സ്കൂൾ പച്ച
പൂവിളി പൂവിളി പൊന്നോണമായീ...
  • ഉണ്ണി സി. മണ്ണാർമല
  • 12:44 PM
  • 28/28/2017
ഫോ​േട്ടാ: ബൈജു കൊടുവള്ളി

പൊലിപ്പാട്ടു പാടി പൂവരമ്പിലൂടെ ഓടിയും നടന്നും അത്തപ്പൂക്കൾ ശേഖരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പൂക്കളമൊരുക്കാൻ നാട്ടിൻപുറങ്ങളിൽനിന്നു മാത്രം പൂക്കൾ ശേഖരിച്ചിരുന്ന നല്ല കാലം. പഴയകാല ഓണനാളുകളെ കുറിച്ചോർത്ത് ഗൃഹാതുരതയുടെ പൂപ്പൊലിപ്പാട്ടു പാടി സംതൃപ്തിയടയുകയാണ് നമ്മളിന്ന്. നന്മയുടെ നാട്ടുപൂക്കൾ അപ്രത്യക്ഷമാകുന്ന ഇക്കാലത്ത് ഇതരസംസ്​ഥാന പൂക്കളില്ലാതെ പൂക്കളമില്ലെന്ന അവസ്​ഥയായി. എങ്കിലും നാട്ടുപൂക്കൾ ഉപയോഗിച്ച് പൂക്കളമിടുന്നവർ ഇന്നുമുണ്ട്. കൂട്ടുകാർക്ക് ചില അത്തപ്പൂക്കളെ പരിചയപ്പെടാം.

കുമ്പളപ്പൂ
വീട്ടുപരിസരങ്ങളിൽ സാധാരണ കാണപ്പെടുന്ന പൂവാണ് കുമ്പളപ്പൂവ്. മഞ്ഞനിറമണിഞ്ഞ് വിരിഞ്ഞുനിൽക്കുന്ന ഇവക്ക് ഓണപ്പൂക്കളത്തിൽ മുന്തിയ പരിഗണന ലഭിക്കാറുണ്ട്. പൂക്കളത്തിൽ നടുവിലാണ് പൊതുവെ കുമ്പളപ്പൂവ് സ്​ഥാനം പിടിക്കാറ്. കളത്തിന് നടുവിലായി കുത്തിനിർത്തി ഇതിനു ചുറ്റുമാണ് മറ്റു പൂക്കൾ വിതാനിക്കുന്നത്. ആദ്യ വരിയായ തുമ്പയുടെ വെൺമക്ക് മാറ്റുകൂട്ടുന്നത് ഈ  പൂവാണ്. അലങ്കാര പുഷ്പങ്ങളുടെ പട്ടികയിൽ പെടില്ലെങ്കിലും ഇത് എന്നും പൂക്കളത്തിൽ നിറഞ്ഞു നിൽക്കുന്നു. 

തെച്ചി
കൂടുതലായും ചുവപ്പുനിറത്തിൽ കാണപ്പെടുന്ന പുഷ്പമാണ് തെച്ചി. ചുവന്ന പൂക്കളുണ്ടാവുന്നവയാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്​, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളും ഉണ്ട്. ചെത്തി, തെറ്റി എന്നീ പേരുകളിലും ചില പ്രദേശങ്ങളിൽ അറിയപ്പെടുന്നു. ഏഷ്യൻ സ്വദേശിയായ ഈ കുറ്റിച്ചെടിയിലാണ് മനോഹരങ്ങളായ തെച്ചിപ്പൂക്കൾ വിടരുന്നത്. ആഫ്രിക്ക മുതൽ തെക്കു കിഴക്ക് ഏഷ്യ വരെ ഈ ചെടിയുടെ ഏകദേശം നാനൂറോളം വിവിധ വർഗങ്ങൾ കണ്ടുവരുന്നു. ഓണപ്പൂക്കളത്തിൽ ഇതിനു പ്രത്യേക സ്​ഥാനമുണ്ട്. തിരുവോണ നാളിൽ മഹാബലിയെ എതിരേൽക്കുന്നത് തൃക്കാക്കരയപ്പനെ തെച്ചിപ്പൂ ചാർത്തിയാണ്. ആയുർവേദ ഔഷധം കൂടിയാണിത്. 

ചെമ്പരത്തി
പലജാതി പൂക്കൾ വിതാനിച്ച കളത്തിൽ എന്നും വേറിട്ട സ്​ഥാനമാണ് ചെമ്പരത്തിപ്പൂവിനുള്ളത്. പലവിധം ചെമ്പരത്തികളുണ്ട്. ചുവന്ന, മണമില്ലാത്ത സാധാരണ പൂക്കളാണിതെങ്കിലും വൈവിധ്യമാർന്ന ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണത്തിെൻറ (പിങ്ക്) വിവിധ നിറഭേദങ്ങളോടെ ഇവയെ കാണാം. ഒറ്റയും ഇരട്ടയുമായ ഇതളുകളുള്ള പൂക്കളുമുണ്ട്. ഇതളുകൾ വേർതിരിച്ചെടുത്തും പിച്ചിയെടുത്തും പൂക്കളത്തിൽ ഇടാറുണ്ട്. ഏതു കാലാവസ്​ഥയിലും ഈ പൂവു കാണാം. നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി നട്ടുവളർത്താറുണ്ട്. സമശീതോഷ്ണമേഖലകളിൽ കാണുന്ന കുറ്റിച്ചെടിയായ ചെമ്പരത്തി, ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്. മലേഷ്യയുടെ ദേശീയ പുഷ്പമാണ്.

കാക്കപ്പൂ
പൂക്കളങ്ങളിൽ ഉപയോഗിക്കുന്ന പൂക്കളിൽ പ്രധാനമായ ഒന്നാണ് കാക്കപ്പൂവ്. പുല്ലിനോടൊപ്പം കാണപ്പെടുന്ന ഇവക്ക് കടുംനീലനിറമാണ്. ഓഗസ്​റ്റ്–ഒക്ടോബർ മാസങ്ങളിലാണ് ഈ ചെടി സാധാരണ പൂവിടാറുള്ളത്. ഓണമടുക്കുന്നതോടെ നാട്ടിൻപുറങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന കാഴ്ച നയനാനന്ദകരമാണ്. വെള്ളമുള്ള ഇടങ്ങളിൽ കാക്കപ്പൂ നന്നായി വിരിയുന്നു. ഉറവയുള്ള പാറയിലും വയലുകളിലും കാണപ്പെടുന്നു. പാറകളിലെ മൺതിട്ടകളിൽ വിരിയുന്ന പൂവിനെക്കാൾ വയലിൽ വിരിയുന്ന പൂക്കൾക്ക് വലിപ്പം കൂടുതലാണ്. നെൽവയലിൽ കാണപ്പെടുന്നതിനാൽ നെല്ലിപ്പൂവ് എന്നും അറിയപ്പെടുന്നു.

തുമ്പ
വ്യാപകമായി കണ്ടുവരുന്ന സസ്യമാണ് തുമ്പ. തുമ്പപ്പൂവിെൻറ ഏറ്റവും പ്രശസ്​തമായ ഉപയോഗം അത്തപ്പൂക്കളത്തിലാണ്. ഓണവുമായി അഭേദ്യമായ ബന്ധമാണ് തുമ്പപ്പൂവിനും തുമ്പക്കുടത്തിനുമുള്ളത്. ഓണപ്പൂക്കളിൽ ഒന്നാം സ്​ഥാനമാണ് ഈ പൂവിന്. പൂക്കളങ്ങൾ പൂർണമാകണമെങ്കിൽ തുമ്പപ്പൂ വേണം. പറമ്പുകളിലും തോടരികുകളിലും സുലഭമായിരുന്ന തുമ്പ ഇപ്പോൾ പറമ്പുകളിൽനിന്ന് അപ്രത്യക്ഷമായിത്തുടങ്ങിയിട്ടുണ്ട്. തുമ്പപ്പൂകൊണ്ട് ഓണരാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്. ആയുർവേദത്തിലെ അതിവിശിഷ്​ട ഔഷധം കൂടിയാണ് തുമ്പ.

ചെമ്പകം
പൂക്കളത്തിൽ സുഗന്ധം പടർത്തുന്ന പുഷ്പമാണ് ചെമ്പകം. നാട്ടിൻപുറങ്ങളിൽ തൊടികളിലും വീട്ടുമുറ്റത്തോടു ചേർന്നും ചെമ്പകമരങ്ങൾ വെച്ചുപിടിപ്പിക്കുന്നു. മണമുള്ള പൂക്കളോടു കൂടിയ ഈ വൃക്ഷം 50 മീറ്ററോളം ഉയരം വെക്കും. സാധാരണയായി വെളുത്തതോ, മഞ്ഞയോ, ചുവപ്പോ ആയിരിക്കും പൂക്കൾ. നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്നത് വെളുത്ത നിറമുള്ളവയാണ്. വർഷം മുഴുവൻ പുഷ്പിക്കുന്ന ഇവ കേരളത്തിലെ വനങ്ങളിലും ധാരാളം കണ്ടുവരുന്നു. ഓണക്കാലത്ത് ചെമ്പകപ്പൂ ലഭിക്കാൻ പ്രയാസമാണ്.

നന്ത്യാർവട്ടം
പൂക്കളത്തിൽ മാറ്റിനിർത്താനാവാത്ത പൂവാണ് തൂവെള്ള നിറത്തിലുള്ള നന്ത്യാർവട്ടം. രണ്ടര മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയിലാണ് ഈ പൂവ് കാണുന്നത്. നന്ത്യാർവട്ടം എല്ലാക്കാലങ്ങളിലും പുഷ്പിക്കും. കമ്പുകൾ മുറിച്ചുനട്ടോ പതിവച്ചോ പുതിയ ചെടികളുണ്ടാക്കുന്നു. രാത്രികാലങ്ങളിലാണ് ഇവ വിടരുന്നത്. ഒരുവർഷം പ്രായമെത്തുമ്പോഴേക്കും പുഷ്പിക്കും. വീട്ടുമുറ്റങ്ങളിൽ ഈ ചെടി നട്ടുവളർത്താത്തവർ കുറവാണ്. ഉദ്യാനങ്ങളിൽ ഈ ചെടിക്ക് പ്രമുഖ സ്​ഥാനമുണ്ട്. സംസ്​കൃതത്തിൽ നന്ദിവൃക്ഷ, വിഷ്ണുപ്രിയ, ക്ഷീരീ എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഹിന്ദിയിൽ ചമേലി, ചാന്ദിനി എന്നും പറയുന്നു. ഔഷധസസ്യമാണ് നന്ത്യാർവട്ടം.

കൃഷ്ണകിരീടം
ഓണനാളുകളിൽ വലിയ പ്രാധാന്യമാണ് കൃഷ്ണകിരീടപ്പൂവിന് ലഭിക്കുന്നത്. തൃക്കാക്കരയപ്പനെ അലങ്കരിക്കാനും പൂക്കളമൊരുക്കാനും ഇവ ഉപയോഗിക്കുന്നു. പിച്ചിയെടുത്തും പൂങ്കുലകളായും പൂക്കളത്തിലിടാറുണ്ട്. കിരീടം പോലെ തട്ടുകളായി കാണപ്പെടുന്ന പുഷ്പമായതിനാലാണ് ഇതിന് കൃഷ്ണകിരീടം എന്ന പേരു വന്നത്. ഓരോ പൂവിനും വലിപ്പം വളരെ കുറവാണെങ്കിലും പൂങ്കുലക്ക് ചില
പ്പോൾ 45 സെ.മീറ്ററോളം പൊക്കം വരും. ഇന്ത്യയിൽ പല സ്​ഥലങ്ങളിലും കൃഷ്ണകിരീടം കണ്ടുവരുന്നു. ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. പൊതുവെ തണലുള്ള പ്രദേശങ്ങളിലാണ് വളരുന്നത്. ചുവപ്പു കലർന്ന ഓറഞ്ചു നിറത്തിലുള്ള പൂക്കളാണിവ.

മുക്കുറ്റി
ഓണപ്പൂക്കളമെന്നു കേട്ടാൽ മുക്കുറ്റിപ്പൂവ് ഓടിയെത്തും മലയാളികളുടെ മനസ്സിൽ. നിലംപറ്റി നിൽക്കുന്ന ചെടിയുടെ ഉയർന്ന ഭാഗത്ത് മഞ്ഞനിറത്തിലാണ് മുക്കുറ്റി വിരിഞ്ഞു നിൽക്കുന്നത്. ഇന്തോ–മലേഷ്യൻജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണിത്. തെങ്ങിെൻറ വളരെ ചെറിയ പതിപ്പു പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽപ്രദേശങ്ങളിൽ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്. കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിലുംമുക്കുറ്റി കാണുന്നു. 
സസ്യം പൂർണമായും ഔഷധനിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്.

തുളസി
ഔഷധസസ്യമായ തുളസിക്ക് പ്രധാന സ്​ഥാനമാണ് പൂക്കളത്തിലുള്ളത്. പലതരം തുളസിയുണ്ടെങ്കിലും രാമതുളസി, കൃഷ്ണതുളസി എന്നിവയാണ് പ്രധാനം. ഇലകൾക്ക് കറുപ്പുനിറം കൂടുതലുള്ള കൃഷ്ണതുളസിക്കാണ് പ്രമുഖ സ്​ഥാനം. എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും നട്ടുവളർത്താറുണ്ട്. വാസനയുള്ള സസ്യമാണ് തുളസി. കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും രാമതുളസിയെന്നുമാണ് പറയുന്നത്.