Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പൂവാറിലെ കാഴ്ചകൾ കാണാം, ചരിത്രവുമറിയാം
cancel
Homechevron_rightTravelchevron_rightNaturechevron_rightപൂവാറിലെ കാഴ്ചകൾ...

പൂവാറിലെ കാഴ്ചകൾ കാണാം, ചരിത്രവുമറിയാം

text_fields
bookmark_border

തിരയും തീരവും ചുംബിച്ചിണങ്ങുന്ന, കേരളത്തിൻെറ തെക്കേയറ്റത്തെ ജില്ലയായ തിരുവനന്തപുരത്തിെൻ്റ തെക്കേയറ്റത്തുളള സ്​ഥലമാണ് പൂവാർ. പൂവാറിൽ നിന്നും വളരെ കുറച്ച് കിലോമീറ്റർ കൂടി യാത്ര ചെയ്താൽ തമിഴ്നാട് സംസ്​ഥാനമായി. കൃത്യമായി പറഞ്ഞാൽ 5 കിലോമീറ്റർ കഴിഞ്ഞാൽ പൊഴിയൂരായി. വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പിലാക്കുന്നതിന് വളരെ അടുത്തായി സ്​ഥിതി ചെയ്യുന്ന പൂവാർ, തിരുവനന്തപുരം കാണാനെത്തുന്ന സഞ്ചാരികൾക്ക് നയനമനോഹരമായ കാഴ്ച സംഭാവന ചെയ്യുന്നു.

മനോഹരമായ പൊഴിമുഖം, അഗാധമായ അറേബ്യൻ കടൽ, തെങ്ങിൻ തോപ്പുകൾ, വിനോദസഞ്ചാരികളെ ആകർഷിക്കുവാനായി റിസോർട്ടുകൾ, നദിയിലൂടെയുളള യാത്ര, ദേവാലയങ്ങൾ, തുടങ്ങി നിരവധി കാഴ്ചകൾ പൂവാറിലുണ്ട്. 56 കിലോമീറ്റർ നീണ്ടു കിടക്കുന്ന നെയ്യാർ നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബി കടലിൽ ലയിക്കുന്നത് പൂവാറിലാണ്. കണ്ണുകൾക്ക് കുളിർമയേകുന്ന പ്രകൃതിഭംഗിയുളള ഒരു ടൂറിസ്റ്റ് സ്​പോട്ട് എന്ന് പൂവാറിനെ വിശേഷിപ്പിച്ചാൽ അതിശയോക്തിയാകില്ല.

അറബിക്കടൽ- ഒരു ദൃശ്യം
പ്രധാന കാഴ്ചകൾ അറബി കടലും പൊഴിമുഖവും ബോട്ട് സവാരിയുമാണ്. ബോട്ടിൽ മാത്രമാണ് പൂവാറിൽ സഞ്ചരിക്കാൻ കഴിയുക. ശാന്തതയും മനഃശ്ശാന്തിയും ആഗ്രഹിക്കുന്നവർക്ക് പൂവാർ ഒരു മുതൽക്കൂട്ടാണ്. പ്രാചീനവും അകളങ്കിതവുമായ പ്രദേശം. പൂവാറിലെത്തുന്ന ഓരോ വിനോദസഞ്ചാരികളെയും കാത്ത് നിരവധി യുവാക്കൾ അനവധി ഓഫറുകളുമായി കാത്തിരിക്കുന്നുണ്ടാകാം. അവരിൽ ചിലരെയെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.
കബളിപ്പിക്കപ്പെടരുത്! ഇൻ്റർനെറ്റിൽ നോക്കി സൗകര്യങ്ങൾ മനസ്സിലാക്കി നമ്പർ തരപ്പെടുത്തി വിളിച്ച് ബുക്കിംഗ് നടത്തിയ ശേഷം പൂവാറിലെത്തുന്നതാണ് ഉത്തമം. ബോട്ടിൻെറ വലിപ്പമനുസരിച്ച് 750 രൂപ മുതൽ 2000 രൂപ വരെ ഒരു മണിക്കൂർ ചാർജ്ജ് ചെയ്യാറുണ്ട്. ടൗണിനോട് അടുത്തുളള ബോട്ട് സർവ്വീസുകൾ അൽപ്പം ചാർജ്ജ് കൂടും. എന്നാൽ പൂവാറിൽ നിന്നും ഒന്നോ രണ്ടോ കിലോമീറ്റർ മാറിയുളള സ്​ഥലങ്ങളിൽ നിന്നുളള സർവ്വീസുകൾ ചെറുതായൊന്ന് അഡ്ജസ്റ്റ് ചെയ്ത റേറ്റിൽ സവാരി നടത്താറുണ്ട്. ഒരു മണിക്കൂറിെൻ്റ റേറ്റാണ് പറഞ്ഞതെങ്കിലും രണ്ടു മണിക്കൂർ വേണമെങ്കിലും സർവിസ്​ നടത്തും, ചാർജ് കൂടുമെന്ന് മാത്രം.


കിംഗ് ഫിഷർ എന്ന ബോട്ടിലായിരുന്നു ഞങ്ങളുടെ യാത്ര. തെങ്ങിൻ തോപ്പുകൾക്കിടയിലൂടെയാണ് യാത്ര ആരംഭിക്കുന്നത്. ഇടയ്ക്ക് വരുന്ന കൈതക്കാടുകളും, അതിനിടയിലൂടെയുളള യാത്രയും ആനന്ദകരമാണ്. ഞങ്ങൾ യാത്രതിരിച്ച് അഞ്ചുമിനിട്ട് മുന്നോട്ട് നീങ്ങിയപ്പോൾ ഒരു ചേട്ടൻ മൂന്ന് പോത്തുകളുമായി കായലിലെ ബോട്ടുപോകുന്ന വഴിയിലേക്ക് വന്നു. അവയെ കുളിപ്പിക്കാനാണ് കൊണ്ടുവന്നത്. ആ ചേട്ടൻ കായലിന് നടുക്ക് ഇറങ്ങിവന്നാണ് അവയെ കുളിപ്പിക്കുന്നത്.

കായലിൻെറ മധ്യഭാഗത്ത് അത്രയും ആഴമേയുളളൂ എന്നാറിഞ്ഞപ്പോൾ സമാധാനമായി. യാത്രയ്ക്കിടയിൽ വളരെ ഇടുങ്ങിയ ചില ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ എതിരെ വരുന്ന ബോട്ടിന് സൈഡ് കൊടുക്കുന്നതിനായി ഞങ്ങളുടെ ബോട്ട് വശത്തേക്ക് മാറ്റി നിർത്തിയതും കുറുക്കെയുളള പാലത്തിനടിയിലൂടെ പോകുമ്പോഴും എല്ലാം ഉണ്ടാകുന്ന യാത്രാനുഭവങ്ങൾ അനിർവ്വചനീയം തന്നെ.

പൂവാറിലെ ബോട്ടുയാത്ര

നീർക്കാക്കകളെയും ഓലപ്പാമ്പുകളെയും ഇടയ്ക്ക് കാണാൻ കഴിയും. വഴിക്ക് ഫ്ളോട്ടിംഗ് റസ്റ്റോറൻ്റുകളും റിസോർട്ടുകളും വളരെ മനോഹരമായി നിർമ്മിച്ചിട്ടുണ്ട്. ഈ റസ്റ്റോറൻറുകളിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവം മീൻ തന്നെയാണ്. മീനിനെ വിവിധ ഭാവങ്ങളിലും രൂപങ്ങളിലും ഇവിടെ ലഭ്യമാണ്. റിസോർട്ട് ബുക്ക് ചെയ്താൽ ബോട്ട് സവാരി അവർ തന്നെ അറേഞ്ച് ചെയ്യും.

കായലിൽ നിന്നും നേരേ ചെന്നെത്തുന്നത് നെയ്യാറിലേക്കാണ്. പൂവാർ പളളിയുടെ കുരിശും നെയ്യാറിന് നടുക്കുളള പാറയും മനോഹരമായ കാഴ്ചകൾ തന്നെ. മറ്റൊരു മനോഹരമായ കാഴ്ചയാണ് പൊഴിമുഖം. ലോകാത്ഭുതങ്ങളിൽ ഒന്നെന്ന് വിശ്വസിക്കാവുന്ന ഒരു പൊഴിമുഖമാണിത്. കായലും, നദിയും കടലും ബീച്ചും ഒന്നിക്കുന്നകാഴ്ച നയനാന്ദകരമാണ്. ഇവിടെ നാം ബീച്ചിൽ വിശ്രമിക്കുന്നതിനായി ബോട്ടിൽ നിന്നും ഇറങ്ങുന്നു. ഇത് ഗോൾഡൻ ബീച്ച് എന്നാണ് അറിയപ്പെടുന്നത്. സ്വർഗ്ഗീയാനുഭൂതി പകരുന്ന ജനാലകളാണ് പൂവാർ എന്ന് പറയാം.

പൂവാർ പള്ളി
അതിനാൽ തന്നെ ഈ ഗ്രാമത്തിന് ഒരു കഥയുമുണ്ട് പറയാൻ. ആ കഥ കേൾക്കൂ. പൂവാർ പൂവാറായ കഥ. പൂവാർ ഒരു കാലത്ത് ചന്ദനം, ആനക്കൊമ്പ്, സുഗന്ധവ്യഞ്ജനങ്ങൾ, തടി മുതലായവയുടെ കച്ചവടം നടന്നിരുന്ന നാടായിരുന്നു. കടൽ തീരത്തുളള നാടായതിനാൽ കടൽ സഞ്ചാരികൾ എത്തിച്ചേരാൻ സാധ്യതകൂടിയ പ്രദേശം. ബി.സി ആയിരമാണ്ടിൽ ഇസ്രയേലിലെ സോളമൻ രാജാവ് ഓഫിറിൽ എത്തിച്ചേർന്നു എന്ന് പറയുന്നത് പൂവാറിനെകുറിച്ചാണെന്നതാണ് ഒരു കഥ.
ഇന്ത്യയു​ പടിഞ്ഞാറൻ തീരത്തുളള ഏറ്റവും പഴക്കം ചെന്ന മുസ്ലീം പ്രദേശമാണിതെന്നും അതിനാലാണ് എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുസ്ലീം പ്രചാരകനായ മാലിക് ദിനാർ പൂവാറിൽ മുസ്ലീം പളളി പണിതത് എന്ന കഥ. ചോളരാജാക്കന്മാരുടെ ഭരണകാലത്ത് പൂവാർ വാണിജ്യത്തിനുള്ള പ്രമുഖ തുറമുഖമായിരുന്നു എന്നതും കഥ. സഞ്ചാരിയായിരുന്ന മെഗസ്​തനീസ്​, മാർക്കോപോളോ എന്നിവരുടെ രേഖകളിൽ പൂവാറിനെക്കുറിച്ചും ഗ്രീസുമായുളള കച്ചവടബന്ധങ്ങളെ കുറിച്ചുമുളള കഥകൾ.... ഇങ്ങനെ പോകുന്നു പൂവാർ കഥകൾ.


ഇനിയുമുണ്ട് ചരിത്രകഥകൾ – തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയ്ക്ക് എട്ടുവീട്ടിൽ പിളളമാർ എന്ന മുൻ ഭരണാധികാരിയുടെ മക്കളിൽ നിന്നുണ്ടായ ആക്രമണത്തിെൻ്റ കഥ കേട്ടിട്ടില്ലേ. മാടമ്പിമാരുടെ സഹായത്തോടെ എട്ടുവീട്ടിൽ പിള്ളമാർ രാജ്യം പിടിച്ചെടുക്കാനായി മാർത്താണ്ഡവർമ്മയെ കൊല്ലുന്നതിനായി ശ്രമിച്ചപ്പോൾ അവരിൽ നിന്നും രക്ഷനേടാനായി എത്തിച്ചേർന്നത് പൂവാറിലാണേത്ര. അന്ന് 18–ാം നൂറ്റാണ്ടിൽ പൂവാറിലെ കല്ലറയ്ക്കൽ തറവാട്ടിൽ ജീവിച്ചിരുന്ന കച്ചവടക്കാരനും ധനികനും മാർത്താണ്ഡവർമ്മയുടെ സുഹൃത്തുമായ പോക്കു മൂസാ മര്യ്ക്കാറുടെ വീട്ടിലാണ് അദ്ദേഹം അഭയം പ്രാപിച്ചത്. മരയ്ക്കാറുടെ സഹായത്തോടെ മാർത്താണ്ഡവർമ്മ രാജ്യം തിരിച്ചുപിടിക്കുകയും ചെയ്തു.


ഈ കഥയുടെ തുടർച്ച കൂടി പറയാം. രാജ്യം തിരിച്ചുപിടിക്കുന്നതിനായി മൂസാ മരയ്ക്കാർ മാർത്താണ്ഡവർമ്മയെ സഹായിച്ചു. രാജ്യം തിരിച്ചുപിടിക്കുന്നതിന് മൂസയുടെ സഹായത്തോടെ അദ്ദേഹം രൂപീകരിച്ച സൈന്യത്തിെൻ്റയും കപ്പലുകളുടെയും സഹായം പിന്നീട് തിരുവിതാംകൂർ–ഡച്ച് യുദ്ധത്തിൽ ഡച്ച് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്കെതിരെ കുളച്ചൽ യുദ്ധത്തിലും കായംകുളം യുദ്ധത്തിലും തിരുവിതാംകൂറിന് സഹായകമായി. മാർത്താണ്ഡവർമ്മയുടെ വനവാസക്കാലത്ത് പൂവാറിൻെറ പേര് പോക്കുമൂസാപുരം എന്നായിരുന്നു. വസന്തകാലമായതിനാൽ നദിയൂടെ തീരത്തുളള മരങ്ങളിലെല്ലാം നിറയെ പൂക്കളായിരുന്നു. കൂടുതലും വാകപ്പൂമരങ്ങളായതിനാൽ ചുവന്ന പൂക്കൾ നിറഞ്ഞിരുന്നു. മനോഹരമായ കാഴ്ച. അങ്ങനെ പൂവ് ആറ്, പൂവാറായി.

പൂവാറിലെ ആകാശക്കാഴ്ച
പൂവാറിലെത്താൻ

തിരുവനന്തപുരത്ത് തമ്പാനൂരിൽ നിന്നും പൂവാറിലേക്ക് ബസ്​ സർവിസ്​​ നടത്തുന്നുണ്ട്. റോഡ് മാർഗം – 33 കിലോമീറ്റർ.
െട്രയിനിൽ തിരുവനന്തപുരത്തോ നെയ്യാറ്റിൻകരയിലോ ഇറങ്ങാവുന്നതാണ്. നെയ്യാറ്റിൻകരയിൽ നിന്നും 10 കിലോമീറ്റർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam travelmalayalam newsPoovar Islandtrivandrum beachtrivandrum
Next Story