മസ്കാര | Madhyamam Weekly
Weekly


മസ്കാര

മീന കന്ദസ്വാമി

കീഴ്പ്പെട്ട്
മരിക്കുന്നതിനു തൊട്ടുമുമ്പ്
ഒരിക്കല്‍കൂടി അവള്‍
മസ്കാരയണിയുന്നു...

എപ്പോഴത്തെയുംപോലെ
അന്തസ്സിന്‍െറ
അവസാന നിമിഷങ്ങളില്‍,
അവളിലെ വിളിപ്പെണ്ണ്
മടിച്ചുനില്‍ക്കുന്നു.

കണ്ണുടക്കുന്ന കണ്ണുകളോടെ
ഒന്നു ഞെട്ടി...!
ചായംപൂശിയ കണ്ണുകള്‍
അവളുടെ അരക്കെട്ടിന്‍െറ
കളങ്കങ്ങളെയോര്‍ത്തു
വിലപിക്കയാവാം...

മസ്കാര,
അവളോടു പറയുന്നു
തന്‍െറ കന്യമനസ്സില്‍
കുഴിച്ചുമൂടപ്പെട്ട സ്വപ്നങ്ങള്‍ക്ക്
കറുത്ത അരികുകളാണ്,
കണ്‍വരകള്‍പോലെ...

ഒച്ചയില്ലാതെയവള്‍
വിമ്മുന്നു,
അവളെപോലെ,
അവളുടെ കണ്ണീരും കറുപ്പാണ്.

ഒരുപാടുപണ്ട്,
പിന്തുടരാനാവാത്ത,
ചിതറിപ്പോയ
ദാസിപ്പെണ്‍പരമ്പരകളിലെവിടെയോ
അവള്‍ ആശ്വാസം തേടുന്നു...

ശതാബ്ദങ്ങളായി
അങ്ങനെതന്നെ,
കീഴ്പ്പെട്ട ഉടലുകളെ
പൊത്തവാക്കുകളാണ്
തലോടുക.

കാമം...!
അവളുടെ ദാസിത്തൊലിയില്‍
പറ്റിപ്പിടിച്ചിരിക്കുന്നു...
അതിന്മേലുള്ള
പഴികള്‍ മായുന്നേയില്ല...
മുക്തി കിട്ടുന്നില്ലവള്‍ക്ക്...

ദേവന്മാരെ
പ്രണയിച്ചതിന്‍െറ
കഥകളെവിടെ?
വെറുമൊരു കാമവേലയെന്ന
ആര്‍പ്പുവിളികള്‍ മാത്രം...

എന്നിട്ടും,
അവള്‍ കെഞ്ചുന്നു...
അവളുടെ പ്രാര്‍ഥനകള്‍
മറുപടികളെ ചൊടിപ്പിക്കുന്നു...
അവള്‍ക്കായി തര്‍ക്കിച്ചപ്പോള്‍
ദേവന്‍െറ വമ്പുകളുടയുന്നു...
അവളുടെ നിസ്സഹായതക്കു
ദേവന്മാരെ തെറ്റിക്കാനാവുന്നില്ലാ...
അല്ല...!
അവര്‍പോലുമവളുടെ
സ്വപ്നങ്ങളുടെ അഗാധത അറിയുന്നില്ല...

അവളുടെ ചമയക്കൂട്ടെല്ലാം
ഒരിക്കല്‍
യുദ്ധച്ചായങ്ങളായിരുന്നെന്നു
അവള്‍ വിശ്വസിക്കുന്നു.
അവയുടെ ഉയിര്‍ത്തെണീപ്പ്
അവളിന്നും കാത്തുനില്‍ക്കുന്നു...

അവള്‍
മസ്കാരയണിയുമ്പോള്‍,
സ്വര്‍ഗമൊരു
നിമന്ത്രണം കേള്‍ക്കുന്നു,
‘‘കാളീ, നീ ഇതും അണിയൂ...’’
l


കവിത

മുന്‍ ലക്കങ്ങള്‍