
തൊടിയില്‍ പണ്ട് മയങ്ങിക്കിടന്ന
പച്ചയുടെ കടലിനെപ്പറ്റി
പഴയ വീട് പറയും.
കൊടുങ്കാടുകള്‍കൊണ്ടായിരുന്നു
അന്നത്തെ വീടുകള്‍ നിര്‍മിച്ചത്.
മുളയിലകൊണ്ടും മുള്ളുകള്‍കൊണ്ടും
മേഞ്ഞിരുന്നു അക്കാലത്തെ
തോന്നലുകളെ.
വീട്ടിനുള്ളില്‍നിന്നുമിടയ്ക്കിടെ
മുരള്‍ച്ചകളും മുഴക്കങ്ങളും കേട്ടിരുന്നു
പക്ഷിച്ചിലപ്പുകളും വെടിയൊച്ചകളും
ചിലപ്പോള്‍.
അന്നത്തെ ഭിത്തികള്‍
തടിക്കാതല്‍പാളികളാല്‍
കാട് മണപ്പിച്ചു,
ഏതോ മൃഗങ്ങള്‍ നേരമ്പോക്കിന്
മുഖമുരുമ്മിയതിന്‍െറ പാടുകള്‍, മുഴകള്‍
മേലാപ്പുകള്‍ ചോര്‍ന്ന് ആകാശമൊലിപ്പിച്ച
രാത്രിയുടെ പൊള്ളത്തരങ്ങള്‍,
മനുഷ്യമുഖപ്പുകള്‍ വെട്ടുകല്‍ച്ചിത്രങ്ങള്‍
നോക്കിയെടുക്കാവുന്ന
കരിഞ്ചായലുകള്‍, കണ്‍മിഴിപ്പുകള്‍.
എന്തോ ഓര്‍ത്ത് നിന്നിരുന്ന
കാട്ടുമരങ്ങളെ
അങ്ങനെതന്നെ വിളിച്ചോണ്ടുവന്ന്
നിന്നനില്‍പില്‍ നിര്‍ത്തിയ
പെരുന്തൂണുകള്‍,
ഉത്തരങ്ങളും മച്ചും മോന്തായവും
ഒച്ചകളുറങ്ങിക്കിടന്ന മൂലകളും
കട്ടിളയും കഴുക്കോലും
പ്ളാവുന്തടികൊണ്ടുള്ള തുണിയലമാരയും
കിലുക്കങ്ങളും കുലുക്കങ്ങളും
തടിക്കോണിയുടെ ഇളക്കങ്ങളും
പാളക്കപ്പിയുടെ കുണുക്കങ്ങളും
എന്നിങ്ങനെ കാടുകൊണ്ടുമാത്രം പണിത
വീടുകള്‍ പണ്ട് ജീവിച്ചിരുന്നു.
മഷിക്കുപ്പി മറിച്ചുവീഴ്ത്തിയ
ഒരു കറുത്ത ദ്രവപ്പരപ്പ്
വീട്ടിനുള്ളിലെ പ്രേതക്കണ്ണാടിയായി
പിന്നീട്
എല്ലാ ഇരുട്ടിനെയും പ്രതിഫലിപ്പിക്കുവാന്‍
തുടങ്ങി.
വീട്ടുപച്ചയും നാട്ടുപച്ചയും
കാട്ടുപച്ചയും വാക്കുപച്ചയും
അതിലലിഞ്ഞുപോയ്.
ഇപ്പോള്‍
ഒരുമ്മകൊണ്ടിങ്ങനെയുണര്‍ത്തുന്നു
വാതിലിന്‍ കണ്ണിലേകാന്തതപ്പച്ച
മണ്ണടര്‍ന്ന കല്‍ഭിത്തിയില്‍ തൊട്ട്
നെഞ്ചടര്‍ത്തുന്ന നൊമ്പരപ്പച്ച
പാട്ടുപച്ചയില്‍നിന്നും പുലര്‍ച്ചകള്‍
ഓട്ടുവിള്ളലില്‍നിന്നുമാകാശങ്ങള്‍
കണ്ടെടുക്കുന്നു, കല്ലിന്‍ മുഖംപൊത്തി
വാടിവീഴാത്ത പായലിന്‍ പച്ച.
മേശപ്പുറത്ത്
പുതിയ ഒരു കത്തിയും
പറമ്പില്‍നിന്നും തലയരിഞ്ഞ
പാവം പുല്‍ക്കൊടിയും
വിശ്രമിക്കുന്നു.