
മറ്റെല്ലാ വൈദ്യശാസ്ത്ര മേഖലയിലെന്നപോലെ അതിരൂക്ഷമായ കമ്പോള മത്സരമാണ് ആധുനിക കാലഘട്ടത്തില്‍ ആയുര്‍വേദ മേഖലയില്‍ ഉള്ളത്. അതുകൊണ്ടുതന്നെയാണ് ഇന്ന് ആയുര്‍വേദത്തിന്റെ പേരില്‍ എന്തും വില്‍ക്കാമെന്ന അവസ്ഥയും ഉണ്ടായത്. ഔഷധോപയോഗം, ജീവിതചര്യ ചിട്ടപ്പെടുത്തല്‍, ആഹാര ക്രമീകരണം എന്നീ മൂന്ന് ഘടകങ്ങള്‍ ചേര്‍ന്നുള്ള സമ്പൂര്‍ണ ചികിത്സാ പദ്ധതിയാണ് ആയുര്‍വേദത്തിലൂടെ ഉദേശിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരു ഘടകത്തിനുമാത്രം ഇളക്കിയെടുത്ത് അതിന്റെ ഗുണങ്ങള്‍കൊണ്ടാണ് രോഗം മാറിയതെന്ന് അവകാശപ്പെടുന്നത് അശാസ്ത്രീയമാണ്. അതായത,് ആയുര്‍വേദത്തില്‍ അദ്ഭുത രോഗശാന്തികള്‍ ഇല്ലെന്ന് ചുരുക്കം. രോഗകാരണം എന്തായാലും മരുന്ന് ഒന്നുമതി എന്ന നിലപാടിനോടും യോജിക്കാന്‍ കഴിയില്ല.
നീര്‍ക്കെട്ട് കുറക്കുന്നതിനുള്ള തൈലങ്ങള്‍ ആയുര്‍വേദത്തിലുണ്ട് എന്നല്ലാതെ വണ്ണവും കൊഴുപ്പും കുറക്കാനുള്ള തൈലങ്ങളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞിട്ടില്ല. ശരിയായ പഥ്യത്തോടെ കഷായങ്ങളും മറ്റും കഴിച്ച് വയറിളക്കിയും മറ്റുമായി ദുര്‍മേദസ്സ് ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കാം. അതല്ലാതെ തൈലത്തെ തടികുറക്കാനുള്ള ഒറ്റമൂലിയായി കാണാനാവില്ല.
വണ്ണം കുറക്കാനുള്ള മരുന്നുകളില്‍ ഇന്തുപ്പാണ് പ്രധാന ചേരുവ. ഉപ്പുകളില്‍ ശ്രേഷ്ഠം ഇന്തുപ്പാണെന്ന് 'ചരകസംഹിത'യില്‍ പറഞ്ഞിട്ടുണ്ട്. ഉപ്പിന് ഒരു പ്രത്യേകതയുണ്ട്. പുറമെ പുരട്ടിയാല്‍ നീര് കുറയും. ഇന്തുപ്പിന് കഫം അലിയിച്ചു കളയാനുള്ള ശേഷിയുമുണ്ട്. ഉപ്പിന്റെ ഇത്തരം പ്രത്യേകതകള്‍ ആയുര്‍വേദത്തില്‍ പ്രയോഗിക്കാറുണ്ട്. എന്നാല്‍, ഇന്തുപ്പിന് മേദസ്സിനെ കളയാനാവുമെന്നതിന് അടിസ്ഥാനമില്ല. മേദസ്സ് എന്നാല്‍ കൊഴുപ്പാണ്. കൊഴുപ്പിനെ അലിയിച്ചുകളയാനുള്ള ഔഷധങ്ങള്‍ കണ്ടെത്തിയതായി അറിവില്ല. തൈലങ്ങള്‍ തേക്കുമ്പോള്‍ വാസ്തവത്തില്‍ ശരീരത്തിലെ ജലാംശമാണ് കുറയുന്നത്. ഇപ്പോള്‍ ഇത്തിരി വണ്ണം കുറഞ്ഞോ എന്ന് തോന്നാം.
വണ്ണം കുറക്കാനുള്ള ഏറ്റവും നല്ല പോംവഴി വ്യായാമത്തിന്റെ വഴിയാണ്. വ്യായാമം ചെയ്യുമ്പോള്‍ ഊര്‍ജം കൂടുതല്‍ വേണം. അതിന് കൊഴുപ്പിനെ ഉപയോഗപ്പെടുത്തും. അപ്പോള്‍ കൊഴുപ്പ് താനേ കുറയും. വ്യായാമത്തിലൂടെ മനസ്സും ശരീരവും ഊര്‍ജസ്വലമാവുകയും ചെയ്യും. ഭക്ഷണം നിയന്ത്രിക്കലാണ് അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ മറ്റൊരു പ്രധാന സംഗതി. ആഹാരത്തിന്റെ അളവ് കുറക്കണം. കൊഴുപ്പും മധുരവും കുറക്കണം. പച്ചക്കറികള്‍ക്കും ഇലക്കറികള്‍ക്കും പഴങ്ങള്‍ക്കും ഭക്ഷണത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക. ഇങ്ങനെ ജീവിക്കുന്നതിനുപകരം പരസ്യത്തില്‍ മയങ്ങി കണ്ണില്‍ക്കണ്ടതൊക്കെ ഉപയോഗിക്കുന്നത് അനാരോഗ്യകരമാണ്.
വന്ധ്യതക്കും ഉദ്ധാരണക്കുറവിനുമൊക്കെ ആയുര്‍വേദത്തില്‍ ശാസ്ത്രീയ ചികിത്സയുണ്ടങ്കിലും ഇപ്പോള്‍ പ്രചാരത്തിലുള്ളതുപോലുള്ള ഒറ്റമൂലികളല്ല അവയൊന്നും. രോഗിയുടെ സ്വഭാവം, ആരോഗ്യസ്ഥിതി എന്നിവയൊക്കെവെച്ച് വിശദമായ പരിശോധനയിലൂടെയാണ് മരുന്ന് കണ്ടെത്തേണ്ടത്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നവരിലുംമറ്റും ചെറിയതോതിലുള്ള മാനസിക മാറ്റമാണ് ഉണ്ടാക്കുന്നത്. ശുദ്ധമായ ആയുര്‍വേദ മരുന്നുകള്‍ എന്നറിയപ്പെടുന്ന ഇവയിലൊക്കെ അലോപ്പതി മരുന്നുകളുടെ അംശങ്ങള്‍ അടങ്ങിയിരിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ നാം ഗൗരവത്തോടെയാണ് കാണേണ്ടത്. ഘനലോഹങ്ങളെപ്പോലെ ശരീരത്തിന് അതീവ ഹാനികരമായ ചേരുവകളും ഇവയിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെക്കാള്‍ പ്രധാനമാണ് താന്‍ കഴിക്കുന്ന മരുന്നില്‍ എന്തെല്ലാം ചേരുവകള്‍ ഉണ്ടെന്ന് മനസ്സിലാക്കാനുള്ള രോഗിയുടെ അവകാശം. മതിയായ പരിശോധനകള്‍ കഴിഞ്ഞാണോ ഇത്തരം പുറത്തുവരുന്നതെന്ന് സംശയമുണ്ട്. പുതുതായി ഒരൗഷധം കണ്ടെത്തിയാല്‍ അത് ശാസ്ത്ര സമ്മതമായ പരീക്ഷണ- നിരീക്ഷണങ്ങളിലൂടെ ഫലപ്രാപ്തി തെളിയിച്ച് ലോകത്തിനുമുന്നില്‍ അവതരിപ്പിക്കണം. എന്നാല്‍, ഇവിടെ അത്തരം നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല.
ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന ഗോരോചനാദി ഗുളികകള്‍ക്കുപോലും വ്യാജന്‍ ഇറങ്ങുന്നത് തടയിടേണ്ടതുണ്ട്. അംഗീകൃത സ്ഥാപനങ്ങളിലൊക്കെ ഇതെല്ലാം പരിശോധിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ഔഷധസസ്യങ്ങളുടെ കുറവാണ് ഇന്ന് ആയുര്‍വേദ ചികിത്സകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനായി അംഗീകൃത സ്ഥാപനങ്ങളൊക്കെ സ്വന്തമായി ഔഷധത്തോട്ടങ്ങള്‍ വെച്ചുപിടിപ്പിച്ചാണ് മുന്നോട്ടുപോവുന്നത്. വ്യാജ ഔഷധക്കൂട്ടുകള്‍ തടയുന്നതിന് ഏറ്റവും നല്ല പോംവഴിയാണിത്.
ഓര്‍മശക്തി വര്‍ധിപ്പിക്കാനും മറ്റും ആയുര്‍വേദത്തില്‍ ബ്രഹ്മിപോലുള്ള മരുന്നുകളും വിവിധ ചികിത്സാരീതികളുമുണ്ട്. മെഡിറ്റേഷന്‍, യോഗ എന്നിവയിലൂടെ ഏകാഗ്രത വര്‍ധിപ്പിക്കാനുമാവും. പക്ഷേ, ഇതിനര്‍ഥം എന്തെങ്കിലും ഗുളിക കഴിച്ചാല്‍ പരീക്ഷകള്‍ക്ക് കൂടുതല്‍ മാര്‍ക്ക് കിട്ടുമെന്നല്ല. ആ രീതിയില്‍ പരസ്യം ചെയ്യുന്നതും അബദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ.
ആയുര്‍വേദ മരുന്നുകളുടെ പേരിലിറങ്ങുന്ന വ്യാജ ഔഷധങ്ങള്‍ യഥാര്‍ഥത്തില്‍ പരിപാവനമായ ചികിത്സാ മേഖലക്കുതന്നെ ഭീഷണിയായിരിക്കയാണ്. നിലവിലുള്ള നിയമങ്ങള്‍വെച്ചുകൊണ്ടുതന്നെ ഇതൊക്കെ നിഷ്പ്രയാസം പരിഹരിക്കാന്‍ കഴിയും. ഡ്രഗ്‌സ് ആന്‍ഡ് മാജിക്കല്‍ റെമിഡീസ് ആക്ട് പ്രകാരം അധികൃതര്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ പരിഹരിക്കാവുന്നതേ ഉള്ളൂ. എന്നാല്‍, ബന്ധപ്പെട്ടവര്‍ ഇതിനൊന്നും തുനിയാറില്ല. പരസ്യങ്ങളില്‍ മയങ്ങി സാധാരണക്കാര്‍ വീണുപോകുന്നതിനെതിരെ വ്യാപകമായ ബോധവത്കരണവും വേണം.
(അഡീഷനല്‍ ചീഫ് ഫിസിഷ്യന്‍,
ആര്യവൈദ്യശാല കോട്ടക്കല്‍)
XbmdmാnbXv: Fw. EPp