ആനന്ദത്തിലേക്കുള്ള വഴി | Madhyamam Weekly
Weekly


ആനന്ദത്തിലേക്കുള്ള വഴി

ഹരിപ്രിയ

ഈ കുറിപ്പെഴുതുംമുമ്പ് പലതവണ ആലോചിച്ചു. ജീവിതം ഒരു തുറന്ന പുസ്തകമാക്കുന്നത് എന്നെയും എന്‍െറ പ്രിയപ്പെട്ടവരെയും വേദനിപ്പിക്കുമോ എന്ന ആശങ്കയായിരുന്നു കാരണം. പലതവണ എഴുതി കീറിക്കളഞ്ഞു. അപ്പോഴൊക്കെ എന്‍െറ തേങ്ങല്‍ എനിക്കു കേള്‍ക്കാമായിരുന്നു. ഈ കുറിപ്പു വായിക്കുന്ന ഒരാള്‍ക്കെങ്കിലും ചിറകുകള്‍ നല്‍കാന്‍ എന്‍െറ അനുഭവത്തിന് കഴിഞ്ഞെങ്കില്‍ എന്ന തോന്നല്‍.
എന്‍െറ മകള്‍ക്ക് ഒരു വയസ്സായപ്പോള്‍, അച്ഛന്‍ പെന്‍ഷനായതിനെതുടര്‍ന്ന് അച്ഛനും അമ്മയും നാട്ടിലേക്ക് താമസം മാറി. തുടര്‍ന്ന്, ഞങ്ങള്‍ ഒരു വാടകവീട്ടിലേക്കും. എന്‍െറ കൂട്ടുകാരന്‍ അന്നൊരു പ്രാദേശിക ദിനപത്രത്തില്‍ റിപ്പോര്‍ട്ടറായി ജോലിചെയ്യുകയായിരുന്നു, വളരെ തുച്ഛമായ ശമ്പളത്തില്‍. ഞാന്‍ അധ്യാപികയായി ഒരു അണ്‍ എയ്ഡഡ് സ്കൂളിലും. മോളെ നോക്കാന്‍ ആളില്ലാത്തതിനാല്‍ ഞാന്‍ കുറച്ചു നാളത്തേക്ക് ലീവെടുത്തു. ഇടക്കിടെയുള്ള പനിയും ഛര്‍ദിയും കഫക്കെട്ടും കാരണം ഒരാഴ്ചതന്നെ മോളുടെ മരുന്നിന് ആയിരത്തിലധികം രൂപ വേണമായിരുന്നു. ലീവെടുത്ത മൂന്നു മാസംകൊണ്ട് രണ്ടു വള തീര്‍ന്നു. ദാരിദ്ര്യമെന്നത് മറ്റുള്ളവരുടെ മുന്നില്‍ തുറന്നുകാട്ടാനാവാത്ത ദുരന്തമാണെന്ന തിരിച്ചറിവില്‍ ഞാന്‍ വീണ്ടും ജോലിക്കു പോയിത്തുടങ്ങി. ഒന്നര വയസ്സുള്ള മകള്‍ക്ക് തിന്നാനുള്ള ഭക്ഷണവും കുറെയേറെ കുപ്പിമരുന്നും ബാഗിലാക്കി ഞാനും കൂട്ടുകാരനും രാവിലെ ഇറങ്ങും. ഡേകെയറില്‍ എത്താറാവുമ്പോഴേക്ക് അവള്‍ നിലവിളി തുടങ്ങും:
‘‘മ്മേ...ന്നോട്ട്...ണ്ട’’ (അമ്മേ, അങ്ങോട്ട് പോവണ്ട). ദിവസവുമുള്ള ആ നിലവിളിയില്‍ എന്‍െറ ചങ്കു തകര്‍ന്നു. ആ നിലവിളി അവസാനിച്ചില്ല. ഒരിക്കലും അവള്‍ ഡേകെയറുമായി പൊരുത്തപ്പെട്ടില്ല. ഒരാള്‍ മാത്രം ജോലിചെയ്ത് ജീവിക്കാവുന്ന അവസ്ഥയിലായിരുന്നില്ല അന്ന് ഞങ്ങള്‍. അമ്മ അവളെവിട്ടെങ്ങോട്ടെങ്കിലും പോയെങ്കിലെന്ന് അവള്‍ ഭയന്നു.
രാവിലെ മുതല്‍ അര്‍ധരാത്രിവരെ നീളുന്ന കൂട്ടുകാരന്‍െറ ജോലിത്തിരക്കിനിടയില്‍ എന്‍െറ ഏകാന്തത ഭീകരമായിരുന്നു. ആഴ്ചയില്‍ നിര്‍ബന്ധമായും കിട്ടിയിരിക്കേണ്ട ഒരു ലീവുപോലും പകരംനില്‍ക്കാന്‍ ആളില്ലാത്തതിനാല്‍ മാസങ്ങളോളം കിട്ടിയതേയില്ല. ഒറ്റ ടയറുള്ള ഈ സര്‍ക്കസ് അഭ്യാസത്തില്‍ ഞാന്‍ പരാജയമായിരുന്നു. പത്രപ്രവര്‍ത്തനത്തിന്‍െറ തിരക്കില്‍ ഒരിറ്റ് ആശ്വാസത്തിനായി എന്‍െറയടുത്ത് ഓടിയെത്തുന്ന കൂട്ടുകാരനോട് ഞാന്‍ വഴക്കിട്ടു. ഒരിക്കലും നേരം പുലരാതിരുന്നെങ്കില്‍...അടുക്കള എന്ന സങ്കല്‍പമില്ലായിരുന്നെങ്കില്‍...എന്ന് ഞാന്‍ വെറുതെ മോഹിച്ചു. കുറെ കറിപൗഡറുകളും പച്ചക്കറികളും വേസ്റ്റായി എന്നല്ലാതെ എനിക്കു നല്ല കറികള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സ്വന്തമായി വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ കാശില്ലായിരുന്നു. ഒരു മിക്സിയോ അമ്മിക്കല്ലോ ഗ്യാസ് അടുപ്പോ ഒക്കെ മലര്‍പ്പൊടിക്കാരന്‍െറ സ്വപ്നങ്ങളായി അവശേഷിച്ചു. മകള്‍ക്ക് നടക്കുന്നതിനെക്കാള്‍ എന്നും ഓടാനായിരുന്നു ഇഷ്ടം. അതുകൊണ്ടുതന്നെ പലതവണ ഡോക്ടറെ കാണേണ്ടിവന്നു. പലതും ആഴത്തിലുള്ള മുറിവുകള്‍.
അതിനിടയിലാണ് അവള്‍ ഡേകെയറില്‍നിന്ന് വീണ് ചുണ്ടുപൊട്ടിയത്. മേല്‍ച്ചുണ്ട് പൂര്‍ണമായി രണ്ടായി പിളര്‍ന്നു. ഉച്ചക്ക് രണ്ടുമണിക്കായിരുന്നു  സംഭവം. ഒരുപാട് രക്തം വാര്‍ന്ന് അവള്‍ തളര്‍ന്നു കിടന്നു. ഡേകെയറില്‍നിന്ന് ആരുമെന്നെ വിവരമറിയിച്ചില്ല. വൈകീട്ട് അരിയും പച്ചക്കറിയും പിറ്റേന്നേക്ക് പഠിപ്പിക്കാനാവശ്യമായ ബുക്കുമായി നടന്നു തളര്‍ന്ന് ഞാനവിടെ എത്തുമ്പോഴേക്ക് അവള്‍ കുഴഞ്ഞുകിടക്കുകയായിരുന്നു.
സാധനങ്ങള്‍, ബാഗ്, അവളുടെ ബാഗ്, അതുകൂടാതെ അവളെയും ഒക്കത്തിരുത്തി നേരെ ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് നടന്നു. കുറെ നേരം ക്യൂനിന്ന് ചീട്ടെടുത്ത് ഡോക്ടറുടെ അടുത്തെത്തി. ഒരു നാടോടി സ്ത്രീയെപോലെ എന്‍െറ ശരീരം നിറയെ സാധനങ്ങള്‍ തൂങ്ങിക്കിടന്നു.
‘‘നാലു സ്റ്റിച്ചിടണം’’, ഡോക്ടര്‍ പറഞ്ഞു. അതുകേട്ട് ഞാനാകെ ഷോക്കേറ്റപോലെയായി. മേല്‍ച്ചുണ്ടില്‍ നാലു സ്റ്റിച്ചിട്ടാല്‍ മുച്ചിറിപോലെയായെങ്കിലോ എന്ന ഭയം. സമയം അഞ്ചരയായിരുന്നു. മൂന്നുമണിക്കൂറുകൊണ്ട് രക്തമൊഴുക്ക് നിന്നു. ഞാന്‍ സ്റ്റിച്ചിടേണ്ട മുറിയിലേക്ക് പോകാനെന്ന വ്യാജേന പുറത്തുചാടി. മെഡിക്കല്‍ ഷോപ്പില്‍നിന്ന് ഒരു ചെറിയ കുപ്പി തേന്‍ വാങ്ങി. പ്രാര്‍ഥനയോടെ ചുണ്ടിലേക്കിറ്റിച്ച് ലീവെടുത്ത് വീട്ടിലിരുന്നു. ദിവസങ്ങള്‍കഴിയവെ മുറിവുണങ്ങി.
ജീവിതത്തില്‍ ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടപോലെ തോന്നി. വിവാഹത്തിനുമുമ്പ് ഒരുപാടെഴുതിയിരുന്ന ഞാന്‍ എഴുത്തു നിര്‍ത്തി. വായനയില്ലാതെയായി. പലവേദികളില്‍ പ്രസംഗിച്ച്, കവിതചൊല്ലി ആസ്വദിച്ച ജീവിതം ഏകാന്തതയുടേതായി. അതിനിടെയാണ് മകള്‍ക്ക് ന്യുമോണിയ ബാധിച്ച് ആശുപത്രിയിലായത്. ജീവിതത്തിനും മരണത്തിനും ഇടയിലൂടെ കുറെ ദിവസങ്ങള്‍. ഓരോ ദിവസവും പുലര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഭയംകാരണം ആകെ ശരീരം വിറക്കും. ‘‘ഇന്നെന്താണ് കുഞ്ഞിന് പ്രശ്നമുണ്ടാവുക?’’ ഭക്ഷണം വേണ്ടാതെയായി. എന്‍െറ ശരീരം വല്ലാതെ ശോഷിച്ചു. എന്താണസുഖമെന്ന് കാണുന്നവരൊക്കെ ചോദിച്ചു. എന്‍െറ ഒറ്റപ്പെടലിനിടയിലെ സന്തോഷം അവളായിരുന്നു. അവള്‍ക്ക് ജലദോഷം വന്നാല്‍പോലും ഞാന്‍ ഭക്ഷണം കഴിക്കാതെ പ്രാര്‍ഥനയുമായി ആ ദിവസങ്ങളെ വ്രതമാക്കി മാറ്റി. കൂട്ടുകാരനോട് ഭക്ഷണം കഴിക്കാതെ കഴിച്ചെന്ന് കള്ളം പറഞ്ഞു. അരയോളം ഇടതൂര്‍ന്ന് കിടന്നിരുന്ന മൂടി കൊഴിഞ്ഞു. മുഖം ഒട്ടി. കണ്ണുകള്‍ കുഴിയിലാണ്ടു. കണ്ണുകളുടെ തിളക്കം മാഞ്ഞു.
അകാരണമായ ഭയവും ഒറ്റപ്പെടലും കാരണം ഞാന്‍ കൂട്ടുകാരനോട് പൊട്ടിത്തെറിച്ചു. ജീവിതം ഒരു യുദ്ധക്കളമായി. നല്ല വായനക്കാരിയായിരുന്ന ഞാന്‍ പുസ്തകങ്ങളെ വെറുത്തു. എന്‍െറ കൂട്ടുകാരനെ എന്നില്‍നിന്നകറ്റുന്ന ഭീകര ജീവികളായി അവ. വായിക്കാതെ എഴുതാനാവില്ലെന്ന് അവന്‍ വീണ്ടും വീണ്ടും പറഞ്ഞു. ഞാന്‍ അവന്‍െറ കൈയിലെ പത്രമോ പുസ്തകമോ ആയിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നി. ഒരെഴുത്തുകാരി ആയിരുന്നിട്ടും ഞാനവനെ മനസ്സിലാക്കിയില്ല. ഞാന്‍ വല്ലാതെ തളര്‍ന്നു. ഒരു ജീവപര്യന്തം തടവുകാരിയായി ഞാനെന്നെ മാറ്റി. എനിക്കു ചുറ്റും അടുക്കളയുടെ മതിലുകള്‍ ഉയര്‍ന്നുനിന്നു. ചിലപ്പോള്‍ ശ്വാസംകിട്ടാത്തതുപോലെ പിടഞ്ഞു. മുറിച്ചുമാറ്റപ്പെട്ട എന്‍െറ ചിറകുകള്‍ ചോരയില്‍ പിടഞ്ഞുപിടഞ്ഞ് അതിന്‍െറ ചേതനയറ്റു.
പലതവണ എഴുതാന്‍ ശ്രമിച്ചിട്ടും ഒരക്ഷരംപോലും എഴുതാനാവാതെ ഞാന്‍ കരഞ്ഞു. വാക്കുകള്‍ പിടിതരാതെ എനിക്കുചുറ്റും വട്ടമിട്ടുപറന്നു. വെളിച്ചത്തിലേക്കുള്ള എല്ലാ ജാലകങ്ങളും അടഞ്ഞു.
അതിനിടെ, ഒരു ദിവസം എനിക്ക് ശക്തമായ നടുവേദന ആരംഭിച്ചു. നടക്കാനും കുഞ്ഞിനെയെടുക്കാനും വളരെ ബുദ്ധിമുട്ടി. ദിവസങ്ങള്‍ കഴിയുന്തോറും വേദന കൂടിക്കൂടി വന്നു. കുളിക്കാനും അലക്കാനും വല്ലാതെ കഷ്ടപ്പെട്ടു. ഡോക്ടറെ കണ്ടിട്ടും വേദന കുറഞ്ഞില്ല. നട്ടെല്ലിലെ കശേരുക്കള്‍ അകന്നുമാറിയതാണ് കാരണമെന്നു കണ്ടെത്തി. മരണംവരെ വേദനസംഹാരി കഴിക്കുക. അല്ലെങ്കില്‍ ഓപറേഷന്‍. പകരമൊരു വഴിയാണ് ഞാന്‍ തിരഞ്ഞത്. മാസങ്ങള്‍  വേദനിച്ച് കണ്ണുനിറഞ്ഞപ്പോഴും വേദനസംഹാരി ഉപയോഗിച്ചില്ല. ആരോഗ്യത്തിലേക്ക്  പ്രകൃതിയുടെ വഴികളുണ്ടോന്ന് അന്വേഷിച്ചു. തുടര്‍ന്ന്, മാസങ്ങളോളം പ്രകൃതിചികിത്സ. സ്റ്റീം ബാത്ത്, ഹിപ് ബാത്ത്, യോഗ, ഭക്ഷണക്രമീകണം...മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശരീരം എനിക്കു വഴങ്ങാന്‍ തുടങ്ങി. വേദന രണ്ടു വര്‍ഷത്തെ യോഗകൊണ്ട് പൂര്‍ണമായിമാറി.
അതിനിടയിലാണ്, ഞങ്ങള്‍ കുടുംബസമേതം കൂട്ടുകാരന്‍െറ വീട്ടില്‍ പോയ ദിവസം വീട്ടില്‍ മോഷണം നടന്നത്. എനിക്ക് സ്വര്‍ണാഭരണങ്ങള്‍ ഒരുപാട് ധരിക്കുന്നത് ഇഷ്ടമായിരുന്നില്ല. തലേദിവസം അന്നാട്ടിലുണ്ടായ ഒരു ബസ് അപകടത്തില്‍പെട്ട യുവതിയുടെ സ്വര്‍ണം മുഴുവന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മോഷ്ടിക്കപ്പെട്ട വാര്‍ത്ത ഞാന്‍ വായിച്ചിരുന്നു. അതുകൊണ്ടുതന്നെ പത്തു പവനോളം ആഭരണങ്ങള്‍ വീട്ടില്‍വെച്ചായിരുന്നു യാത്ര. അക്കാലത്ത് സ്വന്തമായി ഒരു ഷെല്‍ഫുണ്ടായിരുന്നില്ല. പെട്ടിയിലായിരുന്നു എന്‍െറ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും സ്വര്‍ണവും സൂക്ഷിച്ചുവെച്ചത്. വാതില്‍ കുത്തിത്തുറന്ന് പെട്ടിയുമെടുത്ത് മോഷ്ടാവ് സ്ഥലംവിട്ടെന്ന വാര്‍ത്തയാണ് പിറ്റേന്ന് എന്നെ എതിരേറ്റത്. സ്വര്‍ണത്തെക്കുറിച്ചുള്ള വേവലാതിയായിരുന്നില്ല മനസ്സില്‍. പക്ഷേ, നല്ലവനായ കള്ളന്‍ എന്‍െറ കഠിനാധ്വാനത്തിന്‍െറ ഫലമായ സര്‍ട്ടിഫിക്കറ്റുകള്‍ ആളൊഴിഞ്ഞുകിടക്കുന്ന അടുത്ത പറമ്പില്‍ ഉപേക്ഷിച്ചിരുന്നു.
പൊലീസില്‍ കേസു കൊടുത്തു. കുറ്റവാളിയെപ്പോലെ കൂട്ടുകാരന്‍ പൊലീസ്സ്റ്റേഷന്‍ വരാന്തയില്‍ കാത്തുനിന്നു. ദിവസങ്ങള്‍ നീങ്ങി. എന്തെങ്കിലും വിവരമുണ്ടോയെന്നറിയാന്‍ ഞങ്ങള്‍ പൊലീസ്സ്റ്റേഷന്‍ കയറിയിറങ്ങി. അപ്പോള്‍ അക്കാലത്ത് 150 പവന്‍ മോഷ്ടിക്കപ്പെട്ട വീട്ടുകാര്‍പോലും ഇങ്ങനെ സ്റ്റേഷനില്‍ ബുദ്ധിമുട്ടിക്കാറില്ലെന്നായിരുന്നു പൊലീസിന്‍െറ കമന്‍റ്. അവരുടെ 150 പവനെക്കാള്‍ വിലപിടിച്ചതാണിതെന്ന് ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി. വര്‍ഷം ഒന്നുകഴിഞ്ഞപ്പോള്‍ കേസ് എഴുതിത്തള്ളിയതായി അറിയിപ്പുകിട്ടി. അതിനിടെയാണ് യോഗാചാര്യന്‍ മോഹന്‍ദാസിനെ കാണുന്നത്.  തുടര്‍ന്ന്, വീണ്ടും യോഗപഠനം. മനസ്സും പ്രപഞ്ചവുമായുള്ള താളം എന്തെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പതിയെ, എന്‍െറ ജീവിതത്തോടുള്ള കാഴ്ചപ്പാടുതന്നെ മാറി. വീണ്ടും പഠനത്തിലേക്കു തിരിച്ചുവന്നു. ഇംഗ്ളീഷിലും സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദം നേടി.  അതിനിടെ കൗണ്‍സലിങ് സ്കില്‍ മെച്ചപ്പെടുത്താനായി വര്‍ക്ഷോപ്പുകളിലും സെമിനാറുകളിലും പങ്കാളിയായി. ജീവിതം എനിക്കു സമ്മാനിച്ച ഓരോ വേദനകളും എന്തിനായിരുന്നു എന്ന് ഞാനിന്ന് തിരിച്ചറിയുന്നു. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയില്ലായിരുന്നെങ്കില്‍ ഞാന്‍ വെറുമൊരു അധ്യാപികയായി അടുക്കളയിലൊതുങ്ങുമായിരുന്നു.
ഈ കുറിപ്പെഴുതുമ്പോള്‍ തീവ്രമായ ഏകാന്തതയുടെ വേദന അനുഭവിക്കുന്ന എന്‍െറ പ്രിയപ്പെട്ട പത്രപ്രവര്‍ത്തകസുഹൃത്തുക്കളുടെ ഭാര്യമാരെ ഓര്‍ക്കുന്നു.
എന്‍െറ ചിറകുകള്‍ തിരിച്ചുതന്നത് എന്‍െറ അമ്മയാണ്. അടുക്കളയിലെരിഞ്ഞുതീരാനും മകളെ സുരക്ഷിതമായി നോക്കാനും അവരില്ലായിരുന്നെങ്കില്‍ സാധിക്കില്ലായിരുന്നു. എന്‍െറ കൂട്ടുകാരന്‍ വെറുമൊരു മുരടനായ ഭര്‍ത്താവായിരുന്നെങ്കില്‍ എന്‍െറ ജീവിതം അടുക്കളയില്‍ തേഞ്ഞുതീരുമായിരുന്നു.

(ലേഖിക ഇംഗ്ളീഷ് അധ്യാപികയാണ്)
l


കണ്‍മഷി

മുന്‍ ലക്കങ്ങള്‍