ക്ളീന്‍ ചിറ്റുകള്‍, നിര്‍ലോഭം | Madhyamam Weekly
Weekly


ക്ളീന്‍ ചിറ്റുകള്‍, നിര്‍ലോഭം

യാസീന്‍ അശ് റഫ്

‘‘ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പ്രത്യേകാന്വേഷക സംഘം (എസ്.ഐ.ടി) ക്ളീന്‍ ചിറ്റ് നല്‍കി.’’
-ഏപ്രില്‍ 11ന് ഒട്ടെല്ലാ പത്രങ്ങളും കൊടുത്ത വാര്‍ത്തയുടെ മാതൃകയാണിത്.
‘‘ഗുല്‍ബര്‍ഗ് കൂട്ടക്കൊല: മോഡിക്കെതിരെ തെളിവില്ലെന്ന് എസ്.ഐ.ടി’’ (മംഗളം); ‘‘എസ്.ഐ.ടി ക്ളീന്‍ ചിറ്റ്; മോഡി രക്ഷപ്പെടുന്നു’’ (ചന്ദ്രിക); ‘‘ഗുല്‍ബര്‍ഗ കേസ്: മോഡിക്കെതിരെ തെളിവില്ലെന്ന് എസ്.ഐ.ടി’’ (സിറാജ്); ‘‘ഗുല്‍ബര്‍ഗ കൂട്ടക്കൊല: മോഡിക്ക് എസ്.ഐ.ടിയുടെ ക്ളീന്‍ ചിറ്റ്’’ (മലയാളമനോരമ); ‘‘ഗുല്‍ബര്‍ഗ കേസ്: മോഡിക്കെതിരെ തെളിവില്ലെന്ന് എസ്.ഐ.ടി’’ (മാതൃഭൂമി).
പഴയ, എല്ലാവരും അറിഞ്ഞുകഴി ഞ്ഞ വിവരം വാര്‍ത്തയല്ലെങ്കില്‍ ഇപ്പറഞ്ഞതും വാര്‍ത്തയല്ല. മോഡിക്കെതിരെ കേസെടുക്കാവുന്ന തെളിവില്ലെന്ന് എസ്.ഐ.ടി പറയുന്നു എന്നതല്ല, അക്കാര്യം മജിസ്ട്രേറ്റ് കോടതി അറിയിച്ചു എന്നത് മാത്രമാണ് പുതിയ വിവരം.
എസ്.ഐ.ടി ഇങ്ങനെ പറയുന്നതായി 2010 ഡിസംബറില്‍ പരക്കെ വാര്‍ത്ത വന്നതാണ്. ഡിസംബര്‍ 3ന് ടൈംസ് ഓഫ് ഇന്ത്യ എഴുതി: ‘‘എസ്.ഐ.ടി നരേന്ദ്രമോഡിയെ കുറ്റമുക്തനാക്കി...’’
‘‘അന്നത്തെ പത്രവാര്‍ത്തകളോട് പ്രതികരിച്ച് എല്‍.കെ. അദ്വാനി മുതല്‍ അനേകം പേര്‍ മോഡിയുടെ ‘‘കുറ്റമുക്തി’’ ആഘോഷിച്ചു. അപവാദങ്ങള്‍ക്കിരയായ പാവം മനുഷ്യനെന്ന് മോഡിയെ വാഴ്ത്തി. ഇപ്പോള്‍ വീണ്ടും അതേ സ്വരങ്ങള്‍ നാം കേള്‍ക്കുന്നു.
ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റിയില്‍ സംഘ്പരിവാര്‍ തീവ്രവാദികള്‍ ചുട്ടുകൊന്നവരില്‍പെട്ട ഇഹ്സാന്‍ ജാഫരി എം.പിയുടെ ഭാര്യ സാകിയ ജാഫരി സമര്‍പ്പിച്ച ഹരജിപ്രകാരമാണ് സുപ്രീംകോടതി ആര്‍.കെ. രാഘവന്‍െറ നേതൃത്വത്തില്‍ എസ്.ഐ.ടി രൂപവത്കരിച്ചത്. 2010 മേയില്‍ അവര്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിസംബറില്‍ അതിലെ ഭാഗങ്ങള്‍ പത്രങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി.
പക്ഷേ, ചോര്‍ന്നതിലധികം എസ്.ഐ.ടി റിപ്പോര്‍ട്ടിലുണ്ടെന്ന് തെഹല്‍ക (2011 ഫെബ്രുവരി 12) വെളിപ്പെടുത്തി. മോഡിക്കെതിരെ കേസെടുക്കാന്‍ വകയില്ലെന്നു പറയുന്ന എസ്.ഐ.ടിതന്നെ തങ്ങളുടെ 600 പേജ് റിപ്പോര്‍ട്ടില്‍ മോഡിക്കെതിരെ ധാരാളം ആരോപണസ്വഭാവമുള്ള വസ്തുതകള്‍ പറഞ്ഞുവെച്ചിട്ടുണ്ടെന്ന് അശിഷ് ഖേതാന്‍ തയാറാക്കിയ കവര്‍സ്റ്റോറി സമര്‍ഥിച്ചു.
മോഡിയെ ‘‘കുറ്റമുക്തനാക്കി’’ എന്ന സംഘ്പരിവാര്‍ പ്രചാരണം വസ്തുനിഷ്ഠമല്ലെന്നാണ് അതില്‍ സ്ഥാപിച്ചത്.
എസ്.ഐ.ടി റിപ്പോര്‍ട്ട് കിട്ടിയാലേ തുടര്‍ന്നുള്ള നിയമനടപടികള്‍ക്ക് കഴിയൂ എന്ന് സാകിയ ജാഫരി മനസ്സിലാക്കി. റിപ്പോര്‍ട്ട് വിട്ടുകിട്ടണമെന്ന് അവര്‍ കോടതിയോട് ആവശ്യപ്പെട്ടു. അത് അനുവദിക്കുകയാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് എം.എസ്. ഭട്ട് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സകല രേഖകളും 30 ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ക്ക് കൊടുത്തിരിക്കണം.
എസ്.ഐ.ടി റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കാന്‍ അവര്‍ക്ക് ഇതുവഴി സാധിക്കും. ഇടക്കാലത്ത് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടും ഇക്കാര്യത്തില്‍ പ്രസക്തമാകും. അദ്ദേഹം എസ്.ഐ.ടി കണ്ടെത്തലുകളോട് പൂര്‍ണമായി യോജിച്ചിട്ടില്ല എന്ന് പത്രറിപ്പോര്‍ട്ടുണ്ടായിരുന്നു.
ചുരുക്കത്തില്‍, കോടതിയുടെ കല്‍പന മോഡിക്ക് അനുകൂലമല്ല -സാകിയ ജാഫരിക്ക് അനുകൂലമാണ്. അവരുടെ ആവശ്യം അനുവദിക്കെ, മോഡിക്കെതിരെ നിയമനടപടി എടുക്കാവുന്ന തെളിവില്ലെന്ന് എസ്.ഐ.ടി പറഞ്ഞിട്ടുണ്ട് എന്നുകൂടി കോടതി അറിയിച്ചെന്നു മാത്രം. ആ ഭാഗം മുമ്പ് വാര്‍ത്തയില്‍ വന്നതായിട്ടും മാധ്യമങ്ങള്‍ വീണ്ടും കൊണ്ടാടി.
മാത്രമല്ല, ‘‘ക്ളീന്‍ ചിറ്റ്’’, ‘‘കുറ്റമുക്തന്‍’’ തുടങ്ങിയ പദപ്രയോഗങ്ങള്‍ വസ്തുതാവിരുദ്ധവുമാണ്. കേസെടുക്കാവുന്ന തെളിവില്ലെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ടിലുണ്ടെന്ന് കോടതി പറഞ്ഞാല്‍ അതിനെ എങ്ങനെ ‘‘കോടതി മോഡിയെ കുറ്റമുക്തനാക്കി’’ എന്ന് വ്യാഖ്യാനിക്കാന്‍ കഴിയും? പ്രത്യേകിച്ച്, ആ നിഗമനത്തിന് വിരുദ്ധമായ വസ്തുതകള്‍ അതേ റിപ്പോര്‍ട്ടിലുണ്ടെന്ന് ആരോപണമുയര്‍ന്നിരിക്കെ?
പക്ഷേ, പത്രങ്ങള്‍ അധികവും വായനക്കാര്‍ക്ക് നല്‍കിയ ധാരണ അതാണ്. അതും 14 മാസത്തെ ഇടവേളക്കുശേഷം രണ്ടാം തവണ. വാര്‍ത്തകള്‍ ഒരൊറ്റ രീതിയിലേ വരാവൂ എന്നുണ്ടോ?

ആ വാര്‍ത്ത തെറ്റായിരുന്നു
2003 ഫെബ്രുവരി 5ന് യു.എന്‍ രക്ഷാസമിതിയില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ നാടകീയമായ ഒരു പ്രഖ്യാപനം നടത്തി.
ഇറാഖിലെ സ്വേച്ഛാധിപതി സദ്ദാം ഹുസൈന്‍ ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നതിന്‍െറ തെളിവ് ലഭിച്ചിരിക്കുന്നു. ജൈവായുധ ഫാക്ടറികള്‍ ഘടിപ്പിച്ച ഒരു വാഹനത്തിലെ രേഖാചിത്രങ്ങളിതാ. ഇത്തരത്തിലുള്ള കുറെ വാഹനങ്ങളുടെ ഉപഗ്രഹചിത്രങ്ങളിതാ. ഇതിനെല്ലാം നേര്‍സാക്ഷിയായ ഒരു ഇറാഖി കെമിക്കല്‍ എന്‍ജിനീയര്‍ തന്നതാണീ തെളിവുകള്‍. ഒരു ജൈവായുധ ഫാക്ടറിയില്‍ സൂപ്പര്‍വൈസറായ അദ്ദേഹം ആയുധനിര്‍മാണത്തിന് നേരിട്ട് മേല്‍നോട്ടം വഹിച്ചു. 1998ല്‍ ഒരത്യാഹിതമുണ്ടായപ്പോള്‍ അവിടെ അദ്ദേഹമുണ്ടായിരുന്നു. അന്ന് ആറു ടെക്നീഷ്യന്മാരാണ് കൊല്ലപ്പെട്ടത്.
രക്ഷാസമിതി അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായി. പിന്നെ വൈകിയില്ല, ഇറാഖിനെ ആക്രമിച്ച് സദ്ദാമിനെ വീഴ്ത്താനുള്ള അനുമതി നല്‍കി.
ഒമ്പതു വര്‍ഷം കഴിഞ്ഞു. ഏപ്രില്‍ 2, 3 തീയതികളില്‍ ബി.ബി.സി-2 ചാനല്‍ ഒരു അഭിമുഖം സംപ്രേഷണം ചെയ്തു. സദ്ദാമിനെതിരെ ‘‘തെളിവു’’ നല്‍കിയ ഇറാഖി എന്‍ജിനീയര്‍ റഫീദ് അഹ്മദ് അല്‍വാന്‍ അല്‍ജനബിയായിരുന്നു അതിഥി. അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയത് ഇങ്ങനെ: അന്ന് ഞാന്‍ കെട്ടിച്ചമച്ച കഥയായിരുന്നു അത്. ജൈവായുധമൊന്നും ഉണ്ടായിരുന്നില്ല. സദ്ദാമിനെതിരായിരുന്നു താന്‍. 2000ത്തില്‍ ജര്‍മനിയിലേക്ക് അഭയം തേടിച്ചെന്നു; അഭയം കിട്ടി മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ജര്‍മന്‍ ചാരന്‍ വന്ന് ഇറാഖിലെ വിശേഷങ്ങളന്വേഷിച്ചു. ആറു മാസത്തോളം അയാളുമായി വിശേഷങ്ങള്‍ പങ്കിട്ടു. അതിനിടയില്‍ സങ്കല്‍പിച്ചുണ്ടാക്കിയതാണ് ജൈവായുധ ഫാക്ടറികളുടെ കഥ.
ഒരു സദ്ദാം വിരുദ്ധന്‍ മെനഞ്ഞ നുണ വിശ്വസിച്ചാണത്രെ യു.എന്‍ ഇറാഖ് യുദ്ധത്തിന് അനുമതി കൊടുത്തത്. കുറെ വര്‍ഷങ്ങള്‍ ‘‘കര്‍വ്ബാള്‍’’ എന്ന കള്ളപ്പേരില്‍ അറിയപ്പെട്ട അല്‍ജനബിക്ക് നുണപറഞ്ഞതില്‍ ഖേദമൊന്നുമില്ല -സദ്ദാം പോയിക്കിട്ടിയല്ലോ!
ആശയങ്ങളാണ് തീരുമാനങ്ങളിലേക്ക് നയിക്കുന്നത്. ആ ആശയങ്ങള്‍ അസത്യമായാലും മതിയെന്ന് തിരിച്ചറിഞ്ഞവരാണ് അമേരിക്കയും മറ്റും. അസത്യങ്ങളെ സത്യമെന്ന് തോന്നിക്കുന്ന ജോലി ഭംഗിയായി നടക്കുന്നുണ്ട് എന്നതാണ് അവര്‍ക്ക് സൗകര്യമാകുന്നത്. ആ ജോലി ചെയ്യുന്നത് മാധ്യമങ്ങളാണ്.
ഇത് അപൂര്‍വമല്ലതാനും. ഇറാഖ് അധിനിവേശത്തിന് അമേരിക്ക കാരണങ്ങള്‍ നിര്‍മിച്ചുവന്ന കാലത്ത്, 2002ല്‍, റെന്‍ഡന്‍ ഗ്രൂപ് എന്ന പരസ്യസ്ഥാപനത്തിന് കരാര്‍ കൊടുത്തിരുന്നു. സദ്ദാമിന്‍െറ മോശക്കാരനെന്ന പ്രതിച്ഛായ ബലപ്പെടുത്തുകയായിരുന്നു ജോലി. അതിന്‍െറ ഭാഗമായി ഹാര്‍വേഡിലെ ഒരു ഇറാഖി വിദ്യാര്‍ഥിയെക്കൊണ്ട് സദ്ദാമിന്‍െറ ശബ്ദാനുകരണം നടത്തി ഇറാഖില്‍ ആഴ്ചതോറും പ്രക്ഷേപണം ചെയ്തു.
കുവൈത്തിനെ കടന്നാക്രമിച്ച സദ്ദാം ഹുസൈനെതിരെ യുദ്ധത്തിനായി പൊതുജനാഭിപ്രായം രൂപപ്പെടുത്താന്‍ എച്ച്. ആന്‍ഡ് കെ എന്ന പരസ്യക്കമ്പനിയെ പെന്‍റഗണ്‍ ഏല്‍പിച്ചു. കുവൈത്തിലെ ഒരു ആശുപത്രിയില്‍ ഇറാഖി പട്ടാളക്കാര്‍ ഇരച്ചുചെന്ന് നവജാതശിശുക്കളെ കിടത്തിയ ഇന്‍ക്യുബേറ്ററുകള്‍ എടുത്തുകൊണ്ടുപോയതും അങ്ങനെ 312 കുഞ്ഞുങ്ങള്‍ മരിച്ചതുമാണ് അന്ന് ലോകത്തെ ഞെട്ടിച്ച ഒരു വാര്‍ത്ത.
യു.എസ് സെനറ്റില്‍ യുദ്ധത്തിനനുകൂലമായി തീരുമാനം വന്നതിന് നിര്‍ണായക കാരണം ഈ വാര്‍ത്തയായിരുന്നു. അതും പക്ഷേ, നുണയാണെന്ന് പിന്നീട് തെളിഞ്ഞു. കള്ളക്കഥ പറഞ്ഞ പെണ്‍കുട്ടി യു.എസിലെ കുവൈത്ത് അംബാസഡറുടെ മകളായിരുന്നു. അന്നും മാധ്യമങ്ങള്‍ കള്ളക്കഥ പ്രചരിപ്പിച്ചതല്ലാതെ സത്യം അന്വേഷിച്ചില്ല. കുവൈത്ത് യുദ്ധത്തിനുശേഷമാണ് സത്യം പുറത്തുവന്നത്.
അല്‍ജനബിയുടെ കള്ളവും പൊളിഞ്ഞത് അതുകൊണ്ടുള്ള ആവശ്യം നിറവേറിയശേഷമാണ്. 2007ല്‍ സി.എന്‍.എന്‍ ആണ് അല്‍ജനബിയെ ആദ്യമായി ഇന്‍റര്‍വ്യൂ ചെയ്തത്. ജൈവായുധങ്ങളെപ്പറ്റി ‘‘വിവരം’’ കൊടുത്ത കാര്യം അന്നയാള്‍ നിഷേധിച്ചു. 2011 ഫെബ്രുവരിയില്‍ ലണ്ടന്‍ ഗാര്‍ഡിയന്‍ പത്രം അയാളുമായി നടത്തിയ അഭിമുഖം പ്രസിദ്ധപ്പെടുത്തി. താന്‍ നുണപറഞ്ഞ കാര്യം അയാള്‍ സമ്മതിച്ചു. ഇപ്പോള്‍ ബി.ബി.സി-2 ചാനലും അഭിമുഖം നടത്തി.
രസകരമായ കാര്യം, അഭിമുഖങ്ങളിലും വാര്‍ത്തകളിലും മാധ്യമങ്ങള്‍ കുറ്റം മുഴുവന്‍ അല്‍ജനബിയില്‍ ചാര്‍ത്താന്‍ നടത്തുന്ന ശ്രമമാണ്. മുമ്പേ ഇറാഖിനെ ആക്രമിക്കാന്‍ തീരുമാനിച്ച ശേഷം ബുഷ് ഭരണകൂടം അതിനുവേണ്ട ന്യായങ്ങള്‍ പരതുകയായിരുന്നു. കിട്ടിയ ഏതു ‘‘കഥ’’യും അവര്‍ ഉപയോഗിച്ചു. അതേപോലെ മാധ്യമങ്ങളും പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തു. ഭരണകൂടങ്ങളുടെയും മാധ്യമങ്ങളുടെയും പങ്കിനെപറ്റി ഒന്നും പറയാതെയാണ് ഇപ്പോള്‍ നുണക്കാര്യം ‘‘വെളിപ്പെടുത്തു’’ന്നത്.
എന്നാല്‍, ‘‘കര്‍വ്ബാള്‍’’ പറഞ്ഞ കഥ തെറ്റാണെന്ന് അന്നേ അമേരിക്ക മനസ്സിലാക്കിയിരുന്നു. ജര്‍മന്‍ ചാരസംഘവും അക്കാര്യം അറിയിച്ചിരുന്നു. എന്നിട്ടും, അല്‍ജനബി അയച്ച രേഖകളും ചിത്രങ്ങളും അവതരണയോഗ്യമാക്കി മെച്ചപ്പെടുത്തുകയാണ് പെന്‍റഗണ്‍ അധികൃതര്‍ ചെയ്തത്. ബ്രിട്ടീഷ് ഭരണകൂടവും സത്യമെന്തെന്ന് അറിഞ്ഞുകൊണ്ട് ഒപ്പം ചേരുകയായിരുന്നു. സി.ഐ.എ മേധാവി ജോര്‍ജ് ടെനറ്റിന് പൂര്‍ണവിവരങ്ങള്‍ യൂറോപ്യന്‍ പ്രതിനിധി ഡ്രംഹെലര്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല.
എന്നിട്ടും, ഗാര്‍ഡിയന്‍ പോലുള്ള ‘‘ലിബറല്‍’’ പത്രംപോലും പറഞ്ഞത് അല്‍ജനബി ‘‘യു.എസിനെ കബളിപ്പിച്ചു’’ എന്നായിരുന്നു. ബുഷ് ഇറാഖികളെ വഞ്ചിച്ചതിനെയാണ്, ‘‘അല്‍ജനബി ബുഷിനെ പറ്റിച്ചു’’ എന്ന മറ്റൊരു കെട്ടുകഥയാക്കുന്നത്! ഇപ്പോള്‍ ബി.ബി.സി -2 ന്‍െറ കഥയും വ്യത്യസ്തമല്ല.
അല്‍ജനബി പറഞ്ഞ നുണയാണ് യുദ്ധത്തിന് ആധാരമാക്കിയതെന്ന് 2011 ഫെബ്രുവരിയില്‍ ഗാര്‍ഡിയന്‍ വെളിപ്പെടുത്തിയെങ്കിലും യു.എസ് പത്രങ്ങളില്‍ അത് വന്നില്ല -ന്യൂയോര്‍ക് ടൈംസിലും വാഷിങ്ടണ്‍ ടൈംസിലും മാത്രം നന്നേ ചെറിയ ഉള്‍പ്പേജ് വാര്‍ത്തയൊഴിച്ചാല്‍ പിന്നെ ഹിന്ദു, ഖലീജ് ടൈംസ് തുടങ്ങിയ വേറെ ഏതാനും പത്രങ്ങളുടെ വായനക്കാരല്ലാതെ ലോകത്തെ മറ്റിടങ്ങളിലെ ജനവും വിവരമറിഞ്ഞില്ല.
ഇപ്പോള്‍ ബി.ബി.സിയില്‍കൂടി വാര്‍ത്തവന്നതും നമ്മില്‍ എത്രപേര്‍ അറിഞ്ഞു?
അല്‍ജനബി കരുതുന്നത്, സദ്ദാമിനെതിരായ നുണവഴി താന്‍ യു.എസിനെ ഉപയോഗപ്പെടുത്തി എന്നാണ്. ബുഷും മറ്റും കരുതുന്നത്, അല്‍ജനബിയെ തങ്ങള്‍ സമര്‍ഥമായി ഉപയോഗിച്ചു എന്നും. രണ്ടു കൂട്ടരും മാധ്യമങ്ങളെ നന്നായി ഉപയോഗിച്ചു എന്നത് സത്യം.


മീഡിയ സ്കാന്‍

മുന്‍ ലക്കങ്ങള്‍