
ഡ്രൈവര്‍ സുകുമാരന്‍െറ മൊഴിയനുസരിച്ച് സന്തോഷിന്‍േറത് അസ്വാഭാവിക മരണമായി കണക്കാക്കി മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു (ക്രൈം നമ്പര്‍ 3553/95). മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.കെ. വാസുദേവ മേനോനാണ് അന്വേഷണം നടത്തിയത്. മേയ് 23ന് അന്വേഷണം ആരംഭിച്ചു.
കേസ് അന്വേഷിക്കുന്നതിനുപകരം പൊലീസ് ആദ്യദിവസങ്ങള്‍ മുതല്‍ ചെയ്തത് സന്തോഷിന്‍െറ സദാചാരത്തെക്കുറിച്ച് കഥകള്‍ മെനയാനാണ്. പൈങ്കിളിക്കഥകള്‍ അന്നുതന്നെ പൊലീസ് പത്രങ്ങള്‍ക്ക് നേരിട്ട് എത്തിച്ചുകൊടുത്തു. സന്തോഷിന്‍െറ പ്രതിച്ഛായയെ കരിവാരിത്തേക്കാനായിരുന്നു ഇത്. അതേസമയം, സന്തോഷിന്‍െറ സ്വകാര്യ ഡയറി രഹസ്യമായി എടുത്തുമാറ്റി. അതില്‍ പ്രധാനപ്പെട്ട ചില വിവരങ്ങളും പരാമര്‍ശങ്ങളുമുണ്ടായിരുന്നു. അതെവിടെയാണെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ല.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സന്തോഷിന്‍െറ മൃതദേഹത്തില്‍ ബാഹ്യമായ മുറിവുകളോ ചതവുകളോ കാണുന്നില്ലെന്ന് പറഞ്ഞു. കൃത്യമായ കാരണമറിയാന്‍ രാസപരിശോധന ആവശ്യമായതിനാല്‍ അവസാന നിഗമനത്തിന് അദ്ദേഹം തയാറായില്ല. എന്നാല്‍, മൃതദേഹം കണ്ടെത്തിയ ദിവസം വൈകീട്ടുതന്നെ പൊലീസ് സൂപ്രണ്ട് പത്രങ്ങള്‍ക്ക് നല്‍കിയ വിവരം, സന്തോഷ് വിഷം കഴിച്ച് മരിച്ചുവെന്നാണ്. അതെങ്ങനെ എസ്.പി തീരുമാനിച്ചു?
പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് 36-72 മണിക്കൂര്‍ മുമ്പാണ് മരണം നടന്നത് എന്നതായിരുന്നു ഡോക്ടറുടെ നിഗമനം. മരണകാര്യത്തില്‍ സംശയം തോന്നിയതിനാലും വിഷാംശം ഉള്ളില്‍ ചെന്നതാണോ മരണകാരണം എന്നുറപ്പിക്കാനും വിസറ രാസപരിശോധനക്ക് അയച്ചു. ഡികംപോസിഷന്‍ മാറ്റമാണ് മരണകാരണമെന്നും കൃത്യമായ മരണകാരണം വ്യക്തമല്ലെന്നും എഴുതി. അപ്പോള്‍ മരണം മൂന്നു വിധത്തിലാവും സംഭവിച്ചിരിക്കുക. ഒന്ന്, സ്വാഭാവിക മരണം, അല്ലെങ്കില്‍ നരഹത്യ, അതുമല്ലെങ്കില്‍ ആത്മഹത്യ. റിപ്പോര്‍ട്ടില്‍, വയറ്റില്‍ മൂന്നില്‍ ഒരു ഭാഗം അരിഭക്ഷണത്തിന്‍െറ ഭാഗങ്ങള്‍ കണ്ടുവെന്ന് പറയുന്നു. അവയില്‍ പ്രത്യേകതരം മണമുള്ള ഒരു ദ്രാവകം കലര്‍ന്നിരുന്നു എന്നു മാത്രമാണ് റിപ്പോര്‍ട്ട്.
1995 ജൂണ്‍ ഒന്നിന് തയാറാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ‘‘അക്രമംമൂലമുള്ള മരണത്തിന് സാധ്യതകളില്ല. മരണത്തിന് കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. എന്നിരുന്നാലും, സ്വാഭാവിക രോഗങ്ങള്‍മൂലമുള്ള മരണസാധ്യത തള്ളിക്കളയാനാവില്ല.’’
കേസന്വേഷണം നടത്തുമ്പോഴെല്ലാം ഒരുതരത്തില്‍ നാടകം കളിക്കുകയായിരുന്നു പൊലീസ്. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നതിനു പകരം എന്നെയും ജ്യോതിയെയും ചോദ്യംചെയ്യാനാണ് അവര്‍ കൂടുതല്‍ സമയം ചെലവിട്ടത്. ഒരു ദിവസം ജ്യോതിയെ വാനില്‍ കയറ്റി പൊലീസ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നു. ഞാനവിടെയാണ് ജോലി ചെയ്തിരുന്നത്. ജ്യോതിയെ ഹൃദയാഘാത പരിശോധനക്കാണ് കൊണ്ടുവന്നത്. ജ്യോതിക്ക് ഹൃദയാഘാതസാധ്യതയുണ്ടെങ്കില്‍ സന്തോഷിനും അതുകാണുമല്ലോ എന്നായിരുന്നു പൊലീസിന്‍െറ വാദം. ഹൃദയസ്തംഭനവും ആഘാതവും പാരമ്പര്യമല്ലെന്നുപോലും അറിയാത്തതുപോലെയാണ് പൊലീസുകാര്‍ പ്രവര്‍ത്തിച്ചത്. ഞാന്‍ ജ്യോതിയെ കൂട്ടിക്കൊണ്ടുവന്ന പൊലീസുകാരെ കുറെ ചീത്ത വിളിച്ചു. കണ്ണുപൊട്ടുംവിധത്തില്‍. തലക്കകത്ത് ആകെ ഒരു ഇരുട്ടായിരുന്നു. ദേഷ്യംകൊണ്ട് ഞാന്‍ അലറി. ഒരക്ഷരം പൊലീസുകാര്‍ മിണ്ടിയില്ല. ഹൃദയാഘാതം പാരമ്പര്യരോഗമല്ലെന്ന കാര്യം ഇപ്പോഴാണ് തങ്ങള്‍ക്ക് മനസ്സിലായെന്ന മട്ടില്‍ പൊലീസുകാര്‍ വാപൊളിച്ചു നിന്നു. പിന്നെ, ഒരു വിധത്തില്‍ അവിടന്ന് സ്ഥലം വിട്ടു.
പൊലീസ് തുടക്കം മുതല്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് ശ്രമിച്ചത്. ആര്‍.ഡി.ഒ ക്വാര്‍ട്ടേഴ്സിന്‍െറ അകത്തുനിന്ന് കുറ്റിയിട്ട മുറി തുറക്കുമ്പോള്‍ പൊലീസ് സംഭവസ്ഥലത്തുനിന്ന് വിരലടയാളങ്ങള്‍ എടുത്തില്ല. മരണത്തില്‍ ദുരൂഹതയുണ്ടായിട്ടും പൊലീസ്നായയെ കൊണ്ടുവരാനും മിനക്കെട്ടില്ല. സാധാരണ കളവുകളില്‍പോലും നായയെ കൊണ്ടുവരാറുള്ളതാണ്. അസ്വാഭാവികമരണമായിട്ടും മൃതദേഹം അന്നുതന്നെ ദഹിപ്പിച്ചു. മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.കെ. വാസുദേവ മേനോന്‍ സ്വാഭാവിക കാരണങ്ങളാലാണ് മരണം എന്ന് രേഖപ്പെടുത്തി കേസ് അവസാനിപ്പിച്ചു.
കോടതിയുടെ ഇടപെടല്‍
കേസ് അവസാനിപ്പിച്ചതിനെതിരെ പല കോണുകളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നു. ആ സമയത്ത് മാധ്യമങ്ങള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ചില പോസ്റ്റര്‍ പ്രചാരണങ്ങള്‍ നടന്നു. ആരും പറയാതെതന്നെ പലതരം സംഘടനകളിലും രാഷ്ട്രീയ പാര്‍ട്ടികളിലും വിശ്വസിക്കുന്നവരായിരുന്നു പോസ്റ്റര്‍ പ്രചാരണങ്ങള്‍ക്ക് പിന്നില്‍. കേസ് അവസാനിപ്പിക്കുന്നത് തെറ്റാണെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ എറണാകുളം പ്രസ്ക്ളബില്‍ പത്രസമ്മേളനം വിളിച്ചു. മകള്‍ ജ്യോതിയും സന്തോഷിന്‍െറ ഭാര്യ പ്രീതിയും പത്രസമ്മേളനത്തിനൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ കാര്യങ്ങള്‍ പത്രപ്രവര്‍ത്തകരോട് വിശദമാക്കി. മൃതദേഹം ഞങ്ങളെ കാണിക്കാതെ, പെട്ടെന്നുതന്നെ ദഹിപ്പിച്ചതും പൊലീസിന്‍െറ സമീപനവുമെല്ലാം പത്രപ്രവര്‍ത്തകരോട് നിരത്തി. പിറ്റേ ദിവസത്തെ പത്രങ്ങള്‍ ഞങ്ങളുടെ പത്രസമ്മേളന വാര്‍ത്ത നന്നായി നല്‍കി. പ്രതിഷേധവും കനത്തു. ഞാന്‍ എറണാകുളം കോടതിയില്‍ ഹരജി നല്‍കി. അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കണമെന്നതായിരുന്നു മുഖ്യ ആവശ്യം. കോടതി ഹരജിയില്‍ അനുകൂലമായ ഉത്തരവ് പ്രകടിപ്പിച്ചു. അങ്ങനെ കേരള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം (നമ്പര്‍ 32257/33/95/ഹോം) കേസ് സി.ബി.ഐയെ ഏല്‍പിച്ചു. സി.ബി.ഐ ഡെപ്യൂട്ടി സൂപ്രണ്ട്് ജഗന്നാഥനായിരുന്നു അന്വേഷണച്ചുമതല. 1996 ജനുവരി 30ന് കേസ് അന്വേഷണം ജഗന്നാഥ് ആരംഭിച്ചു. അന്വേഷണം കാര്യക്ഷമമായിട്ടായിരുന്നു നടന്നത്. ആര്‍.ഡി.ഒ ക്വാര്‍ട്ടേഴ്സില്‍ അകത്തുനിന്ന് മുറി കുറ്റിയിടാനുപയേഗിച്ച നൈലോണ്‍ വയര്‍ ജഗന്നാഥന്‍ കണ്ടെത്തി.
അദ്ദേഹം സ്പെഷല്‍ തഹസില്‍ദാര്‍ ടി.വി. ശിവനെ ചോദ്യം ചെയ്തു. കൊച്ചിന്‍ എണ്ണ ശുദ്ധീകരണശാലയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ മേയ് 19ന് രാവിലെ 8.50ന് ആര്‍.ഡി.ഒയുടെ ക്വാര്‍ട്ടേഴ്സില്‍ എത്തിയിരുന്നുവെന്ന് പറഞ്ഞതിന്‍െറ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. ആരെയും കാണാത്തതിനാല്‍ പാതി തുറന്നുകിടന്ന ജനലിലൂടെ അകത്തേക്ക് എത്തിനോക്കിയെങ്കിലും ശിവന് ഒന്നും കാണാനായില്ല. കിടപ്പുമുറിയില്‍ ഫാന്‍ കറങ്ങുന്നുണ്ട്. ഒരു മണിക്കൂര്‍ കാത്തിരുന്നശേഷം വരാന്തയില്‍ കിടന്ന പത്രങ്ങള്‍ എടുത്ത് ജനലില്‍ കൂടി അകത്തിട്ടശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഡ്രൈവര്‍ സുകുമാരനെ ചോദ്യം ചെയ്തപ്പോള്‍ വേറെ ഉത്തരമാണ് കിട്ടിയത്. അദ്ദേഹം പറഞ്ഞത് പത്രങ്ങള്‍ വരാന്തയില്‍ കിടക്കുന്നത് കണ്ടുവെന്നാണ്. മേയ് 18,19 ദിവസങ്ങളില്‍ സുകുമാരന്‍ ഓഫിസില്‍ ഹാജരായിരുന്നില്ല. കാര്‍ വര്‍ക്ഷോപ്പില്‍ ഏല്‍പിച്ചാലും ഓഫിസില്‍ ഹാജരാകണം. ഓഫിസില്‍ അവധി നല്‍കിയിരുന്നുമില്ല. സി.ബി.ഐ ചോദ്യം ചെയ്തപ്പോള്‍ ‘തലവേദന’ എന്നായിരുന്നു മറുപടി. എന്നാല്‍, 18ാം തീയതി സുകുമാരന്‍ ഭാര്യയെയും കൂട്ടി അങ്കമാലിയില്‍ ഷോപ്പിങ് നടത്തിയത് സി.ബി.ഐ കണ്ടെത്തി. ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടും സി.ബി.ഐ പരിശോധിച്ചിരുന്നു. അതില്‍ ചില പിന്‍വലിക്കലുകള്‍ നടന്നതും കണ്ടെത്തി. ഡ്രൈവറുടെ മൊഴിയും തുടര്‍ന്നുള്ള പെരുമാറ്റവും തൃപ്തികരമല്ലെന്ന നിഗമനത്തിലായിരുന്നു സി.ബി.ഐ.
കേസില്‍ പ്രതികള്‍ അറസ്റ്റിലാകുമെന്ന ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അകാരണമായി സ്ഥലംമാറ്റി. എന്നെ ഒരിക്കല്‍ ജഗന്നാഥ് കാണാന്‍ വന്നു. മദ്രാസിലേക്ക് പോകുകയായിരുന്നു അദ്ദേഹം. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയാണ് മദ്രാസിലേക്ക് പോകുന്നതെന്ന് എന്നോട് പറഞ്ഞു. ജഗന്നാഥ് എന്‍െറ കൈയില്‍ പിടിച്ചിട്ട് പറഞ്ഞത് ഇങ്ങനെയാണ്: ‘‘അമ്മേ, പ്രതികളെ കണ്ടെത്തി. ഉടന്‍ അറസ്റ്റ് ചെയ്യും.’’ പ്രതികള്‍ ഉന്നതരാണെന്നും പ്രത്യേക അനുമതിയുണ്ടെങ്കിലേ അറസ്റ്റ് നടക്കൂ എന്നുമാണ് ജഗന്നാഥന്‍ പറഞ്ഞത്. വളരെ സൗമ്യനും ആത്മവിശ്വാസം തുളുമ്പുന്ന കണ്ണുകളുമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് പലവട്ടം എന്നെവന്നു കണ്ടിട്ടുണ്ട്. ഞാന്‍ ചോദിച്ചു: ‘‘മോനേ ആരൊക്കെയാണ് പ്രതികള്‍, എന്നോട് പറഞ്ഞുകൂടേ?’’ പേരുകള്‍ പറയാതെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘‘ഒരു ഐ.എ.എസ് ഓഫിസര്‍, ഐ.പി.എസ് ഓഫിസര്‍, ഒരു എം.എല്‍.എ, ഒരു പത്രപ്രവര്‍ത്തകന്‍.’’ എനിക്കും ആരെയൊക്കെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായി. കുറ്റവാളികള്‍ ഉടന്‍ പിടിയിലാകുമെന്ന് സന്തോഷം തോന്നിയെങ്കിലും പെട്ടെന്നുതന്നെ മനസ്സു പറഞ്ഞു: ‘‘ഇല്ല, ഒന്നും സംഭവിക്കില്ല.’’ അത് ഞാന്‍ ജഗന്നാഥിനോട് സൂചിപ്പിക്കാന്‍ പോയില്ല. ശരീരത്തില്‍ മെര്‍ക്കുറി കുത്തിവെച്ചാണ് കൊലപാതകം നടത്തിയത് എന്നോ മറ്റോ ആയിരുന്നു അദ്ദേഹത്തിന്‍െറ നിഗമനം. സന്തോഷിന്‍െറ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഉന്നതരെ വീഡിയോ ചിത്രങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ‘‘അമ്മേ, ഉടന്‍ കാണാം, വരുമ്പോള്‍ നോക്കിക്കോളൂ’’ എന്ന് പറഞ്ഞാണ് അദ്ദേഹം മദ്രാസിലേക്ക് പോയത്. പക്ഷേ,അറസ്റ്റിന് അനുമതി തേടി പോയ ജഗന്നാഥ് തിരിച്ചുവന്നില്ല. അവിടെ അദ്ദേഹത്തെ കാത്തിരുന്നത് സ്ഥലംമാറ്റ ഉത്തരവാണ്. ഈ കേസുതന്നെയായിരുന്നു കാരണം. ജഗന്നാഥന് പകരംവന്നത് മല്ലാന ഗൗഡയായിരുന്നു.
ചെമ്മീന്‍ കുരുങ്ങാത്ത വല
മല്ലാന ഗൗഡയുടെ അന്വേഷണത്തെപ്പറ്റി പറയുന്നതിന് മുമ്പ് മറ്റൊരു കഥകൂടി പറയണം. അത് സി.ടി. സുകുമാരന്‍ ഐ.എ.എസിന്‍േറതാണ്. സന്തോഷിനെപ്പോലെ കൊലചെയ്യപ്പെടുകയായിരുന്നു സി.ടി. സുകുമാരന്‍. ആ മരണം അന്വേഷണം അവസാനിപ്പിക്കുന്നത് മല്ലാന ഗൗഡയാണ്. അദ്ദേഹം ആ ‘മരണ’വും ആത്മഹത്യയാക്കി. സി.ടി. സുകുമാരന്‍െറ കഥ ഞാന്‍ പറയാന്‍ പോകുന്നത് മറ്റൊരു കാരണത്താല്‍കൂടിയാണ്. സന്തോഷിന്‍െറ സുഹൃത്തായിരുന്നു സുകുമാരന്‍. സുഹൃത്ത് എന്ന് പറഞ്ഞാല്‍ ശരിയാവില്ല, ഉറ്റ മിത്രം. അതിനെക്കാള്‍ എനിക്കും സി.ടി. സുകുമാരന്‍ മകനെപോലെയായിരുന്നു. അതിനു കാരണം സുകുമാരന്‍െറ അച്ഛന്‍ എന്‍െറ സഹപ്രവര്‍ത്തകനായിരുന്നു എന്നതുതന്നെ. രണ്ടു വീട്ടുകാരും അടുപ്പത്തിലായിരുന്നു. പക്ഷേ, വിധി എനിക്കും തേവനും (സുകുമാരന്‍െറ അച്ഛന്‍) ഒരേ അവസ്ഥകളാണ് ഒരുക്കിവെച്ചിരുന്നത്. അതുപോലെ സന്തോഷിനും സുകുമാരനും. പലപ്പോഴും ഞാന്‍ ദൈവത്തോട് കരഞ്ഞുകൊണ്ട് പ്രാര്‍ഥിച്ചിട്ടുണ്ട്, എന്തിന് ഞങ്ങള്‍ക്ക് ഈ വിധി തന്നു?
കേരളത്തിലെ സീനിയര്‍ ഐ..എസ് ഉദ്യോഗസ്ഥനായിരുന്നു സി.ടി. സുകുമാരന്‍. ദലിത് സാമൂഹിക അന്തരീക്ഷത്തില്‍നിന്ന് സ്വയം പഠിച്ചുയര്‍ന്ന വ്യക്തിയാണ് അദ്ദേഹം. സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി ചെയര്‍മാനായിരിക്കെയാണ് മരണം. 1992 സെപ്റ്റംബര്‍ 27 ഞായറാഴ്ച മദ്രാസിലെ ഓഫിസ് കെട്ടിടത്തിനു മുകളില്‍നിന്ന് വീണുമരിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടു. സുകുമാരന്‍ വഴുതിവീണതാണെന്നും ബോധപൂര്‍വം തള്ളിയിട്ടുകൊന്നതാണെന്നും തുടക്കത്തിലേ വാദമുഖങ്ങള്‍ ഉയര്‍ന്നു.
റായ്പേട്ടയിലുള്ള അതോറിറ്റിയുടെ ഓഫിസ് കെട്ടിടത്തിന്‍െറ മുന്നില്‍ കമിഴ്ന്ന് കിടക്കുന്നവിധത്തില്‍ രക്തത്തില്‍ കുളിച്ചുകിടന്ന സുകുമാരന്‍െറ ശരീരം പുലര്‍ച്ച അദ്ദേഹത്തെ വിളിക്കാനെത്തിയ അറ്റന്‍ഡറാണ് കാണുന്നത്. റായ്പേട്ട പൊലീസ്സ്റ്റേഷനടുത്ത് തിരക്കേറിയ സെന്‍റ് ആന്‍റണീസ് സ്ട്രീറ്റിലാണ് സമുദ്രോല്‍പന്ന വികസന അതോറിറ്റിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന മൂന്നുനില കെട്ടിടം. ഇതിന്‍െറ ഒന്നാമത്തെ നിലയില്‍ ഉടമസ്ഥന്‍ താമസിക്കുന്നു. താഴത്തെ നിലയില്‍ ടെലിഗ്രാഫ് ഓഫിസ്. രണ്ടാമത്തെ നിലയില്‍ അതോറിറ്റിയുടെ ഓഫിസും. മുകളിലത്തെ നിലയില്‍ സുകുമാരന്‍ താമസിച്ച ഗെസ്റ്റ് ഹൗസാണ്. മരണം നടന്നത് അര്‍ധരാത്രിയിലാണ്. വളരെയേറെ മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഭവം പുറത്തറിഞ്ഞത് എന്നതില്‍തന്നെ അവിശ്വസനീയത നിലനില്‍ക്കുന്നു. മരിക്കുന്നതിന്‍െറ തലേന്നാണ് സുകുമാരന്‍ നാട്ടില്‍ വന്നശേഷം മദ്രാസിലേക്ക് മടങ്ങുന്നത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായിരുന്നു തിടുക്കപ്പെട്ട് പോയത്. അന്നു തന്നെ ദല്‍ഹിക്കുപോകാനായിരുന്നു പരിപാടി.
മദ്രാസ് വിമാനത്താവളത്തില്‍നിന്നെത്തിയ സുകുമാരന്‍ ഗെസ്റ്റ് ഹൗസിലെ എ.സി റൂമിലാണ് തങ്ങിയത്. രാത്രി പത്തിന് ഓഫിസ് അറ്റന്‍ഡര്‍ എത്തി അദ്ദേഹത്തിന് എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് തിരക്കി. ചുമക്കുള്ള മരുന്നു വാങ്ങിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പറഞ്ഞതുപോലെ ചെയ്തശേഷം അറ്റന്‍ഡര്‍ പുലര്‍ച്ചക്ക് വരാമെന്ന് പറഞ്ഞു മടങ്ങി. വെളുപ്പിന് ഈ അറ്റന്‍ഡര്‍തന്നെ വിവരം അറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തുന്നത്.
തിങ്കളാഴ്ചത്തെ കോണ്‍ഫറന്‍സിനുവേണ്ടി രാത്രി പത്തു കഴിഞ്ഞും സുകുമാരന്‍ ഫയലുകള്‍ നോക്കിക്കൊണ്ടിരുന്നു എന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കി. മരണം നടന്നത് പതിനൊന്നിനും വെളുപ്പിന് നാലുമണിക്കും ഇടക്കാണ്.
മകന്‍ കെട്ടിടത്തിനു മുകളില്‍നിന്ന് വീണു മരിച്ചു എന്നറിഞ്ഞപ്പോള്‍ തേവനും ബന്ധുക്കള്‍ക്കും അതില്‍ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍, സംശയം തോന്നിയത് സുകുമാരന്‍െറ മൃതദേഹം നാട്ടിലെത്തിച്ചപ്പോഴാണ്.
ശനിയാഴ്ച രാവിലെ സുകുമാരന്‍െറ മൃതദേഹം നാട്ടിലെത്തിച്ചു. മദ്രാസ്- ആലപ്പുഴ എക്സ്പ്രസില്‍ മൃതദേഹം കൊണ്ടുവരുമ്പോള്‍ മുതല്‍ ഒരു മന്ത്രിയും എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു. മൃതദേഹം സംസ്കരിക്കാന്‍ ഇരുവരും വളരെ ധൃതിയിലാണ് നേതൃത്വം കൊടുത്തത്. തേവനെ മകന്‍െറ മൃതദേഹം കാണാന്‍പോലും അനുവദിച്ചില്ല. സ്വദേശമായ മുളന്തുരുത്തിയിലെ വസതിയില്‍ മൃതദേഹം വേഗം സംസ്കരിച്ചു. മൃതദേഹം വേഗം സംസ്കരിക്കാനുള്ള ചിലരുടെ നീക്കത്തില്‍ ബന്ധുക്കള്‍ക്ക് പന്തികേട് തോന്നി. പക്ഷേ, അത് മറികടക്കുന്ന ഒരു വാദം സംസ്കരിക്കാന്‍ ധൃതിവെച്ചവര്‍ ഉന്നയിച്ചു- മൃതദേഹത്തിന്‍െറ അഞ്ചുദിവസത്തെ പഴക്കം.
മകന്‍െറ മൃതദേഹം ശരിക്കും കാണാന്‍ തേവനെ അനുവദിക്കാതിരുന്നതിന്‍െറ കാരണം പിന്നീടാണ് അച്ഛന് മനസ്സിലായത്. മൃതദേഹത്തില്‍നിന്ന് ആന്തരികാവയവങ്ങള്‍ നീക്കം ചെയ്തിരുന്നു. വയറില്‍ ചകരിയും പഞ്ഞിയും കുത്തിനിറച്ച് തുന്നിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
സമുദ്രോല്‍പന്ന വികസന അതോറിറ്റി ചെയര്‍മാനായിരിക്കുന്നതിന്‍െറ ബുദ്ധിമുട്ട് സുകുമാരന്‍ പലപ്പോഴും തേവനോട് പറഞ്ഞിട്ടുണ്ട്. കൊച്ചിയാണ് അതോറിറ്റിയുടെ ആസ്ഥാനം. കൊച്ചിയിലെ മത്സ്യ കയറ്റുമതിക്കാരില്‍നിന്ന് നേരിടുന്ന ഭീഷണികളും സമ്മര്‍ദങ്ങളും ഇടക്ക് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.
സുകുമാരന്‍ 1970ലാണ് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വിസില്‍ അംഗമാകുന്നത്. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇംഗ്ളീഷില്‍ മാസ്റ്റര്‍ ബിരുദം നേടി. ഐ.പി.എസ് കിട്ടിയിരുന്നെങ്കിലും അതില്‍ ചേര്‍ന്നില്ല. ഒരു കൊല്ലം സെന്‍റ് ആല്‍ബര്‍ട്സ് കോളജില്‍ ഇംഗ്ളീഷ് ലെക്ചററായി പ്രവര്‍ത്തിച്ചു. ആ സമയത്താണ് ഐ.എ.എസ് ലഭിക്കുന്നത്. തൃശൂര്‍ ജില്ലാ കലക്ടര്‍, സര്‍ക്കാറിന്‍െറ ഫിഷറീസ് ടാക്സേഷന്‍ ഡിപ്പാര്‍ട്മെന്‍റില്‍ സെക്രട്ടറി, ലേബര്‍ കമീഷണര്‍, ടൈറ്റാനിയം പ്രോഡക്ട്സിന്‍െറ മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍നിന്ന് ഡെവലപ്മെന്‍റ് അഡ്മിനിസ്ട്രേഷനില്‍ പരിശീലനം നേടിയിരുന്നു. 1989ലാണ് സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി ചെയര്‍മാനാകുന്നത്.
മദ്രാസില്‍ അതോറിറ്റിയുടെ ഓഫിസ് സന്ദര്‍ശിച്ച തേവനും ബന്ധുക്കള്‍ക്കും സുകുമാരന്‍ മരിച്ചു എന്ന വാദം വിശ്വസിക്കാനാവാത്തതാണ് എന്ന് വ്യക്തമായി. കെട്ടിടത്തിന്‍െറ നിര്‍മാണം അത്തരത്തിലുള്ളതായിരുന്നു. മദ്രാസ് പൊലീസ് ആത്മഹത്യയെന്നാണ് വാദിച്ചത്. പക്ഷേ, പാരപ്പറ്റിന്‍െറ ഭിത്തി നെഞ്ചിനു മുകള്‍വരെ എത്തുന്നതായിരുന്നു. താഴേക്ക് ചാടാന്‍ ആവില്ല.
സുകുമാരന്‍ ആത്മഹത്യ ചെയ്യുകയില്ലെന്നും തേവന് ഉറച്ച ബോധ്യമുണ്ടായിരുന്നു. കുടുംബബന്ധങ്ങളിലോ മറ്റേതെങ്കിലും തരത്തിലോ ഉള്ള പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നില്ല. സുകുമാരന്‍െറ ആദര്‍ശബോധത്തിലും നിശ്ചയദാര്‍ഢ്യത്തിലും തേവന് നല്ല മതിപ്പായിരുന്നു. പ്രശ്നങ്ങളെ അചഞ്ചലമായി നേരിടുന്നതാണ് പ്രകൃതം.
സുകുമാരന്‍െറ സഹപ്രവര്‍ത്തകരില്‍നിന്നും മറ്റുമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ കൊച്ചിയിലെ ഒരു മത്സ്യകയറ്റുമതിക്കാരന്‍ നിരന്തരം സുകുമാരനെ ഭീഷണിപ്പെടുത്തിയിരുന്നതായി അറിഞ്ഞു. അയാളുടെ കച്ചവടതാല്‍പര്യങ്ങള്‍ക്ക് ചെയര്‍മാന്‍പദവി അടിയറവെക്കാന്‍ കൂട്ടാക്കാത്തതായിരുന്നു മരണകാരണവും.
സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ടിരുന്ന വ്യക്തിയായിരുന്നു സുകുമാരന്‍. വേണമെങ്കില്‍ പദവി ദുര്‍വിനിയോഗം ചെയ്ത് ലക്ഷങ്ങള്‍ വാരിക്കൂട്ടാമായിരുന്നു. എന്നാല്‍, മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍െറ കൈയില്‍ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
തേവന്‍ മദ്രാസ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കേരള സര്‍ക്കാറിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഒരു അന്വേഷണംപോലും പ്രഖ്യാപിക്കപ്പെട്ടില്ല. തുടര്‍ന്ന് തേവന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടക്കല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. സമരങ്ങളുടെ ഒടുവില്‍ കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് സമ്മതിച്ചു.
’94 മധ്യത്തിലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത്. അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സി.ബി.ഐക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കൊച്ചിയിലെ മത്സ്യക്കയറ്റുമതിക്കാരന്‍െറ സമ്മര്‍ദമാണ് അതിന് കാരണമെന്ന് തേവന്‍ പരസ്യമായി പറഞ്ഞു.
കുറ്റവാളികള്‍ എത്ര ഉന്നതരായാലും അറസ്റ്റ് ചെയ്യുമെന്നായിരുന്നു സി.ബി.ഐ വാദം. പക്ഷേ, മരണം എഴുതിത്തള്ളാനായിരുന്നു സി.ബി.ഐക്ക് താല്‍പര്യം. അതിനു കഴിയാത്തവിധത്തില്‍ ജനരോഷം ഉയര്‍ന്നു. പട്ടികജാതി- പട്ടികവര്‍ഗ സംസ്ഥാന സമരസമിതി സി.ബി.ഐ റിപ്പോര്‍ട്ട് കിട്ടണമെന്നാവശ്യവുമായി രംഗത്തെത്തി. കേസന്വേഷണവുമായി തേവന്‍ സമരം ചെയ്യുമ്പോള്‍ സുകുമാരന്‍െറ സഹപ്രവര്‍ത്തകരാരും തിരിഞ്ഞുനോക്കിയില്ല. ഉദ്യോഗസ്ഥ സംവിധാനത്തിലെ ജാതിവേര്‍തിരിവുകള്‍ വ്യക്തമാക്കുന്നതായിരുന്നു സുകുമാരന്‍െറ മരണം.
സി.ബി.ഐ അന്വേഷണം അവസാ നം ചെന്നെത്തിയത് സുകുമാരന്‍ ആത്മഹത്യ ചെയ്തു എന്ന റിപ്പോര്‍ട്ടിലാണ്്. കൊച്ചിയിലെ മത്സ്യക്കയറ്റുമതിക്കാരന്‍െറ ഗുണ്ടകള്‍ മര്‍ദിച്ചു കൊലപ്പെടുത്തി താഴേക്ക് വലിച്ചെറിഞ്ഞുവെന്നാണ് തേവന്‍ വിശ്വസിച്ചിരുന്നത്. തേവന്‍ അത് എന്നോട് പറഞ്ഞിട്ടുണ്ട്. സി.ബി.ഐയും ഡമ്മി പരീക്ഷണം നടത്തി. അതാകട്ടെ തേവന്‍െറ വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരുന്നു.
സുകുമാരന് ഭീഷണികള്‍ സ്വന്തംവകുപ്പില്‍നിന്ന് ഉണ്ടായിരുന്നതായും നിരവധി പ്രശ്നങ്ങള്‍ നേരിട്ടതായും സി.ബി.എ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, എന്തായിരുന്നു ഭീഷണി? ആരാണ് അത് നടത്തിയത് എന്നൊന്നും റിപ്പോര്‍ട്ടിലില്ല. സുകുമാരന്‍ മരിച്ച മനോവിഷമത്തില്‍ അദ്ദേഹത്തിന്‍െറ അമ്മ കെ. തിരുവണ്ട ഏറെ താമസിയാതെ മരിച്ചു. 1999 അവസാനം തേവനും.
കേസന്വേഷണം വഴിമുട്ടി. തേവന്‍െറ മരണത്തോടെ കേസ് നടത്താന്‍ നിയമപരമായി ആരുമില്ലാതെ വന്നു. സുകുമാരന്‍െറ ഭാര്യയും മക്കളും ബാംഗ്ളൂരിലാണ്. അവിടെ ഉദ്യോഗസ്ഥയാണ് ഭാര്യ ഗീത. മകന്‍ മരിച്ച വേര്‍പാടില്‍ സെക്രട്ടേറിയറ്റ് കവാടത്തില്‍ വിങ്ങിപ്പൊട്ടി തേവന്‍ ഒരു കാര്യം പറഞ്ഞു: ‘‘എന്‍െറ മകനെ കൊന്നവരെ അറസ്റ്റ് ചെയ്യാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും കഴിയില്ലെന്നറിയാം. അത്രക്ക് സ്വാധീനമുള്ളവരാണ് അവര്‍. എങ്കിലും ആ പ്രതീക്ഷ എല്ലാ അച്ഛന്മാര്‍ക്ക് വേണ്ടിയും ഈ വൃദ്ധന് വെച്ചുപുലര്‍ത്താമല്ലോ...’’
ഞാനും അതുതന്നെ പറയുന്നു: എന്‍െറ മകനെ കൊന്നവരെ അറസ്റ്റ് ചെയ്യാന്‍ ഒരു ഏജന്‍സിക്കും കഴിയില്ല. പക്ഷേ, മക്കളെ നൊന്ത് പ്രസവിച്ച എല്ലാ അമ്മമാര്‍ക്കുവേണ്ടിയും ഞാനാ പ്രതീക്ഷ വിട്ടുകളയുന്നില്ല.’’ സി.ടി. സുകുമാരന്‍െറ കേസില്‍ സംഭവിച്ചതുതന്നെ സന്തോഷിന്‍െറ കേസിലും സംഭവിക്കും. രോഗിയായ എനിക്ക് അധികം ആയുസ്സില്ല. ഞാന്‍ മരിക്കുന്നതോടെ ഈ കേസ് എന്നെന്നേക്കുമായി അടയും. എങ്കിലും മരിക്കുന്നതുവരെ ഞാന്‍ പോരാടുകതന്നെ ചെയ്യും.
ഒടുവില്‍ കേസ് ആത്മഹത്യയെന്ന രീതിയില്‍ അവസാനിച്ചു. അത്തരം റിപ്പോര്‍ട്ട് എഴുതിയയാളാണ് മല്ലാന ഗൗഡ. ഇനി സന്തോഷിന്‍െറ കൊലപാതകക്കേസിന്‍െറ വിധിയെന്താവുമെന്ന് പറയേണ്ട കാര്യമില്ലല്ലോ.
മരണം
ആത്മഹത്യയാക്കുന്നു
മല്ലാന ഗൗഡ സന്തോഷിന്‍െറ മരണം അന്വേഷിക്കാനെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പ്രതികളെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു അന്വേഷണമെല്ലാം. ഒരൊറ്റ തവണപോലും ഞങ്ങള്‍ക്കെന്താണ് പറയാനുള്ളത് എന്നു കേള്‍ക്കാന്‍ മല്ലാന ഗൗഡ കൂട്ടാക്കിയില്ല. എന്നെ കാണുകപോലും ചെയ്തില്ല. 1997 ജൂലൈ 28ന് മല്ലാന ഗൗഡ തന്‍െറ അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചു.
സന്തോഷിനെ ആരെങ്കിലും കൊല്ലാനുള്ള സാഹചര്യമില്ലെന്നും അത്തരം തെളിവുകള്‍ ഇല്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. സന്തോഷ് ജീവിതം അവസാനിപ്പിക്കാന്‍ തിരഞ്ഞെടുത്ത രീതിയെന്തെന്ന് വ്യക്തമല്ല. മരണത്തിന് മറ്റ് എന്തെങ്കിലും കാരണങ്ങള്‍ കണ്ടെത്താനായില്ലെന്നും സി.ആര്‍.പി.സി 173 വകുപ്പ് ചൂണ്ടിക്കാട്ടി അദ്ദേഹം വാദിച്ചു. വിശദമായ അന്വേഷണം നടത്തിയിട്ടും തെളിവുകള്‍ കിട്ടാത്ത സാഹചര്യത്തില്‍ സ്വാഭാവിക മരണമായി കേസ് അവസാനിപ്പിക്കണമെന്ന് മല്ലാന ഗൗഡ കോടതിയില്‍ ബോധിപ്പിച്ചു.
കേസ് അവസാനിപ്പിക്കണമെന്ന വാദത്തിനെതിരെയും റിപ്പോര്‍ട്ടിനെതിരെയും ഞാന്‍ ഒബ്ജക്ഷന്‍ ഫയല്‍ ചെയ്തു. അത് പരിഗണിച്ച്, ഗൗഡയുടെ റിപ്പോര്‍ട്ടിലെതന്നെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാജേന്ദ്രന്‍നായര്‍ കേസ് അവസാനിപ്പിക്കണമെന്ന ആവശ്യം നിരസിച്ചു. പകരം പുനരന്വേഷണത്തിന് ഉത്തരവിട്ടു. നിഗൂഢതകള്‍ സി.ബി.ഐ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍തന്നെ സന്തോഷ് ആത്മഹത്യചെയ്തു എന്ന വാദം അംഗീകരിക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു. സി.ആര്‍.പി.സിയുടെ 173(4) വകുപ്പ് പ്രകരം കേസ് പുനരന്വേഷിക്കാനും മരണത്തിന്‍െറ യഥാര്‍ഥ കാരണം കണ്ടെത്താനും ഉത്തരവിട്ടു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കേസ് സി.ബി.ഐ വീണ്ടും അന്വേഷിച്ചു. ഇത്തവണ സി.ബി.ഐ ചെന്നൈ വിഭാഗം ഡിവൈ.എസ്.പി പി.സി. മുജാഹിറിനായിരുന്നു അന്വേഷണച്ചുമതല. മല്ലാന ഗൗഡയെ ഇതേ കേസില്‍ അന്വേഷണത്തിന് സഹായിച്ചയാളാണ് മുഹാജിര്‍. സി.ബി.ഐയിലെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് ലോക്കല്‍ പൊലീസ് സര്‍വിസിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഈ അന്വേഷണവും പ്രഹസനമായിരുന്നു. ആറു മാസകാലയളവില്‍ സന്തോഷ് കേസില്‍ സി.ബി.ഐ കാര്യമായ അന്വേഷണം ഒന്നും നടത്തിയില്ല. തന്‍െറ സീനിയര്‍ ഉദ്യോഗസ്ഥനായ മല്ലാന ഗൗഡയെ പ്രീതിപ്പെടുത്തുന്ന രീതിയിലായിരുന്നു അന്വേഷണം. അങ്ങനെ മുഹാജിര്‍ മൂന്നാമത്തെ നിഗമനത്തില്‍ എത്തി. സന്തോഷിനെ ആരെങ്കിലും കൊല്ലാന്‍ സാധ്യതയില്ലെന്ന് മുജാഹിര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. കൊലപാതകമല്ല, ആത്മഹത്യക്കാണ് സാധ്യത എന്നായിരുന്നു അദ്ദേഹത്തിന്‍െറ നിഗമനം. ഫോറന്‍സിക് വിദഗ്ധന്‍േറതെന്ന നിലയില്‍ അവ്യക്തമായ നിഗമനങ്ങള്‍ ഉദ്ധരിച്ചാണ് സന്തോഷിന്‍േറത് സ്വാഭാവിക മരണമാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചത്. കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന അപേക്ഷയും നല്‍കി.
ഈ റിപ്പോര്‍ട്ടിനെതിരെയും ഞാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഒബ്ജക്ഷന്‍ ഉന്നയിച്ചു. പക്ഷേ, കോടതി മുജാഹിറിന്‍െറ റിപ്പോര്‍ട്ട് അംഗീകരിച്ചു. കേസ് മുജാഹിര്‍ നന്നായി പഠിച്ചാണ് ചെയ്തിരിക്കുന്നത് എന്ന നിഗമനത്തിലായിരുന്നു കോടതി. മുജാഹിറിന്‍െറ റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി എഫ്.ഐ.ആര്‍ അവസാനിപ്പിച്ചു.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഈ ഉത്തരവിനെതിരെ ഹൈകോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ ഹരജി (ക്രിമിനല്‍ സി.ആര്‍.പി. നമ്പര്‍ 126/2000) ഞാന്‍ സമര്‍പ്പിച്ചു. ഹൈകോടതി സിംഗിള്‍ ബെഞ്ച് പക്ഷേ, ഹരജി അനുവദിച്ചില്ല. ഈ ഘട്ടത്തില്‍ വീണ്ടും പുനരന്വേഷണത്തില്‍ കാര്യമില്ലെന്നായിരുന്നു കോടതിയുടെ നിഗമനം. കാരണം, തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഹരജി തള്ളിയതിനെതിരെ ഞാന്‍ ഹൈകോടതിയില്‍ സ്പെഷല്‍ ലീവ് പെറ്റീഷന്‍ (ക്രിമിനല്‍. എം.സി.നമ്പര്‍. 3817/2002) സമര്‍പ്പിച്ചു. കോടതി അതും തള്ളി.
സന്തോഷിന്‍െറ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ കണ്ടെത്തിയ പരസ്പര വിരുദ്ധമായ നിഗമനങ്ങള്‍ ശരിക്കും നിയമവൃത്തങ്ങളില്‍തന്നെ അമ്പരപ്പ് സൃഷ്ടിച്ചു. അത്തരത്തില്‍ ആ സമയത്ത് വാര്‍ത്തകള്‍ വന്നു. മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ സി.ബി.ഐയുടെ മൂന്നു ഓഫിസര്‍മാര്‍ മാറിമാറി അന്വേഷിച്ച കേസില്‍ മൂന്നു തരം നിഗമനങ്ങളില്‍ എത്തിയതാണ് അമ്പരപ്പിന് കാരണമായത്. ലോക്കല്‍ പൊലീസ് സ്വാഭാവിക മരണമെന്ന് എഴുതിത്തള്ളി. പിന്നെ, സി.ബി.ഐ ഡിവൈ.എസ്.പി ജഗന്നാഥന്‍െറ ആദ്യ അന്വേഷണത്തില്‍ സന്തോഷ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തി. പിന്നീടുവന്ന മല്ലാന ഗൗഡ ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന്‍െറ ഒടുവില്‍ സന്തോഷിന്‍െറ മരണം എങ്ങനെ സംഭവിച്ചുവെന്നതിന് വ്യക്തമായ തെളിവില്ലെന്നും ആത്മഹത്യ ചെയ്തിരിക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടി. സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലെല്ലാംതന്നെ വൈരുധ്യങ്ങള്‍ നിറഞ്ഞിരുന്നു. ഹൈകോടതിയും കൈവിട്ടപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാതെ നിവൃത്തിയില്ലാതായി. കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളും മറ്റും കൈമാറാനോ നശിപ്പിക്കാനോ പാടില്ലെന്ന് ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ആ രേഖകളെപ്പറ്റി പിന്നീടൊന്നും അറിയാനായില്ല.
മൂന്നു കാരണങ്ങള്‍,
ഒരൊറ്റ നിഗമനം
ഏതൊരു മരണത്തിനും മൂന്നു കാരണങ്ങളാണുള്ളത്. ആത്മഹത്യ, സ്വാഭാവിക മരണം(രോഗംമൂലമുള്ള മരണമുള്‍പ്പെടെ), നരഹത്യ. സന്തോഷിന്‍െറ മരണവുമായി ബന്ധപ്പെട്ട മൂന്നു സാധ്യതകളും പരിശോധിക്കേണ്ടതുണ്ട്.
ആത്മഹത്യയാണ് മരണകാരണം എന്ന് സ്ഥാപിക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചത്. സന്തോഷ് ഒരിക്കലും ആത്മഹത്യചെയ്യില്ല. ഒരമ്മക്ക് മക്കളെക്കുറിച്ച് അക്കാര്യം ഉറപ്പിച്ചുപറയാനാവും. ഏതൊരു അമ്മക്കും മക്കളെപ്പറ്റി കൃത്യമായി പറയാനാവും. കാരണം, മക്കള്‍ എന്നത് അവരുടെ ശരീരത്തിന്‍െറ ഭാഗമാണ്. അവര്‍ക്കിടയില്‍ അദൃശ്യമായ ബന്ധങ്ങളുണ്ട്, മനോവ്യാപാരങ്ങളുണ്ട്. ഞാന്‍ പറയുന്നതിനെക്കാള്‍ നന്നായി മറ്റാര്‍ക്കും സന്തോഷിനെപ്പറ്റി പറയാനാവില്ല. അവന്‍െറ ഭാര്യക്കുപോലും. സന്തോഷ് ആത്മഹത്യചെയ്യില്ലെന്ന് ഞാന്‍ പറയാന്‍ കാരണം അവന്‍െറ പ്രകൃതംതന്നെ. സ്വയം ഉയരണമെന്നായിരുന്നു ചിന്ത. അക്കാര്യത്തില്‍ തികഞ്ഞ സ്വാര്‍ഥനായിരുന്നു അവന്‍. ശരിയായ പാതയില്‍, ആരുടെയും ശിപാര്‍ശയില്ലാതെ നട്ടെല്ല് വളക്കാതെ ഉയരങ്ങളിലെത്തണം. അതവന്‍െറ താല്‍പര്യവും ലക്ഷ്യവുമാണ്. ഈ കാണുന്നതെല്ലാം ഇടിഞ്ഞുവീണാലും അതിനാല്‍ അവന്‍ പതറില്ല. അത്രയേറെ സ്വന്തം ഉയര്‍ച്ച ആഗ്രഹിക്കുന്ന, ലക്ഷ്യബോധമുള്ളയാള്‍ക്ക് ആത്മഹത്യ ചെയ്യാനാവില്ലെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. മാത്രവുമല്ല, സന്തോഷ് ഉയര്‍ച്ചയുടെ പടവുകളിലായിരുന്നുതാനും. ലക്ഷ്യങ്ങളില്‍ നിരാശ അവനില്ല. അക്കാരണത്താല്‍തന്നെ ആത്മഹത്യയെന്ന സാധ്യത നിലനില്‍ക്കില്ല. പത്രപ്രവര്‍ത്തകനായിരുന്ന അവന്‍ ആത്മഹത്യചെയ്യുമായിരുന്നെങ്കില്‍ അതിന് കാരണവും എഴുതിവെക്കുമായിരുന്നു.
ഇനി അവന്‍ ആത്മഹത്യ ചെയ്തുവെന്നുതന്നെവെക്കുക. അതെന്തിനാവണം? കുടുംബ പ്രശ്നം, പ്രണയനൈരാശ്യം, അസുഖങ്ങള്‍? ഇതൊന്നും അവനില്ല. അവന് കുടുംബപ്രശ്നങ്ങളില്ലായിരുന്നു. അവനും ഭാര്യയും സ്നേഹത്തോടെയാണ് കഴിഞ്ഞത്. കുടുംബപ്രശ്നമുണ്ടെങ്കില്‍തന്നെ അവന്‍ അതിനെ അവഗണിച്ചു മുന്നേറാന്‍ മടിക്കില്ല. ചിലര്‍ അത്തരക്കാരാണ്. സന്തോഷ് ആ കൂട്ടത്തിലാണ്. അവനെ കരഞ്ഞുകാണിച്ചോ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ ഒന്നും നേടാനാവില്ല. അവന്‍െറ തീരുമാനം നടപ്പാവും. മന$സാക്ഷിയുടെ ശബ്ദം മാത്രമേ അവന്‍ കേള്‍ക്കൂ.
പൊലീസ് സന്തോഷിന്‍െറ ‘സദാചാരവിരുദ്ധത’യെപ്പറ്റി ചില കഥകള്‍ പ്രചരിപ്പിച്ചിരുന്നു. ഭാര്യ ഒപ്പമില്ലാത്തതും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു അത്. സദാചാരവിരുദ്ധ കഥകളും ശരിക്കും പരിശോധിച്ചാല്‍ നിലനില്‍ക്കില്ല. അത് അസംബന്ധപ്രചാരണമാണ്. കഷ്ടിച്ച് ആറുമാസം മാത്രമേ സന്തോഷ് മൂവാറ്റുപുഴയിലുണ്ടായിരുന്നുള്ളൂ. അതില്‍ ഏതാണ്ട് അഞ്ചുമാസവും ഭാര്യ അവനൊപ്പം മൂവാറ്റുപുഴയിലുണ്ടായിരുന്നു. കുടുംബമായിട്ടാണ് അവര്‍ അവിടെ കഴിഞ്ഞത്. ജോലിയും ഡോക്ടറേറ്റ് പഠനവുമായി ബന്ധപ്പെട്ടാണ് ഭാര്യ മടങ്ങുന്നത്. ഇനിയുള്ള ഒരൊറ്റ മാസമെന്നത് തിരക്കുപിടിച്ച സമയമാണ്. യോഗങ്ങള്‍, തിരുവനന്തപുരം യാത്ര, വീട്ടിലേക്കുള്ള യാത്ര ഇതെല്ലാമായി തിരക്കുപിടിച്ചതാണ് അവന്‍െറ ദിവസങ്ങള്‍.
ആര്‍.ഡി.ഒ എന്നനിലയില്‍ മൂവാറ്റുപുഴ പട്ടണത്തില്‍ ആര്‍ക്കും അറിയാനും കാണാനുംപറ്റുന്ന വിധത്തിലായിരുന്നു അവന്‍െറ താമസം. അവിടെ എന്തെങ്കിലും തരത്തില്‍ മോശമായ ഒരു കാര്യത്തിന് അവന്‍ നില്‍ക്കില്ല. മാത്രമല്ല, സ്വകാര്യമായ മറ്റ് എന്തെങ്കിലും തരത്തില്‍ മോശമായ ജീവിതം നയിക്കുന്നത് തന്‍െറ കരിയറിനെ ബാധിക്കുമെന്ന് മറ്റാരെക്കാളും അവന് നിശ്ചയമുണ്ട്. ബാക്കി എന്തു സംഭവിച്ചാലും അതവന്‍ സമ്മതിക്കില്ല.
ഇനി സാധ്യമായത് സ്വാഭാവിക മരണമാണ്. സന്തോഷിന് അസുഖമൊന്നുമുണ്ടായിരുന്നില്ല. ഹൃദയാഘാതമോ മറ്റെന്തെങ്കിലും കാരണത്താലോ ആണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സ്വാഭാവികമരണമല്ലെന്ന് മൂന്നുനാലു കാരണങ്ങള്‍കൊണ്ടുതന്നെ ഉറപ്പിക്കാം. ഒന്നാമത്തെ കാരണം, മരിച്ച് മൂന്നാം ദിവസംതന്നെ മൃതദേഹം തിരിച്ചറിയാത്തവിധത്തില്‍ അഴുകിയതെങ്ങനെ? എന്തിനാണ് സന്തോഷിന്‍െറ മൃതദേഹം ബന്ധുക്കളെപോലും കാണിക്കാതെ ഹിന്ദുമതാചാരവിരുദ്ധമായി പൊതുശ്മശാനത്തില്‍ ദഹിപ്പിച്ചത്? വാതില്‍ അകത്തുനിന്ന് പൂട്ടാവുന്ന കയര്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ ജഗന്നാഥന്‍ കണ്ടെത്തിയത്? എന്തിന്് സന്തോഷ് വിഷം കഴിച്ചുമരിച്ചുവെന്ന് പൊലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് പത്രഓഫിസുകളില്‍ വിളിച്ചറിയിച്ചു?
മനോരമയിലെ അവന്‍െറ ചില സഹപ്രവര്‍ത്തകര്‍ വിചിത്രമായ മരണകാരണം കണ്ടുപിടിച്ചു. ഭക്ഷണം കഴിക്കുമ്പോള്‍ കോഴിക്കാല്‍ തൊണ്ടയില്‍ കുടുങ്ങിയാണത്രെ മരണം! ഇത്തരമൊരു അഭിപ്രായംപ്രകടനം മനോരമയിലെ ചില പത്രപ്രവര്‍ത്തകര്‍ തന്നെയാണ് എന്നോട് പറഞ്ഞത്. ഞാന്‍ അറിയാതെ ചിരിക്കുകയാണുണ്ടായത്. ഒന്നാമത് സന്തോഷിന്‍െറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കോഴിയിറച്ചി കഴിച്ച കാര്യം പറയുന്നില്ല. അതിന്‍െറ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുമില്ല. അതിനെക്കാള്‍ ഒരു കോഴിയിറച്ചിപോലും തിന്നാനറിയാത്ത പാവമാണോ എന്‍െറ മോന്‍? അത്തരം അഭിപ്രായം പറഞ്ഞവരോട് ഒരു അപേക്ഷയെയുള്ളൂ, കോഴിയിറച്ചി തിന്നാന്‍പോലുമാവാത്ത അത്രയും പാവമാക്കരുത് സന്തോഷിനെ! എത്ര പേരാണ് തൊണ്ടയില്‍ കോഴിക്കാല്‍ കുടുങ്ങി മരിച്ചിട്ടുള്ളത്- ചിരിക്കാതെന്തുചെയ്യും.
ഒരൊറ്റ സാധ്യതയേ നിലനില്‍ക്കുന്നുള്ളൂ- കൊലപാതകം. അതിന് വ്യക്തമായ കാരണമുണ്ട്. അതിലേക്കാണ് നമ്മള്‍ നീങ്ങുന്നത്. മാഫിയകള്‍ക്ക് ഉദ്യോഗസ്ഥരെ സമീപിക്കുന്ന രീതിയുണ്ട്. പ്രലോഭനം, ഭീഷണി, മര്‍ദനം, ഒടുവില്‍ ഇല്ലാതാക്കല്‍. അവനെ പ്രലോഭിപ്പിക്കാനാവില്ല. കാരണം, സന്തോഷ് പലപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, ‘‘സ്വന്തം കൈയും മനസ്സും ശുദ്ധമായിരിക്കുന്നിടത്തോളം ഒരാള്‍ക്കും നിങ്ങളെ ഒന്നും ചെയ്യാനാവില്ല, ഒരാള്‍ക്കും നിങ്ങളെ തൊടാന്‍പോലുമാവില്ല.’’
സന്തോഷ് അഴിമതി നടത്തില്ല. അഴിമതിക്ക് കൂട്ടുനില്‍ക്കില്ല. അവനെ അഴിമതിക്കേസില്‍ കുടുക്കാനാവില്ല, പെണ്ണുകേസില്‍ ഉള്‍പ്പെടുത്താനാവില്ല. മര്‍ദിക്കാനുമാവില്ല. ആര്‍.ഡി.ഒയെ മര്‍ദിച്ചാല്‍ അത് നടപ്പാക്കുന്നവര്‍ വിചാരിച്ചപോലെ തീരില്ല. ഒരൊറ്റവഴിയെയുള്ളൂ, അവനെ ഇല്ലാതാക്കുക.
(തുടരും)