ആരാച്ചാര്‍ | Madhyamam Weekly
Weekly


ആരാച്ചാര്‍

കെ.ആര്‍. മീര

സുമംഗലികളുടെ ജഡങ്ങള്‍ ചിതയിലേക്കെടുക്കുമ്പോള്‍ അവരുടെ പാദങ്ങള്‍ ചോരയില്‍ ചവിട്ടിയതുപോലെ ചുവന്നിരിക്കണമെന്നു നിശ്ചയിക്കപ്പെട്ടതെന്നാണെന്നു  ഥാക്കുമാക്കുപോലും ഓര്‍മയില്ല. പക്ഷേ, നെറ്റിയില്‍ സിന്ദൂര്‍ എന്നും  കാല്‍വെള്ളകളില്‍ അള്‍ട്ടാ എന്നും പേരുള്ള രക്തച്ചുവപ്പോടെ ചിതയിലേക്ക് എടുക്കപ്പെടാന്‍ സാധിക്കുന്നതു മഹാഭാഗ്യമാണെന്നു ഥാക്കുമാ എപ്പോഴും ഓര്‍മിപ്പിച്ചു.  നീഹാരിക മരണമടഞ്ഞപ്പോഴാണ് ഞാന്‍ ആദ്യമായി ഒരു സ്ത്രീയുടെ ശവസംസ്കാരത്തിനു സാക്ഷ്യംവഹിച്ചത്.  അവളുടെ മരണവാര്‍ത്ത കേട്ട് നാട്ടുകാര്‍ വീടിനകത്തും പുറത്തും തിക്കിത്തിരക്കി. വിദൂരഗ്രാമങ്ങളില്‍നിന്ന് ശവങ്ങളുമായി രാത്രിമുഴുവന്‍ യാത്രചെയ്തെത്തിയ അപരിചിതര്‍പോലും തങ്ങള്‍ അനുയാത്ര ചെയ്തുകൊണ്ടുവന്ന മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് നീഹാരികയുടെ ശരീരം കാണാന്‍ തിക്കിത്തിരക്കി.  സ്ട്രാന്‍ഡ് റോഡില്‍  ഗതാഗതം നിലച്ചു. പൊലീസ് വന്നു.  കുട്ടികളെ മുതിര്‍ന്നവര്‍ ആട്ടിപ്പായിച്ചു. അമലേന്ദുവിനെയും ചമ്പയെയും വെട്ടിച്ചു ഞാന്‍ മാത്രം, ഇപ്പോള്‍ ഞാനും ഥാക്കുമായും രാമുദായും ഉപയോഗിക്കുന്ന മുറിയില്‍, മുഖക്കണ്ണാടി തൂക്കിയിട്ടതിനു സമീപമുള്ള ജനല്‍ദ്വാരത്തിലൂടെ അച്ഛന്‍െറ മുറിയിലേക്ക് ഒളിഞ്ഞുനോക്കി. ഒരു മെഴുകു പ്രതിമപോലെ വിളറി വെളുത്തുനിന്ന നീഹാരികയെ അവര്‍ നിലത്തിറക്കുന്നതും ജാത്രയിലെന്നതുപോലെ അമ്മ നിലവിളിയോടെ അവള്‍ക്കുമേല്‍ വീഴാനായുന്നതും അച്ഛന്‍ ഇടതുകൈകൊണ്ട് അമ്മയെ തടുക്കുന്നതും ഞാന്‍ കണ്ടു.  പില്‍ക്കാലത്ത്, ഒമ്പതു ദിവസം കടുംമഞ്ഞ ഹാരങ്ങള്‍കൊണ്ടലങ്കരിച്ചു പൂജിക്കുന്ന ദുര്‍ഗാപ്രതിമകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യപ്പെടുമ്പോള്‍, സിംഹങ്ങള്‍ക്കും പുഷ്പങ്ങള്‍ക്കുംമേല്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ചിരിക്കുന്ന ദേവതമാര്‍ അതേ പോസില്‍ ഗംഗയിലെ ചളിവെള്ളത്തിലേക്കു പതിക്കുന്നത് എന്നെ അസ്വസ്ഥയാക്കിയത് അവ നീഹാരികയുടെ വടിപോലെയായിത്തീര്‍ന്ന ശരീരത്തെ ഓര്‍മിപ്പിച്ചതുകൊണ്ടാണ്.  പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് തിരിച്ചെത്തിയ അവള്‍ക്ക്  നാരായണ്‍ദാ തന്‍െറ കടയില്‍നിന്ന് മുളയില്‍ത്തീര്‍ത്ത ഏറ്റവും നല്ല മഞ്ചവും  ഗംഗാധര്‍ദാ ഏറ്റവും ഉണങ്ങിയ വിറകുകൊള്ളികളും ഹരിദാ പുഷ്പങ്ങളും സമ്മാനിച്ചു. ഥാക്കുമായുടെ നേതൃത്വത്തില്‍ പെണ്ണുങ്ങള്‍ ഗംഗയില്‍നിന്ന് കോരിക്കൊണ്ടുവന്ന വെള്ളത്തില്‍ അവളെ കുളിപ്പിച്ച് വിവാഹസാരി അണിയിച്ചു.  ഹേമന്ത്ദാ തന്‍െറ  കാളീക്ഷേത്രത്തില്‍നിന്നുകൊണ്ടുവന്ന ചോരച്ചുവപ്പുള്ള സിന്ദൂര്‍കൊണ്ട് ഥാക്കുമാ അവളുടെ നെറ്റിയില്‍ പൊട്ടുതൊടുവിച്ചു. ഞാന്‍ മൂക്കില്‍ കൈയിട്ടു നോക്കിനില്‍ക്കെ ഥാക്കുമാ സിന്ദൂര്‍ വെള്ളത്തില്‍ ചാലിച്ച് അള്‍ട്ടാ ആക്കി മാറ്റി  അവളുടെ പാദങ്ങളിലും ശ്രദ്ധാപൂര്‍വം അണിയിച്ചു. ചുവന്നു കൊഴുത്ത രക്തത്തില്‍ ചവിട്ടിയതുപോലെ അവളുടെ കാല്‍വെള്ളകള്‍ ചുവന്നു.
സഞ്ജീവ് കുമാര്‍ മിത്രയോടൊപ്പം സ്ട്രാന്‍ഡ് റോഡില്‍ ഞങ്ങളുടെ വീടിനു മുന്നിലുള്ള ടി ആകൃതിയിലുള്ള ജങ്ഷനില്‍ ടാക്സിയില്‍ ഇറങ്ങുമ്പോള്‍ വഴി വിലങ്ങിക്കിടന്ന വെള്ളിയില്‍ തീര്‍ത്ത ശവവണ്ടിയില്‍ പുറത്തേക്കുന്തിനിന്ന പാദങ്ങള്‍ കണ്ടപ്പോള്‍ത്തന്നെ അതൊരു സ്ത്രീയാണെന്ന് വ്യക്തമായിരുന്നു. എന്‍െറ മനസ്സ് ശൂന്യമായി. മരണം, ചിലപ്പോഴൊക്കെ സഞ്ജീവ് കുമാര്‍ മിത്ര ചെയ്യുന്നതുപോലെ എന്‍െറ കൈയില്‍ കോര്‍ത്തു മുറുകെ പിടിച്ചു കഴിഞ്ഞിരുന്നു. വിരല്‍ത്തുമ്പുകളില്‍ തണുത്തുറഞ്ഞ ഇരുമ്പുകട്ടികള്‍ തൂങ്ങിക്കിടക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. യതീന്ദ്രനാഥ ബാനര്‍ജിയെ തൂക്കിലേറ്റിയാല്‍ അയാളുടെ മരവിച്ച ശരീരം ഞാന്‍ മരിക്കുവോളം എന്‍െറ വിരല്‍ത്തുമ്പുകളില്‍ തൂങ്ങിയാടുമെന്ന് ഞാന്‍ ഭയപ്പെട്ടു. വീടിനു മുന്നിലേക്കു നടക്കുമ്പോള്‍ തെരുവുവിളക്കിന്‍െറ മഞ്ഞവെളിച്ചത്തില്‍  സ്വര്‍ണവിഗ്രഹംപോലെ  പ്രകാശിച്ച ആ സ്ത്രീയെ ഞാന്‍ സൂക്ഷിച്ചുനോക്കി. വെളുത്ത ഡാലിയപ്പൂക്കള്‍ക്കിടയില്‍ മറ്റൊരു പുഷ്പംപോലെയുണ്ടായിരുന്നു അവരുടെ സുന്ദരമുഖം.  അവരുടെ നെറ്റിയിലും വലിയ കുങ്കുമപ്പൊട്ടുണ്ടായിരുന്നു. അവരുടെ കാല്‍വെള്ളകളും രക്തത്തില്‍ ചവിട്ടിയതുപോലെ ചുവന്നിരുന്നു. വെള്ളവസ്ത്രങ്ങള്‍ ധരിച്ച് വണ്ടിയുടെ മുന്നില്‍ അന്യമനസ്കനായി നില്‍ക്കുന്ന മധ്യവയസ്കന്‍  അവരുടെ ഭര്‍ത്താവാണെന്ന് ഞാന്‍ ഊഹിച്ചു. വണ്ടികളുടെ തിരക്ക് ഒഴിഞ്ഞ് രജിസ്ട്രേഷന്‍ ഓഫിസില്‍ ക്യൂനിന്നു രസീത് വാങ്ങി കാര്‍മികനോടു വിലപേശി തുക നിശ്ചയിച്ച് ചിതകളില്‍നിന്നുള്ള ചാരം പറന്നുവീണ് കറുത്തുപോയ പടിക്കെട്ടുകളിറങ്ങി ഗംഗയുടെ തീരത്തെ പുഷ്പങ്ങളും വൈക്കോലും അഴുകിച്ചേര്‍ന്ന് കറുത്തു കുഴഞ്ഞ ചളിയില്‍ കുന്തിച്ചിരുന്ന് അദ്ദേഹം ഭാര്യക്കുവേണ്ടി തര്‍പ്പണം ചെയ്യുന്നതിനു ഞാന്‍ മനക്കണ്ണാല്‍ സാക്ഷ്യംവഹിച്ചു.
‘‘കണ്ടില്ലേ, ഈച്ചയാര്‍ക്കുന്നതുപോലെ ആളു കൂടിക്കഴിഞ്ഞു...’’
ഞങ്ങളുടെ ചായപ്പീടികയുടെ മുന്നില്‍ റോഡില്‍ കാമറകള്‍ ചുമലിലും കൈയിലും പിടിച്ച യുവാക്കളെ ഇരുട്ടിലും തിരിച്ചറിഞ്ഞ് സഞ്ജീവ് കുമാര്‍ മിത്ര ക്ഷോഭിച്ചു.
‘‘നിന്‍െറ ബാബായോടു പറ, ലോകത്ത് പണത്തെക്കാള്‍ വിലപിടിച്ച ചിലതു വേറെയുണ്ടെന്ന്...’’
‘‘ബാബായെ പഠിപ്പിക്കാന്‍ ഞാനാരുമല്ല...’’
നിസ്സംഗതയോടെ ഞാന്‍ മറുപടി  പറഞ്ഞു. ഞങ്ങള്‍  വീടിനു മുന്നിലെത്തിയപ്പോള്‍ എന്നെ ഉന്നംവെച്ച് രണ്ടു പത്രപ്രവര്‍ത്തകര്‍ കൂട്ടം വിട്ട് സഞ്ജീവ് കുമാര്‍ മിത്രയെ അഭിവാദ്യം ചെയ്യാനെന്ന മട്ടില്‍ അടുത്തേക്കുവന്നു. സഞ്ജീവ് കുമാര്‍ മിത്ര കൈയുയര്‍ത്തി പ്രത്യഭിവാദ്യം ചെയ്തു.
‘‘നീ അകത്തുപോ, ചേതനാ... കരാര്‍ മറക്കണ്ട...’’
എനിക്കു മാത്രം കേള്‍ക്കാവുന്നതുപോലെ അയാള്‍ ചുണ്ടുകള്‍ക്കിടയിലൂടെ മന്ത്രിച്ചു. പിന്നീട് അടുത്തുവന്ന  പത്രക്കാരന്‍െറ കൈയില്‍പിടിച്ചു കുലുക്കി.
‘‘ഹായ്, ജിതന്‍ദാ, എന്തുണ്ടു വിശേഷം?’’
‘‘സഞ്ജീവ് ബാബൂ, എത്ര നാളായി കണ്ടിട്ട്? എന്തൊക്കെയാണ് വാര്‍ത്തകള്‍?’’
‘‘ഓ...ഇങ്ങനെയൊക്കെ കഴിഞ്ഞുപോകുന്നു...എപ്പഴെത്തി? എന്താ വിശേഷം? ഗൃദ്ധാദാ എന്തു പറയുന്നു?’’
‘‘കെളവന്‍! അറിഞ്ഞൂടേ, വിലപേശുകയാണ്...’’
‘‘ഇന്നും കൂടി കഴിഞ്ഞാല്‍ പിന്നെ ആരോടു വിലപേശും?’’
‘‘ഗവണ്‍മെന്‍റിന്‍െറ കൈയില്‍നിന്ന് കുറച്ചുകൂടി പണം പിടുങ്ങാനുള്ള ശ്രമം പാഴായി...ഇന്നലെ കെളവന്‍ റൈറ്റേഴ്സ് ബില്‍ഡിങ്ങിലും പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലും പോയി ആളുകളുടെ കാലുപിടിക്കുകയായിരുന്നു. അവസാനം ഡി.ജി.പി അഞ്ഞൂറു രൂപ കൂട്ടിക്കൊടുക്കാമെന്നു സമ്മതിച്ചു...’’
‘‘ശ്ശെ. തന്തയെ മാറ്റി മകളെക്കൊണ്ടു ചെയ്യിച്ചാല്‍ മതിയെന്ന് ഞാന്‍ അയാളോടു പറഞ്ഞതാണ്... വിവരമില്ലാത്ത കഴുത...!’’
സഞ്ജീവ് കുമാര്‍ മിത്ര പല്ലുഞെരിച്ചുകൊണ്ടാണ് സംസാരിക്കുന്നത് എന്ന് തിരിഞ്ഞുനോക്കാതെതന്നെ  വ്യക്തമായിരുന്നു. അയാളുടെ ശബ്ദത്തിലെ ദയവില്ലായ്മ പഴയ വേദനകളെ തൊട്ടുണര്‍ത്തി. വാസ്തവത്തില്‍ അയാള്‍ എന്നെ സ്നേഹിക്കുന്നതേയില്ലെന്ന് എനിക്ക് വീണ്ടും ബോധ്യംവന്നു. അയാളുടെ കരുതലും അലിവും പച്ചക്കണ്ണുകളില്‍ ചില നേരത്തൊക്കെ മിന്നിനില്‍ക്കുന്നതെന്ന് ഞാന്‍ വിഭ്രമിക്കാറുള്ള പ്രണയവും വെറും അഭിനയമാണെന്ന് ഹൃദയം എന്നെ കുറ്റപ്പെടുത്തി. തിളയ്ക്കുന്ന ഹൃദയത്തെ അടക്കിപ്പിടിച്ച് ഞാന്‍ മ്ളാനതയോടെ വീട്ടിലേക്കു നീങ്ങി.  സൗജന്യ ഭക്ഷണത്തിന് കാത്തുനില്‍ക്കുന്ന പട്ടിണിപ്പാവങ്ങളുടെ ക്യൂ മുറിച്ചുകടന്ന് സലൂണിന്‍െറ ഓരംചേര്‍ന്ന്  വീട്ടിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന്  പാദങ്ങളില്‍ ആയിരം സൂചിമുനകളാഴ്ന്ന വേദന അനുഭവപ്പെട്ട് ഞാന്‍ ചാടിത്തുള്ളി. സലൂണിന്‍െറ മുന്നിലെ ബള്‍ബിന്‍െറ വെട്ടം അരണ്ടതായിരുന്നു. എന്നിട്ടും അധികം പ്രയാസപ്പെടാതെ ഉറുമ്പരിക്കുന്ന വലിയൊരു മത്സ്യത്തല കണ്ണില്‍ത്തടഞ്ഞു. ദയാരഹിതരായ  ശവംതീനി ഉറുമ്പുകളുടെ ശക്തമായ വ്യൂഹം മുറ്റത്ത് രൂപപ്പെട്ടിരുന്നു.   കാലു തിരുമ്മി വല്ലപാടും അകത്തേക്കു ചെല്ലുമ്പോള്‍    യൂറോകപ്പ് കണ്ടുകൊണ്ട് കിടക്കുകയായിരുന്ന രാമുദാ എന്നെ പരിഭവത്തോടെ നിരീക്ഷിച്ചു. വസ്ത്രം മാറി അടുക്കളയില്‍പോയി വെള്ളം കുടിച്ച് തിരിച്ചിറങ്ങുമ്പോള്‍ സഞ്ജീവ് കുമാര്‍ കൊടുങ്കാറ്റുപോലെ കടന്നുവന്നു.
‘‘ചേതനാ, ദിസ് ഈസ് ചീറ്റിങ്. നാളെ ഏതോ സിനിമക്കാര്‍ വന്ന് നിന്‍െറ തന്തയെ ഷൂട്ട് ചെയ്യാന്‍ പോകുന്നു...!’’
അയാളുടെ മുഖത്തേക്കു നോക്കാന്‍പോലും നൊന്തു വിങ്ങുന്ന ഹൃദയം എന്നെ അനുവദിച്ചില്ല. ശക്തിസംഭരിക്കാന്‍ ശ്രമിക്കുമ്പോള്‍ സഞ്ജീവ് കുമാര്‍ എന്‍െറ പിന്നാലെ വന്നു.
‘‘നാളെ രാവിലെ ആറു മുതല്‍ തൂക്കിക്കൊലവരെയുള്ള സമയം അവര്‍ക്കു വിറ്റുകഴിഞ്ഞു! ഞാനല്ലേ ആദ്യം അത് ആ മനുഷ്യനോട് ആവശ്യപ്പെട്ടത്. അതും എത്രയോ ദിവസങ്ങള്‍ക്കു മുമ്പേ? എന്നിട്ട് അവസാന നിമിഷം ഇങ്ങനെയൊരു കൊടുംചതി എന്നോടു ചെയ്യരുതായിരുന്നു...’’
ഥാക്കുമായുടെ ആടുന്ന കയര്‍ക്കട്ടിലില്‍ ആരും ആവശ്യപ്പെടാതെതന്നെ ഇരുന്നുകൊണ്ടു അയാള്‍ ക്ഷോഭത്തോടെ ശബ്ദമുയര്‍ത്തി.
‘‘നോ...ഞാനതു സമ്മതിക്കില്ല...ഇത് എന്‍െറ പദ്ധതിയായിരുന്നു. നിന്‍െറ ബാബാ എന്നെ ഒറ്റിക്കൊടുത്തു. നിന്നെ വിവാഹം കഴിക്കാന്‍ പോകുന്നയാളാണെന്ന പരിഗണനപോലും എനിക്ക് ആ മനുഷ്യന്‍ തന്നില്ല. എന്‍െറ കരിയര്‍, റെപ്യൂട്ടേഷന്‍ എല്ലാം പോയി. നോക്ക്,  രാവിലെ ഞാനും വരും കാമറയുമായി. ആ സമയത്ത് നിന്‍െറ തന്ത കൂടുതല്‍ കളിച്ചാലുണ്ടല്ലോ...?’’
ഞാന്‍ ചോദ്യഭാവത്തില്‍ നോക്കിയപ്പോള്‍ അയാള്‍ ചാടിയെഴുന്നേറ്റു.
‘‘എങ്കില്‍ ഞാന്‍ അയാളെ കളി പഠിപ്പിക്കും...’’
അയാളുടെ ശബ്ദത്തില്‍ ഭീഷണി കലര്‍ന്നു. ഞാന്‍ തലചരിച്ച് രാമുദായെ നോക്കി. രാമുദാ അയാളെയും എന്നെയും മാറിമാറി നോക്കി കിടക്കുകയായിരുന്നു. പുറത്തിറങ്ങിയശേഷം അയാള്‍ എന്നെ വീണ്ടും അടുത്തേക്കു വിളിച്ചു.
‘‘ഇന്നലെ ആ ജ്വല്ലറിയില്‍ ഞാന്‍ വീണ്ടും പോയിരുന്നു. അവരുടെ വൈരക്കമ്മല്‍ മോഷണംപോയത് അവര്‍ കണ്ടുപിടിച്ചിട്ടുണ്ട്...’’
ഞാന്‍ മനസ്സിലാകാതെ അയാളെ നോക്കി.
‘‘നമ്മള്‍ ചെന്ന ദിവസമായിരുന്നു മോഷണം എന്നും അവര്‍ മനസ്സിലാക്കി. നമ്മളായിരുന്നു അന്നത്തെ അവസാനത്തെ കസ്റ്റമേഴ്സ്...’’
അയാള്‍ നമ്മള്‍ എന്ന പദം ഉപയോഗിച്ചവിധം എന്നെ അലോസരപ്പെടുത്തി.
‘‘അവര്‍ക്ക് നിന്നെയാണ് സംശയം...’’
ഞാന്‍ ഒരു ഞെട്ടലോടെ അയാളെ നോക്കി.
‘‘നമ്മള്‍ രണ്ടു പേരില്‍ ഒരു മോഷണം നടത്തേണ്ട ആവശ്യം അവരുടെ നോട്ടത്തില്‍ എനിക്കില്ലല്ലോ...’’
എന്‍െറ രക്തം തിളച്ചു. എന്‍െറ കണ്ണുകളില്‍ ക്ഷോഭത്തിന്‍െറ കണ്ണുനീര്‍ പുകഞ്ഞു.
‘‘നിങ്ങളെന്തിനാണ് വീണ്ടും ആ കടയില്‍ പോയത്?’’
അയാള്‍ ഉറക്കെ ചിരിച്ചു.
‘‘സംവിധായകന്‍ സ്വന്തം സിനിമ കാണാന്‍ തിയറ്ററില്‍ പോകുന്നതുപോലെയാണ് അത്...’’
‘‘എനിക്കറിയാമായിരുന്നു, നിങ്ങള്‍ അന്ന് ആ നാടകം കളിച്ചത് എന്നെ കുടുക്കാന്‍വേണ്ടിത്തന്നെയാണെന്ന്...’’
നിറഞ്ഞ കണ്ണുകളോടെ ഞാന്‍ അയാളെ കോപത്തോടെ നോക്കി.
‘‘പിന്നെന്തിനാണ് നീ എന്‍െറ കൂടെ വന്നത്?’’
ഞാന്‍ ഉത്തരംമുട്ടി അയാളെ തറപ്പിച്ചു നോക്കി. പക്ഷേ, അയാള്‍ യാത്രയായിക്കഴിഞ്ഞ് മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ എനിക്ക് കണ്ണില്‍ക്കണ്ടതെല്ലാം തച്ചുതകര്‍ക്കാന്‍ തോന്നി. അന്ന് അയാള്‍ വാക്കുകൊണ്ടും സ്പര്‍ശംകൊണ്ടും വേദനിപ്പിച്ചിട്ടുള്ളതൊക്കെ ഇപ്പോള്‍ നിസ്സാരമായി അനുഭവപ്പെട്ടു. അന്ന് ആ വേദനകള്‍ അനുഭവിക്കാന്‍ കുറച്ചുകൂടി എളുപ്പമായിരുന്നു. പക്ഷേ, ഇപ്പോള്‍ കുടുക്ക് എത്രയോ മുറുകിപ്പോയി.
‘‘നിനക്കെന്താ അയാളെ പേടിയോ?’’
 എന്‍െറ  മ്ളാനമായ മുഖത്തുനോക്കി രാമുദാ ഇഷ്ടക്കേടോടെ അന്വേഷിച്ചു.
‘‘ ബാബായല്ലേ കരാര്‍ ലംഘിച്ചത്?’’
‘‘ബാബാ കരാര്‍ ലംഘിച്ചെങ്കില്‍ അതു നേര്‍ക്കുനേരെ പറഞ്ഞു തീര്‍ക്കണം. അല്ലാതെ നിന്നോടു കുരച്ചുചാടുകയല്ല വേണ്ടത്. നീയാരാ അയാളുടെ ഭാര്യയോ? അല്ലെങ്കില്‍ എന്തു കരാര്‍? നിനക്ക് നാക്കെടുത്ത് അയാളോട് ഇറങ്ങിപ്പോ ശവമേ എന്നു പറയാമായിരുന്നില്ലേ?’’
എന്‍െറ മുഖം വാടി.
‘‘ ചേതൂദീ, അവന്‍ മഹാ കള്ളനാണ്. അവനെ എനിക്കു തീരെ വിശ്വാസമില്ല. അവന്‍ നിന്നെ ഒരിക്കലും വിവാഹം കഴിക്കുകയില്ല. എനിക്ക് അതുറപ്പാണ്...’’
അപ്പോള്‍ പൊട്ടിപ്പുറപ്പെട്ട ഒരു ചുമയില്‍ രാമുദായുടെ ക്ഷോഭം ചിതറിത്തെറിച്ചു. ഞാന്‍ അടുത്തുചെന്നിരുന്ന് നെഞ്ചു തിരുമ്മിയപ്പോള്‍ പണിപ്പെട്ടു ചുമയടക്കി നിറകണ്ണുകളോടെ അദ്ദേഹം പ്രവചിച്ചു.
‘‘അവസാനം നീ കരയേണ്ടി വരും, ചേതൂദീ...’’
ആ വാക്കുകളിലെ വേദന എന്നെ പിടിച്ചുലച്ചു. തീരെ സന്തോഷകരമല്ലാത്ത രാത്രിയായിരുന്നു അത്. ശരീരംകൊണ്ടും മനസ്സു കൊണ്ടും ഞാന്‍ തകര്‍ന്നിരുന്നു. വീട്ടില്‍ അച്ഛനുചുറ്റും ഒരുതരം ആഘോഷഭാവം തങ്ങിനിന്നു. രാമുദാ ടി.വി കാണാന്‍പോലും തയാറാകാതെ മച്ചില്‍ത്തന്നെ മിഴിനട്ട് നിശ്ശബ്ദനായി കിടന്നു. ഘാട്ടിനു പരിസരത്ത് അലഞ്ഞുതിരിഞ്ഞ് ക്ഷീണിച്ചുകയറി വന്ന ഥാക്കുമാ കാലുവേദനിക്കുന്നു എന്നു പരാതിപ്പെട്ടു. ജീവന്‍ നഷ്ടപ്പെടുന്നയാളുടെ ശാപം കുടുംബത്തെ നശിപ്പിക്കും എന്നു മുറുമുറുത്തുകൊണ്ട് അമ്മ നിര്‍ത്താതെ ചായ കൂട്ടി.  സൂദേവ് ദാ അച്ഛനെ ചുറ്റിപ്പറ്റി എല്ലാ ഫോട്ടോകളിലും മുഖം വരുമെന്ന് തീര്‍ച്ചപ്പെടുത്താന്‍ യത്നിച്ചു. വീടിന് എതിരെയുള്ള ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ചരക്കുകയറ്റിവന്ന ലോറികളുടെ അന്യദേശക്കാരായ ഡ്രൈവര്‍മാര്‍ പതിവുപോലെ സോനാഗച്ചിയിലേക്കു പുറപ്പെടാതെ ഞങ്ങളുടെ വീട്ടിലെ പൂരം കണ്ടുകൊണ്ടുനിന്നു. രാവേറെ വൈകി പത്രക്കാര്‍ പിരിഞ്ഞുപോയപ്പോള്‍ കാലുറയ്ക്കാതെ അച്ഛന്‍ ഞങ്ങളുടെ മുറിയിലേക്കു വന്നു.
‘‘ആറു മണിക്ക് ആ സിനിമക്കാര്‍ വരും...രാവിലെ തൊട്ട് നമ്മള്‍ പൂജ നടത്തി ഇറങ്ങുന്നതുവരെ അവന്മാര്‍ ഷൂട്ട് ചെയ്യും... കാമറ ദാ, അവിടെ എന്‍െറ മുറിയിലും പുറത്ത് ചായപ്പീടികയിലും ഓരോന്നുവെക്കും. വീടിനകത്ത് ഷൂട്ടിങ് പാടില്ലെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആരെങ്കിലും അകത്തേക്കു വന്നാല്‍ അപ്പോള്‍ത്തന്നെ ഓടിച്ചു വിട്ടോളണം...’’
പാതിയുറങ്ങിയ രാമുദാ ഞെട്ടിയുണര്‍ന്ന് ഥാക്കുമായുടെ കാലു തിരുമ്മിക്കൊടുക്കുകയായിരുന്ന എന്നെ തറച്ചുനോക്കി. അതു ശ്രദ്ധിക്കാതെ അച്ഛന്‍ തുടര്‍ന്നു.
 നമ്മള്‍ ജയിലിനുള്ളിലേക്കു കയറുന്നതുവരെ അവര്‍ വണ്ടിയില്‍ പിറകെ വരും...എല്ലാവരും ഉള്ളതില്‍ നല്ല വസ്ത്രം ധരിച്ചു നില്‍ക്കണം. ഇല്ലെങ്കില്‍ നാണക്കേടാണ്...’’
‘‘ഇടാനുള്ള വസ്ത്രങ്ങളും അവര്‍ തരുമോ?’’
രാമുദാ അനിഷ്ടം വ്യക്തമാക്കി അന്വേഷിച്ചു.
‘‘ഇത് അത്തരം സിനിമയൊന്നുമല്ല.’’
‘‘എന്നെയും അഭിനയിപ്പിക്കുമോ ഫണീ?’’
ഥാക്കുമാ ചിരിച്ചുകൊണ്ടു ചോദിച്ചു.
‘‘ഇല്ല. ഞാനും ചേതനയും സൂദേവും...വേറൊരാളും അവന്മാര്‍ പോകുന്നതുവരെ പുറത്തുവന്നേക്കരുത്...നിന്‍െറ തള്ളയോടും കാക്കിമായോടും പറഞ്ഞേക്ക്...’’
‘‘ഇല്ല, ഞാനില്ല...’’
ഞാന്‍ പെട്ടെന്ന് എഴുന്നേറ്റ് അച്ഛനെ അഭിമുഖീകരിച്ചു.
‘‘എനിക്കു മതിയായി ഈ നാടകം...’’
എന്‍െറ ശബ്ദം വിചാരിച്ചതിലും ഉയര്‍ന്നു. അച്ഛന്‍ ചുവന്ന കണ്ണുകളുരുട്ടി എന്നെ തറപ്പിച്ചുനോക്കി.
‘‘സ്വന്തം അച്ഛനെ ധിക്കരിക്കാന്‍മാത്രം നീ അഹങ്കാരിയായി, അല്ലേ? ങ്ഹും, ഞാനൊരിക്കലും എന്‍െറ അച്ഛനെ ചോദ്യം ചെയ്തിട്ടില്ല. അച്ഛന്‍ എന്നാല്‍ ലോകത്തിന്‍െറ പിതാവായ ഭഗവാന്‍ മഹാദേവനാണ്. സ്വന്തം അച്ഛനെ ബഹുമാനിക്കാത്തവര്‍ക്കാര്‍ക്കും ദൈവം മാപ്പു കൊടുക്കുകയില്ല...’’
‘‘വാക്കു തെറ്റിക്കുന്നവര്‍ക്ക് ദൈവം മാപ്പു കൊടുക്കുകയില്ലെന്ന് പണ്ട് അച്ഛന്‍തന്നെ പറഞ്ഞിട്ടുണ്ട്.’’
ഞാന്‍ വീണ്ടും ശബ്ദമുയര്‍ത്തി. അച്ഛന്‍ എന്നെ അരിശത്തോടെ നോക്കി.
‘‘സ്വന്തം അച്ഛനെ വിലകുറച്ചു കാണിച്ചാല്‍ അതു നീ നിന്നെത്തന്നെ വിലകുറച്ചു കാണിക്കുന്നതിനു തുല്യമാണ്, ചേതൂദീ...’’
‘‘എന്‍െറ വില ഉയരുമ്പോള്‍ അച്ഛന്‍െറ അന്തസ്സാണ് വര്‍ധിക്കുന്നത്...’’
ഞാന്‍ പറഞ്ഞു. അച്ഛന്‍ ഒന്നു ഞെട്ടി. പിന്നെ എന്നെ തുറിച്ചുനോക്കി. എന്തോ ആലോചിച്ച് മീശതടവി മടിക്കുത്തില്‍നിന്ന് ഒരു സിഗരറ്റെടുത്തു കത്തിച്ചുകൊണ്ട് അസ്വസ്ഥതയോടെ അകത്തേക്കുപോയി. പിന്നീട് തിരിച്ചുവന്നു.
‘‘ങ്ഹാ...നീ പറഞ്ഞതില്‍ കാര്യമുണ്ട്...’’
അച്ഛന്‍ ചുവന്ന കണ്ണുകളോടെ എന്നെ തറപ്പിച്ചുനോക്കി.
‘‘നമ്മളെന്തിനാണ് മറ്റുള്ളവരെ പിണക്കുന്നത്? സിനിമാക്കാര്‍ തേടിവന്നത് എന്നെയാണ്. ഞാന്‍ അവര്‍ക്ക് എന്നെ കൊടുക്കുന്നു. ആ ചെക്കന്‍െറ ചാനലിന് ആവശ്യം നിന്നെയാണ്. അവര്‍ക്കു നിന്നെ കൊടുക്കാം. വരുമാനം രണ്ടായി കിട്ടുന്നതാണ് നമുക്കു ലാഭം...’’
എനിക്ക് ചിരിയും കരച്ചിലും വന്നു. എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. ഥാക്കുമാ മയക്കത്തിലേക്കുവീണുകഴിഞ്ഞും ഞാന്‍ അതേ ഇരിപ്പ് ഇരുന്നു. എന്‍െറ രക്തസമ്മര്‍ദം അധികരിക്കുകയായിരുന്നു. ഭൂമിയില്‍നിന്നുയര്‍ന്ന് ഇത്രയും നാള്‍ ഊഞ്ഞാലാടുകയായിരുന്നു ജീവിതം. പൊടുന്നനെയൊരു നിമിഷം ഊഞ്ഞാല്‍ക്കയര്‍ പൊട്ടി എല്ലാം  നിലത്തു വീണ് ചിതറിയിരിക്കുന്നു. ഒരു മാസവും ആറു ദിവസവുംകൊണ്ട് പഴയ ചേതന ഗൃദ്ധാമല്ലിക് മറ്റൊരാളായി വാര്‍ത്തെടുക്കപ്പെട്ടു. മുറുകെപ്പിടിച്ചാല്‍ ഒടിഞ്ഞുപോകുന്ന മുളന്തട്ടില്‍ വൈക്കോലിനുമേല്‍ ചളി തേച്ചുപിടിപ്പിച്ച് പെയിന്‍റ് പൂശി ആടയാഭരണങ്ങള്‍ അണിയിച്ചൊരുക്കിയ പ്രതിമപോലെതന്നെ, ഞാനും സിംഹത്തിനുമേല്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് എട്ടു കൈകളും ചിറകുകള്‍പോലെ വിടര്‍ത്തി സര്‍വശക്തയെന്നമട്ടില്‍ അന്തസ്സോടെ നട്ടെല്ലുയര്‍ത്തി ഇരിക്കുന്നു. ഇതേ പോസില്‍ നാളെ അവരെന്നെ ഗംഗയിലേക്ക് വലിച്ചെറിഞ്ഞ് പാപപരിഹാരം തേടും. ബലിതര്‍പ്പണത്തിന്‍െറ ഇലയും പൂവും എള്ളും അരിയും പൊന്തിക്കിടക്കുന്ന, ബലിയര്‍പ്പിക്കപ്പെട്ട മൃഗത്തിന്‍െറ ദുസ്സഹ ഗന്ധമുള്ള വെള്ളത്തിന്‍െറ, ആഴത്തിലെ കറുത്ത ചളിയിലേക്ക് ഉയര്‍ത്തിപ്പിടിച്ച എട്ടു കൈകളുമായി ദൈന്യതയോടെ ഞാന്‍ ആഴ്ന്നുപോകും. ഓളങ്ങള്‍ എന്‍െറ പുറന്തോട് സാവധാനം നുണഞ്ഞ് അലിയിക്കും. ഉള്ളിലുള്ള വൈക്കോല്‍ നനഞ്ഞു ചീഞ്ഞ് ഏതു  ചളിയില്‍നിന്ന് ഞാന്‍ മെനഞ്ഞെടുക്കപ്പെട്ടോ അതിന്‍െറ കൊഴുപ്പിലേക്ക് വീണ്ടും സമര്‍പ്പിക്കപ്പെടും.
രാവിലെ ഞാനുണര്‍ന്നത് പൊലീസുകാര്‍ കാവലിനെത്തിയ വിശേഷം ഥാക്കുമായില്‍ കേട്ടുകൊണ്ടാണ്. ഥാക്കുമാ ഉന്മേഷഭരിതയായിരുന്നു. ഏറെക്കാലംകൂടി അച്ഛനും സൂദേവ് കാക്കുവിനും  കുലത്തൊഴില്‍ അനുഷ്ഠിക്കാന്‍  ഭഗവാന്‍ മഹാദേവനും മാ കാളിയും അവസരം കൊടുത്തതിന് അവര്‍ക്ക് വീണ്ടും വീണ്ടും നന്ദി പറഞ്ഞുകൊണ്ടിരുന്നു, ഥാക്കുമാ. മുമ്പൊക്കെ കാവല്‍നില്‍ക്കാന്‍ പൊലീസുകാരെത്തുമ്പോള്‍ എനിക്കും അഭിമാനം അനുഭവപ്പെട്ടിരുന്നു. ഞങ്ങള്‍ മറ്റുള്ളവരെക്കാള്‍ ഉത്കൃഷ്ടരാണെന്ന തോന്നല്‍ അതുണ്ടാക്കി. ഒരാളുടെ ജീവന്‍ നശിപ്പിക്കാനുള്ള   ഗവണ്‍മെന്‍റിന്‍െറ തീരുമാനം പാലിക്കാന്‍ നിയുക്തനായ അച്ഛന്‍െറ ജീവന്‍രക്ഷിക്കാന്‍ ഗവണ്‍മെന്‍റിനാല്‍തന്നെ നിയുക്തരായ പൊലീസുകാര്‍ കണ്ണുചിമ്മാതെ കാവല്‍നില്‍ക്കുന്നതിന്‍െറ സങ്കീര്‍ണത പിന്നീടാണ് എന്നെ അലട്ടിയത്. ജനാധിപത്യത്തിന്‍െറ  നടപടിക്രമങ്ങളില്‍ ഇത്തരം അസംബന്ധങ്ങള്‍ ധാരാളമുണ്ടെന്ന് ബോധ്യപ്പെട്ടതോടെ എനിക്ക് അന്തസ്സും അലട്ടലും നഷ്ടപ്പെട്ടു.
പിറ്റേന്ന് സിനിമാസംഘം  അച്ഛന്‍െറ മുറിയില്‍ അദ്ദേഹത്തിന്‍െറ പുരാതനമായ കീര്‍ത്തിമോഹത്തിന്‍െറ ചില്ലിട്ടുവെച്ച അവശേഷങ്ങള്‍ സാക്ഷിനിര്‍ത്തി ഷൂട്ടിങ് ആരംഭിച്ചു. ഞാന്‍ ഞങ്ങളുടെ ചെറിയ മുറിയില്‍ രാമുദായുടെ അരികില്‍ വെറുതെ ഇരുന്നു. അച്ഛന്‍ അദ്ദേഹത്തിന്‍െറ ഏകാഭിനയത്തില്‍ ശോഭിച്ചു. അദ്ദേഹം നാടകീയതയോടെ  വധശിക്ഷയുടെ നടപടിക്രമങ്ങള്‍ പകുതി വിവരിച്ചുതീര്‍ന്ന സമയത്തായിരുന്നു സഞ്ജീവ് കുമാര്‍ മിത്രയുടെ സംഘത്തിന്‍െറ വരവ്.
‘‘ഇതു ശരിയല്ല...ഞങ്ങള്‍ക്കാണ് ഷൂട്ട് ചെയ്യാനുള്ള റൈറ്റ്. അത് നേരത്തേ തന്നതാണ്...’’
അയാള്‍ ശബ്ദമുയര്‍ത്തി. സിനിമക്കാര്‍ പ്രതിഷേധിച്ചു. അവസാനം രണ്ടു കൂട്ടരും  ഒച്ചയുയര്‍ത്തി. അച്ഛന്‍  മധ്യസ്ഥതക്കു ശ്രമിച്ചു.  അങ്ങോട്ടുമിങ്ങോട്ടും പിടിവലിയായപ്പോള്‍ ഒന്നു രണ്ടു പത്രക്കാര്‍കൂടി സ്ഥലത്തെത്തി. ഞങ്ങള്‍ക്കു കാവല്‍നില്‍ക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസുകാര്‍ ഇടപെട്ടു. അച്ഛന് ടെലിവിഷനെക്കാള്‍ ആദരവ് സിനിമയോടായിരുന്നു. വളരെ പെട്ടെന്ന് ഞങ്ങളുടെ വീടിന്‍െറ പരിസരത്ത് ആള്‍ക്കൂട്ടം രൂപപ്പെട്ടു. ഒടുവില്‍ ഒത്തുതീര്‍പ്പായി. അച്ഛന്‍ ഇരിക്കുന്നതും നടക്കുന്നതും തലചൊറിയുന്നതും വിയര്‍ക്കുന്നതും തോര്‍ത്തെടുത്ത് വിയര്‍പ്പ് തുടക്കുന്നതും കാമറകള്‍ മത്സരിച്ച് ഒപ്പിയെടുക്കുന്നത് സഞ്ജീവ് കുമാര്‍ മിത്രയുടെ ചാനലില്‍ ഞങ്ങള്‍ തൊട്ടിപ്പുറത്തെ മുറിയിലിരുന്ന്  കണ്ടു. അതിനകം ആര്‍ത്തിരമ്പിയെത്തിയ പത്രക്കാരുടെ ചോദ്യങ്ങള്‍  കലപിലയായി മുഴങ്ങി.
‘‘തൂക്കിലേറ്റപ്പെടുമ്പോള്‍ പുള്ളി സാധാരണ എങ്ങനെയാണ് പ്രതികരിക്കുക?’’
‘‘ഹാ, ബാബൂ, എന്തൊരു ചോദ്യം. അത് സാധാരണക്കാര്‍ക്കു കണ്ടുനില്‍ക്കാന്‍ സാധിക്കുമോ? കിടന്നു വെട്ടിപ്പിടയുകയല്ലേ? അതാണ് പിടച്ചില്‍. മരണമെന്നു പറയുന്ന ഒരു സംഗതിയുണ്ടല്ലോ, നാനൂറ്റി അമ്പത്തൊന്നു പേരുടെ മരണം കണ്ടതില്‍നിന്ന് എനിക്ക് പറയാന്‍ സാധിക്കും, ഒരിക്കലും പുതുമ നഷ്ടപ്പെടാത്തതാണ്...’’
‘‘ഇതുവരെ കൊന്നിട്ടുള്ളതില്‍ മറക്കാന്‍ സാധിക്കാത്ത പുള്ളി ആരാണ്?’’
‘‘അത് തീര്‍ച്ചയായും സൂര്യ സെന്‍ തന്നെയാണ്. അന്ന് എന്‍െറ അച്ഛനുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തിന്‍െറ സഹായി മാത്രമായിരുന്നു. സൂര്യ സെന്നിനെ അവര്‍ തൂക്കുമരത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നപ്പോള്‍ എന്‍െറ ബാബാ ഞെട്ടിത്തരിച്ചു. ജീവിതത്തിലാദ്യമായി അദ്ദേഹത്തിന്‍െറ കൈ വിറയ്ക്കുന്നത് ഞാന്‍ നേരില്‍ക്കണ്ടു...’’
ദാദു അച്ഛന്‍െറ ചുമലില്‍പിടിച്ച് കരച്ചിലടക്കാന്‍ യത്നിച്ചു എന്ന് ഇപ്പുറത്തെ മുറിയിലിരുന്ന് ഞാന്‍ മനസ്സില്‍ പൂരിപ്പിച്ചു. സൂര്യ സെന്നിനെ കണ്ടിട്ട് അവര്‍ക്കു തിരിച്ചറിയാന്‍ സാധിച്ചില്ല. സൂര്യ സെന്നിന്‍െറ കഴുത്തില്‍ കുടുക്കിടാന്‍ തുടങ്ങിയ ദാദു പൊട്ടിക്കരഞ്ഞുകൊണ്ട് പിന്മാറി. ബ്രിട്ടീഷുകാര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ അച്ഛന്‍ ആ കൃത്യം പൂര്‍ത്തിയാക്കി എന്നാണ് ഞാന്‍ കേട്ടിരുന്നത്. അത് ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിനാലിലായിരുന്നു. അച്ഛന്‍ അന്ന് ജാത്രയും അഭിനയവും സംഗീതവും മനസ്സില്‍ക്കൊണ്ടുനടന്ന ഒരു കൗമാരക്കാരന്‍ മാത്രമായിരുന്നു.
‘‘പക്ഷേ, അത് ഏതു തൊഴിലിലും സംഭവിക്കും, ബാബൂ. നമുക്ക് ഇഷ്ടമില്ലാത്തതൊക്കെ ചെയ്യേണ്ടിവരും. പക്ഷേ, കര്‍മം ചെയ്തേ തീരൂ. ഫലം ഭഗവാന്‍ നല്‍കുന്നതാണ്...’’
അച്ഛന്‍ എരിയുന്ന സിഗരറ്റ് ചൂണ്ടുവിരലിനും നടുവിരലിനുമിടയില്‍ തൊടുത്തുവെച്ച വലതുകൈ ആകാശത്തേക്കുയര്‍ത്തി കണ്ണുകള്‍കൊണ്ട് മച്ചിന്‍മേലേക്കു നോക്കുന്നത് ഞങ്ങളുടെ ചെറിയ ടി.വിയില്‍  വ്യക്തമായി കണ്ടു. നീഹാരിക തൂങ്ങിനിന്ന ആ കമ്പി അച്ഛന്‍െറ കണ്ണുകളില്‍  പെട്ടുകാണുകയില്ലേ എന്നു ഞാന്‍ അരിശത്തോടെ ചിന്തിച്ചു. വേണ്ടെന്നുവെച്ചിട്ടും എന്‍െറ കാതുകളില്‍ അച്ഛന്‍െറ വാക്കുകള്‍ വന്നുവീണുകൊണ്ടിരുന്നു. നിര്‍മമതയോടെ ഞാന്‍ എല്ലാം കേട്ടു. ഇടക്ക് കനത്ത മഴ പെയ്തു. വീടിന്‍െറ പരിസരവും ചായക്കടയും സലൂണും ഷൂട്ട് ചെയ്തുകൊണ്ടിരുന്നവര്‍ മഴനനയാതെ ഓടി ഞങ്ങളുടെ വീട്ടിനകത്തേക്കുമെത്തി. രാമുദാ കിടക്കുന്ന മുറിയുടെ വാതില്‍ ഞാന്‍ ഭദ്രമായി അടച്ചു തഴുതിട്ട് അദ്ദേഹത്തിന് കാവലിരുന്നു. ഇടക്ക് സഞ്ജീവ് കുമാര്‍ മിത്ര വന്ന് വാതില്‍ക്കല്‍ തട്ടിവിളിച്ചെങ്കിലും ഞാന്‍ തുറന്നില്ല. വൈകീട്ട് നാലു മണിക്ക് അച്ഛന്‍െറ കുടുസ്സു മുറിയിലെ തിരക്കില്‍ വിയര്‍ത്തുകുളിച്ച് മുഖത്തെ മേക്കപ്പ് ഒലിച്ചുപോയ നിലയില്‍  സഞ്ജീവ് കുമാര്‍ മിത്ര അമ്മയുടെ സഹായത്തോടെ എന്നെ പുറത്തേക്കു വിളിപ്പിച്ചു. എന്‍െറ കണ്ണില്‍ ആദ്യം തടഞ്ഞത്  തലേന്ന് ഉറുമ്പരിച്ച മത്സ്യത്തലയുടെ അവശിഷ്ടമായിരുന്നു. കണ്ണുകളുടെ സ്ഥാനത്ത് വലിയ കുഴികളും വിടര്‍ന്ന വായുമായി അതിനുള്ളില്‍ അപ്പോഴും ഏതാനും ഉറുമ്പുകള്‍ എന്തോ പരതി.  മാംസവും രക്തവും വാര്‍ന്നുപോയിക്കഴിഞ്ഞാല്‍ മത്സ്യത്തിന്‍െറ ദുര്‍ബലമായ തലയോടിനുപോലും ഭീകരതയുണ്ടെന്നു ഞാന്‍ ശ്രദ്ധിച്ചു.
‘‘എത്ര മണിക്കാണ് നിങ്ങള്‍ ഇവിടെനിന്നു പുറപ്പെടുന്നത്?’’
മുഖവും കഴുത്തും തുടച്ചുകൊണ്ട് അയാള്‍ ചോദിച്ചു.
‘‘അച്ഛന്‍ പറഞ്ഞത് പത്തു മണി...’’
തണുത്ത ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.
‘‘ശരി...അങ്ങോട്ടു പോകുമ്പോള്‍ ഞാനൊരു മൊബൈല്‍ ഫോണ്‍ തരട്ടെ? സംഭവം നടക്കുമ്പോള്‍ നീയതൊന്നു ഷൂട്ട് ചെയ്യണം...’’
ഞാന്‍ അയാളെ തറപ്പിച്ചു നോക്കി.
‘‘ഇല്ല. ഫോണുകളോ കാമറകളോ അതിനുള്ളില്‍ അനുവദിക്കുകയില്ല...’’
‘‘പിന്നെ എന്താണു മാര്‍ഗം? അതിനടുത്ത് കെട്ടിടങ്ങളുണ്ടോ?’’  
‘‘തൊട്ടടുത്ത് ഒന്നു രണ്ടു കെട്ടിടങ്ങളുടെ വാട്ടര്‍ ടാങ്ക് കാണാം, ബാബൂ. നല്ലൊരു കാമറയുണ്ടെങ്കില്‍ അത് ഈസിയായി കിട്ടും...’’
സലൂണില്‍ വന്ന് മുഖം മിനുക്കി മുടിചീകി പുറത്തേക്കു വരുകയായിരുന്ന സൂദേവ് കാക്കു ആരും ആവശ്യപ്പെടാതെ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു. സഞ്ജീവ് കുമാര്‍ അദ്ദേഹത്തിനു നേരെ തിരിഞ്ഞു.
‘‘ ടാങ്ക് എന്നു പറഞ്ഞാല്‍ എത്ര ദൂരമുണ്ടാകും?’’
‘‘ദാ ആ ലോറി കിടക്കുന്നത്ര ദൂരം...’’
‘‘ഓ, അത്രയേയുള്ളൂ?’’
സഞ്ജീവ് കുമാര്‍ മിത്ര താല്‍പര്യത്തോടെ കണ്ണുകളാല്‍ ദൂരമളന്നു.
‘‘വധശിക്ഷ ഷൂട്ട് ചെയ്യാനോ?’’
ഞാന്‍ സാവധാനം അയാളെ നോക്കി. അയാള്‍ കണ്ണും മുഖവും ഒരിക്കല്‍ക്കൂടി തുടയ്ക്കാന്‍ കണ്ണടയൂരി. വീണ്ടും എന്‍െറ കണ്ണുകള്‍ അയാളുടെ കണ്ണുകളോടിടഞ്ഞപ്പോള്‍ അയാളുടെ മുഖത്തിന് ഒരു ശവംതീനി ഉറുമ്പിന്‍െറ ഛായയുണ്ടായിരുന്നു.
‘‘ചേതനാ, ഇനി ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കണം...അവിടെ നടക്കുന്ന ഓരോ കാര്യവും മനസ്സില്‍ കുറിച്ചുവെക്കണം. എന്നിട്ട് കൃത്യം നടന്നുകഴിഞ്ഞ ഉടനെ ഞങ്ങളുടെ സ്റ്റുഡിയോയിലേക്ക് വരണം.ജയിലിന്‍െറ മുന്‍ഗേറ്റ്വഴി വരണ്ട. ഞാന്‍ പുറത്തുവരാന്‍ മറ്റൊരു മാര്‍ഗം കണ്ടുപിടിച്ചിട്ടുണ്ട്...’’
അയാള്‍ പോക്കറ്റില്‍ കൈയിട്ട് ഏതാനും നോട്ടുകളെടുത്ത് എന്‍െറ കൈയില്‍ പിടിപ്പിച്ചു. ആ സമയത്ത് അയാളുടെ ചുണ്ടുകളും ചോരച്ചുവപ്പുള്ള ലിപ്സ്റ്റിക് ഇട്ടതുപോലെ ചുവന്നതായി എനിക്കു തോന്നി.  നോട്ടുകളിലേക്കു നോക്കിയപ്പോള്‍ നിരാശയും നഷ്ടബോധവും കാരണം എന്‍െറ കാഴ്ച മങ്ങി. അപ്പോഴാണ് അയാളുടെ ഫോണ്‍ ശബ്ദിച്ചത്.
‘‘ങ്ഹേ? എപ്പോള്‍?’’
ആകാശം ഇടിഞ്ഞുവീണെന്നു കേട്ടതുപോലെ ഒരു പ്രതികരണമായിരുന്നു അത്.
‘‘ഈശ്വരാ!’’
അയാള്‍ തലക്കു കൈവെച്ച് എല്ലാം തകര്‍ന്നവനെപ്പോലെ വിലപിച്ചു.
‘‘അതുല്‍, ജഗ്ഗൂ, പ്രൊണയ് എല്ലാം തുലഞ്ഞു...എല്ലാം തുലഞ്ഞു...’’
അയാള്‍ ഉറക്കെ നിലവിളിച്ചു. എന്താണ് സംഭവിച്ചതെന്നറിയാതെ ഞാനും സൂദേവ് കാക്കുവും നില്‍ക്കെ അയാള്‍ അച്ഛന്‍െറ മുറിയിലേക്കു പാഞ്ഞു.  ഒരു കോലാഹലം ഉയര്‍ന്നു. പത്രപ്രവര്‍ത്തകര്‍ ഉറുമ്പിന്‍കൂട് ഇളകിയതുപോലെ  തുരുതുരാ പുറത്തിറങ്ങി. ആ സമയത്ത് ഘാട്ടിലേക്കുള്ള മൃതദേഹങ്ങളുമായി മൂന്നു വണ്ടികള്‍കൂടി വന്നതോടെ വീടിന്‍െറ മുന്നില്‍ വന്‍ തിരക്കും ബഹളവുമുണ്ടായി. അതിനിടെ, ഒരു വലിയ എരുമ റെയില്‍വേക്രോസ് കടന്ന് ഓടിവന്നു. ആള്‍ക്കൂട്ടം ചിന്നിച്ചിതറിയോടി.
‘‘എന്താ? എന്താ സംഭവിച്ചത്?’’
ആരൊക്കെയോ വിളിച്ചുചോദിച്ചു. ആരോ ഒരാള്‍ എവിടെനിന്നോ അതിനു മറുപടി നല്‍കി:
‘‘വധശിക്ഷക്കു സ്റ്റേ!’’
യതീന്ദ്രനാഥ ബാനര്‍ജിയുടെ തൂക്കിക്കൊലക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, രാഷ്ട്രപതി തൂക്കിക്കൊല സ്റ്റേ ചെയ്തു. അച്ഛനെയും എന്‍െറയും ജീവന്‍ സംരക്ഷിക്കാന്‍ നിയുക്തരായ പൊലീസുകാര്‍ കൈകാല്‍ നിവര്‍ത്തി ലാത്തിവീശി ലാഘവത്തോടെ റോഡിനപ്പുറത്തേക്കു നടന്നുപോയി. അഞ്ചോ പത്തോ മിനിറ്റുകളേ വേണ്ടിവന്നുള്ളൂ.   ഞങ്ങളുടെ വീട്  തലേന്ന് ശവംതീനിയുറുമ്പുകള്‍ കാര്‍ന്നുതിന്ന് തലയോടു മാത്രമായ മത്സ്യത്തലപോലെ നിസ്സാരതയിലേക്കു വീണു. മരണത്തിന്‍െറയും പ്രണയത്തിന്‍െറയും ഈ കഥയില്‍ അടുത്ത പ്രധാന വഴിത്തിരിവ് ഇതായിരുന്നു. ആലിപ്പൂര്‍ ജയിലിലെ നിലവറക്കുഴിയിലെ ആ നിമിഷങ്ങള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി അനുഭവിച്ചു. ഒരു മാസത്തിനും ആറു ദിവസത്തിനുമിടയില്‍ പിതാവും കാമുകനും എന്നെ നയിച്ച വഴികളുടെയും സ്മരണകള്‍ എന്നെ ഉറുമ്പുകള്‍പോലെ കടിച്ചുവലിച്ചു. എനിക്ക് ഭ്രാന്തിളകി. മരണംവരെയുള്ള ദൂരം നടന്നുതീര്‍ത്ത എല്ലാ സ്ത്രീകളുടേതുമെന്നതുപോലെ എന്‍െറയും കാല്‍വെള്ളകള്‍ അള്‍ട്ടാപുരട്ടാതെതന്നെ ചുവന്നു.
( തുടരും )


നോവല്‍

മുന്‍ ലക്കങ്ങള്‍