എല്ലാ രോഷങ്ങളെയും ഊതിക്കെടുത്താനാവില്ല | Madhyamam Weekly
Weekly


എല്ലാ രോഷങ്ങളെയും ഊതിക്കെടുത്താനാവില്ല

ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടയിലും കൂടങ്കുളം ആണവ വൈദ്യുതിനിലയം തുറക്കാന്‍തന്നെയാണ് ജയലളിത സര്‍ക്കാറിന്‍െറ തീരുമാനം. ആണവനിലയ പ്രശ്നത്തില്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച ജയലളിത തിരുനെല്‍വേലി ജില്ലയിലെ ശങ്കരന്‍കോവില്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന്‍െറ തൊട്ടുപിറ്റേന്ന് നിലപാട് മാറ്റിയതായാണ് റിപ്പോര്‍ട്ട്.
രാഷ്ട്രീയ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എപ്പോഴും വാക്കുമാറ്റാവുന്ന നാടാണ് നമ്മുടേത്. കൗശലങ്ങളുടെയും കള്ളങ്ങളുടെയും ബലത്തിലാണ് അവരുടെ ജീവിതം.
1988ലെ ഇന്ത്യ- റഷ്യ കരാറനുസരിച്ച് റഷ്യന്‍ സാങ്കേതിക സഹായത്തോടെ 2001ലാണ് 13,000 കോടി രൂപ ചെലവില്‍ ഈ ആണവ വൈദ്യുതിനിലയത്തിന്‍െറ നിര്‍മാണം തുടങ്ങിയത്.
അതേസമയംതന്നെ, കൂടങ്കുളം ആണവനിലയത്തിനെതിരായ ജനകീയ പ്രക്ഷോഭവും ആളിക്കത്തുന്നുണ്ട്. ആണവനിലയം തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സമരസമിതി  കോഓഡിനേറ്റര്‍ എസ്.പി. ഉദയകുമാര്‍, സമിതി അംഗം പുഷ്പരായന്‍ എന്നിവര്‍ മരണംവരെ നിരാഹാരം തുടങ്ങിയിരിക്കുകയാണ്. ചെര്‍ണോബില്‍ ദുരന്തം നമ്മുടെ മുന്നിലുണ്ട്. ഫുകുഷിമ ആണവദുരന്തത്തിനുശേഷം ആണവോര്‍ജ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന അഭിപ്രായം ചിന്തിക്കുന്നവര്‍ക്കിടയില്‍ ലോകമെമ്പാടും ഉയര്‍ന്നുവന്നിട്ടുണ്ട്.
കൂടങ്കുളത്ത് സ്ഥാപിച്ചിരിക്കുന്ന ആണവനിലയം റഷ്യന്‍ സാങ്കേതിക സഹായത്തോടെയാണെന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഫുകുഷിമ ദുരന്തത്തിനുശേഷം റഷ്യതന്നെ നടത്തിയ ഒരു പഠനത്തില്‍ റഷ്യന്‍ ആണവനിലയങ്ങളുടെ അപര്യാപ്തതയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഭരണകൂടത്തിന്‍െറ ആരോപണങ്ങളും അടിച്ചമര്‍ത്തലുകളുംകൊണ്ട് എല്ലാ പ്രക്ഷോഭങ്ങളും ഇല്ലാതാക്കാനാവില്ല. എല്ലാ രോഷങ്ങളെയും ഊതിക്കെടുത്താനാവില്ല.
‘‘ഇരുമ്പ്...ഇരുമ്പ്
ഒരമ്മ പഴയൊരിരുമ്പുകട്ടില്‍ വില്‍ക്കുന്നു.
ഒരുകട്ടില്‍
രണ്ടു കമിതാക്കള്‍ ഈ കട്ടിലിലായിരുന്നു
ഒന്നിച്ചിരുന്നത്.
രണ്ടു കൈകളൊന്നിച്ച് പിണച്ചിരുന്നത്.
അഗാധമായ ജീവിതത്തിന്‍െറ വിളി
കഷ്ടം!
നാളെയത് ബോംബുകളും കത്തികളുമായി മാറുന്നു’’
-ബദര്‍ശാക്കിര്‍ അല്‍സയ്യാബിന്‍െറ ഒരു കവിത.


മുന്‍ ലക്കങ്ങള്‍