സിനിമയില്‍ ശബ്ദം വില്‍പനച്ചരക്കാണ്. പണ്ട് അതിനു നല്ല മാര്‍ക്കറ്റുണ്ടായിരുന്നിട്ടും കാര്യമായ വില ലഭിച്ചിരുന്നില്ല. ശബ്ദം വില്‍ക്കാന്‍ നടന്നവര്‍ക്ക് സിനിമയുടെ അയല്‍വക്കത്തുപോലും ചെന്നെത്താന്‍ അവകാശമില്ലായിരുന്നു. അവര്‍ സിനിമയിലെ ചണ്ഡാളന്മാര്‍. അതെ, വെറും നാലാംതരക്കാര്‍. ശബ്ദത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അവരെ ആരും എങ്ങും പരാമര്‍ശിച്ചില്ല. അവര്‍ക്ക് വ്യക്തിത്വമുള്ളതായി ആരും അംഗീകരിച്ചതുമില്ല. പ്രതിഫലവും തുച്ഛമായിരുന്നു. ഇരുട്ടില്‍ മൈക്കിനു മുന്നില്‍നിന്ന് മുഖം നഷ്ടപ്പെടുത്തി, വിശാലമായ സ്ക്രീനില്‍നോക്കി ശബ്ദംനല്‍കാന്‍ വിധിക്കപ്പെട്ട വര്‍ഗം. മുമ്പ്, വളരെ മുമ്പ്, വിജയവാഹിനി സ്റ്റുഡിയോയുടെ ഇരുണ്ട അകത്തളങ്ങളില്‍വെച്ച് ഒരു ഡബ്ബിങ് താരം പറയുന്നതുകേട്ടു, ഏതോ ദൈവകോപത്തിന്‍െറ ഫലമായി ജനിച്ചവരാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെന്ന്. ദൈവത്തിന് ഇഷ്ടപ്പെടാത്ത ഏതോ പ്രവൃത്തി ചെയ്തപ്പോള്‍ ശാപവചസ്സുകള്‍ വന്നു: ‘‘അശരീരിപോലെ നിന്‍െറ ശബ്ദം തിയറ്ററുകളില്‍ മുഴങ്ങട്ടെ. നിന്‍െറ രൂപം അങ്ങനെ ഇല്ലാതാകട്ടെ. ജനം നിന്നെ ഒരിക്കലും കാണാതെപോകട്ടെ.’’ ദൈവശാപം ഏറ്റുവാങ്ങിയ ആ പാവത്തിന്‍െറ സന്തതിപരമ്പരകളാണ് പിന്നീട് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളായി മാറിയതെന്നായിരുന്നു ഡബ്ബിങ്താരത്തിന്‍െറ കണ്ടെത്തല്‍.
ദൈവശാപം ചിലര്‍ക്ക് ഉപകാരമായി. ചിലര്‍ക്ക് ദുരന്തവും. ശാപഗ്രസ്തരായ അവര്‍ ശബ്ദസിനിമയുടെ ആവിര്‍ഭാവത്തോടെ മദ്രാസിലെ തിയറ്ററുകളില്‍നിന്ന് തിയറ്ററുകളിലേക്ക് ഉപജീവനത്തിനുവേണ്ടി സഞ്ചരിച്ചുകൊണ്ടേയിരുന്നു. സിനിമയില്‍ തങ്ങളുടെ ഭാഗം വരുന്നതും കാത്ത് തൊണ്ട ശുദ്ധമാക്കി അവര്‍ റെക്കോഡിങ് സ്റ്റുഡിയോയുടെ കോലായകളില്‍ തമ്പടിച്ചിരുന്നു. അവരുടെ ലോകം വ്യത്യസ്തമായിരുന്നു. കുശുമ്പും കുന്നായ്മയുമൊക്കെ ഭരിച്ചിരുന്ന പ്രത്യേക സംസ്കാരം. അവരില്‍ പലരും അവിടെ പുതിയ ഇണകളെത്തേടി. ചിലര്‍ വസ്ത്രംമാറുന്നപോലെ സ്വന്തം ഇണകളെ നിഷ്കരുണം ഉപേക്ഷിച്ച് പുതിയവയെ സ്വീകരിച്ചു. അവര്‍ ജീവിതത്തിന്‍െറ പ്രാരബ്ധങ്ങള്‍ക്കിടയിലും സ്വന്തം സംസ്കാരം നിലനിര്‍ത്തി. സിനിമയുടെ സൂര്യകിരണങ്ങള്‍ കോടമ്പാക്കത്ത് അസ്തമിക്കാന്‍ തുടങ്ങിയ എണ്‍പതുകളുടെ മധ്യത്തോടെ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ ജീവിതത്തിലും മാറ്റവും മറച്ചിലുകളും സംഭവിച്ചു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും കൊച്ചുകൊച്ച് റെക്കോഡിങ് തിയറ്ററുകള്‍ കേന്ദ്രമാക്കി പുതിയൊരു നിര ഉയര്‍ന്നുവരുന്നത് അവര്‍ നേരിട്ടുകണ്ടു. ഐ.എസ്.ആര്‍.ഒ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍പോലും ഡബ്ബിങ് രംഗത്തേക്ക് കടന്നുവന്നു. അവര്‍ തങ്ങളുടെ ജോലി ഭംഗിയായി നിര്‍വഹിച്ചു. പാര്‍ട്ടൈം ഡബ്ബിങ് ജോലിയേറ്റെടുക്കുന്ന അവരുടെ സംസ്കാരം വ്യത്യസ്തമായിരുന്നു. കോടമ്പാക്കത്തുനിന്ന് കേരളത്തിലെത്തിയവര്‍ക്ക് അവിടെ പിടിച്ചുനില്‍ക്കാനായില്ല. അവര്‍ കാലക്രമത്തില്‍ വിസ്മൃതിയുടെ ക്ഷീരപഥങ്ങളില്‍ വിലയംപ്രാപിച്ചു.
കോടമ്പാക്കത്തെ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സിനിമാക്കാരുടെ മനസ്സിലോടിയെത്തുന്നത് കോട്ടയം ശാന്തയുടെ പേരായിരിക്കും. പരിചയവും പക്വതയുമൊക്കെയുള്ള ആ ശബ്ദം ഇന്നും മലയാളസിനിമയുടെ നവഭാവുകങ്ങളില്‍ പ്രതിധ്വനിക്കുന്നുണ്ട്. ശാരദ, സീമ, ലക്ഷ്മി, പൂര്‍ണിമാജയറാം, മാധവി, സ്വപ്ന തുടങ്ങിയവര്‍ക്കൊക്കെ ശബ്ദംനല്‍കിയത് കോട്ടയം ശാന്തയായിരുന്നു. മലയാള സിനിമയുടെ മുപ്പതോളം വര്‍ഷത്തെ ‘ശബ്ദചരിത്രത്തില്‍’ ശാന്തയുടെ സ്ഥാനം വളരെ വളരെ മുന്നിലാണ്. പലരെയുംപോലെതന്നെ മുന്‍ധാരണയൊന്നുമില്ലാതെയാണ് ശാന്തയും ഡബ്ബിങ് മേഖലയിലെത്തുന്നത്. ആടാനും പാടാനും ഈണമിടാനും താളംപിടിക്കാനുമൊക്കെ വന്നിട്ട് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളായിത്തീര്‍ന്നവരുടെ പട്ടികയില്‍ത്തന്നെയാണ് കോട്ടയം ശാന്തയുടെ പേരും എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഗാനഭൂഷണം കഴിഞ്ഞ് മദിരാശിയിലേക്ക് ശാന്ത വണ്ടികയറുന്നത് അറുപതുകളുടെ തുടക്കത്തിലാണ്. സിനിമയില്‍ തനിക്ക് മികച്ച ഗായികയായിത്തീരാമെന്ന ആത്മവിശ്വാസമായിരുന്നു അവരുടെ മുതല്‍ക്കൂട്ട്. പക്ഷേ, പാടാനെത്തിയ അവര്‍ എങ്ങനെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായിത്തീര്‍ന്നു? അതൊക്കെ സിനിമയുടെ ചരിത്രത്തില്‍ അവ്യക്തമായിക്കിടക്കുന്ന കഥകളാണ്.
അമ്പതുകളില്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത, മെരിലാന്‍ഡിന്‍െറ ‘അനിയത്തി’ എന്ന ചിത്രത്തിലൂടെയാണ് ശാന്ത സിനിമയിലെത്തുന്നത്. അന്നു 13 വയസ്സ്. പുരുഷകഥാപാത്രത്തെ തൊട്ടഭിനയിക്കണമെന്നു പറഞ്ഞപ്പോള്‍ പറ്റില്ലെന്നു തുറന്നുപറഞ്ഞു. അങ്ങനെ ആരെയും തൊടാത്ത ചെറിയൊരു വേഷംകെട്ടിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നു. സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ഗാനഭൂഷണത്തിനു ചേര്‍ന്നു. സംഗീതം പഠിച്ച സ്ഥിതിക്ക് ഇനി പിന്നണിയില്‍ വിലസാനാകുമെന്നുതന്നെ ആ പെണ്‍കുട്ടി നിശ്ചയിക്കുന്നു. അങ്ങനെ മദ്രാസിന്‍െറ ഉള്‍ത്തുടുപ്പായ കോടമ്പാക്കത്തിന്‍െറ വിരിമാറിലേക്ക് വണ്ടികയറുകയാണ്. ഗാനഭൂഷണം കഴിഞ്ഞ തനിക്ക് ചാന്‍സ് കിട്ടാതിരിക്കില്ല. അവര്‍ മനസ്സിലുറച്ചുകൊണ്ടാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നത്. ജീവിതം വഴിമുട്ടിയപ്പോള്‍ ടൈപ്പ്റൈറ്റിങ് പഠിക്കാമെന്നുറച്ചു. പഠിച്ചു. ചെറിയൊരു കമ്പനിയില്‍ ടൈപ്പിസ്റ്റായി പണി ലഭിച്ചു. അക്കാലത്താണ് ചന്ദ്രതാരയുടെ ചിത്രത്തിനുവേണ്ടി പാടാന്‍ കോട്ടയം ശാന്തക്ക് ആദ്യമായി അവസരം ലഭിക്കുന്നത്. അതൊരു കോറസ്സായിരുന്നു. പലപ്പോഴും പാട്ടുകാരന്‍െറ/ പാട്ടുകാരിയുടെ കഴിവു മനസ്സിലാക്കാന്‍ പോരുന്നതല്ലല്ലോ കോറസ് എന്ന നപുംസകം! താന്‍ കോറസ്സില്‍ പാടിയെന്നു പറഞ്ഞാല്‍ ജനം ചിരിക്കുമെന്നതിനാല്‍ പുറത്തുപറയാനും ശാന്തക്ക് മടി (ഞാന്‍ സിനിമയിലെ ജാഥയില്‍ അഭിനയിച്ചു എന്നു പറയുന്നപോലുള്ള നാണക്കേട്). തുടര്‍ന്ന് ‘ശബരിമല ശ്രീ അയ്യപ്പനി’ല്‍ ‘‘പദതളിര്‍ തൊഴുന്നേന്‍...’’ എന്ന പ്രശസ്ത സോളോ വി.എസ്. ശാന്ത എന്നപേരില്‍ പാടി തനിക്കും കഴിവുണ്ടെന്നു തെളിയിക്കുന്നു. പക്ഷേ, എല്ലാറ്റിനും പിന്തുണയാവശ്യമാണല്ലോ. പുഷിങ് കിട്ടാത്തവര്‍ക്ക് ജാനകിയാകാന്‍ കഴിയില്ല. സുശീലയാകാന്‍ കഴിയില്ല. പി. ലീലയാകാന്‍ കഴിയില്ല. എന്തിന്, എല്‍.ആര്‍. ഈശ്വരിപോലും ആകാന്‍ കഴിയില്ല. അതാണ് അനുഭവത്തിലൂടെ അവര്‍ പഠിച്ചത്. ശാന്ത സിനിമയുടെ മറിമായങ്ങള്‍ നോക്കി അന്തിച്ചുനിന്നു.
ആയിടക്കാണ് അഭയദേവ് തന്‍െറ നാട്ടുകാരിയും ബന്ധുവുമായ ശാന്തയെ കാണാനിടയായത്. അദ്ദേഹം തെലുങ്കില്‍നിന്ന് ‘സീതാരാമകല്യാണം’ മലയാളീകരിക്കുന്ന തിരക്കിലായിരുന്നു. എന്‍.ടി. രാമറാവു, ബി. സരോജാദേവി, നാഗയ്യ തുടങ്ങിയവരാണ് താരങ്ങള്‍. ടി.ആര്‍. ഓമനയുടെയും ശാന്തയുടെയും ശബ്ദം റെക്കോഡ് ചെയ്തുനോക്കി. ആദ്യ കടമ്പയില്‍ ശാന്ത വിജയിച്ചു. ശബ്ദം ഉചിതമാണെന്ന് അഭയദേവ് കണ്ടെത്തി. ‘സീതാരാമകല്യാണ’ത്തിലൂടെ അവരുടെ ശബ്ദം തിയറ്ററുകളില്‍ മുഴങ്ങി. തനിക്ക് ഡബ്ബിങ് പണിയും വഴങ്ങുമെന്ന് ശാന്ത തെളിയിക്കുകയായിരുന്നു. അതാ വരുന്നു അടുത്ത കഥാപാത്രം ‘കരുണ’യിലെ വാസവദത്ത. പ്രഗല്ഭനടി ദേവികയാണ് ആ കഥാപാത്രത്തെ ‘കരുണ’യില്‍ അവതരിപ്പിക്കുന്നത്. വളരെയധികം ഭാവമാറ്റങ്ങള്‍ വേണ്ടുന്ന ആ കഥാപാത്രത്തെയും ശാന്ത ഭംഗിയാക്കി. അങ്ങനെ അവര്‍ ഡബ്ബിങ്രംഗത്ത് മുന്നിലായി. പക്ഷേ, പാട്ടുകാരിയാകാന്‍ കഴിയാത്തതിന്‍െറ ദു$ഖം മനസ്സില്‍ അലയടിച്ചു. ഒരിക്കല്‍ ഇംഗ്ളീഷ് ഡോക്യുമെന്‍ററിക്കുവേണ്ടി സാലിഗ്രാമിലെ സര്‍ഗം തിയറ്ററില്‍ വെച്ച് അവര്‍ ശബ്ദം നല്‍കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇത്ര മനോഹരമായി ഇംഗ്ളീഷും തനിക്കിണങ്ങുമെന്ന് ശാന്ത തെളിയിച്ച സന്ദര്‍ഭം.
ലക്ഷ്മി, പൂര്‍ണിമാജയറാം, മാധവി, സ്വപ്ന, സീമ തുടങ്ങിയവരുടെ പല കഥാപാത്രങ്ങളും ശ്രദ്ധേയമായത് ശാന്തയുടെ ശബ്ദത്തിന്‍െറ മഹത്ത്വംകൊണ്ടായിരുന്നു. ശബ്ദംം നല്‍കുന്നവരോട് ഏറെ ആദരവുപ്രകടിപ്പിക്കുന്നത് നടി ലക്ഷ്മിയാണെന്ന് പലപ്പോഴും ശാന്ത പറയാറുണ്ടായിരുന്നു. ‘‘ഞാന്‍ സിനിമയില്‍ ജീവിക്കുന്നത് ശാന്തയിലൂടെയാണ്’’-ലക്ഷ്മിയുടെ അന്നത്തെ വാക്കുകള്‍ ആവേശം പകരുന്നതാണ്. പക്ഷേ, മാധവിയെപ്പോലുള്ള നടികള്‍ ശബ്ദം വില്‍ക്കുന്നവരോട് വലിയ മമതയൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് അന്ന് ശാന്ത പറഞ്ഞിരുന്നു. സിനിമയിലെ നാലാംകിട വര്‍ഗക്കാരായ ശബ്ദം വില്‍ക്കുന്നവരുടെ ദുരവസ്ഥയെക്കുറിച്ച് ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന വാരികയില്‍ വിശദമായ പരമ്പരതന്നെ എഴുതി. പി.ജി. വിശ്വംഭരനാണ് അതിനു അനുകൂലമായി ആദ്യം പ്രതികരിച്ചത്. വിശ്വംഭരന്‍െറ അടുത്ത ചിത്രത്തില്‍ അതിലെ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ മൊത്തം പേരുകളും വളരെ വിശദമായി ക്രെഡിറ്റുകളുടെ മുന്നില്‍തന്നെ കൊടുത്തു. പിന്നീട് മറ്റുള്ളവര്‍ക്കും വിശ്വംഭരന്‍െറ പാത തുടരേണ്ടിവന്നു. അങ്ങനെ പിന്നാക്കക്കാരായ ഡബ്ബിങ് കലാകാരന്മാര്‍ക്ക് പുതിയ തലക്കുറിയുണ്ടായി, വിലാസമുണ്ടായി.
എണ്‍പതുകളുടെ അന്ത്യത്തോടെ ഡബ്ബിങ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ സിനിമയില്‍ ശാന്തയുടെ പ്രഭാവം മങ്ങിത്തുടങ്ങി. പുതിയ നായികമാര്‍ വന്നു. ഭാഗ്യലക്ഷ്മി, ശ്രീജ, അമ്പിളി തുടങ്ങിയ പുതിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ രംഗം കൈയടക്കി. ശാന്തയുടെ ശബ്ദത്തിന് ഉലച്ചില്‍ പറ്റിയോ? അറിയില്ല. പക്ഷേ, ആരും അവരെത്തേടി കെ.കെ നഗറിലെ മുപ്പത്താറാം സെക്ടറിലെ വീട്ടിലെത്തിയില്ല. അവര്‍ സ്വയം ഉള്‍വലിയുകയായിരുന്നു. ഓര്‍മകളുടെ പച്ചത്തുരുത്തുകള്‍ കത്തിയെരിയുന്നതിനു മുമ്പ് ശാന്ത വീടും കാറുമൊക്കെ വിറ്റ് മകളെയും എന്നും സഹായിയായി ഒപ്പം നിന്ന സുരേഷിനെയും കൂട്ടി തിരുവനന്തപുരം മെയിലില്‍ കയറി കോട്ടയത്തേക്ക് യാത്രയായി.
ഏറെക്കാലത്തിനുശേഷം എറണാകുളത്തെ ഒരു ടെലിവിഷന്‍ പരമ്പരയുടെ സെറ്റില്‍വെച്ചാണ് ഞാന്‍ കോട്ടയം ശാന്തയെ അവസാനമായി കാണുന്നത്. അവരെ വാര്‍ധക്യം വല്ലാതെ ആക്രമിച്ചിരുന്നു. കോടമ്പാക്കത്തെ സ്റ്റുഡിയോകളില്‍ കണ്ട പ്രസരിപ്പു നഷ്ടപ്പെട്ടിരിക്കുന്നു. എങ്കിലും, സൗഹൃദത്തിലെങ്ങും മൂടുപടം വീണിരുന്നില്ല. ശാന്തയുടെ സ്വകാര്യജീവിതം എന്നും മറ്റുള്ളവര്‍ക്ക് അജ്ഞാതമായിരുന്നു. അതൊക്കെ പറയാന്‍ അവര്‍ മടിച്ചിരുന്നു എന്നതാണ് സത്യം. സന്തതസഹചാരിയായി എന്നും ഉണ്ടായിരുന്ന, പാട്ടുപാടാന്‍ കോടമ്പാക്കെത്തിയ സുരേഷിന്‍െറ മരണമാണ് ആദ്യം അവരെ തകര്‍ത്തുകളഞ്ഞത്. മകളുടെ വിവാഹത്തോടെ അവര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഏകാന്തതയുടെ തുരുത്തില്‍ ശാന്ത ഏറെക്കാലം കഴിഞ്ഞു. ആരുടെയും അകമ്പടിയില്ലാതെ, ആരെയും കാത്തുനില്‍ക്കാതെ കോട്ടയം ശാന്ത യാത്രയായി. അവരുടെ അടക്കിപ്പിടിച്ച കരച്ചിലും ചിരിയും നനുത്ത ഹൃദ്യമായ സംഭാഷണങ്ങളും ലക്ഷ്മിയിലൂടെ, സീമയിലൂടെ, മാധവിയിലൂടെ, പൂര്‍ണിമാജയറാമിലൂടെ, സ്വപ്നയിലൂടെ ഇന്നും കേരളത്തിലെ കൊച്ചുഗ്രാമങ്ങളില്‍പോലും അലയടിക്കുന്നു. അതെ, കോട്ടയം ശാന്തയുടെ ശബ്ദത്തിനു മരണമില്ല. അമരവാണി.