Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഎസ്.കെ കാണാത്ത

എസ്.കെ കാണാത്ത ബാലിയിൽ

text_fields
bookmark_border
എസ്.കെ കാണാത്ത ബാലിയിൽ
cancel
camera_alt?????????? ?????????? ??????

 വിന്‍ഡോ സീറ്റിലിരുന്നു താഴേക്ക് നോക്കുമ്പോള്‍ വിമാനത്തിന്‍റെ നിഴല്‍ വ്യക്തമായി കാണാമായിരുന്നു. ഷേക്സ്പിയര്‍ പറഞ്ഞതു പോലെ നടന്നുപോകുന്ന ഒരു നിഴല്‍ മാത്രമാണ് ജീവിതം എന്നത് എത്ര ശരിയാണ്. ഈ യാത്ര അപ്രതീക്ഷമായിരുന്നു. ഒരു വിദേശയാത്ര സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല വലിയ ഒരു യാത്ര നടത്തി സാമ്പത്തികാവസ്ഥ മോശമായിരിക്കുന്ന അവസരത്തില്‍ മറ്റൊരു യാത്രക്കുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നില്ല. നാളെ ഒരു യാത്രക്ക് റെഡിയായിക്കോളൂ എന്ന് റബീന്ദ്രര്‍ പറയുമ്പോള്‍ രണ്ടു ദിവസത്തെ ഹിമാലയന്‍ യാത്രയാകും എന്നാണ് ധരിച്ചത്. റബിയുടെ ഹിമാലയന്‍ പ്രേമം കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ കാണുന്നതാണ്. ഹിമാലയത്തിന്‍റെ ലഹരി എന്താണെന്നു എന്നെ മനസിലാക്കിയതും അവനാണ്.  എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയാണ്‌ യാത്ര ബാലിയിലേക്ക് ആണെന്ന് റബി പറയുന്നത്. പാസ്പോര്‍ട്ടും വിസയും വേണ്ടേ എന്ന ചോദ്യത്തിന് ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് പോയി എന്‍റെ പാസ്പോര്‍ട്ടുമായി തിരിച്ചു വന്നു. ഇതല്ലേ പാസ്പോര്‍ട്ട്.. വിസ നമുക്ക് അവിടുന്ന് എടുക്കാം. ടിക്കറ്റൊക്കെ പണ്ടേ എടുത്തതാണ്.
 


മറ്റുള്ളവര്‍ക്ക് സര്‍പ്രൈസ് നല്‍കുക എന്നത് റബിയുടെ ശീലമാണ്. പക്ഷേ എന്‍റെ പാസ്പോര്‍ട്ട് അതെങ്ങനെ അവനു കിട്ടി.. ഒരു ശരാശരി മലബാറുകാരനെ പോലെ പതിനെട്ടു തികയുന്ന അന്ന് തന്നെ പാസ്പോര്‍ട്ടിന് അപേക്ഷിച്ച ഒരാളായിരുന്നില്ല ഞാന്‍. ഒരു ശ്രീലങ്കന്‍ യാത്ര തരപ്പെടാന്‍ സാധ്യതയുള്ളത് കൊണ്ട് എടുത്തു എന്ന് മാത്രം. ആ യാത്ര നടക്കാത്തത് കൊണ്ട് പാസ്പോര്‍ട്ടിന് പ്രസക്തി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പഴയ പുസ്തകങ്ങളുടെ കൂട്ടത്തിലോ മറ്റോ അത് ഉപേക്ഷിച്ചിരിക്കണം.  അന്നത്തെ രാത്രി ഞാന്‍ ബാലിയെ കുറിച്ച് ആലോചിക്കുകയായിരുന്നു. സാധാരണ യാത്രകളില്‍ ഇങ്ങനെയൊരു ആലോചനയുടെ പതിവില്ല. ഒരു ധാരണയും ഇല്ലാത്ത ഒരു നാട്ടിലേക്കാണ്‌ പോവുന്നത്. ഏതൊരു മലയാളിയെയും പോലെ ബാലിദ്വീപെന്നു കേള്‍ക്കുന്നത് എസ്.കെ പൊെെറ്റക്കാട്ട് വഴി ആണ്. അദേഹത്തിന്‍റെ ബാലിദ്വീപ്‌ ആണെങ്കില്‍ ഞാന്‍ വായിച്ചിട്ടും ഇല്ല. അതിനു പ്രധാന കാരണം എസ്.കെ എന്നെ ഒരിക്കലും അത്ഭുതപ്പെടുത്തിയിട്ടില്ല എന്നതാണ്, അല്ലെങ്കില്‍ രവിന്ദ്രൻെറയും രാജന്‍ കാക്കനാടന്‍റെയും മുമ്പില്‍ എസ്.കെക്ക് എന്നില്‍ അഭിനിവേശം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എസ്.കെ ഒരു സേഫ്സോണില്‍ യാത്ര ചെയ്തിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 
 

ഡെന്‍പസാറിലെ പുപ്പുത്താന്‍ സ്മാരകം
 


രാവിലെ ആദ്യം ചെയ്തത് ദില്ലിയില്‍ നിന്നും എസ്.കെയുടെ ബാലിദ്വീപ്‌ സംഘടിപ്പിക്കുകയായിരുന്നു. വിമനത്തിലിരുന്നു വായിക്കാന്‍ നല്ല സുഖമാണ്. യാത്രയിലെ വിരസതയകറ്റാന്‍ ഇതിലും നല്ല മാര്‍ഗമില്ല. അര നൂറ്റാണ്ട് മുന്‍പ് നടത്തിയ, അതും ഇന്നത്തെ പോലെ സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്തെ യാത്ര സംഭവബഹുലം തന്നെ ആവണം. എസ്.കെയെ കുറിച്ച് റബിക്ക് ഞാന്‍ ചെറിയ ഒരു ബ്രീഫ് കൊടുത്തു. നിരവധി യാത്രികരെ, അലഞ്ഞു നടക്കുന്ന സന്യാസിമാരെ, സൂഫികളെയെല്ലാം പരിചയമുള്ള റബിക്ക് ആ ഒരു ബ്രീഫുകൊണ്ട് എസ്.കെയെ മനസിലായോ എന്നെനിക്കു നിശ്ചയമില്ല . 
ബാലിയുടെ തലസ്ഥാനമായ ഡെന്‍പസാറില്‍ വിമാനമിറങ്ങി വിസയെടുക്കാനുള്ള നിരയില്‍ ഞങ്ങളും ഇടം പിടിച്ചു. സീസണ്‍ അല്ലെങ്കിലും തിരക്കിനു കുറവൊന്നും ഇല്ലെന്നു റബി നിരയിലെ ഡല്‍ഹി സ്വദേശിയോട് പറയുന്നുണ്ടായിരുന്നു. എന്‍റെ കൈയിലുണ്ടായിരുന്ന കുറച്ചു തുക ഞാന്‍ റബിയെ ഏല്‍പ്പിച്ചു. അവനതു ചിരിച്ചു കൊണ്ട് നിരസിച്ചു എന്നിട്ട് കൈയിലിരുന്ന ഡോളര്‍ മാറിയെടുത്തു. അലസത മുഖമുദ്രയായുള്ള എനിക്കതൊക്കെ പുതുമയാണ്.

ഡെന്‍പസാറിലെ മാർക്കറ്റ്
 


 പുറത്തിറങ്ങിയതും  സര്‍ എന്നും വിളിച്ചു ഒരാള്‍ റബിയെ സമീപിച്ചു. ദീര്‍ഘമായ ഒരു ആലിംഗനത്തോട് കൂടിയാണ് റബി അയാളെ എനിക്ക് പരിചയപെടുത്തി തന്നത്. വയാണ്‍ എന്നായിരുന്നു അയാളുടെ പേര്. ബാലിയില്‍ ടാക്സി ഡ്രൈവറാണ്. റബിയുടെ മുന്‍ ബാലിയാത്രകളില്‍ സ്ഥിരസാന്നിധ്യമായിരുന്നു മുഖം നിറയെ ചിരിയുള്ള വയാണ്‍ എന്ന ചെറുപ്പക്കാരന്‍. ഒറ്റനോട്ടത്തില്‍ ആകര്‍ഷണം തോന്നുന്ന ഒരു ശരീരഭാഷ വയാണിനു ഉണ്ടായിരുന്നു. അന്നത്തെ രാത്രി ഞങ്ങള്‍ ഡെന്‍പസാറിലെ ചെറിയ ഒരു ഹോട്ടലില്‍ താമസിച്ചു. വയറു സ്തഭിച്ചതിനാല്‍ അന്ന് കുറച്ചു വെള്ളം മാത്രമാണ് കുടിച്ചത്. 
കാലത്താണ് നഗരത്തിലേക്കിറങ്ങിയത്. നല്ല വിശപ്പുള്ളത് കൊണ്ട് ആദ്യം കണ്ട സ്റ്റോറന്റില്‍ തന്നെ കയറി. പെണ്‍കുട്ടികളാണ് കട നടത്തുന്നതെന്ന് തോന്നുന്നു. മെനു കാര്‍ഡില്‍ വിഭവത്തിന്‍റെ ചിത്രങ്ങളും ഉണ്ട്. അരുണാചലില്‍ വെച്ചു തവള ഫ്രൈ ഓര്‍ഡര്‍ നല്‍കിയതാണ് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത്. ഞാന്‍ "ബുബൂര്‍ അയാം " എന്നൊരു വിഭവമാണ് പറഞ്ഞത്. റബി ബ്രഡും. ബുബൂര്‍ അയാം സൂപ്പ് പോലെ എന്തോ ആണെന്ന് തോന്നുന്നു. റസ്റ്റോറന്റില്‍ ഞങ്ങള്‍ മാത്രമേ ഒള്ളൂ. കുറച്ചു സമയത്തിനു ശേഷം ഭക്ഷണം എത്തി. സൂപ്പല്ല നമ്മുടെ കഞ്ഞി പോലെ എന്തോ ആണ്. മുഖത്തെ ചമ്മല്‍ റബി കാണാതിരിക്കാന്‍ ഞാനൊരു വിഫലശ്രമം നടത്തി.
 

ബുബൂര്‍ അയാം
 


കഞ്ഞി തന്നെയാണ്. കൂടെ ചിക്കന്‍ ചെറുതായി അരിഞ്ഞതും ഇഞ്ചിയും  മീന്‍ വറുത്തതും എല്ലാം അടങ്ങുന്ന ഒരു വിഭവം എള്ളെണ്ണയുടെ രുചി മാറ്റി നിര്‍ത്തിയാല്‍ പ്രാതല്‍ നന്നായിരുന്നു. ഭക്ഷണം കഴിച്ചു തീരുന്നതിനു മുന്‍പേ വയാണ്‍ കാറുമായി എത്തിയിരുന്നു. രണ്ടുപേരുടെ ഭക്ഷണത്തിനു ഏകദേശം നല്ലൊരു തുക തന്നെയാണ് റബി എണ്ണി കൊടുത്തത്. ഒരു ഇന്ത്യന്‍ രൂപയ്ക്കു ഏകദേശം 200 ഇന്‍ഡോനേഷ്യന്‍ രൂപ ലഭിക്കും. കണക്കുകള്‍ എല്ലാം ആയിരങ്ങളിലും ലക്ഷങ്ങളിലും ആവും. ഏകദേശ ധാരണയില്ലായിരുന്നു എങ്കില്‍ ഒരാള്‍ക്ക് എഴു ദിവസത്തെ വിസക്ക് ഏകദേശം ഒരു ലക്ഷം രൂപയാവുന്നത് കണ്ടു ഞാന്‍ തലകറങ്ങി വീണേനെ. കയ്യിലിരുന്ന ഡോളറുകള്‍ മാറ്റിയെടുത്ത റബിയുടെ ബാഗില്‍ മുപ്പത് ലക്ഷത്തോളം ഇന്‍ഡോനേഷ്യന്‍ രൂപയുണ്ടായിരുന്നു.
ഡെന്‍പസാറില്‍ നിന്നും ഞാന്‍ മുന്‍സീറ്റിലാണ്‌ കയറിയിരുന്നത്. കാറില്‍ നിന്നും മന്ത്രസമാനമായ ശകലങ്ങള്‍ കേള്‍ക്കുന്നുണ്ട്. വീതിയില്ലാത്ത റോഡിലൂടെ വളരെ പതുക്കെയാണ് വയാണ്‍ കാറോടിക്കുന്നത്. പൊതുഗതാഗത സംവിധാനം അത്ര വിപുലമല്ലാത്ത ബാലിയില്‍ ടാക്സികളാണ് നിരത്തു കൈയേറിയിരിക്കുന്നത്. പ്രദേശവാസികള്‍ കൂടുതലും ബൈക്കിലുമാണ്. ഡെന്‍പസാര്‍ ബാലിയുടെ തലസ്ഥാനമാവുന്നതിനു മുന്‍പ് സിംഹരാജയായിരുന്നു തലസ്ഥാനം. നഗരമധ്യത്തില്‍ ഒരു മൈതാനമുണ്ട്. നിറയെ പച്ചപുല്ലുകള്‍ നിറഞ്ഞ മൈതാനത്തിന്‍റെ അരികില്‍ ആയുധധാരികളായ മൂന്നു പ്രതിമകളും ഉണ്ട്. അവരില്‍ ഒരാള്‍ സ്ത്രീയാണ്. റബിയാണ് ആ പ്രതിമകളുടെ കഥയുടെ കെട്ടഴിച്ചത്.
 

ഡെന്‍പസാറിലെ കടകൾ
 


ആ മൈതാനം തന്നെ പപ്പുത്താന്‍ സ്മാരകമാണ്. ഡെന്‍പസാറിനടുത്തുള്ള സാനൂര്‍ കട ല്‍തീരത്ത് പാറയിലിടിച്ച് തകര്‍ന്ന ശ്രുകുമാലി എന്ന കപ്പലില്‍ നിന്നും ഗ്രാമീണര്‍ കിട്ടിയതെല്ലാം കൈക്കലാക്കി. ഇതിനു നഷ്ടപരിഹാരമായി മൂവായിരം വെള്ളിരൂപ ചോദിച്ച ഡച്ചുകാരെ കൊട്ടാരം വിദൂഷകന്‍ പരിഹസിച്ചു. തര്‍ക്കം മൂര്‍ച്ചിച്ചു അവസാനം ഡച്ചുകാര്‍ ഡെന്‍പസാറിലെ കൊട്ടാരം ആക്രമിച്ചു. സൈന്യബലമൊന്നും ഇല്ലാതിരുന്ന ബദുംഗ് രാജാവ് പുപ്പുത്താന്‍ അനുഷ്ഠിക്കാന്‍ തീരുമാനിച്ചു. പരാജയം ഉറപ്പായാല്‍ കഴിയുന്നതും സ്വന്തം കൈകൊണ്ട് തന്നെ മരിച്ചു വീഴുന്ന ആത്മഹത്യാപരമായ സമരമാണ് അത്. രാജാവും അന്തപുരവാസികളും ഒന്നടങ്കം ആയുധങ്ങള്‍ എടുത്തു ഡച്ചു പടയ്ക്ക് നേരെ നീങ്ങി. തുടര്‍ച്ചായ വെടിവെപ്പില്‍ രാജാവടക്കം പലരും മരണപെട്ടു. ശേഷിച്ച സ്ത്രീകള്‍ കഠാര കൊണ്ട് ജീവന്‍ പരിത്യജിച്ചു. ഏറ്റവും ഒടുവില്‍ കുട്ടികളും. ഏകദേശം നൂറു വര്‍ഷം മുന്‍പാണ് ഈ സംഭവം നടക്കുന്നത്. ഒരു പക്ഷേ ആയുധബലമോ സൈനികശേഷിയോ ഇല്ലാതിരുന്ന രാജ്യമായിരിക്കണം ഇവിടം. അല്ലെങ്കില്‍ പിന്നെ ഒരു പ്രത്യാക്രമണവും നടത്താതെ ഇങ്ങനെ ആത്മഹൂതി ചെയ്യുമോ? ഇന്ത്യയില്‍ ക്ഷത്രിയരായ സ്ത്രീകള്‍ ഇങ്ങനെ ആത്മഹൂതി ചെയ്തിട്ടുണ്ട്, പക്ഷേ അത് പടപൊരുതിയതിനു ശേഷമാണ്.
 


നഗരത്തില്‍ നിന്നും പുറത്തുകടക്കാന്‍ കുറച്ചു സമയമെടുത്തു. നഗരത്തില്‍ നിറയെ പ്രതിമകളാണ് എല്ലായിടത്തും പ്രതിമകള്‍. കൂടുതലും രാമായണ കഥാസന്ദര്‍ഭങ്ങള്‍ തന്നെയാണ്. രാമായണത്തിനു അതാതു നാടുകളില്‍ അവരുടെതായ കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ട്. സീത രാവണന്‍റെ മകളാകുന്ന രാമായണവ്യഖാനം പോലും നിലവിലുണ്ട്. യുദ്ധരംഗത്ത് ധര്‍മ്മസങ്കടത്തിലായ അര്‍ജുനനു ഗീത ഉപദേശിച്ചു കൊടുക്കുന്ന വലിയ ഒരു പ്രതിമ നഗരത്തില്‍ കണ്ടിരുന്നു. ബാലി എന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണല്ലോ. പേരില്‍ മാത്രമല്ല ഭൂപ്രകൃതിയും ബാലനീസ് ജനതയുടെ ജീവിതശൈലിയും ഏറെക്കുറെ ഏറെക്കുറെ കേരളത്തോട് അടുത്തു നില്‍ക്കുന്നതാണ്. ഡെന്‍പസാര്‍ കഴിഞ്ഞതും കൃഷിയിടങ്ങള്‍ കണ്ടുതുടങ്ങി. നെല്‍കൃഷി തന്നെയാണ് കൂടുതലും. നാഗരികതയുടെ കടന്നു കയറ്റത്തില്‍ കൃഷി കുറഞ്ഞു എന്നാണ് വയാണിന്‍റെ അഭിപ്രായം. വയാണിന്‍റെ കുടുംബത്തിനും സ്വന്തമായി കൃഷിയിടമുണ്ട്. മൊബൈലില്‍ നിന്നും വയാണും കുഞ്ഞും കൃഷിയിടത്തില്‍ നില്‍ക്കുന്ന ഫോട്ടോയും കാണിച്ചു തന്നു. മരങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വരെ ജീവനുണ്ടെന്നു വിശ്വസിക്കുന്ന ഓരോ ബാലിക്കാരനും കുഞ്ഞുങ്ങളെ  കൃഷിയില്‍ താല്‍പര്യം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നു. വഴിയരികിലെ മരങ്ങളില്‍ സാരോങ്ങ് ചുറ്റിയിരിക്കുന്നു. ഷാള്‍ പോലെയുള്ള ഒരു തുണിക്കഷ്ണമാണിത്.
 

ബാലിയിലെ വയലുകൾ
 


സാവകള്‍ എന്നാണ് ബാലിയിലെ വയലുകളെ വിളിക്കുന്നത്‌. കൃഷിരീതികള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടാകും. ഇന്നും അതില്‍ മാറ്റമൊന്നുമില്ല. ആദ്യകാലങ്ങളില്‍ വലിയ നെല്‍പാടങ്ങളുടെ നടുവില്‍ "ബടുഗുള്‍പുര " എന്ന് വിളിക്കുന്ന ക്ഷേത്രങ്ങള്‍ ഉണ്ടാവും. കൃഷി തുടങ്ങുന്നത് മുതലുള്ള പൂജമുതല്‍ വയലിലേക്കു ആവശ്യമായ ജലസേചനസൗകര്യങ്ങള്‍ വരെ ക്ഷേത്രത്തിലെ പൂജാരി ഇടപെട്ടാണ് നടത്തിയിരുന്നത്. ഇന്ത്യയിലെ ചരിത്രം ഇതിനു നേര്‍ വിപരീതമാണ്. കാര്‍ഷികവൃത്തി ചെയ്തിരുന്ന ദ്രാവിഡരുടെ ഇടയിലേക്ക് ആര്യന്മാര്‍ കടന്നുവരികയും ക്ഷേത്രങ്ങള്‍ അവര്‍ക്കനുസരിച്ച്‌ നിര്‍മ്മിക്കുകയും പിന്നീടു കൃഷിയെ ക്ഷേത്രവുമായി ബന്ധപെടുത്തി ഒരു സംസ്കാരം തന്നെ രൂപപെടുത്തുകയും ചെയ്തു. പതിയെ കര്‍ഷകര്‍ക്ക് മേല്‍ ക്ഷേത്രത്തിനും ബ്രാഹമണര്‍ക്കും മേല്‍ക്കോയ്മ വരികയും ചെയ്തു. ജാതീയത എന്ന ജീവിതശൈലിയൊക്കെ കേരളത്തില്‍ അടക്കം ഉണ്ടാകുന്നത് അങ്ങനെയാണ്.
 


കുറച്ചു മുന്നോട്ട് പോയപ്പോള്‍ ഒരു കൃഷിയിടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടു. എന്‍റെ മനസ്സ് വായിച്ചിട്ടെന്ന വണ്ണം വയാണ്‍ കാര്‍ റോഡിനോടു ഓരം ചേര്‍ന്ന് നിര്‍ത്തി. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവര്‍ ജോലി അവസാനിപ്പിച്ചു തുടങ്ങിയിരുന്നു. കുട്ടികള്‍ മാത്രം വെള്ളത്തില്‍ നിന്നും കയറാന്‍ മുതിരുന്നില്ല. വയല്‍ നന്നായി പൂട്ടി അരിയുടെ ദേവതയായ ശ്രീക്കും ധാന്യദേവതയായ മെലാന്ദിംഗിനും പ്രതേകം പൂജയുണ്ട്. ആദ്യം ക്ഷേത്രം, വീട്, കൃഷിയിടം എന്നതാണ് രീതി. ഞങ്ങള്‍ കുറച്ചൂടെ മുന്നോട്ടു നടന്നു. ഒരു ഭാഗത്ത് ഞാറുനടുന്നതോള്ളൂ എങ്കില്‍ മറ്റൊരിടത്ത് വളര്‍ന്നു തുടങ്ങിയവ. മറ്റൊരിടത്ത് പൂര്‍ണ വളര്‍ച്ച എത്തിയവ. ക്ഷാമം ഇല്ലാതിരിക്കാനുള്ള മുന്‍കരുതല്‍. സ്ത്രീകള്‍ തന്നെയാണ് പ്രധാന ജോലിക്കാര്‍.
 

ഡെന്‍പസാറിലെ കാഴ്ചകൾ
 


ആദ്യത്തെ ഞാറു നടുന്നത് ഉടമസ്ഥന്‍ തന്നെ ആകണം. തുടര്‍ന്ന് പ്രതേക രീതിയില്‍ അദേഹം തന്നെ എട്ടു തവണകൂടി ഞാറു നടണം. വയലിന്‍റെ ഒത്തനടുവില്‍ ആദ്യത്തേതു നടണം അടുത്തത് വലതു ഭാഗത്ത്, അടുത്തത് പിറകില്‍, അതിനടുത്തത് ഇടതു ഭാഗത്ത്, അടുത്തത് മുന്‍പില്‍. ഇങ്ങനെ പറഞ്ഞിട്ടും എനിക്ക് മനസിലായില്ല. ഒടുവില്‍ വയാണ്‍ നിലത്തിരുന്നു വിരല്‍ കുത്തി കാണിച്ചു തന്നു. കാര്യം മനസിലായി. നിന്നനില്‍പ്പില്‍ ഞാറു നടനം. ഞാറു നട്ടുകഴിഞ്ഞാല്‍ ഉടമസ്ഥന്‍ ഒരു വൃത്തത്തിനാകും. കൃഷിക്ക് വേണ്ട ജലസേചനസൌകര്യങ്ങള്‍ ലഭ്യമാക്കുന്നത് സുബാക്ക് എന്ന കാര്‍ഷിക കൂട്ടായ്മയാണ്.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelbalidenpasar balishareef chungatharas k pottakkad
News Summary - Bali travel review
Next Story