Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vibhoothi mala
cancel
Homechevron_rightTravelchevron_rightExplorechevron_rightവിഭൂതിമലയിലെ മുരുകൻ...

വിഭൂതിമലയിലെ മുരുകൻ കോവിലിലേക്ക്

text_fields
bookmark_border

നീലഗിരി മലനിരകളുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ മുതുമല റിസർവ് ഫോറസ്റ്റിനകത്തുള്ള ജനവാസ കേന്ദ്രമാണ് മസനഗുഡി. പട്ടണമെന്നോ ഗ്രാമമെന്നോ എന്ന് വേർതിരിച്ച് വിളിക്കാൻ കഴിയാത്ത വളരെ ചെറിയ ജനവാസ കേന്ദ്രം. കര്‍ണാടകയും കേരളവുമായി ഈ തമിഴ് ഗ്രാമം അതിർത്തി പങ്കിടുന്നു.

കാടും ഭൂപ്രകൃതിയും ഊട്ടിക്ക് സമാനമായ തണുപ്പും ആസ്വദിക്കാനെത്തുന്നവരുടെ പറുദീസയാണിത്. മസനഗുഡിയിലെ തദ്ദേശവാസികളുടെ ദൈവമാണ് വിഭൂതിമലയിലെ മുരുകൻ. എന്നാൽ ബിഭൂതി മലയിലെത്തുന്നവരിൽ മിക്കവരും മുരുകനെ കാണാനെത്തുന്നവരല്ല എന്നതാണ് സവിശേഷത. മസനഗുഡിയിലെത്തുന്ന സന്ദർശകർ ട്രെക്കിങ്ങിന് തെരഞ്ഞെടുക്കുന്ന ഇടമാണിത്.

മസനഗുഡിയിലെ ആദിവാസി സെറ്റിൽമെന്‍റിൽ നിന്നും പ്രത്യേകതരം ജീപ്പുകളിൽ മാത്രമേ ബിഭൂതി മലയുടെ മുകളിലെത്താനാവൂ. ഉരുളൻ കല്ലുകളിലൂടെയും കുത്തനെയുള്ള കയറ്റങ്ങളിൽ കൂടിയുമുള്ള യാത്ര ആരുടേയും നെഞ്ചിടിപ്പിക്കുന്നതാണ്. എന്നാൽ തട്ടിയും തടഞ്ഞും മുകളിലെത്തിയാൽ കാണുന്ന കാഴ്ച അതിമനോഹരവും.

ഞങ്ങളുടെ ജീപ്പ് ചെന്നുനിന്നത് രണ്ടു മലകൾക്കിടയിലെ ചെറിയ സമതല പ്രദേശത്തേക്കാണ്. ഒരു വശത്ത് ബിഭൂതി മുരുകൻ കോവിൽ. ഈ മലയിൽ നിന്ന് താഴേക്ക് നോക്കുമ്പോഴാണ് മസനഗുഡിയുടെ സൗന്ദര്യം ആസ്വദിക്കാനാവുക. കൊച്ചുകൊച്ചു കള്ളികളായി തിരിച്ച കൃഷിയിടങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന പച്ചപ്പ്. കാബേജും കാരററും കോളിഫ്ളവറും ബീൻസും നിറഞ്ഞുനിൽക്കുന്ന പാടങ്ങളാണ് ഒരു വശത്ത്്. അതിന്‍റെ അറ്റത്ത് നീലഗിരി കാടുകൾ തലയുയർത്തി നിൽക്കുന്നു. അതിലൊരു കുന്ന് ഊട്ടിയാണ്.

കാലികളും മറ്റും മേയുന്ന കാടാണ് മറുവശത്ത്. കാടെന്ന് പറയുമ്പോൾ പച്ചപ്പും ഇരുട്ടും ഇടതൂർന്ന വൻമരങ്ങളുമൊന്നുമല്ല ഇവിടത്തെ കാട്. ഉയരം കുറഞ്ഞ വളഞ്ഞുപുളഞ്ഞു പോകുന്ന ശിഖരങ്ങളുള്ള ഇലകൾ പേരിന് മാത്രം അവശേഷിക്കുന്ന മരങ്ങൾ. പക്ഷെ അതിനകത്ത് കൂടി സഞ്ചരിക്കുമ്പോൾ എന്തോ പ്രത്യേക തരം ഭംഗി അതിനുണ്ടെന്ന് നമുക്ക് മനസ്സിലാകും. നടുവിലൂടെ ഒഴുകുന്ന ചെറിയ പുഴക്ക് ഇരുവശവുമായി ധാരാളം പച്ചപുല്ല് നിറഞ്ഞ പ്രദേശം. മാനുകളുടേയും കാലികളുടെയും ഇഷ്ടപ്രദേശമാണ് ഇവിടം. അതുകൊണ്ടുതന്നെ കാലികളെ പിടിക്കാനായി പുലികളും വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

വിഭൂതി മലയെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്, സുബ്രഹ്മണ്യനാണ് ഇവിടത്തെ പ്രതിഷ്ഠ. താഴെനിന്ന് പടികയറിയും ഇവിടേക്ക് വരാം. ഇന്നാട്ടുകാർ മറ്റൊരു കാര്യം കൂടി പറഞ്ഞു, ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയാണത്രെ നാട്ടുകാർക്ക് പ്രാർഥിക്കാനായി ഈ ക്ഷേത്രം പണിതുനൽകിയത്. മലയുടെ മുകളിൽ നിന്ന് താഴേക്ക് ചൂണ്ടി മസനഗുഡിയിൽ അദ്ദേഹത്തിന്‍റെ റിസോർട്ടും കൃഷിസ്ഥലവും കൂടി അവർ കാണിച്ചുതന്നു. മഞ്ഞയും വെള്ളയും പെയിന്‍റടിച്ച ക്ഷേത്രം. മല കയറിവരുന്ന ഭക്തരുടെ എണ്ണം കുറവാണെന്ന് വ്യക്തം. പക്ഷെ മലയുടെ തുഞ്ചത്ത് മാത്രം അനുഭവപ്പെടുന്ന പ്രത്യേക കാറ്റിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. കാറ്റ് നമ്മെ പറത്തിക്കൊണ്ടുപോകുമോ എന്ന് ഒരു നിമിഷമെങ്കിലും സംശയം തോന്നും.

വൈകീട്ട് മലയിറങ്ങുമ്പോൾ ജീപ്പിന്‍റെ ഡ്രൈവർ ദൂരെ ഒരു അസാധാരണമായ കാഴ്ച കാണിച്ച് തന്നു. വരി വരിയായി കൂടണയാൻ പോകുന്ന കാലികൾ. ഇവയെ മേക്കാൻ ഒരാൾ പോലുമില്ല കൂടെ. എന്നിട്ടും നൂറ് മൃഗങ്ങൾ-, പശുക്കളും എരുമകളും കാളകളും ഒന്നിന് പിറകെ ഒന്നായി നടന്നുനീങ്ങുന്നു. ഒറ്റക്ക് നടന്നാൽ കൂട്ടം തെറ്റുമെന്നും വന്യമൃഗങ്ങൾ ആക്രമിക്കുമെന്നുമുള്ള പ്രായോഗിക ബുദ്ധി ഇവർക്ക് നൽകിയത് ആരാണ്. ഞങ്ങൾ മലയിറങ്ങുമ്പോൾ കൈയിൽ പൂക്കളുമായി മല കയറിവരുന്ന ഭക്തരെ കണ്ട് ആശ്വാസം തോന്നി. ടൂറിസ്റ്റികൾ മാത്രമല്ല ഇവിടെ വരുന്നത്. വിഭൂതിമുരുകനെ കാണാനായി മാത്രം മല കയറി വരുന്നവരും കുറവല്ല എന്നർഥം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vibhoothi malaimasanagudi
Next Story