കരുതിയിരിക്കുക, നിങ്ങളും സംശയിക്കപ്പെട്ടേക്കാം | Madhyamam Weekly
Weekly


കരുതിയിരിക്കുക, നിങ്ങളും സംശയിക്കപ്പെട്ടേക്കാം

കെ.ഇ.എന്‍

‘നവോത്ഥാനം’ മനുഷ്യവിമോചനത്തിന്‍െറ ഒരു വലിയ ചുവടുവെപ്പായിരുന്നു. മുതലാളിത്തത്തെ സാധ്യമാക്കുംവിധമുള്ള ആശയങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒരു സമാന്തരലോകമാണത് പൊതുവില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അടിമ-നാടുവാഴി വ്യവസ്ഥക്കകത്തെ ജീര്‍ണതകള്‍ക്കെതിരെ നിരന്തര സമരങ്ങള്‍ നിര്‍വഹിക്കുമ്പോള്‍തന്നെ ‘മുതലാളിത്തത്തെ’ മുറിച്ച് മുന്നോട്ട് പോകുന്ന സ്വപ്നങ്ങള്‍ കാണാന്‍ കഴിഞ്ഞതാണ് കേരളീയ കീഴാള നവോത്ഥാനത്തെ ഒരര്‍ഥത്തില്‍ വ്യത്യസ്തമാക്കുന്നത്. കീഴാളനവോത്ഥാനവും മേലാളനവോത്ഥാനവും അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നുവെന്ന വസ്തുത, സാംസ്കാരികവിശകലനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. എന്നാല്‍, പലപ്പോഴും നവോത്ഥാനമെന്ന അമൂര്‍ത്തമായ ‘പൊതുയോഗപ്രയോഗം’ അതിന്‍െറ സങ്കീര്‍ണമായ സവിശേഷതകളെ പൂഴ്ത്തിവെക്കാനുള്ള, ഒരൊളിപ്പുരയായാണ് പ്രവര്‍ത്തിച്ചുപോരുന്നത്.
കീഴ്മേല്‍ മറിയുന്നൊരുകാലത്ത് സ്വയം പിടിച്ചുനില്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ‘സവര്‍ണ നവോത്ഥാന പ്രസ്ഥാനങ്ങള്‍’ നേതൃത്വം നല്‍കിയത്. നാടുവാഴിത്ത വ്യവസ്ഥയിലെ ‘ഉടമവര്‍ഗം’ അതിനോടേറ്റുമുട്ടിയ ‘മുതലാളിത്ത’വ്യവസ്ഥയുടെ ഭാഗമായി മാറാനാഗ്രഹിച്ചതില്‍ അസ്വാഭാവികതയില്ല. നാടുവാഴിത്തവ്യവസ്ഥയുടെ തകര്‍ച്ചയില്‍ തങ്ങള്‍ക്കുണ്ടാവുന്ന നഷ്ടങ്ങളെ ലാഭങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ക്കാണവര്‍ രൂപംനല്‍കിയത്. നാടുവാഴിത്തത്തിലായാലും മുതലാളിത്തത്തിലായാലും അവരന്വേഷിച്ചത്, മറ്റുള്ളവര്‍ക്കെന്തുതന്നെ സംഭവിച്ചാലും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ‘ഭദ്രലോക’മാണ്. എന്നാല്‍, കീഴാളനവോത്ഥാനത്തിന് അവ്വിധം, സങ്കുചിതമാവാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ, രൂപംകൊണ്ട കാലത്തിന്‍െറ നിരവധി പരിമിതികള്‍ക്കിടയിലും മനുഷ്യസമൂഹത്തിന്‍െറയാകെ വിമോചനം എന്നൊരു കാഴ്ചപ്പാട് അതിന് കൈയൊഴിക്കാന്‍ കഴിയുമായിരുന്നില്ല. സവര്‍ണനവോത്ഥാനം പരിഷ്കരണപരമായിരിക്കുമ്പോള്‍, കീഴാളനവോത്ഥാനം വിപ്ളവകരമാണ്. ആദ്യത്തേത്, തങ്ങള്‍ മാത്രമായി അനുഭവിച്ച പ്രത്യേക അവകാശങ്ങളും അധികാരങ്ങളും നഷ്ടപ്പെടുമെന്ന ഭീതിയില്‍നിന്നുമാണുണ്ടായതെങ്കില്‍, രണ്ടാമത്തേത് ഒരു നവസ്വാതന്ത്ര്യബോധത്തിന്‍െറ സൃഷ്ടിയില്‍നിന്നുമാണ് ശക്തിയാര്‍ജിച്ചത്. സവര്‍ണനവോത്ഥാന പ്രസ്ഥാനത്തിലുണ്ടായ പരിമിതമായ ജനാധിപത്യവത്കരണത്തിനുപോലും അത് കടപ്പെട്ടിരിക്കുന്നത്, കീഴാള നവോത്ഥാനത്തോടാണ്. കീഴാളനവോത്ഥാനപ്രസ്ഥാനങ്ങള്‍ കേരളത്തില്‍ കരുത്താര്‍ജിച്ചിട്ടില്ലായിരുന്നെങ്കില്‍, നമ്മുടെ യോഗക്ഷേമസഭയും നായര്‍ സര്‍വിസ് സൊസൈറ്റിയും ഗുജറാത്തിലെ ‘സ്വാമി നാരായണ്‍’ പ്രസ്ഥാനത്തിന്‍െറ വെറുമൊരു കേരളപതിപ്പായി ചുരുങ്ങിപ്പോവുമായിരുന്നു. ഗുജറാത്തിലെ സമാനതകളില്ലാത്ത മുസ്ലിംവംശഹത്യക്ക് കളമൊരുക്കിയ സാംസ്കാരിക പശ്ചാത്തലത്തിനു പിറകില്‍ സ്വയം സമരോത്സുകമാകാന്‍ കഴിയാത്ത സവര്‍ണ നവോത്ഥാനപ്രസ്ഥാനത്തിന്‍െറ നിസ്സഹായതയും പരിഗണിക്കേണ്ടി വരും. മത-ജാതി അതിര്‍ത്തികള്‍ക്കപ്പുറം ‘മനുഷ്യരൊന്ന്’ എന്ന കാഴ്ചപ്പാട്, പ്രായോഗികമായി സാക്ഷാല്‍ക്കരിക്കാന്‍, ഒരു സവര്‍ണനവോത്ഥാന പ്രസ്ഥാനത്തിന്, അത് സ്വയം സവര്‍ണതയുടെ പ്രത്യയശാസ്ത്രപരിസരത്ത് നിലനില്‍ക്കുന്നിടത്തോളംകാലം സാധ്യമല്ല.
സവര്‍ണ പ്രത്യയശാസ്ത്രത്തെ ഹിന്ദുമതത്തിന്‍െറ ഭാഗമെന്ന നിലയിലല്ല, ഒരു ‘ബൃഹദ് രാഷ്ട്രീയ പദ്ധതി’ എന്ന നിലയിലാണ് ഇവിടെ പരിഗണിക്കുന്നത്. ഭൗതികവാദത്തിന്‍െറ കാഴ്ചപ്പാടില്‍ സാങ്കല്‍പിക തലത്തിലെങ്കിലും ‘സമത്വം’സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന മതകാഴ്ചപ്പാടിന്‍െറ സമ്പൂര്‍ണ നിരാസമാണ് നമ്മളിവിടെ കാണുന്നത്. അസമത്വത്തെ ആഴത്തില്‍ ദിവ്യപ്പെടുത്തുന്ന നഗ്നമായ മേല്‍ക്കോയ്മയുടെ സിദ്ധാന്തവും പ്രയോഗവുമായാണ് സവര്‍ണ പ്രത്യയശാസ്ത്രം നിലനില്‍ക്കുന്നത്. മതത്തെ സ്വന്തം താല്‍പര്യം സംരക്ഷിക്കുംവിധം അത് എന്നെന്നേക്കുമായി മരവിപ്പിച്ചുനിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ, സവര്‍ണപ്രത്യയശാസ്ത്രവിമര്‍ശത്തെ ഹിന്ദുമതവിമര്‍ശമാക്കി തീര്‍ക്കുന്നത്, സവര്‍ണപ്രത്യയശാസ്ത്രം സ്വയംരക്ഷയെ കരുതി നിര്‍വഹിക്കുന്ന ഒരു സാമര്‍ഥ്യ പ്രകടനമാണ്. കേരളീയ നവോത്ഥാനത്തെ കേവലനവോത്ഥാനമെന്ന നിലയില്‍ കാണുന്നതിനുപകരം സവര്‍ണ- അവര്‍ണ മുസ്ലിം- ക്രിസ്ത്യന്‍  വിഭാഗങ്ങളില്‍ നടന്ന നവോത്ഥാനങ്ങള്‍ എന്ന നിലയിലാണ് അപഗ്രഥിക്കേണ്ടത്.
ചൗജുകോ എന്ന ചീനക്കാരന്‍ സഞ്ചാരി ‘നമ്പി’രാജ്യം എന്ന് പഴയ കേരളത്തെ വിളിക്കുമ്പോള്‍, ഇവിടെ ബുദ്ധമതക്കാര്‍ക്കായിരുന്നു ഭൂരിപക്ഷം! എന്നിട്ടും, ചൗജുകോ ശരിയാംവിധംതന്നെ പരിഗണിച്ചത്, സംഖ്യാപരമായ ഭൂരിപക്ഷമല്ല, സാംസ്കാരിക മേല്‍ക്കോയ്മയെയാണ്. നമ്പൂതിരിമാര്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ‘സാംസ്കാരിക മേല്‍ക്കോയ്മ’ പുലര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞത്, ഭരണകൂടംവഴി നടപ്പാക്കാന്‍ കഴിഞ്ഞ ശിക്ഷകള്‍ക്കൊപ്പം; അതിഭൗതികമായ അനുഗ്രഹ/ശാപങ്ങള്‍ നിര്‍വഹിച്ചുമാണ്. ബ്രാഹ്മണശാപത്തിന് മുമ്പ് ഭരണകൂടശിക്ഷയെക്കാള്‍ ഭയം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു. നാടുവാഴിത്തവിരുദ്ധ സമരങ്ങളെ തളര്‍ത്തുന്നതിലും ജനകീയപ്രതിരോധങ്ങളെ തകര്‍ക്കുന്നതിലും ‘ശാപഭീതി’ വഹിച്ച പങ്ക് ചെറുതല്ല! നമ്പൂതിരിസമൂഹത്തിനകത്തും നമ്പൂതിരി സമ്പര്‍ക്കം നിമിത്തം സവര്‍ണപദവിയിലേക്കുയര്‍ന്ന നായര്‍ സമൂഹത്തിനുള്ളിലും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായി പ്രസ്തുത സമൂഹങ്ങള്‍ തമ്മിലും നിലനിന്ന അസമത്വങ്ങളും തല്‍ഫലമായുണ്ടായ സംഘര്‍ഷങ്ങളും കുറച്ചുകാണാന്‍ കഴിയില്ല. അതുപോലെതന്നെ കീഴാളസമൂഹങ്ങളും നിലനിന്നത് വ്യത്യസ്തപ്രവണതകള്‍ പരസ്പരം ഏറ്റുമുട്ടുകയും രമ്യപ്പെടുത്തുകയും ചെയ്തുകൊണ്ടാണ്.
സര്‍വസമൂഹങ്ങളിലും സമുദായങ്ങളിലും നടക്കുന്ന പൊതുവായ സംഘര്‍ഷങ്ങള്‍ക്കൊപ്പം, ഓരോ സമൂഹത്തിന്‍െറയും സവിശേഷമായ സംഘര്‍ഷങ്ങളും പരിഗണിച്ചുകൊണ്ടാണ് സാംസ്കാരികാന്വേഷണങ്ങള്‍ നിര്‍വഹിക്കേണ്ടത്. എന്നാല്‍, അതിനുപകരം, ‘സവര്‍ണസമൂഹ’ മാതൃകയിലേക്ക്, മറ്റ് സമൂഹങ്ങളെ മുഴുവന്‍ ‘ഒടിച്ചുമടക്കി’ ഒതുക്കുന്ന, ഒരധീശസാംസ്കാരിക നിര്‍മാണമാണ്, സ്വാഭാവികവും ശരിയുമെന്ന നിലയില്‍ പലപ്പോഴും സാംസ്കാരികരംഗത്ത് മേല്‍ക്കോയ്മ സ്ഥാപിക്കുന്നത്. ‘വെള്ളക്കാരുടെ ഭാരം’, ‘വെള്ളക്കാരുടെ നാഗരികദൗത്യം’ തുടങ്ങിയ അധിനിവേശ മുദ്രാവാക്യങ്ങളെ അനുസ്മരിപ്പിക്കുംവിധമാണ്, നവോത്ഥാനത്തിനകത്ത്, സവര്‍ണത പ്രച്ഛന്നമായി പ്രവര്‍ത്തിച്ചത്. നിങ്ങളുടെ ഭാഷ, ഉച്ചാരണം, ബന്ധമാതൃകകള്‍, സാഹിത്യം, ഉത്സവങ്ങള്‍, ആചാരങ്ങള്‍, പെരുമാറ്റങ്ങള്‍, പേര് തുടങ്ങി ഒന്നും ശരിയല്ലെന്നും എന്നാല്‍, ഞങ്ങളുടെ സമ്പ്രദായങ്ങളും ശീലങ്ങളുമെല്ലാം ഒന്നൊഴിയാതെ ശരിയാണെന്നുമാണത് പറഞ്ഞും പറയാതെയും പ്രഖ്യാപിച്ചത്! നിങ്ങള്‍ക്ക് മനുഷ്യരാവണമെങ്കില്‍, നിങ്ങള്‍ നിങ്ങളല്ലാതാവണമെന്നാണത് കീഴാളരോട് കല്‍പിച്ചത്! നവോത്ഥാനത്തിന്‍െറ ആദ്യകാലങ്ങളില്‍, കീഴാള സമൂഹങ്ങളില്‍ നടന്ന ആചാരപരിഷ്കരണം സവര്‍ണരീതിയുടെ ശ്രേഷ്ഠതയെ സ്വയം ശരിവെക്കുംവിധമാണ് പ്രവര്‍ത്തിച്ചത്. അന്നതിനും ഒരു സമരമായി വളരാന്‍ കഴിഞ്ഞു! എന്നാല്‍, ഇന്നത് അതേപോലെ ആവര്‍ത്തിക്കുന്നത് ഒരുവിധത്തിലും ഒരു ‘സമരമായി’ വികസിക്കില്ല.
‘ജാതിരഹിത’സമൂഹമെന്ന നവോത്ഥാനവീക്ഷണത്തെ സൂക്ഷ്മാര്‍ഥത്തില്‍ സര്‍വജാതികളുടെയും ഒരേസമയത്തുള്ള അപ്രത്യക്ഷമാവല്‍ എന്ന കാല്‍പനികാര്‍ഥത്തിലല്ല തിരിച്ചറിയേണ്ടത്. മേല്‍ജാതി പ്രത്യയശാസ്ത്രങ്ങളാണ് കീഴ്ജാതി ഉണ്ടാക്കിയത്. ഇനിയും തകര്‍ന്നിട്ടില്ലാത്ത സാമൂഹികവിഭജനത്തിന്‍െറ മതിലുകള്‍ മനുഷ്യര്‍ക്ക് ഇടയില്‍ സൃഷ്ടിച്ചത്, കീഴ്ജാതി ആചാരങ്ങളല്ല, മറിച്ച് മേല്‍ജാതി ആധിപത്യമാണ്. മേല്‍ജാതിക്കാര്‍ക്ക് ‘ജാതി’ ഒരൊഴിഞ്ഞ ടൂത്ത്പേസ്റ്റ് ട്യൂബാണെന്നും കീഴ്ജാതിക്കാര്‍ക്കത് നിറഞ്ഞ ടൂത്ത്പേസ്റ്റ്  ട്യൂബാണെന്നുമുള്ള നിരീക്ഷണം ശരിയാണ്. എന്നാല്‍, അതിലേറെ പ്രസക്തമായ വേറൊരു ശരിയുണ്ട്. ഇന്നും ആ ഒഴിഞ്ഞ ടൂത്ത്പേസ്റ്റ് ട്യൂബിനാണ്, നിറഞ്ഞ ടൂത്ത്പേസ്റ്റ്  ട്യൂബിനെക്കാള്‍ സാംസ്കാരിക മൂല്യമുള്ളത് എന്നുള്ളതാണത്! എത്ര വലിച്ചെറിഞ്ഞാല്‍പോലും വിട്ടുപോകാത്ത ഒരു സാംസ്കാരിക ശക്തിയായാണ് ‘ജാതി’ നിലനില്‍ക്കുന്നത്. കീഴാളജാതികളും പ്രത്യക്ഷത്തില്‍, ജാതിയായിരിക്കെതന്നെ അതിലുള്ളത് രാഷ്ട്രീയമായും സാംസ്കാരികമായും സ്വയം കീഴടക്കപ്പെട്ടതിന്‍െറ മുദ്രയാണ്. മര്‍ദിത ജാതികളെയും മര്‍ദക ജാതികളെയും ഒരേ മാനദണ്ഡംവെച്ച് വിശകലനം ചെയ്യുന്നത്, കാര്യങ്ങളെ തലകീഴായി കാണലാണ്! അതുകൊണ്ടുതന്നെ, സവര്‍ണപ്രത്യയശാസ്ത്രത്തിന്‍െറ സമ്പൂര്‍ണതിരസ്കാരമാണ്, ജാതിരഹിതസമരത്തിന്‍െറ ആദ്യഅജണ്ടയായി പ്രഖ്യാപിക്കപ്പെടേണ്ടത്. എന്നാല്‍, ഇന്നും സവര്‍ണപ്രത്യയശാസ്ത്രത്തില്‍ ഒന്ന് സ്പര്‍ശിക്കപ്പെടുമ്പോള്‍ നമ്മുടെ ‘സാംസ്കാരികലോകം’ ഇളകിമറിയുന്നതാണ് നാം കാണുന്നത്. സവര്‍ണപ്രത്യയശാസ്ത്രത്തോട് സൈദ്ധാന്തികമായി വിയോജിക്കുന്ന ക്രൈസ്തവ-ഇസ്ലാംമതങ്ങളും കീഴാള കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന മതരഹിതരും പ്രായോഗികതലത്തില്‍ സവര്‍ണപ്രത്യയശാസ്ത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതിലാണ് ആഹ്ളാദവും അഭിമാനവും അനുഭവിക്കുന്നത്.
കേരളത്തിലെ ‘സമ്പൂര്‍ണാര്‍ഥത്തിലുള്ള’ സവര്‍ണപ്രസ്ഥാനമായ ‘യോഗക്ഷേമസഭ’പിറക്കുന്നത് കേരളം കീഴ്മേല്‍ മറിഞ്ഞ ഒരു കാലത്താണ്. 1822 മുതല്‍ 1859 വരെ നടന്ന കീഴാള സ്ത്രീകളുടെ മേല്‍വസ്ത്ര സമരവും 1836 മുതലുള്ള കര്‍ഷക സമരങ്ങളും 1888ല്‍ ശ്രീനാരായണഗുരുവിന്‍െറ നേതൃത്വത്തില്‍ നടന്ന വിപ്ളവകരമായ ശിവപ്രതിഷ്ഠയും 1889ല്‍ എഴുതപ്പെട്ട ഒ. ചന്തുമേനോന്‍െറ ‘ഇന്ദുലേഖ’ എന്ന നോവലും 1890ലെ മരുമക്കത്തായ വിവാഹബില്ലും 1891ലെ മലയാളി മെമ്മോറിയലും 1896ലെ ഈഴവ മെമ്മോറിയലും 1903ലെ എസ്.എന്‍.ഡി.പി രൂപവത്കരണവും 1907ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ രൂപവത്കൃതമായ സാധുജനപരിപാലനസംഘവും പൊയ്കയില്‍ അപ്പച്ചന്‍ എന്ന പേരില്‍ പ്രശസ്തനായ കുമാരഗുരുവിന്‍െറ സഞ്ചാരപ്രസംഗവുമുള്‍പ്പെടെ ‘പണ്ട് പണ്ട്’എന്ന ഗൃഹാതുരത്വത്തെ പൊളിച്ച വ്യത്യസ്ത തലത്തിലുള്ള ജനകീയ മുന്നേറ്റങ്ങളുടെ ‘തുടര്‍ച്ച’യിലാണ് 1908ല്‍ യോഗക്ഷേമസഭ പിറന്നത്. എന്നാല്‍, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അദ്ഭുതകരമായി തോന്നുന്നത്, സാമൂഹികജീവിതത്തെ അടിമുടി ഉലച്ച, ഇത്തരം സംഭവങ്ങളൊന്നും യോഗക്ഷേമസഭ അന്ന് ഗൗരവമായി പരിഗണിച്ചില്ലെന്നുള്ളതാണ്. വളരെ വലിയ കാര്യപരിപാടികള്‍ സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കപ്പെട്ടൊരു കാലത്ത്, ചെറിയ ചില കാര്യപരിപാടികളുമായാണ് യോഗക്ഷേമസഭ നിലവില്‍ വന്നത്. എന്നാല്‍, അതേ യോഗക്ഷേമസഭതന്നെയാണ്, മൗലികമായ പരിവര്‍ത്തനങ്ങള്‍ക്ക് കീഴാള നവോത്ഥാന പ്രസ്ഥാനങ്ങളുടെകൂടി സ്വാധീനം നിമിത്തം പിന്നീട് വിധേയമായത്. 1908ലെ രൂപവത്കരണസന്ദര്‍ഭത്തിന് സ്വപ്നം കാണാനാവാത്ത സാംസ്കാരിക ഔത്യത്തിലേക്കത് കുതിച്ചത്, സ്വയം നിര്‍വഹിച്ച നിരന്തര നവീകരണത്തിലൂടെയാണ്. അത്തരമൊരവസ്ഥയിലേക്ക് അതിനെ എത്തിക്കുന്നതില്‍ കീഴാളനവോത്ഥാന പ്രസ്ഥാനങ്ങള്‍-പ്രത്യേകിച്ചും ശ്രീനാരായണ പ്രസ്ഥാനം- വഹിച്ച പങ്ക് സുപ്രധാനമാണ്.
‘പുതിയ പ്രയോഗമാതൃകകള്‍’ വികസിപ്പിക്കപ്പെടുമ്പോഴാണ്, ‘നവോത്ഥാനം’ ഒരു ജീവിതസത്യം എന്ന നിലയില്‍ പ്രസക്തമാവുന്നത്. ദൃശ്യവും അദൃശ്യവും സങ്കീര്‍ണവുമായ രീതിയിലാണ് നിസ്സാരമെന്ന് തോന്നാവുന്ന ‘പേരിന്‍െറ രാഷ്ട്രീയം’ അന്ന് സമൂഹത്തില്‍ പ്രവര്‍ത്തിച്ചത്. അധ$സ്ഥിതര്‍ സ്വന്തം കുട്ടികളുടെ പേരിനുമുന്നില്‍ വര്‍മയെന്നും തമ്പുരാന്‍ എന്നും ചേര്‍ത്തത് ഒരുദാഹരണം മാത്രം. ‘‘തമ്പുരാനെന്ന് വിളിക്കില്ല, പാളേല്‍ കഞ്ഞി കുടിക്കില്ല’’ എന്ന് മുദ്രാവാക്യം വിളിച്ചവര്‍തന്നെ സ്വന്തം മകന് ‘തമ്പുരാന്‍’ എന്ന് പേര് വിളിക്കുംവിധത്തിലുള്ള സാംസ്കാരിക സ്ഫോടനങ്ങള്‍ക്ക്, കേരളചരിത്രം സാക്ഷ്യംവഹിച്ചു. ഇ.എം.എസ് അടക്കമുള്ളവര്‍, പാരമ്പര്യവഴിക്കുള്ള പേര് ഉപേക്ഷിച്ച്, മക്കള്‍ക്ക് സമരയോദ്ധാക്കളുടെ പേരുകളിട്ടു. നവോത്ഥാനകാലത്ത് നാമകരണങ്ങളുടെ ലോകത്തുപോലും നടന്ന നിശ്ശബ്ദവിപ്ളവം, പ്രത്യയശാസ്ത്രപ്രയോഗത്തിന്‍െറ ബദല്‍മാതൃകയായി അര്‍ഹിക്കുംവിധം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നമ്മള്‍ പരാജയപ്പെടുകയാണുണ്ടായത്. ഏത് പേര് വിളിക്കാനും ഇന്ന് നമുക്ക് സ്വാതന്ത്ര്യമുണ്ട് എന്നത് അഭിമാനകരമാണ്. സൗകര്യവും വിശ്വാസവും സൗന്ദര്യവും ബോധ്യവും പ്രതിഷേധവും സ്വപ്നവുമെല്ലാം പേരില്‍ സന്നിഹിതമാണ്. മലയാളസാഹിത്യം മറ്റ് പലതിലുമെന്നപോലെ നവോത്ഥാനം സാധ്യമാക്കിയ പേരിന്‍െറ സംഘര്‍ഷവും സൂക്ഷ്മമായി ആവിഷ്കരിച്ചിട്ടുണ്ട്. ഒരുപക്ഷേ, വൈക്കം മുഹമ്മദ് ബഷീറിന്‍െറ രചനകളിലാണ്, പേര്, സര്‍വപ്രതാപങ്ങളോടുംകൂടി സാമൂഹികവിമര്‍ശത്തിന്‍െറ ‘പ്രതീകപദവി’യിലേക്കുയരുന്നത്. നിഷ്കളങ്കമെന്നും നിരുപദ്രവകരമെന്നും കരുതുന്ന പേരുകളുടെ, വളവുതിരിവ് പൊരുളിലാണ് ബഷീറിന്‍െറ വന്യഭാവന ഇടപെട്ട് പൊട്ടിത്തെറികള്‍ സൃഷ്ടിച്ചത്. പാകിസ്താനിലേക്ക് പോകേണ്ടിവന്നാല്‍ സ്വന്തം പേര്, വൈ.മു.ബ. പണിക്കര്‍ എന്നാക്കി മാറ്റുമെന്ന ബഷീറിയന്‍ പരിഹാസം, ചില പേരുകളുടെ പേരില്‍ ‘ഇപ്പോഴും പീഡനമനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം, ‘ചിരിച്ചു തള്ളാന്‍’ കഴിയുന്നൊരു തമാശയല്ല. മുന്‍ പ്രസിഡന്‍റ് അബ്ദുള്‍കലാം മുതല്‍, സിനിമാതാരം ഷാറൂഖ് ഖാന്‍ മുതല്‍, ഏതോ ഹസനുമായി ബന്ധമുണ്ടോ എന്ന സന്ദേഹത്താല്‍ ചോദ്യവിധേയനാവേണ്ടി വന്ന ‘കമല്‍ഹാസന്‍’ വരെയുള്ളവര്‍, ആ പഴയ ബഷീറിയന്‍ വൈ.മു.ബ. പണിക്കരെ, ഒരു പുതിയ ‘ദുരന്ത പ്രവചന’മാക്കി പരിവര്‍ത്തിപ്പിച്ചിരിക്കുകയാണ്! ചരിത്രം ആദ്യം ഗൗരവമായും പിന്നീടൊരു പ്രഹസനമായും മാറാവുന്നതുപോലെ, ചിലപ്പോള്‍ പ്രഹസനങ്ങള്‍ ‘ഗൗരവ’മാനമാര്‍ജിക്കുമെന്നും ഇപ്പോള്‍ നാം തിരിച്ചറിയുന്നു.
ഓരോ കാലത്തെ മനുഷ്യരും, അതത് കാലത്തോട് അനുകൂല/എതിര്‍ബന്ധങ്ങള്‍ പുലര്‍ത്തിക്കൊണ്ടാണ് ജീവിക്കുന്നത്. വ്യത്യസ്ത ബന്ധങ്ങള്‍ക്ക് പുറത്ത് ആര്‍ക്കും ജീവിക്കാനാവില്ല. എന്തുകൊണ്ടെന്നാല്‍, ജീവിതംതന്നെ ബന്ധങ്ങളുടെ ആകത്തുകയാണ്. ജൈവതലത്തിലുള്ള പ്രാഥമിക ബന്ധങ്ങള്‍, മനുഷ്യരിലാണ് സങ്കീര്‍ണമാനമാര്‍ജിക്കുന്നത്. സംസ്കാരസമ്പന്നരാകുക എന്നാല്‍, അഗാധമായ ആദര്‍ശാത്മക ബന്ധങ്ങളുടെ ലോകത്തിലേക്ക് പ്രവേശിക്കലാണ്. എന്ത് ചെയ്യുമ്പോഴും, നമ്മളൊക്കെയും ആദ്യമായും അവസാനമായും ‘മനുഷ്യരാണെന്ന്’ മറക്കാതിരിക്കലാണ്. ‘പ്രത്യയശാസ്ത്രപ്രയോഗം’ എന്നതുകൊണ്ട് പൊതുവില്‍ വിവക്ഷിക്കുന്നത് നിലവിലുള്ള ബന്ധങ്ങളെ അതിനേക്കാളും വികസിച്ച പുതിയ ബന്ധങ്ങള്‍കൊണ്ട് പകരംവെക്കുന്ന ബദല്‍ പ്രവര്‍ത്തനങ്ങളെയാണ്. ജാതിവ്യവസ്ഥക്കകത്ത്, തങ്ങള്‍ ഉയര്‍ന്നവരല്ലെന്ന് സവര്‍ണര്‍ക്കും തങ്ങള്‍ താഴ്ന്നവരല്ലെന്ന് അവര്‍ണര്‍ക്കും അഗാധ ബോധ്യംവരുന്നത്, പരിവര്‍ത്തനത്തിന്‍െറ ആദ്യ ചുവടുവെപ്പാണ്. എന്നാല്‍, അതൊരു ശരിക്കുള്ള പരിവര്‍ത്തനമായിത്തീരണമെങ്കില്‍, വെറുമൊരാശയം എന്ന അവസ്ഥയില്‍നിന്ന് അതൊരു പ്രയോഗമായി വികസിക്കണം. പഴയ ജാതിവ്യവസ്ഥക്കുപകരം, മറ്റൊരു ബന്ധമാതൃകയുടെ പുതിയ ബദല്‍ ഉണ്ടായിവരണം. പറഞ്ഞുവരുന്നത്, സാംസ്കാരിക സംവാദങ്ങള്‍, ബദല്‍ സാംസ്കാരിക നിര്‍മാണമായി മാറേണ്ടതിന്‍െറ അനിവാര്യതയെക്കുറിച്ചാണ്. ‘പഴയ നവോത്ഥാന’കാലത്ത് പരിമിതികളോടെ, പ്രയോഗമാതൃകകള്‍ വികസിപ്പിക്കപ്പെട്ടതുകൊണ്ടാണ്, അക്കാലത്തെക്കുറിച്ചോര്‍ത്ത് ഇന്നും നമുക്ക് കോരിത്തരിക്കാന്‍ കഴിയുന്നത്. എന്നാല്‍, ഇന്ന് കേരളത്തില്‍, പഴയ നവോത്ഥാനത്തെക്കുറിച്ചോര്‍ത്തുള്ള നെടുവീര്‍പ്പുകളും കോരിത്തരിപ്പുമല്ലാതെ, ‘പുതിയ നവോത്ഥാനം’ സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കുറവാണ്. ‘പഴയ നവോത്ഥാന നായകരെ’ പ്രശംസിക്കുകയും സ്വയം പ്രശംസിക്കപ്പെടുകയാണ് എന്ന് സ്വയം ആശ്വസിക്കുകയും ചെയ്യുന്ന അലസജീവിതം, ‘സാമൂഹികജീവിതം’ എന്ന സാംസ്കാരികാവസ്ഥയില്‍നിന്നും ‘സ്വകാര്യജീവിതം’ എന്ന അപകടാവസ്ഥയിലേക്കുള്ള മറിഞ്ഞുവീഴലാണ്.
സര്‍വതലത്തിലുള്ള മൂല്യനിരാസത്തിന്‍െറ മൂര്‍ധന്യാവസ്ഥയില്‍ വെച്ചാണ് ‘സ്വകാര്യമനുഷ്യര്‍’പിറക്കുന്നത്. അവര്‍ക്ക് ആദര്‍ശാത്മകമായൊരവസ്ഥയോട് സംവദിക്കുക പ്രയാസമാവും. തങ്ങള്‍ക്കപ്പുറം കടന്നുകാണുക അസാധ്യമാവും. ‘‘ഇത്തിരിവട്ടം മാത്രം കാണുകയും ഇത്തിരിമാത്രം ചിന്തിക്കുകയും ചെയ്യുന്ന അധോമുഖ വാമനര്‍’’ എന്ന് വൈലോപ്പിള്ളി വിശേഷിപ്പിച്ച ശരീരമാത്ര മനുഷ്യരുടെ സംഖ്യ ഒരു സമൂഹത്തില്‍ പെരുകുമ്പോള്‍ ‘‘വെളിച്ചത്തിനെന്തൊരു വെളിച്ചം’’എന്ന് പറഞ്ഞ് വിസ്മയിച്ചതിനു പകരം ‘‘ഇരുട്ടിനെന്തൊരു ഇരുട്ട്’’ എന്നുരുവിട്ട് നമുക്ക് സ്തംഭിച്ച് നില്‍ക്കേണ്ടിവരും. ‘‘ഇമ്മിണി വല്യ ഒന്നിനുപകരം’’ ഇമ്മിണി ചെറിയ ഒന്നുമില്ലായ്മയില്‍ ചുരുണ്ടുകൂടേണ്ടിവരും. പെട്ടെന്ന് പ്രയോഗത്തിലേക്ക് കണ്ണിചേര്‍ക്കപ്പെട്ടിട്ടില്ലെങ്കിലും, സ്മരണകളും സ്വപ്നങ്ങളും സജീവമാണെങ്കില്‍, ആദര്‍ശങ്ങള്‍ ആസന്നമരണത്തെ അതിജീവിക്കും. പ്രതിരോധങ്ങള്‍ സ്വന്തം പ്രാണന്‍ നിലനിര്‍ത്തും. എന്നാലിപ്പോള്‍ സമീപസ്ഥമായ തൊണ്ണൂറുകള്‍ക്കുശേഷം നടന്ന ‘മൂന്ന് കുപ്രസിദ്ധ മനുഷ്യവിരുദ്ധ ഭീകരതകള്‍’ നവോത്ഥാന കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ മലയാളിസമൂഹം മറന്നുപോയോ എന്നൊരാശങ്ക, നമ്മെ അസ്വസ്ഥപ്പെടുത്തുകയാണ്. ബാബരി മസ്ജിദ്, ഗുജറാത്ത് വംശഹത്യ, ഒഡിഷയില്‍ നടന്ന കണ്ഡമാല്‍ വംശഹത്യ എന്നിവക്കെതിരെ മലയാളിസമൂഹം, മത-ജാതി രാഷ്ട്രീയ വ്യത്യാസം മറന്ന്, ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്കെതിരെ ഐക്യപ്പെട്ടിരുന്നുവെന്ന് ഒരാവേശത്തോടെ ഇന്ന് നമുക്കോര്‍മിച്ചെടുക്കാന്‍ പ്രയാസമില്ല. എന്നാലതിനെ പിന്നീട്, മതനിരപേക്ഷപ്രതിരോധദിനമായി വികസിപ്പിക്കാന്‍, നമുക്ക് കഴിയാതെപോയതെന്തുകൊണ്ടെന്ന് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ‘ഡിസംബര്‍ ആറ്’ ഇന്ന് ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ സന്തോഷദിനമായും ചില മുസ്ലിം സംഘടനകള്‍ സങ്കടദിനമായും കൊണ്ടാടുമ്പോള്‍, നവോത്ഥാനപൂര്‍വയുക്തിയാണ് അതില്‍ സജീവമാകുന്നത്! ഫാഷിസത്തിനെതിരെ ആത്മഹത്യാപരമായ പോരാട്ടം നടക്കുന്ന കേരളത്തില്‍പോലും ഡിസംബര്‍ ആറ് കുതറുന്ന ഒരു മതനിരപേക്ഷ പ്രതിരോധദിനമായി ആചരിക്കപ്പെടാതെ പോയതിനു പിന്നില്‍ രാഷ്ട്രീയമായ ജാഗ്രതക്കുറവുകള്‍ മാത്രമല്ല, നമ്മുടെ നവോത്ഥാനത്തിന്‍െറ നിസ്സഹായാവസ്ഥയും പ്രധാന കാരണമാണ്. 1917ല്‍, സഹോദരന്‍ അയ്യപ്പന്‍െറയും പിന്നീട് വാഗ്ഭടാനന്ദഗുരുവിന്‍െറയും നേതൃത്വത്തില്‍ നടന്ന മിശ്രവിവാഹങ്ങള്‍, വലിയ വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയെയാണ് ഇപ്പോഴും അഭിമുഖീകരിക്കുന്നത്. അതിലപ്പുറം ജാതിമതാര്‍ത്തികള്‍ക്കപ്പുറം പറന്ന പ്രണയത്തിന്‍െറ ചിറകരിയുന്ന ‘ലൗജിഹാദ്’ എത്ര പെട്ടെന്നാണ് മലയാളി സൗഹൃദത്തിന്‍െറ കരള്‍ പറിച്ചെടുത്തത്! ഒരു ഫാഷിസ്റ്റ് നുണ സത്യമാണെന്ന രീതിയില്‍ ആദ്യം സ്വീകരിക്കപ്പെടുകയും പൂര്‍ണമായും കള്ളമാണെന്ന് ഔദ്യാഗികമായി പിന്നീട് തെളിയുകയും ചെയ്തിട്ടും അതിനെതിരെയുള്ള പ്രതികരണങ്ങള്‍ എത്രപെട്ടെന്നാണ് ആറിത്തണുത്തുപോയത്. അകാരണമായി ശിക്ഷിക്കപ്പെട്ട നിരപരാധികള്‍ക്കുവേണ്ടി പറയുന്നതും എഴുതുന്നതുംപോലും പൊതുവില്‍ കുറഞ്ഞുവരുകയാണ്. ഗാന്ധിയുടെ സാമുദായിക ദേശീയതയെയും നെഹ്റുവിന്‍െറ സെക്കുലര്‍ ദേശീയതയെയും മറികടന്നുകൊണ്ട്, ഫാഷിസ്റ്റുകളുടെ മേല്‍ക്കോയ്മാ ദേശീയതയാണ്, ചിലപ്പോഴെങ്കിലും ഔദ്യാഗിക ദേശീയതയായി നിവര്‍ന്നുനില്‍ക്കുന്നത്. ദേശീയതയുടെ ഉള്ളടക്കങ്ങളില്‍ പ്രധാനമായി നിലകൊള്ളുന്നത്, നവോത്ഥാനത്തിനുപകരം പുനരുത്ഥാനമാണ്. ന്യൂനപക്ഷങ്ങളും ദലിതരും മതനിരപേക്ഷവാദികളും അകാരണമായി സംശയിക്കപ്പെടുന്ന ഒരു ഭീതിദമായ പശ്ചാത്തലമാണ് നിലനില്‍ക്കുന്നത്. പ്രശസ്ത മാധ്യമപ്രവര്‍ത്തക ഷാഹിനക്കുണ്ടായ അനുഭവവും പ്രത്യേക സര്‍വേകള്‍ സൃഷ്ടിച്ച ഉത്കണ്ഠയും ഇ-മെയില്‍ സൃഷ്ടിച്ച സംഭ്രാന്തികളും വെറും വിവാദങ്ങളായി ഒടുങ്ങിപ്പോവുന്നതാണ് നാം കാണുന്നത്. കോയമ്പത്തൂര്‍ സ്ഫോടനത്തിന്‍െറ പേരില്‍ അകാരണമായി ശിക്ഷിക്കപ്പെട്ട മഅ്ദനി, ബംഗളൂരു സ്ഫോടനകേസില്‍ പ്രതിയാക്കപ്പെട്ടതിന്‍െറ അടിസ്ഥാനംതന്നെയാണ് ഷാഹിനയുടെ അന്വേഷണത്തിലൂടെ ചോദ്യവിധേയമായത്. ഷാഹിനക്കുവേണ്ടി പ്രാഥമികമായി ഐക്യപ്പെട്ടവര്‍ക്കുപോലും ഷാഹിനയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്ന സാംസ്കാരിക-രാഷ്ട്രീയപ്രയോഗങ്ങള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞില്ല. നമ്മുടെ അന്വേഷണങ്ങളിലേക്ക് മാത്രമല്ല, ഭാവനകളിലേക്കുകൂടി ജാതിയും മതവും നിര്‍മിക്കുന്ന ‘മതിലുകളാണ്’ ഇടിച്ചുകയറുന്നത്. പുരോഗമന കലാസാഹിത്യസംഘത്തിന്‍െറ കൊല്ലം നയരേഖ(2010) ഒരു ബദല്‍ നവോത്ഥാന പ്രയോഗം വികസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതേക്കുറിച്ചൊരു സംവാദംപോയിട്ട് ‘വികലമായ ഒരു വിവാദം’ പോലും വികസിച്ചുവരാതെ പോവുകയാണുണ്ടായത്. വളരെ മൗലികവും നമ്മുടെ ദേശീയതയെ നവോത്ഥാന നിലപാടിന്‍െറ അടിസ്ഥാനത്തില്‍ നവീകരിക്കാനുള്ളൊരു ബദല്‍ ശ്രമവുമായിരുന്നു പ്രസ്തുത രേഖ മുന്നോട്ടുവെച്ചത്. ‘‘സവിശേഷമായ സംസ്കൃതി ഓരോ ജനവിഭാഗത്തിനും കാലത്തിനുമുണ്ട്. സംസ്കാരത്തിന്‍െറ വര്‍ണശബളിമ എല്ലാ ജനവിഭാഗങ്ങള്‍ക്കുമുണ്ട്. എക്കാലത്തും കൂട്ടായ്മയുടെ കരുത്തും പ്രതിരോധവുമായി ആഘോഷങ്ങള്‍ നിലകൊള്ളുന്നുണ്ട്. ദലിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളുടെ അനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ദേശീയ പദവിക്കര്‍ഹതയുണ്ടെന്ന സാഹിത്യസംഘത്തിന്‍െറ സമീപനം ഇത്തരമൊരു പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്’’(കൊല്ലം നയരേഖ: 2010). എല്ലാ ആരാധനാലയങ്ങളും എല്ലാവര്‍ക്കും എല്ലാ ഉത്സവങ്ങളും എല്ലാവര്‍ക്കും സര്‍വ ആഘോഷങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ദേശീയ പദവി തുടങ്ങിയ നവോത്ഥാനം ഇന്ന് വികസിപ്പിക്കേണ്ട മുദ്രാവാക്യങ്ങള്‍ ആര്‍ക്കും ഉപദ്രവം ഉണ്ടാകാത്തതും എല്ലാവര്‍ക്കും ഗുണം മാത്രം ഉണ്ടാകുന്നതുമായിരുന്നിട്ടുപോലും ഇതൊരു ചര്‍ച്ചപോലുമാവാതെ പോകുന്നതെന്തുകൊണ്ടാണെന്ന് ആര്‍ക്കും വേണ്ടവിധം ചോദിക്കാന്‍ കഴിയുന്നില്ല!
മതനിരപേക്ഷതക്കും ജനാധിപത്യത്തിനും അവമാനമുണ്ടാക്കുന്ന വിവേചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ വിഭാഗീയവാദികളും അതിന്‍െറ നിലനില്‍പിനെ അലോസരപ്പെടുത്താത്തവരെ ‘വിശാല ജനാധിപത്യ’വാദികളുമാക്കുന്ന ‘സാംസ്കാരിക ഇന്ദ്രജാല’മാണ് ‘സവര്‍ണ പ്രത്യയശാസ്ത്ര’ത്തിന്‍െറ പിന്തുണയോടെ മുന്നേറുന്നത്. പ്രത്യാഘാതങ്ങളെ പേടിക്കാത്ത അന്വേഷണങ്ങളും മത-ജാതി-ലിംഗ വിവേചനങ്ങള്‍ക്ക് വിധേയമാകുന്നവരുടെ തുറന്നെഴുത്തും തുറന്നുപറച്ചിലുകളും സവര്‍ണ പ്രത്യയശാസ്ത്രത്തെ നിര്‍വീര്യമാക്കുന്ന ജനകീയബദലുകളുടെ നിര്‍മാണവുമാണ് ഇന്ന് അനിവാര്യമായിട്ടുള്ളത്.
‘‘ഒരു മുസ്ലിം നാമത്തിന്‍െറ ഭാരക്കൂടുതല്‍ ദല്‍ഹിയില്‍ ജീവിതം ദുസ്സഹമാക്കും. സഹാനുഭൂതി പ്രകടിപ്പിച്ച് ഒരു ചങ്ങാതി അയാളുടെ ബ്ളോഗിലെഴുതി, ‘നട്ടെല്ലിലൂടെ ഒരു വിറ’. ഒരു കമന്‍റും കണ്ടില്ല. ഇപ്പോള്‍ എനിക്കു തോന്നുന്നു എല്ലാം തുറന്നു പറയേണ്ട സമയമായെന്ന്. എന്നിലുള്ള സെന്‍സറെ ഇനിയും വളരാനനുവദിച്ചുകൂടാ’’ (ഷാഹിന).
ഒരു മതേതര ദേശരാഷ്ട്രത്തിനകത്ത് നിലനില്‍ക്കുന്നതും എന്നാല്‍, ഒരുവിധത്തിലും നിലനില്‍ക്കാന്‍ പാടില്ലാത്തതുമായ വിവേചനങ്ങളുടെ സാംസ്കാരികസ്രോതസ്സിലൊന്നായ സവര്‍ണ പ്രത്യയശാസ്ത്രത്തെ സാമാന്യമായി ഒന്ന് സ്പര്‍ശിച്ചുപോകാന്‍ മാത്രമാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. ‘കരുതിയിരിക്കുക, നിങ്ങളും സംശയിക്കപ്പെട്ടേക്കാം’ എന്ന പ്രബന്ധ തലക്കെട്ടിന് യു.ആര്‍. അനന്തമൂര്‍ത്തിയോട് കടപ്പെട്ടിരിക്കുന്നു.
പിന്‍കുറിപ്പ്: ബട്ല സംഭവത്തിനുശേഷം ജാമിയ മില്ലിയ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ മുശീറുല്‍ ഹസന്‍ പറഞ്ഞതില്‍നിന്ന് ‘‘Until proven guilty a suspect is innocent’’- ഇത് മനസ്സിലാക്കാന്‍ എനിക്ക് കഴിയില്ലെങ്കില്‍ പിന്നെ ഇതിവിടത്തെ ലോ ഫാക്കല്‍റ്റിയില്‍ പഠിപ്പിക്കുന്നതില്‍ എന്തുകാര്യം?


കവര്‍സ്റ്റോറി

മുന്‍ ലക്കങ്ങള്‍