കായികം
വണ്ടർ ബോയിയും ഹാരിപോർട്ടറും
  • കെ.പി.എം. റിയാസ്
  • 12:38 PM
  • 11/11/2017

സ്​കൂൾ കുട്ടി‍‍യായിരിക്കെതൊട്ട് ഗോളടിച്ചുകൂട്ടി ഫുട്ബാൾ മൈതാനത്ത് ഐതിഹാസിക ചരിത്രമെഴുതിയാണ് ഇംഗ്ലീഷ് സ്ട്രൈക്കർ വെയ്ൻ റൂണി അന്താരാഷ്​ട്ര കരിയർ അവസാനിപ്പിച്ചിരിക്കുന്നത്. ജന്മനാട്ടിലെ ലിവർപൂൾ സ്കൂൾ ബോയ്സിന് വേണ്ടി ഒരു സീസണിൽ 72 ഗോൾ സ്കോർ ചെ‍യ്ത് ഈ ‘വണ്ടർ ബോയ്’ റെക്കോഡിടുമ്പോൾ പ്രായം വെറും ഏഴ് വയസ്സ്. അന്ന് തുടങ്ങിയ തേരോട്ടത്തിനിടെ റൂണി കാൽക്കീഴിലാക്കിയത് വിഖ്യാതരായ പലർക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടങ്ങളാണ്. ഇംഗ്ലണ്ടിന് വേണ്ടിയും മാഞ്ചസ്​റ്റർ യുനൈറ്റഡ് ക്ലബിനായും ഏറ്റവുമധികം ഗോൾ സ്വന്തമാക്കിയ താരവും റൂണി തന്നെ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ട് കളിക്കാർ മാത്രമേ 200ലധികം ഗോൾ നേടിയിട്ടുള്ളൂ. അവരിലൊരാളായും റൂണിയുണ്ട്.
ലിവർപൂൾ സ്കൂൾ ബോയ്സിന് ശേഷം കോപ്പ്ൾഹൗസ് ബോയ്സിനൊപ്പം ചേർന്ന റൂണി 11ാം വയസ്സിൽ എവർട്ടണിലെത്തി. ആറ് വർഷം അവിടെയായിരുന്നു. ഇംഗ്ലണ്ടിെൻറ കൗമാര ടീമുകളിൽ കളിച്ച ശേഷം സീനിയർ സംഘത്തിലേക്ക്. 2003ൽ അരങ്ങേറ്റം. അന്ന് 17 വയസ്സായിരുന്നു പ്രായം. ഇംഗ്ലണ്ടിനായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും അതോടെ റൂണിയുടെ പേരിലായി. ഇത് പിന്നീട് തിയോ വാൽക്കോട്ട് തിരുത്തിയെങ്കിലും 2016 വരെയുള്ള അന്താരാഷ്​ട്ര കരിയറിൽ 119 മത്സരങ്ങളിൽ നിന്ന് 53 ഗോളടിച്ച റൂണിയുടെ റെക്കോഡിനൊപ്പമെത്താൻ മറ്റൊരു ഇംഗ്ലീഷ് താരത്തിനുമായിട്ടില്ല. ഇംഗ്ലീഷ് ജഴ്സിയിൽ അന്താരാഷ്​ട്ര ഗോൾ സ്കോർ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും റൂണിയാണ്. മാഞ്ചസ്​റ്റർ യുനൈറ്റഡിന് വേണ്ടി 393 മത്സരങ്ങളിൽ 183 തവണയും വല ചലിപ്പിച്ചു. ഏറ്റവുമധികം ചുവപ്പുകാർഡ് കണ്ട ഇംഗ്ലീഷ് താരവും റൂണിയാണ്. മുൻ ക്യാപ്റ്റൻ ഡേവിഡ് ബെക്കാം ഇക്കാര്യത്തിൽ കൂടെയുണ്ട്. ഫുട്ബാൾ കഴിഞ്ഞാൽ ബോക്സിങ്ങിനോടാണ് പ്രിയം. റഗ്ബിയാണ് മറ്റൊരു വിനോദം. 
കുട്ടികളിൽ വാ‍‍യന പ്രോത്സാഹിപ്പിക്കാനായി മുമ്പ് കാമ്പയിൻ നടത്തിയ റൂണിയോട് ഇഷ്​ടപ്പെട്ട പുസ്തകമേതാണെന്ന ചോദ്യത്തിന് ഉത്തരം ഉടൻ വന്നു, ജെ.കെ. റൗളിങ്ങിെൻറ ‘ഹാരിപോർട്ടർ’.