ഓര്‍മകളുടെ പെഗോഡ | Madhyamam Weekly
Weekly


ഓര്‍മകളുടെ പെഗോഡ

യു.എ. ഖാദര്‍

ഒരു ഏഴുവയസ്സുകാരന്‍ തന്‍െറ ബാല്യാനുഭവപ്പൊരുളുകളായി മനസ്സില്‍ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന നിറപ്പകിട്ടുള്ള സ്വപ്നങ്ങളെയും ചുമന്നാണ്, അറുപത്തിയെട്ടു കൊല്ലങ്ങള്‍ക്കുശേഷം കുടുംബിനിയെയും ഇളയ മകളെയും ഇളയ പേരക്കുട്ടിയെയും തുണകൂട്ടി മാര്‍ച്ച്മാസത്തില്‍ യാത്രപുറപ്പെട്ടത്. കാണാനുള്ളത് ഇവനെ പെറ്റിട്ടവന്‍െറ ജന്മനാട്. ‘‘ചൂണ്ടിക്കാണിച്ചുകൊടുക്കാനുള്ളത്, പേറ്റുപായയില്‍ ചോരപ്പശിമയോടെ പിടഞ്ഞുകരഞ്ഞവന്‍ പിന്നെ കമിഴ്ന്നുകിടന്ന് മുട്ടിട്ടിഴഞ്ഞ് പതുക്കെ നിവര്‍ന്നുനിന്ന് പിച്ചവെച്ച് ചുറ്റിലും കണ്‍മിഴിച്ച് കാണും കാഴ്ചകളൊക്കെ വിഴുങ്ങി മണ്ണില്‍ കാലമര്‍ത്തി മുലപ്പാലാര്‍ത്തിയോടെ നടന്നലഞ്ഞ ഇടങ്ങളാണ്. സ്വപ്നത്തിലെ വര്‍ണത്തികവുറ്റ അടയാളചിഹ്നങ്ങളായ മലയടിവാരത്തിലെ നിരവധി പെഗോഡകള്‍ അതാ അവിടെ. അതിന് താഴക്കൂടെ ഒഴുകുന്ന നദിയെക്കുറിച്ചും കരയെക്കുറിച്ചും കരയോരത്തിലെ കല്‍ക്കാലുകളില്‍ മരഭിത്തികളാല്‍ പടുത്ത ജന്മഗേഹത്തെക്കുറിച്ചും എത്രയോ ഇവന്‍ പറഞ്ഞിട്ടുണ്ടല്ളോ. പെഗോഡകളിലെ ഉത്സവാഘോഷപ്പകിട്ടുകള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ ഏഴുവയസ്സുകാരന്‍ മനസ്സില്‍ സൂക്ഷിച്ച ചിത്രപ്പകിട്ടുകളില്‍ പൊലിപ്പിച്ചും പെരുപ്പിച്ചും പലയാവര്‍ത്തി പറഞ്ഞിട്ടുണ്ടല്ളോ. എന്‍െറ ജന്മകര്‍മയോഗങ്ങളില്‍ വന്നുഭവിച്ച സകലവിധമായ വികൃതിവിസ്മയങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്ത് കൂട്ടുതുണയായി വാഴ്വിലേക്ക് ഇറങ്ങിത്തിരിച്ചവള്‍ ആദ്യമേ പറഞ്ഞിരുന്നു. എനിക്കും കാണണം. പെറ്റമ്മയുടെ നാടാണല്ളോ. ഏഴുവയസ്സുവരെ കൊത്തങ്കല്ലാടി കെട്ടിമറിഞ്ഞ് കളിച്ച മണ്ണില്‍ എഴുപത് കടന്നവന്‍ കാലുകുത്തുമ്പോഴുള്ള അവസ്ഥ ഞാനാണല്ളോ കാണേണ്ടത്; കാട്ടിത്തരേണ്ടത്-ശരി...
ഇക്കാലമത്രയും പിറന്ന നാട്ടിലേക്ക് തിരിച്ചുചെല്ലാഞ്ഞതെന്ത് എന്ന ചോദ്യത്തിന് എന്നെ പോറ്റിവളര്‍ത്തി വലുതാക്കിയ പിതൃദേശത്തിന്‍െറ സ്നേഹവാത്സല്യാലിംഗനത്തിന്‍െറ മഹത്ത്വം എന്ന ജീവിതത്തിന്‍െറ അകക്കാതലിന്‍െറ ഈടുറപ്പിലേ മറുപടിയുള്ളൂ. ഒരിക്കലെങ്കിലും ചെന്നുചേരാനുള്ള ശ്രമങ്ങള്‍ യാത്രാനിയമക്കുരുക്കുകള്‍ നിവര്‍ത്താനാവാതെ പരാജയപ്പെട്ടു. അത് നന്നായി. അതെല്ലാം നല്ലതിനുതന്നെയാണ്. ഇപ്പോള്‍ ഇളയമകള്‍ സുലേഖയുടെ കണവന്‍, എന്‍െറ മകന്‍ സഗീറിന്‍െറ പരിശ്രമഫലം. ദുബൈയിലുള്ള ബിസിനസ് സ്ഥാപനത്തിന്‍െറ ഒത്താശയില്‍ തരപ്പെടുത്താനായ യാത്രാനുഭവ സമ്മതപത്രങ്ങള്‍. മകള്‍ ചോദിക്കുന്നു. ബാപ്പയുടെ ആഗ്രഹമല്ളേ? അതേ- പെറ്റുവീണേടം ഒന്നുകാണുകയെന്ന ത്വര. കൂടെയനുഗമിക്കാന്‍ അവരും തയാറായി... അങ്ങനെയാണ് പുറപ്പെടുന്നത്. ഞാനും ശ്രീമതിയും നാട്ടില്‍ വിമാനം കയറുന്നു. ബംഗളൂരുവില്‍നിന്ന് മകളും മകനും പേരക്കുട്ടിയും ഒപ്പം ചേരുന്നു. വിമാനം ബാങ്കോക്ക്വഴി യാംഗോനിലേക്ക്. വിമാനത്തിലെ സീറ്റ്ബെല്‍റ്റ് മുറുക്കി എയര്‍ഹോസ്റ്റസ് തന്ന മിഠായി നുണഞ്ഞ് എന്‍െറ അപ്പുറവുമിപ്പുറവുമിരിക്കുന്ന മകളോടും മകന്‍ സഗീറിനോടും പേരക്കുട്ടിയോടും പറഞ്ഞു: ‘‘നമ്മള്‍ പഴയ ബര്‍മ ഇപ്പോഴത്തെ മ്യാന്മര്‍ കാണാനല്ല പോവുന്നത്. അവിടെ യാംഗോന്‍ നഗരത്തിന്‍െറ സമീപം ഒരു ഗ്രാമമുണ്ട്. ബില്ലീന്‍ എന്ന മുനിസിപ്പാലിറ്റി. അവിടെ ഐരാവതി നദിയുടെ കരയില്‍ കല്‍ക്കാലുകളില്‍ നിര്‍ത്തിയ മരപ്പലകചുവരുകളാല്‍ ഒരുക്കിയ വീടുകളുണ്ട്. ആ വീടുകളിലൊന്നില്‍, ഏതോ ഒന്നില്‍ അവിടെ. അവിടെയൊന്ന് ചെന്നെത്തണം. മലയടിവാരത്തില്‍ പല വിതാനങ്ങളില്‍ ആകാശത്തിലേക്ക് വിരല്‍ചൂണ്ടുന്ന പെഗോഡകളില്‍ ഒന്നിന്‍െറ സമീപം നമുക്ക് എത്തണം. എന്‍െറ പിച്ചവെപ്പുകള്‍ കണ്ട് ഊറിച്ചിരിച്ച ബര്‍മക്കാരിയുടെ തെളിവുറ്റ മുഖം കാണണം. ആ കൈയടിയുടെ ശബ്ദസംഗീതം കേള്‍ക്കണം.
പൊങ്ങിപ്പറക്കുന്ന വിമാനത്തിനകത്തെ എന്‍െറയീ നെഞ്ചിടിപ്പുകള്‍ പാകത്തിലല്ലല്ളോയെന്ന അങ്കലാപ്പിലാവാം സഗീര്‍ പറയുന്നത് കേട്ടു: ‘‘ഉമ്മ ഈ സീറ്റിലേക്ക് മാറിയിരുന്നോളൂ.’’
അവള്‍ എന്‍െറ തൊട്ടരികെ വന്നിരുന്നു. അവള്‍ പരിഭ്രമത്തോടെ ചോദിക്കുന്നു: ‘‘ഇന്ന് രാവിലെ കഴിക്കുന്ന ഗുളിക കഴിച്ചോ?’’
‘‘നീയല്ളേ അതെനിക്ക് തന്നത്?’’ ഞാനങ്ങോട്ട് ചോദിച്ചു. അവളുടെ ആശങ്ക വറ്റിയിരിക്കാം. എന്നെ സമാധാനിപ്പിക്കാനെന്നവിധം അവള്‍ പറയുന്നു: ‘‘ഞാനത് മറന്നു. ഇയര്‍ഫോണ്‍ വെച്ചോളൂ. നല്ല മലയാളം പാട്ടുണ്ട് -മാലി എയറിലും മലയാളം...’’
മലയാളം ഏതുനേരത്തും സംഗീതമായി ശ്രുതിസാന്ദ്രമാക്കുന്ന എന്‍െറ മനസ്സിനെ അവള്‍ ആശ്വസിപ്പിക്കാന്‍ പറഞ്ഞതാവണം. ഞാനവളോട് മറുപടിയൊന്നും പറഞ്ഞില്ല. എന്‍െറ മനസ്സാകെ അന്നേരം ഞാന്‍ കാത്തുസൂക്ഷിച്ചുവെച്ച ഓര്‍മപ്പുസ്തകത്തിലെ വര്‍ണചിത്രങ്ങളും അവയില്‍ ഞാനെന്‍െറ സ്വപ്നവൈഭവങ്ങള്‍കൊണ്ട് മെനഞ്ഞുണ്ടാക്കിയ മയില്‍പീലി തുണ്ടുകളും ഓരോന്നോരോന്നായി സാവകാശത്തില്‍ അടുക്കിവെക്കാനും പണിപ്പെട്ടു. പറന്നിറങ്ങാന്‍ പോവുന്നത് മനസ്സിലെ മയില്‍പീലിശേഖരവും അവയെ വേര്‍തിരിക്കുന്ന ഭാവനയുടെ വര്‍ണചിത്രപ്പൊരുളുകളും കാണാന്‍ ചെല്ലുന്നേടത്തെ കാഴ്ചകളും തമ്മില്‍ സാദൃശ്യമുണ്ടോയെന്നറിയാനാണല്ളോ. അറുപത്തിയെട്ട് കൊല്ലങ്ങള്‍ക്കുശേഷമുള്ള കിഴവന്‍കണ്ണുകള്‍ക്ക് സ്ഥലദൃശ്യങ്ങള്‍ വ്യക്തമല്ലാതാവാന്‍ പ്രായക്കൂടുതലിന്‍െറ തിമിരം ബാധിച്ചിട്ടില്ലല്ളോ. മനസ്സിലെ ചെറുപ്പം വറ്റിയിട്ടുമില്ല.

വിമാനം നിലംതൊട്ടത് ഞാനറിഞ്ഞു. പാതിയുറക്കത്തില്‍ മയങ്ങിയ സഹയാത്രികരെല്ലാം ഉണര്‍ന്നു. കുടുംബിനി ഒരാവേശത്തില്‍ ഞെട്ടിയുണര്‍ന്നമട്ടില്‍ ഉറക്കെ പറയുന്നു: ‘‘മോളേ ഇതാ ഉപ്പയുടെ നാടെത്തി.’’
ഉപ്പയുടെ നാടോ? അറിയാതെ പറഞ്ഞുപോയതാണ്. മനസ്സാകെ അത്രയുംകാലം കാത്തുകരുതിവെച്ച ഏതോ ഒരു അവ്യക്ത പ്രണയകഥയുടെ ഉറവിടസ്ഥാനം എന്നതില്‍ക്കവിഞ്ഞ് ഒരു പരിഗണനയും എന്‍െറ മാതൃദേശമായ ബര്‍മയിലെ ബില്ലീന്‍ എന്ന പ്രദേശത്തിനില്ലായെന്ന് ഇക്കാലമത്രയും ഞാന്‍ ഉരുക്കഴിച്ച് പഠിപ്പിച്ചിട്ടുണ്ടല്ളോ. എന്നിട്ടും സീറ്റുബെല്‍റ്റഴിച്ച് വിമാനത്തില്‍നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ യാംഗോന്‍ നഗരത്തിലെ പ്രാണവായു ഒരു ദീര്‍ഘനിശ്വാസവേഗത്തില്‍ എന്നില്‍ പ്രവഹിച്ചു. വായുകണികകളുടെ തരംഗധൂളികള്‍ എന്‍െറ നിറുകംതലയിലൂടെ, അടിതൊട്ട് മുടിവരെ, അറുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കുശേഷമുള്ള ആദ്യാലിംഗനമായി, സ്നേഹാര്‍ദ്രമായി, അന്നോളം ഞാനനുഭവിച്ചിട്ടില്ലാത്ത  അമ്മത്തലോടലായി എന്നെ പുണരുന്നതായറിഞ്ഞു. ഇത്രയുംകാലം എത്രയോവട്ടം ഞാന്‍ അളക്കുകയും ചൊരിയുകയും വീണ്ടും അളന്നൊപ്പിക്കാന്‍ മെനക്കെടുകയും ചെയ്ത എന്‍െറ ബാല്യാനുഭവങ്ങളുടെ മഞ്ചാടിമണികള്‍ കുറെയെണ്ണം... എയര്‍പോര്‍ട്ടിനകത്തെ യാത്രാപരിശോധന ചട്ടങ്ങളില്‍ പാലിക്കേണ്ട മുറമര്യാദകള്‍ പാലിച്ച് ഞങ്ങള്‍ പുറത്തേക്കിറങ്ങി. അവിടെ ഞങ്ങളെയും കാത്ത് സഗീറിന്‍െറ സുഹൃത്ത് മുഹ്യുദ്ദീന്‍ഷാ നില്‍പുണ്ട്. എനിക്കാളെ അറിയില്ല. ബര്‍മക്കാരന്‍െറ മട്ടില്‍ കുപ്പായം താഴോട്ട് തിരുകി മേല്‍മുണ്ടുപോലെ ലുങ്കിയുടുത്ത ആള്‍ സഗീറിനെ സമീപിച്ച് കുശലംപറയുന്നത് കണ്ടപ്പോഴാണ് ആളെ അറിയുന്നത്. എയര്‍പോര്‍ട്ടില്‍ കണ്ട സകലരും ആണുങ്ങള്‍ ഏറെപ്പേരും ലുങ്കിയുടുത്തവരായിരുന്നു. പരിശോധനാ ഉദ്യോഗസ്ഥര്‍പോലും മേല്‍ക്കുപ്പായം ഉള്ളിലേക്കാക്കി ലുങ്കി കുത്തിക്കെട്ടിയുടുത്തിട്ടുണ്ട്. സഗീര്‍ എനിക്ക് പരിചയപ്പെടുത്തി: ‘‘മുഹ്യുദ്ദീന്‍ഷാ. ഇന്ത്യക്കാരനാണ് എന്നുപറയാം. തമിഴ് വംശജനാണ്. പൂര്‍വികര്‍ ഇവിടെ വന്നുകൂടിയവരുടെ കുടുംബപരമ്പരയിലെ കണ്ണിയാണ്. ബര്‍മാഭാഷയോടൊപ്പം തമിഴും വശമാണ്. മുഹ്യുദ്ദീന്‍ഷായുടെ ഭാര്യയും മക്കളും ബര്‍മക്കാരാണ്. ഷാ ജനിച്ചിട്ട് ഇത്രകാലമായിട്ടും തമിഴ്നാട് കണ്ടിട്ടില്ല. പൂര്‍വികരുടെ ജന്മസ്ഥലം തമിഴ്നാട്ടിലെവിടെയോ ആണെന്ന കേട്ടുകേള്‍വിയെയുള്ളൂ.
ആതിഥേയനെ എനിക്ക് പരിചയപ്പെടുത്തിത്തന്നപ്പോഴും എന്നില്‍ മുഴങ്ങിയത് മറ്റൊരു കഥയിലെ മറ്റൊരു കഥാപാത്രത്തിന്‍െറ ശബ്ദവിന്യാസങ്ങളാണ്. സഗീര്‍ വീണ്ടും പറഞ്ഞു: ‘‘ജനാബ് ഷാ സാഹിബാണ് എന്‍െറ ബിസിനസ് ബന്ധംവഴി നമ്മളെ സ്പോണ്‍സര്‍ ചെയ്യുന്നത്. ഈ ടൂര്‍ ഉപ്പക്കുവേണ്ടി ഒപ്പിച്ചുതന്നത് മുഹ്യുദ്ദീന്‍ഷായുടെ ഉത്തരവാദിത്തം.’’
മുഹ്യുദ്ദീന്‍ഷാ എന്നെ ആലിംഗനം ചെയ്തു. ആശംസാവചനങ്ങള്‍ ഉരുവിട്ടു. ജന്മകര്‍മസംയോഗങ്ങളില്‍ എവിടെയോ ചില ചങ്ങലമുഴക്കങ്ങള്‍ മനസ്സാകെ പ്രകമ്പനം കൊള്ളുന്നുണ്ടായിരുന്നു. ആശംസകള്‍ക്കുശേഷം എന്നെ ബര്‍മയില്‍ എത്താന്‍ സഹായിച്ച ആള്‍ ചോദിക്കുന്നു: ‘‘മായേളാ...’’
ബര്‍മഭാഷയിലെ ആദ്യകുശലാന്വേഷണം. മിഴിച്ചുനിന്ന് ചിരിക്കുന്ന എന്‍െറ ഭാവം അറിയാവുന്നതുകൊണ്ടാവാം മകന്‍ സഗീര്‍ ഇടയില്‍ കയറി പറഞ്ഞു: ‘‘ബര്‍മഭാഷ അറിയില്ല.’’ ഏഴുവയസ്സുകാരന്‍ മാതൃഭാഷ പറ്റേ മറന്നിട്ടുണ്ടല്ളോ. ഷായുമായുള്ള സംഭാഷണങ്ങള്‍ ഇംഗ്ളീഷിലായി. കൂട്ടത്തില്‍ അദ്ദേഹം പറയുന്നു: തമിഴ്മൊഴി അറിയാം. ജനിച്ചതും വളര്‍ന്നതും യാംഗോനില്‍തന്നെയാണെങ്കിലും അമ്മയുടെ അമ്മവഴിയും പരമ്പരയിലും തമിഴ്വീട്ടില്‍ എല്ലാവരും ഇടക്ക് പറയും. തായ്വേര് അറ്റുപോകരുതല്ളോ.
തായ്വേര്- ആ പ്രയോഗമുന കൊണ്ടത് എന്‍െറ നെഞ്ചത്തായിരുന്നു. തായ്വഴിയിലെ ഭാഷ പറ്റേ മറന്നവന്‍. മലയാളമല്ലാതെ മറ്റൊരു മൊഴിയും വശമില്ലാതെ  വളരുവാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തിലെ, പഴയ മലബാറിലെ,കുറുമ്പ്രനാട്ടിലെ ഒരു ഗ്രാമത്തില്‍ മലയാളമല്ലാതെ മറ്റൊരുമൊഴിയും കേള്‍ക്കാന്‍ പഴുതില്ലാതെ വളര്‍ന്ന ഒരു ഏഴു വയസ്സുകാരന്‍െറ മനസ്സിലൂടെ ചോര്‍ന്നുപോയ അവന്‍െറ തായ്മൊഴി. അങ്ങനെ ചിന്തിക്കുന്നത് ശരിയല്ലല്ളോ. ഞാനെന്‍െറ കാലത്തെ പഴിക്കുവാന്‍ ന്യായങ്ങള്‍ തേടുന്നതെന്തിന്? ജന്മസ്ഥലം കാണുകയെന്ന് ഉദ്ദേശിച്ചാണല്ളോ ഇത്രയും ദൂരം യാത്ര ചെയ്ത് മ്യാന്മറിന്‍െറ തലസ്ഥാനനഗരിയില്‍ യാംഗോനിലെ വീഥികളില്‍ ഞാന്‍ എത്തിപ്പെട്ടത്...
യാംഗോന്‍ എന്നത് പഴയകാല റങ്കൂണ്‍ പട്ടണത്തിന്‍െറ പുതിയ പേരാണ്. എയര്‍പോര്‍ട്ടിന്‍െറ പേരും എനിക്ക് രസമായി തോന്നി. എല്ലാ പൊരുത്തങ്ങളെയും എന്‍െറ വംശാവലിയുമായി കൂട്ടിയിണക്കാന്‍ മനസ്സ് വല്ലാതെ പ്രേരിപ്പിക്കുന്നുണ്ടല്ളോ. ‘മിംഗലബാര്‍’ എന്ന എയര്‍പോര്‍ട്ട് മലബാറുമായി എത്രയോ ബന്ധപ്പെട്ടുകിടക്കുന്നു കേള്‍വി മാത്രയില്‍. ശരിയാണല്ളോ. പണ്ട് മലബാറിലെ ഒട്ടുമിക്ക വീടുകളിലെയും പ്രായപൂര്‍ത്തിയായ ആണുങ്ങള്‍  ശരണം പ്രാപിച്ച് ജീവിതത്തിന്‍െറ ഇരുതലയും മുട്ടിക്കാനുള്ള യത്നമാരംഭിച്ചത് മിംഗലബാറിലെ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയോ യാംഗോന്‍ തുറമുഖത്ത് കപ്പലിലെത്തി കരപറ്റിയോ ആണല്ളോ. ആ പൊക്കിള്‍ബന്ധത്തിന്‍െറ പശിമയെടുത്ത പ്രദേശങ്ങളിലൂടെയാണ് ഞാനിപ്പോള്‍ സഞ്ചരിക്കുന്നത്. യാംഗോനിലെ ബൃത്തട്ടാംക തെരുവ്, ഫ്രാസര്‍ സ്ട്രീറ്റ്, മുഗള്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ അക്കാലത്ത് പരന്നുപടര്‍ന്ന് കച്ചവടം ചെയ്ത സ്ഥാപന ഉടമകള്‍  വിലസിയ പഴയ യാംഗോന്‍ പട്ടണവീഥിയിലൂടെയാണ് ബര്‍മയില്‍ എനിക്കും കുടുംബത്തിനും തങ്ങാന്‍ മുഹ്യുദ്ദീന്‍ ഷാ ഏര്‍പ്പാട് ചെയ്ത ഹോട്ടലിലേക്ക് ഞാന്‍ പോവുന്നത്. യാംഗോനിനെക്കുറിച്ച് മനസ്സില്‍ സൂക്ഷിച്ചുവെച്ച കേട്ടുകേള്‍വികളും കഥകളും അയവിറക്കി എരിപൊരികൊള്ളുന്ന എന്‍െറ മനസ്സില്‍ ഒൗത്സുക്യത്തിന്‍െറ നുരവമിക്കുന്ന ചോദ്യങ്ങള്‍ എപ്പോഴും ഉതിരുന്നുണ്ടായിരുന്നു. മുഗള്‍ സ്ട്രീറ്റിലായിരുന്നു പണ്ട് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങളുടെ അനിയന്‍ ഹാശിം ബാഫഖി തങ്ങള്‍ പറപറക്കുന്ന അനാദിക്കച്ചവടം നടത്തിയിരുന്നത്. ഫ്രാസര്‍ സ്ട്രീറ്റിലാകെ നിറഞ്ഞുനില്‍ക്കുന്ന സി.എം. കാക്കയുടെ കച്ചവടസ്ഥാപനശൃംഖലകളെക്കുറിച്ച് കേട്ടറിഞ്ഞ കഥകള്‍. ഈസ്റ്റ് യാംഗോനിലെ ബൂത്തട്ടാങ് തെരുവിലെ കച്ചവടകേന്ദ്രങ്ങളില്‍ ഒന്നിന്‍െറ ഉടമയായിരുന്നു യുദ്ധാനന്തരം വീണ്ടും ഭാഗ്യാന്വേഷിയായി തിരിച്ചുചെന്ന എന്‍െറ പിതാവും ചങ്ങാതി കാപ്പാട്ടുകാരന്‍ അബൂബക്കര്‍ കാക്കയും. മനസ്സിലെ ഓര്‍മക്കിളിവാതിലുകള്‍ ഓരോന്നോരോന്നായി തള്ളിത്തുറക്കാനുള്ള എന്‍െറ ബദ്ധപ്പാട് കണ്ട് എന്‍െറ പെണ്ണുംപിള്ള ഇടപെട്ടു: ‘‘നമ്മുടെ താമസസ്ഥലത്തെത്തട്ടെ എന്നിട്ടാവാമല്ളോ. എല്ലായിടത്തേക്കും ഒന്നു കറങ്ങിത്തിരിക്കാനാണല്ളോ നമ്മള്‍ മെനക്കെട്ട് എത്തിയത്.’’
ഞാനൊന്നും മിണ്ടിയില്ല. മലബാറിലെ ഏതൊക്കെയോ ഇടങ്ങളില്‍നിന്നെത്തിപ്പെട്ട് ബര്‍മയിലെ മണ്ണില്‍ കൂടും കുടുംബവും തരപ്പെടുത്തി അവിടെത്തന്നെ ഒടുവില്‍ സിദ്ധികൂടിയ നിരവധി മലബാറി കാക്കാമാരുടെ ജീവശ്വാസം നാടുപൂകാതെ നിലച്ചയിടത്തിലൂടെയാണല്ളോ സഞ്ചാരം. അവരുടെ മക്കളും മക്കളുടെ മക്കളും ഇവിടെയുണ്ട്. ആര് ആരെയെന്നന്വേഷിച്ച് വേര് കണ്ടെത്താനാണല്ളോ പ്രയാസം. അങ്ങനെയൊരു ശ്രമം എന്‍െറ മനസ്സില്‍പോലും കിളിര്‍ക്കാന്‍ പഴുതില്ല. പെറ്റിട്ട തള്ള ആരെന്നറിയാന്‍ ഇടവന്നിട്ടില്ല. ബന്ധത്തില്‍ ആരെല്ലാം ഇപ്പോഴുണ്ട് എന്നും അറിയില്ല. കുടുംബബന്ധങ്ങളുടെ ഒരുവിധ നൂല്‍ക്കുരുക്കുകളും അന്വേഷിച്ചറിയാന്‍ ഒരു പഴുതും എന്‍െറ പക്കലില്ല. പെറ്റുവീണേടം ഒന്നു കാണുക, കാണിച്ചുകൊടുക്കുക. ഇത്രമാത്രമാണ് യാത്രോദ്ദേശ്യം.
ഞങ്ങള്‍ക്ക് താമസിക്കാന്‍ ഏര്‍പ്പാട് ചെയ്ത ഹോട്ടലില്‍ എത്തി. യാംഗോന്‍ പട്ടണത്തിലെ സാമാന്യം ഭേദപ്പെട്ട ഹോട്ടല്‍. സഗീറിന്‍െറ യാത്രാ മുന്‍കരുതല്‍ എന്ന നിലക്ക് മുഹ്യുദ്ദീന്‍ ഷാ ഏര്‍പ്പാട് ചെയ്തുവെച്ച ഹോട്ടല്‍. ഹോട്ടല്‍ പോസെയില്‍. പോസെയില്‍റോഡിലെ മനോഹരമായ നക്ഷത്ര ഹോട്ടലിലെ ആദ്യ രാത്രി. കുടുംബാംഗങ്ങളോടൊന്നിച്ച് ഒരു മേല്‍ക്കൂരക്കു കീഴെ ബര്‍മയിലെ എന്‍െറ ആദ്യ രാത്രി. നിദ്രാഭംഗം വരാത്ത ഓര്‍മകളെ പുല്‍കിയ രാത്രി.

ഉല്‍പം പരതുന്ന ആധി
2011 മാര്‍ച്ച് 22. സുപ്രഭാതം. അതെ, നല്ല തെളിഞ്ഞ ദിവസംതന്നെ. ഇതാ, മ്യാന്മറിന്‍െറ ആദ്യദിന ഉദയകിരണങ്ങളേറ്റുവാങ്ങുകയാണ്. ആയുസ്സിന്‍െറ ഉള്‍ത്തികവുകളും നിറവുകളും ഉള്ളുണര്‍വുകളും  ഉള്‍ച്ചൂരും തിളച്ചുതികട്ടിയ അറുപത്തിയെട്ട് വര്‍ഷങ്ങളുടെ ജീര്‍ണാജീര്‍ണതകള്‍ പതുക്കെപ്പതുക്കെ പുറന്തള്ളുന്ന പ്രായത്തില്‍, വെയില്‍കായാന്‍ മുറ്റത്ത് വന്നുനില്‍ക്കുന്ന ചെറുചെക്കന്‍െറ കൗതുകക്കണ്ണോടെ, യാംഗോന്‍ പട്ടണത്തിന്‍െറ നെറുകയില്‍ ഏഴു നിലകളോടെ എഴുന്നേറ്റുനില്‍ക്കുന്ന ഹോട്ടല്‍ പോസെയിനിന്‍െറ ബാല്‍ക്കണിയില്‍നിന്ന്, താഴത്തെ പൊതുവീഥികളിലൂടെ ഉണര്‍ന്ന് ഒഴുകാനാരംഭിച്ച മ്യാന്മറിന്‍െറ ജീവിതചലനങ്ങള്‍ നടാടെയെന്നവണ്ണം ഞാന്‍ നോക്കിക്കാണുകയാണ്. താഴെ ഒഴുക്കാരംഭിച്ചത് പഴയ ബര്‍മയുടെ തലസ്ഥാനനഗരിയായ യാംഗോന്‍ പട്ടണത്തിന്‍െറ യുഗങ്ങളിലൂടെയുള്ള യാത്രകളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. മട്ടുപ്പാവിന്‍െറ സ്ഥലവിസ്തൃതി മറക്കാതെ ഞാന്‍ ചുറ്റിലും നോക്കി. മനസ്സാകെ ഇത്രയുംകാലം കാത്തുസൂക്ഷിച്ച് ഓമനിച്ച് തിളക്കംവെപ്പിച്ച് ഞാന്‍ പ്രതിഷ്ഠിച്ചുവെച്ച ബാല്യാനുഭവ സ്വപ്ന സ്വര്‍ണ വിഗ്രഹങ്ങളെ അവയുടെ യഥാസ്ഥാനങ്ങളില്‍തന്നെ പുനഃസ്ഥാപിക്കാന്‍ ഈ യാത്രകൊണ്ട് എനിക്കാവുമോ?
യാംഗോനിലെ അതിപ്രശസ്തമായ സോള്‍ പെഗോഡയുടെ സ്വര്‍ണ ഗോപുരങ്ങള്‍ പ്രഭാതകിരണങ്ങളേറ്റ് തിളങ്ങുന്ന കാഴ്ചയായിരുന്നു കണി. യാംഗോനിലെ ഏത് കെട്ടിടത്തില്‍ കയറിനിന്നാലും സോള്‍ പെഗോഡയുടെ കുംഭഗോപുരവും ചുറ്റിലുമുള്ള സുവര്‍ണ സ്തൂപങ്ങളും ആരുടെയും കണ്ണില്‍ പ്രകാശം ചൊരിയും. നഗരത്തിന്‍െറ പരമാത്മാവുപോലെ ഉയര്‍ന്ന വിതാനത്തില്‍ പ്രൗഢഗംഭീരനായി, ശാന്തനായി നിലകൊള്ളുന്ന ആ സ്വര്‍ണമന്ദിരം കാണാന്‍ ഞാന്‍ ഒരുക്കമാണല്ളോ. മട്ടുപ്പാവിലെ ആദ്യ ദര്‍ശനം ആസ്വദിക്കുന്ന എനിക്ക് യാംഗോന്‍ നഗരത്തിലെ ഏതേത് ഇടങ്ങളിലൊക്കെയാണ് ചെന്നെത്തേണ്ടത് എന്നതിനെക്കുറിച്ച് ഒരു യാത്രാപദ്ധതിയൊരുക്കേണ്ടതുണ്ട്. അത് ഇവിടംവരെ എന്നെയും കുടുംബത്തെയും എത്തിച്ച മകന്‍ സഗീറിന്‍െറയും യാത്രയുടെ സ്പോണ്‍സറായ മുഹ്യുദ്ദീന്‍ഷായുടെയും ചുമതലയാണ്. ഷാ അവര്‍കള്‍ എത്തുമ്പോള്‍ അതെല്ലാം വഴിപോലെ നിര്‍വഹിക്കപ്പെടും എന്നാശ്വസിപ്പിച്ചാണല്ളോ യാംഗോനില്‍ ശുഭരാത്രിയും നേര്‍ന്ന് ആ ഇന്ത്യന്‍ വംശജന്‍ വിടപറഞ്ഞുപോയത്. അതുവരെ യാംഗോന്‍ നഗരത്തിന്‍െറ പുതിയതും പഴയതുമായ കെട്ടിടങ്ങള്‍ ചിതറിക്കിടക്കുന്ന നഗരത്തുടിപ്പുകള്‍ മുകള്‍വിതാനത്തില്‍നിന്നും കാണാവുന്ന ആകാശക്കാഴ്ച പോലെ നോക്കിനില്‍ക്കാം. പ്രഭാത കര്‍മങ്ങള്‍ നിര്‍വഹിച്ച് യാത്രയൊരുങ്ങാം. റൂമില്‍ ഭാര്യയും മകളും പേരമകനും മകന്‍ സഗീറും എല്ലാം അടക്കിയൊതുക്കി ശരിപ്പെടുത്തി യാത്രക്ക് തയാറാവുന്നുണ്ടല്ളോ.
സോള്‍ പെഗോഡയുടെ സ്വര്‍ണഗോപുരങ്ങളില്‍ തട്ടി പ്രഭാതരശ്മികള്‍ കണ്ടാവഗായി തടാകത്തില്‍ പ്രതിബിംബിക്കുന്ന മനോഹര കാഴ്ചയില്‍നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല. യാംഗോനിന്‍െറ മനസ്സ് നിറഞ്ഞുവഴിയുന്ന തടാകമാണ് കണ്ടാവഗായി. ആ തടാകത്തിന് ചുറ്റിലുമായാണ് പഴയ യാംഗോന്‍ നഗരം പണിതുയര്‍ത്തിയതെന്ന് പണ്ടേ കേട്ടിട്ടുണ്ട്. നഗര പച്ചപ്പില്‍ തെളിഞ്ഞുതിളങ്ങുന്ന തടാകത്തില്‍ പ്രതിബിംബിക്കുന്ന പഴയതും പുതിയതുമായ കെട്ടിടങ്ങളും എനിക്ക് കാണാം. ബ്രിട്ടീഷ് ഭരണകാലത്തെ പ്രതാപം സൂചിപ്പിക്കുന്ന ക്ളോക്ക് ടവറും തൊട്ടടുത്ത് തന്നെയുള്ള ഹൈകോര്‍ട്ട് കെട്ടിടവും കണ്ടാവഗായി തടാക സമീപത്തെ ഹോട്ടല്‍ കെട്ടിട സമുച്ചയവും തടാകത്തിലെ ഉല്ലാസ നൗകകളും ഹോട്ടല്‍ പോസെയിനിലെ കണിക്കാഴ്ചകളായി മനസ്സൊപ്പിയെടുക്കുകയായിരുന്നു. സകലതും ഒറ്റയടിക്ക് കാണാന്‍ കൊതിക്കുന്ന തള്ളയില്ലാപിള്ളയെ അവള്‍ തൊട്ടുണര്‍ത്തി. മട്ടുപ്പാവിലെ ഏകാന്തതയില്‍നിന്ന് സ്വപ്നം നുണയുന്നവനെ ഉന്മാദാവസ്ഥയില്‍നിന്ന് കരകയറ്റേണ്ടവളാണല്ളോ. അവള്‍ പറഞ്ഞു: ‘‘ഇങ്ങനെ ചുറ്റും നോക്കിനിന്നാല്‍ മതിയോ? പെറ്റനാട് കാണണംന്നല്ളേ പറഞ്ഞത്. അങ്ങോട്ട് ആദ്യം. അവരൊക്കെ എത്തുംമുമ്പ് ഒരുങ്ങിക്കോ...’’
ഞാനെന്‍െറ പ്രഭാത ദിനസരികളെല്ലാം പെട്ടെന്ന് തീര്‍ത്തു. പറഞ്ഞനേരം കൊണ്ട് ഒരുങ്ങി തയാറായി. മുഹ്യുദ്ദീന്‍ ഷായെത്തിയാല്‍ ബില്ലീന്‍ എന്ന ഗ്രാമം എവിടെയാണെന്ന് കണ്ടുപിടിക്കാം. മകന്‍ സഗീര്‍ ആദ്യമേ പറഞ്ഞിരുന്നു. ഏതാനും മാസങ്ങള്‍ക്ക്മുമ്പ് സഗീര്‍ ബര്‍മയില്‍ വന്നപ്പോള്‍ ബില്ലീന്‍ എന്ന നാട് കണ്ടുപിടിക്കാന്‍ ശ്രമിച്ചു. അന്നും ഷായും സുഹൃത്തുക്കളും ആ വഴിക്ക് ശ്രമിച്ചിരുന്നു. ബില്ലീന്‍ എന്ന ഗ്രാമത്തെക്കുറിച്ച് ഞാന്‍ പറഞ്ഞ അറിവേ സഗീറിനുള്ളൂ. ഐരാവതി നദി. യാംഗോന്‍ പട്ടണത്തിന്‍െറ സമീപമുള്ള ഗ്രാമം. ബര്‍മയില്‍ ജനിച്ചുവളര്‍ന്ന മുഹ്യുദ്ദീന്‍ ഷാ അങ്ങനെയൊരു ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടേയില്ല. ഒടുവില്‍ അവര്‍ ഒരു നിഗമനത്തിലെത്തി. യാംഗോന്‍ പട്ടണത്തിന് പുറമെ മ്യാന്മറില്‍ മാണ്ടലേയെന്ന സംസ്ഥാനമുണ്ട്. ഭഗല്‍ എന്ന ഒരു ജില്ലയുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ട പതിനായിരത്തോളം ബുദ്ധവിഹാര കേന്ദ്രങ്ങളും പെഗോഡകളും നിറഞ്ഞ ഭഗല്‍ ജില്ലയിലെ ഒരു ഗ്രാമമാവാം ബില്ലീന്‍ എന്ന് അവര്‍ അനുമാനിക്കുകയും ചെയ്തു. ഭഗല്‍ ജില്ലയിലൂടെയാണ് ഐരാവതി നദിയൊഴുകുന്നത്. മറ്റ് ദിക്കുകളില്‍ ഒഴുകുന്ന നദികളും യാംഗോന്‍ നദിയും എല്ലാം ഐരാവതിയുടെ പോഷക നദികളാണ്. അന്നത്തെ ആ അനുമാനത്തിലാണ് മുഹ്യുദ്ദീന്‍ ഷായും. യാത്ര ഭഗല്‍ ജില്ലയിലെ ഏതെങ്കിലുമൊരു ഗ്രാമം, ഐരാവതിയൊഴുകുന്ന ഒരു ഗ്രാമതീരം. അങ്ങനെയായിരുന്നത്രെ അന്നവര്‍ യാത്രാപദ്ധതികള്‍ ഒരുക്കിയത്. പക്ഷേ, എന്‍െറ മനസ്സ് എന്തോ മുരളുന്നുണ്ടായിരുന്നു. അതാവില്ല. ജനിച്ച ബില്ലീന്‍ എന്ന പഴയകാലത്തെ ഗ്രാമം മുനിസിപ്പാലിറ്റിയില്‍തന്നെയാണ്. ജനിച്ചുവീണതിന്‍െറ രേഖയാവശ്യമായി വന്നപ്പോള്‍ യുദ്ധാനന്തരം ബര്‍മയില്‍ തിരിച്ചുചെന്ന ബാപ്പ ബില്ലീന്‍ എന്ന സ്ഥലത്തേക്ക് ചെന്നിരുന്നു. അവിടത്തെ അധികാരികളെ കണ്ട് എന്‍െറ ജനനസര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചിരുന്നു. അങ്ങനെയാണല്ളോ, ഞാന്‍ ജനിച്ചുവീണ വര്‍ഷവും ദിവസവും ഏതാണെന്ന അറിവ് എനിക്ക് നേടാനായത്. അങ്ങനെതന്നെയാണല്ളോ, ആ സര്‍ട്ടിഫിക്കറ്റ് തുണ്ടുകടലാസ് വഴിയാണല്ളോ, എനിക്ക് എന്‍െറ അമ്മയുടെ പേര് മാമൈദി എന്നാണെന്ന് മനസ്സില്‍ പതിയാന്‍ സംഗതിയായത്. ബ്രിട്ടീഷ് ഭരണകാലത്തെ മദിരാശി സംസ്ഥാനത്തില്‍ ഏതോ സര്‍ക്കാര്‍ ഓഫിസില്‍ ഹാജരാക്കിയ ആ കടലാസ് തുണ്ട് ഇപ്പോഴെവിടെയെന്നന്വേഷിച്ചില്ല. ഉറവിടപ്പൊരുള്‍ നഷ്ടപ്പെട്ടുപോയവന്‍െറ ദൗര്‍ഭാഗ്യങ്ങളില്‍ അതും ഒന്ന്.
മകന്‍ സഗീറിനോട് ഞാനുറപ്പിച്ചുപറഞ്ഞിരുന്നു: ‘‘ബില്ലീന്‍ എന്ന ഗ്രാമ മുനിസിപ്പാലിറ്റിയുണ്ട്. ഈ മഹാരാജ്യത്ത് എവിടെയോ ഒരു ഗ്രാമം. പേര് നിശ്ചയമായും ബില്ലീന്‍ എന്നുതന്നെ.’’
ഹോട്ടല്‍ പോസെയിനിന്‍െറ ലോബിയില്‍ ഇരിക്കവേ മുഹ്യുദ്ദീന്‍ഷാ പ്രഭാതാഭിവാദ്യങ്ങള്‍ പറഞ്ഞ് അഭിമുഖീകരിച്ചു. മുഹ്യുദ്ദീന്‍ ഷാ തമാശരൂപത്തില്‍ ചോദിച്ചു: ‘‘യാംഗോനില്‍ വന്നിട്ട് മെപ്പീം കുടിച്ചില്ളേ?’’
‘‘ഇല്ല, രാവിലെ ബ്രേക്ക് ഫാസ്റ്റിന് മുമ്പ് ഹോട്ടല്‍ ബേറര്‍ ചോദിച്ചിരുന്നു. മെപ്പീം വിളമ്പട്ടെയെന്ന്. അറിയാത്ത ഡിഷായതിനാല്‍ വേണ്ടായെന്ന് പറഞ്ഞു.’’ സഗീര്‍ അത്രയും പറഞ്ഞപ്പോള്‍ മുഹ്യുദ്ദീന്‍ ഷാ ആകെ ഒന്ന് ഉഷാറായ മട്ടില്‍ പറഞ്ഞു: ‘‘യാംഗോനില്‍ വന്നാല്‍ മെപ്പീം കഴിക്കണമെന്നാ. ഉച്ചയൂണിന് മോയിന്‍കാ സൂപ്പ് വേണമെന്നും,’’ അദ്ദേഹം ചിരിക്കുന്നു.
അത് കേട്ടപ്പോള്‍ എന്‍െറ മനസ്സില്‍ നാട്ടുകാര്‍ പണ്ട് കുട്ടിക്കാലത്തേ ഓത്തുപുര എലിമെന്‍ററി സ്കൂള്‍ യാത്രകളില്‍ തത്രപ്പെട്ട് നടന്നകലുന്ന എന്നെ ചൂണ്ടി കളിപ്പേര് വിളിക്കുന്നതും കളിയാക്കുന്നതും പതച്ചുചിന്തി.
‘‘അതാ ബര്‍മട്ടാപ്പ് പോകുന്നു. മെപ്പീം തീനി ബര്‍മട്ടാപ്പ്.’’
കേള്‍ക്കുമ്പോള്‍ ഉള്ളും പുറവും പുകയുന്ന പഴയകാലാനുഭവം. ബര്‍മയില്‍ കച്ചവടം ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയ നാട്ടുകാരായ ചില കാക്കാമാരാണ് എന്നെ ചൂണ്ടി കളിയാക്കി പറയുന്നത്: ‘‘അതാ മെപ്പീം തീനി. മോയിറ്റി ബര്‍മക്കാരത്തിക്കുണ്ടാക്കിയ തിരിപ്പണം ചെക്കന്‍. മെപ്പീം തീനി.’’
കേട്ടില്ലായെന്ന മട്ടില്‍ കണ്ണും തുടച്ച് ഓത്തുപുരയിലേക്ക് ഓടിപ്പോകുന്ന പഴയ ചെക്കന്‍െറ ആകാംക്ഷയോടെ എന്നാല്‍ ഭാര്യയെയും മകളെയും മകനെയും പേരമകനെയും കഥയറിയിക്കാത്തവിധം ഞാന്‍ മുഹ്യുദ്ദീന്‍ഷായെന്ന എന്‍െറ യാത്രാ ചുമതലക്കാരനോട് ആ ബദ്ധപ്പാടില്‍ ചോദിച്ചു: ‘‘എന്താ ഷാ സാഹിബ് ഈ മെപ്പീം എന്ന സാധനം?’’
അദ്ദേഹം ചിരിച്ചു. ‘‘തേയില വെള്ളത്തില്‍ കുതിര്‍ത്ത് നാലഞ്ചുനാള്‍ പഴകണം. അത് പിഴിഞ്ഞ് ആ കുഴമ്പില്‍ എള്ളെണ്ണയിട്ട് എള്ള്, വറുത്ത വെള്ളുള്ളി, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് പാകപ്പെടുത്തുന്ന കുഴമ്പ് പരുവത്തിലുള്ള ഒരു പാനീയം. സ്പൂണില്‍ കോരിക്കുടിക്കാം. വറുത്ത അണ്ടിയും വെള്ളുള്ളിയും പതുക്കെ ചവച്ച് ഇറക്കാം. അതാ മെപ്പീം. അതിഥികള്‍ക്ക് പ്രത്യേകം.’’
എനിക്ക് എന്തോ കേട്ട മാത്രയില്‍ ഓക്കാനം വന്നു. അതുവരെയും എന്നെ പോറ്റി പരിപാലിച്ച പോറ്റമ്മയുടെ ശീലാശീലങ്ങളില്‍ വാര്‍ന്നുരുവംപ്രാപിച്ച എന്‍െറ നിരവധി പോരായ്മകളില്‍ ഒന്നതും.
ബില്ലീന്‍ എന്ന ഗ്രാമം ബര്‍മാ രാജ്യത്ത് എവിടെച്ചെന്ന് കണ്ടുപിടിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു മുഹ്യുദ്ദീന്‍ ഷായും മകന്‍ സഗീറും. അവര്‍ പരസ്പരം പറയുന്നുണ്ടായിരുന്നു: ഏത് ജില്ലയില്‍ എവിടെ? മാണ്ടലേയിലാണോ, ഭഗല്‍ ജില്ലയിലാണോ, ഷാന്‍ സ്റ്റേറ്റിലാണോ, റഷൈ്യന്‍ സ്റ്റേറ്റിലാണോ, കച്ചിന്‍ സ്റ്റേറ്റിലാണോ, മോണ്‍സ്റ്റേറ്റിലാണോ? എവിടെ? യാംഗോനിലെ സ്റ്റേറ്റ് മാപ്പുകളിലൂടെ അവരുടെ കണ്ണും മനസ്സും സഞ്ചരിക്കുകയാണ്. ഞാനാണെങ്കിലോ, എന്‍െറ ബാല്യമനസ്സിന്‍െറ മഞ്ചാടിപ്പലകയിലെ മഞ്ചാടിമണികള്‍ എണ്ണിത്തിട്ടപ്പെടുത്താനുള്ള യത്നം. കാല്‍ച്ചുവടുകള്‍ പതിഞ്ഞ മണ്‍പശിമയിലെ മണ്ണടരുകളില്‍ കുഞ്ഞുവിരലുകളാല്‍ മാന്തി പരതുകയായിരുന്നു. പിഞ്ചുകാലടിപ്പാടുകള്‍ പതിഞ്ഞ മണ്‍പശിമയുടെ നനവൂറുന്നയിടം എവിടെ? ഏത് അടയാളംവെച്ചാണ് ഞാന്‍ എന്‍െറ ഉദ്ഭവംതേടി തിരിച്ചുചെല്ളേണ്ടത്?
(തുടരും)


അനുഭവം

മുന്‍ ലക്കങ്ങള്‍