂശിതരൂപമായി.
‘‘യേശുവേ’’, ഫിലിപ്പ് ഉറക്കത്തില്‍ വിളിച്ചു.
ആദ്യമായാണ് ഞാന്‍ അങ്ങയെ വിളിക്കുന്നത്. ഞാന്‍ താങ്കള്‍ക്ക് തീര്‍ത്തും അനഭിമതനായിരിക്കും. എന്നാലും ഒരു വിശ്വാസിയോടെന്നപോലെ എന്‍െറ സംശയം നിവര്‍ത്തിത്തരേണമേ.
എന്താണ്, എന്തുകൊണ്ടാണ് ഇങ്ങനെ...
കഴിയുമെങ്കില്‍ പാവം മല്ലികയെ രക്ഷിക്കുകയും വേണമേ...